പേമാരിക്ക് ശേഷം മരം പെയ്യുമെന്ന് കൊതിച്ചിരുന്നു...

എഴുത്തുകളിൽ പ്രതിഫലിക്കുന്നത് ചിന്തകളാണ്. എഴുതാനിരിക്കുമ്പോൾ അനുഭവിക്കുന്ന വികാരങ്ങളോ വിചാരങ്ങളോ വ്യാകുലതകളോ ആണ്. അതിൽ വിഷാദവും നിരാശയും സങ്കടവും നഷ്ടബോധങ്ങളും കുറ്റബോധവും തെറ്റുതിരുത്തലുകളും ഒട്ടും കുറയാത്ത അളവിൽ മരണാസക്തിയും നിറഞ്ഞിരിപ്പുണ്ട്.

ജീവിതത്തിൽ പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നത് തന്നെയാണ് ഒരുവനെ നിരാശനാക്കുന്നത്, വിഷാദത്തിൻറെ വർണമില്ലാത്ത താഴ്വരയിലേക്കും മരണത്തിൻറെ കറുത്തകൊക്കയിലേക്കും തള്ളിവിടുന്നത്. തിരികെ കയറാനുള്ള ശ്രമങ്ങൾ എല്ലാം പാഴാവുകയും ഒരുകരം പോലും നീളാതെയിരിക്കുകയും ചെയ്യുമ്പോൾ പിന്നെ ആശ്രയം എന്തായിരിക്കും.

മനസിൻറെ താളം തെറ്റുന്നത് പലപ്പോഴും അറിഞ്ഞുകൊള്ളണമെന്നില്ല. ഇനി അഥവാ അറിഞ്ഞാൽ തന്നെ സമ്മതിച്ചുകൊടുക്കാൻ സാധിച്ചുകൊള്ളണമെന്നുമില്ല. മരുന്നുകൾക്കോ മന്ത്രങ്ങൾക്കോ പലപ്പോഴും തിരികെ പിടിക്കാൻ സാധിക്കണമെന്നില്ല ആ താളപ്പിഴകൾ.

എന്തുകൊണ്ട്, എപ്പോൾ മുതൽ പിഴച്ചുതുടങ്ങിയെന്നത് തിരിച്ചറിയാതെ മനസിനേറ്റ മുറിവുകളെ ഉണക്കുവാൻ സാധിക്കില്ല. പലപ്പോഴായുണ്ടായ ചെറിയ ചെറിയ കോറലുകൾ കൂടിയാണ് വലിയ മുറിവുകളാവുന്നത്. നൂറായിരം ഒറ്റമരങ്ങൾ ഒരു വലിയകാടാവുന്നത് പോലെ... 

മുറിവുകൾക്ക് ആശ്വാസമേകാൻ ഒരുമരുന്നിനും സാധിക്കില്ല. പകരം അവയെ മറക്കാൻ പ്രേരിപ്പിക്കുന്ന രാസമിശ്രിതമാകാനേ സാധിക്കൂ. പല മുറിവുകൾക്കും വർഷങ്ങളുടെ പഴക്കമുണ്ടാകാം. ഒറ്റപ്പെടലിൻറെ നീറുന്ന കഥകൾ പറയാനുണ്ടാകും ഓരോ മുറിവിനും. അവഗണനയുടെ, അടക്കിപിടിച്ച സങ്കടങ്ങളുടെ, വേദനയുടെ കറുത്തുണങ്ങിക്കിടക്കുന്ന വടുക്കളുമാവാം. എത്ര ഉണങ്ങിയാലും മുറിവിൻറെ നീറ്റൽ, അതില്ലാതാകില്ല. അപ്പോഴെല്ലാം വേണ്ടതൊരു കരുതലായിരുന്നു. ഒപ്പമുണ്ടെന്ന കരുതൽ, കൈവിടില്ലെന്ന വിശ്വാസം. അങ്ങനെയൊരു തണലിന് മാത്രമേ വേദനാസംഹാരിയാകാൻ പറ്റൂ..

മനസിൻറെ അടിത്തട്ട് വരെ ആഴ്ന്നിറങ്ങിയ ആ പൊള്ളലിൽ കിടന്ന് പുളഞ്ഞപ്പോഴെല്ലാം തിരഞ്ഞത് തണുപ്പിനാണ്. തണലായ ചെറുമരങ്ങളെ പലപ്പോഴും അറിഞ്ഞും അറിയാതെയും വേദനിപ്പിച്ചു. അപ്പോഴും ഉള്ള് ഒരു കുളിർമഴയെ കൊതിച്ചിരുന്നു. തമ്മിലുലച്ച പോമാരിക്ക് ശേഷവും ആ മരംപെയ്യുമെന്ന് പ്രതീക്ഷിച്ചുകൊണ്ടേയിരുന്നിരുന്നു....

പ്രതീക്ഷകളാണ് ഏറ്റവും ഭാരമേറിയ ശവപ്പെട്ടിയെന്നറിയാതെ...

 

 

 

Comments

Post a Comment