രണ്ടിലക്കും ജോസിനും ഇനി അഗ്നിപരീക്ഷാകാലം

 കേരള രാഷ്ട്രീയത്തില് സാധ്യതകള് തേടിയുള്ള പാര്ട്ടികളുടേയും വിഭാഗങ്ങളുടേയും മുന്നണിമാറ്റം അത്രപുതുമ ഉള്ളതൊന്നുമല്ല. ഇപ്പോള് കഴിഞ്ഞ കുറേകാലമായി എന്തേ വൈകുന്നുവെന്ന് എല്ലാവരെകൊണ്ടും ചോദിപ്പിച്ചശേഷം ജോസ് കെ മാണിയും തന്റെ പാര്ട്ടിയുംകൊണ്ട് മുന്നണി മാറുകയാണ്. അതും ഇടത്പക്ഷത്തേക്ക്. നാല് പതിറ്റാണ്ടോളം അച്ഛനും കേരള കോണ്ഗ്രസിന്റെ ചങ്കും ഹൃദയവും തലച്ചോറുമെല്ലാമായിരുന്ന കെ എം മാണി അടക്കം പറഞ്ഞിരുന്ന, അല്ലെങ്കില് ആരോപിച്ചിരുന്നതെല്ലാം വിഴുങ്ങിക്കൊണ്ട്.


1964 ല് പിറവിയെടുത്ത കേരള കോണ്ഗ്രസ് പലകുറി ചെറുതും വലുതുമായ കഷ്ണങ്ങളായി പലമുന്നണികളില് ചേര്ന്ന് ജനത്തെ സേവിച്ചുകൊണ്ടിരുന്നു. വലതും ഇടതും ഇരിക്കാത്ത ഒരുവിഭാഗവും കേരള കോണ്ഗ്രസിലില്ല. ജേക്കബ് മാത്രമാണ് അതിനൊരപവാദം. കേരള കോണ്ഗ്രസ് ജേക്കബായിട്ട് ഒരിക്കല്പോലും അദ്ദേഹം ഇടത് ബെഞ്ചിലിരുന്നില്ല. പാര്ട്ടി പിന്നീട് ഡിഐസിയില് ലയിച്ചപ്പോള് മാത്രമാണ് ജേക്കബ് ഇടത്മുന്നണിയോട് സഹകരിച്ചത്. അതും പഞ്ചായത്തി തിരഞ്ഞെടുപ്പില്മാത്രം. ശേഷിക്കുന്ന ബാലകൃഷ്ണപിള്ളയും ജോസഫും ജോര്ജും ഫ്രാന്സിസ് ജോര്ജും സ്ക്കറിയാ തോമസുമെല്ലാം പലഘട്ടത്തില് ഇടത്പക്ഷത്തിരുന്നവരാണ്. എന്തിന് കെ എം മാണിപോലും 1980 ല് 20 മാസക്കാലം ഇടത്പക്ഷത്തിനൊപ്പം നില്ക്കുകയും മന്ത്രിയാവുകയും ചെയ്തതാണ്. അതിനുശേഷം എല്ഡിഎഫിന്റെ ഏറ്റവും വലിയ വിമര്ശകനും സിപിഎമ്മിന്റ ഏറ്റവും വലിയ ശത്രുവുമായിരുന്നു കെ എം മാണി. എല്ഡിഎഫിനൊപ്പം നിന്ന  പി ജെ ജോസഫിനേയും പിസി ജോര്ജിനേയും അടര്ത്തിയെടുത്ത് കേരള കോണ്ഗ്രസ് മാണിയില് ലയിപ്പിക്കുന്നതിലും ഒരുഘട്ടത്തില് കെ എം മാണി വിജയിച്ചു. ആ ശ്രമം ഇല്ലാതാക്കിയത് ഭരണതുടര്ച്ചയെന്ന ഇടത് സ്വപ്നത്തെയാണ്. 2016 ല് വെറും രണ്ട് സീറ്റിന്റെ വ്യത്യാസത്തില് യുഡിഎഫ് ഭരണം പിടിച്ചപ്പോള് ഇടത് മുന്നണി വിട്ട് മാണി കോണ്ഗ്രസിലെത്തിയ 5 ലേറെ എംഎല്എമാരാണ് സഭയിലെത്തിയത്. അതായത് മാണിയുടെ ശ്രമം പാളിയെങ്കില് ചരിത്രത്തിലാദ്യമായി ഒരുമുന്നണിയുടെ സര്ക്കാരിന് ഭരണതുടര്ച്ച ലഭിച്ചേനെ. മാണിയെ തളക്കാന്, കേരള കോണ്ഗ്രസിനെ തളര്ത്താന് പലവഴികളും ഇടത്പക്ഷവും സിപിഎമ്മും പതിറ്റാണ്ടുകളായി പയറ്റിയിട്ടുണ്ട്. ഏറെക്കാലം വെറുത്തുവെറുത്ത് ഒടുവില് മാണിയോട് സിപിഎമ്മിന് പ്രേമവും തുടങ്ങി. കെ എം മാണിയെ ഇടത് പാളയത്തിലെത്തിച്ച് യുഡിഎഫിനെ ക്ഷീണിപ്പിക്കാനുള്ള ശ്രമങ്ങള്ക്കും സിപിഎം ചരട് വലിച്ചു. പാലക്കാട്ടെ പാര്ട്ടി പ്ലീനം വേദിയില് വിശിഷ്ടാഥിതിയാക്കിയും ഉമ്മന് ചാണ്ടിയുടെ ജനസമ്പര്ക്കത്തേക്കാള് മികച്ചത് മാണിയുടെ കാരുണ്യ ലോട്ടറിയാണെന്നും വരെ പാര്ട്ടിസെക്രട്ടറി പറഞ്ഞത് മാണിയെ വലയിലാക്കാനായിരുന്നു. മാണിക്കും ഇടതിനൊപ്പം ചേര്ന്ന് മുഖ്യമന്ത്രി പദവി കയ്യാളണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്നാണ് കരകമ്പി. പക്ഷെ പിന്നാലെ വന്ന ബാര് കോഴക്കേസ് പദ്ധതികള് തകിടം മറിച്ചു. മാണിക്കെതിരെ അതിരൂക്ഷമായ സമരത്തിനാണ് സിപിഎം പിന്നെ രൂപമിട്ടത്. സഭയ്ക്കകത്ത് ബജറ്റവതരിപ്പിക്കുന്നതില് നിന്ന് മാണിയെ തടയാനായി നടത്തിയ അഭ്യാസങ്ങളെല്ലാം കേരളം ലൈവായി കണ്ടതാണ്. മാണിക്ക് എന്റെ വക 500 രൂപ അയച്ചുകൊടുത്ത് കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനാണ് മാണിയെന്ന് വരെ ഇടതുപക്ഷത്തെ പാര്ട്ടികളും അവരുടെ യുവജനസംഘടനകളും പ്രചാരണം നടത്തി. നാട് മുഴുവനും കരിങ്കൊടിയും പ്രതിഷേധങ്ങളും സംഘര്ഷങ്ങളുമരങ്ങേറി. സ്വഭാവികമായും ഇടത് മുന്നണിയോട് മാണിക്ക് ശത്രുതകൂടേണ്ടതാണ്. പക്ഷെ ഇടത് മുന്നണിയേക്കാളേറെ കോണ്ഗ്രസിലെ ഉമ്മന് ചാണ്ടിയോടാണ് മാണിസാറിനും പിള്ളേര്ക്കും പക്ഷെ ദേഷ്യവും വൈരാഗ്യവും ഏറിയത്. ഉമ്മന്ചാണ്ടിയാണ് മാണിയെ ബാര്കോഴ ക്കേസില് കുരുക്കിയതെന്നാണ് അവരുടെ അന്നത്തേയും ഇന്നത്തേയും അടിയുറച്ച വശ്വാസം. മാണിയെ പിണക്കാന് യുഡിഎഫിന് അന്ന് അത്രവേഗം സാധിക്കില്ലെന്നതിനാല് തന്നെ മാണിയെ അനുനയിപ്പിച്ച് കൂടെ നടത്താനായിരുന്നു യുഡിഎഫിന്റെ ശ്രമം. ചരല്കുന്ന് സമ്മേളനത്തോടെ യുഡിഎഫില് നിന്ന് അകലം പാലിക്കാന് മാണി സാറ് തീരുമാനിച്ചെങ്കിലും പ്രത്യക്ഷത്തില് യുഡിഎഫിനെ കടന്നാക്രമിക്കാതിരിക്കാന് മാണിസാര് പ്രത്യേകം ശ്രദ്ധവെക്കുകയും ചെയ്തിരുന്നു. ഒടുവില് മാണി കോണ്ഗ്രസിനെ അനുനയിപ്പിച്ച് യുഡിഎഫിലെത്തിക്കാന് മുന്നണിയിലെ മുഖ്യകക്ഷിയായ മുസ്ലീംലീഗ്  മുന്നിട്ടിറങ്ങി. രാജ്യസഭ സീറ്റ് വിട്ട് നല്കി കോണ്ഗ്രസിനും മനസില്ലാമനസോടെ മാണിസാറിനുമുന്നില് കീഴടങ്ങേണ്ടിവന്നു. പിന്നീട് മുന്നണിയും മാണിയും തമ്മിലുള്ള ബന്ധം മാണിയുടെ മരണംവരേയും വലിയ കുഴപ്പമില്ലാതെ പോയി. പക്ഷെ മാണിയുടെ മരണശേഷം പാര്ട്ടിയില് ഉടലെടുത്ത അധികാരതര്ക്കം കേരള കോണ്ഗ്രസ് മാണിയുടെ ആഭ്യന്തരപ്രശ്നമെന്നതില് നിന്ന് മുന്നണിയിലെ പ്രശ്നമായി മാറാന് അധികസമയം വേണ്ടിവന്നില്ല. പലപ്പോഴും യുഡിഎഫ് നേതാക്കളും കോണ്ഗ്രസ് നേതൃത്വവുമെല്ലാം പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പക്ഷെ മാണിയുടെ അത്രശക്തി ജോസ് കെ മാണിക്കില്ലെന്നും അതേസമയം പിജെ ജോസഫിന് നേതാവെന്നതരത്തില് കരിസ്മയുണ്ടെന്നും കോണഗ്രസിന് അറിയാമായിരുന്നു. അതിനാല് തന്നെ പലപ്പോഴും കോണ്ഗ്രസിന് ജോസഫിനോടായിരുന്നു പ്രിയം എന്നത് വ്യക്തവുമായിരുന്നു. കോട്ടയത്ത് നിന്ന് കോണ്ഗ്രസിന് പ്രഗല്ഭരായ നേതാക്കള് പലരുമുണ്ടായിട്ടും  മാണിപ്രഭാവം ജില്ലയില് അവരേക്കാള് മുകളിലായിരുന്നു. ജില്ലയില് രണ്ടാമതാവുന്നതിന്റെ ചൊരുക്ക് അവസാനിപ്പിക്കാന് കേരള കോണ്ഗ്രസ് മാണിയെ ഇല്ലാതാക്കണമെന്ന് കോണ്ഗ്രസിന് നന്നായറിയാമായിരുന്നു.  അതിനുള്ള സുവര്ണാവസരമായും കോണ്ഗ്രസ് നേതൃത്വം ഇപ്പോഴത്തെ സാഹചര്യത്തെ കണ്ടു. രാഷ്ട്രീയമായി തന്നെ അത് വിനിയോഗിക്കാനുള്ള സന്ദര്ഭം വന്നപ്പോള് അതെടുത്ത് പ്രയോഗിക്കുകയും ചെയ്തു. മാണിയുടെ കാലത്തേത് പോലെ മുസ്ലീംലീഗ് അടക്കമുള്ള പാര്ട്ടികളും മകന് മാണിയോട് വലിയ താല്പര്യം കാണിച്ചതുമില്ല. അതേസമയം തന്നെ പാല ഉപതിരഞ്ഞെടുപ്പ് സമയത്ത് ചിഹ്നത്തെ ചൊല്ലി തര്ക്കമുണ്ടായപ്പോളും പ്രശ്നപരിഹാരത്തിന് യുഡിഎഫ് നേതൃത്വം കാര്മയായി ഇടപെട്ടില്ലെന്നതും ശ്രദ്ധേയമാണ്. പലപ്പോഴും പ്രശ്നങ്ങള്ക്ക് വഴിവെച്ചത് തങ്ങളുടെ ഉപാധി ജോസ് കെ മാണി തെറ്റിച്ചതാണെന്നും പ്രശ്നം പരിഹരിക്കാതെ ജോസ് കെ മാണി വിഭാഗം യുഡിഎഫ് യോഗത്തിന് വരേണ്ടെന്നും കോണ്ഗ്രസ് നിലപാട് കടുപ്പിച്ചു. പാലയിലെ തോല് വിയോടെ തീര്ത്തും അപ്രസക്തമായി മാറിയ ജോസ് കെ മാണി കുട്ടനാട് ഉപതിരഞ്ഞെടുപ്പിലും പ്രതിസന്ധിയാകുമെന്ന് യുഡിഎഫിന് അറിയായമായിരുന്നു. ഒടുവില് ജോസ് കെ മാണിയെ യുഡിഎഫില് നിന്ന് പുറത്താക്കി.

ഇതോടെ മറ്റ് വഴികളില്ലാതെയാണ് ഇടത്പക്ഷത്തേക്ക് പോകാനുള്ള നീക്കങ്ങള് ജോസ് മോനും സംഘവും ആരംഭിച്ചത്. നേരത്തെ തന്നെ ജോസ് മോനെ വരവേല്ക്കാന് സിപിഎമ്മും ചുവന്നപരവതാനി വിരിച്ച് കാത്ത് നിന്നതോടെ കാര്യങ്ങളെല്ലാം വേഗത്തിലായി. എതിര്ത്ത് നില്ക്കുന്ന സിപിഐയുടെ പ്രതിഷേധത്തെ എന്നത്തേയും പോലെ വലിയതോതില് മുഖവിലയ്ക്ക് സിപിഎം എടുത്തിട്ടില്ല.

മാണിസാര് ഇടത് വിരുദ്ധനായിരുന്നില്ലെന്നാണ് ജോസ് കെ മാണി അവകാശപ്പെടുന്നത്. വര്ഗീയതയെചെറുക്കുന്നതിലും കര്ഷകരുടെ ഉന്നമനകാര്യത്തിലും ഇടത്പക്ഷമാണ് മികച്ചതെന്ന പ്രസ്താവനകളുമെല്ലാം നടത്തികഴിഞ്ഞു. ധാര്മികതയുടെ പേരില് ജോസ് കെ മാണി യുഡിഎഫ് പിന്തുണയില് ജയിച്ച രാജ്യസഭ സീറ്റ് തന്നെ രാജിവെക്കുകയാണ്. പക്ഷെ യുഡിഎഫിന്റെ ടിക്കറ്റില് അവരുടോ വോട്ട് നേടി വിജയിച്ച എംഎല്എ പദവികളും കോട്ടയം ലോക് സഭയിലെ എംപി പദവിയും രാജിവെക്കില്ല. രാജ്യസഭയിലേക്ക് ജോസ് കെ മാണി രാജിവെച്ചാല് അവിടേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നാല് അത് എല്ഡിഎഫിന്റെ പിന്തുണകൊണ്ട് ജോസ് വിഭാഗത്തിന് പുഷ്പം പോലെ വിജയിക്കാം. അതേസമയം നിയമസഭയും ലോക്സഭയും അങ്ങനെ ആകില്ലെന്ന് ജോസ് വിഭാഗത്തിനറിയാം. അതിനാലാണ് അവിടെ ധാര്മികത കാണിക്കേണ്ട ആവശ്യം ഇപ്പോഴില്ലാത്തത്. ധാര്മികതയിലും ഇരട്ടതാപ്പാണെന്ന് ആരെങ്കിലും ആരോപിച്ചാല് അവരെ കുറ്റം പറയാനാവില്ല.


ഇപ്പോള് ഇടത് പക്ഷം ഹൃദയപക്ഷമെന്ന് പ്രഖ്യാപിച്ച് രണ്ടിലയുമായി ഇടത് പാളയത്തിലേക്ക് എത്തുമ്പോള് വലിയ വെല്ലുവിളിതന്നെയാണ് ജോസ് കെ മാണിക്കും സംഘത്തിനും മുന്നിലുള്ളത്. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില് തങ്ങളുടെ ശക്തിഎത്രയുണ്ടെന്ന് വലതുമുന്നണിയെ മാത്രമല്ല ഇടത് മുന്നണിയേയും ബോധ്യപ്പെടുത്തണം. എങ്കില്മാത്രമേ അടുത്തവര്ഷം നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില് ജോസ് മാണി അവകാശപ്പെടുന്ന സീറ്റുകളില് എത്രയെണ്ണത്തിന് യഥാര്ത്ഥത്തില് മാണി കോണ്ഗ്രസ് ജോസ് വിഭാഗത്തിന് അര്ഹതയുണ്ടെന്ന് വ്യക്തമാകു.

അതിനാല് തന്നെ വരാനിരിക്കുന്ന ദിവസങ്ങള് ജോസ് മാണിക്ക് വെല്ലുവിളികളുടേതാണ്. പരീക്ഷണഘട്ടം വിജയകരമായി പൂര്ത്തിയാക്കിയാല് പിതാവിനേക്കാള് വലിയ രാഷ്ട്രീയതന്ത്രജ്ഞനായി കേരളം ഒരുപക്ഷെ ജോസ് കെ മാണിയെ വിലയിരുത്തിയേക്കും.

 

Comments