പൊട്ടാൻ വിതുമ്പുന്ന മേഘങ്ങൾ

ചുറ്റിലും ആകാശനീല. പഞ്ഞിക്കെട്ടുകൾ വാരിവലിച്ചിട്ടത് പോലെ മേഘകൂനകൾ. ബൊംബാഡിയർ വിമാനത്തിൻറ്റെ വലിയ ബ്ലേഡ് വായുവിനെ വെട്ടിക്കീറി കറങ്ങുന്നു. നീട്ടിപിടിച്ച ചിറകിനറ്റത്ത് ഒരു ചെറുവെളിച്ചം മിന്നുന്നുണ്ട്. 

മേഘങ്ങൾക്ക് മുകളിലാണോ കീഴിലാണോ ഇടയിലാണോ ഇപ്പോൾ? ഇതെല്ലാം മാറിമാറി വരുന്നുണ്ട് . ഈ ആകാശ യാത്രയിൽ യന്ത്രപറവയുടെ വലിയവയറിനകത്ത് സുരക്ഷിതമാണെന്ന് വേണമെങ്കിൽ ആശ്വസിക്കാം. 

ചെന്നൈയിൽ നിന്ന് ആന്ധ്രയിലെ രാജമുന്ദ്രിയിലേക്കാണ് പറക്കുന്നത്. രാജമഹേന്ദ്രവരം എന്ന രാജമുന്ദ്രി. ഗോദാവരിയുടെ മനോഹരതീരം. കൃഷിപ്പാടങ്ങൾ ആണ് രാജമുന്ദ്രിയിൽ നിറയെ. കാർഷികവൃത്തിയേക്കാൾ മഹത്തരമായത് മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്നവരാണ് രാജമുന്ദ്രിയിലെ ഗ്രാമീണർ. പുതുതലമുറയും മറ്റ് തൊഴിലിനൊപ്പം കൃഷിയെയും നെഞ്ചോട് ചേർക്കുന്നവരാണ്.

ആനന്ദിക്കാനോ ആസ്വദിക്കാനോ ആകുന്നില്ലെങ്കിലും ഈ യാത്ര മറ്റൊരാളുടെ ഓർമയിൽ എന്നും നിറഞ്ഞുനിൽക്കുന്നതാവുമെന്നുറപ്പ് . അനന്തരവൾ ദ്രിതുവിൻറ്റെ ആദ്യത്തെ ആകാശയാത്ര. ആകാംക്ഷയേക്കാൾ പേടിയാണ് അവൾക്ക്. ബാംഗ്ലൂരിലെ ഏതോ മോളിലെ റൈഡിൽ കയറിയപോലത്തെ അനുഭവമാകുമോയെന്ന്. വിമാനം പറന്നുയരുന്ന കാഴ്ച്ചകാണുമ്പോഴേ അവളുടെ കണ്ണുകളിൽ ആ അന്താളിപ്പ് ദൃശ്യമായിരുന്നു. വിൻഡോ സീറ്റ് വേണമെന്ന് ആഗ്രഹം പങ്കുവെച്ചപ്പോൾ ഇല്ലെന്ന് ബോർഡിങ് പാസ് നൽകുന്ന ഇൻഡിഗോ സ്റ്റാഫ് പറഞ്ഞത് വലിയ നിരാശയായി. പക്ഷെ കയറിയപ്പോൾ ലഭിച്ചത് രണ്ട് വിൻഡോ സീറ്റുകൾ. റൺവേയിൽ ഇരമ്പി വിമാനം കുതിച്ചതോടെ ഹൃദയം മേലോട്ട് പോയത് പോലെയെന്ന് ദ്രിതു. 



പക്ഷെ അന്താളിപ്പും പേടിയുമെല്ലാം വൈകാതെ മാറി. പറന്നുയർന്നതും ജാലകത്തിലൂടെ ദൃശ്യങ്ങൾ പകർത്തലായി. അവളുടെ ആദ്യവിമാനയാത്ര മാത്രമല്ല, ബസ്സ് യാത്രകൂടിയായിരുന്നു ഇത്. ബോർഡിങ് ഗേറ്റിൽ നിന്ന് വിമാനത്തിൻറ്റെ ഗോവണിവരേയുള്ള ദൈർഘ്യം കുറഞ്ഞ, എന്നാൽ ജീവിതാന്ത്യം വരേയും ദൈർഘ്യമുള്ള ഓർമയുടെ യാത്രകൾ. 

ഭൂമിയിൽ നിന്ന് 1700 അടി ഉയരത്തിലാണ് ഇപ്പോൾ. മേഘത്തിനുള്ളിലൂടെയാണ് ഇപ്പോൾ പായുന്നത്. പ്രപഞ്ചത്തിലെ ഏറ്റവും അപകടകാരിയായ ജലത്തെ ഉള്ളിലൊളിപ്പിച്ച മേഘങ്ങൾ. ഒന്നുപൊട്ടിത്തെറിച്ചാൽ പിന്നെ നിർത്താതെ പെയ്യുന്ന പേമാരിയാകും, പ്രളയമാകും. ആ കുത്തിയൊലിക്കലിൽ സർവ്വതും ഇല്ലാതാകും...

മനസ്സ് പോലെതന്നെയാണ് മേഘങ്ങളും. എപ്പോളാണ് വിസ്ഫോടനമെന്നത് മാത്രം പ്രവചിക്കാനാവുന്നില്ല... 

.....

(191022)


Comments