Friday, 31 December 2021
ഒബിച്ച്വറികൾ പറയുന്നത്
നിങ്ങൾ ചാരമാകുമ്പോൾ ഇതോർക്കുക (WHEN YOU ARE ASHES, REMEMBER THIS)
കഠിനസ്നേഹം (TOUGH LOVE)
ഇനി,..
കൊഴിഞ്ഞ ഇതളുകൾ
കാലദേശാന്തരബന്ധം
പരീക്ഷണങ്ങൾക്കൊപ്പം മലയാളത്തിൽ ഇരുണ്ടകാലത്തിന്റെ സിനിമകളും വരണം
ശക്തമായകഥകളും സിനിമയും മലയാളത്തിന് സമ്മാനിച്ച സച്ചിയും ഷാനവാസ് നരണിപ്പുഴയും പി ബാലചന്ദ്രനുമൊന്നുമില്ലാതെയാണ് പുതുവർഷത്തെ വരവേൽക്കുമ്പോൾ മലയാള സിനിമ ഒരുങ്ങുന്നത്. ഇവരുടെ നഷ്ടം മലയാളത്തിന് ഒരിക്കലും നികത്താനാവുന്നതുമല്ല. മികച്ച കഥകൾ ഒരുക്കിയെന്നതിനൊപ്പം തന്നെ ശക്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചുവെന്നതും ബാലചന്ദ്രന്റേയും മൺമറഞ്ഞുപോയ നെടുമുടി വേണുവിന്റെയുമെല്ലാം നേട്ടമാണ്. ഇവരല്ലാം പകർന്നുനൽകിയ ഊർജ്ജം ഉൾക്കൊണ്ടുതന്നെയാകും മലയാള സിനിമ മുന്നോട്ടുള്ള യാത്ര തുടരുക.ലോക്ഡൗണിൽ ലോകമെല്ലാം പകച്ച് നിന്നപ്പോഴും പരീക്ഷണങ്ങളിലൂടെ പ്രതിസന്ധിയെ മറികടന്ന് ലോകസിനിമയ്ക്ക് തന്നെ അത്ഭുതമായിരുന്നു നമ്മുടെ കൊച്ചു മലയാളം ഇൻഡസ്ട്രി. പൂർണമായും അടച്ചിട്ട മുറിയിലിരുന്ന്, വെറും മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച സി യു സൂൺ എന്ന സിനിമമാത്രം മതി നമ്മുടെ സിനിമ സാങ്കേതികവിദ്യയിൽ എത്രമാത്രം പരീക്ഷണങ്ങളും പ്രമേയത്തിൽ വ്യത്യസ്ഥതയും കൊണ്ടുവരുന്നുവെന്നത് മനസിലാക്കാൻ.
പോയവർഷം പ്രമേയംകൊണ്ടും ട്രീറ്റ്മെന്റ് കൊണ്ടും വ്യത്യസ്ഥങ്ങളായ നിരവധി സിനിമകളാണ് പിറന്നത്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മാലിക്ക്, ജോജി, കുരുതി, നായാട്ട്, ഓപറേഷൻ ജാവ, നിഴൽ, ഭീമന്റെ വഴി, ആണും പെണ്ണും, സാറ തുടങ്ങി രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾ കൈകാര്യം ചെയ്ത ഒരുപിടി സിനിമകളാണ് പ്രേക്ഷകരിലേക്കെത്തിയത്. മലയാളിക്ക് കണ്ടുപരിചിതമല്ലാത്ത കഥപറയൽ ശൈലിയും അവതരണവുമെല്ലാം തികഞ്ഞ അച്ചടക്കത്തോടെ തന്നെ അവതരിപ്പിച്ചുവെന്നതാണ് ഈ സിനിമകളുടെയെല്ലാം വിജയം. ഇവയിൽ പലതും വലിയ അവകാശവാദങ്ങളില്ലാതെ എത്തി വിജയക്കൊടിപാറിച്ചതാണ് എങ്കിൽ വലിയ ഓളമുണ്ടാക്കിയെത്തി തിയ്യറ്ററുകളെ നിറച്ച സിനിമകളും വർഷാവസാനം എത്തി. ഏറെകാലത്തെ കാത്തിരിപ്പിനൊടുവിൽ റിലീസായ കുഞ്ഞാലി മരക്കാർ അറബികടലിന്റെ സിഹം, കുറുപ്പ്, മിന്നൽ മുരളി തുടങ്ങിയവയെല്ലാം ആ ഗണത്തിൽ പെടുന്നതാണ്. സുകുമാരകുറുപ്പ് എന്ന പിടികിട്ടാപുള്ളിയുടെ കഥ പറഞ്ഞ കുറുപ്പും അതിമാനുഷിക കഥാപാത്രങ്ങളെ ഹോളിവുഡ് സിനിമകളിലൂടെ ആരാധിക്കുന്ന മലയാളിക്ക് ലോക്കലായിട്ട് ഒരു അതിമാനുഷികനെ സമ്മാനിച്ച മിന്നൽ മുരളിയുമെല്ലാം മലയാള സിനിമ ആസ്വാദനത്തിൽ വേറിട്ടതായി. ഗ്രാഫിക്സിന്റെ സാധ്യതകളെ ഉപയോഗിച്ചുള്ള കുഞ്ഞാലിമരക്കാറും സാങ്കേതികവിദ്യയുടെ പേരിൽ തിയ്യേറ്ററുകളിൽ വേറിട്ട അനുഭവമായി.
കലാമൂല്യങ്ങളുള്ള ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാകുന്നുണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾ മലയാളം നന്നായി തന്നെ കൈകാര്യം ചെയ്യുന്നുണ്ട് എന്ന് പറയുമ്പോഴും ജാതിയത, കീഴാള വ്യവസ്ഥിതി എന്നിവയെ എത്രമാത്രം മലയാള സിനിമ ഇപ്പോഴും അഡ്രസ് ചെയ്യുന്നുണ്ട് എന്നത് വിമർശനപരമായി തന്നെ പരിശോധിക്കപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ച് നമ്മുടെ തൊട്ടയൽപകത്തെ തമിഴ് സിനിമകൾ കീഴാളരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന സിനിമകളുമായി മുന്നോട്ട് വരുമ്പോൾ. (മലയാളത്തിൽ ഒട്ടും ഉണ്ടായിട്ടില്ല എന്നതല്ല, സമീപകാലത്ത് കുറവാണ്. വിധേയൻ, പാപ്പിലിയോ ബുദ്ധ പോലുള്ള സിനിമകൾ ഇത്തരം വിഷയങ്ങൾ മുമ്പ് കൈകാര്യം ചെയ്തിട്ടുണ്ട്). ജയ് ഭീം, രാമൻ ആണ്ടാലും രാവണൻ ആണ്ടാലും, കർണൻ പോലുള്ള സിനിമകൾ ജാതിവ്യവസ്ഥിതിയെ ചോദ്യം ചെയ്ത് ഭരണകൂടത്തെ തന്നെ മുൾമുനയിൽ നിർത്തുമ്പോൾ. രാഷ്ട്രീയമായി വലിയ മുന്നേറ്റങ്ങളും പുരോഗമനവാദങ്ങളും മുന്നോട്ട് വെക്കുന്ന കേരളത്തിൽ നിന്ന് അത്തരമൊരു സിനിമ ഇപ്പോൾ ഉണ്ടാകുന്നില്ലയെന്നത് അത്ഭുതകരമാണ്. അത്തരം സിനിമകൾ കൂടി വരും വർഷങ്ങളിൽ മലയാളത്തിൽ നിന്ന് വരേണ്ടതുണ്ട്. ഇതിനിടയിലും പ്രതിഷേധങ്ങളെ ഭയന്ന് സിനിമകൾ തന്നെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ മലയാളത്തിലും ഉണ്ടാകുന്നുവെന്നത് സങ്കടകരമാണ്. വിവിധ വിഭാഗങ്ങളുടെ ഭീഷണിക്ക് മുന്നിൽ പുരോഗമനവാദികളായ സിനിമാക്കാർക്ക് പോലും മുട്ടിടിക്കുന്നുവെന്ന ആക്ഷേപത്തിലേക്കാണ് ഇത് കൊണ്ടുചെന്നെത്തിക്കുന്നത്. ചില വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് വാരിയംകുന്നത്ത് പോലുള്ള ചരിത്ര സിനിമകൾ ഉപേക്ഷിക്കുന്ന സാഹചര്യമെല്ലാം ഈ സന്ധിചെയ്യലിന്റെ ഭാഗമാണ്. തമിഴൻ ആരാധകരുടെ കയ്യടികൾക്ക് വേണ്ടി മാത്രമായി സിനിമചെയ്യുന്നവരാണെന്ന പഴി പണ്ടേക്കും പണ്ടേ ഉയർത്തിയിരുന്നവരാണ് നമ്മൾ. അതേ നമ്മൾ ആരാധകർക്ക് വേണ്ടി മാത്രമാണ് ചരിത്രസിനിമ പോലും ചെയ്യുന്നതെന്ന് തുറന്നുപറയുന്ന കാലത്തേക്ക് തിരിഞ്ഞുനടന്നുവെന്നത് വെറും യാദൃശ്ചികമല്ല. ജാതീയതയും ഫാസിസവും മതാന്ധതയും വേരുറപ്പിക്കുന്ന കാലത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നത്. ഈ ഇരുണ്ടകാലത്ത് ആ ഇരുളിനെ തുറന്നുകാട്ടുന്ന സിനിമകൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്. പോയവർഷം എത്തിയ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നമ്മുടെ അടുക്കളകളിൽ സ്ത്രീകൾ തളച്ചിടപ്പെടുന്നതിനേയും അന്ധവിശ്വാസത്തേയും ആൺ മേൽക്കോയിമയേയും ചോദ്യം ചെയ്യുന്നതായി. കുരുതി എന്ന സിനിമ തീവ്രവാദത്തെ വിഷയമാക്കിയെങ്കിലും ഏകപക്ഷീയമായിപോയി എന്ന ആരോപണം നേരിട്ടു. അവയൊന്നും തന്നെ ജീർണിച്ച ജാതിവ്യവസ്ഥിതിയേയോ ദളിത് രാഷ്ട്രീയത്തേയോ ചർച്ച ചെയ്തതുമില്ല. മാലിക്ക് എന്നത് വലിയതുറ വെടിവെപ്പ് പശ്ചാത്തലമാക്കി തയ്യാറാക്കിയ സിനിമയായിരുന്നുവെങ്കിലും വെടിവെപ്പിലെ സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്യാതിരിക്കുകയോ അത്തരം വസ്തുതകളിൽ നിന്ന് കൃത്യമായ അകലം ബോധപൂർവ്വം പാലിക്കുകയോ ചെയ്തു. അതേസമയം ജയ് ഭീം ആയാലും കർണൻ ആയാലും ഭരണകൂട ഭീകരതയെ ഒരുമറയുമില്ലാതെ തുറന്നുകാട്ടുന്നതായി. നമ്മുടെ നാട്ടിലും ജാതീയതയും ഊരുവിലക്കുമെല്ലാം പലയിടത്തായി ഇപ്പോഴും നിലവിലുണ്ട്. ഇത്തരം വിഷയങ്ങൾ പക്ഷെഎന്തുകൊണ്ടോ നമ്മുടെ സിനിമകൾ-മുഖ്യധാരയിൽ- വിഷയമാക്കാൻ മടിക്കുന്നുവെന്നതാണ് ഖേദകരം. വരും നാളുകളിൽ അത്തരം സിനിമകൾ മലയാളത്തിലുമുണ്ടാകുക തന്നെ വേണം. സാങ്കേതിക വിദ്യയിലും കഥകൾ പറയുന്ന ശൈലിയിലും മാത്രമല്ല, പറയുന്ന കഥയിലും ജീവിതങ്ങൾ ഉണ്ടാകണം, വേദനിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ വേണം. എങ്കിലെ സിനിമ അതിന്റെ ധർമം പുലർത്തിയെന്ന് പറയാനാവു. തമിഴിൽ വെട്രിമാരനും പാ രഞ്ജിത്തുമെല്ലാം വെട്ടിയിട്ട പാതകൾ മലയാളത്തിലേക്കും നീളേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ഒ ടി ടി, തിയ്യേറ്റർ എന്ന ദ്വയത്തിനുള്ളിൽ കിടന്ന് മലയാള സിനിമ കറങ്ങിയ വർഷം കൂടിയാണ് കടന്നുപോകുന്നത്. രണ്ടാം ലോക്ഡൗണിനെ തുടർന്ന് വീണ്ടും അടച്ചിട്ട തിയ്യേറ്റർ ഒരുപാട്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് തുറന്നുകൊടുക്കപ്പെട്ടത്. അതുപോലും വലിയ വാർത്തയായത് കുഞ്ഞാലിമാരക്കാറിന്റെ റിലീസ് തിയ്യേറ്റർ ആയിരിക്കുമോ ഒ ടി ടി ആയിരിക്കുമോയെന്ന തർക്കത്തിലാണ്. മലയാളം പോലുള്ള ചെറിയ ഇൻഡസ്ട്രിക്ക് ഒ ടി ടി റിലീസ് പ്രതിസന്ധിയാണെന്ന് വാദിക്കുന്നവരും ഒടിടിയെ മാറ്റിനിർത്താനാവില്ലെന്ന് വാദിക്കുന്നവരും തമ്മിലുള്ള തർക്കം വരും വർഷത്തിലും തുടരുമെന്നുറപ്പ്. വലിയ സിനിമകളുടെ റിലീസിനായി ചെറിയ സിനിമകൾ തിയ്യേറ്റുകൾ മാറ്റുന്നകാലത്ത് ഒ ടി ടി യെ നവാഗതരടക്കമുള്ള, ചെറു സിനിമകൾ ചെയ്യുന്നവർ പിന്തുണയ്ക്കുകതന്നെ ചെയ്യും. ഒ ടി ടി റിലീസിനെ തടയാൻ തിയ്യേറ്ററുടമകൾ മുന്നോട്ട് വെക്കുന്ന പലനിബന്ധനങ്ങളും പ്രമുഖതാരങ്ങൾ അടക്കമുള്ളവർ തന്നെ തള്ളികളയുന്നുമുണ്ട്. ഒ ടി ടി റിലീസിനെ പ്രോത്സാഹിപ്പിക്കുന്ന നടൻമാരുടെ സിനിമകൾ ഇനി തിയ്യേറ്ററിൽ കളിപ്പിക്കില്ലെന്നതുൾപ്പടെയുള്ള ഉടമകളുടെ പിടിവാശിയെല്ലാം ഈ വ്യവസായത്തെ തകർക്കാൻ മാത്രമേ സാധിക്കുവെന്നതാണ് വസ്തുത. സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് വാശിപിടിച്ചാൽ ജനം ഒ ടി ടി യിൽ ആ പടം കാണുന്നതിലൂടെ നഷ്ടം സംഭവിക്കുന്നത് തിയ്യേറ്റർ ഉടമകൾക്ക് തന്നെയാകും. വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിൽ പ്രതിസന്ധി നേരിട്ടപ്പോൾ പല തിയ്യേറ്ററുകളും അടച്ചുപൂട്ടേണ്ടി വരികയും അവയെല്ലാം ഓഡിറ്റോറിയങ്ങൾ ആയി മാറിയതും മറക്കാറായിട്ടില്ല. ഒ ടി ടി യെ മാറ്റി നിർത്തി മുന്നോട്ടുപോകാൻ മലയാളത്തിനും അധികമാവില്ല. ഒ ടി ടി യിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ പിന്നീട് തിയ്യേറ്ററിൽ പ്രദർശിപ്പിക്കാതിരിക്കുകയും തിയ്യേറ്ററിൽ പ്രദർശിപ്പിച്ച സിനിമകൾ ഇത്രകാലത്തിന് ശേഷം മാത്രം ഒ ടി ടി യിൽ പ്രദർശിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇപ്പോഴത്തെ ധാരണ. ആ ധാരണയും സിനിമയ്ക്ക് എത്രമാത്രം ഗുണകരമാണെന്ന് ഒരുപക്ഷെ വൈകാതെ പരിശോധിക്കപ്പെടേണ്ടിവരും. നാടോടുമ്പോൾ നടുവെ ഓടണമെന്നാണല്ലോ.
ടോളിവുഡിന്റേയോ കോളിവുഡിന്റോയോ അത്രവലിപ്പം ഈ ഇൻഡസ്ട്രിക്കില്ല എന്നത് ശരിയാണ്. പക്ഷെ ഇവരെയെല്ലാം വെല്ലുന്ന ചിലത് തങ്ങൾക്കുണ്ടെന്ന് മോളിവുഡ് തെളിയിച്ചിട്ടുണ്ട്. നല്ല കഥയ്ക്കോ സാങ്കേതികവിദ്യയ്ക്കോ മലയാളത്തിൽ ഒരുകാലത്തും പഞ്ഞമുണ്ടായിട്ടില്ല. കഴിവുള്ള നിരവധി നടൻമാരും സാങ്കേതികവിദഗ്ധരും മലയാളത്തിലുണ്ട്. പരീക്ഷണം നടത്താൻ ഹോളിവുഡിനോളമോ അതിനപ്പുറമോ ചങ്കൂറ്റവും ഇപ്പോൾ മലയാളത്തിനുണ്ട്. അത് തന്നെയാണ് മലയാളത്തിന്റെ കരുത്ത്. പുതുവർഷത്തിൽ പുതിയ സിനിമകളൊരുങ്ങുമ്പോൾ സമൂഹത്തിന്റെ എല്ലാമേഖലയിലേയും ചൂഷണത്തെ ചൂണ്ടിക്കാട്ടുന്ന സിനിമകൾ തന്നെ പിറക്കുമെന്ന് പ്രതീക്ഷിക്കാം.
കപ്പിത്താനും സംഘത്തിനും സാധ്യതകളുടേയും വെല്ലുവിളികളുടേയും നാളുകൾ
രണ്ടാം പിണറായി വിജയൻ സർക്കാർ അതിന്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ ഇനി വെറും അഞ്ച് മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പോയ എട്ട് മാസങ്ങൾ എന്നത് ഒരു സർക്കാരിനെ വിലയിരുത്താനുള്ള കാലാവധിയല്ല. വരാനിരിക്കുന്ന കാലത്ത് ഈ സർക്കാരിനെ നേരിടാൻ പോകുന്ന വെല്ലുവിളികൾ എന്തെല്ലാമെന്ന് ഒരു പക്ഷെ നമുക്ക് ഒന്നു നിരീക്ഷിച്ചാൽ പറയാനാവും. കഴിഞ്ഞ അഞ്ചരവർഷവും തുടർച്ചായി ഭരിച്ച സർക്കാർ എന്ന തരത്തിലും എന്തെല്ലാമാണ് ഈ സർക്കാർ നടപ്പാക്കാൻ പോകുന്നത് എന്നതും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ പ്രത്യേകിച്ച്. വരാനിരിക്കുന്ന വർഷങ്ങൾ എന്തായാലും രാഷ്ട്രീയമായും നയപരമായുമെല്ലാം വലിയ വെല്ലുവിളി നിറഞ്ഞത് തന്നെയായിരിക്കും, പ്രത്യേകിച്ച് മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റേയും സിപിഐയുടേയുമെല്ലാം പാർട്ടി കോൺഗ്രസുകൾ കൂടി അടുത്തുവരുന്ന സാഹചര്യത്തിൽ.
pic courtesy Onmanorama /PTI |
പിണറായി വിജയന്റെ നേതൃത്വത്തിൽ രണ്ടാമത് ഇടത് സർക്കാർ അധികാരത്തിൽ ഏറിയത് തന്നെ കേരളത്തിൽ ചരിത്രമാണ്. ഓരോ തിരഞ്ഞെടുപ്പിലും ഇരു മുന്നണികളെ മാറിമാറി മാത്രം പരീക്ഷിച്ച സംസ്ഥാനത്ത് മുൻ കക്ഷിനില മെച്ചപ്പെടുത്തിയാണ് തുടർച്ചയായി രണ്ടാമതും പിണറായി സർക്കാർ അധികാരത്തിലേറിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തേത് പോലെതന്നെ നിരവധി വൻകിട പദ്ധതികളാണ് അഭിമാന പദ്ധതികൾ എന്ന നിലയിൽ ഇടത് സർക്കാർ മുന്നോട്ട് വെക്കുന്നത്. വികസനമെന്നത് ദീർഘവീക്ഷണത്തോടുകൂടിയുള്ളതാവണമെന്നതാണ് പിണറായി സർക്കാരിന്റെ നിലപാട്. അതിനാൽ തന്നെ ആ മേഖലകളിൽ വലിയ ചർച്ചകളും എതിർപ്പുകളും പിണറായി സർക്കാരിന് നേരിടേണ്ടിവരുമെന്നതിൽ സംശയമില്ല.
വികസനം
തിരുവനന്തപുരത്തിനും കാസർകോഡിനുമിടയ്ക്കുള്ള യാത്രസമയം ഗണ്യമായി കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള സിൽവർ ലൈൻ എന്ന കെ റെയിൽ തന്നെയാണ് ഏറ്റവും വലിയ പദ്ധതിയായി രണ്ടാം വരവിൽ പിണറായി സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ളത്. പദ്ധതിയ്ക്കെതിരെ വൻതോതിൽ എതിർപ്പ് ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു. എന്തിനാണ് സമയം കുറഞ്ഞതെങ്കിലും ചിലവേറിയയാത്ര എന്നാണ് പദ്ധതിക്കെതിരെ ഉയരുന്ന ആരോപണം. കേരളത്തെ നെടുകെ പിളർത്തി, എഴുപതിനായിരത്തോളം കോടി ചിലവിട്ട് എന്തിനാണ് അധികസാമ്പത്തിക ബാധ്യത ഉയർത്തുന്നതെന്നാണ് ചോദ്യം. ഇതിനോടകം തന്നെ ചെറുതും വലുതുമായ പ്രതിഷേധങ്ങൾ കെ റെയിലിനെതിരെ ഉയർന്നുകഴിഞ്ഞു. എന്തുവന്നാലും പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമായി പിണറായിയും മുന്നോട്ട് പോകുമ്പോൾ പുതുവർഷത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് തന്നെയാവും കേരളം സാക്ഷ്യം വഹിക്കുക. പ്രത്യേകിച്ച് നിലവിലെ റെയിൽ വേ ലൈനുകൾ കുറഞ്ഞ ചിലവിൽ ഇരട്ടിപ്പിച്ചും പാതയുടെ വേഗം കൂട്ടിയും കെ റയിലിന് ബദൽ സംവിധാനങ്ങൾ ഒരുക്കാമെന്ന് വ്യക്തമാകുന്ന സാഹചര്യത്തിൽ.
ജനമൈത്രിയില്ലാതെ ആകുന്ന പൊലീസ്
കഴിഞ്ഞ എട്ട് മാസത്തിനിടെ മാത്രമല്ല, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഏറ്റവും കൂടുതൽ വിമർശനത്തിന് ഇരയായത് മുഖ്യമന്ത്രി തന്നെ നേതൃത്വം കൊടുക്കുന്ന ആഭ്യന്തരവകുപ്പാണ്. കസ്റ്റഡി മരണങ്ങളും ഏറ്റുമുട്ടൽ കൊലപാതകങ്ങളും വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണവും യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്തതുമെല്ലാം ഒന്നാം പിണറായി സർക്കാരിന്റെ ഗ്ലാമർ വൻ തോതിൽ ഇടിച്ചിരുന്നു. പൊലീസിന്റെ പല നടപടികളും പരസ്യമായി സിപിഐ പോലും തള്ളിപറയുകയും ചെയ്തത് വലിയ വാർത്തയുമായിരുന്നു. അതിന്റെ ബാധ ഇപ്പോഴും പൊലീസിനെ വിട്ടുപോയിട്ടില്ലെന്നതാണ് സമീപകാല സംഭവങ്ങളും വ്യക്തമാക്കുന്നത്. വ്യാജ പുരാവസ്തു തട്ടിപ്പുകാരനായ മോൻസണിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയ സഹായങ്ങളും അടുത്ത സൗഹൃദങ്ങളുമെല്ലാം പുറത്തുവന്നപ്പോൾ വെട്ടിലായത് സർക്കാരാണ്. പിന്നാലെ സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടായ സ്ത്രീധനപീഡന ആത്മഹത്യകളും ഇതിലെല്ലാം പൊലീസ് സ്വീകരിച്ച നിസംഗ നിലപാടുമെല്ലാം കൊല്ലത്തും ആലുവയിലുമെല്ലാം വലിയ പ്രതിഷേധങ്ങൾക്കാണ് തിരിതെളിച്ചത്. ആലുവയിൽ സമരം ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുന്നതിന് പൊലീസ് നൽകിയ നിർദേശവുമെല്ലാം പൊലീസിന് മേൽ സർക്കാരിന് യാതൊരുവിധ നിയന്ത്രണവുമില്ലെന്ന് തെളിയിച്ചു. പൊലീസിനകത്ത് സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന വിഭാഗം ശക്തിപ്രാപിക്കുന്നുവെന്ന് വരെ ആരോപണങ്ങൾ ഭരണകക്ഷി നേതാക്കൾക്കിടയിൽ പോലും അഭിപ്രായം ശക്തമായി. തുടർച്ചയായി ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളും സംഘർഷങ്ങൾ തടയുന്നതിലെ പൊലീസിന്റെ വീഴ്ച്ചയുമെല്ലാം ഒട്ടും നീതികരിക്കാനാവുന്നതല്ല. കിറ്റക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾ ക്രിസതുമസ് രാവിൽ സൃഷ്ടിച്ച കലാപാന്തരീക്ഷവും അതിലെ തുടർനടപടികളുമെല്ലാം പൊലീസിന്റെ വീഴ്ച്ചയുടെ പട്ടങ്ങളാണ്.
ഇനിയാരു ലോക്ഡൗൺ താങ്ങാനാവുമോ?
പോയ വർഷങ്ങളിൾ പ്രളയം, കൊവിഡ് പ്രതിസന്ധികളിൽപെട്ട് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെയധികം ഞെരുങ്ങിയാണ് പോകുന്നത്. കേരളത്തിന്റെ റവന്യൂവിന്റെ 30 ശതമാനവും പ്രവാസികളുടെ സംഭാവനയിൽ നിന്നാണ്. വിദേശത്ത് പണിയെടുത്ത് അവരയക്കുന്ന പണത്തെ ചുറ്റിപറ്റിയാണ് കേരളത്തിന്റെ ചിലവ് നടന്നുപോയിരുന്നത്. എന്നാൽ കൊവിഡിനെ തുടർന്ന് അവരിൽ നല്ലൊരുപങ്ക് നാട്ടിലേക്ക് ജോലി നഷ്ടപ്പെട്ടും മറ്റും മടങ്ങിയെത്തിയതോടെ കേരളത്തിലേക്കുള്ള വിദേശത്തുനിന്നുള്ള പണത്തിന്റെ വരവിലും കാര്യമായ ഇടിവാണ് സംഭവിച്ചത്. ഇത്തരത്തിൽ വന്നവരുടെ പുനരധിവാസവും മറ്റുമായി പലപദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം തന്നെ ലോക്ഡൗൺ കാലത്ത് സംസ്ഥാനത്തെ മറ്റ് ജനവിഭാഗങ്ങൾക്കുവേണ്ടിയും പല ക്ഷേമപദ്ധതികളും പാക്കേജുമെല്ലാം സർക്കാർ നടപ്പിലാക്കി. എന്നാൽ ഒമിക്രോൺ ഭീതികൂടി കടന്നുവരുന്നതോടെ വീണ്ടുമൊരു ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നാൽ കേരളം വലിയ പ്രതിസന്ധിയാകും നേരിടേണ്ടിവരിക.
നിയന്ത്രണാധീതം ഈ വിലകയറ്റം
പെട്രോൾ വില നിലവിൽ ലിറ്ററിന് 104 രൂപയ്ക്കും മുകളിൽ ആണ് കേരളത്തിൽ. ചരിത്രത്തിലാദ്യമായാണ് പെട്രോളിനും ഡീസലിനുമെല്ലാം കേരളത്തിൽ വില നൂറടിക്കുന്നത്. ഇന്ധന വില കൂടിയതോടെ ഉപഭോക്തൃസംസ്ഥാനമായ കേരളത്തിൽ വിലകയറ്റവും രൂക്ഷമായി. തക്കാളി കിലോക്ക് 165 രൂപ എന്ന ചരിത്രത്തിലിന്നോളം കേട്ടിട്ടില്ലാത്ത വിലവരെ ഉയർന്നു . ഈ വിലകയറ്റം എങ്ങനെ നിയന്ത്രിക്കാനാവുമെന്നത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയ ചോദ്യമായി തന്നെ നിലനിൽക്കും. കാലാവസ്ഥയിലെ വ്യതിയാനവും ഇന്ധന വിലയ്ക്കൊപ്പം വില്ലനാകുമ്പോൾ ബദൽ മാർഗങ്ങൾ കണ്ടെത്തുകയെന്ന വെല്ലുവിളിയും സർക്കാരിന് മുന്നിലുണ്ട്. വിപണിയിൽ കൃത്യമായി ഇടപെടാൻ സാധിക്കാതെ പോയാൽ രാഷ്ട്രീയമായും സർക്കിരിന് വലിയ തിരിച്ചടിയാകും ഇതേൽപ്പിക്കുക. ഇന്ധനവില വർദ്ധനയുടെ വിഷയത്തിൽ എന്തുകൊണ്ട് കേരളം നികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന രാഷ്ട്രീയ ചോദ്യത്തിന് വരും വർഷവും സർക്കാർ മറുപടി പറയേണ്ടിവരും. ഇടത് സർക്കാർ കൂട്ടിയില്ല അതിനാൽ കുറയ്ക്കില്ലെന്ന വാദം എത്രകാലം വിലകയറ്റത്തിൽ പൊറുതിമുട്ടിയ ജനം കേട്ടിരിക്കുമെന്നത് ആലോചിക്കേണ്ടതുണ്ട്. മറ്റുള്ളവർ ചെയ്തത് ആവർത്തിക്കാനല്ല, മറിച്ച് അവരുടെ തെറ്റുകളിൽ നിന്ന് തിരുത്തി മുന്നോട്ട് നയിക്കാനാണ് അവരെ മാറ്റി നിങ്ങളെ ജനം തിരഞ്ഞെടുത്തതെന്ന് ഓർമിക്കേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം നികുതി (രാഷ്ട്രീയ ലക്ഷ്യത്തോടെയും ജനത്തിന് ആശ്വാസമേകാനും) സർക്കാരുകൾ കുറച്ചപ്പോൾ എന്തുകൊണ്ട് കേരളത്തിനായികൂടയെന്ന് സാധാരണക്കാരൻ വരെ ചോദിച്ചുതുടങ്ങിക്കഴിഞ്ഞു. ബിജെപി ഇതര സർക്കാരുകൾ വരെ ( ചെറുതും വലുതുമായ സംസ്ഥാനങ്ങൾ) സംസ്ഥാന നികുതിയിൽ ഇളവുവരുത്തിയിട്ടും കേരളം ഒരു പൈസ പോലും കുറച്ചിട്ടില്ല. (കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറച്ചതിന്റെ ഭാഗമായി വന്ന ചെറിയ കുറവ് മാത്രമാണ് കേരളത്തിൽ വന്നത്). ഇന്ധന നികുതിയിൽ കുറവ് വരുത്തിയാൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകരുമെന്നാണ് സർക്കാരിന് നൽകാനുള്ള മറുപടി. അങ്ങനെ തകർന്ന സാമ്പത്തിക സ്ഥിതിയാണെങ്കിൽ എന്തിനാണ് പതിനായിരക്കണക്കിന് കോടി രൂപ കടമെടുത്ത് കെ റെയിൽ പോലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതെന്ന ചോദ്യത്തിനുകൂടി മറുപടി നൽകേണ്ട ബാധ്യതയു സർക്കാരിനുണ്ട്.
സാധ്യതകളുടെ പുതുവർഷം
വെല്ലുവിളികൾക്കൊപ്പം തന്നെ അനന്തമായ സാധ്യതകളുടേയും വർഷമാണ് സർക്കാരിന് മുന്നിലുള്ളത്. ആ സാധ്യതകൾ പരമാവധി ഉപയോഗിക്കുന്നതിലൂടെ എതിർപ്പുകൾക്കിടയിലും ജനങ്ങളുടെ പിന്തുണ ആർജ്ജിക്കാനാവും സർക്കാരിന്റെ ശ്രമം. വികസനമെന്നത് അടിസ്ഥാനസൗകര്യവികസനം ഒരുക്കൽ മാത്രമല്ല. അത്തരത്തിലുള്ള പല പദ്ധതികളും ഇടത് സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. വീട്ടിലിരിക്കുന്ന, ജോലിക്ക് പോകാൻ സാഹചര്യമില്ലാത്തതും ഇടയ്ക്ക് വെച്ച് ജോലി ഉപേക്ഷിക്കേണ്ടിയും വന്ന, വീട്ടമ്മമാരെ ലക്ഷ്യം വെച്ചുള്ള പദ്ധതികൾ ഇതിന്റെ തെളിവാണ്. തന്റെ അവസാനത്തെ ബജറ്റിൽ (കഴിഞ്ഞ സർക്കാരിന്റെ അവസാനത്തെ ഇടക്കാല ബജറ്റ്) തോമസ് ഐസക്ക് ഊന്നൽ നൽകിയത് ഇത്തരക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾക്കായിരുന്നു. വീടിനടുത്ത് തന്നെ തൊഴിൽ ഹബ്ബുകൾ സജ്ജമാക്കുന്നതും വീട്ടിൽ ഇരുന്ന് തന്നെ തൊഴിലെടുക്കാവുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് തന്നെയായിരിക്കും ഇടത് സർക്കാർ വരും വർഷങ്ങളിൽ ഊന്നൽ നൽകുക. കുടുംബശ്രീയെ മുന്നിൽ നിർത്തി ഇത്തരത്തിൽ അഭ്യസ്ഥവിദ്യരായ വീട്ടമമ്മാരുടേയും തൊഴിലില്ലാത്തവരുേടയും ഒരു ശൃംഖലതന്നെ ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞു.
ഐടി വ്യവസായം
കൊവിഡ് കാലത്ത് കോളടിച്ച മേഖലയാണ് ഐടി വ്യവസായം. എല്ലാവരും വിർച്ച്വൽ ലോകത്തേക്കും വർക്ക് ഫ്രം ഹോമിലേക്കുമെല്ലാം ചുരുങ്ങിയപ്പോൾ വൻ തോതിൽ നിക്ഷേപവും റിസർച്ചുമെല്ലാം നടന്നത് ഐടി രംഗത്താണ്. അതിന്റെ പ്രതിഫലനം കേരളത്തിലും പ്രകടമാണ്. കേരളത്തിലേക്ക് നിരവധി വൻകിട മൾട്ടി നാഷണൽ കമ്പനികളാണ് കടന്നുവരുന്നത്. കേരളം ലോകത്തിന് മുന്നിൽ ഏറ്റവും വലിയ നിക്ഷേപ സൗഹൃദപ്രദേശമായി മാറിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഇത് (കേരളം നിക്ഷേപസൗഹൃദമല്ലെന്ന് കിറ്റെക്സിന്റെ കരച്ചിൽ ആരും മുഖവിലയ്ക്ക്പോലും എടുത്തിട്ടില്ലെന്ന് സാരം). കേരളത്തിൽ ക്യാമ്പസുകൾ തുടങ്ങാനായി ഐബിഎം അടക്കമുള്ള വൻകിട സഥാപനങ്ങളാണ് ഈ വർഷം കടന്നുവരുന്നത്. ഉൾ ഗ്രാമങ്ങളിലടക്കം വേഗതയേറിയ ഇന്റർനെറ്റ് സേവനം എത്തിച്ച് അവിടങ്ങളെല്ലാം ഐടി കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ഉതകുന്ന പദ്ധതികളും ഇടത് സർക്കാർ ലക്ഷ്യം വെക്കുന്നുണ്ട്. അർബൻ നഗരങ്ങൾക്കുപുറമെ സെമി അർബൻ നഗരങ്ങളിലടക്കം ഐടി പാർക്കുകൾ സ്ഥാപിച്ച് ഐടി വ്യവസായത്തിന് നേരത്തെ തന്നെ വളക്കുറുള്ള മണ്ണാക്കി നിക്ഷേപകരെ ക്ഷണിക്കുന്നുണ്ട് കേരളം.
പാർട്ടി കോൺഗ്രസിലെ സർക്കാർ
രാഷ്ട്രീയമായും ഏറെ പ്രധാനമുണ്ട് ഇടത് സർക്കാരിന് ഈ വർഷം. സിപിഎമ്മിന്റേയും സിപിഐയുടേയും പാർട്ടി കോൺഗ്രസുകൾ ഈ വർഷമാണ് നടക്കുന്നത്. സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് നടക്കുന്നത് കണ്ണൂരിലും. ഇരു പാർട്ടികളേയും സംബന്ധിച്ച് അതീവപ്രാധാന്യമുണ്ട് പാർട്ടി കോൺഗ്രസുകൾക്ക്. ഇരു പാർട്ടിയുടേയും അന്തിമബോഡിയെന്നത് പാർട്ടി കോൺഗ്രസാണ്. രാഷ്ട്രീയമായും സാമ്പത്തിക നയപരമായും എന്ത് നിലപാടാണ് പാർട്ടിയും പാർട്ടിഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളും സ്വീകരിക്കേണ്ടത് എന്ന് അന്തിമമായി തീരുമാനിക്കുന്നത് പാർട്ടികോൺഗ്രസാണ്. കെ റെയിൽ എന്ന പദ്ധതി പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആക്ഷേപ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്മേളനങ്ങളിൽ കേരളത്തിലെ പാർട്ടിക്ക് ഇത് ചർച്ചയാക്കാതെ നോക്കാൻ സാധിക്കുമെങ്കിലും പക്ഷെ പാർട്ടി കോൺഗ്രസിൽ ഇതിന് സാധിക്കില്ല. പ്രത്യേകിച്ച് സമാനസ്വഭാവമുള്ള അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ മഹാരാഷ്ട്രയിൽ സിപിഎം സമരം ശക്തമായി നടത്തുന്ന സാഹചര്യത്തിൽ. രണ്ടിടത്ത് സമാനപദ്ധതിക്ക് എങ്ങനെ രണ്ട് നിലപാട് സ്വീകരിക്കാനാവുമെന്ന ചോദ്യത്തിന് തീർച്ചയായും മറുപടി പറയേണ്ടിവരും. കൃഷിഭൂമിയും കൃഷിയും തണ്ണീർത്തടങ്ങളുമെല്ലാം സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമല്ലേ കെ റെയിൽ എന്ന ചോദ്യത്തിന് തീർച്ചയായും കേരളത്തിലെ സിപിഎമ്മിനും വിശിഷ്യ മഖ്യമന്ത്രിക്കും മറുപടി പറഞ്ഞേപറ്റു. ഡൽഹിയിലെ കർഷക സമരത്തിന്റേയും അതിന് മുമ്പ് മഹാരാഷട്രയിലെ കർഷകരുടെ ലോങ്മാർച്ചിന്റേയും വിജയങ്ങൾക്ക് ശേഷം വർഗരാഷ്ട്രീയം തന്നെയാണ് ഉയർത്തിപിടിക്കേണ്ടത് എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കർഷക സമരത്തിന് മുന്നിൽ നിന്ന് നയിച്ച കിസാൻസഭ നേതൃത്വവും അടക്കമുള്ളവർ ചൂണ്ടിക്കാട്ടുമ്പോൾ പ്രത്യേകിച്ചും. ബംഗാളിലേയും തൃപുരയിലേയും രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയതിനാൽ തന്നെ കേരളത്തിലെ പാർട്ടിക്ക് വീഴ്ച്ചവവരാതെ നോക്കാൻ പാർട്ടി പ്രത്യേകശ്രദ്ധവെക്കുമെന്നുറപ്പാണ്. അതിനാൽ തന്നെ പാർട്ടികോൺഗ്രസിനുമുണ്ടാകും ചരിത്രം വിജയം നേടിയെങ്കിലും പിണറായി സർക്കാരിനോട് ചോദിക്കാൻ ചോദ്യങ്ങൾ.
-
കാട്ടിലേക്കുള്ള ഓരോ യാത്രയ്ക്കും അതിൻറേതായ ഭംഗിയുണ്ട്. വേരുകൊണ്ടും ശിഖരങ്ങൾകൊണ്ടും പരസ്പരം പുണർന്ന് നിൽക്കുന്ന മരങ്ങൾ. പലവർണത്തിൽ, പലരൂപത്...
-
വിഷാദത്തിൻ്റെ ചില്ലകൾ ഇനിയും തളിരിട്ടേക്കാം. പൂക്കൾ ഏകാന്തതയുടെ ചാരനിറമണിഞ്ഞേക്കാം, മരണത്തിൻ്റെ ഗന്ധം പടർത്തിയേക്കാം ഉറക്കമില്ലായ്മയു...
-
നാലേക്കാൽ പതിറ്റാണ്ട് ഒരു ചെറിയകാലയളവല്ല പതിനയ്യായിരത്തിലേറെ ദിനങ്ങൾ നീണ്ട ജീവിതയാത്രയിൽ എത്രയെത്ര നഗരങ്ങളിൽ കാൽപതിപ്പിച്ചു, കാലുറപ്പിക്കാൻ ...