Saturday, 23 March 2024

ലേപക്ഷിയിലെ ചമ്പപൂക്കൾ...!!!

നാലേക്കാൽ പതിറ്റാണ്ട് ഒരു ചെറിയകാലയളവല്ല

പതിനയ്യായിരത്തിലേറെ ദിനങ്ങൾ നീണ്ട ജീവിതയാത്രയിൽ എത്രയെത്ര നഗരങ്ങളിൽ കാൽപതിപ്പിച്ചു, കാലുറപ്പിക്കാൻ ശ്രമിച്ചു,പരാജയപ്പെട്ടു!

ജീവിതപാച്ചിലിനിടയിൽ ഇടത്താവളമായ നഗരങ്ങളുടെ നീണ്ട പട്ടികതന്നെയുണ്ട് കുറിച്ചിടാൻ.

പ്രകൃതികൊണ്ടും കോൺക്രീറ്റ് കൊണ്ടും കാടുകളാൽ നിറയ്ക്കപ്പെട്ടതും അനുഗ്രഹിക്കപ്പെട്ടതും നശിപ്പിക്കപ്പെട്ടതുമായ നഗരങ്ങളുടെ പട്ടിക

അവയിൽ ആരൊക്കെയാണ് എന്നെ നെഞ്ചേറ്റിയത്. ഇവരിൽ ആരെയൊക്കെയാണ് ഞാൻ നെഞ്ചിലേറ്റിയത്..

മദ്രാസ്, ഇപ്പോൾ ചെന്നൈ, ആണ് ജീവിതത്തിലെ ആദ്യനഗരം. ജനിച്ച മണ്ണ്.

പിന്നെ പറിച്ച് നട്ട ഗ്രാമങ്ങൾ, ശേഷം ബാംഗ്ലൂരും തിരുവനന്തപുരവും കൊച്ചിയും ഡൽഹിയും കോഴിക്കോടും മുംബൈയും ഹൈദരാബാദും... 

ജീവിതത്തിൻറെ വിവിധ സന്ധികളിൽ അന്തിയുറങ്ങിയ നഗരങ്ങൾ അനവധിയാണ്

അവധികാലങ്ങൾ ചിലവഴിച്ച മദ്രാസ്, പഠിച്ച ബാംഗ്ലൂർ, ഏകാന്തതയുടെ തടവ് കാലം ചിലവഴിച്ച കോഴിക്കോട്, തൊഴിലിടങ്ങളായി മാറിയ കൊച്ചിയും ഡൽഹിയും തിരുവനന്തപുരവും, വിഷാദത്തിൻറെ കൈപ്പുനീര് ഇറക്കിവെപ്പിച്ച് പിന്നെയും ചെന്നൈ... 

ജീവിച്ചതും സന്ദർശിച്ചതുമായ എല്ലാ നഗരങ്ങളിലും ഞാൻ എന്നിലെ എന്നെ ചെറുതായും വലുതായും അടർത്തിയിട്ടുണ്ട്.

പിന്നീടും അങ്ങോട്ട് തിരികെ കൊരുത്തുവലിക്കാൻ പ്രേരിപ്പിക്കുന്ന അദൃശ്യശക്തിയായി അവ ഇപ്പോഴും അവിടങ്ങളിൽ തങ്ങിനിൽപ്പുണ്ടാകണം.

ചില നഗരങ്ങൾ വേദനകളാണ്, നിർബന്ധപൂർവ്വം അടർത്തി എടുത്തുപോന്നതാണ് അവിടങ്ങളിൽ നിന്ന്.

ഒരുവശത്ത് ഓടി രക്ഷപ്പെട്ട നഗരങ്ങളുമുണ്ട്. 

ഒന്നും പക്ഷെ മടുത്തിട്ടായിരുന്നില്ല. 

വേദന അസഹ്യമായതിനെ തുടർന്ന് മാത്രം.

അതേസമയം മറുവശത്ത് തിരികെ വിളിച്ച് ചേർത്തുനിർത്തുന്ന നഗരങ്ങളും

ഉദ്യാനനഗരത്തിലെ വസന്തത്തിന് അഭംഗി അനുഭവപ്പെട്ടത് അങ്ങനെയാണ്

ഒരു വസന്തം ഋതുപൂർത്തിയാകും മുമ്പേ ഗ്രീഷമത്തിന് വഴിവെട്ടിയതോടെയാണ് ഉദ്യാനനഗരിയോട് പിരിഞ്ഞത്

ജീവിതത്തിലെ മനോഹരമായ ഓർമകൾ നീറ്റലായി ഇപ്പോഴും അവിടെയുണ്ട്.

പച്ചപ്പ് വിരിച്ചുനിൽക്കുന്ന മരങ്ങളേക്കാൾ ഇലപൊഴിച്ചുനിൽക്കുന്ന ശിഖരങ്ങളെ ഇഷ്ടപ്പെട്ട് തുടങ്ങിയത് അങ്ങനെയാവണം

വേർപാടിൻറെ വേദനയ്ക്കൊപ്പം പ്രതീക്ഷയുംപേറിയല്ലേ ആ ചില്ലകളപ്പോഴും ഇടമൊരുക്കുന്നത്

ഇടവേളകളില്ലാതെ നിത്യസന്ദർശകനായിട്ടും ബാംഗ്ലൂർ നഗരം കോറിയിട്ട കനപ്പെട്ട ഓർമമാത്രം മാറിയില്ല

അത് മാറ്റിയെടുക്കാൻ വേണ്ടിമാത്രമായി ഒരു യാത്ര പദ്ധതിയിട്ടതൊട്ട് നടന്നതുമില്ല.

രണ്ട് പതിറ്റാണ്ട് വേണ്ടിവന്നു ആ ഇരുണ്ട ഓർമകളെ ഒന്ന് അരികിലേക്ക് മാറ്റിവെക്കാൻ, തിരികെ ഒന്നുകൂടി പോകാൻ

പഴയ ഓർമകളിൽ ശയനപ്രദക്ഷണം നടത്തിയുള്ള മുൻയാത്രകളിൽ നിന്നെല്ലാം വിഭിന്നമായ ഒരു മടക്കയാത്രയാണത്.

കഴിഞ്ഞകാലങ്ങളിൽ നിന്നതിന് വ്യത്യസ്ഥമായി ഇത്തവണത്തെ യാത്ര ഓർമകളുടെ വേലിയേറ്റത്തിൽ മുങ്ങാനല്ല.

ദേവാസുരത്തിലെ വാര്യർ പറയുന്നത് പോലെ, എല്ലാം മറക്കാനുള്ള യാത്ര

പഴയത് മായില്ലെങ്കിൽ കൂടി, അവയ്ക്ക് പകരം പുതിയ ഓർമകൾ തീർക്കാനായി ഒരു യാത്ര.

ആയതിനാൽ തന്നെ ആവേശവും ആകാംക്ഷയും ഈ തിരിച്ചുപോക്കിൽ ഏറെ.

ശിശിരകാലമാണ് ഇപ്പോൾ.

മരങ്ങളെല്ലാം ഇലകൾ കൊഴിച്ച് ശിശിരത്തെ വരവേറ്റ് നിൽക്കുകയാണ് 

കാത്ത് നിന്ന് കൈകളിലേക്ക് വീഴുമ്പോൾ സ്വാസ്ഥ്യത്തിൻറെ ചൂടും ചൂരും ശരീരത്തിലേക്ക് ഇരച്ചുകയറി.

റോഡിൽ നിറയെ ബാംഗ്ലൂരിൻറെ ചെറിയെന്ന് അറിയപ്പെടുന്ന തബെബൂയ പൂക്കൾ കൊഴിഞ്ഞുകിടക്കുന്നു

പിങ്ക് വർണത്തിലുള്ള അവ ഓരോ ചെറിയ കാറ്റിലും നിലത്തേക്ക് പതിച്ചുകൊണ്ടിരിക്കുന്നു

ശേഷിക്കുന്ന തബെബൂയ അടുത്ത കാറ്റിനെ കാത്തിരിക്കുന്നു.

ഓരോ യാത്രയും മനോഹരമാക്കുന്നത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതല്ല

അങ്ങോട്ടുള്ള ദീർഘമോ ഹ്രസ്വമോ ആയ സഞ്ചാരമാണ്

ആ യാത്രയിലുടനീളം ഒപ്പം സഞ്ചരിക്കുന്ന കാഴ്ച്ചകളും സന്തോഷവും ശാന്തിയുമാണ്

കൂടെ ചേർന്നിരിക്കുന്ന സഞ്ചാരിയുടെ കരുതലും സ്നേഹവുമാണ്.

ഈ യാത്രയിലുടനീളം ആ സ്നേഹവും കരുതലും സ്വാസ്ഥ്യവുമാണ് നിറയുന്നത്.

ലേപക്ഷി, അവിടേക്കാണ് ആദ്യ യാത്ര

ആന്ധ്ര അതിർത്തി കടന്നുവേണം പോകാൻ

ബാംഗ്ലൂരിൽ നിന്ന് ഏകദേശം 120 കിലോമിറ്റർ ദൂരമുണ്ട്

ലേപക്ഷിയെന്നാൽ 'ഉണരൂ പക്ഷി'യെന്നാണ് അർത്ഥമാക്കുന്നത്

ആന്ധ്രയിലെ പൌരാണികമായ ദേവാലയം

രാമായണവുമായി ബന്ധപ്പെട്ടുള്ളതാണ് ലേപക്ഷിയുടെ കഥ

രാവണൻ ചിറകരിഞ്ഞുവീഴ്ത്തിയ ജടായു വീണത് ഇവിടുത്തെ കുന്നിൻറെ മുകളിലാണത്രേ

മുറിവേറ്റ ജടായുവിനെ രാമൻ 'ലേ പക്ഷി' (ഉണരൂ പക്ഷി) എന്ന മന്ത്രിച്ചുണർത്തി മോക്ഷം നൽകിയെന്നാണ് കഥ.

(ഇതേ കഥ ഒട്ടും മാറ്റമില്ലാതെ കൊല്ലം ചടയമംഗലത്തെ ജടായുപാറയെ പറ്റിയും കേൾക്കും - ഐതീഹ്യങ്ങളിൽ ചോദ്യത്തിന് സ്ഥാനമില്ല)

ലേപക്ഷിയിലേക്കുള്ള പാതയ്ക്കിരുവശവും കൃഷിയിടങ്ങളുണ്ട്

ചെറു ഗ്രാമങ്ങളിലേക്ക് നീളുന്ന ചെറിയ നടവഴികൾ, ആലും മറ്റ് തണൽമരങ്ങളും ഒറ്റയായി അങ്ങിങ് കാണാം.

നീണ്ട പാതയിൽ വലിയ ട്രാഫിക്കില്ല

വാരാന്ത്യത്തിലായതിനാൽ തന്നെ സഞ്ചാരികളുടെ വാഹനങ്ങൾ മാത്രമാണ് കാണുന്നത്.

വൈകുന്നേരം ആറ് മണികഴിഞ്ഞു ലേപക്ഷിയിലെത്തുമ്പോൾ.

സൂര്യൻ പടിയാനുള്ള തിരക്കിലാണ്

ആകാശം നിറയെ കുങ്കുമവർണം പരന്നു.



ശിവനാണ് വീരഭദ്രക്ഷേത്രത്തിലെ പ്രതിഷ്ഠ.

ആമയുടെ രൂപത്തിലുള്ള കുന്നിൻ മുകളിലാണ് ക്ഷേത്രം പണിതിരിക്കുന്നത്.

വിജയനഗര സാമ്രാജ്യത്തിൻറെ തീരുശേഷിപ്പാണ് ലേപക്ഷിയും.

കരിങ്കല്ലിൽ കൊത്തിയ തൂണുകൾ, ശിൽപങ്ങൾ, ഇരിപ്പിടങ്ങൾ

മിക്കതും ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ശിൽപങ്ങളാണ്

നിലം തൊടാതെ വായുവിൽ തൂങ്ങിനിൽക്കുന്ന കരിങ്കൽ തൂണുകളാണ് ലേപക്ഷിയിലെ ശിൽപവിദ്യയിലെ കൌതുകം

(സമയകുറവും തിരക്കും കാരണം ഇത് ശ്രദ്ധിക്കാനായില്ല, അറിഞ്ഞിരുന്നില്ല എന്നതാണ് വസ്തുത)

നിഗൂഢമാണ് ആ കരിങ്കൽ തൂണുകളെങ്ങനെ നിൽക്കുന്നുവെന്ന്

ഒരിക്കൽ ഒരു ബ്രീട്ടീഷ് എഞ്ചിനീയർ ആ തുണിനെ നിലത്ത് ഉറപ്പിക്കാൻ ശ്രമിച്ചപ്പോൾ സമീപത്തെ മറ്റ് തൂണുകൾ ചരിഞ്ഞുവത്രേ

ആ ഹാങ്ങിങ് പില്ലറാണ് എല്ലാത്തിനേയും താങ്ങിനിർത്തിയിരിക്കുന്നത്.  

ഇന്ത്യൻ വാസ്തുകലയുടെ ഭ്രമിപ്പിക്കുന്ന ചാതുര്യമെന്നല്ലാതെ എന്ത് പറയാൻ.!!!

പണിതീരാതെ ഉപേക്ഷിച്ച കല്ല്യാണമണ്ഡപവുമണ്ട് ഇവിടെ

ഇതുമായി ബന്ധപ്പെട്ടും കഥകൾ ഏറെ 

കൊട്ടാരത്തിലെ ഖജനാവ് കാലിയായതോടെയാണത്രേ ഇതിൻറെ പണി നിന്നുപോയത്

കോപിഷ്ഠനായ രാജാവ് ഖജനാവ് സൂക്ഷിപ്പുകാരനെ ശിക്ഷിച്ചു

അയാളുടെ കണ്ണുകൾ ചൂഴ്ന്നെടുത്ത് മണ്ഡപത്തിൽ ചേർത്തുവെച്ചുവത്രേ. 

ചോരവാർക്കുന്ന കണ്ണുകൾ എന്ന അർത്ഥത്തിൽ 'ലേപ അക്ഷി' എന്ന വാക്കിൽ നിന്നുമാവാം ഒരുപക്ഷെ 'ലേപക്ഷി' പിറവിയെടുത്തത്.

ഫോട്ടോ എടുക്കുന്നവരുടെ തിരക്കാണ് ചുറ്റിലും

മണ്ഡപത്തിന് അപ്പുറത്ത് ചുറ്റുമതിലിനുമുകളിൽ അപ്പോഴേക്കും അസ്തമന സൂര്യൻ കൂടുതൽ മിഴിവാർന്ന് നിൽക്കുന്നു

മണ്ഡപത്തിന് അപ്പുറത്ത് മതിലിൽ പോയി ഇരുന്നു

കാലത്തിനാണ് സാക്ഷ്യം വഹിക്കുന്നത്, ഒരു ദിവസത്തിൻറെ അന്ത്യനിമിഷങ്ങൾക്ക്

ചുവന്ന സൂര്യൻ കുങ്കുമവർണം വിതറി മെല്ലെ താഴുന്നു

 ലേപക്ഷിയിലെ കൽമതിലിൽ ചേർന്നിരുന്ന് പുതിയ കാഴ്ച്ചകൾ മനസിലേക്ക് ആവാഹിച്ചു

വെറും കാഴ്ച്ചകളല്ല, പുതിയ ഓർമകൾ

സ്നേഹത്തിൻറെ കുങ്കുമവർണം വിതറിയ ഓർമകൾ

താഴെ ഒരു ചമ്പമരം.

ചുറ്റും കരിങ്കല്ലുകൊണ്ട് തറകെട്ടിതിരിച്ചിരിക്കുന്നു

കരിങ്കൽ പാളികൾ പാകിയ നിലത്ത് വെള്ളയിൽ ഓറഞ്ച് നിറം നിറഞ്ഞ ചമ്പപൂക്കൾ വീണുകിടക്കുന്നു


ഇലകൾ പേരിന് മാത്രമുള്ള, ചമ്പ പൂക്കളാൽ സമൃദമായ ചെമ്പ മരം

അതിൻറെ ശിഖരങ്ങൾ അന്തരീക്ഷത്തിൽ അതിമനോഹരമായ ഒരു അസ്ഥികൂട രൂപം മെനയുന്നു

നിലത്ത് വീണ രണ്ട് ചമ്പപൂക്കൾ എടുത്തുനീട്ടി

സ്നേഹത്തിൽ പൊതിഞ്ഞ ചമ്പ പൂക്കൾ അവൾ മുടിയിൽ ചൂടി.

ആ മരത്തിന് താഴെ എത്രനേരം ഇരുന്നു.

നിശബ്ദമായി സംസാരിച്ചും ഉച്ചത്തിൽ ചിരിച്ചും!

ക്ഷേത്രമതിലിനകത്ത് ചുറ്റിത്തിരിഞ്ഞുനടന്ന നായ്ക്കൾ അടുത്തുകൂടി 

ക്ഷേത്രം അടക്കാറായപ്പോഴാണ് എണീറ്റത്

അങ്ങകലെ മറ്റൊരു പാറയുടെ മുകളിലുള്ള ജടായു വിൻറെ പ്രതിമ ഇരുട്ടത് നിഴൽപോലെ കാണാം

നേരമില്ല അവിടെ പോകാൻ

ഇനിയൊരിക്കൽ വീണ്ടും അതിരുകൾ താണ്ടി വരാമെന്ന് പറഞ്ഞ് മടങ്ങി



ഇനി തിരികെയാത്രയാണ്.

ഓർമകളുടെ വേലിയേറ്റമുണ്ട്, യാത്ര അവസാനിക്കുന്നുവെന്ന വേദനയുണ്ട്

നീണ്ടുകിടക്കുന്ന പാതകൾ പക്ഷെ ഇനിയും ഏറെ ചെയ്യാനുള്ള യാത്രയെ ഓർമിപ്പിച്ചു

ട്രാഫിക്കുകൾ താണ്ടി ബാംഗ്ലൂരുവിൽ തിരിച്ചെത്തി.

ഇന്നത്തെ യാത്ര ഇവിടെ അവസാനിക്കുന്നുവെങ്കിലും സ്നേഹത്താൽ കൊരുത്ത വിരലുകൾ അയയുന്നില്ലല്ലോ

ചമ്പയുടെ നേർത്ത സുഗന്ധവും.... !!!


No comments:

Post a Comment