കുരുന്നുകള്‍ കരയാത്ത, കുസൃതികാട്ടാത്ത ആധ്യയനവര്‍ഷാരംഭം


അംഗനവാടിയിലേക്ക് പോകുന്ന വഴിക്കായിരുന്നു ചേനാത്ത് എല്‍പി സ്‌ക്കൂള്‍. അന്ന് പ്രധാനധ്യാപിക അമ്മയുടെ അമ്മായിയായ ഭാര്‍ഗവി അമ്മായിയും. ഒന്നാം ക്ലാസില്‍ കുട്ടികളുടെ എണ്ണം കുറവായതിനെ തുടര്‍ന്ന് അമ്മായി എന്നെ ക്ലാസില്‍ പിടിച്ചിരുത്തി. കരഞ്ഞ് അലറിവിളിച്ച എന്നെ പിടിച്ചുവലിച്ചാണ് സ്‌ക്കൂളില്‍ കൊണ്ടുപോയിരുത്തിയത്. അന്ന് ഇന്നത്തെ പോലെ പ്രവേശനോത്സവം ഒന്നുമില്ല.

അങ്ങനെ അംഗനവാടിക്ക് പകരം ഞാനിരുന്നത് ഒന്നാം ക്ലാസിലാണ്. നളിനി ടീച്ചറായിരുന്നു ഒന്നാം ക്ലാസിലെ അധ്യാപിക. ഔദ്യോഗികമായി സ്‌ക്കൂളില്‍ ചേര്‍ത്തിട്ടില്ലാത്തതിനാല്‍ ഹാജര്‍ പട്ടികയില്‍ എന്റെ പേരില്ല. എല്ലാവരുടേയും പേര് വിളിക്കുമ്പോള്‍ എന്റെ പേര് മാത്രം വിളി്ക്കില്ല. അതെന്താ എന്റെ പേര് വിളിക്കാത്തത് എന്ന് നളിനി ടീച്ചറോട് എന്നും ചോദിച്ചിരുന്നവേ്രത. നാളെ വിളിക്കാട്ടോ എന്ന് സ്ഥിരം മറുപടി. അവസാനം ഇനി പേര് വിളിച്ചില്ലെങ്കില്‍ ഞാനിനി വരില്ലെന്ന് പറഞ്ഞൂവെന്നും പിന്നീട് ടീച്ചര്‍ പറഞ്ഞ് ചിരിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സത്യഭാമ ടീച്ചറ് വന്ന് എന്നെ തിരികെ അംഗനവാടിയിലേക്ക് തന്നെ കൊണ്ടുപോയി.  

പിന്നത്തെ വര്‍ഷം ഔദ്യോഗികമായി ഞാന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായി. സനുബ് ശശീധരന്‍ എന്ന പേരിന് വലിപ്പം കൂടുതലാണെന്ന് പറഞ്ഞ് ഭാര്‍ഗവി ടീച്ചറെന്റെ പേരൊന്നു മിനുക്കി. സനുബ്‌ എസ് എന്നാക്കി. ( പിന്നീട് അത് എസ്എസ്എല്‍സി ബുക്കില്‍ സ്‌പെല്ലിങ് മിസ്‌റ്റേക്കോട് സനൂപ് ആയി മാറി)
വീണ്ടും നളിനി ടീച്ചറുടെ ക്ലാസില്‍. 

എല്ലാ അധ്യായന വര്‍ഷാരംഭത്തിലും ഞാനടക്കമുള്ള കുരുന്നുകള്‍ കരഞ്ഞുകൊണ്ട് മാത്രമേ വിദ്യാലയങ്ങളിലേക്ക് എത്തിയിട്ടുള്ളു. കരയാതെ ചിരിച്ചുകൊണ്ട് കുസൃതി കാട്ടി ജൂണ്‍ ഒന്നിന് പള്ളിക്കൂടത്തിന്റെ പടികടന്നെത്തുന്നവരുമുണ്ട്
pic courtesy Chandrakanth Viswanath 

എന്നാലിന്ന് ചരിത്രത്തിലാദ്യമായി വിശിലൂതുന്ന വര്‍ണ കുടകളില്ലാതെ, സൂപ്പര്‍ ഹീറോകളുടെ ചിത്രങ്ങളുള്ള് പുതിയ ബാഗുകളില്ലാതെ, യൂണിഫോം ധരിക്കാതെ കരയാതെ, പിടിച്ചുവലിച്ചും തൂക്കിയെടുത്തും കൊണ്ടുപോകാതെ കുരുന്നുകള്‍ ഒന്നാം ക്ലാസിലെ ആദ്യപാഠം പടിച്ചു. അക്ഷരങ്ങളുടെ ലോകത്ത് കണ്ണീരിറ്റിക്കാതെ, മാറുന്ന ലോകത്തെ ആധുനിക ക്ലാസ് മുറിയിലിരുന്ന് അവര്‍ അറിവിന്റെ ജാലകം തുറന്നു. കുരുന്നുകളുടെ കുസൃതിക്കാഴ്ച്ചകള്‍ ചാനലുകളില്‍ ഇത്തവണ നിറഞ്ഞില്ല. കരയുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളോ ടീച്ചര്‍മാരുടെ പാട്ടും കളിയും നിറഞ്ഞില്ല. 

സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓണ്‍ ലൈന്‍ ക്ലാസുകള്‍ നടന്ന ഇ അധ്യായനവര്‍ഷം ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. ഒരുപക്ഷെ ഒരു തുടക്കവും.   മാറ്റങ്ങള്‍ നല്ലതാണ്. കാലത്തിനൊപ്പം പഠനരംഗവും മാറണം. എന്നാല്‍ എല്ലാവര്‍്ക്കും അതിനുള്ള സൗകര്യം ഉണ്ടെന്ന് കൂടി ഉറപ്പുവരുത്തണം. സ്മാര്‍ട്ടായ സാങ്കേതിക വിദ്യയ്‌ക്കൊപ്പം കുട്ടികളും സ്മാര്‍ട്ടാകട്ടെ

Comments