പതിനാറുകാരനായ ഗൌരവ് പഠിക്കുന്നത് തലസ്ഥാനത്തെ പേരുകേട്ട വിദ്യാലയത്തിലാണ്. സ്ക്കൂളിൽ പഠനത്തിലും പഠനേതരപ്രവർത്തനങ്ങളിലും മുമ്പൻ. അധ്യാപകർക്കും നാട്ടുകാർക്കുമെല്ലാം പ്രിയപ്പെട്ടകുട്ടി. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ഗൌരവിൻറെ മാതാപിതാക്കൾക്കിടിയൽ പ്രശ്നങ്ങൾ ആരംഭിച്ചു. പ്രശ്നങ്ങൾക്കൊടുവിൽ അവർ വേർപിരിഞ്ഞു. ഇതോടെ ഒറ്റപ്പെട്ട ഗൌരവ് സ്ക്കൂളിൽ പോകാതെ പാർക്കിലും ഷോപ്പിങ് മാളിലുമെല്ലാം കറങ്ങിനടക്കാൻ തുടങ്ങി. അങ്ങനെ കറങ്ങിനടക്കുന്നതിനിടെ പരിചയപ്പെട്ട ഒരു ചേട്ടൻ ഗൌരവിൻറെ ഒറ്റപ്പെടലിൽ കൂട്ടായി. അയാൾ അവനെ സിനിമകൾ കാണിക്കാൻ കൊണ്ടുപോയി. യാത്രകൾക്ക് കൊണ്ടുപോയി. അവൻറെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ തുടങ്ങി. വീട്ടുകാരിൽ നിന്ന് കിട്ടാത്ത സ്നേഹവും കരുതലും അയാളിൽ നിന്ന് അവൻ കണ്ടെത്തി. ഒറ്റപ്പെടലിന് ആശ്വാസമെന്ന പേരിൽ അയാൾ നൽകിയ മയക്കുമരുന്ന് ലഹരി പതിയെ ഗൌരവിനെ കീഴ്പ്പെടുത്തി. പണം തന്നാൽ മാത്രേ മയക്കുമരുന്ന് നൽകൂവെന്നായപ്പോൾ പണം കണ്ടെത്താനുള്ള വഴിയും അയാൾ തന്നെ ഗൌരവിന് പറഞ്ഞുകൊടുത്തു. ആദ്യം മോഷണം. പിന്നെ ലഹരി വിൽപ്പന. ഒടുവിൽ ലഹരിമരുന്ന് വിൽപ്പനയ്ക്കിടെ ഈ പതിനാറുകാരൻ എക്സൈസിൻറെ പിടിയിലായി...
ഇതിൽ കുട്ടിയുടെ പേര് മാത്രമാണ് സാങ്കൽപികം. കഥ സാങ്കൽപ്പികമല്ല. മയക്കുമരുന്ന് കേസിൽ എക്സൈസിൻറെ പിടിയിലായ കുട്ടി വിമുക്തിയിലെ കൌൺസിലറിനോട് പറഞ്ഞതാണ്.
ഗൌരവിൻറേതിന് സമാനമാണ് ലഹരികേസിൽ പിടിക്കപ്പെടുന്ന ഭൂരിഭാഗം കൌമാരക്കാരുടേയും കഥ. ചിലരുടെ കഥയിലെ വില്ലൻ കുടുംബത്തിലെ സാഹചര്യങ്ങളാണ്. ചിലർക്ക് ആഡംബരത്തോടുള്ള ഭ്രമം. മറ്റുചിലർക്കാവട്ടെ, കൂട്ടുകാരിൽ നിന്നുള്ള പ്രോത്സാഹനമോ പരിഹാസമോ ആണ്. പലപ്പോഴും ആരൊടൊക്കെയോ ഉള്ള വാശിയും നിരാശയും അല്ലെങ്കിൽ താൻ കേമനാണെന്ന് കൂട്ടുകാരുടെ മുന്നിൽ കാണിക്കാനോ ഉള്ള ശ്രമങ്ങളാണ് ലഹരിയുടെ കയത്തിലേക്ക് ചെറുപ്രായത്തിലെ ഇവരെ ഏടുത്തെറിയുന്നത്.
ആയിരക്കണക്കിന് ഗൌരവ്മാരുണ്ട് നമ്മുടെ സ്ക്കൂളുകളിൽ. ഹാൻസ്, പാൻപരാഗ് പോലുള്ള വീര്യം കുറഞ്ഞ പുകയില ഉത്പന്നങ്ങളിൽ തുടങ്ങി കഞ്ചാവും മദ്യവും കടന്ന് സിന്തറ്റിക്ക് – രാസലഹരികളിൽ എത്തിനിൽക്കുകയാണ് നമ്മുടെ കുഞ്ഞുതലമുറ. സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത് സംസ്ഥാനത്ത് മൊത്തത്തിൽ രജിസ്റ്റർ ചെയ്ത ലഹരി കേസുകളിൽ 120 ശതമാനം വളർച്ചയുണ്ടെന്നാണ്. അറസ്റ്റിലാകുന്നവരുടെ എണ്ണവും കൂടി.
കഴിഞ്ഞ ആറ് വർഷത്തിനിടെ സ്ക്കൂൾ കുട്ടികൾ പ്രതികളായ 69 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. അത്രയും വലിയ കേസുകൾ ആകുമ്പോൾ മാത്രമാണ് കുട്ടികൾക്കെതിര കേസ് രജിസ്റ്റർ ചെയ്യുന്നത്. അതേസമയം പ്രായപൂർത്തിയാവാത്തവർ പ്രതികളായ 284 കേസുകളാണ് ലഹരിക്കടത്തിന് രജിസ്റ്റർ ചെയ്തത്.
കേസുകൾ രജിസ്റ്റർ ചെയ്തത്
2020 – 4650 അറസ്റ്റ് 5674
2021 – 5334 അറസ്റ്റ് 6704
2022 – 16128 (ആഗസ്ത് വരെ) അറസ്റ്റ് 17834
എന്തുകൊണ്ട്, എങ്ങനെ നമ്മുടെ കുരുന്നുങ്ങൾ ലഹരിയുടെ വലയത്തിൽ എത്തിപ്പെടുന്നു.
“വളരെ കുഞ്ഞുപ്രായത്തിൽ തന്നെ കുട്ടികൾ മയക്കുമരുന്നിൻറെ ലോകത്ത് എത്തിപ്പെടുന്നുവെന്നതാണ് നമ്മളെ ആശങ്കപ്പെടുത്തുന്നത്. ദിനംപ്രതി നിരവധി കുട്ടികളെയാണ് വിമുക്തി സെൻററുകളും മറ്റും വഴി കൌൺസലിങ്ങിനായി എത്തുന്നത്.” വിമുക്തി മിഷൻ കോട്ടയം ജില്ലാ കോർഡിനേറ്ററായ വിനു വിജയൻ ദി ഐഡത്തോട് പറഞ്ഞു.
വിമുക്തിയുടെ ഡീഅഡിക്ഷൻ സെൻററിലെത്തിയവരും ലഹരി കേസുകളിൽ പിടിയിലായവരും ചൂഷണത്തിന് ഇരയായവരുമായ 600 പേർക്കിടയിൽ വിമുക്തി മിഷൻ കഴിഞ്ഞവർഷം നടത്തിയ സർവ്വേയിലെ കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്. പങ്കെടുത്ത 97 ശതമാനവും ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് ശതമാനം പ്രതികരിച്ചില്ല. കഞ്ചാവ് മുതൽ കൊക്കെയിനും ഹെറോയിനും എൽഎസ്ഡിയുമെല്ലാം ഉപയോഗിച്ചവരുണ്ട് ഇവരുടെ കൂട്ടത്തിൽ. ഇവരിൽ 7 ശതമാനം പേരും പിന്നീട് മയക്കുമരുന്ന് വിൽപ്പനക്കാരുമായി.
82 ശതമാനം പേർ കഞ്ചാവ്
7.5 ശതമാനം സൈക്യാട്രിക്ക് മരുന്ന്
6.5 ശതമാനം എൽഎസ്ഡി
2.1 ശതമാനം എക്സറ്റസി - MDMA
0.83 ശതമാനം ഹെറോയിൻ
0.83 ശതമാനം കൊക്കെയിൻ
0.24 ശതമാനം കറുപ്പ്
2.89 ശതമാനം ഹാഷിഷ്
64.66 ശതമാനം മദ്യം
75.66 ശതമാനം പുകയില ഉത്പന്നങ്ങൾ
25.5 ശതമാനം ഗുളികകൾ
7.5 ശതമാനം സെക്യാട്രിക്ക് മെഡിസിൻ
സർവ്വേ ഫലത്തിലെ ഞെട്ടിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായ കണ്ടെത്തൽ എത്രാമത്തെ വയസിലാണ് ഈ കുട്ടികൾ ലഹരിയുടെ ഉപയോഗം തുടങ്ങിയതെന്നാണ്. കളിപ്പാട്ടങ്ങളുമായി നടക്കേണ്ട പ്രായത്തിലാണ് നമ്മുടെ കുട്ടികളുടെ കൈകളിൽ ലഹരിഉത്പന്നങ്ങൾ എത്തിച്ചേരുന്നത്.
സർവ്വേയിൽ പങ്കെടുത്ത 9 ശതമാനം പേരും ആദ്യമായി ലഹരി ഉപയോഗിച്ചത് അഞ്ചിനും പത്തിനും ഇടയിലുള്ള പ്രായത്തിലാണ്.
“ചുണ്ടിനും പല്ലിനുമിടയിൽ തിരുകിവെയ്ക്കുന്ന കൂൾ എന്ന് പൊതുവേ വിളിക്കപ്പെടുന്ന പുകയിലഉത്പന്നങ്ങളാണ് അഞ്ചിനും പത്തിനുമിടയിലുള്ളവർ ഉപയോഗിച്ച് തുടങ്ങുന്നത്. പിന്നീട് ഇത് കഞ്ചാവിലേക്കും എംഡിഎംഎ പോലുള്ള വീര്യംകൂടിയ ലഹരിപദാർത്ഥങ്ങളിലേക്ക് വളരുന്നു. പതിനഞ്ചിനു മുകളിൽ പ്രായമുള്ള കൌമാരക്കാർക്കിടയിലാണ് മാരകമായ ലഹരികളുടെ ഉപയോഗം കൂടുതലായുള്ളത്”, വിനു വിജയൻ വിശദീകരിക്കുന്നു.
70 – പത്തിനും പതിനഞ്ചിനും ഇടയിൽ
20 – പതിനഞ്ചിനും പത്തൊൻപതിനും ഇടയിൽ
9 – അഞ്ചിനും പത്തിനുമിടയിൽ
1 – പത്തൊൻപതിന് ശേഷം
എന്താണെന്ന് അറിയാനുള്ള ആകാംക്ഷ മുതൽ വീട്ടിലെ അന്തരീക്ഷം വരെ കൂട്ടികളെ ലഹരി ഉപയോഗത്തിലേക്ക് തള്ളിവിടുന്ന കാരണങ്ങളാണ്. 78.1 ശതമാനം പേരും ജിജ്ഞാസകൊണ്ടാണ് ലഹരി ഉപയോഗിച്ച് തുടങ്ങിയത്. ദൂഷ്യഫലങ്ങൾ അറിയാതെ ഉപയോഗിച്ച് തുടങ്ങിയവരും ഏറെ. മാതാപിതാക്കളുടെ വിവാഹമോചനവും പിരിഞ്ഞുതാമസിക്കലുമെല്ലാം കുട്ടികളെ തെറ്റായവഴിയിലേക്ക് തള്ളിവിടുന്നു. ലഹരി ഉപയോഗിക്കുന്നതായി സമ്മതിച്ച എട്ട് ശതമാനത്തിലേറെയും പേർ മാതാപിതാക്കളുടെ വിവാഹബന്ധത്തിലെ വിള്ളൽകാരണമാണ് ലഹരി ഉപയോഗിക്കാൻ ആരംഭിച്ചത്. വീട്ടിൽ നിന്ന് കിട്ടാതെ വരുന്ന കരുതലും സ്നേഹവും നൽകി അടുത്തുകൂടുന്ന പുതിയ പരിചയക്കാരോ കൂട്ടുകാരോ ആണ് ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുത്തത്.
“വീടുകളിൽ നിന്നാണ് പലകുട്ടികളുടേയും പ്രശ്നങ്ങൾ ആരംഭിക്കുന്നത്. വീട്ടുകാരെ ബോധവത്ക്കരിക്കുകയെന്നത് വളരെ പ്രധാനമാണ്. പലപ്പോഴും കുട്ടി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് അധ്യാപകരോ എൻഫോഴ്സ്മെൻറ് ഏജൻസികളോ വീട്ടുകാരെ അറിയിക്കുമ്പോൾ സ്വന്തം കുട്ടി അങ്ങനെ ചെയ്തുവെന്ന് അംഗീകരിക്കാൻ അവർ തയ്യാറാവില്ല. അത് അംഗീകരിക്കാതെയിരുന്നിട്ട് കാര്യമില്ല. അംഗീകരിച്ചാൽ മാത്രമേ മുന്നോട്ടുള്ള മുൻകരുതലെടുക്കാൻ കഴിയൂ. രക്ഷകർത്താക്കളെ ബോധവത്ക്കരിക്കാനുള്ള പദ്ധതികൾ എക്സൈസ് വകുപ്പ് ഇപ്പോൾ നടപ്പാക്കുന്നുണ്ട്. സ്ക്കൂളിലെ അധ്യാപകർക്ക് തന്നെ പരിശീലനം നൽകിയാണ് ഈ ക്ലാസുകൾ കൊടുക്കുന്നത്. കുടുംബത്തിൽ തന്നെ ഏതെല്ലാം കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അവർക്ക് മനസിലാക്കികൊടുക്കലാണ് ഇതിൻറെ ലക്ഷ്യം.” എക്സൈസ് വകുപ്പ് അഡീഷണൽ കമ്മീഷണറും വിമുക്തി മിഷൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡി രാജീവ് ദി ഐഡത്തോട് പറഞ്ഞു.
78.1 ശതമാനം ജിജ്ഞാസ കൊണ്ടുപയോഗിച്ചവർ
12 ശതമാനം ദൂഷ്യഫലം അറിയാതെ ഉപയോഗിച്ചവർ
8.3 ശതമാനം മാതാപിതക്കളുടെ ഡിവോഴ്സ് – സെപറേഷൻ മൂലം
1.3 ശതമാനം പ്രശ്നപരിഹാരം കണ്ടെത്താനാവാതെ
0.3 ശതമാനം നാണം മറികടക്കാൻ
51.5 ശതമാനം സന്തോഷം കണ്ടെത്താൻ
15.16 ശതമാനം ഡ്രഗിനോടുള്ള പൊസിറ്റീവ് അറ്റിറ്റ്യൂഡ്
7 ശതമാനം സാമ്പത്തികപ്രശ്നങ്ങൾ
6 ശതമാനം മാനസികപ്രശ്നങ്ങൾ
4.8 ശതമാനം സിനിമകളുടെ സ്വാധീനം
2 ശതമാനം ആത്മാർത്ഥത കുറവ്
1.66 ശതമാനം വിനോദോപാധികൾ ഇല്ലാത്തതിനാൽ
ഭൂരിഭാഗം പേരും സിഗരറ്റ്, ഹാൻസ് പോലുള്ള പുകയില ഉത്പന്നങ്ങളിലാണ് ആരംഭം കുറിച്ചത്. മദ്യവും കഞ്ചാവും ഉപയോഗിച്ച് ലഹരിയുടെ ലോകത്തേക്ക് പ്രവേശിച്ചവരും ഒട്ടും കുറവല്ല. നല്ലൊരുശതമാനം പേരും ഇവയ്ക്കൊപ്പം മദ്യവും ഉപയോഗിക്കുന്നവരാണ്. 72.33 ശതമാനം പേരും സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയത്
കുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ എത്തിച്ചുകൊടുക്കുന്നവരിൽ ബന്ധുക്കൾ വരെയുണ്ട്. വിലക്ക് ലംഘിച്ച് വീടിനും സ്ക്കൂളിനും അടുത്തുള്ള കടകളിൽ നിന്നും ഇവർക്ക് മയക്കുമരുന്ന് ലഭിക്കുന്നുണ്ട്. (കാർഡ് 5)
5 ശതമാനം കുടുംബാംഗങ്ങളിൽ നിന്ന്
79 സുഹൃത്തുക്കൾ
3 ശതമാനം അയൽവാസികൾ
7 ശതമാനം മുതിർന്ന വിദ്യാർത്ഥികൾ
4 ശതമാനം വീടിനടുത്ത കടകളിൽ നിന്ന്
2 ശതമാനം സ്ക്കൂളിനടുത്തുള്ള കടകളിൽ നിന്ന്
“കടകളിൽ നിന്ന് കുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ നിയമവിരുദ്ധമായി വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് അനധികൃതമായി സൈക്ക്യാട്രിക്ക് മരുന്നുകൾ വ്യാപകമായി കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ഇത് തടയാൻ കർശന നടപടികളാണ് വകുപ്പ് സ്വീകരിക്കുന്നത്. അങ്ങനെ നൽകുന്ന കടകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ പലയിടത്തും സ്വീകരിച്ചിട്ടുണ്ട്.” ഡി രാജീവ് വ്യക്തമാക്കി.
സൌജന്യമായി ലഭിച്ചിരുന്ന ലഹരിക്ക് പണം നൽകേണ്ടിവരുന്നതോടെ കാശിനായി ഇവർ മറ്റ് കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നു. മോഷണം മുതൽ ലഹരി വിൽപ്പനയും മറ്റ് ക്വട്ടേഷൻ ഏർപ്പാടുകളും വരെ ഇത് നീളും.
“വീടിന് പുറമെ സ്ക്കൂളിലെ വസ്തുവകകൾ വരെ മോഷ്ടിച്ച് വിറ്റാണ് പലരും മയക്കുമരുന്ന് വാങ്ങാനുള്ള പണം കണ്ടെത്തിയിരുന്നത്. ഭിത്തി തുരന്ന് സക്കൂളിലെ ഇലക്ട്രിക്ക് വയർവരെ മോഷ്ടിച്ച് വിറ്റസംഭവം അടക്കമുണ്ടായിട്ടുണ്ട്. ലഹരി അഡിക്ഷനായി മാറികഴിഞ്ഞാൽ പിന്നീട് അത് ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കുട്ടികൾ എത്തിപ്പെടും. ഇതാണ് ലഹരി വിൽപ്പനക്കാരും ചൂഷണം ചെയ്യുന്നത്. ചെറിയ ചെറിയ മോഷണത്തിൽ തുടങ്ങി പിന്നീട് കാരിയറും വിൽപ്പനക്കാരുമായും ഇവർ മാറും.“ വിനു വിജയൻ
പലതവണ മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിയിലായ നിരവധി പേരുണ്ട്. ഇവരിൽ പലരും പിന്നീടും മയക്ക് മരുന്ന് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്തിട്ടുണ്ട്. അഡിക്ഷന് പുറമെ ഭയവും ഇതിന് ഒരു കാരണമാണ്.
“ഉപയോഗിക്കുന്ന എല്ലാവരും കാരിയർമാരല്ല. ഉപയോഗിക്കുന്നവരിൽ പെൺകുട്ടികളടക്കമുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കുന്നവരെ കണ്ടെത്തി അവർക്ക് വേണ്ടുന്ന കൌൺസലിങ് നൽകി സാധാരണജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനൊപ്പം തന്നെ ഇവരുടെ സഹായത്തോടെ ഇവർക്ക് മയക്കുമരുന്ന് നൽകുന്നവരെ കണ്ടെത്താനും എക്സൈസ് വകുപ്പിന് സാധിക്കുന്നുണ്ട്.” ഡി രാജീവ് വിവരിക്കുന്നു.
പിടിയിലായ ഭൂരിഭാഗം പേരും ഇത് ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചുവെന്നത് ഗൌരവകരമായ സംഗതിയാണ്. തങ്ങളുടെ പ്രവൃത്തിയിൽ കുറ്റബോധമുള്ളവരുമാണ് ഇവരിൽ ഭൂരിഭാഗവും.
നമ്മുടെ കുരുന്നുങ്ങളെ ലഹരിയുടെ നീരാളിപിടുത്തത്തിൽ നിന്ന് രക്ഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ വീട്ടുകാർക്കും സമൂഹത്തിനും ചിലത് ചെയ്യാനുണ്ട്. കുട്ടികൾ ലഹരിക്ക് അടിമയാകുന്നുവെന്നറിയുമ്പോൾ സമൂഹം എന്ത് ചിന്തിക്കുമെന്നോർത്ത് വേവലാതിപെടാതെ വേണ്ട നടപടികൾ സ്വീകരിക്കാൻ വീട്ടുകാർ തയ്യാറാകണം. വഴിതെറ്റിപോകുന്ന കുട്ടികൾ തെറ്റ് തിരുത്തി വരുമ്പോൾ വീട്ടുകാർക്കൊപ്പം സമൂഹവും അവരെ ചേർത്ത് നിർത്തണം. നല്ല നാളേക്കായി, നല്ല തലമുറയ്ക്കായി അവരെ വഴിതെറ്റിക്കുന്ന ശക്തികൾക്കെതിരെ ഒന്നിച്ച് നിൽക്കണം.
..............
The AIDEM ൽ പ്രസിദ്ധീകരിച്ച ലേഖനം. ഇവിടെ വായിക്കാം
ലഹരി കുടുക്കിൽ കുരുന്നുകൾ