ദേഷ്യപ്പെട്ട ഉമ്മൻ ചാണ്ടി, കരഞ്ഞ കുഞ്ഞൂഞ്ഞ്.... ഞാൻ കണ്ട ഒ.സി

പുതുപ്പള്ളിക്കാർക്ക് മാത്രമല്ല, കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളികൾക്കും ഉമ്മൻ ചാണ്ടി കുഞ്ഞൂഞ്ഞാണ്. മുഖ്യമന്ത്രിയായപ്പോഴും മന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും വെറും എംഎൽഎ ആയപ്പോഴുമെല്ലാം അത് അങ്ങനെതന്നെ. സഭയിൽ ഏത് ബെഞ്ചിലിരിക്കുന്നുവെന്നത് ഉമ്മൻ ചാണ്ടിയെ ഒട്ടും ബാധിച്ചിരുന്നില്ല. എന്നും സാധാരണക്കാരിൽ സാധാരണക്കാരനായി മാത്രമേ കുഞ്ഞൂഞ്ഞ് ജീവിച്ചുള്ളു. അവർക്കിടയിൽ ആ രാഷ്ട്രീയക്കാരൻ വെറും മനുഷ്യനായി മാത്രം കഴിഞ്ഞു. മനുഷ്യനെ മനസിലാക്കുന്ന, മനുഷ്യൻറെ വ്യഥകൾ തിരിച്ചറിയുന്ന, അതിൽ ഉള്ളലിയുന്ന മനുഷ്യൻ.




പലതവണ ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. പ്രകോപിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. വിമർശിച്ചിട്ടുണ്ട്. ഇവയിൽ നാല്  സന്ദർഭങ്ങൾ ഏറ്റവും പ്രിയങ്കരമായി തന്നെ മനസിൽ ഇപ്പോഴും ഉണ്ട്. 


1


പലതവണ വാർത്താസമ്മേളനങ്ങളിലും പൊതുപരിപാടികളിലുമെല്ലാം അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അടുത്തുകൂടെ കടന്നുപോകുമ്പോൾ നോക്കി പുഞ്ചിരിച്ചിട്ടുണ്ട്. ബൈറ്റുകൾ എടുത്തിട്ടുണ്ട്.  പക്ഷെ ആദ്യമായി അദ്ദേഹവുമായി അടുത്ത് സംസാരിക്കാനും കുറച്ച് നേരം ചിലവഴിക്കാനുമായത് 2009 ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്താണ്.  അന്ന് ഏഷ്യാനെറ്റ് ന്യൂസിൻറെ കൊച്ചി റിപ്പോർട്ടറാണ് ഞാൻ. കോട്ടയത്തെ അന്നത്തെ റിപ്പോർട്ടർ ലല്ലു വിവാഹത്തെ തുടർന്ന് അവധിയിൽ പോയതോടെ  എന്നെയാണ് പകരക്കാരനായി രണ്ടാഴ്ച്ചത്തെ ഡെപ്യൂട്ടേഷനിൽ കോട്ടയത്തേക്ക് അയച്ചത്. അന്ന് പ്രതിപക്ഷ നേതാവായ ഉമ്മൻ ചാണ്ടി ആ വാരാന്ത്യത്തിൽ കോട്ടയത്തെ പുതുപ്പള്ളിയിലെ തറവാട് വീട്ടിലെത്തുന്നുണ്ട്. ശനിയാഴ്ച്ച രാവിലെ 7മണിക്ക് തന്നെ ഞാനും ക്യമറാമാനായ റെജി ചേട്ടനും കൂടി പുതുപ്പള്ളിയിലെ വീട്ടിലേക്ക് വിട്ടു. അവിടെ കാലത്ത് തന്നെ  വീട്ടുമുറ്റത്ത് ഒരു കല്ല്യണത്തിനുള്ള ആളുണ്ട്. ഞങ്ങൾ ചെല്ലുമ്പോൾ ഒരു കൈലിയുമുടുത്ത് ബനിയനുമിട്ട് ആ ആൾക്കൂട്ടത്തിനിടയിൽ നിൽപ്പുണ്ട് പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്. കണ്ണട നെറ്റിയിൽ, ഒരു കയ്യിൽ ആരോ നൽകിയ നിവേദനം,മറ്റേ കയ്യിൽ ഒരു ഗ്ലാസ്. ചായയോ വെള്ളമോ എന്തായിരുന്നെന്ന് ഓർമയില്ല. ചുറ്റിലും സാധാരണക്കാരായ, പ്രായമേറിയ, ആളുകൾ. പിന്നെ പ്രാദേശിക നേതാക്കളും. പിരികം കയറ്റിവെച്ച അതീവ ശ്രദ്ധയോടെയാണ് എല്ലാവരും പറയുന്നത് കുഞ്ഞൂഞ്ഞ് കേൾക്കുന്നത്. വരുന്നവരോചടെല്ലാം ഇരിക്കാനും അവർക്കെല്ലാം ചായയോ വെള്ളമോ കൊടുക്ക് എന്ന് പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന ജിക്കുവിനോട് ഇടയ്ക്ക് നിർദേശിക്കുകയും ചെയ്യുന്നുണ്ട്. ഒരു മണിക്കൂറിലേറെ മാറി നിന്ന് പ്രതിപക്ഷ നേതാവിൻറെ പ്രഭാതത്തെ നോക്കി കണ്ടു. ആ ആൾക്കൂട്ടത്തിൻറെ ഇടയിൽ നിന്ന് തന്നെ ജിക്കു നൽകിയ ഷർട്ട് ഇട്ടു. അതിടുമ്പോഴും ശ്രദ്ധ നിവേദനങ്ങളിലും പരാതികൾ കേൾക്കുന്നതിലും തന്നെ. പിന്നെയും അരമണിക്കൂറിലെറെ ആ നിൽപ്പിൽ തന്നെ പരാിതകൾ കേട്ടു. പലരേയും ഫോണിൽ വിളിച്ച് നിർദേശങ്ങൾ നൽകി. അതിനിടയിൽ ജിക്കു ചെവിയിൽ ഞങ്ങൾ മണിക്കൂറുകളോളമായി കാണാൻ കാത്തുനിൽക്കുന്നുവെന്ന് ചെവിയിൽ പോയി പറഞ്ഞു. ചെറിയ പരിഭവചിരിയോടെ ഞങ്ങളെ കൈകാണിച്ച് വിളിച്ചു 

'എന്തിലാ പ്രതികരണം വേണ്ടത്.? ചോദിച്ചോളു' എന്നായി. 

'അല്ല, ഞങ്ങൾ വെയിറ്റ് ചെയ്തോളാം. വലിയ തിരക്കില്ലാത്ത ദിവസമാണ്. ഇലക്ഷനല്ലേ പ്രതിപക്ഷ നേതാവിൻറെ തിരഞ്ഞെടുപ്പ് പ്രചാരണം സ്റ്റോറി എടുത്തേക്കാമെന്ന് കരുതി വന്നതാണ്.' 

'എന്താവേണ്ടത് ?'

'ഇന്നെവിടെയെങ്കിലും പ്രചാരണത്തിന് പോകുന്നുണ്ടോ?'

'ഞാനോ...ഇന്ന് മാത്രേ ഇവിടെയുള്ളു. പിന്നെ തിരക്കാണ്. അടുത്ത വീട്ടിലൊക്കെ ഒന്നു പോകണമെന്നാണ് ഉദ്ദേശിക്കുന്നത്. മാണിസാറിൻറെ മോനാദ്യായല്ലേ ഇവിടെ...'

പിന്നെയും പരാതികളുടെ ഇടയിലേക്ക്. പിന്നെയും സമയം കടന്നുപോയി. പത്ത് മിനുട്ടിനുള്ളിൽ സാറിറങ്ങുമെന്ന് ജിക്കുവന്ന് പറഞ്ഞു. അടുത്ത് വീടുകളിലൊന്ന് സന്ദർശിക്കും. എന്നിട്ട് കോട്ടയത്ത് യുഡിഎഫ് യോഗത്തിനു ശേഷം തിരുവനന്തപുരത്തേക്ക് പോകും. അതാണ് പരിപാടി

വെള്ളമുണ്ടും വെള്ളഷർട്ടും ധരിച്ച് പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് അൽപ്പം കഴിഞ്ഞപ്പോൾ ഇറങ്ങി വന്നു. ജിക്കുവിൻറെ കയ്യിൽ അന്ന് കിട്ടിയ നിവേദനങ്ങളെല്ലാം കാറിലേക്ക് എടുത്തുവെക്കാനായി നിർദേശിച്ച് കൊടുത്തു.

'എന്നാ പോയാലോ...?' 

അണികളെ നോക്കി പറഞ്ഞ് അടുത്ത വീട്ടിലേക്ക് നടന്നു ഉമ്മൻ ചാണ്ടി. കുറച്ച് ഉയർന്ന പ്രദേശത്താണ് വീട്.  നടത്തത്തിനിടെ അടുത്തേക്ക് വിളിച്ചു സംസാരിച്ചു. കൈപിടിച്ച് നടക്കുമ്പോൾ എന്താ പേര് ...എവിടെയാ നാട്....  അങ്ങനെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. പൊന്നാനി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായ എൻറെ നാട്ടിൽ വന്നിട്ടുള്ളകാര്യമൊക്കെ പങ്കുവെച്ചു. മലപ്പുറത്ത് ലീഗിനേക്കാൾ ശക്തി നമുക്കുള്ള ചുരുക്കം മണ്ഡലങ്ങളിൽ ഒന്നാണ് പൊന്നാനിയെന്നും എന്നാലത് ഐ ൻറെ മണ്ഡലമാണെന്നും സ്വതസിദ്ധമായ ചിരിയോടെ എ ക്കാരനായ ഉമ്മൻ ചാണ്ടി..

അടുത്ത വീട്ടിനകത്തേക്ക് വീട്ടുകാരുടെ പേര് വിളിച്ചാണ് കുഞ്ഞൂഞ്ഞ് കയറിചെന്നത്. രണ്ട് മിനുട്ടിൽ ആരോഗ്യകാര്യങ്ങളും മക്കളുടെ വിശേഷങ്ങളും മറ്റും തിരക്കി തിരഞ്ഞെടുപ്പ് നോട്ടീസ് ഉമ്മൻ ചാണ്ടി തന്നെ വീട്ടുകാർക്ക് നൽകി.

'കുഞ്ഞൂഞ്ഞ് ഇതിനായി ഇങ്ങോട്ട് കയറ്റവും കേറി വരേണ്ടതുണ്ടോ..ഞങ്ങൾക്കറിഞ്ഞൂടെ ഇതൊക്കെ...'

ഉമ്മൻ ചാണ്ടിയേക്കാൾ കുറഞ്ഞത് പത്ത് വയസെങ്കിലും പ്രായത്തിന് ഇളപ്പമുണ്ട് ആ അയൽവാസിക്ക്. അവർക്ക് പോലും ഉമ്മൻ ചാണ്ടിയെ കുഞ്ഞൂഞ്ഞ് എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം. 

പലപ്പോഴും പല എംഎ.എ മാരേയും സാറെന്ന് മാത്രം വിശേഷിപ്പിക്കുന്നത്, (ചിലർ വിളിപ്പിക്കുന്നത്) കാണുമ്പോഴെല്ലാം ആ രംഗം ഓർമയിലെത്തു. 


2


മന്ത്രി കെ ബാബു ബാർക്കോഴ കേസിൽപെട്ട് രാജിവെക്കുമോ ഇല്ലയോ എന്ന് മാധ്യമങ്ങൾ ചർച്ചചെയ്യുമ്പോളാണ്. കെ ബാബുവിനെ പിന്തുണയുമായി ഏ ഗ്രൂപ്പ് നേതാക്കൾ അന്ന് കൊച്ചിയിൽ സംഘടിച്ചിരുന്നു. അന്ന് വൈകുന്നേരം മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്നുണ്ട്. എ ഗ്രൂപ്പ് ബാബുവിനെ സംരക്ഷിക്കാനായി യോഗം വിളിച്ചതായും റിപ്പോർട്ടുകൾ പരന്നിരുന്നു. വൈകുന്നേരം അഞ്ചോടെ മാധ്യമസംഘം വിമാനത്താവളത്തിലെ ഡൊമസ്റ്റിക്ക് ഡിപാർച്ചർ ഗെയിറ്റിന് മുന്നിൽ തമ്പടിച്ചു. മീഡിയ വണ്ണിൻറെ റിപ്പോർട്ടറായിരുന്നു ഞാനന്ന്. നേരം ഇരുട്ടിതുടങ്ങി. ആറ് മണിയോടെ മന്ത്രി കെ സി ജോസഫ് വിമാനത്താവളത്തിലെത്തി. അതിനുശേഷം എ ഗ്രൂപ്പ് മന്ത്രിമാരും എംഎൽഎമാരുമെല്ലാം ഓരോരുത്തരായി എത്തിതുടങ്ങി. ആരുടേയും മുഖത്ത് വെളിച്ചമില്ല, പ്രതികരിക്കുന്നുമില്ല. ആറരയോടെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം പാഞ്ഞെത്തി. കനത്ത പൊലീസ് സുരക്ഷയായിരുന്നു വിമാനത്താവളത്തിലും റോഡിലുമെല്ലാം. പലയിടത്തും പ്രതിഷേധങ്ങൾ ശക്തമായിരുന്നു. വണ്ടിയിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി ചോദ്യങ്ങളോട് പിന്നെ മറുപടി എന്നുപറഞ്ഞ് വിഐപി ലോഞ്ചിലേക്ക് പോയി. അവിടെ നേതാക്കളുമായി ആശയവിനിമയം. അപ്പോഴേക്കും ബാബുവിനായി എ ഗ്രൂപ്പ് യോഗം എന്ന ബ്രേക്കിങ്ങുകൾ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പതിനഞ്ച് മിനുട്ടിനുശേഷം മന്ത്രിമാരും നേതാക്കളുമെല്ലാം പുറത്തുവന്നു. മാധ്യമപ്രവർത്തകർ മൈക്കുമായി മുഖ്യമന്ത്രിയെ വളഞ്ഞു. അണികളുടെ തിരക്കിനിടയിൽ പലഭാഗത്തുനിന്നായി മുഖ്യമന്ത്രിക്ക് നേരെ ചോദ്യങ്ങൾ. 'കാര്യങ്ങൾ വിശദമായി ചർച്ചചെയ്യും. രാഷ്ട്രീയപ്രേതിരമാണ് ആരോപണമെന്നായിരുന്നു' മുഖ്യമന്ത്രിയുടെ പ്രതികരണം. ഉമ്മൻ ചാണ്ടിയടെ  നേരെ മുന്നിൽ നിന്ന ഞാൻ വീണ്ടും ചോദിച്ചു

'അഴിമതി ആരോപണവിധേയനായ ആളെ സംരക്ഷിക്കുമോ?'

'നിയമം നിയമത്തിൻറെ വഴിക്ക് പോകു'മെന്ന സ്ഥിരം മറുപടി

'കെ ബാബുവിനെ സംരക്ഷിക്കലാണോ സർക്കാരിൻറെ നിയമത്തിൻറെ വഴിയെന്ന്' ഞാൻ ചോദ്യം വീണ്ടും

ഉമ്മൻ ചാണ്ടിയുടെ നിലതെറ്റുന്നപോലെ. പതിവ് പുഞ്ചിരി മായുന്നു

'രാജി മുഖ്യമന്ത്രി ആവശ്യപ്പെടുമോ'?

'ഞാനല്ലേടോ' പറഞ്ഞത് എന്ന് ശബ്ദമുയർത്തി ഉമ്മൻ ചാണ്ടി രൂക്ഷമായി എന്നെ നോക്കി. എന്നിട്ട്  ദേഷ്യത്തോടെ നാവുകടിച്ച് നോക്കി നിന്നു.

അപ്പോഴേക്കും അദ്ദേഹത്തിൻറെ അംഗരക്ഷകരായ പൊലീസും കെ സി ജോസഫും ചേർന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. 

ആദ്യമായാണ് ഉമ്മൻ ചാണ്ടിയെ അങ്ങനെ ഒരു ഭാവത്തിൽ കാണുന്നത്. ആരും അത്തരമൊരുഭാവത്തിൽ അദ്ദേഹത്തെ കണ്ടിട്ടുള്ളതായി പറഞ്ഞ് കേട്ടിട്ടുമില്ല.

'ചോദ്യങ്ങളോട് ദേഷ്യപ്പെട്ട് ഉമ്മൻചാണ്ടി'യെന്ന് ബ്രേക്കിങ് അന്നായിരിക്കണം ഒരുപക്ഷെ ചാനലുകളിൽ ആദ്യമായും അവസാനമായും തെളിഞ്ഞത്.


3


2017-18 കാലഘട്ടത്തിലാണ് പിന്നീട് അദ്ദേഹത്തെ അടുത്ത് കണ്ട് വ്യക്തിപരമായി സംസാരിക്കാനുള്ല അവസരം ലഭിച്ചത്. മീഡിയ വണ്ണിൻറെ ഡൽഹി ബ്യൂറോ ചീഫായിരുന്ന സമയത്ത്  കേരളഹൌസിലെ മുറിയിൽ വെച്ചായിരുന്നു ആ കൂടിക്കാഴ്ച്ച. ആന്ധ്രപ്രദേശിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടരിയായി ഉമ്മൻ ചാണ്ടിയെ നിയോഗിച്ചതിന് ശേഷമുള്ള അദ്ദേഹത്തിൻറെ ആദ്യ ഡൽഹി സന്ദർശനമായിരുന്നു അത്.  സുഹൃത്തും ഇപ്പോഴത്തെ ചാലക്കുടി എംഎൽഎ യുമായ സനീഷ് തോമസാണ് കൂടിക്കാഴ്ച്ചയ്ക്ക് വഴിവെച്ചത്. ഉച്ചയ്ക്ക് കേരള ഹൌസിലെ ഗസ്റ്റ് ഹൌസിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോളാണ് സനീഷിനെ കണ്ടത്. 

'ഉമ്മൻ ചാണ്ടി സാർ റൂമിൽ വിശ്രമിക്കുന്നുണ്ട്. കാണണോ' എന്ന് സനീഷ് 

കുറേയായി കണ്ടിട്ട്. പഴയ ഒരു ദേഷ്യത്തിൻറെ കഥയുണ്ട്. അതിന് ശേഷം കണ്ടിട്ടില്ലെന്ന് പറഞ്ഞപ്പോൾ എന്നാൽ കാണാമെന്നായി സനീഷ്.

മുറിയിലേക്ക് കയറി ചെല്ലുമ്പോൾ കസേരയിൽ ബനിയനും ലുങ്കിയും ധരിച്ച് എന്തോ വായിച്ചിരിക്കുകയായിരുന്നു അദ്ദേഹം. കണ്ടപ്പോൾ തലയുയർത്തി ചിരിച്ച് വായിച്ചിരുന്ന പേപ്പർ മടക്കിവെച്ചു. എന്നിട്ട് കുറച്ചുനേരം സംസാരിച്ചു. അന്നത്തെ വിമാനത്താവളം എപ്പിസോഡ് പറഞ്ഞപ്പോൾ കുഞ്ഞൂഞ്ഞിൻറെ സ്വതസിദ്ധമായ കണ്ണുചെറുതാക്കിയുള്ള ചിരി. പിന്നെ ആന്ധ്രയിലെ പുതിയ ചുമതലയെ പറ്റിയായി സംസാരം. അതിനിടെയിൽ ആന്ധ്രയിൽ നിന്നുള്ള പ്രാദേശിക കോൺഗ്രസ് നേതാവ് കാണാനെത്തി. അയാൾ നൽകിയ ബൊക്കെ വാങ്ങി അടുത്തമാസം ആന്ധ്രയിൽ വരുന്നുണ്ടെന്നും പാർട്ടിയെ ശക്തിപ്പെടുത്തണമെന്നുമൊക്കെയുള്ള നിർദേശങ്ങൾ നൽകി. പിന്നെയും ആരെല്ലാമോ സന്ദർശകർ മുറിക്ക് പുറത്ത് കാത്ത് നിൽക്കുന്നു. പുതുപ്പള്ളിയിലെ വീട് പോലെ തന്നെ. 


4


കോട്ടയത്തെ പാലയിലെ ഗ്രൌണ്ടിൽ അതല്റ്റിക്ക് മത്സരത്തിനിടെ ഹാമർ തലയിൽ വീണ് മരിച്ച അഫീൽ ജോൺസണിൻറെ വീട്ടിൽ ചെന്നപ്പോൾ യാദൃശ്ചികമായാണ് ഉമ്മൻ ചാണ്ടിയെ കണ്ടത്. വളർന്നുവരുന്ന ഫുട്ബോൾ താരമായ അഫീലിൻറെ മാതാപിതാക്കളെ കണ്ട് ബാംഗ്ലൂരിലെ സ്പോർട്സ് മാഗസിനായ ബ്രിഡ്ജിനുവേണ്ടി വാർത്ത ചെയ്യാനായാണ് ഞാൻ അവിടെ ചെന്നത്. ഷൂട്ട് ചെയ്ത് പുറത്തിറങ്ങുമ്പോഴായിരുന്നു ഉമ്മൻ ചാണ്ടിയുടെ വരവ്. ആരെയും അറിയിക്കാതെ പെട്ടെന്നായിരുന്നു ആ മനുഷ്യനറെ വരവ്. അഫീലിൻരെ ബൂട്ടും ജേഴ്സിയും പുറത്ത് കിടക്കുന്നത് കണ്ട് ആ മനുഷ്യൻറെ കണ്ണിൽ നിന്ന് കണ്ണീർ പൊടിയുന്നത് അന്ന് അടുത്തുനിന്നു കണ്ടു.

രാഷ്ട്രീയമായി പലകുറി വിമർശിച്ചിട്ടുള്ള. പലപ്പോഴും പലതും വെറും രാഷ്ചട്രീയ തന്ത്രം മാത്രമാണെന്ന് കളിയാക്കിയിട്ടുള്ള ആ മനുഷ്യൻ അത്ര രാഷ്ട്രീയക്കാരനല്ലെന്ന് അടുത്ത് നിന്നറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അഫീൽ ജോൺസണിൻറെ വീട്ടിനുമുന്നിലെ ആ കാപ്പി തോട്ടത്തിലൂടെ അന്ന് അദ്ദേഹത്തോട് സംസാരിച്ച് നടന്നതാണ് അവസാനത്തെ സംസാരവും നടത്തവും കൂടിക്കാഴ്ച്ചയും. 


കീറൽ വീണ ഖദർ വസ്ത്രമിട്ട് അലക്ഷ്യമായി പാറിക്കിടക്കുന്ന മുടി ഒട്ടും ചീകാതെ, ജനസാഗരത്തിന് നടുവിൽ, പ്രസംഗവേദികളിൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ, വാർത്താസമ്മേളനങ്ങളിൽ, അക്ഷീണനായി നിൽക്കുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രം പലകുറി കണ്ടിട്ടുണ്ടെങ്കിലും ഈ നാല് കൂടിക്കാഴ്ച്ച, അവ ഹൃദയത്തിലാണ് പതിഞ്ഞിട്ടുള്ളത്. 

.....................

emalayalee.com ൽ പ്രസിദ്ധീകരിച്ച ഓർമക്കുറിപ്പ്

Comments

Post a Comment