വലിയ ഭയം എന്താണ്?
മൃഗങ്ങളെ ഭയക്കുന്നവരുണ്ട്, പാമ്പിനെ ഭയക്കുന്നവരുണ്ട്, ഉയരം ഭയക്കുന്നവരുണ്ട്, ഇരുട്ട്, വെളിച്ചം, നിശബ്ദത.... അങ്ങനെ പലതും. മരണത്തെ ഭയക്കുന്ന ഒരുപാടുപേരുണ്ട്. എന്തിന് പല്ലിയെ വരെ ഭയക്കുന്നവരുമുണ്ട്.പാമ്പിനെ എനിക്കും ഭയമാണ്. കടുവയേയും പുലിയേയുമൊന്നും നിത്യജീവിതത്തിൽ നേരിടാത്തത്കൊണ്ട് എന്താണെന്ന് അറിയില്ല. ഉയരമോ ആഴമോ തീയോ വെള്ളമോ ഒന്നും ഇതുവരെ ഭയപ്പെടുത്തിയിട്ടില്ല.
മരണം തീരെ ഇല്ല.
പിന്നെ?
മറ്റുള്ളവർ എന്ത് വിലയിരുത്തുമെന്നത് വലിയ പ്രശ്നമാണ്. അധികം പരിചിതരല്ലാത്തവരുമായി ഇടപഴകുന്നത് ചെറുതല്ലാത്ത പ്രശ്നം തോന്നിക്കാറുണ്ട്. പക്ഷെ ഭയം ഇതിനോടൊന്നുമല്ല. നഷ്ടപ്പെടലുകളോടാണ്. ഏറ്റവും പ്രിയപ്പെട്ടവർ, ബന്ധങ്ങൾ, ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, അങ്ങനെ നഷ്ടപ്പെടലുകൾ ഏറെയാണ്.
അമ്മ, അച്ചൻ, സഹോദരർ, സുഹൃത്തുക്കൾ, പ്രണയം, തൊഴിലിടത്തെ അർഹതപ്പെട്ട അംഗീകാരങ്ങൾ, അങ്ങനെ പട്ടികയിലേറെ.
വീഴുമെന്ന് തോന്നുമ്പോൾ ഓടിപ്പോയൊന്ന് കെട്ടിപിടിക്കാനോ ചേർത്തുപിടിക്കാനോ തലയിലൊന്ന് തലോടാനോ ഒരു അമ്മയില്ലാതാകുന്നത്, ഓടിച്ചെന്ന് ഉപദേശം തേടാൻ, തുറന്ന് സംസാരിക്കാൻ, തെറ്റുതിരുത്തിതരാൻ, ശാസിക്കാൻ ഒരച്ചനില്ലാതാകുന്നത്, ആശ്വസിപ്പിക്കാൻ സഹോദരങ്ങളില്ലാതാകുന്നത്, എന്തിനും കൂടെ നിൽക്കുന്ന കൂട്ടുകാരില്ലാതാകുന്നത്, സങ്കടത്തിലും സന്തോഷത്തിലും ദേഷ്യത്തിലും ആഘോഷത്തിലുമെല്ലാം വിരൽ കോർത്ത് മുറുകെ പിടിച്ച് ഞാനുണ്ട് കൂടെയെന്ന് ഉറപ്പുനൽകാൻ കൂട്ടുകാരി ഇല്ലാതാകുന്നത്... എല്ലാം ജീവിതത്തിൻറ്റെ സുഗമമായ ഒഴുക്കിൽ വലിയ വിഘാതം സൃഷ്ടിക്കും.
ഒഴുക്കിനൊപ്പം നീന്തുകയെന്നത് വികാരങ്ങളില്ലാതെ ജീവിക്കലാണ്. മനുഷ്യൻ വികാരങ്ങളുള്ള ജീവിയാണ് എന്നതിനാൽ തന്നെ ഇത് അസാധ്യവും.
ഒരിക്കലും സ്നേഹിച്ചതും ആഗ്രഹിച്ചതും എക്കാലത്തേക്കും ചേർത്ത് നിർത്താൻ സാധിക്കാതെ പോയതിനാലാവും നഷ്ടങ്ങൾ വല്ലാതെ കരയിക്കുന്നത്.
പലപ്പോഴും എൻറ്റെ തന്നെ തെറ്റുകളായിരിക്കാം മൂലകാരണം. ചിലപ്പോൾ അല്ലാതെയുമിരിക്കാം. രണ്ടായാലും നഷ്ടങ്ങൾ ഏൽപ്പിക്കുന്ന മുറിവ് ആഴമേറിയവയാണ്. മരണത്തേക്കാൾ ഭീതിതമാണ് മരിക്കാതെ മരിക്കുന്നത്.
വേർപാട് വെറും ഒരു നോവ് മാത്രം അല്ലാതാകുന്നതും അതിനാലാണ്.
......
(201022)
No comments:
Post a Comment