Friday, 11 March 2022

മാർച്ച് പതിനൊന്ന്

ജീവിതം എന്നെ നോക്കി
മനോഹരമായി ചിരിച്ചത് 
ഇന്നായിരുന്നു,
അവസാനമായും...
അണയാൻ പോകുന്ന ദീപം ആളികത്തുന്നത് പോലെ.
പത്ത് ദിവസത്തിനപ്പുറം
കാത്തിരിക്കുന്നത്  കൊടും വരൾച്ചയാണെന്നറിയാതെ
ആറാട്ട് കൊണ്ടാടിയനാൾ.
'കഥകളിൽ'
ദൈവം ഉറക്കം നടിച്ച,
നിങ്ങൾ തകർത്താടിയ
ആ പത്താം നാളിലെ കഥയും
ഉണ്ടായിരിക്കുമോ..!
നിങ്ങൾ
കണ്ടജീവിതങ്ങളേക്കാൾ 
ഞങ്ങൾ
കൊണ്ടജീവിതങ്ങൾക്കായിരുന്നു
തീവ്രതയേറെ. 

Thursday, 10 March 2022

ഒരുവൻ

ഒരിടത്ത്  ഒരുവനുണ്ടായിരുന്നു.
ഭൂതകാലത്തിൻറ്റെ പത്തായത്തിലെങ്ങോ
അടച്ചിടപ്പെട്ടവൻ. 
ക്ലാവെടുത്ത ഓർമകൾ കുത്തിനിറച്ച
ഇരുണ്ട പത്തായപ്പെട്ടിയിലിരുന്ന്
വർത്തമാനകാലത്തും
ഭൂതകാലത്തിൽ മാത്രം
ജീവിക്കാൻ വിധിക്കപ്പെട്ടവൻ.
ആർക്കും വേണ്ടാത്ത
ഓർമകൾ തേച്ചുമിനുക്കി
ആയുസ്സെണ്ണിയവൻ.
ചിതപോലെ ഓർമകളും
ഒരുന്നാൾ കത്തി എരിഞ്ഞിരുന്നെങ്കിലെന്ന്
സ്വയം പ്രാകി നടന്നൊരുവൻ.
ഒരിടത്ത് ഒരുവനുണ്ടായിരുന്നു
ഓർമകളിൽ മുങ്ങി  ആത്മഹത്യചെയ്തവൻ..

....

(100322)

Wednesday, 9 March 2022

ഒന്നിച്ചൊരു ചാറ്റൽമഴയത്ത്...

ആദ്യമായി പ്രണയമഴ നനഞ്ഞത് എന്നാണെന്ന് ഓർമയുണ്ടോ? വിരലുകൾ പരസ്പരം കൊരുത്ത്, ചിണുങ്ങി ചിണുങ്ങിപ്പെയ്യുന്ന മഴ നനഞ്ഞ്, മഴയുടെ കുളിരിനെ പ്രണയത്തിൻറെ ചേർത്തുപിടിക്കൽകൊണ്ട് മറികടന്ന് നടന്നത്...! ഓർമകളിൽ നിന്ന് അങ്ങനെ വേഗത്തിലൊന്നും മാഞ്ഞ് പോകില്ല ആ ദിവസമൊന്നും. 

2004 മാർച്ച് 9, സമയം വൈകുന്നേരം നാലര. 
സ്ഥലം ബാംഗ്ലൂരിലെ ജെ പി നഗർ ഈസ്റ്റ് ഇൻഡിൽ നിന്ന് ജയദേവ ആശുപത്രിയിലേക്ക് നീങ്ങുന്ന റോഡരികിലെ നടപ്പാത. അന്ന് അവിടെ കാത്ത് നിൽക്കുമ്പോൾ അനുഭവിച്ച അതേ ഹൃദയമിടിപ്പ് ഇപ്പോഴും അതേ തീവ്രതയോടെ അറിയുന്നുണ്ട്. ഓഫീസ് വിട്ട് അവളെത്താൻ ഇനിയും സമയമെടുക്കും. അടുത്തുള്ള സിഫി നെറ്റ്കഫേയിൽ കയറി കുറച്ച്  നേരം ചിലവിട്ടു. സമയം പിന്നെയും ബാക്കി. പുറത്ത് വൈകുന്നേരങ്ങളിലെ തണുപ്പിൻറെ തീവ്രത കുറച്ച് ചെറിയ വെയിൽ തന്നെ. നേരമടുത്തപ്പോൾ കഫേയിൽ നിന്ന് പുറത്തിറങ്ങി നടപ്പാതയ്ക്ക് വശത്തെ കമ്പി വേലിയിൽ ചാരി നിന്നു. പിന്നെയും കുറേ മിനുട്ടുകൾ കടന്നുപോയി. ഇറങ്ങിയെന്ന് മൊബൈലിൽ എസ് എം എസ് എത്തിയതോടെ ഹൃദയമിടിപ്പും ഏറി തുടങ്ങി.

അസ്തമന സൂര്യൻറെ കിരണങ്ങളിലൂടെ നിഴലായി അവൾ കടന്നുവരുന്നത് ദൂരത്ത് നിന്നേ കണ്ടു. അടുത്തേക്ക് നടന്നുചെന്നു. അപ്പോഴേക്കും സമയം ആറ് പതിനഞ്ചുകഴിഞ്ഞിരുന്നു. ആദ്യമായി കൂട്ടുകാരാരുമില്ലാതെ പരസ്പരം കാണുന്നതിൻറെ സന്തോഷവും ആവേശവുമെല്ലാം ഇരുവരിലും നിറഞ്ഞുനിന്നു. 
അൽപനേരം കമ്പിവേലിയിൽ ചാരി നിന്ന് സംസാരം. പിന്നെ റോഡ് മുറിച്ച് കടന്ന് ബസ് സ്റ്റോപ്പിലേക്ക്. തിരക്കേറിയ റോഡ് മുറിച്ച് കടക്കവെ അവൾ കൈനിട്ടി. കൈപിടിച്ചപ്പോൾ ഇനിയിത് വിട്ടുകളയരുതെന്നായിരുന്നു മുന്നറിയിപ്പ്. 
കൈകോർത്തുള്ള ആദ്യത്തെ യാത്ര അവിടെ, ഈസ്റ്റ് എൻറിലെ റോഡിൽ നിന്ന് ആരംഭിച്ചു. ബസ് സ്റ്റോപ്പിലെത്തി എന്താണ് പരിപാടിയെന്ന് പരസ്പരം ചോദിച്ചു നിന്നു. തീരുമാനമില്ലെങ്കിൽ ഇന്ദിരാനഗറിലേക്കുള്ള ബസ് വന്നാൽ കയറി പോകുമെന്നായി ഭീഷണി. ഇന്ദിരാനഗറിലേക്കും ഹെബ്ബാളിലേക്കുമുള്ള ബസ്സുകൾ പിന്നെയും നിരവധി വന്നുപോയി. എന്നിട്ടും പ്ലാൻ ആയിട്ടില്ല. ഒടുവിൽ ഫോറം മാളിൽ പോകാമെന്ന് ധാരണയിലെത്തി. ബേംഗ്ലൂരിൽ അന്ന് പോകാൻ വേറെയേത് മാൾ!
ഓട്ടോയ്ക്ക് കൈകാട്ടി കയറി. ഓട്ടോ ബിടിഎമ്മും മടിവാളയും പിന്നിട്ട് കോരമംഗലയിലെ ഫോറത്തിലേക്ക്. എത്തുന്നതിന് മുമ്പേ മഴ ചാറാൻ തുടങ്ങി. മഴ തുടങ്ങിയതോടെ റോഡിലെ കുരുക്കും മുറുകി. ബ്ലോക്കായതോടെ ഫോറത്തിൻറെ മറുവശത്ത് ഇറക്കി ഓട്ടോക്കാരൻ മടങ്ങി. ചാറ്റൽ മഴയത്ത് ആദ്യം നേരെ ഓടി ബസ്റ്റോപ്പിൽ അഭയം തേടി. ബാഗിൽ നിന്ന് കുടയെടുത്തെങ്കിലും 'വേണ്ട, ഒരുമഴയൊക്കെ ഒരുമിച്ച് നനയാമെന്ന്' പറഞ്ഞ് കൈപിടിച്ച് അവൾ റോഡിലേക്ക് ഇറങ്ങി. ഒരുമിച്ചുള്ള ആദ്യ മഴയാത്ര.
ലാൻറ് മാർക്കിലെ ബുക്ക് ഷെൽഫുകൾക്കിടയിലും മറ്റും നടന്ന് പുസ്തകങ്ങളെകുറിച്ചും എഴുത്തുകാരെ കുറിച്ചുമെല്ലാം സംസാരിച്ചു നേരം പോയി. പുറത്തിറങ്ങിയപ്പോഴേക്കും മഴ ഒഴിഞ്ഞിരുന്നു. ആദ്യം കണ്ട ഓട്ടോയിൽ ഇന്ദിരാനഗറിലേക്ക്. കോർത്ത കൈവിടാതെ പലതും പറഞ്ഞ് ആ യാത്ര ഇന്ദിരാനഗറിലെത്തുമ്പോഴേക്കും സമയം ഒമ്പത് കഴിഞ്ഞിരുന്നു. ഓട്ടോയിറങ്ങി തെരുവ് വിളക്കുകളുടെ വെളിച്ചത്തിൽ അവൾ നടന്നകലുന്നതും നോക്കി നിന്നു. കാഴ്ച്ചയിൽ നിന്ന് മറഞ്ഞശേഷം അടുത്ത ഓട്ടോ കയറി ശിവാജി നഗർ ബസ് സ്റ്റാൻറിലേക്ക് ഞാനും. ബസ് ഇറങ്ങി നാഗ്വാരയിൽ നിന്ന് എച്ച് ബി ആർ ലേ ഔട്ടിലെ വീട്ടിലേക്ക് നടക്കുമ്പോൾ മറ്റൊരു മഴകൂടി ആകാശത്ത് പെയ്യാനുള്ള ഒരുക്കത്തിലായിരുന്നു...

Monday, 7 March 2022

അതിജീവനത്തിൻറെ ഇരുപത്തിയൊന്നുനാൾ

അനുഭവങ്ങളാണ്, ഓർമകളാണ് വലിയ സമ്പാദ്യം. നാല് പതിറ്റാണ്ടിന്റെ ഓർമകളുണ്ട്. ചെന്നൈയിലെ വീട്ടിൽ നിന്ന് ഇറങ്ങി അടുത്തതെരുവിലെ അങ്കിളിന്റെ വീട്ടിലേക്ക് ഓടിയ മൂന്ന് വയസുകാരന്റെ ഓർമ മുതൽ ഇങ്ങോട്ട് മാറാല പിടിച്ചും പിടിക്കാതെയും കിടക്കുന്ന വളപ്പൊട്ടുകളുടെ വലിയ ശേഖരം. വളപ്പൊട്ടുകൾ എന്ന് വിശേഷണം മനപ്പൂർവ്വമാണ്. കാരണം  ബഹുവർണത്തിലുള്ള മനോഹരങ്ങളായ വളപ്പൊട്ടുകൾ കൊണ്ട് കൈമുറിയാത്തവർ വിരളമായിരിക്കും. ഓർമകളിൽ ഏറെയും മുറിവേൽപ്പിക്കുന്നതാണ്. ഒട്ടും ഉണങ്ങാത്ത, ഏറെക്കാലമായി കെട്ടിപൊതിഞ്ഞുവെച്ച മുറിവുകൾ. തിയ്യതിയും സമയവും സംഭവങ്ങളുമെല്ലാം സിനിമയിലെ റീലുകൾ പോലെ തെറ്റാതെ ഇപ്പോഴും ഓടുന്നുണ്ട് തലയ്ക്കുള്ളിൽ. ചിലതൊക്കെ ചിലപ്പോഴൊക്കെ പലയിടങ്ങളിലായി കുറിച്ചുവെച്ചിരുന്നു. ചിലത് ശബ്ദമായി രേഖപ്പെടുത്തി. അവയെല്ലാം സ്വകാര്യശേഖരത്തിൽ തന്നെ ഇരിക്കട്ടെയെന്ന് കരുതിയതാണ്. പക്ഷെ അതെല്ലാം ഇപ്പോൾ എടുത്ത് പുറത്തിട്ടാലോയെന്നാണ് ചിന്ത. പിന്നീട് പറയാനൊത്തില്ലെങ്കിലോ? എത്രകരുതലോടെ സൂക്ഷിച്ചാലും ഓർമകളും ചിതലരിക്കും. മറവിരോ​ഗമോ മസ്തിഷ്ക്കമരണമോ പ്രവചനാതീതമല്ല.    

 മറ്റുള്ളവർ കൂടിചേരുമ്പോളാണ് എല്ലാ ഓർമകളും ഉണ്ടാകുന്നത് എങ്കിൽക്കൂടിയും, എന്റെ ഓർമകളെല്ലാം എന്റെ മാത്രം ഓർമകളാണ്. അതിനാൽ തന്നെ ഇതെല്ലാം തുറന്നെഴുതുമ്പോൾ ആരെയും വേദനിപ്പിക്കാനോ നൊമ്പരപ്പെടുത്താനോ ഉദ്ദേശിക്കുന്നുമില്ല. അതിനാൽ തന്നെ പേരുകളോ ഊരുകളോ ഇല്ല. 

മുറിവുകളാണ് ഓർമകളെന്ന് പറഞ്ഞുവല്ലോ, എന്റെ മുറിവുകൾ മാത്രമല്ല, ഞാൻ ഏൽപ്പിച്ച മുറിവുകളും അനവധിയുണ്ട്. ചിലരോടെങ്കിലും പലപ്പോഴായി തെറ്റ് ഏറ്റുപറഞ്ഞ് കുമ്പസാരിച്ചിട്ടുണ്ട്. ചിലരോട് അതുമില്ല.  ഈ​ഗോയാകാം. മനുഷ്യനല്ലേ. എഴുതിയതും എഴുതുന്നതും എഴുതാനിരിക്കുന്നവയുമെല്ലാം എന്റെ മാത്രം ബോധ്യത്തിലും ബോധത്തിലുമുള്ളവയാണ്. കടമെടുത്ത അനുഭവങ്ങൾ ഒന്നുമില്ല. 

******

ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റുള്ളവരാൽ റിജക്ഷൻ - നിരാകരണം - ഏറ്റുവാങ്ങാത്തവ‍ർ ഉണ്ടാകുമോ? ഉണ്ടെങ്കിൽ തന്നെ നിരന്തരം അത് നേരിടേണ്ടിവന്നവർ എത്രകാണുമായിരിക്കും? വിട്ടുപോകാതെ നിങ്ങൾ നിങ്ങളോട് ചേർത്തുപിടിച്ചവർ തഴയപ്പെടുന്നത് അനുഭവിച്ചവർക്ക് മാത്രം വായിക്കാനാണിത്. അല്ലാത്തവർക്ക് ഇതെല്ലാം വെറും കഥമാത്രമായിരിക്കും, വെറും കെട്ടുകഥ.

തിരക്കേറിയ കൊച്ചി ന​ഗരത്തിൽ ഒരു ഫ്ലാറ്റിൽ, വാതിലും ജനലുകളും ബാൽക്കെണിയുമെല്ലാം അടച്ചിട്ട്, മൊബൈലും ഓഫ് ചെയ്ത്, ടിവിയോ ഇന്റ‍ർനെറ്റോ ഉപയോ​ഗിക്കാതെ പുറം ലോകത്ത് എന്ത് സംഭവിക്കുന്നവെന്നുപോലും അറിയാതെ, അറിയാൻ ശ്രമിക്കാതെ കഴിഞ്ഞുകൂടിയ 21 ദിവസങ്ങളുണ്ട് ഓർമയിൽ. മാർച്ചിലെ കൊടുംവേനലിൽ ഓരോ ദിവസവും ഉറങ്ങാതെ, രാവും പകലുമെല്ലാം മാറിമാറി വരുന്നത് വെയിലിന്റെ ​ഗതിമാറ്റത്തിൽ നിന്ന് മാത്രമറിഞ്ഞ് കഴിഞ്ഞ മൂന്നാഴ്ച്ചകൾ. വിഷാദം അഥവാ ഡിപ്രഷൻ എന്നത്  എന്താണെന്ന് അതിന്റെ പൂർണമായ അർത്ഥത്തിൽ അറിഞ്ഞശേഷം കഴിച്ചുകൂട്ടിയ ദിനങ്ങൾ. വർഷങ്ങൾക്ക് മുമ്പൊരിക്കൽ ഈ അനുഭവിക്കുന്നതിന്റെ പേരാണ് ഡിപ്രഷൻ എന്നറിയാതെ അതിന്റെ ആഴമളന്നിട്ടുണ്ട്. എന്നും ജിവിച്ച, ജിവിച്ചുകൊണ്ടേയിരിക്കുന്ന വാർത്തയുടെ ലോകത്ത് നിന്ന് ഒരുപക്ഷെ ഇന്നോളം മാറിനിന്നത് ആ ദിവസങ്ങളിൽ മാത്രമായിരിക്കണം. സുഖമില്ലെന്ന് പറഞ്ഞ് ആദ്യമായി ജോലിയിൽ നിന്ന് അവധിയെടുത്തതും അപ്പോഴാണ്. കട്ടൻചായയും ഇടയ്ക്ക് കഞ്ഞിയും  മാത്രം ഉണ്ടാക്കി കഴിച്ച് ഒരർത്ഥവുമില്ലാതെ എന്തൊക്കെയോ ചിന്തിച്ചുകൂട്ടി. 21 ദിവസത്തിന് ശേഷം ആദ്യമായി ഡോർ തുറന്നപ്പോൾ പൊടിപിടിച്ച് മൂന്നാഴ്ച്ചത്തെ പത്രങ്ങൾ മലപോലെ വഴിമുടക്കി കിടപ്പായിരുന്നു. 


എന്തായിരുന്നു, എന്തിനായിരുന്നു ആ ഇരുപത്തിയൊന്ന് ദിവസങ്ങൾ സ്വയം കാരാ​ഗ്രഹവാസത്തിന് വിധിച്ചത്? ഒറ്റപ്പെടൽ തന്നെയാണ് ആ ഒറ്റയ്ക്കുള്ള അടച്ചിരിപ്പിന് കാരണമായത്. ചേർത്ത് പിടിച്ച ചിലർ ഒഴിവാക്കിയപ്പോൾ, ഏറെക്കാലമായി അടക്കിവെച്ചതെല്ലാം പൊട്ടിത്തെറിക്കുമെന്ന് തോന്നിയപ്പോൾ സ്വയം വിധിച്ചതായിരുന്നു അത്. പൊതുമധ്യത്തിലെന്നല്ല, സ്വകാര്യയിടത്ത് പോലും ​സ്ഥായീഭാവം വിടാതെ പോകാൻ വേണ്ടി, അങ്ങനെ സംഭവിക്കമെന്ന് തോന്നിയപ്പോൾ എടുത്ത കടുത്ത നടപടിയായിരുന്നു അത്. സ്വതവേ ക്ഷിപ്രകോപിയാണെങ്കിലും അകാരണമായി പോലും അസ്വസ്ഥനാവാൻ തുടങ്ങിയപ്പോൾ സ്വയം തീർത്ത പ്രതിരോധമായിരുന്നു ആ ക്വാറന്റൈൻ. നിരാകരണത്തിന്റെ വേദനയെന്തെന്ന് വീണ്ടും വീണ്ടും അനുഭവിക്കേണ്ടിവരുന്നത് അത്രസുഖകരമല്ല. മമ്പും പലകുറി, കുട്ടിക്കാലം മുതൽക്കേ അറിഞ്ഞിട്ടുണ്ട് അത്. അന്നൊക്കെ അനുഭവിച്ച സങ്കടവും ദേഷ്യവും വിങ്ങലുമെല്ലാം വിഷാദമാണെന്ന് പക്ഷെ അന്നറിയില്ലായിരുന്നു. ചെറുപ്പം മുതലേയുള്ള അത്തരം അനുഭവങ്ങൾ തന്നെയാണ് ഒരാളുടെ സ്വഭാവത്തിന് രൂപം നൽകുന്നത്. അതായിരിക്കണം ഒരുപക്ഷെ ദേഷ്യമെന്നത്, കൂസലില്ലായിമ എന്നത്, സ്ഥായീഭാവമായിമാറിയതിന് പിന്നിൽ. 

നഷ്ടങ്ങളാണ് നേട്ടങ്ങളേക്കാൾ കൂടുതലായി ജിവിതത്തിലുണ്ടായിട്ടുള്ളത്. നേട്ടങ്ങളെണ്ണാൻ വിരലുകൾ മതിയെങ്കിൽ നഷ്ടങ്ങളുടെ കണക്കെടുപ്പിന് കാൽക്കുലേറ്റർ തന്നെ വേണ്ടിവരും! കൂട്ടുക്കാ‍ർ, രക്തബന്ധങ്ങൾ, പ്രണയം, ജീവിതം, ...അങ്ങനെ എത്രയെത്ര നഷ്ടങ്ങൾ. ഈ​ഗോയിസ്റ്റുകളായ, വേർപിരിഞ്ഞ മാതാപിതാക്കളുടെ മക്കളായി ജനിച്ച എല്ലാകുഞ്ഞുങ്ങളും നേരിടുന്ന എല്ലാപ്രശ്നങ്ങളും അതിന്റെ അത്രതന്നെ മനോഹാരിതയിൽ അനുഭവിച്ചിട്ടുണ്ട്. ആരോടും പറയാതെ, പറയുന്നത് വലിയ നാണക്കേടായി കരുതി എല്ലാം അടക്കിവെച്ച് ആ കുഞ്ഞുങ്ങളൊക്കെ എത്രമാത്രം സഹിച്ചിട്ടുണ്ടാവണം? എത്രരാവുകൾ തലയിണകൾ ചേ‍ർത്ത് പിടിച്ച് വിങ്ങിയിട്ടുണ്ടാകണം?‌ അതെല്ലാം പലതും നിരസിക്കപ്പെടുന്നതിന്റെ കഠിനവേദനകളാണ് സമ്മാനിച്ചത്. അതെല്ലാം താണ്ടിയവന് പിന്നെ ജീവിതത്തിൽ കാണുന്നതെല്ലാം ചേർത്ത് പിടിക്കാനുള്ള വ്യ​ഗ്രതകൂടുതലാവും. അവിടെയും പരാജയപ്പെട്ടാലെന്ത് ചെയ്യും? ചിലർ മദ്യത്തിലോ മറ്റ് ലഹരികളിലോ അഭയം കണ്ടെത്തിയേക്കാം. ചിലർ വിഷാദത്തിന്റെ താഴ്വരയിൽ തന്നെ കുടുങ്ങി ചക്രശ്വാസം വലിച്ച് സ്വയം അവസാനിപ്പിച്ചിരിക്കാം. ജീവിക്കാനുള്ള ഭയമാണ് മരിക്കാനുള്ള ഭയത്തേക്കാൾ അത്തരക്കാരെ ഭയപ്പെടുത്തുന്നത്. മറ്റുചിലരാകട്ടെ ഉള്ളിലെ സ്വത്ത്വവുമായി പോരടിച്ച് പിടിച്ചുനിൽക്കാൻ ശ്രമപ്പെട്ട് സ്വന്തം വിഷാദത്തെ താൽക്കാലികമായെങ്കിലും തോൽപ്പിച്ചവരുമുണ്ടാകും. ഇതല്ലെ, ഇതിനപ്പുറവും ചാടികടന്നവനാണീ കെകെ ജോസഫ് എന്ന സിനിമ ഡയലോ​ഗിനെ തമാശരൂപത്തിലെങ്കിലും പറഞ്ഞ് സ്വയം ആശ്വസിപ്പിക്കുന്നുണ്ടാവണം. അങ്ങനെ ചാടിക്കടന്നാണ് ഒടുവിലാ ഫ്ലാറ്റിലെ മുറിയിൽ ഒതുങ്ങിക്കൂടിയത്. 

ഇരുപത്തിയൊന്ന് ദിവസത്തിന് ശേഷം പുറത്തിറങ്ങിയത് നല്ല ചിത്രശലഭമായിട്ടൊന്നുമല്ല. സ്വയം നവീകരിച്ചുമല്ല. പക്ഷെ ആ ​ദിവസങ്ങളാണ് ജീവിതത്തിൽ കൂട്ടിനാരുമില്ലാതെ, സ്വയം അടിച്ചമർത്തി കഴിഞ്ഞ ദീർഘമായ കാലം. പിന്നെയും എത്രയോ തവണ വിഷാദത്തിന്റെ ചതിക്കുഴിയിൽ പെട്ടെങ്കിലും ആ ഇരുപത്തിയൊന്ന് നാൾ തൂങ്ങാതെ കടിച്ചുതൂങ്ങിയതിന്റെ കരുത്ത് മാത്രമായിരുന്നു ഫൈറ്റ് ചെയ്യാനുള്ള പ്രചോദനം...

Sunday, 6 March 2022

മനുഷ്യർ കളിപ്പാട്ടമാകുമ്പോൾ

കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം കാറുകളായിരുന്നു. അന്നൊക്കെ മാസത്തിലൊരിക്കൽ ​ഗുരുവായൂ‍ർ അമ്പലത്തിൽ തൊഴാൻ പോകാറുണ്ട്. ​ഗുരുവായൂരിലേക്ക് മാസത്തിലൊരിക്കൽ എന്നതാണ് കണക്ക്, കൊടുങ്ങല്ലൂരും ചോറ്റാനിക്കരയുമെല്ലാം മൂന്നോ നാലോ മാസം കൂടുമ്പോളും. ​ഗുരുവായൂരായാലും ചോറ്റാനിക്കരയായാലും ശരി എന്റെ അമ്പലദർശനത്തിലെ സന്തോഷമെന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് യാത്ര, രണ്ട് കാറ്. 

വീട്ടിൽ നിന്ന് ഏതാണ്ട്  27 കിലോമീറ്ററുണ്ട് ​ഗുരുവായൂരിലേക്ക്. യാത്ര ബസ്സിലാണ്. നി‍ർമാല്യവും ശീവേലിയും തൊഴണമെന്നാണ് അമ്മയ്ക്ക്. അതിനാൽ തലേദിവസം വൈകുന്നേരം തന്നെ ​ഗുരുവായൂരിലെത്തും. അമ്പലത്തിന്റെ തൊട്ടടുത്ത് തന്നെയുള്ള - ഇപ്പോഴുണ്ടോയെന്നറിയില്ല, വികസനത്തിന്റെ ഭാ​ഗമായി പൊളിച്ചുകളഞ്ഞിരിക്കണം- ജയ ലോഡ്ജിലാണ് സ്ഥിരം താമസം. അങ്ങനെയുള്ള ​ഗരുവായൂർ യാത്രകളിലെല്ലാം അച്ചനും അമ്മയും എന്റെ രണ്ട് വശത്ത് ചേർന്നേ നടക്കൂ. അത് അമ്പലത്തിലെ തിരക്കിനിടയിൽ എന്നെ കാണാതെപോകണ്ട എന്ന് കരുതിയുള്ള കരുതലൊന്നുമല്ല, മറിച്ച് ഞാൻ ചിലത് കാണണ്ട എന്ന് കരുതിയുള്ള മുൻകരുതൽ മാത്രമാണ്. മറ്റൊന്നുമല്ല, നടപന്തലിലെ ഇരുവശത്തുമുള്ള കടകളിലെ കളിപ്പാട്ടങ്ങൾ തന്നെ. പലവർണത്തിലുള്ള വിവിധതരം ബൊമ്മയും ചെണ്ടയും ഉരുട്ടികളിക്കുന്ന ചക്രവണ്ടിയുമെല്ലാം തൂങ്ങികിടപ്പുണ്ടാകും. രാത്രിയിൽ പോലും കണ്ണടക്കാറുണ്ടോ ആ കടകൾ എന്ന് അത്ഭുതമാണ്. രാത്രി വൈകിയും തുറന്നിരിക്കുന്ന ആ കടകൾ അതിരാവിലെയും തുറന്നിരിപ്പുണ്ടാകും. ഉറക്കം തൂങ്ങുന്ന കണ്ണുകളും മൂടിപ്പുതച്ച പുതപ്പും കയ്യിലൊരു കപ്പ് ചായയുമായി ഇരിക്കുന്ന കുറേപേർ. പലതരത്തിലുള്ള കളിപ്പാട്ടങ്ങൾ തൂങ്ങികിടപ്പുണ്ടെങ്കിലും എന്റെ നോട്ടം എപ്പോഴും താഴെ പരന്ന പെട്ടികളിൽ നിരത്തിവെച്ചിരിക്കുന്ന കാറുകളിൽ മാത്രമാണ്. ചരട് വലിച്ചുവിട്ടാൽ ഓടുന്ന കാറുകൾ, പിന്നാക്കം വലിച്ച് വിട്ടാൽ മൂന്നോട്ട് കുതിച്ചോടുന്ന കാറുകൾ, ഡോറു തുറക്കാൻ കഴിയുന്നവ, ഓടുമ്പോൾ മുകളിൽ വിളക്ക് കത്തുന്നവ, സൈറൺ മുഴക്കുന്നവ, മരത്തിൽ നി‍ർമിച്ച കെഎസ്ആർടിസി ബസ്സുകൾ, ലോറികൾ... അങ്ങനെ അനന്തമായ വാരിയെന്റുകൾ. 


വെറൈറ്റികൾ പലതുമുണ്ടായിരുന്നെങ്കിലും എല്ലാമാസവും ഞാൻ തിരഞ്ഞിരുന്ന ഒരു കാറുണ്ടായിരുന്നു. മെറ്റൽ ബോഡിയാണ്. നീലയും ചുവപ്പും പച്ചയുമെല്ലാം കളറിൽ ആ കുഞ്ഞൻ കാറ് കിട്ടും. അന്നത്തെ 5 രൂപയായിരുന്നു വില. ആ കാറിന്റെ നെറുകയിൽ ചുവപ്പ് ലൈറ്റുണ്ട്. ആഞ്ഞ് ഒന്ന് നിലത്ത് ഉരച്ചുവിട്ടാൽ മതി, പൊലീസ് വാഹനത്തിന്റെ ശബ്ദമുണ്ടാക്കി വിളക്കും തെളിച്ച് ആ കാറ് ഓടും. മെറ്റൽ ഡ്രമിൽ കറുത്ത റമ്പറിന്റെ ടയറൊക്കെയിട്ട് കണ്ടാൽ ഒറിജിനൽ കാറിന്റെ മിനിയേച്ചറാണ്.  എല്ലാതവണയും ആ കാറ് തന്നെ വാങ്ങും. വേറെ ഒന്നും വേണ്ട. അത് മാത്രം മതി. എല്ലാമാസവും വാങ്ങി വാങ്ങി നല്ല കളക്ഷൻ ഉണ്ടായി കാണുമല്ലോ എന്നൊന്നും കരുതേണ്ട. വാങ്ങി വീട്ടിലെത്തി ആദ്യത്തെ ഒരുമണിക്കൂ‍ർ മതി, ആ കാർ വർക്ക്ഷോപ്പിൽ കയറാൻ. ആവശ്യത്തിലും കൂടുതൽ അമർത്തിയുരച്ചും ഓട്ടത്തിൽ ഭിത്തിയിലോ വാതിലിലോ ഒക്കെ ചെന്നിടിച്ച് കാറിന്റെ പണി തീരും. ഇൻഷൂറൻസൊന്നുമില്ലാത്ത കാറ് പിന്നെ സ്വയം റിപ്പയ‍ചെയ്യലാണ്. സ്ക്രൂ ഇട്ടൊന്നുമല്ല കാർ ഫിറ്റ് ചെയ്തിരിക്കുന്നത്. ക്ലിപ്പുകളാണ്. കയ്യിൽ കിട്ടുന്ന എന്തും ഉപയോ​ഗിച്ച് ക്ലിപ്പ് ഇളക്കി സ്വയം മെക്കാനിക്കാവും പിന്നെ. ആരും കാണാതെയാണ് മെക്കാനിക്ക് പണി. ഇല്ലേൽ നല്ല മേട്ടം കിട്ടും. ആ കാറിനുള്ളിൽ മെറ്റൽ ലീഫ് കൊണ്ടുള്ള വല സൈസിലുള്ള ചക്രമാണ്. ഉരയ്ക്കുന്നത് അനുസരിച്ച് ആ ലീഫുകൾ ചുരുങ്ങുകയും അത് വിടരും വരെ ഓടുകയുമാണ് ചെയ്യുക. ഇതിനകത്ത് ഇതൊക്കെയാണെന്ന് അറിഞ്ഞാലും അത് കേടായാൽ നന്നാക്കാനാവില്ലെന്ന് അറിഞ്ഞാലും പിന്നെയും അതൊന്ന് വലിച്ച് പറിച്ചെടുത്ത് നന്നാക്കാനാവും പിന്നത്തെ ശ്രമം. പരിശ്രമത്തിനൊടുവിൽ ബാക്കിലെ വീലുകൾ മൊത്തം ജാമായി പിന്നെ എത്രമസിലുപിടിച്ചാലും തിരിയാത്ത അവസ്ഥയിലെത്തും. പിന്നെ കരച്ചിലായി, ബഹളമായി. എന്തിന് എന്ന് ചോദിക്കരുത്. അടുത്ത ​ഗുരുവായൂ‍ർ സന്ദർശനത്തിനുള്ള കാത്തിരിപ്പായി. 

ആ കാർ, അതൊരു വലിയ വികാരമാണ്. അത് കയ്യിൽ കിട്ടിയാൽ ഒടുക്കത്തെ എക്സൈറ്റ്മെന്റാണ്. അത് കേടാകുന്നത് വരെ ആ എക്സൈറ്റ്മെന്റ് നിലനിൽക്കുകയും ചെയ്യും. പിന്നെ അതേ എക്സൈറ്റ്മെന്റ് അടുത്ത ​ഗുരുവായൂ‍ർ സന്ദർശനസമയത്താണ് പിന്നെയും ഉയരുക. അത് വരെ ചുവപ്പ് വെളിച്ചം പരത്തി സൈറൺ മുഴക്കിയോടുന്ന ആ കാറ് മറവിയുടെ അടിത്തട്ടിലായിരിക്കും. 

എക്സൈറ്റ്മെന്റ് - ആവേശം. അത് എല്ലാക്കാലത്തും ഒരോ പോലെ ഉണ്ടാകുമോ? ചിലകാര്യങ്ങളിൽ ചിലർക്ക്  എന്നും എപ്പോഴും ഒരേ ആവേശമായിരിക്കും. അത് എന്തിനോടായാലും ശരി. ആ കളിപ്പാട്ടം കയ്യിൽ കിട്ടുന്നത് വരെ, അത് കേടാകുന്നത് വരെ മാത്രം നിലനിൽക്കുന്ന ആവേശം, അത് കേടാകുമ്പോൾ അത് നന്നാക്കാൻ നടത്തുന്ന ശ്രമങ്ങൾ ആ ആവേശത്തിന്റെ തുടർച്ചയാണ്. പിന്നെ പരാജയപ്പെടുമ്പോഴുള്ള കരച്ചിലും  ബഹളവും അതിന്റെ തുടർച്ചതന്നെ. ഇതിനിടയിൽ മറവിയുടെ ആഴത്തിലേക്ക് ആ കാർ കടന്ന് പോയത് ആവേശം തുടർച്ചയില്ല എന്നതിന്റെ സാക്ഷ്യമാണ്. ആ സൈക്കിൾ ഇങ്ങനെ തുടർന്നുകൊണ്ടേയിരുന്നു. 

ആ കളിപ്പാട്ടം ഒരു മനുഷ്യനാണെങ്കിലോ? ആ കാറിനെ ഒരു ജീവനുള്ള മനുഷ്യനായി ചീത്രീകരിച്ചുനോക്കു. ഏറ്റവും ഇഷ്ടമുള്ള കളിപ്പാട്ടം പോലെ ഏറ്റവും ഇഷ്ടമുള്ള മനുഷ്യൻ! ആവേശം കയ്യിൽ കിട്ടുവോളം വരെയെങ്കിലോ. കിട്ടിക്കഴിഞ്ഞ് കുറച്ച് കാലത്തിന് ശേഷം ആ ആവേശം മനുഷ്യന് നഷ്ടമാകുന്നു. അല്ലെങ്കിൽ പുതുമോടി കഴിയുമ്പോൾ അതില്ലാതെ ആകുന്നു. അപ്പോൾ കളിപ്പാട്ടമായി മാറിയ മനുഷ്യന് അതെങ്ങനെയായിരിക്കും അനുഭവപ്പെടുക? വെറും കളിപ്പാട്ടമായി മാറി പ്രിയപ്പെട്ടവയുടെ പട്ടികയിലും പിന്നെ വിസ്മൃതിയിലും ആണ്ട്പോയ നിരവധി പേരുണ്ടാകും. ആ കളിപ്പാവ മനുഷ്യന് പിന്നെ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ ചില്ലറയൊന്നുമായേക്കില്ല. അകാരമായുള്ള ഒഴിവാക്കൽ, ഒറ്റപ്പെടുത്തൽ,തഴയൽ... ഒടുവിൽ മാനസികമായി അവരെത്തിപ്പെടുന്നത് കടുത്ത മാനസികസമ്മർദ്ദത്തിലാണ്. വിഷാദമെന്നത് മനോഹരമായ മലയാള പദമായി പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ അനുഭവിക്കാൻ ഒട്ടും മനോഹരമല്ല അത്. അത് എത്രവലിയ നിലയില്ലാകയമാണെന്ന് ഒരിക്കലെങ്കിലും അത് അനുഭവിച്ചവ‍ർക്കേ അറിയൂ. ആ കയത്തിൽ നിന്ന് കരകയറുകയെന്നത് ശ്രമകരമാണ്. കാണുന്ന ഏതൊരു കച്ചിതുരുമ്പിലും കയറിപിടിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിലും അവർ നിശബ്ധരാകും, തനിച്ചാകും. പിടിച്ചുനിൽക്കാൻ ശ്രമപ്പെട്ട്, ചേർത്ത് പിടിക്കാൻ കൈകളും മനസുമെല്ലാം തിരഞ്ഞ് നടക്കും. പലപ്പോഴും സ്വയം കൈവിട്ട് പോകാതിരിക്കാൻ സാഹസപ്പെട്ടുകൊണ്ടേയിരിക്കും. എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന കരങ്ങളും കച്ചിതുരുമ്പുമെല്ലാം അകലുമ്പോളാണ് പലരും സ്വയം ഇല്ലാതാവുന്നത്. അല്ല, അവരെ ഇല്ലാതാക്കുന്നത്.  കളിപ്പാട്ടത്തെ സ്വന്തമാക്കി കൈകാര്യം ചെയ്ത മനുഷ്യന് അപ്പോഴും പക്ഷെ ഇതൊന്നും അറിയുകയോ, അതിനായി ശ്രമിക്കുകയോ ചെയ്യാതെ കാണാമറയത്ത് മൗനത്തിലായിരിക്കും. 

മറ്റൊരു കളിപ്പാട്ടമെത്തുന്നവരേയാണ് പഴയകളിപ്പാട്ടത്തിന്, കേടായാലും ഇല്ലെങ്കിലും, ആയുസ്. കേടായാലും ചിലപ്പോഴൊക്കെ അത് നന്നാക്കിയെടുക്കാൻ, അത് വെച്ച് കളിക്കാൻ കുട്ടികൾ ശ്രമിച്ചുകൊണ്ടേയിരിക്കും. പക്ഷെ കളിപ്പാട്ടം ജീവനുള്ള മനുഷ്യനായാലോ....?


Saturday, 5 March 2022

പയറ്റ്

 ജീവിതം ഒരു 

പാമ്പും കോണിയും

കളിയാണെങ്കിൽ

കറുപ്പും വെളുപ്പും

നിറഞ്ഞ

ചതുരംഗപലകയിലെ 

പോരാട്ടമാണ്

പ്രണയം.

രണ്ടിടത്തും

തോൽക്കാതിരിക്കാനും

ജയിക്കാനുമുള്ള

പയറ്റാണ്. 


(050322)

Friday, 4 March 2022

ഓർമകൾ

കാലങ്ങളായി

പൊതിഞ്ഞുകെട്ടിവെച്ച

മുറിവുകളാണ്

ഓർമകൾ.

ചെറുതായാലും

മുറിപാടുകൾ 

മായില്ല,

നീറ്റലും.... 


(040322)

Thursday, 3 March 2022

പ്രിയ എലിയറ്റ്, ഏപ്രിലല്ല,മറിച്ച് മാർച്ചാണ് ക്രൂരൻ...

April is the cruelest month, breeding 

lilacs out of the dead land, mixing 

memory and desire, stirring 

dull roots with spring rain....

 - (THE WASTE LAND - TS ELIOT)


ഏപ്രിലാണ് ഏറ്റവും ക്രൂരമായ മാസമെന്നാണ് അമേരിക്കൻ കവിയായ ടി എസ് എലിയറ്റിന്റെ പക്ഷം. തരിശ്ശുഭൂമിയിൽ വൈലറ്റ് പൂവിടുന്ന  ലൈലാക്കുകൾ വിതയിടുന്ന, ഓ‍ർമകളും ആ​ഗ്രഹങ്ങളുമെല്ലാം ഇഴചേർത്ത്, ചത്തവേരുകൾ ജനിക്കുന്ന വസന്തമഴയുടെ ഏപ്രിൽ...

ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ആത്മീയവും അരാചകത്വവും നിറഞ്ഞ യൂറോപ്പിനെ തരിശ്ശുഭൂമിയായി അഥവാ ഒരു ശവപറമ്പായി ചിത്രീകരിച്ചാണ് എലിയറ്റ് വേസ്റ്റ് ലാന്റ് എന്ന കവിതയെഴുതിയത്. 5 ഭാ​ഗങ്ങളായി 400 ലേറെ വരികളുണ്ട് എലിയറ്റിന്റെ കവിതയിൽ. നിരവധി കഥാപാത്രങ്ങൾ സംഭാഷണശൈലിയിൽ പല ഭാഷകൾ - ​ഗ്രീക്കും ഇം​ഗ്ലീഷും സംസ്കൃതവുമെല്ലാം - ഉപയോ​ഗിച്ച് എഴുതിയ കവിത ഇം​ഗ്ലീഷിലെ എക്കാലത്തേയും മികച്ച എപ്പി​ഗ്രാഫാണ്. 

ഏപ്രിൽ ഏറ്റവും മനോഹരിയെന്ന ജെഫ്രി ചോസറിന്റെ ദ കണ്ടംപ്രററി ടെയിൽസിലെ വാദത്തെ തള്ളിയാണ് ടി എസ് എലിയറ്റ് തുടങ്ങിയത്. വെറുതെ ഏപ്രിലിനെ കുറ്റപ്പെടുത്തിയതല്ല എലിയറ്റ്.  ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏപ്രിലിൽ യൂറോപ്പ് ശവപറമ്പായി മാറിയതും കൃസ്തുവിന്റെ കുരിശുമരണം ഏപ്രിലിലായതും മാത്രമല്ല എലിയറ്റിനെകൊണ്ട് ഏപ്രിലിനെ ചീത്ത വിളിപ്പിച്ചത്. മറിച്ച് സ്വന്തം ജീവിതത്തിലെ ദാമ്പത്തിക പരാജയ ദുഖവും അതിന് ഒപ്പമുണ്ട്. എലിയറ്റ് വിവാഹമോചിതനായത് ഏപ്രിലിലാണ്. സ്വന്തം അനുഭവം കൂടിച്ചേർന്നപ്പോഴാണ് ഏപ്രിൽ ക്രൂരമാണെന്ന് എലിയറ്റ് പറയുന്നത്. 

സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പറഞ്ഞാൽ മാർച്ചല്ലേ ഏറ്റവും ക്രൂരൻ? മാ‍ർച്ചല്ലേ വേർപ്പാടിന്റെ വേദന കൂടുതൽ സമ്മാനിക്കുന്നത്?  വിദ്യാലയങ്ങളും കലാലയങ്ങളുമെല്ലാം മധ്യവേനലവധിക്കായി അടയ്ക്കുന്നതും കോഴ്സുകൾ കഴിഞ്ഞ് എല്ലാവരും പിരിയുന്നതുമെല്ലാം മാർച്ചിലാണ്. പ്രണയിച്ച് കൊതിതീരാത്തവർ വേദനയോടെ കോളേജിലെ മരത്തണലുകളോട് വിടപറയുന്നത് മാർച്ചിലാണ്. ക്യാമ്പസുകളിലെ വരാന്തകൾ ചിരിതമാശകൾ അകന്ന് പരീക്ഷയുടെ ചൂടിലേക്ക് വഴിതുറക്കുന്നതും മാർച്ചിലാണ്. സാമ്പത്തിക വർഷത്തിന്റെ അവസാനമെന്നത് മാത്രമല്ല, യാത്രയയപ്പുകളുടെ മാസം കൂടിയാണ് മാർച്ച്. കലാലയങ്ങളിൽ മാത്രമല്ല, ഔദ്യോ​ഗികജീവിതത്തിൽ നിന്ന് പലരും പടിയിറങ്ങുന്നതും മാർച്ചിലാണ്. ഓർമകളും ​ഗൃഹാതുരതയും കൂട്ടുചേരലുമെല്ലാം അവശേഷിപ്പിച്ചാണ് ഓരോരുത്തർ‌ക്കും മാർച്ച് പടിയിറങ്ങുന്നത്. 

മാർ‌ച്ച്, അനുഭവങ്ങളാൽ സമിശ്രമാണ്. കൂടിച്ചേരലും വേർപിരിയലുമെല്ലാം ചേർന്ന് സന്തോഷത്തിന്റേയും സങ്കടത്തിന്റേയും കണ്ണീ‍ർ പടർന്ന മാർച്ച്. കാത്തുനിന്നുള്ള കണ്ടുമുട്ടലുകളും തിരക്കേറിയ ന​ഗരപാതകളിലൂടെയുള്ള യാത്രയും നിറഞ്ഞചിരിയും നിറച്ച മാസമാണ് ഒരുവശത്ത് മാർച്ച്. മറുവശത്താകട്ടെ, വഴിതെറ്റി പെയ്ത മഴയുടെ നിറവിൽ നിന്ന് രക്ഷ തേടി പാതിനനഞ്ഞ് കടത്തിണ്ണയിൽ കയറി നിന്നവന്റെ നിരാശയുടെ അടരാണ്. ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ അവസാനം വിടരുമുമ്പേ കൊഴിഞ്ഞ പ്രണയത്തിന്റെ ചിതയെരിഞ്ഞ മാസം... ഉള്ളുകൊരുത്ത് വലിക്കുന്ന മഹാമൗനിയായി മാ‍ർച്ച് പിന്നെയും മുന്നിൽ കണ്ണുരുട്ടി നിൽക്കുമ്പോൾ എന്തിനെന്നറിയാത്ത ആധി നിറയുന്നു.

എല്ലാം അപൂർണമായ ഫെബ്രുവരിയുടെ ചുവടുപിടിച്ചെത്തിയ മാർച്ച് പക്ഷെ വിരാമം ചാ‍ർത്തുന്നുണ്ട് പലതിനും, ഒരിറ്റ് വേദനയോടെയെങ്കിലും..  

താഴ്വാരങ്ങളിൽ നിറയെ ഏതൊക്കെയോ പൂക്കൾ വിരിയാൻ തുടങ്ങവേ വെറുതെയെങ്കിലും എലിയറ്റിനെ ഒറ്റവാക്കിൽ തിരുത്തിപോവുകയാണ്..

ഏപ്രിലല്ല, മറിച്ച്, മാർച്ചാണ് ക്രൂരൻ....


Tuesday, 1 March 2022

താഴ്‌വരയിലെ പൂക്കൾ

പരാജയപ്പെട്ടവൻറ്റെ പ്രണയമാണ്
വിഷാദത്തിന്റെ താഴ് വാരങ്ങളിൽ
നിറയെ കവിതയായി പൂവിട്ടത് .
നിറം മങ്ങി, ഗന്ധമറ്റ് 
കണ്ണുനീരിൻറ്റെ
ഉപ്പുരസം പേറുന്ന പൂക്കൾ.
ഒറ്റപ്പെടലിന്റെ കയത്തിൽ
വീണതിനാലാവണം
ഒറ്റയ്ക്ക് നിൽക്കാനാവാതെ
ഒരൊറ്റ ഞെട്ടിൽ നിരവധി പൂക്കൾ
ഒരുമിച്ച് വിരിഞ്ഞത്.

(010322)