വിനോദ്
പ്രായം ഒരു 25 - 26 വരും. നല്ല ഉയരവും തടിയുമുള്ള ഒത്തശരീരം. സ്വദേശം പാലക്കാട്.
ഇരുപത്തിയാറ് വർഷങ്ങൾക്ക് മുമ്പത്തെ ഒക്ടോബറിലാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ
പുരുഷൻമാരുടെ വാർഡിൽ വെച്ചാണ് വിനോദേട്ടനെ ആദ്യമായും അവസാനമായും കണ്ടത്. ജീവിതത്തിലെ
ഏറ്റവും ദൈർഘ്യവും കഠിനവുമായ മറ്റൊരു ആശുപത്രിവാസക്കാലത്ത്.
പുന്നയൂർക്കുളത്തെ ശാന്തി നഴ്സിങ് ഹോമിൽ നിന്ന് റഫർ ചെയ്ത് മെഡിക്കൽ
കോളേജിലെ വാർഡിലേക്ക് എത്തിച്ചപ്പോൾ മുതൽ കാണുന്നുണ്ട് വിനോദേട്ടനെ. ചിരിച്ചുകൊണ്ട്
വീൽചെയറിൽ നിന്ന് എന്നെ കട്ടിലിലേക്ക് എടുത്തുകിടത്താൻ നഴ്സുമാരെ സഹായിക്കാൻ
എത്തിയപ്പോഴാണ് ആദ്യമായി കണ്ടത്. എൻറേതിൽ നിന്ന് രണ്ട് കട്ടിലപ്പുറത്താണ് വിനോദേട്ടൻറെ
ഇടം. ആ വാർഡിലെ എല്ലാകട്ടിലിലേയും രോഗികളുടെ അടുത്തെല്ലാം ഓടിയെത്തി ചിരിച്ചുകൊണ്ട്
അവർക്ക് വേണ്ട സാധനങ്ങളെല്ലാം വാങ്ങിക്കൊടുക്കും. രാവിലെ ബ്രഡും മുട്ടയും പാലുമെല്ലാം
എടുത്തുകൊടുക്കാൻ നഴ്സുമാർക്കും അറ്റൻറർമാർക്കുമെല്ലാം സഹായവുമായി ആ വാർഡിലെങ്ങും
നിറഞ്ഞുനിൽക്കുകയാണ് വിനോദ്. അവിടെ ഒരു വാർഡ് തിരഞ്ഞെടുപ്പ് നടത്തിയാൽ എതിരില്ലാതെ
തന്നെ വിനോദ് തിരഞ്ഞെടുക്കപ്പെടുമെന്നുറപ്പ്.
വിനോദേട്ടനെ കാണാൻ കാര്യമായ ആരും വന്നുകണ്ടിട്ടില്ല. കൂട്ടിന് ഒരു സുഹൃത്ത്
മാത്രം. പേര് സുരേഷ് എന്നോ അശോകൻ എന്നോ മറ്റോ ആണ്. കൃത്യമായി ഓർമയില്ല. ചിലദിവസങ്ങളിൽ
രാവിലെ പോകുന്ന ചേട്ടൻ വൈകുന്നേരമാകുമ്പോഴേക്കും കൂട്ടിരിക്കാൻ എത്തും. ഞാൻ
എത്തുന്നതിനും ഒരാഴ്ച്ചമുമ്പാണ് വിനോദേട്ടൻ എത്തിയത്. ഉച്ചക്ക് ഭക്ഷണം
വാങ്ങിത്തരാനും ചായവാങ്ങിക്കൊണ്ടുത്തരാനുമെല്ലാം വിനോദേട്ടൻ അമ്മയ്ക്ക് സഹായമായി.
ചിരിച്ചും ചിരിപ്പിച്ചും ഓടി നടക്കുന്ന വിനോദേട്ടനെന്താണ് അസുഖം.. അമ്മ ചോദിച്ചപ്പോൾ
ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് പറഞ്ഞ് വിനോദേട്ടൻ പൊട്ടിചിരിച്ചത് ഇപ്പോഴും
തെളിഞ്ഞുനിൽപ്പുണ്ട്. ഒന്നല്ലത്രേ ഒമ്പത് വട്ടമാണ് ശ്രമിച്ച് പരാജയപ്പെട്ടതെന്ന് കൂട്ടിനിരുന്ന
ചേട്ടനാണ് പറഞ്ഞത്. ചിരിച്ചുകൊണ്ട് തന്നെ വിനോദേട്ടൻ അപ്പോഴും ഇരുന്നു. എന്തിനാണ്
ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഒരു ചേച്ചിയുടെ റോളെടുത്ത് അമ്മയുടെ ഉപദേശം.
വിനോദേട്ടന് വീട്ടിൽ അമ്മയും അച്ചനും ഒരു ചേച്ചിയും ചേട്ടനും അനിയത്തിയുമുണ്ട്.
അച്ചനും അമ്മയും അധ്യാപകർ. ചേട്ടനും ചേച്ചിയും ജോലിക്കാർ തന്നെ. അനുജത്തി
പഠിക്കുന്നു. വിനോദേട്ടൻ പിജി ഒക്കെ കഴിഞ്ഞ് ഏതോ ബാങ്കിലോ മറ്റോ ജോലിയൊക്കെ ഉള്ള
ആളാണ്. സാമ്പത്തിക പ്രശ്നമോയില്ല. എന്നിട്ടും എന്താണ് പ്രശ്നം. അഹങ്കാരമാണെന്ന്
കൂട്ടുകാരൻ. തല്ലുകൊള്ളാത്ത അസുഖമെന്ന് അമ്മ. അക്കാലത്ത് കടം കേറിയും പ്രണയനൈരാശ്യംമുലവുമാണ്
ആളുകൾ മരിക്കുന്നതെന്നായിരുന്നു കേട്ടിട്ടുള്ളതത്രയും. സ്വയം മരിക്കാൻ മറ്റ്
കാരണങ്ങൾ പതിനാലുകാരൻറെ അറിവിൽ ഇല്ല. പലതവണയായി വിഷവും ഗുളികകളുമെല്ലാം കഴിച്ച്
മരുന്നുകളുടെ പാർശ്വഫലത്തെ തുടർന്ന് പലതരം അസുഖങ്ങൾ ഉണ്ടത്രേ വിനോദേട്ടന്. അതെല്ലാം
കാരണം ഡോക്ടർ ഡിസ്ചാർജ് കൊടുക്കുന്നില്ലത്രേ.
ദിവസങ്ങളോളം നീണ്ട മെഡിക്കൽ കോളേജ് വാസത്തിനൊടുവിൽ വീട്ടിലേക്ക്
മടക്കുമ്പോൾ യാത്രയാക്കാനായി പുറത്ത് കാറുവരെ വന്നു വിനോദേട്ടൻ. ഇനി
ആത്മഹത്യയൊന്നും ചെയ്യരുതെന്ന് അമ്മ ഉപദേശിക്കുമ്പോൾ നല്ലകുട്ടിയായി കാണണം എന്ന് പറഞ്ഞപ്പോഴും
ആദ്യം കണ്ടപ്പോഴത്തെ അതേ നിറചിരിതന്നെ മുഖത്ത്.
വീട്ടിലേക്ക് മടക്കിയശേഷവും മാസങ്ങളോളം വീട്ടിൽ തന്നെ മരുന്നും ചികിത്സയുമായി
കഴിയുന്നതിനിടെ ഒരിക്കൽ വിനോദേട്ടൻ വിളിച്ചിരുന്നു. പിന്നീട് പക്ഷെ ഒരിക്കലും വിളിച്ചിട്ടില്ല.
പലപ്പോഴും വിനോദേട്ടൻ മനസിലേക്ക് ഓടിയെത്താറുണ്ട്. ആത്മഹത്യ വാർത്തകൾ
കേൾക്കുമ്പോൾ, ഒരു ചിത്രത്തിൽ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും പരാജയപ്പെടുന്ന
ദിലീപിൻറെ കഥാപത്രത്തെ കാണുമ്പോൾ...
എല്ലായിപ്പോഴും ചിരിക്കുന്ന, ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്ന വിനോദേട്ടൻറെ
മുഖം പിന്നീട് പലപ്പോഴും മനസിലേക്ക് വരുമ്പോഴെല്ലാം വിചാരിച്ചിട്ടുണ്ട്
എന്തുകൊണ്ടാണ് ഇത്രയും സന്തോഷവാനായ മനുഷ്യൻ സ്വയം ഇല്ലാതാകാൻ ശ്രമിച്ചുകൊണ്ടേയിരുന്നത്
എന്ന്. എല്ലാവരും ചുറ്റിലുമുള്ളപ്പോൾ ഒറ്റയാകുന്നത് എങ്ങനെയെന്ന് പലപ്പോഴും
ചിന്തിച്ചിട്ടുണ്ട്.
എല്ലാ ആത്മഹത്യകൾക്കും കാരണം കടവും പ്രണയവുമല്ലെന്ന് തിരിച്ചറിയാൻ
പിന്നെയും പലവർഷങ്ങൾ വേണ്ടിവന്നു. എല്ലാ ചിരിക്കും പിന്നിൽ അടക്കിപിടിച്ച കരച്ചിലുകളും
വേദനയുമുണ്ടെന്ന് തിരിച്ചറിയാൻ വർഷങ്ങൾ പിന്നെയുമെടുത്തു. എല്ലാ ആൾക്കൂട്ടത്തിനിടയിലും
ചിലർ ഒറ്റക്കാവാറുണ്ടെന്ന് തിരിച്ചറിയാൻ പിന്നെയും സമയമെടുത്തു. കാണുന്ന,
കേൾക്കുന്ന കഥകൾക്കപ്പുറം ഒരുവൻ നേരിടുന്ന ആന്തരിക സംഘർഷങ്ങൾ അനന്തമാണെന്ന് തിരിച്ചറിയാൻ,
അവ രണ്ടാമതൊരുവനോട് പങ്കുവെക്കാൻ സാധിക്കാതെ നീറിപുകയുന്നത് അറിയാൻ ഇതെല്ലാം സ്വയം
അനുഭവിക്കേണ്ടിവന്നു. വിഷാദമെന്നത് പുറമേക്ക് ശാന്തമായി ഒഴുകി ഉള്ളിൽ വലിയ ചുഴി ഒളിപ്പിച്ചുവെച്ച
കയമാണെന്ന് അനുഭവം കാട്ടിതന്നു.
ഒരുവന് തൻറെ പ്രശ്നങ്ങൾ എല്ലായിപ്പോഴും എല്ലാവരോടും തുറന്നുപറയാൻ
ആയിക്കൊള്ളണമെന്നില്ല. അപൂർവ്വമായിമാത്രമേ അവൻ തുറന്നുസംസാരിച്ചേക്കു. അതിനുപോലും
പലപ്പോഴും അവൻ വളരെ സ്ട്രഗിൾ ചെയ്യും. കുറച്ച് അവിടെയും ഇവിടെയും നിന്നായിരിക്കും
അവൻ മനസ് തുറക്കുക. പലപ്പോഴും അടിത്തട്ടിൽ കുരുങ്ങികിടക്കുന്ന വേദനകളെ, ആത്മസംഘർഷങ്ങളെ
വാക്കുകളാക്കാൻ അവൻ കഷ്ടപ്പെടുകയായിരിക്കും. അത് മനസിലാക്കി അവനോട് സംസാരിച്ചുകൊണ്ടേയിരിക്കണം.
പല മുഖമൂടികളായിരിക്കും അവർ അവരെ മറക്കാനായി അണിയുക. ചിലർ ചിരിച്ചും ചിരിപ്പിച്ചും
നടക്കും. ചിലരാകട്ടെ സർവ്വതിനോടും കലഹിച്ചും പൊട്ടിത്തെറിച്ചും നടക്കും. വേറെ ചിലർ
സ്നേഹിച്ചും ദേഷ്യപ്പെട്ടും നടക്കും. അറിഞ്ഞുകൊണ്ടാവില്ല, മനപ്പൂർവമാവില്ല അവർ നിങ്ങളെ വേദനിപ്പിക്കുന്നത്. വേദനിപ്പിക്കുമ്പോഴും അവരപ്പോഴും ഉള്ളിൽ
പുകയുകയായിരിക്കും, സ്വയം വേദനിക്കുകയായിരിക്കും. നിങ്ങളെ ചിരിപ്പിക്കുമ്പോഴും
നിങ്ങൾ സന്തോഷിക്കുമ്പോഴും മറുവശത്ത് അവർ കരയുകയായിരിക്കും....
ദേഷ്യപ്പെട്ടും കലഹിച്ചുമെല്ലാം നടക്കുമ്പോഴും അവർ ബന്ധങ്ങളെ തിരഞ്ഞുകൊണ്ടേയിരിക്കും.
അവയില്ലാതെ, ഇടം നഷ്ടമായിക്കൊണ്ടിരിക്കുമ്പോഴാണ് അവർ ആത്മഹത്യയിലഭയം തിരയുന്നത്.
കേൾക്കാനുള്ള ചെവികൾ ഇല്ലാതാകുന്നത്, ചായാൻ ഒരു തോളില്ലാതാകുന്നത്, ഒന്നു പുണരാൻ തുറന്നുപിടിച്ച
കരങ്ങളില്ലാതാവുന്നത് എല്ലാം അവരെ ജിവനോടെ ഇല്ലാതാക്കും. തങ്ങളിലേക്ക് ചുരുങ്ങി
ചുരുങ്ങി ഒരു അഗ്നിപർവ്വതം പോലെ എല്ലാം ഒള്ളിലൊതുക്കും. പിന്നെ സ്വയം പൊട്ടിത്തെറിച്ച് ഇല്ലാതാകാൻ തീരുമാനിക്കും...
നിഷേധിക്കപ്പെടുന്ന ഓരോ ചെവിയും കരങ്ങളും തോളുകളും നിഷേധിക്കുന്നത്
ചെറുതല്ലാത്ത ആശ്വാസമാണ്, ജീവിതങ്ങളാണ്...
കഴിഞ്ഞദിവസം രാത്രിയിൽ വിനോദേട്ടനെ വീണ്ടും ഒർത്തു. കാരണമുണ്ട്. മടുത്ത്
മടങ്ങാൻ ഒരുവൻ തീരുമാനിക്കുന്ന ആ നിമിഷം നേരിട്ട് അനുഭവിച്ചറിഞ്ഞപ്പോൾ....
വിനോദേട്ടൻ പിന്നീടും ആത്മഹത്യക്ക് ശ്രമിച്ചുവോ? അതിലും പരാജയപ്പെട്ടിരിക്കുമോ...? അറിയില്ല. പക്ഷെ ആ മനുഷ്യനും പുറത്ത് കാണിക്കാനാവാത്ത ഒരായിരം മുറിവുകൾ ഉള്ളിൽ ഉണ്ടായിരുന്നുവെന്നത് തീർച്ച... ആ നീറ്റലുകളിൽ നിന്ന് അയാൾ ഒരു രക്ഷപ്പെടൽ കൊതിച്ചതിനെ അഹങ്കാരമെന്ന് വിളിക്കാൻ എനിക്കാവില്ല. നേരിയതെന്ന് പുറമേയ്ക്ക് തോന്നിക്കുന്ന പല മുറിവുകൾക്കും കൊക്കയോളമുണ്ട് ആഴം.... ആ ആഴം താണ്ടാൻ എല്ലായിപ്പോഴും ഒരുവന് സാധിക്കണമെന്നില്ല....
ഹാപ്പി മെൻറൽ ഹെൽത്ത് ഡേ...
😘❤️
ReplyDelete❤️
ReplyDelete👌🏻👌🏻
ReplyDelete