നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയശേഷം എല്ലാമേഖലയിലും ആധുനികവത്ക്കരണവും മെയ്ക്ക് ഇൻ ഇന്ത്യയും ആത്മനിർഭറും പേരിടലും പേരുമാറ്റലുമെല്ലാമാണ്. റെയിൽവെ അടക്കം എല്ലാമേഖലയും സ്വകാര്യവത്ക്കരിച്ചു. വന്ദേഭാരത് ട്രയിൻ, തേജസ് ട്രെയിൻ തുടങ്ങി സ്വകാര്യമേഖലയിലും അല്ലാതെയും നിരവധി പുതിയ ആഢംബര തീവണ്ടികളാണ് അവതരിച്ചത്. ഡബിൾ ഡെക്കർ തവണ്ടികൾ, തിരിയുന്നതും കറങ്ങുന്നതുമായി കസേരകളുള്ള അത്യാധുനിക ബോഗികൾ, പാട്ട് കേൾക്കാനും സിനിമ കാണാനുമുള്ള സൗകര്യങ്ങൾ, ഭക്ഷണം വിതരണം ചെയ്യുന്ന കോച്ചുകൾ...തുടങ്ങി പലതും പാളത്തിലെത്തി. ഇതെല്ലാം ഫ്ലാഗ് ഓഫ് ചെയ്യാനും പടമെടുത്ത് ഫ്ലക്സുകളും പരസ്യങ്ങളും ചെയ്യാനും പ്രധാനമന്ത്രി തന്നെ നേരിട്ട് വന്നു. തിരഞ്ഞെടുപ്പുകളിൽ സർക്കാരിന്റെ വലിയ നേട്ടങ്ങളായി പ്രചരിപ്പിക്കാനും പുതിയ ഇന്ത്യയെന്ന് വീമ്പ് പറയാനും ഇവയെല്ലാം വിഷയങ്ങളാക്കി. നല്ലത്. ലോകത്ത് അതിവേഗതയിലോടുന്ന തീവണ്ടികൾ വരുമ്പോൾ വേഗത ഇച്ചിരി കുറഞ്ഞാലും സൗകര്യങ്ങൾ ഒട്ടും കുറയാതെയുള്ള തീവണ്ടികൾ ട്രാക്കിലിറക്കുകയെന്നത് അഭിമാനകരം തന്നെയാണ്.
ഏറ്റവും ഓടുവിൽ ബാലസോറിലെ അപകടം എടുക്കാം. എങ്ങനെയാണ് മൂന്ന് തീവണ്ടികൾ ഇടിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്? സിഗ്നലിങ്ങിലെ പിഴവെന്നോ ലോക്കോ പൈലറ്റിന്റെ പിഴവെന്നോ പറഞ്ഞ് ഒരുപക്ഷെ ഇതിലെ അന്വേഷണം അവസാനിപ്പിച്ചേക്കാം. ഉത്തരവാദികളായി ഒന്നോ രണ്ടോ ജീവനക്കാരെ സസ്പെന്റ് ചെയ്തേക്കാം. അതിൽ അവസാനിക്കും ഒരുപക്ഷെ എല്ലാം. മരിച്ചുപോയവരുടെ കുടുംബത്തിനും അപകടത്തിൽ പരിക്കേറ്റവർക്കും മാത്രം നഷ്ടവും വേദനയും ബാക്കി നിൽക്കും. രാഷ്ട്രീയക്കാരുടെ മുതലകണ്ണീർ അടുത്ത തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചുള്ളതാണ്. അതിനപ്പുറത്തേക്ക് അവർക്ക് നഷ്ടമൊന്നുമില്ല. സുരക്ഷ ഉറപ്പാക്കേണ്ട റെയിൽവേയ്ക്ക് നേതൃത്വം കൊടുക്കുന്ന മന്ത്രിയോ സർക്കാരോ നഷ്ടപരിഹാര പ്രഖ്യാപനത്തിനപ്പുറത്തേക്ക് ഒന്നും ചെയ്യില്ല. അടുത്ത അപകടം വരെ എല്ലാം പിന്നെ മറവിയ്ക്ക് വിട്ടുകൊടുക്കും. അന്ന് അധികാരത്തിൽ മറ്റാരെങ്കിലുമാണെങ്കിൽ അവരെ പഴിക്കും, രാജി ആവശ്യപ്പെടും. അത്രതന്നെ.
എന്തുകൊണ്ടാണ് ഇന്ത്യയിലെ റെയിൽ പാളങ്ങളിൽ അടിക്കടി അപകടങ്ങൾ ഉണ്ടാകുന്നത്? മഞ്ഞുകാലത്തും അല്ലാത്തപ്പോഴും കൂടിയിടികൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? എന്താണ് ഇത്രയും കാലമായിട്ടും അതിനൊരുപ്രതിവിധി കണ്ടെത്താനാവാത്തത്? ഈ ചോദ്യങ്ങൾ സാധാരണക്കാരന്റെ മനസിൽ ഇപ്പോൾ വീണ്ടും ഉയർന്നിട്ടുണ്ടാകും. എന്നാൽ ഇതിനൊരുപ്രതിവിധി നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. അന്ന് മമത ബാനർജിയായിരുന്നു കേന്ദ്ര റെയിൽ വേ മന്ത്രി. 2011-12 കാലഘട്ടത്തിൽ ആണ് തീവണ്ടികൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനായി ട്രെയിൻ കോളിഷൻ അവോയ്ഡൻസ് സിസ്റ്റം (ടിസിഎഎസ്) രാജ്യത്ത് അവതരിപ്പിച്ചത്. ഇന്ത്യ തദ്ദേശമായി വികസിപ്പിച്ചെടുത്തതാണ് ഈ ആന്റി കൊളീഷൻ ഡിവൈസ്. മധ്യ ദക്ഷിണമേഖല റൂട്ടിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും ചിലവുകുറഞ്ഞ സുരക്ഷാസംവിധാനമാണ് ഇത്. എന്നാൽ പിന്നീട് 2019 വരെ, ഏറെ പ്രാധാന്യമുള്ള ഈ വിഷയം എല്ലാവരും മറന്നു. 2019 ൽ മോദി സർക്കാർ അധികാരത്തിലെത്തിയശേഷം പതിവുപോലെ പദ്ധതിയുടെ പേര് മാറ്റി 'കവച്' എന്നാക്കിമാറ്റി. പിന്നെ കവചിനും പഴയഗതിതന്നെ.
നിശ്ചിത ദൂരപരിധിയിൽ രണ്ട് തീവണ്ടികൾ നേർക്കുനേർ വന്നാൽ സ്വയം തീവണ്ടികളുടെ ബ്രേക്കിങ് സംവിധാനം ഏറ്റെടുത്ത് വണ്ടി നിർത്തി അപകടം ഒഴിവാക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. അത്യാധുനിക സാങ്കേതിക വിദ്യയായ എസ് ഐ എൽ 4 സർട്ടിഫൈഡ് ടെക്കനോളജിയാണ് ഇതിൽ ഉപയോഗിക്കുന്നത് എന്നതിനാൽ തന്നെ പിഴവ് സംഭവിക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്. തീവണ്ടിയുടെ ചലനം ഓരോ നിമിഷവും പുതുക്കിക്കൊണ്ടിരിക്കുമെന്നതി
ഇത്തരമൊരുസാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടും എന്തുകൊണ്ട് ബാലസോറിൽ അപകടമുണ്ടായി? ഉത്തരം വളരെ ലളിതമാണ്. ഇന്ത്യയിലെ 98 ശതമാനം ട്രാക്കുകളിലും ഈ സംവിധാനം ഇപ്പോഴും സ്ഥാപിച്ചിട്ടില്ല!
ആത്മനിർഭർ പദ്ധതിയിൽ ഉൾപ്പെടുത്തി 2022 ലെ കേന്ദ്ര ബജറ്റിൽ കവച് ഉൾപ്പെടുത്തിയിരുന്നു. 2000 കിലോമീറ്റർ പാതയിൽ ഇത് നടപ്പാക്കാനായിരുന്നു ബജറ്റിലെ പ്രഖ്യാപനം. ഇന്ത്യയിലെ റെയിൽ നെറ്റ് വർക്ക് 68000 ത്തോളം കീലോമീറ്ററോളമുള്ളതാണ് എന്നിരിക്കെയാണ് വെറും രണ്ടായിരത്തിലേക്ക് ഇത് ഒതുക്കിയത്. ഇതിൽ ഇതുവരേയും കവച് നടപ്പാക്കപ്പെട്ടത് വെറും 1445 കിലോമീറ്റർ നെറ്റ്വർക്കിലും. അതായത് വെറും രണ്ട് ശതമാനത്തിൽ മാത്രം. ഇതിൽ നിന്ന് തന്നെ വ്യക്തമല്ലേ എത്രമാത്രം പ്രധാന്യമാണ് യാത്രക്കാരുടെ സുരക്ഷയ്ക്ക് റെയിൽവേയും നമ്മുടെ സർക്കാരും കൽപ്പിക്കുന്നതെന്ന്. ബാലസോറിൽ അപകടത്തിൽപെട്ട ഒരു തീവണ്ടിയിലും കവചിന്റെ കവചം ഇല്ലായിരുന്നു. ഉണ്ടായിരുന്നുവെങ്കിൽ ഇത്രയേറെ പേരുടെ ജിവൻ നഷ്ടമാവില്ലായിരുന്നു, ആയിരത്തോളം പേർക്ക് പരിക്ക് സംഭവിക്കില്ലായിരുന്നു.
പൊതുബജറ്റും റെയിൽബജറ്റും ന്നാക്കിയതിനുശേഷം റെയിൽവേയ്ക്കുള്ള വിഹിതം പലപ്പോഴായി മോദി സർക്കാർ വെട്ടിക്കുറച്ചിരുന്നു. ഇത്തരത്തിൽ വെട്ടിക്കുറക്കുന്നതിലൂടെ ഇത്തരം അടിയന്തര വിഷയങ്ങൾക്കുള്ള പ്രാധാന്യവും കുറഞ്ഞുതുടങ്ങിയെന്നതാണ് വസ്തുത. പകരം ആ പണമെല്ലാം എങ്ങോട്ട് പോകുന്നു? തീർച്ചയായും സാധാരണക്കാരന് ഗുണം ലഭിക്കുന്നതിലേക്കല്ല, മറിച്ച് ആഢംബരങ്ങളിലേക്കാണ്. മൂവായിരവും പതിനയ്യായിരവുമെല്ലാം മുടക്കി ഉപകാരമേതുമില്ലാത്ത സ്റ്റാച്ച്യൂകളും പുതിയ പാർലമെന്റ് മന്ദിരവും നിർമിക്കാനും ആഢംബരയാത്രകൾക്കും പി ആർ പരിപാടികൾക്കുംവേണ്ടിയാണ് ആ പണമെല്ലാം ഒഴുകുന്നത്. സാധാരണക്കാരന് - നികുതി അടയ്ക്കുന്നവനും ദിവസവേതനത്തിന് പൊരിവെയിലത്തും മഴയത്തുമെല്ലാം പണിയെടുക്കുന്നവനും ഒരുപോലെ- യാതൊരുവിധ ആനുകൂല്യവും ഇതിലൂടെ ലഭിക്കുന്നില്ല. എന്നിട്ടും 'സബ് കാ സാത്ത്, സബ് കാ വികാസ്' എന്ന മുദ്രാവാക്യം മാത്രം ബാക്കി.
No comments:
Post a Comment