ഒന്നിച്ചൊരു ചാറ്റൽമഴയത്ത്...

ആദ്യമായി പ്രണയമഴ നനഞ്ഞത് എന്നാണെന്ന് ഓർമയുണ്ടോ? വിരലുകൾ പരസ്പരം കൊരുത്ത്, ചിണുങ്ങി ചിണുങ്ങിപ്പെയ്യുന്ന മഴ നനഞ്ഞ്, മഴയുടെ കുളിരിനെ പ്രണയത്തിൻറെ ചേർത്തുപിടിക്കൽകൊണ്ട് മറികടന്ന് നടന്നത്...! ഓർമകളിൽ നിന്ന് അങ്ങനെ വേഗത്തിലൊന്നും മാഞ്ഞ് പോകില്ല ആ ദിവസമൊന്നും. 

2004 മാർച്ച് 9, സമയം വൈകുന്നേരം നാലര. 
സ്ഥലം ബാംഗ്ലൂരിലെ ജെ പി നഗർ ഈസ്റ്റ് ഇൻഡിൽ നിന്ന് ജയദേവ ആശുപത്രിയിലേക്ക് നീങ്ങുന്ന റോഡരികിലെ നടപ്പാത. അന്ന് അവിടെ കാത്ത് നിൽക്കുമ്പോൾ അനുഭവിച്ച അതേ ഹൃദയമിടിപ്പ് ഇപ്പോഴും അതേ തീവ്രതയോടെ അറിയുന്നുണ്ട്. ഓഫീസ് വിട്ട് അവളെത്താൻ ഇനിയും സമയമെടുക്കും. അടുത്തുള്ള സിഫി നെറ്റ്കഫേയിൽ കയറി കുറച്ച്  നേരം ചിലവിട്ടു. സമയം പിന്നെയും ബാക്കി. പുറത്ത് വൈകുന്നേരങ്ങളിലെ തണുപ്പിൻറെ തീവ്രത കുറച്ച് ചെറിയ വെയിൽ തന്നെ. നേരമടുത്തപ്പോൾ കഫേയിൽ നിന്ന് പുറത്തിറങ്ങി നടപ്പാതയ്ക്ക് വശത്തെ കമ്പി വേലിയിൽ ചാരി നിന്നു. പിന്നെയും കുറേ മിനുട്ടുകൾ കടന്നുപോയി. ഇറങ്ങിയെന്ന് മൊബൈലിൽ എസ് എം എസ് എത്തിയതോടെ ഹൃദയമിടിപ്പും ഏറി തുടങ്ങി.

അസ്തമന സൂര്യൻറെ കിരണങ്ങളിലൂടെ നിഴലായി അവൾ കടന്നുവരുന്നത് ദൂരത്ത് നിന്നേ കണ്ടു. അടുത്തേക്ക് നടന്നുചെന്നു. അപ്പോഴേക്കും സമയം ആറ് പതിനഞ്ചുകഴിഞ്ഞിരുന്നു. ആദ്യമായി കൂട്ടുകാരാരുമില്ലാതെ പരസ്പരം കാണുന്നതിൻറെ സന്തോഷവും ആവേശവുമെല്ലാം ഇരുവരിലും നിറഞ്ഞുനിന്നു. 
അൽപനേരം കമ്പിവേലിയിൽ ചാരി നിന്ന് സംസാരം. പിന്നെ റോഡ് മുറിച്ച് കടന്ന് ബസ് സ്റ്റോപ്പിലേക്ക്. തിരക്കേറിയ റോഡ് മുറിച്ച് കടക്കവെ അവൾ കൈനിട്ടി. കൈപിടിച്ചപ്പോൾ ഇനിയിത് വിട്ടുകളയരുതെന്നായിരുന്നു മുന്നറിയിപ്പ്. 
കൈകോർത്തുള്ള ആദ്യത്തെ യാത്ര അവിടെ, ഈസ്റ്റ് എൻറിലെ റോഡിൽ നിന്ന് ആരംഭിച്ചു. ബസ് സ്റ്റോപ്പിലെത്തി എന്താണ് പരിപാടിയെന്ന് പരസ്പരം ചോദിച്ചു നിന്നു. തീരുമാനമില്ലെങ്കിൽ ഇന്ദിരാനഗറിലേക്കുള്ള ബസ് വന്നാൽ കയറി പോകുമെന്നായി ഭീഷണി. ഇന്ദിരാനഗറിലേക്കും ഹെബ്ബാളിലേക്കുമുള്ള ബസ്സുകൾ പിന്നെയും നിരവധി വന്നുപോയി. എന്നിട്ടും പ്ലാൻ ആയിട്ടില്ല. ഒടുവിൽ ഫോറം മാളിൽ പോകാമെന്ന് ധാരണയിലെത്തി. ബേംഗ്ലൂരിൽ അന്ന് പോകാൻ വേറെയേത് മാൾ!
ഓട്ടോയ്ക്ക് കൈകാട്ടി കയറി. ഓട്ടോ ബിടിഎമ്മും മടിവാളയും പിന്നിട്ട് കോരമംഗലയിലെ ഫോറത്തിലേക്ക്. എത്തുന്നതിന് മുമ്പേ മഴ ചാറാൻ തുടങ്ങി. മഴ തുടങ്ങിയതോടെ റോഡിലെ കുരുക്കും മുറുകി. ബ്ലോക്കായതോടെ ഫോറത്തിൻറെ മറുവശത്ത് ഇറക്കി ഓട്ടോക്കാരൻ മടങ്ങി. ചാറ്റൽ മഴയത്ത് ആദ്യം നേരെ ഓടി ബസ്റ്റോപ്പിൽ അഭയം തേടി. ബാഗിൽ നിന്ന് കുടയെടുത്തെങ്കിലും 'വേണ്ട, ഒരുമഴയൊക്കെ ഒരുമിച്ച് നനയാമെന്ന്' പറഞ്ഞ് കൈപിടിച്ച് അവൾ റോഡിലേക്ക് ഇറങ്ങി. ഒരുമിച്ചുള്ള ആദ്യ മഴയാത്ര.
ലാൻറ് മാർക്കിലെ ബുക്ക് ഷെൽഫുകൾക്കിടയിലും മറ്റും നടന്ന് പുസ്തകങ്ങളെകുറിച്ചും എഴുത്തുകാരെ കുറിച്ചുമെല്ലാം സംസാരിച്ചു നേരം പോയി. പുറത്തിറങ്ങിയപ്പോഴേക്കും മഴ ഒഴിഞ്ഞിരുന്നു. ആദ്യം കണ്ട ഓട്ടോയിൽ ഇന്ദിരാനഗറിലേക്ക്. കോർത്ത കൈവിടാതെ പലതും പറഞ്ഞ് ആ യാത്ര ഇന്ദിരാനഗറിലെത്തുമ്പോഴേക്കും സമയം ഒമ്പത് കഴിഞ്ഞിരുന്നു. ഓട്ടോയിറങ്ങി തെരുവ് വിളക്കുകളുടെ വെളിച്ചത്തിൽ അവൾ നടന്നകലുന്നതും നോക്കി നിന്നു. കാഴ്ച്ചയിൽ നിന്ന് മറഞ്ഞശേഷം അടുത്ത ഓട്ടോ കയറി ശിവാജി നഗർ ബസ് സ്റ്റാൻറിലേക്ക് ഞാനും. ബസ് ഇറങ്ങി നാഗ്വാരയിൽ നിന്ന് എച്ച് ബി ആർ ലേ ഔട്ടിലെ വീട്ടിലേക്ക് നടക്കുമ്പോൾ മറ്റൊരു മഴകൂടി ആകാശത്ത് പെയ്യാനുള്ള ഒരുക്കത്തിലായിരുന്നു...

Comments

Post a Comment