സൌഹൃദത്തെകുറിച്ചാണ്, സുഹൃത്തുക്കളെക്കുറിച്ചാണ്.
ഒരു സുഹൃത്ത് എപ്പോഴാണ് നല്ല സുഹൃത്താവുന്നത്
പരിചയക്കാരുടെ വലിയ പടതന്നെയുണ്ട്. പക്ഷെ ഇവരിൽ എത്രപേർ സുഹൃത്തുക്കളാണ് എത്രപേർ ആത്മസുഹൃത്തുക്കളാണ് ജീവിതത്തിലെ ഓരോ സാഹചര്യങ്ങളാണ് കണക്കെടുപ്പിലേക്ക് നയിക്കുന്നത്.
പടിയിറങ്ങാത്ത ചിന്തകൾക്കിടയിൽ കഴിഞ്ഞുപോയ കാലത്തെ സൌഹൃദങ്ങളെ ഒന്നിഴകീറീ നോക്കി. കഴിഞ്ഞ കുറച്ച് കാലങ്ങൾക്കിടിയിൽ സൌഹൃദപട്ടികയിലേക്ക് നിരവധിപേർ കടന്നുവന്നിട്ടുണ്ട്. ഇവരിലെല്ലാവരും സുഹൃത്തുക്കൾ തന്നെയാണോ എന്നതായിരുന്നു ചിന്ത.
കംഫർട്ടബിൾ ആണെന്ന ബോധ്യം വരാതെ പരിചയക്കാരിൽ നിന്ന് അത്രവേഗത്തിലൊന്നും സൌഹൃദപട്ടികയിലേക്ക് ആളുകളെ പൊതുവെ തിരുകികയറ്റാറില്ല. അബദ്ധത്തിൽ അങ്ങനെ പ്രൊമോട്ട് ചെയ്യപ്പെട്ടവരെയെല്ലാം മുമ്പും തരംതാഴ്ത്തിയിട്ടുണ്ട്. അങ്ങനെ പുതുക്കിയ പട്ടികയിൽ നിന്ന് ആരെയെങ്കിലും തരംതാഴ്ത്തേട്ടണ്ടതുണ്ടോയെന്നതായിരുന്നു ആലോചന.
സുഹൃത്ത് എന്നാൽ നിങ്ങൾ എന്തുചെയ്താലും കയ്യടിക്കുന്നവരല്ല. വിമർശിക്കേണ്ടതിനെ വിമർശിച്ചും തെറ്റുപറ്റുന്നുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടി തിരുത്തിക്കുന്നവനുമാണ്. പലപ്പോഴും നമ്മൾ നമ്മുടെ താങ്ങായും തണലായും കാണുന്നത് അവരെയായിരിക്കും. പലപ്പോഴും നമ്മുടെ മൂഡ് സ്വിങുകൾക്ക് ഇരയാകുന്നതും തിരികെപിടിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുക സുഹൃത്തുക്കളാണ്. അകലെയിരുന്നാലും അടുത്തിരുന്നാലും നമ്മെ മനസിലാക്കി, നമ്മുടെ തെറ്റുകൾ തിരുത്താൻ സഹായിച്ച് കൈപിടിക്കുന്നവരാണ് അവർ.
സമീപകാല അനുഭവങ്ങളിലൂടെ പോകുമ്പോൾ ചിലത് തിരിച്ചറിയുന്നു. നമ്മൾ ചെയ്യുന്നത് തെറ്റാണ് എന്ന് തിരിച്ചറിഞ്ഞിട്ടും അത് ശ്രദ്ധയിൽപ്പെടുത്താതെ ആ തെറ്റ് മറ്റുള്ളവരെ വേദനിപ്പിക്കുന്നത് അടുത്തുനിന്ന് കണ്ടിട്ടും നമ്മോട് ഒരു വാക്ക് പോലും പറയാത്ത – പറയാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉള്ളവർ തന്നെ – ചില സപഹൃത്തുക്കളെ കണ്ടു. നമ്മോട് പറയാതെ നമ്മുക്ക് അറിഞ്ഞോ അറിയാതെയോ പറ്റിയ തെറ്റിനെ വിമർശിച്ച് മറ്റുള്ളവരോട് ഇവർ ആവർത്തിക്കുന്നുവെന്ന് കൂടിയാകുമ്പോൾ അത് എത്രമാത്രേ വേദനാജനകമായിരിക്കും. ഒരുപക്ഷെ എന്തെങ്കിലും വ്യക്തിതാൽപര്യമോ അല്ലെങ്കിൽ തെറ്റിദ്ധാരണയോ അതുമല്ലെങ്കിൽ മറ്റെന്തിങ്കിലും കാരണങ്ങളോ കാണുമായിരിക്കും. എന്തുകൊണ്ടാണ് അങ്ങനെ പെരുമാറിയതെന്ന് ചോദിക്കാൻ പോലും ശ്രമിക്കാതെ അവരെങ്ങനെയാണ് നമ്മളെ ജഡ്ജ് ചെയ്യുന്നത്. എന്ത് സാഹചര്യത്തിലാണ്, ഏത് അവസ്ഥയിലാണ് അങ്ങനെ പെരുമാറേണ്ടിവന്നതെന്ന് ചോദിക്കാൻ പോലും തയ്യാറാകാതെ വിധിയെഴുതുന്നതിനെ സൌഹൃദമെന്ന് വിളിക്കാനാവില്ല. ഒരുവശത്ത് നമ്മളെ തള്ളുകയും മറുവശത്ത് നമ്മളോട് ചിരിച്ച് സംസാരിക്കുകയും ചെയ്യുന്നത് ഓരേസമയം അഭിനയവും വഞ്ചിക്കലുമാണെന്ന് കരുതിയാൽ അതിനെ തെറ്റെന്ന് പറയാനാവുമോ. പല പാതിരാകളിലും ഇവരുടെയെല്ലാം വ്യക്തിപരമായ സങ്കടങ്ങളിൽ കൂട്ടിരുന്നത് പോലും അവർ പക്ഷെ സൗകര്യപൂർവ്വം മറന്നു.
എല്ലാ സൌഹൃദങ്ങളും അങ്ങനെയല്ല. ലോകത്തിൻറെ വിവിധ ടൈം സോണിലിരുന്ന് ചേർത്ത് പിടിക്കുന്ന ഒരുപിടി സുഹൃത്തുക്കളുമുണ്ട്. ഏറ്റവും കഠിനമായ സാഹചര്യത്തിലും മുന്നോട്ട് കൈപിടിച്ച് നടത്തുന്ന ചിലർ. വിഷാദത്തിൻറെ ചതിക്കുഴിയിൽ വീണ് ഉറക്കവും മനസിൻറെ കടിഞ്ഞാണും നഷ്ടപ്പെട്ട് കരച്ചിലടക്കാൻ പാടുപെട്ടപ്പോൾ രാവ് പുലരും വരെ കൂട്ടിരിക്കുന്നവർ, ഒപ്പം കരഞ്ഞുപോയവർ. എല്ലാ ഒരുക്കങ്ങളും ചെയ്ത് യാത്രയ്ക്ക് പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നവർ. മാറിനിൽക്കാൻ നിർബന്ധിക്കുന്നവർ (മേൽവിലാസം മാറിയാലും മാറാത്ത ഓർമകളെ പക്ഷെ എന്ത് ചെയ്യാൻ). സൈക്കോളജിസ്റ്റുകളേയും സെക്യാട്രിസ്റ്റുകളേയും വിളിച്ച് എനിക്ക് വേണ്ടി സംസാരിക്കുകയും അപോയിൻറ്മെൻറുകൾ ഫിക്സ് ചെയ്തുമെല്ലാം മുറുക്കെ പിടിച്ചവർ. ഒരുപക്ഷെ എൻറെ ദേഷ്യത്തിൻറെ ഏറ്റവും വലിയ ഇരകളായിരുന്നവരും ഇവർതന്നെയാകണം. മുൻവിധികളില്ലാതെ നേരിട്ട് വന്ന് സംസാരിച്ച് ആർതൽ പകർന്നവർ, (മുൻവിധിയോടെ വന്ന് സംസാരിച്ച് ആ മുൻവിധിയിൽ തന്നെ ഉറച്ച് നിന്നവരും ഉണ്ട്) മറുപടി ലഭിച്ചേക്കില്ലെന്നറിഞ്ഞും സംസാരിച്ചേക്കില്ലെന്നറിഞ്ഞും മെസേജ് അയച്ചും കോൾ ചെയ്തും ഒപ്പം നിന്നവർ, ഒട്ടും പരിഭവമില്ലാതെ ഇപ്പോഴും അവർ എനിക്കുചുറ്റും ഭ്രമണം ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്. ഇനിയും തുറന്ന് വായിച്ചിട്ടില്ലാത്ത നിങ്ങളുടെ സന്ദേശങ്ങൾക്കെല്ലാം മറുപടി ഒരിക്കൽ തന്നിരിക്കും, ഉറപ്പ്...
ഇവർ വെറും സുഹൃത്തുക്കളല്ല. ആത്മസുഹൃത്തുകളെന്നതിനും അപ്പുറമാണ്. പക്ഷെ ആദ്യം പറഞ്ഞവർ, നിങ്ങൾ എൻറെ സുഹൃത്തുക്കളല്ല. ഇനിയും നമ്മൾ കണ്ടേക്കാം, സംസാരിച്ചേക്കാം, ഒരു മേശക്കപ്പുറമിപ്പുറമിരുന്ന് ചായകുടിച്ചേക്കാം. നിങ്ങൾ എന്തെങ്കിലും സംശയമോ സഹായമോ തേടി വന്നേക്കാം, തീർച്ചയായും സഹായിക്കും. പക്ഷെ അപ്പോഴും നിങ്ങൾ എൻറെ സുഹൃത്തുക്കളായിരിക്കില്ല. നിങ്ങളോട് വിരോധമോ പരിഭവമോ ദേഷ്യമോ വെറുപ്പോ ഒന്നുമില്ല. ഒരുപക്ഷെ എൻറെ തെറ്റിദ്ധാരണയുമായിരിക്കാം. നിങ്ങൾക്ക് അതുകൊണ്ട് ഒരുചുക്കും സംഭവിക്കില്ലെന്ന് അറിയാം പക്ഷെ തൽക്കാലം തിരുത്താൻ ആവില്ല.
😍😘
ReplyDelete❤️
ReplyDelete♥️
ReplyDelete