മിന്നു, വയനാടിൻറെ കറുത്ത പൊന്ന്

നുള്ളാൻ പ്രായമായ തേയിലകൾ വിളഞ്ഞുനിൽക്കുന്ന മാനന്തവാടിയിലെ ജെസി എസ്റ്റേറ്റിന് സമീപത്തെ ചോഴിമൂലയിൽ നിന്ന് താഴേക്കുള്ള ചെറിയ വഴി അവസാനിക്കുന്നത് പാടവരമ്പത്തെ വീട്ടിലാണ്. ടാറിട്ട റോഡ് അവസാനിക്കുന്നിടത്ത് നിന്ന് ഒരു ഇരുപതടി വീണ്ടും താഴേക്ക്  നടന്നാൽ ആ വീടെത്തി. ഇഴമുറിയാതെ പെയ്യുന്ന നൂൽ മഴയത്ത് വഴിയിൽ ചെളികെട്ടികിടക്കുന്നുണ്ട്. മുറ്റത്തേക്ക് ചെളിയിൽ ചവിട്ടാതെ വരാനായി കല്ലുകൾ പാകിയിരിക്കുന്നു. മലയാളികളെ എല്ലാം അഭിമാനത്തിൻറെ പടവുകൾ കയറ്റിയ മിന്നു മണിയെന്ന ഇരുപത്തിനാലുകാരിയുടെ വീടാണ് ഇത്. 2018 ലെ പ്രളയത്തിൽ നശിച്ചുപോയ ഈ വീട്  മിന്നു ക്രിക്കറ്റ് കളിച്ചാണ് പുതുക്കി പണിതത്. ഈ വീട്ടിലേക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭിനന്ദനങ്ങളുമായെത്തുന്ന സന്ദർശക പ്രവാഹമാണ്.


ഞങ്ങളെത്തുമ്പോൾ കൽപറ്റയിലെ സ്വീകരണത്തിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു മിന്നു മണി. ഉച്ചകഴിഞ്ഞാണ് സ്വീകരണം. ഇടവിട്ടെത്തുന്ന മഴയിൽ നനഞ്ഞ മുറ്റത്തേക്ക് നോക്കി വീടിൻറെ കോലായിലിരുന്ന് മിന്നു പറഞ്ഞുതുടങ്ങി. തൻറെ ജീവിതം മാറ്റി മറിച്ച ആ ത്രോയെ കുറിച്ച്, കളവ് പറഞ്ഞ് വീട്ടിൽ നിന്ന് പരിശീലനത്തിനായി പോയിരുന്ന വാരാന്ത്യങ്ങളെ കുറിച്ച്, വീടിന് മുന്നിലെ പാടത്ത് നിന്ന് ബംഗ്ലാദേശിലെ സ്റ്റേഡിയം വരെ വളർന്ന ക്രിക്കറ്റ് ജീവിതത്തെ കുറിച്ച്, സ്വപ്നങ്ങളെ കുറിച്ച്....

പാടത്തെ സ്റ്റേഡിയം, ടീം മേറ്റ്സായി ആൺപിള്ളേർ

വീടിന് മുന്നിലെ പച്ചപ്പ് വിരിച്ചു കിടക്കുന്ന പാടം തന്നെയായിരുന്നു മിന്നുവിൻറെ ആദ്യത്തെ പിച്ച്. കൊയ്ത്തൊഴിഞ്ഞ പാടത്ത്  ആൺകുട്ടികൾ കളിക്കുന്നത് കണ്ടാണ് കുഞ്ഞുമിന്നുവും ക്രിക്കറ്റ് എന്നകളി ആദ്യം കണ്ടത്. പിന്നെ അവരടിക്കുന്ന പന്ത് എടുത്തുകൊടുക്കാലായി പണി. ടീമിൽ എണ്ണം തികയ്ക്കാനായി കോമൺ ഫീൽഡറായി തുടങ്ങി. പിന്നെ പന്തും ബാറ്റും കയ്യിലെടുത്തു.  സ്ക്കൂൾ വിട്ടുവന്നാൽ സ്ക്കൂൾ ബാഗ് കോലായിലേക്ക് വലിച്ചെറിഞ്ഞ് അമ്മയുടേയും അമ്മൂമയുടേയും കണ്ണ് വെട്ടിച്ച് ഒറ്റ ഓട്ടമാണ്, പാടത്തേക്ക്.

'അന്നൊക്കെ വല്ലാത്ത ആവേശമായിരുന്നു.. സ്ക്കൂൾ വിട്ടുവരുന്നതേ പാടത്തേക്ക് ഓടാനുള്ള തിരക്കായാണ്. നേരെ ബാഗ് വെച്ച് പാടത്തേക്ക് ഓടും. ചായ പോലും കുടിക്കാൻ നിക്കില്ല. പിന്നെ അച്ചൻ വടിയെടുത്ത് വരുമ്പോളാണ് തിരികെയുള്ള ഓട്ടം. അപ്പോഴേക്കും നേരം ആറര ഏഴെക്കെ ആയിട്ടുണ്ടാകും ... ദാ ഇതായിരുന്നു ഞങ്ങളുടെ പിച്ച്.'
മഴയൊന്ന് കുറഞ്ഞപ്പോൾ മുന്നിലെ പാടത്തേക്കിറങ്ങി മിന്നു തൻറെ ആദ്യ സ്പെല്ലിനെ കുറിച്ച് പറഞ്ഞുതുടങ്ങി.  

'ഈ ഏട്ടൻമാരും അനിയൻമാരുമെക്കെയായിരുന്നു കൂട്ട്. ശരിക്കും ഇവരാണ് പന്തെറിയാനും അടിക്കാനുമൊക്കെ പഠിപ്പിച്ചത്. ഇവരുടെ കൂടെ കുറേ ടൂർണമെൻറുകളൊക്കെ കളിക്കാൻ പോയിട്ടുണ്ട്. ഞങ്ങൾക്കിവിടെ ഒരു ക്ലബ് ഒക്കെയുണ്ട്. ഈയിടെ മാനന്തവാടിയിൽ ഒരു ടെന്നീസ് ബാൾ ടൂർണമെൻറിൽ ഞങ്ങൾ കപ്പടിച്ചു.'

'ഞങ്ങൾ ടീമിട്ട് കളിക്കുമ്പോൾ രണ്ട് ടീമിനും വേണ്ടിയുള്ള കോമൺ ഫീൽഡറായിരുന്നു. അന്നൊക്കെ അങ്ങനെ ബാറ്റ് ചെയ്യാനോ ബോള് ചെയ്യാനോ ഒന്നും ഞങ്ങള് കൊടുക്കില്ലാർന്നു. പക്ഷെ അവസരം കിട്ടിയപ്പോഴൊക്കെ അവളത് മുതലാക്കി. ഞങ്ങടെ കൂടെ മാച്ചൊക്കെ കളിക്കാനൊക്കെ വരും... അന്നവൾ അഞ്ചിലോ ആറിലോ ആയായിരുന്നു പഠിച്ചിരുന്നത്. പിന്നെ ഓളങ്ങ് വളർന്നില്ലേ... ' 
മിന്നുവിൻറെ പുതിയ ബാറ്റ് പരിശോധിക്കുന്നതിനിടെ പഴയ  ടീമേറ്റ് വിനീഷ് ഇടയിൽ കയറി പറഞ്ഞു.  

വീട്ടിൽ ഭയങ്കര എതിർപ്പായിരുന്നു മിന്നുമണി ക്രിക്കറ്റ് കളിക്കുന്നതിനോട്. അതും ആൺകുട്ടികളോടൊപ്പം കളിക്കുന്നത്. ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ പാടത്തേക്ക് ഓടുന്ന മിന്നുവിനെ പലകുറി അച്ചനും അമ്മയും വഴക്കുപറഞ്ഞു. വടിയുമെടുത്ത് അടിക്കാനോടിച്ചു. വീട്ടിലെ പണികളെല്ലാം ചെയ്തശേഷം ഒളിച്ചും പാത്തുമായിരുന്നു മിന്നു പലപ്പോഴും പാടത്തെ സ്റ്റേഡിയത്തിലേക്ക് ഓടിയത്.

സംസാരിച്ചുനിൽക്കെ തലയിൽ ഒരുകെട്ട് പുല്ലുമായി മിന്നുവിൻറെ അച്ചനെത്തി.

'പെൺകുട്ടികൾ വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കി വളരണം എന്നാണ് ഞങ്ങടെയൊക്കെ കുട്ടി കാലത്ത് എല്ലാവരും പറയാറ്. ഇവളോടും ഞങ്ങൾ അങ്ങനെയായിരുന്നു. ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾ കളിക്കുകയെന്നതൊന്നും ഞങ്ങടെയിവിടെയൊന്നും ചിന്തിക്കാനേ പറ്റുന്ന കാര്യമല്ല. അതുകൊണ്ടാണ് ഞങ്ങളെ പറ്റിച്ച് അവൾ കളിക്കാൻ പോയത്. പക്ഷെ ഇപ്പോൾ  ഞങ്ങൾക്ക് വല്ലാത്ത സന്തോഷമുണ്ട്. മിന്നുവിൻറെ  അച്ചനും അമ്മയുമെന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ ഇപ്പോൾ വല്ലാത്ത സന്തോഷാണ്...'  

പശുവിന് പുല്ല് നൽകി തിരികെ നടക്കുന്നതിനിടെ അച്ചൻ മണി അഭിമാനത്തോടെ പറഞ്ഞു.


വഴിത്തിരിവായ ആ ത്രോ

എട്ടാം ക്ലാസിലെത്തിയപ്പോഴാണ് പെൺകുട്ടികൾക്കും ക്രിക്കറ്റ് ടീമൊക്കെയുണ്ട് എന്ന് മിന്നു ആദ്യമായി അറിഞ്ഞത്. മാനന്തവാടി ഗവണമെൻറ് സ്ക്കൂളിലെ ഗ്രൌണ്ടിന് സമീപത്ത് കൂടി ആൺകുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് നോക്കി നിൽക്കുമ്പോൾ തൻറെ നേരെ വന്ന പന്ത് എടുത്ത് തിരികെ എറിഞ്ഞുകൊടുത്തു മിന്നുമണി. ആ ഏറ് കണ്ട് യാദൃശ്ചികമായി കണ്ട് നിന്ന കായിക അദ്ധ്യാപിക എൽസമ്മ ബേബിയാണ് മിന്നുമിൻറെ കൈക്കരുത്ത് ആദ്യമായി തിരിച്ചറിഞ്ഞത്.  അത്ര പെർഫെക്ടായിരുന്നു വിക്കറ്റിന് നേരെയുള്ള ആ ത്രോ.  ക്രിക്കറ്റ് കളിക്കാൻ താൽപര്യമുണ്ടോയെന്ന് ടീച്ചർ ചോദിച്ച ആ നിമിഷം തന്നെ മിന്നു സമ്മതം മൂളി. ടീച്ചറോട് ഒറ്റ ചോദ്യമോ മിന്നു തിരിച്ച് ചോദിച്ചുള്ളു.

'അതിന് പെൺകുട്ടികളെ കളിക്കാൻ എടുക്കുമോ...?'
 
അന്നുമുതലാണ് മിന്നു മണി ക്രിക്കറ്റ് കളിക്കാരി മിന്നു മണിയായി മാറിയത്, സ്ക്കൂളിൽ മാത്രം.

കളവ് പറഞ്ഞ് കളിച്ച വാരാന്ത്യങ്ങൾ

മിന്നുവിൻറെ പരിശീലനത്തിന് പിന്നിൽ ഒരു വലിയ കള്ളത്തരത്തിൻറെ കഥയുണ്ട്.  

'എല്ലാ ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും വീട്ടിൽ നിന്ന് ട്യൂഷനും സ്പെഷ്യൽ ക്ലാസുമുണ്ട് എന്ന് പറഞ്ഞ് അവൾ കാലത്തെ പോകും. കാലത്തെ വീട്ടിലെ ചെറിയ പണികളൊക്കെ ചെയ്തശേഷമാണ് മിന്നു പോകാറ്. പിന്നീട് ഒരു ദിവസം സ്ക്കൂളിലെ ടീച്ചർ വിളിച്ച് നാളെ മിന്നുവിനെ കാലത്തെ മാനന്തവാടി ബസ് സ്റ്റോപ്പിലെത്തിക്കണം എന്ന് പറഞ്ഞു. എന്താണ് കാര്യമെന്നൊന്നും അറിഞ്ഞില്ല. ടീച്ചറ് പറഞ്ഞതോണ്ട് കാലത്ത് തന്നെ അച്ചൻ മിന്നുമിനെ ബസ് സ്റ്റാൻറിൽ കൊണ്ടാക്കി. അവിടെ വെച്ചാണ് തലശ്ശേരിയിൽ സെലക്ഷന് പോകാനാണ് ബസ് സ്റ്റാൻറിലേക്ക് എത്തിക്കാൻ പറഞ്ഞത് എന്ന് അറിഞ്ഞത്. അപ്പോഴാണ് ട്യൂഷനെന്നും സ്പെഷൽ ക്ലാസെന്നും പറഞ്ഞ് മിന്നു എല്ലാ ആഴ്ച്ചയും പോയത് കളിക്കാനാണ് എന്ന് ഞങ്ങളറിയുന്നത്. എന്തായാലും പോയിട്ട് വരട്ടെയെന്ന് വെച്ചാണ് ബസ്സ് കയറ്റിവിട്ടത്. അപ്പോഴും ഞങ്ങൾക്ക് അത്രയ്ക്ക് സുഖായിട്ട് തോന്നിയില്ല ഈ കളിയൊക്കെ...'
അമ്മ പറഞ്ഞുനിർത്തുമ്പോൾ മിന്നുവിൻറെ മുഖത്ത് ഇപ്പോഴും കള്ളം പിടിക്കപ്പെട്ടതിൻറെ ചെറിയ ചമ്മൽ നിറയുന്നു.

കൈപിടിച്ച് ഷൈജു ചേട്ടൻ

തൊടുപുഴയിലെ ക്രിക്കറ്റ് അക്കാദമിയിലേക്ക് സെലക്ഷൻ കിട്ടിയതിൻറെ കടലാസുമായാണ് തലശ്ശേരിയിൽ നിന്ന് മിന്നു തിരിച്ച് വിട്ടീലെത്തിയത്. പക്ഷെ കളവ് പറഞ്ഞ് പരിശീലനത്തിന് എല്ലാ ആഴ്ച്ചയും ക്രിക്കറ്റ് കളിക്കാൻ പോയ മിന്നുവിനെ അക്കാദമിയിലേക്ക് വിടാൻ അച്ചനും അമ്മയും തയ്യാറായില്ല. അന്ന് മിന്നുവിന് പിന്തുണയുമായി എത്തിയത് കസിനായ ഷൈജുവേട്ടനാണ്. ഷൈജുവാണ് മിന്നുവിൻറെ രക്ഷിതാക്കളെ പറഞ്ഞ് സമ്മതിപ്പിച്ചത്. മിന്നുവിലെ ക്രിക്കറ്റ് താരത്തെ കുട്ടിക്കാലത്തെ പിന്തുണച്ചതും ഇതേ ഷൈജുവാണ്. പാടത്ത് ഫീൽഡറായി കളി ആരംഭിച്ചപ്പോൾ മുതൽ കൈപിടിച്ച് ഷൈജുവുണ്ടായിരുന്നു.  പാടത്തേക്ക് അടിക്കാനായി വടിയുമായി അച്ചനെത്തുമ്പോൾ രക്ഷിക്കാനും മഴക്കാലത്ത് വീട്ടുമുറ്റത്ത് പരിശീലിക്കാനും കൂട്ടുനിന്നതും ഷൈജുവേട്ടനാണ്. പന്ത് വാങ്ങാൻ വീട്ടിൽ നിന്ന് പൈസയൊന്നും കിട്ടാത്ത സമയത്ത്  തുണി ചുരുട്ടിയൊക്കെയായിരുന്നു ആദ്യകാലത്ത് പന്ത് ഉണ്ടാക്കി മുറ്റത്തെ പരിശീലനം. പിന്നീട് പലപ്പോഴും പന്ത് അടിച്ച് പാടത്ത് കളഞ്ഞ് പോകാൻ തുടങ്ങിയതോടെ  മരത്തിൽ പന്ത് നിർമിച്ച് കൊടുത്ത് ഷൈജു.

ഓൾ റൌണ്ടറിന് ഏറ്റവും ഇഷ്ടം ഫീൽഡ് ചെയ്യാൻ

ബോളുകൊണ്ട് ബംഗ്ലാദേശിൽ ചരിത്രമെഴുതിയ മിന്നുമണി കേരളത്തിന് വേണ്ടി അണ്ടർ 23 നാഷണൽ കപ്പിൽ ബാറ്റ് കൊണ്ടും തിളങ്ങിയതാരമാണ്. ചാമ്പ്യൻമാരായ കേരളത്തിന് വേണ്ടി മുന്നൂറിനടുത്ത് റൺസാണ് മിന്നുമണിയുടെ വില്ലോ ബാറ്റിൽ നിന്ന് പിറന്നത്. എന്നാൽ മൈതാനത്ത് പന്ത് കൊണ്ടോ ബാറ്റ് കൊണ്ടോ കളിക്കാനല്ല മിന്നുവിന് ഏറെയിഷ്ടം. ഫീൽഡ് ചെയ്യാനാണ്. വിക്കറ്റിലേക്ക് ലക്ഷ്യം തെറ്റാതെ എറിഞ്ഞുകൊള്ളിക്കുന്നതിലും വലിയ സന്തോഷം ഇതുവരേയും മിന്നുമിന് കളത്തിൽ നിന്ന് കിട്ടിയിട്ടില്ലത്രേ. മിന്നുവിൻറെ വേഗതത്തിലുള്ള, ശക്തിയേറിയ ത്രോ ബംഗ്ലാദേശുമായുള്ള അവസാന ട്വൻറി 20 മത്സരത്തിൽ ഏവരും കണ്ടതാണ്. 42 റൺസെടുത്ത ബംഗ്ലാദേശ് ഓപ്പണർ ഷമീമ സുൽത്താന പോയൻറിൽ നിന്നുള്ള  മിന്നുവിൻറെ കൃത്യതയാർന്ന ഏറിലാണ് പുറത്തായത്. ചടുലമായ വേഗവും അപാരശക്തിയുമാണ് ഫീൽഡിൽ മിന്നുവിൻറെ കരുത്ത്. ആദ്യ രണ്ട് മത്സരത്തിലും ഷമീമ സുൽത്താനയുടെ വിക്കറ്റ് എടുത്ത മിന്നു അങ്ങനെ എല്ലാമത്സരത്തിലും ഷമീമയുടെ അന്തകയായി.

ഗോത്രകരുത്ത്

വയനാടിൻറെ ഗോത്രപാരമ്പര്യവും കരുത്തും തന്നെയാണ് തൻറെ ശക്തിക്ക് പിന്നിലെന്ന് ഉറച്ചുവിശ്വസിക്കുന്നു കുറിച്ച്യ വിഭാഗത്തിൽ പെട്ട മിന്നു.

'മറ്റിടങ്ങളിലെ ആളുകളെ പോലെയല്ല ഞങ്ങൾ വയനാട്ടുകാർ. ഞങ്ങളെ തേടി ഒന്നും ഇങ്ങോട്ട് വരില്ല. ഞങ്ങൾക്ക് എന്ത് വേണമെങ്കിലും അങ്ങോട്ട് പോകണം. സാധനങ്ങൾ വാങ്ങാൻ കടയിലേക്കായാലും സ്ക്കൂളിലേക്കായാലുമെല്ലാം കുറേ ദൂരം നടന്ന് വേണം ഞങ്ങൾക്ക് ചെല്ലാൻ. സൌകര്യങ്ങൾ മറ്റ് നഗരങ്ങളിലേത് പെലെയല്ല. പിന്നെ കുട്ടിക്കാലം മുതലെ വീട്ടിലെ പണികൾക്കൊപ്പം തന്നെ പാടത്തും പറമ്പിലുമെല്ലാം ഞങ്ങൾ പണിക്ക് പോകാറുണ്ട്. പോരാത്തതിന് പ്രകൃതിയോടും പലപ്പോഴും ഫൈറ്റ് ചെയ്യേണ്ടിവരാറുണ്ട്. അത് ഞങ്ങൾക്ക് നൽകുന്ന മനക്കരത്തും ശാരീരികക്ഷമതയും ചില്ലറയല്ല. അത് തന്നെയാണ് വയനാട്ടിൽ നിന്ന് കൂടുതൽ താരങ്ങൾ ഉണ്ടാകുന്നതിൻറെ രഹസ്യവും.'

തൻറെ പോരാട്ടവീര്യത്തിൻറെ രഹസ്യം പറയുമ്പോൾ മിന്നുവിൻറെ മുഖത്തും ശരീരഭാഷയിലും പ്രൌഡമായ തൻറെ ഗോത്രപാരമ്പര്യത്തിൻറെ ഊർജ്ജം നിറയുന്നു.

ആദ്യ വിക്കറ്റ്

അരങ്ങേറ്റ മത്സരത്തിലെ ആദ്യഓവറിൽ തന്നെ വിക്കറ്റ് എന്നത് എല്ലാ ബോളർമാരുടേയും സ്വപ്നവും അപൂർവ്വം ചിലർക്ക് മാത്രം സാക്ഷാത്ക്കരിക്കാനുമായ ഒന്നാണ്. മിന്നു ധാക്കയിലെ സ്റ്റേഡിയത്തിൽ നേടിയത് അതാണ്. ആദ്യ പന്തിൽ സിംഗിൾ, രണ്ടാമത്തെ പന്ത് ബൌണ്ടറി ലൈനിനുമുകളിലൂടെ സിക്സ്, മൂന്നാമത്തെ പന്ത് ഫോർ... ബംഗ്ലാദേശിൻറ സ്റ്റാർ ഓപ്പണർ ഷമീമ സുൽത്താന അരങ്ങേറ്റക്കാരിയുടെ മാനസികമായി തളർത്തിയെന്ന് ഒരു വേള അഹങ്കരിച്ചതും  താനിതിനാണോ ഇത്രയും കാലം കഷ്ടപ്പെട്ടതെന്ന് ഏതൊരു ബൌളറും ചിന്തിച്ച് മാനസികമായി തളരുകുയും ചെയ്യുന്ന നിമിഷം. പക്ഷെ തുടക്കക്കാരിക്ക് പിന്തുണയുമായി ടീം മൊത്തം എത്തി. ഇതിനല്ല താൻ ഇവിടെ വന്നതെന്ന് മിന്നു മനസിൽ പലവട്ടം പറഞ്ഞു. ആ വിക്കറ്റ് തനിക്കുള്ളത് തന്നെയാണെന്ന് നായിക ഹർമൻപ്രീത് കൌറിൻറെ വാക്കുകൾ.  പിന്നാലെ ഫീൽഡിൽ ചെറിയ മാറ്റം വരുത്തി. സുൽത്താനയുടെ കണക്കുകൂട്ടൽ മൊത്തം തെറ്റിച്ച്, കൂടുതൽ കരുതലോടെ നാലാമത്തെ പന്ത് ഒന്നുകൂടെ കറക്കിയെറിഞ്ഞു. അടുത്ത ബൌണ്ടറി ലക്ഷ്യം വെച്ച് സ്വീപ്പ് ചെയ്ത സുൽത്താന പക്ഷെ ജെമീമ റോഡ്രിഗസിൻറെ കൈകളിൽ ഭദ്രം. ചരിത്രം കുറിച്ച മിന്നുവിനെ പൊതിഞ്ഞ് ഇന്ത്യൻ താരങ്ങളും.
കേരളത്തിൽ നിന്ന് ആദ്യമായി ഇന്ത്യൻ പുരുഷ ടീമിലെത്തിയ ടിനുയോഹന്നാനും  വനിത ടീമിലെത്തിയ മിന്നു മണിയും അങ്ങനെ മറ്റൊരു അപൂർവതയ്ക്കും അർഹരായി.

ഇന്ത്യൻ ടീമിലെ ഇഷ്ടതോഴി

ടീമിലെ പുതുമുഖമാണെന്ന് ഒരുസമയത്തും അനുഭവപ്പെട്ടില്ല. ടീമിലെ പലരുമായും മുമ്പ് ഒരേടീമിലും എതിർ ടീമിലുമായി ഗ്രൌണ്ടിലിറങ്ങിയിട്ടുള്ളവരാണ്. അകലെ നിന്നും അടുത്ത് നിന്നുമെല്ലാം ആരാധിച്ചിരുന്ന ഹർമൻപ്രീത് കൌർ, സ്മൃതി മന്ഥാന, ദീപ്തി ശർമ, തുടങ്ങിയവർക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാനാവുന്നതിൻറെ സന്തോഷത്തിൽ ധാക്കയിലേക്ക് വിമാനം കയറുമ്പോഴും പരമ്പരയിലെ ഏതെങ്കിലുമൊരു മത്സരത്തിൽ കളിക്കാനാവുമെന്ന് മാത്രമായിരുന്നു വിദൂര പ്രതീക്ഷ. പക്ഷെ ആദ്യമത്സരത്തിൽ തന്നെ അന്തിമ ഇലവനിൽ ഇടം പിടിച്ചുവെന്നത് ഇപ്പോഴും മിന്നുവിന് വിശ്വസിക്കാനാവുന്നില്ല.

'രാവിലെ ടീം മീറ്റിങ്ങിൽ വെച്ചായിരുന്നു ഞാൻ അന്ന് കളിക്കുന്നകാര്യം കോച്ച് പ്രഖ്യാപിച്ചത്. എനിക്ക് വിശ്വസിക്കാനായില്ല. തിരികെ റൂമിൽ വന്നിട്ട് ഞാൻ ജെമിമയോടും ദേവിക വൈദ്യയോടൊക്കെ ചോദിച്ചു. ഞാൻ കേട്ടത് സത്യമാണോ ടീമിൽ ഉണ്ടെന്ന് തന്നെയാണോ പറഞ്ഞത് എന്ന്. അത്രക്ക് ആശ്ചര്യമായിരുന്നു. പിന്നീടാണ് വീട്ടിലേക്ക് അറിയിച്ചത് കളിക്കുന്നകാര്യം. പിന്നെ ഗ്രൌണ്ടിൽ എത്തിയപ്പോഴാണ് അറിഞ്ഞത് സ്മൃതി മന്ഥാനയാണ് ഡെബ്യൂട്ട് ക്യാപ്പ് തരുന്നതെന്ന്. അതും വലിയ എക്സൈറ്റ്മെൻറായിരുന്നു.'

സീനിയർ ജൂനിയർ വ്യത്യാസങ്ങളില്ലാതെ റൂമിലും ഡ്രെസ്സിങ് റൂമിലുമെല്ലാം തമാശപറഞ്ഞും പരസ്പരം കളിയാക്കിയും പ്രോത്സാഹിപ്പിച്ചുമൊക്കെ എല്ലാവരും നല്ല അടിപൊളി വൈബായിരുന്നു. അതിനാൽ തന്നെ ആദ്യമായി ടീമിലെത്തിയതിൻറെ ശങ്കയൊന്നും മിന്നുവിന് ഉണ്ടായില്ല.

'വൈദ്യയും യാസ്തികയും ജെമീമയുമായൊക്കെ പലപ്പോഴും ഡൊമസ്റ്റിക്ക് ക്രിക്കറ്റിലും പ്രീമിയർ ലീഗിലുമെല്ലാം ഒന്നിച്ച് കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരുമായെല്ലാം നല്ല സൌഹൃദം നേരത്തെയുണ്ട്. എന്നാൽ  ജെമീമയാണ് ടീമിലെ ഏറ്റവും അടുത്ത സുഹൃത്ത്. അന്നത്തെ സൌഹൃദം ദേശിയ ടീമിലെത്തിയപ്പോൾ കൂടുതൽ ദൃഢമായി. ജെമീമയുടെ ക്യാച്ചിലാണ് എൻറെ ആദ്യവിക്കറ്റും.'    

ആഭ്യന്തരക്രിക്കറ്റിലും സമത്വം

ടീമുകളിൽ പുരുഷടീമിനും വനിത ടീമിനും ഒരുപോലെ അവസരങ്ങളും അംഗീകാരങ്ങളും വേണമെന്ന അഭിപ്രായമാണ് മിന്നുവിനുള്ളത്.  

'പുരുഷ ടീമിന് കൂടുതൽ അവസരങ്ങളുണ്ട്. ട്വൻറി 20, 50 ഓവർ മത്സരങ്ങൾക്ക് പുറമെ ദ്വിദിനം, ത്രിദിനം, ചതുർദിനം എന്നിങ്ങനെ മത്സരങ്ങളുണ്ട്. എന്നാൽ വനിതാ ടീമിന് ആകെ ട്വൻറി 20, 50 ഓവർ മത്സരങ്ങൾ മാത്രമേയുള്ളു. ഇത് മാറി കൂടുതൽ അവസരങ്ങൾ വനിത ടീമുകൾക്കും ഉണ്ടാവേണ്ടതുണ്ട്.'
സമീപകാലത്താണ് വനിത താരങ്ങളുടെ പ്രതിഫലം കൂട്ടിയത്. അതിനൊപ്പം തന്നെ പുരുഷതാരങ്ങളുടെ പ്രതിഫലവും വർദ്ധിപ്പിച്ചു. ഐസിസി ചാമ്പ്യൻഷിപ്പുകളിൽ വനിതകൾക്കും പുരുഷൻമാർക്കും തുല്യമായ പ്രതിഫലം നടപ്പാക്കാനുള്ള തീരുമാനം കഴിഞ്ഞ മാസമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ കൈക്കൊണ്ടത്. അതിനാൽ തന്നെ വൈകാതെ ഡൊമസ്റ്റിക്ക് മത്സരങ്ങളിലും മറ്റ് ടൂർണമെൻറുകളിലുമെല്ലാം തുല്ല്യ വേതനം നടപ്പാക്കപ്പെടുമെന്നാണ് മിന്നുവും പ്രതീക്ഷിക്കുന്നത്. ഇപ്പോൾ വനിത താരങ്ങളെ സ്പോൺസർ ചെയ്യാനും കമ്പനികൾ മുന്നോട്ട് വരുന്നുണ്ട് എന്നതും പൊസിറ്റീവ് ഘടകമാണെന്ന് മിന്നു പറയുന്നു.

'പണ്ട് ഷൂവാങ്ങാൻ കാശില്ലാതെ സീനിയർ താരങ്ങളുടെ പഴയ ഷൂ ഇട്ട് കളിക്കാനിറങ്ങിയിട്ടുണ്ട് ഞാനൊക്കെ. അതൊന്നും ഇനിവരുന്ന താരങ്ങൾക്ക് ഉണ്ടാവാതിരിക്കാൻ ഇതൊക്കെ സഹായിക്കും.' 

കുടുംബം, കുട്ടികൾ എന്നെല്ലാം പറഞ്ഞ് വനിത താരങ്ങൾ കളിക്കളം വിടുന്നതിനോട്  മിന്നുവിന് യോജിപ്പില്ല. അത്തരമൊരു ആലോചനയോ ആശങ്കയോ ഒന്നും തൻറെ കാര്യത്തിൽ ഇല്ലെന്ന് മിന്നു.

'കഴിഞ്ഞദിവസം പാക്കിസ്ഥാൻ താരം പതിനെട്ടാം വയസിൽ വിരമിച്ചതിൻറെ വാർത്ത ഇൻസ്റ്റഗ്രാമിൽ കണ്ടു. ഭയങ്കര ആശ്ചര്യം തോന്നി. അടുത്തൊരു പത്ത് വർഷമെങ്കിലും മികച്ച പ്രകടനം നടത്താൻ കഴിയുന്ന പ്രായമാണ്. അപ്പോഴാണ് മതത്തിൻറ പേരിൽ കളിവിടാൻ ആ താരം തീരുമാനിച്ചത്. എത്രകഷ്ടപ്പെട്ടിട്ടാവും ഒരു താരം ദേശിയ ടീമിലൊക്കെ എത്തിയിട്ടുണ്ടാവുക. ആ കഷ്ടപ്പാടൊക്കെ ഇങ്ങനെ അവസാനിക്കുന്നുവെന്നത് എന്ത് കഷ്ടമാണ്...'

കേരളത്തിൽ  വനിത ക്രിക്കറ്റിന് മുന്നിൽ വലിയ ഭാവിയുണ്ട്. വയനാട് നിന്ന് മാത്രം നിരവധി താരങ്ങളാണ് ഇപ്പോൾ സ്റ്റേറ്റിന് വേണ്ടി കളിക്കുന്നത്. ഇവരിൽ ചിലർ വനിത പ്രീമിയർ ലീഗിലെ ടീമുകളിൽ ഇതിനോടകം തന്നെ ഇടം കണ്ടെത്തിക്കഴിഞ്ഞു. അധികം വൈകാതെ വയനാട് നിന്ന് കൂടുതൽ ദേശിയ താരങ്ങൾ വരുമെന്ന് മിന്നുമണിക്ക് ഉറപ്പ്.


'ഇവർ എൻറെ ചിയർ ടീം' !!!

'ഇവരെ പറ്റിച്ചാണ് കളിച്ച് തുടങ്ങിയത്. പക്ഷെ ഇവരില്ലായിരുന്നേൽ ഞാൻ എവിടെയും എത്തില്ലായിരുന്നു. ഇവർ ആണ് എൻറെ ചിയർ ടീം.'

അമ്മയേയും അച്ചനേയും അനുജത്തി മിമിതയും അമ്മമ്മ ശ്രീദേവിയേയും ചേർത്ത് പിടിച്ച് മിന്നുമണി പറഞ്ഞു.

'ഇവളാണ് ക്രിക്കറ്റ് എന്ന കളി ഞങ്ങളെ പഠിപ്പിച്ച് തന്നത്. ഇപ്പോൾ ടിവിയിൽ കളിയൊക്കെ കാണും. മിന്നുവിൻറെ കളി മൊബൈലിൽ കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി. വല്ലാത്ത സന്തോഷമായിരുന്നു. അന്ന് മോളെ പാടത്ത് നിന്ന് വടിയെടുത്ത് ഓടിച്ചതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ചിരിയും സങ്കടവും തോന്നും. അവളിത്രയും വളരുമെന്നൊന്നും കരുതിയില്ലാലോ..'
അച്ചൻ മണിയുടെ വാക്കുകളിൽ അഭിമാനം.

'വിവാഹം എന്നതൊക്കെ ഞങ്ങളുടെ ആഗ്രഹങ്ങളാണ്. പക്ഷെ അതുംപറഞ്ഞ് അവളുടെ അടുത്ത് പോകാൻ പറ്റില്ല. അവൾക്ക് കളിയാണ് ഇപ്പോഴത്തെ പ്രാധാന്യം. സമയമാവുമ്പോൾ അവൾ പറയാമെന്നാണ് പറഞ്ഞിട്ടുള്ളത്. അതാണ് ശരിയെന്നാണ് ഇപ്പോൾ ഞങ്ങൾക്കും തോന്നുന്നത്. ഇത്രയും അവൾ കഷ്ടപ്പെട്ട് നേടിയില്ലേ. സ്വന്തം കാലിൽ നിന്ന് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ പെൺകുട്ടികൾക്കും അവകാശമുള്ളതല്ലേ...അവൾ കളിക്കട്ടെ...'

അമ്മ വസന്ത ഇത് പറയുമ്പോൾ മിന്നുവിൻറെ മുഖത്ത് സംതൃപ്തിയുടെ ഒരു ചിരി വിടർന്നു.

ലക്ഷ്യം ലോകകപ്പ്

ബംഗ്ലാദേശിലെ പ്രകടനം ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലേക്കും മിന്നുമണിക്ക് ഇടം നേടിക്കൊടുത്തു. എന്നാൽ ട്വൻറി 20 ടീമിൽ നിന്ന് ഇന്ത്യൻ ഏകദിന ടീമിലേക്കുള്ള വിളിക്കായാണ് മിന്നുമണി കാത്തിരിക്കുന്നത്. രാജ്യത്തിന് വേണ്ടി ഏകദിന മത്സരങ്ങൾ കളിക്കണം. ലോകകപ്പ് കളിക്കണം, ലോകകപ്പ് വിജയിക്കണം. പറ്റുമെങ്കിൽ ഇന്ത്യക്കായി റെക്കോർഡുകൾ നേടണം. അതാണ് മനസിലുള്ള ഗോൾ. ബാക്കിയെല്ലാം പിന്നീട്....

ക്രിക്കറ്റിന് പുറത്ത് വലിയ ഹോബികൾ ഇപ്പോൾ മിന്നുവിന്നില്ല. പക്ഷെ കളികൾക്കിടയിലും പരിശീലനത്തിനിടയിലും മിന്നു അച്ചനൊപ്പം ചേരും.വിത്ത് വിതയ്ക്കാനും  വരമ്പൊരുക്കാനും പറമ്പിൽ കിളക്കാനുമൊക്കെ. പണ്ട് പാട്ട് പടിക്കാൻ മാനന്തവാടിയിൽ സംഗീതക്ലാസിന് ചേർന്ന ചരിത്രവുമുണ്ട് മിന്നുവിന്. പക്ഷെ, ഇപ്പോൾ വായുവിലൂടെ കറങ്ങിതിരിഞ്ഞുപോകുന്ന തുകൽ പന്തിൻറെ സംഗീതത്തോട് മാത്രമാണ് മിന്നുവിന് പ്രണയം.

യാത്രപറഞ്ഞിറങ്ങുമ്പോൾ പാടത്ത് വിതയ്ക്കാനായി തയ്യാറാക്കിയ നെൽവിത്ത് വേർത്തിരിച്ച് ചാക്കിൽ നിറക്കുന്ന അച്ചനെ സഹായിക്കാൻ മിന്നുവും ഒപ്പം കൂടി.  തുകൽ പന്തുകളെ  വായുവിലൂടെ മൂളിച്ച് പറപ്പിക്കുന്ന ആ വിരലുകൾ അതിസൂക്ഷമമായി തന്നെ വിത്ത് കേടാക്കാതിരിക്കാനായി നെല്ലിനൊപ്പം ചേർത്തിരിക്കുന്ന ഇലകളും വെളുത്തുള്ളിയും നീക്കം ചെയ്യുന്നു. 22 യാർഡ് പോലെ തന്നെ അന്നം വിളയുന്ന നെൽപാടവും ഈ ഇരുപത്തിനാലുകാരിക്ക് ജീവിതത്തിൻറെ ഭാഗമാണ്. 
....
(Published in 2023 August edition of  KOA Magazine Sports)

Comments