Wednesday, 7 October 2020

ബിഗ് സെയിലുകള് വീണ്ടും വരുമ്പോള്


ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയിപ്പോള് നാട്ടിന്പുറത്തെ ചന്തകളോ ഷോപ്പിങ് കോംപ്ലക്സുകളിലെ കടകളോ അല്ല. എന്തിന് ബ്രാന്ഡുകളുടെ എക്സ്ക്ലൂസിവ് ഷോറൂമുകള് പോലുമല്ല. മറിച്ച് ആമസോണും ഫ്ലിപ്പ്കാര്ട്ടും മിന്ത്രയും സ്നാപ്ഡീലുമെല്ലാം വാഴുന്ന ഓണ് ലൈന് വിപണിയാണ്. ഓരോ ഇ കൊമേഴ്സ് സ്ഥാപനങ്ങളും പ്രതിദിനം കൊയ്യുന്നത് കോടികളാണ്. ഓണ് ലൈന് വിപണി കൊഴുക്കുമ്പോള് പക്ഷെ നമ്മുടെ സാധാരണ കച്ചവടക്കാരാണ് പ്രതിസന്ധിയിലാവുന്നത്.

ദീപാവലി കാലമാണ് ഇന്ത്യയിലെ എക്കാലത്തേയും വലിയ വിപണി. കേരളത്തില് അത് ഓണകാലമാകുമ്പോള് ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ദീപാവലിക്കാണ് വലിയ കച്ചവടം നടക്കുന്നത്. ദീപാവലിയാകുമ്പോള് ഗിഫ്റ്റുകള് നല്കുന്നതും വീട്ടിലെ പഴയ സാധനങ്ങള് മാറ്റിവാങ്ങുന്നതുമെല്ലാം ഇന്ത്യക്കാരുടെ ശീലമാണ്. ചിലര്ക്കത് ജീവിതത്തിന്റേയും അനുഷ്ടാനത്തിന്റേയും ഭാഗവുമാണ്. ആഘോഷക്കാലത്ത് വലിയ തോതിലുള്ള കച്ചവടാണ് കടകളിലെല്ലാം നടക്കുന്നത്. സ്ഥാപനങ്ങള് മികച്ച ഓഫറുകളും ആ സമയത്ത് പ്രഖ്യാപിക്കാറുണ്ട്.

എന്നാല് ഓണ് ലൈന് വിപണി കളം പിടിച്ചതോടെ കാര്യങ്ങളെല്ലാം മാറിതുടങ്ങി. ദീപാവലിക്ക് പുറമെ സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക്ക് ദിനത്തിനും ന്യൂ ഇയറിനുമെല്ലാം ഓഫറുകളും ബിഗ് സെയിലുമെല്ലാം സംഘടിപ്പിക്കുകയാണ് വന്കിട ഇ കൊമേഴ്സ് സ്ഥാപനങ്ങളെല്ലാം. അതോടെ പ്രതിസന്ധിയിലായത് ചെറുകിടക്കാരാണ്. ആളുകള് കടയില് പോയി സാധനങ്ങള് വാങ്ങുന്നതിന് പകരം ഓണ് ലൈനായി സാധനങ്ങള് വാങ്ങാന് തുടങ്ങി. കടയില് പോയി തിരയേണ്ട എന്നത് മാത്രമല്ല, കടയില് നിന്ന് ലഭിക്കുന്നതിനേക്കാള് കുറഞ്ഞവിലയ്ക്ക് സാധനങ്ങള് ലഭിക്കുമെന്നതും ആളുകളുടെ വാങ്ങല് പ്രക്രിയയില് മാറ്റം വരുത്താന് കാരണമായി. ആമസോണിന്റേ ദിപാവലി ആദായ വില്പന ഈ മാസം 17 നും ഫ്ലിപ്കാര്ട്ടിന്റേത് 16 നുമാണ് ആരംഭിക്കുന്നത്.

ഇത്തവണത്തെ ദീപവലി ഇങ്ങെത്തിക്കഴിഞ്ഞു. ആമസോണും ഫ്ലിപ്പ്കാര്ട്ടുമെല്ലാം ഗ്രേറ്റ് ഇന്ത്യന് സെയിലും ബിഗ് ബില്ല്യണ് ഡെയ്സുമെല്ലാം പ്രഖ്യാപിച്ചുകഴിഞ്ഞു. 10 ശതമാനം മുതല് 80 ശതമാനം വരെയാണ് ഉപ്പ് തൊട്ട് കര്പ്പൂരം വരെയുള്ള എല്ലാസാധനങ്ങള്ക്കും ഓണ് ലൈന് വല്പന രംഗത്തെ ഭീമന്മാര് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ കോവിഡ് കാലത്ത് പുറത്തിറങ്ങി സാധനങ്ങള് വാങ്ങാന ഭയക്കുന്ന സാധാരണക്കാരന്പോലും ഇത്തവണ ഇരുവരേയും ആശ്രയിക്കുമെന്നുറപ്പ്. പ്രത്യേകിച്ച് കോവിഡ് സാധാരണക്കാരന്റെ  വരുമാനത്തെ തന്നെ തകിടം മറിച്ച കാലത്ത് വന് വിലക്കിഴിവ് എന്നത് അത്ര ചെറിയസംഭവമല്ലാലോ.

 

ഇത് തന്നെയാണ് സാധാരണ കച്ചവടക്കാരെ ഏറെ ആശങ്കിയിലാഴ്ത്തുന്നതും. ലോക്ഡൌണിനെ തുടര്ന്ന് മാസങ്ങളോളം നിന്നുപോയ കച്ചവടം ഈ ദീപാവലിക്കാലത്തെങ്കിലും ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു കച്ചവടക്കാര്. അത് കൊണ്ടുതന്നെ ഈ വന്കിട ഓണ് ലൈന് വില്പനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇത്തവണ രാജ്യത്തെ വ്യാപാരികളുടെ സംഘടന. ആമസോണിനേയും ഫ്ലിപ്പ്കാര്ട്ടിനേയും നിയന്ത്രിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഒന്നുകില് ഇരുവരുടേയും കച്ചവടത്തെ നിയന്ത്രിക്കണം അല്ലെങ്കില് കേന്ദ്രം പ്രത്യേക സംഘത്തെ വെച്ച് ഇരുവരുടേയും കച്ചവടത്തെ നിരീക്ഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട്കൊണ്ട് കേന്ദ്ര ധനകാര്യമന്ത്രിക്ക് വ്യാപാരികളുടെ സംഘടനയായ കോണ്ഫെഡറേഷന് ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് കത്തയച്ചുകഴിഞ്ഞു. കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമായും  രണ്ട് കാരണങ്ങളാണ് കോണ്ഫെഡറേഷന് കത്തില് ചൂണ്ടികാണിച്ചിരിക്കുന്നത്. ഒന്ന് നികുതി നഷ്ടം ഉണ്ടാക്കുന്നുവെന്നും മറ്റൊന്ന് വിദേശ നിക്ഷേപചട്ടത്തിലെ വ്യവസ്ഥയുടെ ലംഘനം നടക്കുന്നുവെന്നുമാണ് അവ

ഈ ഓണ് ലൈന് കച്ചവടക്കാര് ബിഗ് സെയില് നടത്തുന്നതിലൂടെ വന് തോതില് നികുതിയിനത്തില് നഷ്ടം വരുത്തുന്നുവെന്നാണ് മുഖ്യമായും ഇവര് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അത് എങ്ങനെയാണെന്നും കൃത്യമായി കോണ്ഫെഡറേഷന് കത്തില് പറയുന്നുണ്ട്.

വിലകുറച്ച് വില്ക്കുന്നതിലൂടെ രാജ്യത്തിന് ജിഎസ്ടി ഇനത്തില് ലഭിക്കേണ്ട തുകയില് ഗണ്യമായ കുറവാണ് ഉണ്ടാകുന്നത്. ഉത്പന്നം വില്ക്കുന്നവിലയുടെ നിശ്ചിതശതമാനമാണ് ജിഎസ്ടിയായി ചുമത്തുന്നത്. ഒരു ഉത്പന്നത്തിന്റെ യഥാര്ത്ഥ വില 100 രൂപയാണെങ്കില് അതിന്റെ ജിഎസ്ടി 12 ശതമാനമാണ്. ആ ഉത്പന്നം കടയിലൂടെ വിറ്റഴിക്കുമ്പോള് സര്ക്കാരിന് 12 രൂപയാണ് ജിഎസ്ടി ഇനത്തില് ലഭിക്കുക. പക്ഷെ ഈ ഉത്പന്നത്തിന് 80 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് ഓണ് ലൈന് കച്ചവടക്കാര് വില്ക്കുമ്പോള് സര്ക്കാരിന് നികുതി ഇനത്തില് ലഭിക്കുന്നത് വെറും 2.40 രൂപമാത്രമാണ്. അതായത് ഏകദേശം 10 രൂപയുടെ അടുത്ത് നികുതി ഇനത്തില് കുറവ് സംഭവിക്കും. അത്തരത്തിലുള്ള  വലിയ നഷ്ടം സംഭവിക്കുന്നത് ഒഴിവാക്കണമെന്നാണ് കോണ്ഫെഡറേഷന് സര്ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്പ് വില്പന നികുതി കുറഞ്ഞ സംസ്ഥാനങ്ങളില് കമ്പനി ഗോഡൌണ് സ്ഥാപിച്ചുകൊണ്ട് വിലകുറച്ച് വില്പന നടത്തുന്നതായിരുന്നു ഓണ് ലൈന് സ്ഥാപനങ്ങളുടെ തന്ത്രം. എന്നാലിത് ജിഎസ്ടി വന്നതോടെ പുതിയ തരത്തിലേക്ക് മാറിയെന്നാണ് ആക്ഷേപം.

രണ്ടാമതായി കോണ്ഫെഡറേഷന് ആരോപിക്കുന്നത് ഇത്തരം സ്ഥാപനങ്ങള് വിദേശ നിക്ഷേപത്തോടെ പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങളാണ്. ഇവ വിദേശ നിക്ഷേപ ചട്ടം പാലിക്കാന് ബാധ്യസ്ഥരുമാണ്.

വിദേശ നിക്ഷേപ ചട്ടപ്രകാരം ഇവരാരും ഉപഭോക്താക്കളുമായി നേരിട്ട് കച്ചവടം നടത്താന് പാടില്ലെന്നാണ്. ബിസിനസ് സ്ഥാപനങ്ങളുമായി മാത്രമേ ഇടപാട് നടത്താനാവൂവെന്നാണ്. എന്നാല് ഇതിന് വിരുദ്ധമായി ഫ്ലിപ്പ് കാര്ട്ടും ആമസോണും ഉപഭോക്താക്കളുമായി നേരിട്ട് ഡീല് നടത്തുന്നുണ്ടെന്നാണ് കോണ്ഫെഡറേഷന് ആരോപിക്കുന്നത്. അതാനാലാണ് ഇത്തരത്തില് വലിയ തോതില് ഇളവുകള് നല്കാന് സാധിക്കുന്നതെന്നാണ് ഇവരുടെ വാദം.

ആഘോഷവേളകളിലെ ഇത്തരം വില്പനമാമാങ്കങ്ങളെ സര്ക്കാര് നിരോധിക്കണം. അല്ലെങ്കില് പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയോഗിച്ച് ഇവരുടെ ജിഎസ്ടി യിലെ വ്യത്യാസം സംബന്ധിച്ച് പരിശോധിച്ച് നടപടി എടുക്കണമെന്നും കോണ്ഫെഡറേഷന് ആവശ്യപ്പെടുന്നുണ്ട്.  

ഓണ് ലൈന് വിപണിയില് ചതിക്കുഴികള് ഏറെയുണ്ട്. നാട്ടിന്പുറത്തെ ചെറുകിട കച്ചവടക്കാര്ക്കും ഇ കൊമേഴ്സ് രംഗത്തെ വമ്പന്മാര് തീര്ക്കുന്ന പ്രതിസന്ധി ചെറുതല്ല. ചെറിയതോതില് മൊബൈല് ഫോണ് വിറ്റ് ജീവിച്ചിരുന്ന പല കച്ചവടക്കാരുടേയും കച്ചവടം പൂട്ടിപോയത് ഇ കൊമേഴ്സ് രംഗം തളിര്ത്തതോടെയാണ്. വില്പന മേഖലയിലെ മത്സരം ഉപഭോക്താക്കളെ സംബന്ധിച്ച് അനുഗ്രഹമാണ്. കാരണം വാങ്ങുന്നവന് വില കുറവില് അവനാഗ്രഹിക്കുന്ന സാധനം വീട്ട് പടിക്കലെത്തുമെന്നത് തന്നെ. പക്ഷെ അതിലൂടെ സര്ക്കാരിന് വന് സാമ്പത്തിക ബാധ്യത വരുന്നുണ്ട് എങ്കില് അത് പരിശോധിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും വേണം. കാരണം രാജ്യത്തിന്റെ വികസനത്തിന് വിനിയോഗിക്കപ്പെടേണ്ട പണമാണ് അത്തരത്തില് നഷ്ടമാവുന്നത്.

(071020)

No comments:

Post a Comment