അജിത്തേട്ടാ ഈ സ്ക്രിപ്റ്റും നിങ്ങൾ ഒന്ന് തിരുത്തിതന്നിരുന്നെങ്കിൽ.....

 

കഴിഞ്ഞ നാല് ദിനങ്ങളായി ഈ സ്ക്രിപ്റ്റിങ്ങനെ മനസിൽ വലിച്ചുകീറി ഡസ്റ്റ് ബിന്നിൽ ഇട്ടുകൊണ്ടേയിരിക്കുകയാണ്, അജിത്തേട്ടൻ പലകുറി വലിച്ചുകീറിയെറിഞ്ഞ സ്ക്രിപ്റ്റ് പോലെത്തന്നെ ഇതും ഒട്ടും പെർഫെക്റ്റാവുന്നില്ല.

ഏഷ്യാനെറ്റിൽ കരിയർ ആരംഭിക്കുന്ന അന്ന് നീണ്ട മെഡിക്കൽ ലീവിലായിരുന്നു താങ്കൾ. ഒരു രാത്രിയിൽ ഡസ്ക്കിലേക്ക് വന്ന ഫോൺകോളിൽ തുടങ്ങിയതാണ് മുടി പിന്നീലേക്ക് നീട്ടിവളർത്തിയ താങ്കളുമായുള്ള ബന്ധം. ആദ്യ ഡെസ്ക്ക് ചീഫായിരുന്ന താങ്കൾ ആണ് പലതും പഠിപ്പിച്ചത്. തമാശരൂപേണ കാര്യം പറഞ്ഞും ഗൌരവത്തോടെ തമാശപറഞ്ഞും നീങ്ങളോളം ആരും ഞങ്ങളെ ചേർത്തുപിടിച്ചിട്ടില്ല, ചീത്തപറഞ്ഞിട്ടില്ല, പഠിപ്പിച്ചിട്ടില്ല. ആദ്യമായി ഒരു പ്രോഗ്രാം ചെയ്യാൻ ഏൽപ്പിച്ചത് താങ്കളാണ്. ദൃശ്യങ്ങൾക്ക് വാക്കുകളെഴുതാൻ പഠിപ്പിച്ചത്, പിന്നെ അനാവശ്യമായത് വെട്ടിക്കളയാൻ പഠിപ്പിച്ചത്, ഒരു മിനുട്ടിൽ കഥപറയാൻ പഠിപ്പിച്ചത്, ആത്മവിശ്വാസത്തോടെ പ്രൈം ബുള്ളറ്റിനുകളുടെ പ്രൊഡക്ഷൻ ഏൽപ്പിച്ചത്..

പുളിയറക്കോണത്ത് നിന്ന് വട്ടിയൂർകാവ് വരേയുള്ള ഓരോ യാത്രയും കഥകളുടേതായിരുന്നു. സിപിഎം രാഷ്ട്രീയവും വാർത്തയും വിഎസ്സും മണിച്ചൻ കഥകളുമെല്ലാം കേട്ടും അറിഞ്ഞും രസിച്ചുള്ള യാത്രകൾ...

ഒരേ സമയം കലഹിച്ചും സ്നേഹിച്ചും താങ്കൾ വാർത്താമുറികളെ നയിച്ചു. വാർത്ത ബുള്ളറ്റിൻ തുടങ്ങാൻ വെറും രണ്ട് മിനുട്ട് മാത്രം ബാക്കിനിൽക്കുമ്പോളും ഹെഡ് ലൈൻ അഴിച്ചുപണിഞ്ഞുകൊണ്ടേയിരിക്കുന്ന അജിത്തേട്ടൻ ഇന്നും അതേ തെളിമയോടെ ഉണ്ട്. പോയി 50 ഗ്രാം എകെജി സെൻററും 10 ഗ്രാം വിഎസും 10 ഗ്രാം പിണറായിയും എടുത്ത് ടൈംലിനിൽ വെച്ചോ ഹെഡ് ലൈൻ വാർത്ത പഞ്ച് ചെയ്യുമ്പോഴേക്കും ടെംപ്ലേറ്റ് എത്തിക്കോളുമെന്ന് അവസാന നിമിഷവും വിശ്വാസം പകർന്ന് പിസിആറിലേക്ക് ഓടിക്കുന്ന അജിത്തേട്ടൻ. ഡെഡ് ലൈൻ എന്നത് ഒരിക്കലും അജിത്തേട്ടനെ അലട്ടിയിരുന്നിട്ടില്ല. ജീവിതത്തിലും അത് അങ്ങനെ തന്നെയായിരുന്നു. ഓരോ തവണ വയ്യാതാകുമ്പോഴും ചിരിച്ചുകൊണ്ട് ചത്തില്ല എന്ന് താങ്കൾ പറയുമ്പോൾ പലപ്പോഴും ചീത്തവിളിക്കാൻ തോന്നിയിട്ടുണ്ട്, എന്തിന് തല്ലാനടക്കം തോന്നിയിട്ടുണ്ട്. ജീവിതം തന്ന ലഹരിയായി കണ്ട് അജിത്തേട്ടനെ പോലെ ജിവിക്കാൻ അറിയാത്തത് കൊണ്ടായിരിക്കാം കണ്ണുകൾ നിറഞ്ഞുകൊണ്ടേയിരുന്നത്.

നിങ്ങളെ കുറിച്ച് എഴുതാൻ, ഓർമിക്കാൻ, പറയാൻ നിറയെയുണ്ട്. എപ്പോഴോക്കെയോ എടുത്ത് ഏതെങ്കിലും കാലത്ത് എനിക്ക് അയച്ച് തരാറുള്ളത് പോലെ താങ്കളുടെ ഫോണിൽ ഇനിയും പടങ്ങൾ ബാക്കി ഉണ്ടായിരിക്കണം അല്ലേ.

നമുക്കിടയിൽ നടക്കാതെ പോയ രണ്ട് കാര്യങ്ങളുണ്ട്. അജിത്തേട്ടൻ ചീഫായ ബ്യൂറോയിൽ റിപ്പോർട്ടറായി ഇരിക്കണമെന്ന ആഗ്രഹം, കൂടുതൽ നല്ല റിപ്പോർട്ടറായി എന്നെ താങ്കൾ മാറ്റുമെന്ന് എനിക്കുറപ്പായിരുന്നു. മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്കും അവകാശങ്ങൾ ഉണ്ടെന്ന് വാർത്തയിലൂടെ പഠിപ്പിച്ച റിപ്പോർട്ടറാണ്. രണ്ടാമത് അക്കാദമിയിൽ വന്ന് കുട്ടികളുമായി സംസാരിക്കണമെന്നും ക്ലാസ് എടുക്കണമെന്നുമുള്ള അജിത്തേട്ടൻറെ ആവശ്യം ഒരിക്കലും നിറവേറ്റാനായില്ല. ഏറ്റവും ഒടുവിലത്തെ ഫോൺവിളിയിലും അത് തന്നെയായിരുന്നല്ലോ അജിത്തേട്ടാ നിങ്ങൾ ആവശ്യപ്പെട്ടത്. ജീവിതത്തിൽ ഒരിക്കലും നേടാനാവാതെ പോകുന്നപലതുമില്ലേ...ആ കൂട്ടത്തിലേക്ക് ഇതും...

പക്ഷെ നിങ്ങൾ പഠിപ്പിച്ചുവിട്ട കുറേകുട്ടികളെ പരിശിലീപ്പിക്കാനും നയിക്കാനുമുള്ള ഭാഗ്യം മാത്രം ലഭിച്ചുവെന്നത് സന്തോഷം. നിങ്ങളവർക്ക് അപ്പനായിരുന്നു. എന്തും പറയാനും പറഞ്ഞുകൊടുക്കാനും ശാസിക്കാനും സ്നേഹിക്കാനും കലഹിക്കാനും പിണങ്ങാനുമെല്ലാം അവകാശമുള്ള അപ്പൻ.... അത്രയും ഭാഗ്യം പക്ഷെ എനിക്ക് ഉണ്ടായോഎന്നറിയില്ല...

ഒറ്റനോട്ടത്തിൽ ഏതൊരുവാർത്തയ്ക്കും അതിമനോഹരമായ തലക്കെട്ട് നൽകുന്ന അജിത്തേട്ടാ നിങ്ങളൊരു സ്വാർത്ഥനായിരുന്നു. അല്ലെങ്കിൽ നിങ്ങളുടെ സ്നേഹം മുഴുവനും നൽകാതെ നുറുകണക്കിന് കുഞ്ഞുങ്ങളെ പാതിവെയിലിൽ നിർത്തി അപ്പന് എങ്ങനെ പോകാനായി...

ജീവിതത്തിലെ വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോളാണ് അജിത്തേട്ടാ താങ്കൾ കളമൊഴിഞ്ഞുപോകുന്നത്. അവസാനമായി ഒന്ന് വന്ന് കാണാൻ, പരിഭവിക്കാൻ, കരച്ചിലടക്കിപിടിക്കാൻ പോലും അവസരമില്ലാതെ പോയി അജിത്തേട്ടാ.... സാരമില്ലാലേ... ചിരിച്ച് കളിയാക്കുന്ന ആ മുഖം ഉണ്ട് മനസിൽ നിറയെ. ആ കാഴ്ച്ച മറയാതെ എന്നുമുണ്ടാകും...അതുമതി....

ശോഭേച്ചി...ഒരു തരത്തിൽ നിങ്ങൾ ഭാഗ്യവതിയാണ്. ഒന്നല്ല ഒരായിരം കുഞ്ഞുങ്ങളെ നിങ്ങടെ ചുറ്റും ചേർത്ത് നിർത്തിയാണ് അവരുടെ അപ്പൻ വിശ്രമിക്കാൻ പോയത്....

അജിത്തേട്ടാ...നിങ്ങളെ അപ്പനായി, അജിത്തേട്ടനായി കിട്ടാതെപോയ ആയിരങ്ങളുടെ സങ്കടമാണ് ഒരുപക്ഷെ ഏറ്റവും വലുതെന്ന് തോന്നിപോകുന്നു....

 

അറിയാം, ഈ സ്ക്രിപ്റ്റിലും താങ്കൾ തെറിപറഞ്ഞുകൊണ്ട്, തേവള്ളി പറമ്പിൽ ജോസഫ് അലക്സിനെപോലെ പിറകിലെ മുടിയിൽ അലക്ഷ്യമായി വിരലോടിച്ച്, ഒരു ദാക്ഷിണ്യവുമില്ലാതെ ആ കറുത്ത മഷിപ്പേനകൊണ്ട് വെട്ടിതിരുത്തിതരുമെന്ന്....

വല്ലാതെ മിസ്സ് ചെയ്യുന്നു അജിത്തേട്ടാ......

 

   

Comments