തെറ്റിനും ക്ഷമയ്ക്കുമിടയിലെ 'ചത്തുപോയ സുഹൃത്ത്'

 

ചത്തുപോയ സുഹൃത്ത്...

ആ പ്രയോഗം ഇങ്ങനെ മനസിൽ കിടന്ന് നീറുന്നുണ്ട്. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കൾ മരിച്ചുപോകുന്നതിൻറെ വേദന ഒന്നിലേറെ തവണ അനുഭവിച്ചതുകൊണ്ടുതന്നെ അത് വല്ലാതെ പൊള്ളിക്കും. അപ്രതീക്ഷിതമായി ജീവൻ നഷ്ടപ്പെട്ട ഒരുവൻറെ തണുത്തുറഞ്ഞ ശരീരം വർഷങ്ങൾക്കിപ്പുറവും വലത് ഉള്ളംകയ്യിനെ പൊള്ളിക്കുന്നുണ്ട്. മറ്റാരുടെ വിയോഗത്തേക്കാളുമേറെ മരവിപ്പിച്ചുകളഞ്ഞ മരണങ്ങൾ.

ജീവിച്ചിരിക്കെ തന്നെ മരിച്ചെന്ന് കരുതുക എന്നത് വലിയ ശിക്ഷയാണ്. ഏറ്റവും ക്രൂരവും. അത് പ്രിയപ്പെട്ടവരാകുമ്പോൾ, നമ്മൾ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചവരാകുമ്പോൾ, അതിൽ നാം പശ്ചാത്തപിക്കുമ്പോൾ, അതിനേക്കാൾ വലിയ ക്രൂരത മറ്റൊന്നില്ല.



പ്രിയപ്പെട്ടൊരാൾ വിടവാങ്ങുമ്പോൾ ഇല്ലാതാകുന്നത് വെറും ഒരു വ്യക്തിയല്ല. മറിച്ച് വലിയ ഒരിടമാണ്. പലപ്പോഴും ചാരിയിരുന്നിരുന്ന ഒരു മരമാണ്. നമുക്കായി കൂർപ്പിച്ചുവെച്ച ഇരു ചെവികളാണ്, ശബ്ദമായ നാവാണ്, ഒപ്പം അടിവെച്ച രണ്ട് പാദങ്ങളാണ്. ആ ഒരിടം എപ്പോഴും ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് പലപ്പോഴും നമ്മൾ തെറ്റിക്കൊണ്ടേയിരിക്കുന്നത്. എത്രതെറ്റിയാലും ചേർത്തുപിടിക്കുന്ന കരങ്ങൾ അവിടെയുണ്ടെന്ന ആത്മവിശ്വാസം. അതാവണം പലപ്പോഴും അവരോട് നാം തെറ്റ് ചെയ്തുകൊണ്ടേയിരിക്കുന്നതിനുള്ള (തെറ്റായ)  ന്യായീകരണവും. ആ തെറ്റ് എത്രമാത്രം ഗുരുതരമാണെന്ന് നമ്മൾ അറിയാൻ വൈകുംതോറും വേദനയുടെ ആഴവും പരപ്പും ഏറിക്കൊണ്ടിരിക്കും, നമ്മളറിയാതെ.  

കണ്ണുള്ളപ്പോൾ കാഴ്ച്ചയുടെ വിലയറിയില്ലെന്നാണ് ചൊല്ല്. സത്യമാണ്. കൂടെയുള്ളപ്പോൾ നമ്മൾ കാണാതെ പോകുന്നത്, ഇല്ലാതാകുമ്പോൾ നാം കാണാൻ തുടങ്ങും. പക്ഷെ അപ്പോഴേക്കും ചുറ്റിലും ഇരുട്ട് പരന്നിരിക്കും. ഒരു വഴിവിളക്കിനും മായ്ക്കാനാവാത്തത്ര ഇരുട്ട് നമ്മെ ചുറ്റിവരിഞ്ഞിരിക്കും. തെറ്റിന് എത്രതന്നെ മാപ്പിരന്നാലും ഒരുപക്ഷെ കിട്ടിയെന്നുവരില്ല. കാരണം മുറിവേറ്റവനേ മുറിവിൻറെ വേദനയറിയൂ.

'തന്നോട് തെറ്റുചെയ്യുന്നവനോട് എത്ര പ്രാവശ്യം ക്ഷമിക്കണമെന്ന്' യേശുവിനോട് പത്രോസ് ഒരിക്കൽ ചോദിച്ചുവത്രേ. ബൈബിളിൽ പരിപൂർണതയുടെ സംഖ്യയായ ഏഴ് പ്രാവശ്യമാണോ എന്നായിരുന്നു പത്രോസിൻറെ സംശയം. 'ഏഴല്ല, ഏഴ് ഏഴുപത് പ്രാവശ്യം' എന്നായിരുന്നു യേശുവിൻറെ മറുപടി. ക്ഷമ ഇരട്ടിയാക്കുവാനാണ് യേശു ഉപദേശിച്ചത്. തെറ്റുചെയ്തവനോട് ദേഷ്യമില്ലെന്ന് പറയുന്നതും ക്ഷമിക്കുന്നതും രണ്ടാണ്.

അതിനാൽ തന്നെ, തെറ്റിനും ക്ഷമയ്ക്കുമിടയിലെ 'ചത്തുപോയ സുഹൃത്ത്' നീറ്റലിരട്ടിപ്പിച്ചുകൊണ്ടേയിരിക്കും....  

Comments