T.R.P.
ടെലിവഷന് റേറ്റിങ് പോയന്റ്. ടെലിവിഷന് രംഗത്തെ ഏറ്റവും വിലയേറിയ പദമാണ് ഇത്. ചാനലിന്റെ സ്വീകാര്യത നിശ്ചയിക്കുന്നത് ടി ആര് പി ആണ്. ഇതനുസരിച്ചാണ് പരസ്യവും വരുമാനവുമെല്ലാം വരുന്നത്.
കഴിഞ്ഞ ദിവസങ്ങളില് രാജ്യത്തെ ഏറ്റവും മുതിര്ന്ന ടെലിവിഷന് ജേണലിസ്റ്റുകളും ആങ്കര്മാരുമായ രണട് പേര് ടി ആര് പി യെ ചൊല്ലി നടത്തിയ പരസ്യപോരും മറക്കാറായിട്ടില്ല. റിപ്പബ്ലിക്ക് ടിവിയുടെ മുതലാളിയും എഡിറ്റര് ഇന് ചീഫുമായ അര്ണബ് ഗോസ്വാമിയും ഇന്ത്യാ ടുഡേയുടെ കണ്സള്ട്ടിങ് എഡിറ്ററായ രാജ്ദീപ് സര്ദേശായിയും ആണ് ടി ആര് പിയെ ചൊല്ലി ചാനലിലൂടെ തന്നെ പരസ്യമായി വാക്ക് പോര് നടത്തിയത്. സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി റിപ്പബ്ലിക്ക് ടിവി നടത്തിയ റിപ്പോര്ട്ടിങ് രാജ്യവ്യാപകമായി തന്നെ വിമര്ശനങ്ങള്ക്ക് വിധേയമായിക്കൊണ്ടിരിക്കെയാണ് ആക്ഷേപിക്കലിന്റെ തുടക്കം. റിയ ചക്രവവര്ത്തിയെ കടന്നാക്രമിച്ച് കൊണ്ട് അര്ണബിന്റെ ചാനല് വാര്ത്തകള് എയര് ചെയ്തുകൊണ്ടേയിരുന്നു. ഇതിന് തൊട്ടുപിന്നാലെ റിയ ചക്രവര്ത്തിയുടെ അഭിമുഖം രാജ്ദീപ് സര്ദേശായി ഇന്ത്യാ ടുഡേയില് നല്കി . ഇതോടെ അര്ണബ് രാജ് ദീപിനെതിരെ തിരിഞ്ഞു. അര്ണബ് രാജ് ദീപിനെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചു. രണ്ടരമാസത്തിന് ശേഷം കഴിഞ്ഞ ദിവസം തന്റെ ഷോക്കിടെ അര്ണാബിനുള്ള മറുപടി രാജ് ദീപ് നല്കി. ടി ആര് പി എന്ന്ത് റേറ്റിങ് പോയന്റ് മാത്രമല്ല, മറിച്ച് ടെലിവിഷന് റെസ്പെക്റ്റ് പോയനറ് കൂടി ആണെന്ന് ഓര്ക്കണമെന്നായിരുന്നു രാജ് ദീപിന്റെ പ്രതികരണം.
റിപ്പബ്ലിക്ക് ടിവി ആരംഭിച്ചത് മുതല് ടിആര്പി റേറ്റിങ്ങില് രാജ്യത്ത്
ഒന്നാ സ്ഥാനത്താണ്. പലപ്പോഴും പലരുടേയും നെറ്റി ചുളിപ്പിക്കുന്നതായിരുന്നു റേറ്റിങിലെ രിപ്പബ്ലിക്കിന്റെ കുതിച്ച് കയറ്റം. അര്ണാബിന്റെ അട്ടഹാസവും നാടകീയതയുമെല്ലാം ജനത്തെ പിടിച്ചിരുത്തുന്നുവെന്ന് ഒരു വിഭാഗം വാദിച്ചപ്പോളും ടിആര്പി യില് കൃത്രിമത്വം നടക്കുന്നില്ലേയെന്ന് സംശയിച്ചവരും കുറവല്ല. അന്തമായി തന്നെ സംഘപരിവാറിനേയും ബിജെപിയേയും പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കിന് ബിജെപി പ്രവര്ത്തകരുടെ പിന്തുണ ലഭിക്കുന്നതാണ് റേറ്റിങ് കൂട്ടാന് കാരണമെന്നും വാദമുയര്ന്നു. അതിഥികളെ സംസാരിക്കാനനുവദിക്കാതെ പരസ്യമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തുകൊണ്ടുള്ള അര്ണാബിന്റെ ചര്ച്ചയും വാര്ത്തകളും പലകുറി കോടതി കയറുകയും ചെയ്തു. അഗ്രസീവ് മാധ്യമപ്രവര്ത്തനമാണ് അര്ണബിന്റേതെന്ന് പിന്തുണയ്ക്കുന്നവര് അവകാശപ്പെടുന്നത്. എന്നാല് അര്ണബിന്റേത് അധാര്മികമാധ്യമപ്രവര്ത്തനമാണെന്നും സര്ക്കാരിന്റെ പി ആര് പണിയാണെന്നുമുള്ള വിമര്ശനവും അര്ണബിനെതിരെ ഉയര്ന്നു.
അങ്ങനെ അര്ണബിനെ ചുറ്റിപറ്റി മാധ്യമപ്രവര്ത്തനത്തിന്റെ ധാര്മികതയും അധാര്മികതയും ചര്ച്ച കൊടുപിരികൊണ്ടിരിക്കുന്നതിനിടെയാണ് മുംബൈ പൊലീസ് കമ്മീഷണറുടെ വാര്ത്തസമ്മേളനം ഇടിത്തീയായി വന്നത്. രാജ്യത്തെ ടി ആര് പി റേറ്റങില് കൃത്രിമത്വം നടക്കുന്നുണ്ടെന്ന്. അതില് റിപ്പബ്ലിക്ക് ടിവിയും ഉണ്ടെന്ന് മുംബൈ പോലീസ് കമ്മീഷണര് പരംവീര് സിങ് വാര്ത്താസമ്മേളനം നടത്തി പറഞ്ഞത്. ടിആര്പി റേറ്റിങില് മുന്നിലെത്താന് ബാര്ക് മാനദണ്ഡങ്ങളില് ഉള്പ്പടെ കൃത്രിമത്വം നടത്തിയെന്നാണ് മുംബൈ പൊലീസ് കണ്ടെത്തിയത്. റിപ്പബ്ലിക്ക് ടിവിക്ക് പുറമെ രണ്ട് മറാത്തി ചാനലുകളും മഹാരാഷ്ട്രയില് വെട്ടിപ്പ്
നടത്തിയിട്ടുണ്ട്. ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ പ്രാദേശിക ചാനലുകള്. ഈ രണ്ട് ചാനലുകളുടേയും ഉടമകളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. അര്ണബ് ഗോസാമിക്ക് ഹാജരാകാന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായും പൊലീസ് അറിയിച്ചു.
എങ്ങനെയാണ് ടി ആര് പി റേറ്റിങ് അളക്കുന്നത് എന്ന് പരിശോധിക്കാം.
ടെലിവിഷന് ചാനലുകളുടെ ടി ആര് പി റേറ്റിങ് വിവരങ്ങള് നലകുന്നത് ബ്രോഡ്കാസ്റ്റ് ഓഡിയന്സ് റിസര്ച്ച് കൌണ്സില് അഥവാ ബാര്ക് ആണ്. റാന്ഡം ആയി വീടുകളില് ബാരോമീറ്ററുകള് എന്ന റീഡിങ് മീറ്ററുകള് സ്ഥാപിച്ചാണ് ഇവര് ആളുകള് ചാനലുകള് കാണുന്നത് അളക്കുന്നത്. ഈ വീടുകള് സംബന്ധിച്ചുള്ള വിവരങ്ങള് അതീവരഹസ്യമായാണ് സൂക്ഷിക്കുന്നത്. പ്രേക്ഷകന് എത്രസമയം ടിവി കാണുന്നു, ഏത് ചാനല് കാണുന്നു, ഏതൊക്കെ സമയം അത് കാണുന്നു, തുടര്ച്ചയായി എത്രമണിക്കൂര് കാണുന്നുതുടങ്ങിയവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് റീഡിങ് രേഖപ്പെടുത്തുക. എന്നിട്ട് എല്ലാ വ്യാഴാഴ്ച്ചയും ബാര്ക് ടിആര്പി റേറ്റിങ് പ്രസിദ്ധീകരിക്കും.
എന്തിനാണ് ടി ആര് പി റേറ്റിങ് ഉപയോഗിക്കുന്നത്
ടി ആര് പി റേറ്റിങാണ് ചാനലിന്റെ റീച്ച് അഥവാ ജനങ്ങള്ക്കിടയിലെ സ്വാധീനം വ്യക്തമാക്കുന്ന അടിസ്ഥാന രേഖ. അതായത് പത്രത്തിന് സര്ക്കുലേഷന് എന്നത് എന്താണോ അതാണ് ചാനലുകള്ക്ക് ടി ആര് പി റേറ്റിങ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാനലിന്റെ പരസ്യത്തിന് സെക്കന്റുകള്ക്ക് തുക ഈടാക്കുക. കൂടുതല് റേറ്റിങ് ഉള്ള ചാനലുകള്ക്ക് കൂടുതല് പരസ്യവും കൂടുതല് വരുമാനവും ലഭിക്കും. പരസ്യദാതാക്കള്ക്കും കൂടുതല് പേരിലേക്ക് തങ്ങളുടെ ഉത്പന്നത്തിന്റെ പരസ്യം എത്തിക്കാന് കൂടുതല് റീച്ചുള്ള ചാനലുകളെ ആണ് ആശ്രയിക്കുക. അതുകൊണ്ട് തന്നെ ടി ആര് പി റേറ്റിങ് ഉയര്ത്തുകയെന്നത് തന്നെയാണ് ചാനലുകള് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. ഇത് തന്നെയാണ് അനാരോഗ്യകരമായ മത്സരത്തിലേക്കും സെന്സേഷണലിസത്തിലേക്കും നയിക്കുന്നതും.
ബാര്ക്കിന് മുമ്പ് ടാം റേറ്റിങ്ങായിരുന്നു ചാനലുകളുടെ റീച്ച് അളക്കാനായി ഉപയോഗിച്ചിരുന്നത്. എന്നാല് ടാമിലും സമാനമായ തട്ടിപ്പ് വ്യാപകമായി നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്ന്നാണ് ടാമിനെ നിരോധിച്ച് ബ്രോഡ്കാസ്റ്റ് മിനിസ്റ്ററി ബാര്ക്ക് കൊണ്ടുവന്നത്. ഇപ്പോള് ബാര്ക്കും സുരക്ഷതമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള് സൂചിപ്പിക്കുന്നത്.
ഏതായാലും ചാനലുകളുടെ അക്കൌണ്ട് വിവരങ്ങള് ഉള്പ്പടെ വിശദമായി പരിശോധിച്ച് തട്ടിപ്പ് പൂര്ണമായും പുറത്ത് കൊണ്ടുവരാനാണ് മുംബൈ സിറ്റി പൊലീസിന്റെ തീരുമാനം. അറസ്റ്റിലായ രണ്ട് പേരില് നിന്നായി ലക്ഷക്കണക്കിന് രൂപയും രേഖകളും പൊലീസ് പിടിച്ചെടുത്തുകഴിഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ആവശ്യപ്പെടുന്ന രേഖകള് അന്വേഷണസംഘത്തിന് കൈമാറുമെന്നും ബാര്ക്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം റിപ്പബ്ലിക്ക് ടിവി എഡിറ്റര് അര്ണബ് ഗോസ്വാമിയാകട്ടെ കമ്മീഷണര്ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുകയാണ് ചെയ്തത്. സുശാന്ത് സിങ് മരണവുമായി ബന്ധപ്പെട്ട കേസില് കമ്മീഷണറുടെ തെറ്റായ അന്വേഷണത്തെ തങ്ങള് തുറന്ന് കാട്ടിയതിന്റെ പ്രതികാരനടപടിയാണ് ഇതെന്നാണ് അര്ണബ് പ്രസ്താവന ഇറക്കിയത്. മാപ്പ് പറഞ്ഞില്ലെങ്കില് ക്രിമിനല് മാനനഷ്ടക്കേസ് നല്കുമെന്നുമാണ് അര്ണബിന്റെ ഭീഷണി. അന്വേഷണത്തോട് സഹകരിക്കില്ലെന്ന് പരസ്യമായി തന്നെ നിലപാട് എടുത്തിരിക്കുകയാണ് അര്ണബ് ഗോസ്വാമി.
എന്തായാലും മറ്റ് ദേശിയ മാധ്യമങ്ങളെല്ലാം മുംബൈ പൊലീസിന്റെ നടപടിയെ സ്വാഗതം ചെയ്തുകഴിഞ്ഞു. ടി ആര് പി തട്ടിപ്പിന്റെ വസ്തുത പുറത്ത് വരേണ്ടതുണ്ട്.
അര്ണബിന്റെ തന്നെ പ്രയോഗം കടമെടുത്ത് പറഞ്ഞാല്
ദ നേഷന് വാണ്ട്സ് ടു നോ
Yes, the nation wants to know...ഒരു മാധ്യമങ്ങളേം വിശ്വസിക്കാൻ പറ്റുന്നില്ല ഇപ്പൊ...ഓരോരുത്തർക്കും ഓരോ അജണ്ടയാണ്...
ReplyDelete