മെയ് 28 ചരിത്രം അടയാളപ്പെടുത്തുക ഇങ്ങനെയാവും

ഒരു ദിവസത്തെ ചരിത്രത്തിൽ എങ്ങനെ അടയാളപ്പെടുത്തണമെന്നത് നിശ്ചയിക്കേണ്ടത് സ്വേച്ചാധിപത്യമല്ല. മറിച്ച് പിന്നീട് വരുന്ന കാലമാണ്. മെയ് 28. അത്തരത്തിലൊരു ദിനമാണ്. ഇന്ത്യയുടെ പുതിയ പാ‍ർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ട ദിവസം, ഇന്ത്യയ്ക്ക് വേണ്ടി ഒളിംപ്കിസലടക്കം മെഡലുകൾ വാങ്ങിക്കൂട്ടിയ താരങ്ങളെ നടുറോഡിലിട്ട് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച ദിനം. അതമുല്ലെങ്കിൽ രാഷ്ട്രപിതാവിന്റെ വധത്തിലടക്കം പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട് വിചാരണ നേരിട്ട വി ഡി സവർക്കറുടെ ജൻമദിനം. ഇതിൽ ഏതാണ്  കാലം രേഖപ്പെടുത്തിവെക്കുക?



തീ‍ർച്ചയായും അത് അവസാനം പറഞ്ഞത് ആകില്ലെന്നുറപ്പ്. അതാക്കാനുള്ള തീവ്ര വലതുപക്ഷ ഹിന്ദുത്വശക്തികളുടെ കൊണ്ടുപിടിച്ച ശ്രമങ്ങൾ കഴിഞ്ഞകുറച്ച് കാലമായി രാജ്യത്ത് നടക്കുന്നുണ്ട്. എന്നാൽ രാജ്യത്ത് ഇപ്പോഴും ഇന്ത്യ എങ്ങനെ സ്വതന്ത്രയായി, ഏതെല്ലാം ശക്തികൾ അതിനായി പ്രവർത്തിച്ചുവെന്നും ആരെല്ലാം അതിനെതിരെ കുതികാൽ വെട്ട് നടത്തിയെന്നുമുള്ള ചരിത്രം അറിയുന്നവർ ജീവിച്ചിരിക്കുന്നുവെന്നതിനാൽ തന്നനെ അതത്ര എളുപ്പമാവില്ല. ചരിത്രപുസ്തകങ്ങളിൽ നിന്ന് യഥാർത്ഥചരിത്രം വെട്ടിമാറ്റി, കളവ് മെനയുന്നുണ്ടെങ്കിലും അധികം ആയുസ് അതിന് ഉണ്ടാകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. വിഡി സവർക്കറിനെ വീരനാക്കി പ്രതിഷ്ടിക്കുന്നതിന്റെ ഭാഗമായി പഴയ പാർലമെന്റിനകത്ത് ഗാന്ധിയുടെ ചിത്രത്തിന് നേരെ ചിത്രം സ്ഥാപിച്ചത് കൊണ്ട് അയാൾ വീരനാവില്ലെന്ന് അയാളുടെ മാപ്പപേക്ഷകൾ തന്നെ സാക്ഷ്യമാണ്. അതിനാലാണ് അടുത്ത നടപടിയായി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സവർക്കറിന്റെ ജനമദിനത്തിൽ തന്നെ നടത്തിയ സംഘപരിവാരത്തിന്റെ തീരുമാനം. അതും പാർലമെന്റിന്റെ ഭാഗമായ രാജ്യത്തെ പ്രഥമ പൗരനേയും ഉപരാഷ്ട്രപതിയേയും മാറ്റി നിർത്തി. കോടികൾ ചിലവിട്ട് പണികഴിപ്പിച്ച മന്ദിരത്തിന്റെ ശിലാസ്ഥാപനം മുതൽ ഉദ്ഘാടനം വരെ ഒരാളിൽ തന്നെ കേന്ദ്രീകൃതമായിരുന്നുവെന്നത് വെറുമൊരു തമാശയല്ല. രാജ്യത്ത് നിലകൊള്ളുന്ന ഏകാധിപത്യത്തിന്റെ തെളിവാണ് അത്. അന്താരാഷട്ര മാധ്യമങ്ങളെ പി ആർ ഏജൻസികളേയും രാജ്യത്തെ മാധ്യമങ്ങളെ ശിങ്കിടികളെ വെച്ചും നിയന്ത്രിച്ച് ജനസ്സമതി എന്ന വ്യാജനിർമിതിയുടെ ഭാഗമാണ് മന്ദിരത്തിന്റെ ഉദ്ഘാടനവും.



മതേതരരാഷ്ട്രമാണ് ഇന്ത്യ. എന്നാൽ ഇന്ത്യയുടെ നിയമനിർമാണ സഭയുടെ അകത്ത് നടക്കുന്നതെന്താണ്? ഏതെങ്കിലും ഒരു മതത്തിന്റെ, ആ മതത്തിലെ തന്നെ ഉന്നതകുലജാതരുടെ, മാത്രം കേന്ദ്രമാക്കി മാറ്റുകയാണ് നമ്മുടെ പാർലമെന്റിനെ മോദി ഭരണകൂടം. ബ്രാഹ്മണ്യവത്ക്കരണത്തിന്റെ - മനുസ്മൃതിയുടെ - കേന്ദ്രമാക്കിമാറ്റുന്നതായി പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം. ആദിവാസി വിഭാഗത്തിൽ പെട്ട രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന് ചടങ്ങിലെവിടെയും സ്ഥാനമുണ്ടായിരുന്നില്ല. ഹൈന്ദവ പുരോഹിതരും മോദിയും മാത്രം അണിനിരന്ന ചടങ്ങ്. അധികാരത്തിന്റെ ചെങ്കോൽ (!) സ്ഥാപിച്ച് മോദി തുടക്കം കുറിച്ചത് രാഷ്ട്രത്തിന്റെ നിയനിർമാണസഭയുടെ പ്രവർത്തനത്തിനല്ല, മറിച്ച് നമ്മുടെ ഭരണഘടനയെ അട്ടിമറിച്ച് ഹൈന്ദവഫാസിസം ഊട്ടിയുറപ്പിക്കാനുള്ള നീക്കമാണ്.



വിസ്മയങ്ങളുടെ കലവറയാണ് പുതിയ മന്ദിരം. ശാസ്ത്രത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള ക്ലോക്ക്, വിവിധ കലാകാരൻമാരുടെ സൃഷ്ടികൾ, അങ്ങനെ പലതും. പക്ഷെ ശാസ്ത്രത്തിൽ ഒട്ടും വിശ്വാസമില്ലാത്ത ഭരണകൂടം ഇവയെല്ലാം കെട്ടുകാഴ്ച്ചയ്ക്ക്മാത്രമായാണ് സ്ഥാപിക്കുന്നത് എന്ന് സംശയിക്കുന്നത് ഒട്ടും അതിശയോക്തിയില്ല. നിരവധി കലാകാരൻമാരുടെ സൃഷ്ടികൾ സ്ഥാപിച്ചെങ്കിലും അവരുടെ പേരുകൾ എവിടെയും പരാമർശിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നത് നിസാരമൊരു വീഴ്ച്ചയല്ല. മറിച്ച് തന്റേതല്ലാത്ത ഒരു പേരും ചിത്രവും ഇതുമായി ബന്ധപ്പെട്ട് ചരിത്രത്തിലുണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ഒരു സ്വേച്ചാധിപതിയുടെ നടപടിമാത്രമാണ് അത്. പാർലമെന്റിന്റെ ഭാഗമായ രാഷ്ട്രപതി പാർലമെന്റുമായി ബന്ധപ്പെട്ട ഏതൊരു ചടങ്ങിനും പങ്കാളിയാകേണ്ടതാണ്. ഒന്നുകിൽ ശിലാസ്ഥാപനമോ ഉദ്ഘാടനചടങ്ങിലോ ആയിരിക്കും രാഷ്ട്രപതിയുടെ സാന്നിധ്യം. എന്നാൽ ഈ ത്രികോണമന്ദിരത്തിൽ രാഷ്ട്രപതി ഒരിക്കലും സാന്നിധ്യമായില്ല. രാഷ്ട്രപതിയുടെ സന്ദേശം വായിക്കൽ മാത്രമായിരുന്നു ആകെ ചെയ്തത്. ബ്രാഹ്മണ പുരോഹിതരുടെ അനിഷ്ടം ഭയന്നാണോ ആദിവാസി വിഭാഗത്തിൽപെട്ട രാഷ്ട്രപതിയെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയത്. മനുസ്മൃതിയുടെ പിന്തുടർച്ചക്കാർക്ക് കീഴ്ജാതിക്കാ‍ർ കാഴ്ച്ചവട്ടത്ത് വരുന്നത് പോലും അയിത്തമാണല്ലോ.
അകത്ത് വൺമാൻ ഷോ നടക്കുമ്പോൾ പുറത്ത് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ കായികതാരങ്ങളെ തെരുവിൽ നേരിടുകയായിരുന്നു ഏകാധിപതിയുടെ പൊലീസ്. സ്വന്തം മാനവും വളർന്നുവരുന്നതും വരാനിരിക്കുന്നതുമായ വനിതകായിക താരങ്ങളുടെ മാനവും സംരക്ഷിക്കാൻ വേണ്ടി കഴിഞ്ഞകുറേ  നാളുകളായി ജന്തർമന്ദറിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെയാണ് വലിച്ചിഴച്ച് ആക്രമിച്ചത്. ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങിനെ ലൈംഗിക ചൂഷണക്കേസിൽ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഒളിംപിക്സിലടക്കം രാജ്യത്തിനായി മെഡൽ വാങ്ങിയ വനിതതാരങ്ങളും പുരുഷതാരങ്ങളും സമരം നടത്തുന്നത്. മാസങ്ങളായിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാരും കേന്ദ്രസർക്കിരിന് കീഴിലെ പൊലീസും പക്ഷെ താരങ്ങളെ ആക്രമിക്കാനാണ് താൽപര്യം. രാജ്യത്തിന് വേണ്ടി ഗോദകളിൽ സ്വന്തം പ്രയത്നം കൊണ്ട് മെഡലുകൾ നേടിയ ഈ താരങ്ങളെ ആക്രമിക്കുന്നത് സ്വന്തം വീഴ്ച്ചകൾ മറയ്ക്കാനാണ്. ലൈംഗികപീഢനാരോപണം നേരിടുന്ന സ്വന്തം നേതാവിനെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ലോകം കാണുന്നുണ്ട്. മെഡൽ നേടുകൾ ഇന്ത്യയുടെ അഭിമാനപുത്രികൾ എന്ന് ട്വിറ്ററിൽ ഒരു ഉളുപ്പുമില്ലാതെ കുറിക്കുകയും എന്നിട്ട് അതിന്റെ ക്രെഡിറ്റ് സ്വന്തം സ‍ർക്കാരിന്റെ നേട്ടമെന്ന് വീമ്പുപറയുകയും ചെയ്യുന്ന പ്രധാനമന്ത്രി ഇതുവരേയും പക്ഷെ താരങ്ങളുടെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. (പാർലമെന്റിൽ ഉയരുന്ന ചോദ്യങ്ങൾക്കോ രാജ്യത്തെ വലയ്ക്കുന്ന പ്രശ്നങ്ങൾക്കോപോലും മറുപടി പറയാത്ത പ്രഥമനിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നത് ഒട്ടും ശരിയല്ലെന്ന് അറിയാം., എങ്കിലും...)


എന്തിനാണ് നമ്മുടെ ഗുസ്തിതാരങ്ങൾ സമരം ചെയ്യുന്നത്? എന്തുകൊണ്ടാണ് ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ സർക്കാരോ പോലീസോ നടപടി എടുക്കാത്തത്? സാക്ഷി മാലിക്ക്,  വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, ബജ്രംഗ് പുനിയ തുടങ്ങിയ താരങ്ങൾ ഉന്നയിച്ചിരിക്കുന്ന ആരോപണം ചില്ലറയല്ല. ലൈംഗിക ചൂഷണമാണ് ബ്രിജ് ഭൂഷണെതിരെ ഉയ‍ർത്തിയിരിക്കുന്നത്. ഇതിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ചതിന് പോക്സോ കേസ് പ്രകാരവും പരാതിയുണ്ട്. എന്നാൽ സുപ്രീംകോടതി ഇടപെടൽ വരെ നീണ്ടശേഷമാണ് ബ്രിജ് ഭൂഷണെതിരെ കേസ് രജിസ്റ്റര്‌ ചെയ്യാൻ ഡൽഹി പോലീസ് തയ്യാറായത്. രണ്ട് എഫ് ഐ ആർ ഇട്ടിട്ടും പക്ഷെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലിസ് തയ്യാറായിട്ടില്ല. ഏറ്റവും ഒടുവിൽ തങ്ങൾക്ക് ലഭിച്ച മെഡലുകളെല്ലാം ഗംഗയിൽ ഒഴിക്കാൻ താരങ്ങൾ ശ്രമിച്ചു. താൽക്കാലികമായെങ്കിലും അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ നേരത്തെ കേന്ദ്രത്തിനെതിരെ സമരം നടത്തിയ കർഷകർക്ക് സാധിച്ചു. എന്നാലി ശാശ്വതമാണെന്ന് പറയാനായിട്ടില്ല. ഒളിംപിക്സിൽ ഇന്ത്യക്ക് ഇന്നേവരെ ലഭിച്ചിട്ടുള്ള 35 മെഡലുകളിൽ 7 എണ്ണവും ഗോദയിൽ നിന്നാണ്. ഹോക്കി കഴിഞ്ഞാൽ ഒളിംപ്കിസിൽ ഇത്രയേറെ നേട്ടം രാജ്യത്തിന് സമ്മാനിച്ച മറ്റൊരു കായികയിനം ഇല്ല.


ബ്രിജ് ഭൂഷൺ ഉത്തർപ്രദേശിലെ ബിജെപിയുടെ കിരീടം വെക്കാത്ത രാജക്കൻമാരിലൊരാളാണ്. യു പി യിലെ 3 വ്യത്യസ്ഥ ലോക്സഭ മണ്ഡലങ്ങളിൽ നിന്ന് വൻ ഭൂരിപക്ഷത്തിന് വിജയിച്ച് പാർലമെന്റിലെത്തിയ നേതാവ്. മാത്രവുമല്ല, 5 ലോക്സഭ മണ്ഡലങ്ങളിൽ വലിയ സ്വാധിനമുള്ള നേതാവുകൂടിയാണ് ബ്രിജ് ഭൂഷൺ. ഇത് തന്നെയാണ് അദ്ദേഹത്തിനെതിരെ നടപിടിയെടുക്കാൻ ബിജെപിയേയും സർക്കാരിനേയും ഭയപ്പെടുത്തുന്ന ഘടകവും. സ്പോർട്സിനെ രാഷ്ട്രീയമുക്തമാക്കണമെന്ന അന്താരാഷ്ട്ര സ്പോർട്സ് ഏജൻസികളുടെ എല്ലാം നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് ബ്രിജ് ഭൂഷൻ ഇപ്പോഴും ഫെഡറേഷൻറെ തലപ്പത്ത് തുടർന്നിരുന്നത്.  പോരാത്തതിന് ഇപ്പോൾ പോക്സോ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു സന്ന്യാസിമാരുടെ പ്രത്യേക യോഗം വിളിച്ചിരിക്കുകയാണ് ബ്രിജ് ഭൂഷൺ! പോക്സോ കേസ് പ്രകാരം ആശാറാം ബാപ്പു അടക്കമുള്ള സന്ന്യാസിമാർ അകത്ത് കിടക്കുമ്പോളാണ് എംപി ഇത്തരത്തിലൊരു യോഗം വിളിച്ചിരിക്കുന്നത്.  ആനന്ദലബ്ധിക്കിനിയെന്തുവേണ്ടു!!!

7 താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയിരിക്കുന്നത്. ഇവരുടെ പരാതിയിൽ പീഢനം നടത്തിയത് ദേശിയ റസ്ലിങ് ഫെഡറേഷന്റെ ആസ്ഥാനമായ എംപിയുടെ ഡൽഹിയലെ ഔദ്യോഗിക വസതിയിൽ വെച്ചാണെന്നും വ്യക്തമാക്കുന്നു. ഗുരുതരമായ ആരോപണമാണിത്. സംരക്ഷിക്കേണ്ട കൈകൾ തന്നെ കടന്നുപിടിക്കുന്നുവെന്നത് മാത്രമല്ല, താരങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടിടം തന്നെ സുരക്ഷിതമല്ലെന്നും വരുന്നു. ഏറ്റവും ഒടുവിൽ (മെയ് 31 ന്) ബ്രിജ് ഭൂഷണെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് ഡൽഹി പൊലീസിന്റെ കണ്ടെത്തൽ എന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ബിജെപിയുടെ കേന്ദ്രസർക്കാരിന് കീഴിലുള്ള ഡൽഹി പൊലീസ്, ബിജെപിയുടെ ശക്തനായ എംപിക്കെതിരെ മറിച്ചെന്തെങ്കിലും കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ വിഢിത്തമാണ്.  ഇത്രയും നാൾ അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചതും ഇതിന് തന്നെയാണല്ലോ.
പി ആർ പ്രവർത്തനം കൊണ്ട് നേടിയെടുക്കുന്നതല്ല അന്താരാഷ്ട്ര മത്സരവേദികളിലെ മെഡലുകൾ. അത് ആത്മസമർപ്പണത്തിന്റേയും കഠിന പരിശ്രമത്തിന്റേയും പരിശീലനത്തിന്റേയും ഇച്ചാശക്തിയുടേയും ഫലമായി വെട്ടിപിടിക്കുന്നതാണ്. എതിരാളികളെ മാനസികമായും തന്ത്രപരമായും മലർത്തിയടിച്ച് നേരിടുന്നതാണ് മെഡലുകൾ. അങ്ങനെ മെഡലുകൾ നേടിയ കായികതാരങ്ങളാണ് സ്വന്തം മാനം രക്ഷിക്കാനായി തെരുവിൽ കിടക്കുന്നത്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് ഈണത്തിൽ പറയുന്നവർക്ക് പക്ഷെ ഒരു സ്ത്രീയുടെ മാനത്തിന്റെ വില അറിയണം എന്നില്ല. പ്രത്യേകിച്ച് മനുസ്മൃതിയുടെ പിന്തുടർച്ചക്കാർക്ക്. അവിടെ സ്ത്രീ സ്വാതന്ത്ര്യത്തിന് പുറത്താണല്ലോ. എന്നാൽ ഇവിടെ വളർന്നുവരുന്ന കുട്ടികളും യുവാക്കളും തീർച്ചയായും അത് തിരിച്ചറിയുന്നവരാണ്. അംബരചുംബികളായ പ്രതിമകളോ മണിമന്ദിരങ്ങളോ അല്ല അവർക്ക് വേണ്ടത്. സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശമാണ്. ഭരണഘടന അവർക്ക് നൽകിയ മൗലികാവകാശമാണ് അത്. അതിനാൽ തന്നെ ഇന്ത്യയുടെ ചരിത്രത്തിലെ മറ്റൊരു കറുത്ത അധ്യായമായാവും മെയ് 28 നെ ചരിത്രം അടയാളപ്പെടുത്തുക. മുമ്പ് 2021 ജനുവരി 26 ലെ റിപ്പബ്ലിക്ക് ദിനം കർഷകസമരത്തിന്റെ പേരിൽ രേഖപ്പെടുത്തിയത് പോലെ. അത് നിഷേധിച്ച് ഒരു ഭരണകൂടത്തിനും ഭരണാധികാരിക്കും അധികം വാഴാനാവില്ല. ലോകമെങ്ങും ഏകാധിപതികളും സ്വേച്ചാധിപത്യഭരണകൂടങ്ങളും അധികം വാണ ചരിത്രമില്ല. തങ്ങളേക്കാൾ ജനപ്രീതിയുള്ള മോദി തങ്ങളെ അസൂയപ്പെടുത്തുന്നുവെന്ന് ലോകനേതാക്കൾ വിലപിച്ചുവെന്ന് അച്ച് നിരത്തി ആശ്ചര്യപ്പെടുന്ന നമ്മുടെ സ്വതന്ത്ര മാധ്യമങ്ങളും ഇക്കാര്യം ഒർക്കുന്നുണ്ടാവില്ല.  കപിൽ ദേവ്, നീരജ് ചോപ്ര, വിരേന്ദർ സേവാഗ്, സാനിയ മിർസ തുടങ്ങി ചില കായികതാരങ്ങളും ഇതിനോടകം തന്നെ ഗുസ്തിതാരങ്ങൾക്ക് പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റസ്ലിങ് ഫെഡറേഷനും ഇന്ത്യൻ റസ്ലിങ് ഫെഡറേഷനെതിരെ രംഗത്തെത്തി. ബ്രിജ് ഭൂഷണെതിരെ നിക്ഷ്പക്ഷ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ഫെഡറേഷൻ കായികതാരങ്ങളെ പൊലിസ് നേരിട്ടതിലും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.  പക്ഷെ അപ്പോഴും ഇന്ത്യൻ ഒളിംപിക് അസോസിയേഷനും സർക്കാരും ഭൂരിപക്ഷം വരുന്ന കായികതാരങ്ങളും വാത്മീകത്തിലാണ്.  പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകമാണ് എന്ന കവി വാക്ക്യം ഇവരെല്ലാം ഓർമിക്കുന്നത് നന്നായിരിക്കും 
.........
ഇമലയാളി.കോം ഇൽ പ്രസിദ്ധീകരിച്ച ലേഖനം  

Comments