ചരിത്രം കെട്ടുകഥയും മിത്തുകള് യാഥാര്ത്ഥ്യവുമാകുന്ന വിധി

ചരിത്രം പഠിക്കേണ്ടതാണ്. വസ്തുതാപരമായ ചരിത്രം. കുറഞ്ഞപക്ഷം വായിക്കുകയെങ്കിലും വേണം.


ബാബരി മസ്ജിദ് തകര്ത്ത കേസിലെ 32 പ്രതികളേയും കോടതി വെറുതെ വിട്ടിരിക്കുന്നു. കാരണം വളരെ ലളിതം. തെളിവുകളില്ല. എന്തിന് തെളിവുകളില്ലെന്നാണ്. പള്ളി പൊളിക്കാന് മുന്കൂട്ടി ഗൂഢാലോചന നടത്തിയിട്ടില്ല. പദ്ധതിയിട്ടല്ല പള്ളി പൊളിച്ചത് എന്നാണ് പ്രത്യേക ജഡ്ജി എസ് കെ യാദവ് കണ്ടെത്തിയത്.

വെറുതെ വിട്ട പ്രതികള് ചില്ലറക്കാരല്ല. മുന് ഉപപ്രധാനമന്ത്രി എല് കെ അദ്വാനി, മുന് കേന്ദ്രമന്ത്രിമാരായ ഉമാ ഭാരതി, മുരളി മനോഹര് ജോഷി, വിനയ് കത്യാര്, .... നീളുന്ന ബിജെപി സംഘപരിവാര് സംഘടന നേതാക്കള്. ഇവരാരും തന്നെ പള്ളി പൊളിക്കുന്നതിന് ഗൂഢാലോചന നടത്തിയിട്ടില്ല. പള്ളിപൊളിക്കുന്നതില് പങ്കെടുത്തിട്ടില്ല. പള്ളിപൊളിക്കാന് പറഞ്ഞിട്ടേയില്ല. പിന്നെ ഇവരെല്ലാം സംഭവദിവസം അയോധ്യയില് എന്തിനാണ് എത്തിയത്.

ഉത്തരം വ്യക്തമാണ്.

ഇവരെല്ലാം പള്ളിപൊളിക്കാനെത്തിയ കര്സേവകരെ അനുനയിപ്പിച്ച് മടക്കി അയക്കുന്ന തിരക്കിലായിരുന്നു.

പ്രോസിക്യൂഷന് തെളിവുകള് ഹാജരാക്കാനായില്ല എന്ന ഒറ്റ വാചകത്തില് ജഡ്ജിക്ക് സ്വയം പരിതപിക്കാം. പ്രമാദമായ കേസില് പ്രമുഖ നേതാക്കളെ കുറ്റക്കാരനാണെന്ന് വിധിക്കാനുള്ള സുവര്ണാവസരം നഷ്ടപ്പെടുത്തിയ കേന്ദ്ര അന്വേഷണ ഏജന്സിയെ വിമര്ശിച്ച് നാണം കെടുത്തിക്കളയാനേ ജഡ്ജിക്ക് സാധിച്ചുള്ളുവെന്നത് അദ്ദേഹത്തെ നിരാശപ്പെടുത്തുമെന്നുറപ്പ്.

ചരിത്രം അറിയുന്നവനും പത്രം വായിക്കുന്നവനും വിധി വിചിത്രമായി തോന്നാം. പക്ഷെ ജഡ്ജിക്ക് അത് അങ്ങനെയല്ല. തന്റെ മുന്നില് വരുന്ന തെളിവുകള് സംസാരിക്കണം. സംശയത്തിന് അതീതമായി പരസ്പര ബന്ധമുള്ള മൊഴികള് സാക്ഷികള് നല്കണം. അതെല്ലാം തന്റെ വിധേയപ്പെട്ടിട്ടില്ലാത്ത യുക്തിക്കുകൂടി ബോധ്യപ്പെടണം. അല്ലെങ്കില് ഇങ്ങനെ സംശയാതീതമായി തെളിയിക്കാനായില്ലെന്ന് എഴുതേണ്ടിവരും.

സാക്ഷികൂട്ടില് നിന്ന് 600 ലേറെ പേര് മുഖത്ത് നോക്കി സംസാരിച്ച തെളിവുകള്, കണ്ട ദൃശ്യങ്ങള്, വിവിധ അന്വഷണ സംഘത്തിന്റെ കണ്ടെത്തലുകള്, റിപ്പോര്ട്ട് ചെയ്ത മാധ്യമപ്രവര്ത്തകരുടെ അനുഭവങ്ങള്, അവര് പകര്ത്തിയ ചിത്രങ്ങള്, ലിബര്ഹാന് അന്വേഷണ കമ്മീഷന്റെ റിപ്പോര്ട്ട്, സുപ്രീംകോടതിയുടെ വരെ കണ്ടെത്തലുകള്, വിധിപകര്പ്പുകള്..  അങ്ങനെ നൂറായിരമുണ്ടായിരുന്നു കോടതിക്ക് മുമ്പാകെ എത്തിയ രേഖകള്. പക്ഷെ അതൊന്നിലും വിശ്വസിക്കാനുള്ള ഒന്നും തന്നെ പ്രത്യേക സിബിഐ കോടതി ജഡ്ജിക്ക് കിട്ടിയില്ല. വിധിക്കാണോ വിധിച്ച ജഡ്ജിക്കാണോ പ്രശ്നമെന്ന് ആരെങ്കിലും സംശയിച്ചാല് കുറ്റം പറയാനാവില്ല.

പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് പള്ളി പൊളിച്ചതെന്നാണ് കോടതിയുടെ കണ്ടെത്തല്. അതായത് കര്സേവകര് രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ഉത്തര്പ്രദേശിലെ അയോധ്യയിലെത്തിയത് ഒന്നിനും വേണ്ടിയല്ല. പെട്ടെന്ന് പ്രകോപനമുണ്ടാക്കിയ ആ നിമിഷമില്ലായിരുന്നേല് ആയിരക്കണക്കിന് കിലോമീറ്ററുകള് താണ്ടിവന്ന അവരുടെ എല്ലാം യാത്രയും വെറുതെയായേനേ. അതാണ് വിധിയുടെ ഒരു ലൈന്

ഇന്ത്യയിലെ ഏതൊരുകുട്ടിക്കും അറിയാം ലാല് കൃഷ്ണ അദ്വാനിയെന്ന ബിജെപിയുടെ സമുന്നതനായ നേതാവ് രാമക്ഷേത്രം പണിയാനായി നടത്തിയ രഥയാത്രയും തുടര്ന്ന് രാജ്യം മുഴുവനും ഉണ്ടായ കലാപത്തേയുംകുറിച്ച്. രഥയാത്രയ്ക്കൊടുവില് പള്ളി പൊളിക്കാനുള്ള ശ്രമം ഒക്ടോബറില് നടന്നതും അന്ന് വെടിവെപ്പില് 16 പേര് കൊല്ലപ്പെട്ടതുമെല്ലാം വസ്തുതകളാണ്. രഥയാത്രക്കിടെ പള്ളിയുടെ സ്ഥാനത്ത് തന്നെ രാമക്ഷേത്രം പണിയുമെന്ന് അദ്വാനി ആവര്ത്തിച്ച് പ്രസംഗിച്ചിരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള് ആനന്ദ് പ്ടവര്ദ്ധന്റെ രാം കി നാം എന്ന ഡോക്യുമെന്ററിയില് ഉണ്ട്. രഥയാത്ര സമയത്തെ കലാപങ്ങളും അയോധ്യയില് പള്ളി പൊളിക്കാനുള്ള ആദ്യശ്രമങ്ങളുടെ ദൃശ്യങ്ങളുമെല്ലാം അതിലുണ്ട്. അതിനെല്ലാം പുറമെ ഹിന്ദു മുസ്ലീം സ്പര്ദ്ധ ഇളക്കിവിടുന്ന പ്രസംഗങ്ങള് നടത്തിയവരാണ് ഉമാ ഭാരതിയും അദ്വാനിയും ജോഷിയുമൊക്കെ. പള്ളി നില്ക്കുന്നിടത്ത് തന്നെ അമ്പലം പണിയുമെന്നുംഒരു സര്ക്കാരിനും തടുക്കാനാവില്ലെന്നും തടഞ്ഞാല് അതിനെ അവഗണിക്കുമെന്നും പരസ്യമായി ഭീഷണി മുഴക്കിയ അദ്വാനിയൊക്കെ പള്ളി പൊളിക്കുമ്പോള് അക്രമാസക്തരായ കര്സേവകരെ സമാധാനിപ്പിക്കാനാണ് ശ്രമിച്ചതെന്നും പള്ളി പൊളിക്കരുതെന്ന് വിലക്കുകയാണ് ചെയ്തതെന്നും വിചാരണ കോടതി വിധിക്കുമ്പോള് ചിരിക്കാതിരിക്കുന്നതെങ്ങനെ. ഗൂഢാലോചനയില് പങ്കില്ല, പള്ളി പൊളിക്കാന് പ്രേരിപ്പിച്ചില്ല പക്ഷെ സമാധാനിപ്പിക്കുയായിരുന്നു അവരെല്ലാമെന്ന് ഇന്ത്യയില് വിശ്വസിക്കുന്ന ഏക വ്യക്തി ഒരുപക്ഷെ ആ ജഡ്ജി മാത്രമായിരിക്കും.

ഇനി കേസിന്റെ ഭാവിയെകുറിച്ച് ആലോചിക്കാം. വിചാരണകോടതിയുടെ വിധിക്കെതിരെ സിബിഐ ഇനി മേല്ക്കോടതിയില് അപ്പീല് നല്കണം. എന്നാല് നിലവിലെ സാഹചര്യത്തില് അത് എത്രമാത്രം ആത്മാര്ത്ഥമായിരിക്കുമെന്ന് കണ്ടറിയണം. കാരണം കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നേതാക്കളാണ് കേസില് ഇപ്പോള് കുറ്റവിമുക്തരായ പ്രതികളെല്ലാം. അന്വേഷണ ഏജന്സിയായ സിബിഐ ആകട്ടെ കേന്ദ്രസര്ക്കാരിന്റെ കീഴിലുള്ളതും. അതിനാല് തന്നെ സിബിഐക്ക് അപ്പീല് പോകാന് വലിയ താല്പര്യം കാണില്ല. അപ്പീല് പോകാന് ഒരുപക്ഷെ സിബിഐക്ക് കേന്ദ്രം അനുമതി നല്കാനും താല്പര്യം കാണിക്കാനിടയില്ല. മാത്രവുമല്ല, കീഴ്കോടതി വിധി വന്നശേഷം കേന്ദ്രമന്ത്രിമാരുടെ പ്രതികരണം മാത്രം ശ്രദ്ധിച്ചാല് മാതി അക്കാര്യത്തിലെ താല്പര്യം വ്യക്തമാകാന്. വിധിയെ സ്വാഗതം ചെയ്ത് നേതാക്കള് നടത്തിയ പരാമര്ശങ്ങളും വിധി കേട്ടയുടനെ അദ്വാനിയുടെ വീട്ടിലേക്ക് ഓടിയെത്തിയ കേന്ദ്ര നിയമമന്ത്രിയും സ്വാഗതം ചെയ്ത പ്രതിരോധമന്ത്രിയുമെല്ലാം നല്കുന്ന സന്ദേശവും മറിച്ചല്ല.

2000 ത്തിലേറെ വരുന്ന പേജുകളില് ജഡ്ജി എസ് കെ യാദവ് നിറയെ കുത്തിക്കുറിച്ചത് ഒരു വിധി തന്നെയാണ്. മതേതര ഇന്ത്യയുടെ അന്ത്യം കുറിക്കുന്ന തലവിധി. ഇന്ത്യയില് വെറുപ്പിന്റെ, മതഭ്രാന്തിന്റെ, വംശഹത്യയുടെ രാഷ്ട്രീയത്തിന് തുടക്കം കുറിച്ച ഒരു ഹീനകൃത്യത്തെയാണ് ഒരു നിമിഷത്തിന്റെ ചാപല്യമെന്ന് പറഞ്ഞ് ലഘൂകരിച്ചത്. രാമന് ജനിച്ചുവെന്നത് സത്യവും പള്ളി പൊളിച്ചുവെന്നത് വെറും കഥയുമായി മാറുന്ന, വസ്തുതകള്ക്കോ യുക്തിക്കോ യാതൊരുവിധ സ്ഥാനവുമില്ലാത്ത രാജ്യത്താണ് നാമിന്ന് ജീവിക്കുന്നത്. അതിനാല് തന്നെ ചരിത്രസത്യങ്ങള് മിത്തുകള്ക്ക് മുന്നില് വെറും കെട്ടുകഥകളായി മാറുന്ന കാലത്ത് മറിച്ചൊന്നും പ്രതീക്ഷിക്കരുത്.

(111020)

Comments