Sunday, 16 July 2023

ഈ (തോൽവി)ഭാരം ഇറക്കേണം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇത് തുട‍ർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ പരാജയപ്പെടുന്നത്. ആദ്യം ന്യൂസിലാന്റിനോടെങ്കിൽ ഇത്തവണ അത് ഓസ്ട്രേലിയയോട് ആയെന്ന് മാത്രം. 209 റൺസിന്റെ കനത്ത പരാജയമാണ് ഇത്തവണ ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യക്ക് നേരിടേണ്ടിവന്നത്. തോൽവിക്ക് പിന്നാലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മാച്ച് ഫീയുടെ 100 ശതമാനവും ഐസിസി പിഴയിട്ടതും ഇന്ത്യൻ സംഘത്തിന് നാണക്കേടായി. കളത്തിലെ വമ്പൻമാർ പലരുമുണ്ടായിട്ടും എന്തുകൊണ്ട് ഇന്ത്യ പരാജയപ്പെട്ടുവെന്നത് സംബന്ധിച്ച് ഇതിനോടകം തന്നെ വാദപ്രതിവാദങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനെതിരേയും നായകൻ രോഹിത് ശർമയ്ക്കെതിരേയുമെല്ലാം വിമർശനത്തിന്റെ മുനനീളുന്നു.


ഓവലിൽ എവിടെയെല്ലാമാണ് ഇന്ത്യക്ക് പിഴച്ചത്? ഏതെല്ലാം ഘടകങ്ങളാണ് പ്രതികൂലമായത്? ഇന്ത്യയുടെ പരാജയത്തിന് കാരണങ്ങൾ തേടിപ്പോയാൽ നിരവധിയുണ്ടാകും. അതിൽ കളിക്കാരുടെ ഫിറ്റ്നസ് മുതൽ പ്രകടനവും ടീമിന്റെ തീരുമാനങ്ങളുമെല്ലാം വരും. 


ഇന്ത്യയുടെ വിധി ഇം​ഗ്ലണ്ടിലേക്ക് വിമാനം കയറുന്നതിന് മുമ്പേ നിശ്ചയിക്കപ്പെട്ടിരുന്നുവെന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ല. ഐപിഎൽ എന്ന മാസങ്ങളോളം നീണ്ടുനിൽക്കുന്ന ട്വിന്റി 20 മാമാങ്കത്തിന് ശേഷമാണ് ഇന്ത്യൻ ടീം ഇം​ഗ്ലണ്ടിലേക്ക് തിരിച്ചത്. അതും ഒരാഴ്ച്ചത്തെ പോലും വിശ്രമമോ വേണ്ട പരിശീലനമോ ഇല്ലാതെ. ക്രിക്കറ്റിന്റെ കുട്ടി ഫോർമാറ്റിൽ നിന്ന് ടെസ്റ്റ് എന്ന ബി​ഗ് ഫോർമാറ്റിലേക്ക് പെട്ടെന്ന് മാറുക എന്നത് അത്ര സു​​ഗമമല്ല. ട്വന്റി 20 യിൽ നിന്ന് തീർത്തും വ്യത്യസ്ഥമായ ക്ഷമയോടെ കളിക്കേണ്ടതാണ് ടെസ്റ്റ് മത്സരം. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് കഷ്ടിച്ച് ഒരാഴ്ച്ച മുമ്പ് മാത്രം അവസാനിച്ച ഐപിഎല്ലിന്റെ ഹാങ് ഓവറിൽ നിന്ന് ഇന്ത്യൻ താരങ്ങൾ ഒട്ടും മുക്തരായിരുന്നില്ല എന്നത് ഫൈനലിലെ അവരുടെ കളിയിൽ പ്രകടമായിരുന്നു. ഇന്ത്യയുടെ മുൻ നിര താരങ്ങളിൽ പലരും ഐപിഎല്ലിൽ തിളങ്ങിയെങ്കിലും ടെസ്റ്റിൽ തിളങ്ങാതിരുന്നത് ഇതിനാലാണ്. അജിൻക്യ രഹാനെ മാത്രമായിരുന്നു ഒരു അപവാദം. 


ഐപിഎല്ലിലെ തുടർച്ചയായ മത്സരങ്ങൾ താരങ്ങളെ ശാരീരികമായും മാനസികമായും തളർത്തിയിരുന്നു. ഒരു സ്റ്റേഡിയത്തിൽ നിന്ന് മറ്റൊരു നഗരത്തിലെ സ്റ്റേഡിയത്തിലേക്കുള്ള യാത്രകൾ താരങ്ങളെ ശാരീരികമായി തന്നെ ക്ഷീണിപ്പിക്കുന്നതാണ്. ഇതിനുപുറമെ ആവേശം അവസാന പന്ത് വരെ നീളുന്ന  ട്വന്റി 20 മത്സരങ്ങൾ താരങ്ങളിൽ മാനസികമായും വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. ഇതിൽ നിന്ന് മാറി മാനസികവും ശാരീരികവുമായി തയ്യാറെടുക്കാനുള്ള അവസരം ഇന്ത്യൻ താരങ്ങൾക്ക് ലഭിച്ചില്ല.  ഇന്ത്യൻ നിരയിൽ കീപ്പർ കെ എസ് ഭരതും  ചേതേശ്വർ പൂജാരയുംമാത്രമാണ് ഐപിഎല്ലിൽ കളിക്കാത്തത്. അതേസമയം ഡേവിഡ് വാർണറും കാമറൂൺ ​ഗ്രീനും മാത്രമാണ് ഓസീസ് നിരയിൽ ഐപിഎൽ കളിച്ചശേഷം ടീമിനൊപ്പം ചേർന്നത്.  ഫൈനലിനുവേണ്ട തയ്യാറെടുപ്പിന് 20 -25 ദിവസവേണമായിരുന്നുവെന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മത്സരശേഷമുള്ള പ്രതികരണവും ഇത് തന്നെയാണ് ചൂണ്ടികാട്ടുന്നത്.  മറ്റൊരു സ്ഥലത്ത് പോയി കളിക്കുമ്പോൾ അവിടത്തെ സാഹചര്യങ്ങളോടും കാലാവസ്ഥയോടും പൊരുത്തപ്പെടുക എന്നത് താരങ്ങളുടെ പ്രകടനത്തിലും പ്രതിഫലിക്കുന്നതാണ്. എന്നാൽ ഇന്ത്യൻ താരങ്ങൾക്ക് അതിനുള്ള അവസരം ലഭിച്ചില്ല. അതേസമയം ഓസീസിന്റെ മിക്കതാരങ്ങളും ആഷസ് പരമ്പരയും കൂടി ലക്ഷ്യമിട്ട് നേരത്തെ തന്നെ ഇം​ഗ്ലണ്ടിലെത്തി പരിശീലനം ആരംഭിച്ചിരുന്നു. ഇന്ത്യൻ നിരയിൽ കൗണ്ടി ക്രിക്കറ്റ് കളിച്ചിരുന്ന ചേതേശ്വർ പൂജാരമാത്രമാണ് ഇം​ഗ്ലണ്ടിൽ നേരത്തെ എത്തി സാഹചര്യങ്ങളുമായി ഇണങ്ങിചേർന്നിരുന്നത്. എന്നാൽ ഫൈനലിൽ പൂജാര വലിയ പരാജയമായി എന്നത് വേറെ കഥ. 


ഇന്ത്യൻ ടീമിന് ഐപിഎൽ ആണോ ടെസ്റ്റ് ചാമ്പ്യൻഷിപ്പാണോ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് ബിസിസിഐ ആലോചിക്കേണ്ടിയിരുന്നു. ടെസ്റ്റ് താരങ്ങളെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കി അവർക്ക് തയ്യാറെടുക്കാനുള്ള അവസരം ഒരുക്കേണ്ടിയിരുന്നത് ബിസിസിഐയുടെ ഉത്തരവാദിത്വമായിരുന്നു. പണത്തിന്റെ ഐപിഎൽ മേളയാണോ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പാണോ വലുതെന്ന് കളിക്കാരും ബോർഡും ഇരുന്നൊന്ന് ചിന്തിക്കണം. ഇത്തരം സാഹചര്യങ്ങളിൽ ഐപിഎൽ കരാറിൽ നിന്ന് താരങ്ങളെ വിടുതൽ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കേണ്ട സമയമായിരിക്കുന്നുവെന്നാണ് ഈ പരാജയം ഓർമിപ്പിക്കുന്നത്.


കളിക്കുമുമ്പ് ഇതായിരുന്നു അവസ്ഥയെങ്കിൽ കളിക്കളത്തിലെത്തിയശേഷവും തെറ്റുകളുടെ മഹാപ്രളയമായിരുന്നു ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായത്. പരാജയത്തിലേക്ക് നയിക്കുന്ന മണ്ടൻ തീരുമാനങ്ങൾ തുടക്കംമുതലേ  ഓവലിൽ ഇന്ത്യൻ ടീം എടുത്തുകൊണ്ടിരുന്നു. അതിൽ ഏറ്റവും ആദ്യത്തേത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറായ രവിചന്ദ്രൻ അശ്വിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്താതിരുന്നത്. ഏറ്റവും മികച്ച ടെസ്റ്റ് ഓൾറൗണ്ടറുമാരിൽ ഒരാളായ അശ്വിന്റെ അഭാവം തുടക്കത്തിലെ ഓസീസിന് മേൽക്കൈ നൽകുന്നതായി. ഇടങ്കയ്യൻമാർക്കുനേരെ മികച്ച പ്രകടനമാണ് അശ്വിന്റേത്. എട്ട്  ബാറ്റർമാരിൽ അഞ്ച് ഇടങ്കയ്യൻമാരുള്ള ഓസീസിനെതിരെ പക്ഷെ അശ്വിന് പവലിയനിൽ ഇരിക്കാനായിരുന്നു വിധി. അശ്വിനെ കളിപ്പിക്കാതിരുന്നതോടെ രവീന്ദ്ര ജഡേജമാത്രമായി ഇന്ത്യയുടെ ഏക സ്പിന്നർ. അശ്വിൻ ഉണ്ടായിരുന്നുവെങ്കിൽ അത് ബൗളിങ് ഡിപ്പാർട്ട്മെന്റിനെ മാത്രമല്ല, വാലറ്റത്തെ ബാറ്റിങിനും ​ഗുണം ചെയ്യുമായിരുന്നു. ടെസ്റ്റിൽ 5 സെഞ്ച്വറികൾക്ക് ഉടമയായ അശ്വിന് ബാറ്റ് കൊണ്ടും ടീമിന് സംഭാവന ചെയ്യാനാകുമായിരുന്നു. ഓവലിലെ പിച്ചിന്റെ വെളുത്തനിറം സൂചിപ്പിക്കുന്നത് അടിഭാ​ഗം ഡ്രൈ ആണെന്നും അത് സ്പിന്നിനെ തുണയ്ക്കുമെന്ന വിദ​ഗ്ധരുടെ അഭിപ്രായവും ടീം മുഖവിലയ്ക്കെടുത്തില്ല. ന്യൂസിലാന്റിനെതിരായ ഫൈനലിൽ രണ്ട് സ്പിന്നറുമായി ഇറങ്ങിയത് തിരിച്ചടിയായെന്ന വിലയിരുത്തലാണ് റ്റ സ്പിന്നറുമായി ഇറങ്ങാൻ ഇന്ത്യയെ പ്രേരിപ്പിച്ചഘടകം. എന്നാൽ സൗതാംപ്ടണിലേയും ഓവലിലേയും സാഹചര്യങ്ങൾ തീർത്തും വ്യത്യസ്ഥമാണ്. മാത്രവുമല്ല അന്തരീക്ഷത്തിലുണ്ടായിരുന്ന നനവ് നന്നായി അശ്വിന് മുതലാക്കാനും അവുമായിരുന്നു.   അശ്വിനെ പുറത്തിരുത്തി സിറാജ്, ഷമി, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ് എന്നീ നാല് പേസർ‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.  ഇവരിൽ രണ്ടാം ഇന്നിം​ഗ്സിൽ രണ്ട് വിക്കറ്റെടുത്തത് ഒഴിച്ചാൽ ഓവലിൽ സമ്പൂർണ പരാജയമായിരുന്നു ഉമേഷ് യാദവ്. പകരം അശ്വിനെ ഇറക്കിയിരുന്നുവെങ്കിൽ ഫലം തന്നെ മാറിയേനെ. 


ടോസ് നേടിയിട്ടും ഓവലിൽ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തില്ല എന്നതും ആശ്ചര്യപ്പെടുത്തുന്നതാണ്. ആദ്യരണ്ട് ദിവസം പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കുമെന്നിരിക്കെ എന്തുകൊണ്ട് രോഹിത് ശർമ ഓസീസിനെ ബാറ്റിങിന് അയച്ചു? ഓവലിലെ പിച്ചിലെ പുല്ലും മൂടിക്കെട്ടിയ അന്തരീക്ഷവും കണ്ടാണ് രോഹിത് ശർമ ബൗൾ ചെയ്യാൻ തീരുമാനിച്ചത്. സ്ക്കോ‍ർ രണ്ടിൽ നിൽക്കെ ഉസ്മൻ ഖവാജയെ പുറത്താക്കുകയും മൂന്നിന് 76 എന്നനിലയിലേക്ക് ഓസീസ് എത്തുകയും ചെയ്തപ്പോൾ തീരുമാനം ശരിയായെന്ന് ഇന്ത്യൻ സംഘം വിശ്വസിച്ചു. പക്ഷെ ഓസീസിന്റെ പ്രകടനം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും നാലാം വിക്കറ്റിൽ ഒത്തുചേർന്നതോടെ ഓസീസ് സ്ക്കോർ ഉയർന്നു. സെഞ്ച്വറി നേടിയ ഇരുവരും 285 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയപ്പോഴെ കളിയുടെ ​സ്റ്റിയറിങ് ഓസീസിന്റെ കയ്യിലായി. അവർ പോലും പ്രതീക്ഷിക്കാതിരുന്ന വമ്പൻ സ്ക്കോറാണ് ഇന്ത്യൻ ബൗളർമാർ ഒന്നാം ഇന്നിം​ഗ്സിൽ ഓസീസിന് സമ്മാനിച്ചത്.  


മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ പേര് കേട്ട മുൻനിര ഓസീസ് പേസ് ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞു. സ്ക്കോർ മുപ്പതിൽ നിൽക്കെ ഓപ്പണർമാരായ നായകൻ രോഹിത് ശർമയും ശുഭ്മാൻ ​ഗില്ലും കൂടാരം കേറി. 15 ഉം 13 ഉം ആയിരുന്നു ഇരുവരുടേയും സംഭാവന. പിന്നാലെ പൊരുതാൻ പോലും നിൽക്കാതെ 14 റൺസ് വീതമെടുത്ത് വിരാട് കോഹ്ലിയും ചേതേശ്വർ പൂജാരയും ​ഗ്ലൗസൂരിയപ്പോൾ ഇന്ത്യയുടെ സ്ക്കോർ 4 ന് 71 എന്നായിരുന്നു. രവീന്ദ്ര ജഡേജയും അജിങ്ക്യ രഹാനെയും ശാർദുൽ താക്കൂറും പൊരുതിയില്ലായിരുന്നുവെങ്കിൽ ഇന്ത്യ 200 പോലും കടക്കില്ലായിരുന്നു. രഹാനെ 89 ഉം ജഡേജ 48 ഉം ശാർദുൽ 51 ഉം റൺസെടുത്തത് മാത്രമാണ്  ഇന്ത്യൻ ബാറ്റിങ് നിരയിൽ എടുത്തു പറയാനുള്ളത്. മിച്ചൽ സ്റ്റാർക്ക് ഉദാരമനസ്ക്കനായപ്പോൾ പിശുക്കരായ സ്കോട്ട് ബോളണ്ടും കാമറൂൺ ​ഗ്രീനും രുപരിധിവരെ നായകൻ പാറ്റ് കമ്മിൻസുമാണ് ആദ്യഇന്നിം​ഗ്സിൽ ഇന്ത്യയെ കെട്ടിയിട്ടത്. രണ്ടാം ഇന്നിം​ഗ്സിലും ഓസീസ് മധ്യനിര കരുത്ത് കാട്ടിയപ്പോൾ (രണ്ടാം ഇന്നിം​ഗ്സിൽ ഓസീസ് 8 വിക്കറ്റിന് 270 എന്ന നിലയിൽ ഇന്നിം​ഗ്സ് ഡിക്ലയർ ചെയ്തു) ഇന്ത്യക്ക് മുന്നിലുണ്ടായത് 444 റൺസെന്ന വമ്പൻ വിജയലക്ഷ്യമായിരുന്നു. എന്നാൽ ഇന്ത്യയുടെ പേര് കേട്ട മുന്നേറ്റനിരയും മധ്യനിരയും ശരാശരിക്കും താഴെ തുങ്ങിയപ്പോൾ ഴിവാക്കാനാവാത്ത പരാജയമാണ് ഇന്ത്യയെ ​ഗ്രസിച്ചത്. രോഹിത് ശർമ (43), കോഹ്ലി (49), അജിങ്ക്യ രഹാനെ (46) എന്നിവർ മാത്രമാണ് പേരിനെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. അനാവശ്യഷോട്ടുകൾ കളിച്ചാണ് ഇന്ത്യയുടെ മിക്ക ബാറ്റർ‍മാരും പുറത്തായത് എന്നത് പറയാതെ വയ്യ. പറന്ന് പോകുന്ന പരുന്തിനെ ഏണിവെച്ച് പിടിച്ചതുപോലെയായിരുന്നു പൂജാരയും കോഹ്ലിയും രഹാനെയുമെല്ലാം അനാവശ്യഷോട്ടിന് കളിച്ച് വിക്കറ്റ് തുലച്ചത്. ശുഭ്മാൻ ​ഗില്ലിന്റെ പുറത്താകലാണ് ഇതിൽ വിവാദമായത്. ബോളണ്ടിന്റെ പന്തിൽ ​ഗ്രീൻ എടുത്ത ക്യാച്ച് പന്ത് ​ഗ്രൗണ്ടിൽ തെട്ടിരുന്നുവെന്നും ഇല്ലെന്നുമുള്ള വിവാദമാണ് ഉയർത്തിയത്. റിപ്ലേകൾക്കൊടുവിൽ ബാറ്ററിന് എതിരായി തേർഡ് അംപയർ നിലപാട് എടുത്തത് കളത്തിന് പുറത്തെ പ്രതികരണങ്ങളിലേക്കും ​ഗില്ലിന് പിഴയിടുന്നതിലേക്കും വഴിതുറന്നു.  


പേര് കേട്ട ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് പരാജയത്തിൽ വലിയ റോളുണ്ട്. ഇന്ത്യയുടെ ടോപ്പ് ഫോർ തുടർച്ചയായി പരാജയമായി തീരുന്നുവെന്നത് തന്നെയാണ് ഇതിൽ ഏറ്റവും പ്രധാനം. രോഹിത് ശർമ്മ, ശുഭ്മാൻ ​ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി എന്നിവരുടെ പ്രകടനം തീർത്തും നിരാശജനകമായിരുന്നു. രണ്ട് ഇന്നിം​ഗ്സുകളിൽ നിന്നായി 193 റൺസാണ് ഈ ടോപ് ഓർഡറിന്റെ സംഭാവന. രാൾ പോലും അർദ്ധശതകം പേലും തികച്ചില്ല. കോഹ്ലി രണ്ടാം ഇന്നിങ്സിൽ നേടിയ 49 ആണ് ടോപ് സ്ക്കോർ. ന്നാം ഇന്നിം​​ഗ്സിൽ രഹാനെയും ശാർദുലും നേടിയ അർദ്ധസെഞ്ച്വറികൾ മാത്രമാണ് ഇന്ത്യയുടെ മികച്ച നേട്ടം. രണ്ടാം ഇന്നിങ്സിൽ റ്റ അർദ്ധസെഞ്ച്വറിയും ഇന്ത്യൻ താരങ്ങൾക്ക് നേടാനായില്ല. അതേസമയം ഓസീസിന്റെ ടോപ് ഫോർ താരതമ്യേന മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. 279 റൺസാണ് രണ്ട് ഇന്നിം​ഗ്സിലുമായി ഓസീസ് മുന്നേറ്റ നിര അടിച്ചുകൂട്ടിയത്. ടോപ് ഫോറിലെ സ്റ്റീവ് സ്മിത്ത് നേടിയ സെഞ്ച്വറി ഓസീസിന്റെ ന്നാം ഇന്നിം​ഗ്സിന് കരുത്ത് പകരുകയും ചെയ്തു.  മധ്യനിരയിൽ ഇന്ത്യക്കായി രാഹാനെ മാത്രമാണ് രണ്ട് ഇന്നിം​ഗ്സിലും മികച്ച പ്രകടനം നടത്തിത്. 89 ഉം 46 ഉം ആണ് രണ്ട് ഇന്നിം​ഗ്സുകളിലെ രഹാനെയുടെ സ്ക്കോർ. അതേസമയം ഓസീസിനുവേണ്ടി ഏഴാമനായി ഇറങ്ങിയ അലക്സ് കാരി 48 ഉം പുറത്താകാതെ 66 ഉം റൺസാണ് രണ്ട് ഇന്നിം​ഗ്സുകളിലായി നേടിയത്. കാരിയുടെ പ്രകടനം ഇന്ത്യയെ ചില്ലറയൊന്നുമല്ല സമ്മർദ്ദത്തിലാക്കിയത്.  പ്പം ​ഗ്രീനും മിച്ചൽ സ്റ്റാർക്കും മികച്ച പിന്തുണയും നൽകി. 


ഇന്ത്യൻ നിരയിലെ പലതാരങ്ങൾക്കും പ്രായമായി തുടങ്ങി. രോ​ഹിത്, കോഹ്ലി, പൂജാര, തുടങ്ങി പലരും മുപ്പതുകളുടെ പകുതി കടന്നവരാണ്. ഇത്തവണത്തെ ലോക് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇവരുടെ പ്രകടനം പ്രായം ഇവരുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നതിന് തെളിവാണ്. 11 ടെസ്റ്റുകൾ കളിച്ച രോഹിത് ശർമ്മ രണ്ട് സെഞ്ച്വറികളടക്കം 758 റൺസാണ് നേടിയത്. ശരാശരി 42.11. 17 ടെസ്റ്റുകൾ കളിച്ച പൂജാരയാകട്ടെ നേടിയത് രു സെഞ്ച്വറി മാത്രം. 32 ശരാശരിയിൽ 928 റൺസാണ് പൂജാരയുടെ ബാറ്റിൽ നിന്നായി പിറന്നത്. 17 മത്സരങ്ങളിൽ നിന്ന് 932 റൺസാണ് കോഹ്ലി നേടിയത്. ശരാശരി 32.13. അഹമ്മദാബാദിലെ ഫ്ലാറ്റ് പിച്ചിൽ ഓസീസിനെതിരെ നേടിയ 186 മാത്രമാണ് ഏക സെഞ്ച്വറി. അതേസമയം ഓസീസ് താരങ്ങളുടെ ശരാശരി ഇതിന് എത്രയോ മേലെയാണ്. സ്മിത്ത് 50.08, ലബുഷനെ 53.8, ഹെഡ് 52.5 എന്നിങ്ങനെയാണ് മധ്യനിര താരങ്ങളുടെ ശരാശരി. ടെസ്റ്റിൽ ഇന്ത്യൻ താരങ്ങളുടെ പ്രൈം കാലം കഴിഞ്ഞുവോയെന്ന സംശയം ഉയർത്തുന്നതാണ് സമീപകാലത്തെ ഇവരുടെ പ്രകടനങ്ങൾ. 


ഇന്ത്യൻ ടീമിനെ അഴിച്ചുപണിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സീനിയർ എന്നോ ജൂനിയർ എന്നോ വ്യത്യാസമില്ലാതെ പ്രകടനവും പ്രായവും കണക്കിലെടുത്ത് ഴിവാക്കേണ്ടവരെ ഴിവാക്കുക തന്നെ വേണം. ഇന്ത്യൻ ടീമിലേക്കുള്ള വിളി കാത്ത് നിൽക്കുന്ന രുപിടി നല്ല കളിക്കാരുണ്ട് ഇന്ത്യയ്ക്ക്. ഇഷാന്ത് കിഷൻ, അർഷ്ദ്വീപ്, ഋതുരാജ് ​ഗെയ്ക്ക്വാദ്, യശസ്വി ജെയ്സ്വാൾ, ദേവദത്ത് പടിക്കൽ, സഞ്ജു വി സാംസൺ തുടങ്ങി വലിയ നിരതന്നെ. സീനിയർ താരങ്ങളെ പൂർണമായും ഴിവാക്കണമെന്നല്ല, സന്തുലിതമായ രു ടീമാണ് വേണ്ടത്. സീനിയർ താരങ്ങൾക്കൊപ്പം പുതിയ താരങ്ങളെ കൂടി ഉൾപ്പെടുത്തിയ പരിചയസമ്പന്നതയും യുവത്വവും ചേരുന്ന ടീം.  ഇന്ത്യൻ സെലക്ടർമാരും കോച്ചും ഇക്കാര്യം ​ഗൗരവമായി തന്നെ കാണേണ്ടതാണ്. നേരത്തെ രവിശാസ്ത്രി സീനിയർ ടീമിന്റെ കോച്ചും ദ്രാവിഡ് ജൂനിയർ ടീമിന്റെ കോച്ചുമായിരുന്ന സമയത്ത് മോശം ഫോമിലാകുന്ന താരങ്ങൾക്ക് പകരക്കാരെ വേ​ഗത്തിൽ തന്നെ കണ്ടെത്തിയിരുന്നു. അതേ സംവിധാനം ഇനിയും പ്രവർത്തിക്കേണ്ടതുണ്ട്. സീനിയര് താരങ്ങളോട് കാര്യമായി തന്നെ ദ്രാവിഡ്  സംസാരിക്കേണ്ടിയിരിക്കുന്നു. ദ്രാവിഡിന് അത് സാധിക്കുന്നില്ലെങ്കിൽ ബിസിസിഐ തന്നെ ഇക്കാര്യത്തിൽ മുൻകൈ എടുക്കണം. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിക്ക് അത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ഏകദിന ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കെ. 

.............................

KOA SPORTS MAGAZINE ജൂൺ ലക്കത്തിന് വേണ്ടി എഴുതിയത് 


No comments:

Post a Comment