Monday, 31 July 2023

മിന്നു, വയനാടിൻറെ കറുത്ത പൊന്ന്

നുള്ളാൻ പ്രായമായ തേയിലകൾ വിളഞ്ഞുനിൽക്കുന്ന മാനന്തവാടിയിലെ ജെസി എസ്റ്റേറ്റിന് സമീപത്തെ ചോഴിമൂലയിൽ നിന്ന് താഴേക്കുള്ള ചെറിയ വഴി അവസാനിക്കുന്നത് പാടവരമ്പത്തെ വീട്ടിലാണ്. ടാറിട്ട റോഡ് അവസാനിക്കുന്നിടത്ത് നിന്ന് ഒരു ഇരുപതടി വീണ്ടും താഴേക്ക്  നടന്നാൽ ആ വീടെത്തി. ഇഴമുറിയാതെ പെയ്യുന്ന നൂൽ മഴയത്ത് വഴിയിൽ ചെളികെട്ടികിടക്കുന്നുണ്ട്. മുറ്റത്തേക്ക് ചെളിയിൽ ചവിട്ടാതെ വരാനായി കല്ലുകൾ പാകിയിരിക്കുന്നു. മലയാളികളെ എല്ലാം അഭിമാനത്തിൻറെ പടവുകൾ കയറ്റിയ മിന്നു മണിയെന്ന ഇരുപത്തിനാലുകാരിയുടെ വീടാണ് ഇത്. 2018 ലെ പ്രളയത്തിൽ നശിച്ചുപോയ ഈ വീട്  മിന്നു ക്രിക്കറ്റ് കളിച്ചാണ് പുതുക്കി പണിതത്. ഈ വീട്ടിലേക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭിനന്ദനങ്ങളുമായെത്തുന്ന സന്ദർശക പ്രവാഹമാണ്.


ഞങ്ങളെത്തുമ്പോൾ കൽപറ്റയിലെ സ്വീകരണത്തിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു മിന്നു മണി. ഉച്ചകഴിഞ്ഞാണ് സ്വീകരണം. ഇടവിട്ടെത്തുന്ന മഴയിൽ നനഞ്ഞ മുറ്റത്തേക്ക് നോക്കി വീടിൻറെ കോലായിലിരുന്ന് മിന്നു പറഞ്ഞുതുടങ്ങി. തൻറെ ജീവിതം മാറ്റി മറിച്ച ആ ത്രോയെ കുറിച്ച്, കളവ് പറഞ്ഞ് വീട്ടിൽ നിന്ന് പരിശീലനത്തിനായി പോയിരുന്ന വാരാന്ത്യങ്ങളെ കുറിച്ച്, വീടിന് മുന്നിലെ പാടത്ത് നിന്ന് ബംഗ്ലാദേശിലെ സ്റ്റേഡിയം വരെ വളർന്ന ക്രിക്കറ്റ് ജീവിതത്തെ കുറിച്ച്, സ്വപ്നങ്ങളെ കുറിച്ച്....

പാടത്തെ സ്റ്റേഡിയം, ടീം മേറ്റ്സായി ആൺപിള്ളേർ

വീടിന് മുന്നിലെ പച്ചപ്പ് വിരിച്ചു കിടക്കുന്ന പാടം തന്നെയായിരുന്നു മിന്നുവിൻറെ ആദ്യത്തെ പിച്ച്. കൊയ്ത്തൊഴിഞ്ഞ പാടത്ത്  ആൺകുട്ടികൾ കളിക്കുന്നത് കണ്ടാണ് കുഞ്ഞുമിന്നുവും ക്രിക്കറ്റ് എന്നകളി ആദ്യം കണ്ടത്. പിന്നെ അവരടിക്കുന്ന പന്ത് എടുത്തുകൊടുക്കാലായി പണി. ടീമിൽ എണ്ണം തികയ്ക്കാനായി കോമൺ ഫീൽഡറായി തുടങ്ങി. പിന്നെ പന്തും ബാറ്റും കയ്യിലെടുത്തു.  സ്ക്കൂൾ വിട്ടുവന്നാൽ സ്ക്കൂൾ ബാഗ് കോലായിലേക്ക് വലിച്ചെറിഞ്ഞ് അമ്മയുടേയും അമ്മൂമയുടേയും കണ്ണ് വെട്ടിച്ച് ഒറ്റ ഓട്ടമാണ്, പാടത്തേക്ക്.

'അന്നൊക്കെ വല്ലാത്ത ആവേശമായിരുന്നു.. സ്ക്കൂൾ വിട്ടുവരുന്നതേ പാടത്തേക്ക് ഓടാനുള്ള തിരക്കായാണ്. നേരെ ബാഗ് വെച്ച് പാടത്തേക്ക് ഓടും. ചായ പോലും കുടിക്കാൻ നിക്കില്ല. പിന്നെ അച്ചൻ വടിയെടുത്ത് വരുമ്പോളാണ് തിരികെയുള്ള ഓട്ടം. അപ്പോഴേക്കും നേരം ആറര ഏഴെക്കെ ആയിട്ടുണ്ടാകും ... ദാ ഇതായിരുന്നു ഞങ്ങളുടെ പിച്ച്.'
മഴയൊന്ന് കുറഞ്ഞപ്പോൾ മുന്നിലെ പാടത്തേക്കിറങ്ങി മിന്നു തൻറെ ആദ്യ സ്പെല്ലിനെ കുറിച്ച് പറഞ്ഞുതുടങ്ങി.  

'ഈ ഏട്ടൻമാരും അനിയൻമാരുമെക്കെയായിരുന്നു കൂട്ട്. ശരിക്കും ഇവരാണ് പന്തെറിയാനും അടിക്കാനുമൊക്കെ പഠിപ്പിച്ചത്. ഇവരുടെ കൂടെ കുറേ ടൂർണമെൻറുകളൊക്കെ കളിക്കാൻ പോയിട്ടുണ്ട്. ഞങ്ങൾക്കിവിടെ ഒരു ക്ലബ് ഒക്കെയുണ്ട്. ഈയിടെ മാനന്തവാടിയിൽ ഒരു ടെന്നീസ് ബാൾ ടൂർണമെൻറിൽ ഞങ്ങൾ കപ്പടിച്ചു.'

'ഞങ്ങൾ ടീമിട്ട് കളിക്കുമ്പോൾ രണ്ട് ടീമിനും വേണ്ടിയുള്ള കോമൺ ഫീൽഡറായിരുന്നു. അന്നൊക്കെ അങ്ങനെ ബാറ്റ് ചെയ്യാനോ ബോള് ചെയ്യാനോ ഒന്നും ഞങ്ങള് കൊടുക്കില്ലാർന്നു. പക്ഷെ അവസരം കിട്ടിയപ്പോഴൊക്കെ അവളത് മുതലാക്കി. ഞങ്ങടെ കൂടെ മാച്ചൊക്കെ കളിക്കാനൊക്കെ വരും... അന്നവൾ അഞ്ചിലോ ആറിലോ ആയായിരുന്നു പഠിച്ചിരുന്നത്. പിന്നെ ഓളങ്ങ് വളർന്നില്ലേ... ' 
മിന്നുവിൻറെ പുതിയ ബാറ്റ് പരിശോധിക്കുന്നതിനിടെ പഴയ  ടീമേറ്റ് വിനീഷ് ഇടയിൽ കയറി പറഞ്ഞു.  

വീട്ടിൽ ഭയങ്കര എതിർപ്പായിരുന്നു മിന്നുമണി ക്രിക്കറ്റ് കളിക്കുന്നതിനോട്. അതും ആൺകുട്ടികളോടൊപ്പം കളിക്കുന്നത്. ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ പാടത്തേക്ക് ഓടുന്ന മിന്നുവിനെ പലകുറി അച്ചനും അമ്മയും വഴക്കുപറഞ്ഞു. വടിയുമെടുത്ത് അടിക്കാനോടിച്ചു. വീട്ടിലെ പണികളെല്ലാം ചെയ്തശേഷം ഒളിച്ചും പാത്തുമായിരുന്നു മിന്നു പലപ്പോഴും പാടത്തെ സ്റ്റേഡിയത്തിലേക്ക് ഓടിയത്.

സംസാരിച്ചുനിൽക്കെ തലയിൽ ഒരുകെട്ട് പുല്ലുമായി മിന്നുവിൻറെ അച്ചനെത്തി.

'പെൺകുട്ടികൾ വീട്ടിലെ കാര്യങ്ങൾ ഒക്കെ നോക്കി വളരണം എന്നാണ് ഞങ്ങടെയൊക്കെ കുട്ടി കാലത്ത് എല്ലാവരും പറയാറ്. ഇവളോടും ഞങ്ങൾ അങ്ങനെയായിരുന്നു. ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾ കളിക്കുകയെന്നതൊന്നും ഞങ്ങടെയിവിടെയൊന്നും ചിന്തിക്കാനേ പറ്റുന്ന കാര്യമല്ല. അതുകൊണ്ടാണ് ഞങ്ങളെ പറ്റിച്ച് അവൾ കളിക്കാൻ പോയത്. പക്ഷെ ഇപ്പോൾ  ഞങ്ങൾക്ക് വല്ലാത്ത സന്തോഷമുണ്ട്. മിന്നുവിൻറെ  അച്ചനും അമ്മയുമെന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ ഇപ്പോൾ വല്ലാത്ത സന്തോഷാണ്...'  

പശുവിന് പുല്ല് നൽകി തിരികെ നടക്കുന്നതിനിടെ അച്ചൻ മണി അഭിമാനത്തോടെ പറഞ്ഞു.


വഴിത്തിരിവായ ആ ത്രോ

എട്ടാം ക്ലാസിലെത്തിയപ്പോഴാണ് പെൺകുട്ടികൾക്കും ക്രിക്കറ്റ് ടീമൊക്കെയുണ്ട് എന്ന് മിന്നു ആദ്യമായി അറിഞ്ഞത്. മാനന്തവാടി ഗവണമെൻറ് സ്ക്കൂളിലെ ഗ്രൌണ്ടിന് സമീപത്ത് കൂടി ആൺകുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് നോക്കി നിൽക്കുമ്പോൾ തൻറെ നേരെ വന്ന പന്ത് എടുത്ത് തിരികെ എറിഞ്ഞുകൊടുത്തു മിന്നുമണി. ആ ഏറ് കണ്ട് യാദൃശ്ചികമായി കണ്ട് നിന്ന കായിക അദ്ധ്യാപിക എൽസമ്മ ബേബിയാണ് മിന്നുമിൻറെ കൈക്കരുത്ത് ആദ്യമായി തിരിച്ചറിഞ്ഞത്.  അത്ര പെർഫെക്ടായിരുന്നു വിക്കറ്റിന് നേരെയുള്ള ആ ത്രോ.  ക്രിക്കറ്റ് കളിക്കാൻ താൽപര്യമുണ്ടോയെന്ന് ടീച്ചർ ചോദിച്ച ആ നിമിഷം തന്നെ മിന്നു സമ്മതം മൂളി. ടീച്ചറോട് ഒറ്റ ചോദ്യമോ മിന്നു തിരിച്ച് ചോദിച്ചുള്ളു.

'അതിന് പെൺകുട്ടികളെ കളിക്കാൻ എടുക്കുമോ...?'
 
അന്നുമുതലാണ് മിന്നു മണി ക്രിക്കറ്റ് കളിക്കാരി മിന്നു മണിയായി മാറിയത്, സ്ക്കൂളിൽ മാത്രം.

കളവ് പറഞ്ഞ് കളിച്ച വാരാന്ത്യങ്ങൾ

മിന്നുവിൻറെ പരിശീലനത്തിന് പിന്നിൽ ഒരു വലിയ കള്ളത്തരത്തിൻറെ കഥയുണ്ട്.  

'എല്ലാ ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും വീട്ടിൽ നിന്ന് ട്യൂഷനും സ്പെഷ്യൽ ക്ലാസുമുണ്ട് എന്ന് പറഞ്ഞ് അവൾ കാലത്തെ പോകും. കാലത്തെ വീട്ടിലെ ചെറിയ പണികളൊക്കെ ചെയ്തശേഷമാണ് മിന്നു പോകാറ്. പിന്നീട് ഒരു ദിവസം സ്ക്കൂളിലെ ടീച്ചർ വിളിച്ച് നാളെ മിന്നുവിനെ കാലത്തെ മാനന്തവാടി ബസ് സ്റ്റോപ്പിലെത്തിക്കണം എന്ന് പറഞ്ഞു. എന്താണ് കാര്യമെന്നൊന്നും അറിഞ്ഞില്ല. ടീച്ചറ് പറഞ്ഞതോണ്ട് കാലത്ത് തന്നെ അച്ചൻ മിന്നുമിനെ ബസ് സ്റ്റാൻറിൽ കൊണ്ടാക്കി. അവിടെ വെച്ചാണ് തലശ്ശേരിയിൽ സെലക്ഷന് പോകാനാണ് ബസ് സ്റ്റാൻറിലേക്ക് എത്തിക്കാൻ പറഞ്ഞത് എന്ന് അറിഞ്ഞത്. അപ്പോഴാണ് ട്യൂഷനെന്നും സ്പെഷൽ ക്ലാസെന്നും പറഞ്ഞ് മിന്നു എല്ലാ ആഴ്ച്ചയും പോയത് കളിക്കാനാണ് എന്ന് ഞങ്ങളറിയുന്നത്. എന്തായാലും പോയിട്ട് വരട്ടെയെന്ന് വെച്ചാണ് ബസ്സ് കയറ്റിവിട്ടത്. അപ്പോഴും ഞങ്ങൾക്ക് അത്രയ്ക്ക് സുഖായിട്ട് തോന്നിയില്ല ഈ കളിയൊക്കെ...'
അമ്മ പറഞ്ഞുനിർത്തുമ്പോൾ മിന്നുവിൻറെ മുഖത്ത് ഇപ്പോഴും കള്ളം പിടിക്കപ്പെട്ടതിൻറെ ചെറിയ ചമ്മൽ നിറയുന്നു.

കൈപിടിച്ച് ഷൈജു ചേട്ടൻ

തൊടുപുഴയിലെ ക്രിക്കറ്റ് അക്കാദമിയിലേക്ക് സെലക്ഷൻ കിട്ടിയതിൻറെ കടലാസുമായാണ് തലശ്ശേരിയിൽ നിന്ന് മിന്നു തിരിച്ച് വിട്ടീലെത്തിയത്. പക്ഷെ കളവ് പറഞ്ഞ് പരിശീലനത്തിന് എല്ലാ ആഴ്ച്ചയും ക്രിക്കറ്റ് കളിക്കാൻ പോയ മിന്നുവിനെ അക്കാദമിയിലേക്ക് വിടാൻ അച്ചനും അമ്മയും തയ്യാറായില്ല. അന്ന് മിന്നുവിന് പിന്തുണയുമായി എത്തിയത് കസിനായ ഷൈജുവേട്ടനാണ്. ഷൈജുവാണ് മിന്നുവിൻറെ രക്ഷിതാക്കളെ പറഞ്ഞ് സമ്മതിപ്പിച്ചത്. മിന്നുവിലെ ക്രിക്കറ്റ് താരത്തെ കുട്ടിക്കാലത്തെ പിന്തുണച്ചതും ഇതേ ഷൈജുവാണ്. പാടത്ത് ഫീൽഡറായി കളി ആരംഭിച്ചപ്പോൾ മുതൽ കൈപിടിച്ച് ഷൈജുവുണ്ടായിരുന്നു.  പാടത്തേക്ക് അടിക്കാനായി വടിയുമായി അച്ചനെത്തുമ്പോൾ രക്ഷിക്കാനും മഴക്കാലത്ത് വീട്ടുമുറ്റത്ത് പരിശീലിക്കാനും കൂട്ടുനിന്നതും ഷൈജുവേട്ടനാണ്. പന്ത് വാങ്ങാൻ വീട്ടിൽ നിന്ന് പൈസയൊന്നും കിട്ടാത്ത സമയത്ത്  തുണി ചുരുട്ടിയൊക്കെയായിരുന്നു ആദ്യകാലത്ത് പന്ത് ഉണ്ടാക്കി മുറ്റത്തെ പരിശീലനം. പിന്നീട് പലപ്പോഴും പന്ത് അടിച്ച് പാടത്ത് കളഞ്ഞ് പോകാൻ തുടങ്ങിയതോടെ  മരത്തിൽ പന്ത് നിർമിച്ച് കൊടുത്ത് ഷൈജു.

ഓൾ റൌണ്ടറിന് ഏറ്റവും ഇഷ്ടം ഫീൽഡ് ചെയ്യാൻ

ബോളുകൊണ്ട് ബംഗ്ലാദേശിൽ ചരിത്രമെഴുതിയ മിന്നുമണി കേരളത്തിന് വേണ്ടി അണ്ടർ 23 നാഷണൽ കപ്പിൽ ബാറ്റ് കൊണ്ടും തിളങ്ങിയതാരമാണ്. ചാമ്പ്യൻമാരായ കേരളത്തിന് വേണ്ടി മുന്നൂറിനടുത്ത് റൺസാണ് മിന്നുമണിയുടെ വില്ലോ ബാറ്റിൽ നിന്ന് പിറന്നത്. എന്നാൽ മൈതാനത്ത് പന്ത് കൊണ്ടോ ബാറ്റ് കൊണ്ടോ കളിക്കാനല്ല മിന്നുവിന് ഏറെയിഷ്ടം. ഫീൽഡ് ചെയ്യാനാണ്. വിക്കറ്റിലേക്ക് ലക്ഷ്യം തെറ്റാതെ എറിഞ്ഞുകൊള്ളിക്കുന്നതിലും വലിയ സന്തോഷം ഇതുവരേയും മിന്നുമിന് കളത്തിൽ നിന്ന് കിട്ടിയിട്ടില്ലത്രേ. മിന്നുവിൻറെ വേഗതത്തിലുള്ള, ശക്തിയേറിയ ത്രോ ബംഗ്ലാദേശുമായുള്ള അവസാന ട്വൻറി 20 മത്സരത്തിൽ ഏവരും കണ്ടതാണ്. 42 റൺസെടുത്ത ബംഗ്ലാദേശ് ഓപ്പണർ ഷമീമ സുൽത്താന പോയൻറിൽ നിന്നുള്ള  മിന്നുവിൻറെ കൃത്യതയാർന്ന ഏറിലാണ് പുറത്തായത്. ചടുലമായ വേഗവും അപാരശക്തിയുമാണ് ഫീൽഡിൽ മിന്നുവിൻറെ കരുത്ത്. ആദ്യ രണ്ട് മത്സരത്തിലും ഷമീമ സുൽത്താനയുടെ വിക്കറ്റ് എടുത്ത മിന്നു അങ്ങനെ എല്ലാമത്സരത്തിലും ഷമീമയുടെ അന്തകയായി.

ഗോത്രകരുത്ത്

വയനാടിൻറെ ഗോത്രപാരമ്പര്യവും കരുത്തും തന്നെയാണ് തൻറെ ശക്തിക്ക് പിന്നിലെന്ന് ഉറച്ചുവിശ്വസിക്കുന്നു കുറിച്ച്യ വിഭാഗത്തിൽ പെട്ട മിന്നു.

'മറ്റിടങ്ങളിലെ ആളുകളെ പോലെയല്ല ഞങ്ങൾ വയനാട്ടുകാർ. ഞങ്ങളെ തേടി ഒന്നും ഇങ്ങോട്ട് വരില്ല. ഞങ്ങൾക്ക് എന്ത് വേണമെങ്കിലും അങ്ങോട്ട് പോകണം. സാധനങ്ങൾ വാങ്ങാൻ കടയിലേക്കായാലും സ്ക്കൂളിലേക്കായാലുമെല്ലാം കുറേ ദൂരം നടന്ന് വേണം ഞങ്ങൾക്ക് ചെല്ലാൻ. സൌകര്യങ്ങൾ മറ്റ് നഗരങ്ങളിലേത് പെലെയല്ല. പിന്നെ കുട്ടിക്കാലം മുതലെ വീട്ടിലെ പണികൾക്കൊപ്പം തന്നെ പാടത്തും പറമ്പിലുമെല്ലാം ഞങ്ങൾ പണിക്ക് പോകാറുണ്ട്. പോരാത്തതിന് പ്രകൃതിയോടും പലപ്പോഴും ഫൈറ്റ് ചെയ്യേണ്ടിവരാറുണ്ട്. അത് ഞങ്ങൾക്ക് നൽകുന്ന മനക്കരത്തും ശാരീരികക്ഷമതയും ചില്ലറയല്ല. അത് തന്നെയാണ് വയനാട്ടിൽ നിന്ന് കൂടുതൽ താരങ്ങൾ ഉണ്ടാകുന്നതിൻറെ രഹസ്യവും.'

തൻറെ പോരാട്ടവീര്യത്തിൻറെ രഹസ്യം പറയുമ്പോൾ മിന്നുവിൻറെ മുഖത്തും ശരീരഭാഷയിലും പ്രൌഡമായ തൻറെ ഗോത്രപാരമ്പര്യത്തിൻറെ ഊർജ്ജം നിറയുന്നു.

ആദ്യ വിക്കറ്റ്

അരങ്ങേറ്റ മത്സരത്തിലെ ആദ്യഓവറിൽ തന്നെ വിക്കറ്റ് എന്നത് എല്ലാ ബോളർമാരുടേയും സ്വപ്നവും അപൂർവ്വം ചിലർക്ക് മാത്രം സാക്ഷാത്ക്കരിക്കാനുമായ ഒന്നാണ്. മിന്നു ധാക്കയിലെ സ്റ്റേഡിയത്തിൽ നേടിയത് അതാണ്. ആദ്യ പന്തിൽ സിംഗിൾ, രണ്ടാമത്തെ പന്ത് ബൌണ്ടറി ലൈനിനുമുകളിലൂടെ സിക്സ്, മൂന്നാമത്തെ പന്ത് ഫോർ... ബംഗ്ലാദേശിൻറ സ്റ്റാർ ഓപ്പണർ ഷമീമ സുൽത്താന അരങ്ങേറ്റക്കാരിയുടെ മാനസികമായി തളർത്തിയെന്ന് ഒരു വേള അഹങ്കരിച്ചതും  താനിതിനാണോ ഇത്രയും കാലം കഷ്ടപ്പെട്ടതെന്ന് ഏതൊരു ബൌളറും ചിന്തിച്ച് മാനസികമായി തളരുകുയും ചെയ്യുന്ന നിമിഷം. പക്ഷെ തുടക്കക്കാരിക്ക് പിന്തുണയുമായി ടീം മൊത്തം എത്തി. ഇതിനല്ല താൻ ഇവിടെ വന്നതെന്ന് മിന്നു മനസിൽ പലവട്ടം പറഞ്ഞു. ആ വിക്കറ്റ് തനിക്കുള്ളത് തന്നെയാണെന്ന് നായിക ഹർമൻപ്രീത് കൌറിൻറെ വാക്കുകൾ.  പിന്നാലെ ഫീൽഡിൽ ചെറിയ മാറ്റം വരുത്തി. സുൽത്താനയുടെ കണക്കുകൂട്ടൽ മൊത്തം തെറ്റിച്ച്, കൂടുതൽ കരുതലോടെ നാലാമത്തെ പന്ത് ഒന്നുകൂടെ കറക്കിയെറിഞ്ഞു. അടുത്ത ബൌണ്ടറി ലക്ഷ്യം വെച്ച് സ്വീപ്പ് ചെയ്ത സുൽത്താന പക്ഷെ ജെമീമ റോഡ്രിഗസിൻറെ കൈകളിൽ ഭദ്രം. ചരിത്രം കുറിച്ച മിന്നുവിനെ പൊതിഞ്ഞ് ഇന്ത്യൻ താരങ്ങളും.
കേരളത്തിൽ നിന്ന് ആദ്യമായി ഇന്ത്യൻ പുരുഷ ടീമിലെത്തിയ ടിനുയോഹന്നാനും  വനിത ടീമിലെത്തിയ മിന്നു മണിയും അങ്ങനെ മറ്റൊരു അപൂർവതയ്ക്കും അർഹരായി.

ഇന്ത്യൻ ടീമിലെ ഇഷ്ടതോഴി

ടീമിലെ പുതുമുഖമാണെന്ന് ഒരുസമയത്തും അനുഭവപ്പെട്ടില്ല. ടീമിലെ പലരുമായും മുമ്പ് ഒരേടീമിലും എതിർ ടീമിലുമായി ഗ്രൌണ്ടിലിറങ്ങിയിട്ടുള്ളവരാണ്. അകലെ നിന്നും അടുത്ത് നിന്നുമെല്ലാം ആരാധിച്ചിരുന്ന ഹർമൻപ്രീത് കൌർ, സ്മൃതി മന്ഥാന, ദീപ്തി ശർമ, തുടങ്ങിയവർക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാനാവുന്നതിൻറെ സന്തോഷത്തിൽ ധാക്കയിലേക്ക് വിമാനം കയറുമ്പോഴും പരമ്പരയിലെ ഏതെങ്കിലുമൊരു മത്സരത്തിൽ കളിക്കാനാവുമെന്ന് മാത്രമായിരുന്നു വിദൂര പ്രതീക്ഷ. പക്ഷെ ആദ്യമത്സരത്തിൽ തന്നെ അന്തിമ ഇലവനിൽ ഇടം പിടിച്ചുവെന്നത് ഇപ്പോഴും മിന്നുവിന് വിശ്വസിക്കാനാവുന്നില്ല.

'രാവിലെ ടീം മീറ്റിങ്ങിൽ വെച്ചായിരുന്നു ഞാൻ അന്ന് കളിക്കുന്നകാര്യം കോച്ച് പ്രഖ്യാപിച്ചത്. എനിക്ക് വിശ്വസിക്കാനായില്ല. തിരികെ റൂമിൽ വന്നിട്ട് ഞാൻ ജെമിമയോടും ദേവിക വൈദ്യയോടൊക്കെ ചോദിച്ചു. ഞാൻ കേട്ടത് സത്യമാണോ ടീമിൽ ഉണ്ടെന്ന് തന്നെയാണോ പറഞ്ഞത് എന്ന്. അത്രക്ക് ആശ്ചര്യമായിരുന്നു. പിന്നീടാണ് വീട്ടിലേക്ക് അറിയിച്ചത് കളിക്കുന്നകാര്യം. പിന്നെ ഗ്രൌണ്ടിൽ എത്തിയപ്പോഴാണ് അറിഞ്ഞത് സ്മൃതി മന്ഥാനയാണ് ഡെബ്യൂട്ട് ക്യാപ്പ് തരുന്നതെന്ന്. അതും വലിയ എക്സൈറ്റ്മെൻറായിരുന്നു.'

സീനിയർ ജൂനിയർ വ്യത്യാസങ്ങളില്ലാതെ റൂമിലും ഡ്രെസ്സിങ് റൂമിലുമെല്ലാം തമാശപറഞ്ഞും പരസ്പരം കളിയാക്കിയും പ്രോത്സാഹിപ്പിച്ചുമൊക്കെ എല്ലാവരും നല്ല അടിപൊളി വൈബായിരുന്നു. അതിനാൽ തന്നെ ആദ്യമായി ടീമിലെത്തിയതിൻറെ ശങ്കയൊന്നും മിന്നുവിന് ഉണ്ടായില്ല.

'വൈദ്യയും യാസ്തികയും ജെമീമയുമായൊക്കെ പലപ്പോഴും ഡൊമസ്റ്റിക്ക് ക്രിക്കറ്റിലും പ്രീമിയർ ലീഗിലുമെല്ലാം ഒന്നിച്ച് കളിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരുമായെല്ലാം നല്ല സൌഹൃദം നേരത്തെയുണ്ട്. എന്നാൽ  ജെമീമയാണ് ടീമിലെ ഏറ്റവും അടുത്ത സുഹൃത്ത്. അന്നത്തെ സൌഹൃദം ദേശിയ ടീമിലെത്തിയപ്പോൾ കൂടുതൽ ദൃഢമായി. ജെമീമയുടെ ക്യാച്ചിലാണ് എൻറെ ആദ്യവിക്കറ്റും.'    

ആഭ്യന്തരക്രിക്കറ്റിലും സമത്വം

ടീമുകളിൽ പുരുഷടീമിനും വനിത ടീമിനും ഒരുപോലെ അവസരങ്ങളും അംഗീകാരങ്ങളും വേണമെന്ന അഭിപ്രായമാണ് മിന്നുവിനുള്ളത്.  

'പുരുഷ ടീമിന് കൂടുതൽ അവസരങ്ങളുണ്ട്. ട്വൻറി 20, 50 ഓവർ മത്സരങ്ങൾക്ക് പുറമെ ദ്വിദിനം, ത്രിദിനം, ചതുർദിനം എന്നിങ്ങനെ മത്സരങ്ങളുണ്ട്. എന്നാൽ വനിതാ ടീമിന് ആകെ ട്വൻറി 20, 50 ഓവർ മത്സരങ്ങൾ മാത്രമേയുള്ളു. ഇത് മാറി കൂടുതൽ അവസരങ്ങൾ വനിത ടീമുകൾക്കും ഉണ്ടാവേണ്ടതുണ്ട്.'
സമീപകാലത്താണ് വനിത താരങ്ങളുടെ പ്രതിഫലം കൂട്ടിയത്. അതിനൊപ്പം തന്നെ പുരുഷതാരങ്ങളുടെ പ്രതിഫലവും വർദ്ധിപ്പിച്ചു. ഐസിസി ചാമ്പ്യൻഷിപ്പുകളിൽ വനിതകൾക്കും പുരുഷൻമാർക്കും തുല്യമായ പ്രതിഫലം നടപ്പാക്കാനുള്ള തീരുമാനം കഴിഞ്ഞ മാസമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ കൈക്കൊണ്ടത്. അതിനാൽ തന്നെ വൈകാതെ ഡൊമസ്റ്റിക്ക് മത്സരങ്ങളിലും മറ്റ് ടൂർണമെൻറുകളിലുമെല്ലാം തുല്ല്യ വേതനം നടപ്പാക്കപ്പെടുമെന്നാണ് മിന്നുവും പ്രതീക്ഷിക്കുന്നത്. ഇപ്പോൾ വനിത താരങ്ങളെ സ്പോൺസർ ചെയ്യാനും കമ്പനികൾ മുന്നോട്ട് വരുന്നുണ്ട് എന്നതും പൊസിറ്റീവ് ഘടകമാണെന്ന് മിന്നു പറയുന്നു.

'പണ്ട് ഷൂവാങ്ങാൻ കാശില്ലാതെ സീനിയർ താരങ്ങളുടെ പഴയ ഷൂ ഇട്ട് കളിക്കാനിറങ്ങിയിട്ടുണ്ട് ഞാനൊക്കെ. അതൊന്നും ഇനിവരുന്ന താരങ്ങൾക്ക് ഉണ്ടാവാതിരിക്കാൻ ഇതൊക്കെ സഹായിക്കും.' 

കുടുംബം, കുട്ടികൾ എന്നെല്ലാം പറഞ്ഞ് വനിത താരങ്ങൾ കളിക്കളം വിടുന്നതിനോട്  മിന്നുവിന് യോജിപ്പില്ല. അത്തരമൊരു ആലോചനയോ ആശങ്കയോ ഒന്നും തൻറെ കാര്യത്തിൽ ഇല്ലെന്ന് മിന്നു.

'കഴിഞ്ഞദിവസം പാക്കിസ്ഥാൻ താരം പതിനെട്ടാം വയസിൽ വിരമിച്ചതിൻറെ വാർത്ത ഇൻസ്റ്റഗ്രാമിൽ കണ്ടു. ഭയങ്കര ആശ്ചര്യം തോന്നി. അടുത്തൊരു പത്ത് വർഷമെങ്കിലും മികച്ച പ്രകടനം നടത്താൻ കഴിയുന്ന പ്രായമാണ്. അപ്പോഴാണ് മതത്തിൻറ പേരിൽ കളിവിടാൻ ആ താരം തീരുമാനിച്ചത്. എത്രകഷ്ടപ്പെട്ടിട്ടാവും ഒരു താരം ദേശിയ ടീമിലൊക്കെ എത്തിയിട്ടുണ്ടാവുക. ആ കഷ്ടപ്പാടൊക്കെ ഇങ്ങനെ അവസാനിക്കുന്നുവെന്നത് എന്ത് കഷ്ടമാണ്...'

കേരളത്തിൽ  വനിത ക്രിക്കറ്റിന് മുന്നിൽ വലിയ ഭാവിയുണ്ട്. വയനാട് നിന്ന് മാത്രം നിരവധി താരങ്ങളാണ് ഇപ്പോൾ സ്റ്റേറ്റിന് വേണ്ടി കളിക്കുന്നത്. ഇവരിൽ ചിലർ വനിത പ്രീമിയർ ലീഗിലെ ടീമുകളിൽ ഇതിനോടകം തന്നെ ഇടം കണ്ടെത്തിക്കഴിഞ്ഞു. അധികം വൈകാതെ വയനാട് നിന്ന് കൂടുതൽ ദേശിയ താരങ്ങൾ വരുമെന്ന് മിന്നുമണിക്ക് ഉറപ്പ്.


'ഇവർ എൻറെ ചിയർ ടീം' !!!

'ഇവരെ പറ്റിച്ചാണ് കളിച്ച് തുടങ്ങിയത്. പക്ഷെ ഇവരില്ലായിരുന്നേൽ ഞാൻ എവിടെയും എത്തില്ലായിരുന്നു. ഇവർ ആണ് എൻറെ ചിയർ ടീം.'

അമ്മയേയും അച്ചനേയും അനുജത്തി മിമിതയും അമ്മമ്മ ശ്രീദേവിയേയും ചേർത്ത് പിടിച്ച് മിന്നുമണി പറഞ്ഞു.

'ഇവളാണ് ക്രിക്കറ്റ് എന്ന കളി ഞങ്ങളെ പഠിപ്പിച്ച് തന്നത്. ഇപ്പോൾ ടിവിയിൽ കളിയൊക്കെ കാണും. മിന്നുവിൻറെ കളി മൊബൈലിൽ കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി. വല്ലാത്ത സന്തോഷമായിരുന്നു. അന്ന് മോളെ പാടത്ത് നിന്ന് വടിയെടുത്ത് ഓടിച്ചതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ചിരിയും സങ്കടവും തോന്നും. അവളിത്രയും വളരുമെന്നൊന്നും കരുതിയില്ലാലോ..'
അച്ചൻ മണിയുടെ വാക്കുകളിൽ അഭിമാനം.

'വിവാഹം എന്നതൊക്കെ ഞങ്ങളുടെ ആഗ്രഹങ്ങളാണ്. പക്ഷെ അതുംപറഞ്ഞ് അവളുടെ അടുത്ത് പോകാൻ പറ്റില്ല. അവൾക്ക് കളിയാണ് ഇപ്പോഴത്തെ പ്രാധാന്യം. സമയമാവുമ്പോൾ അവൾ പറയാമെന്നാണ് പറഞ്ഞിട്ടുള്ളത്. അതാണ് ശരിയെന്നാണ് ഇപ്പോൾ ഞങ്ങൾക്കും തോന്നുന്നത്. ഇത്രയും അവൾ കഷ്ടപ്പെട്ട് നേടിയില്ലേ. സ്വന്തം കാലിൽ നിന്ന് സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ പെൺകുട്ടികൾക്കും അവകാശമുള്ളതല്ലേ...അവൾ കളിക്കട്ടെ...'

അമ്മ വസന്ത ഇത് പറയുമ്പോൾ മിന്നുവിൻറെ മുഖത്ത് സംതൃപ്തിയുടെ ഒരു ചിരി വിടർന്നു.

ലക്ഷ്യം ലോകകപ്പ്

ബംഗ്ലാദേശിലെ പ്രകടനം ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലേക്കും മിന്നുമണിക്ക് ഇടം നേടിക്കൊടുത്തു. എന്നാൽ ട്വൻറി 20 ടീമിൽ നിന്ന് ഇന്ത്യൻ ഏകദിന ടീമിലേക്കുള്ള വിളിക്കായാണ് മിന്നുമണി കാത്തിരിക്കുന്നത്. രാജ്യത്തിന് വേണ്ടി ഏകദിന മത്സരങ്ങൾ കളിക്കണം. ലോകകപ്പ് കളിക്കണം, ലോകകപ്പ് വിജയിക്കണം. പറ്റുമെങ്കിൽ ഇന്ത്യക്കായി റെക്കോർഡുകൾ നേടണം. അതാണ് മനസിലുള്ള ഗോൾ. ബാക്കിയെല്ലാം പിന്നീട്....

ക്രിക്കറ്റിന് പുറത്ത് വലിയ ഹോബികൾ ഇപ്പോൾ മിന്നുവിന്നില്ല. പക്ഷെ കളികൾക്കിടയിലും പരിശീലനത്തിനിടയിലും മിന്നു അച്ചനൊപ്പം ചേരും.വിത്ത് വിതയ്ക്കാനും  വരമ്പൊരുക്കാനും പറമ്പിൽ കിളക്കാനുമൊക്കെ. പണ്ട് പാട്ട് പടിക്കാൻ മാനന്തവാടിയിൽ സംഗീതക്ലാസിന് ചേർന്ന ചരിത്രവുമുണ്ട് മിന്നുവിന്. പക്ഷെ, ഇപ്പോൾ വായുവിലൂടെ കറങ്ങിതിരിഞ്ഞുപോകുന്ന തുകൽ പന്തിൻറെ സംഗീതത്തോട് മാത്രമാണ് മിന്നുവിന് പ്രണയം.

യാത്രപറഞ്ഞിറങ്ങുമ്പോൾ പാടത്ത് വിതയ്ക്കാനായി തയ്യാറാക്കിയ നെൽവിത്ത് വേർത്തിരിച്ച് ചാക്കിൽ നിറക്കുന്ന അച്ചനെ സഹായിക്കാൻ മിന്നുവും ഒപ്പം കൂടി.  തുകൽ പന്തുകളെ  വായുവിലൂടെ മൂളിച്ച് പറപ്പിക്കുന്ന ആ വിരലുകൾ അതിസൂക്ഷമമായി തന്നെ വിത്ത് കേടാക്കാതിരിക്കാനായി നെല്ലിനൊപ്പം ചേർത്തിരിക്കുന്ന ഇലകളും വെളുത്തുള്ളിയും നീക്കം ചെയ്യുന്നു. 22 യാർഡ് പോലെ തന്നെ അന്നം വിളയുന്ന നെൽപാടവും ഈ ഇരുപത്തിനാലുകാരിക്ക് ജീവിതത്തിൻറെ ഭാഗമാണ്. 
....
(Published in 2023 August edition of  KOA Magazine Sports)

"വേണം സമത്വം ആഭ്യന്തരക്രിക്കറ്റിലും" : മിന്നുമണി

(ഇന്ത്യൻ ടീമിലെത്തിയ കേരളത്തിൽ നിന്നുള്ള ആദ്യ വനിത ക്രിക്കറ്റ് താരം മിന്നുമണിയുമായി നടത്തിയ പ്രത്യേക അഭിമുഖം)

.......

ആദ്യ പരമ്പരയിലെ ആദ്യമത്സരത്തിൽ തന്നെ ടീമിൽ. ആദ്യ ഓവറിൽ തന്നെ വിക്കറ്റ്. പരമ്പരയിലെ മുഴുവൻ മത്സരങ്ങളിലും വിക്കറ്റുകൾ. ആദ്യ പരമ്പരയിൽ തന്നെ ടീമിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൌളർ.....

സ്വപ്നതുല്ല്യമെന്ന് നിസംശ്ശയം വിശേഷിപ്പിക്കാവുന്ന തുടക്കം. ഒരുപിടി റെക്കോർഡുകളുടെ കൂടി തുടക്കമിട്ട ഈ കരിയറിനുടമ മിന്നു മണിയെന്ന വയനാടുകാരി പെൺകുട്ടിയാണ്.  അതെ, കേരളത്തിനുവേണ്ടി ക്രിക്കറ്റ് കളിച്ച് ഇന്ത്യൻ ടീമിലെത്തിയ ആദ്യത്തെ മലയാളി വനിത ക്രിക്കറ്റർ. 

(കേരളത്തിൽ നിന്ന് ഇന്ത്യൻ പുരുഷടീമിലെത്തിയ ആദ്യ മലയാളി താരമായ ടിനു യോഹന്നാനും ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ തന്നെയാണ് വിക്കറ്റ് വീഴ്ത്തിയത് എന്നതും കൌതുകമാണ്.)




ബംഗ്ലാദേശിലെ ഇന്ത്യൻ ട്വി20 പരമ്പര വിജയത്തിൽ നിർണായക പങ്ക് വഹിച്ച മിന്നു മണി, ധാക്കയിൽ നിന്ന് തിരിച്ചെത്തിയത് മറ്റൊരു സന്തോഷവുമായാണ്. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലേക്ക് ഇടം നേടിയെന്ന സന്തോഷത്തിലേക്ക്.

........................

 ആദ്യ മത്സരത്തിൽ തന്നെ വിക്കറ്റ്. മറ്റൊരു ചരിത്രമാണ് അത്. ആദ്യ വിക്കറ്റിൻറെ സന്തോഷം എങ്ങനെ?


ആഗ്രഹിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യത്തെ മൂന്ന് പന്തിൽ 11 റൺസ് വഴങ്ങിയപ്പോൾ തന്നെ ചെറിയ നിരാശപോലെ തോന്നി. പക്ഷെ ടീം ഒറ്റക്കെട്ടായി സപ്പോർട്ട് ചെയ്തു. ക്യാപ്റ്റർ ഹർമൻ പ്രീത് തന്നെ  അടുത്ത് വന്ന് പ്രോത്സാഹിപ്പിച്ചു. ആ സമയം എൻറെ മനസിലെ ചിന്ത ഇതിനല്ലാലോ ഞാൻ ഇത്രയും കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയത് എന്നായിരുന്നു. ഫീൽഡിൽ ചില മാറ്റങ്ങളൊക്കെ വരുത്തി. അത് ഗുണം ചെയ്തു. അടുത്ത പന്തിൽ തന്നെ വിക്കറ്റ്. സ്വപ്നതുല്യമായിരുന്നു അത്. സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ആ വിക്കറ്റ് ആത്മവിശ്വാസം കൂട്ടി. അങ്ങനെ അടുത്ത രണ്ട് ഓവറുകളും നന്നായി എറിയാനായി. ആ കളി നൽകിയ ആത്മവിശ്വാസം അടുത്ത രണ്ട് മത്സരത്തിലും പ്രകടനം മെച്ചപ്പെടുത്താനും സഹായിച്ചു.


രണ്ടാമത്തെ മത്സരത്തിൽ ശക്തമായ ബൌളിങ് പ്രകടനമായിരുന്നുവല്ലോ. ബംഗ്ലാദേശിൻറെ മുന്നേറ്റ നിരയെ തകർത്ത നാല് ഓവറുകൾ. 9 റൺസിന് 2 വിക്കറ്റ്. ബാറ്റിങ്ങിലും നേരിട്ട ആദ്യ പന്ത് തന്നെ ബൌണ്ടറി. പ്ലയർ ഓഫ് ദ മാച്ചിന് അർഹമായ പ്രകടനമായിരുന്നുവല്ലോ. കിട്ടാതെപോയതിൽ നിരാശയണ്ടോ?


നിരാശയില്ല. എൻറെ മികച്ച പ്രകടനം തന്നെ അന്ന് ടീമിന് നൽകാനായി എന്നതാണ് വലിയ സന്തോഷം. നാല് ഓവറിൽ വെറും 9 രൺസിന് 2 വിക്കറ്റ് എന്നത് ട്വൻറി 20 യിൽ വലിയ കാര്യമാണ്. അന്ന് ഇന്ത്യയുടെ ബാറ്റിങ് പരാജയപ്പെട്ടു. ചെറിയ സ്ക്കോർ ആയിരുന്നു നേടാനായത്. അത് പ്രതിരോധിക്കാൻ എൻറെ ബൌളിങ് സഹായിച്ചുവെന്നത് വല്ലാത സന്തോഷം നൽകുന്ന കാര്യമാണ്. 95 റൺസാണ് അന്ന് ർങ്ങൾക്ക് നേടാനായത്. ഏതൊരുടീമിനും വിജയിക്കാൻ പറ്റുന്ന നിസാരമായ സ്ക്കോറാണ് അത്. പക്ഷെ ആ മത്സരം 8 റൺസിന് ജയിക്കാനായത്  നന്നായി എല്ലാവരും പന്തെറിഞ്ഞത്കൊണ്ടാണ്. ദീപ്തി ശർമയാണ് ആ മത്സരത്തിൽ പ്ലയർ ഓഫ് ദ മാച്ച് ആയത്. ദീപ്തി അന്ന് 12 ന് 3 വിക്കറ്റ് എടുത്തു. അവസാനത്തെ ആ വിക്കറ്റ് എടുത്തതാണ് കളി വിജയിപ്പിച്ചത്. അത് തന്നെയാണ് നിർണായകമായതും. അതിനാൽ തന്നെ ദീപ്തിക്ക് അർഹതപ്പെട്ടത് തന്നെയാണ് അത്.

ആദ്യ ഓവറിൽ സിക്സും ഫോറും അടുത്തടുത്ത പന്തിൽ വഴങ്ങി. മാനസികമായി തളർന്നുവോ മിന്നു. ഏതൊരു കളിക്കാരനും ആദ്യത്തെ ഓവർ എന്നത് വലിയ സമ്മർദ്ദം ഉണ്ടാക്കുന്നതാണല്ലോ?


തീർച്ചയായും നല്ല സമ്മർദ്ദത്തോടെയാണ് എറിയാനെത്തിയത്. ബൌൾ ചെയ്യും എന്നറുപ്പായിരുന്നു. പക്ഷെ അതിത്ര നേരത്തെ ആകും എന്ന് പ്രതീക്ഷിച്ചില്ല. ആദ്യത്തെ മൂന്ന് പന്തിൽ നിന്ന് 1, 6, 4 എന്നിങ്ങനെ റൺസ് പോയപ്പോഴെ ചെറിയ നിരാശ വന്നു. പക്ഷെ അപ്പോഴും സമ്മർദ്ദം വലുതായി തോന്നിയില്ല. കാരണം ഞാൻ നേരത്തെ പറഞ്ഞല്ലോ ടീം മൊത്തം സപ്പോർട്ടായി കൂടെ നിന്നുവെന്ന്. സിക്സറിനും ഫോറിനും പറത്തി ഷമീമ സുൽത്താന മികച്ച പ്ലയറാണ്. ഹർമൻ പ്രീത് തന്നെ അടുത്ത് വന്ന് സുൽത്താനയുടെ വിക്കറ്റ് മിന്നുവിന് തന്നെയാണ് എന്ന് പ്രോത്സാഹിപ്പിച്ചു. ശരിക്കും അത് എൻറെ ആത്മവിശ്വാസം കൂട്ടി. അങ്ങനെ ഫീൽഡിൽ ചെറിയ മാറ്റം വരുത്തി. ജെമീമ റോഡ്രിഗസിനെ ഇന്നർ സർക്കിളിൽ കൊണ്ടുവന്നു. അൽപ്പം കൂടി ടേൺ കൊടുത്താണ് അടുത്ത പന്ത് എറിഞ്ഞത്. അത് ഗുണം കണ്ടു. സ്വീപ്പ് ചെയ്ത് ബൌണ്ടറിക്ക് ശ്രമിച്ച ഷെമീമ ജെമീമയുടെ കയ്യിലെത്തി. ഭയങ്കര റിലീഫായിരുന്നു അത്.


ആദ്യകളിയിലെ അന്തിമ ഇലവനിൽ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നോ?


അറിഞ്ഞിരുന്നില്ല. തലേന്നാൾ നെറ്റ്സിലൊക്കെ പന്തെറിഞ്ഞിരുന്നു. അപ്പോഴും ആദ്യത്തെ മത്സരത്തിൽ തന്നെ ഉണ്ടാകും എന്ന് കരുതിയിട്ടില്ല. കളിയുടെ അന്ന് രാവിലെ ടീം മീറ്റിങ്ങിനിടെയാണ് കോച്ച് ഞാൻ കളിക്കുന്ന കാര്യം പറയുന്നത്. എനിക്ക് വിശ്വസിക്കാനായില്ല. തിരികെ റൂമിലെത്തിയശേഷം ഞാൻ ജെമീമയോടൊക്കെ പലകുറി ചോദിച്ചു. ഞാൻ ഉണ്ടെന്നാണോ പറഞ്ഞത് ഞാൻ കേട്ടത് തെറ്റിയോ എന്നൊക്കെ. അവരൊക്കെ ഉറപ്പിച്ച് പറഞ്ഞശേഷമാണ്  പിന്നെയാണ് വീട്ടിലറിയിച്ചത് കളിക്കുന്നുണ്ടെന്ന്. പിന്നെ ഗ്രൌണ്ടിലെത്തി ഡെബ്യൂട്ട് ക്യാപ്പ് വാങ്ങുമ്പോഴാണ് സത്യം പറഞ്ഞാൽ വിശ്വസിച്ചത്. സ്മൃതി മന്ദാന ക്യാപ്പ് തന്നത് തന്നെ മറ്റൊരു എക്സൈറ്റ്മെൻറായി.

എങ്ങനെയാണ് മിന്നു ക്രിക്കറ്റിലേക്ക് ആകർഷിക്കപ്പെട്ടത്?


ചെറുപ്പത്തിൽ ഈ പാടത്ത് (വീട്ടിന് മുന്നിലെ പാടത്തേക്ക് വിരൽ ചൂണ്ടി) ചേട്ടനമാരും അപ്പുറത്തെ ആൺകുട്ടികളൊക്കെ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. ഞാനവിടെ ചുറ്റിപറ്റി നടന്ന് അവരടിക്കുന്ന പന്തൊക്കെ എടുത്ത് കൊടുക്കുമായിരുന്നു. അങ്ങനെ ടീമിൽ ആള് തികയാതെ വരുമ്പോൾ അവരെന്നെ ഫീൽഡ് ചെയ്യാനിറക്കും. രണ്ടു ടീമിനും കോമൺ ഫീൽഡറായിട്ട് കളിക്കാൻ തുടങ്ങി. ബാറ്റും ബോളുമൊന്നും തരില്ല. പക്ഷെ എനിക്ക് ഫീൽഡ് ചെയ്താൽ മതിയായിരുന്നു. അങ്ങനെയാണ് ഈ കളി കുടങ്ങിയത്. പിന്നെ അത് ആവേശമായി. സ്ക്കൂൾ വിട്ടാൽ നേരെ പാടത്തേക്ക് ഓടും. വീട്ടുകാരുടെ കണ്ണ് വെട്ടിച്ചായിരുന്നു എല്ലാം. അച്ചനും അമ്മയുമൊക്കെ പലകുറി വടിയെടുത്ത് അടിക്കാനായി വന്നിട്ടുണ്ട്. (മിന്നു ചിരിക്കുന്നു)


എന്തായിരുന്നു വീട്ടുകാരുടെ പ്രതികരണം?


ആൺകുട്ടികളുടെ കൂടെ കളിക്കുന്നത് വല്യേ പ്രശ്നായിരുന്നു. അങ്ങനെ പെൺകുട്ടികൾ ആൺകുട്ടികളുടെ കൂടെ കളിക്കുന്നത് നമ്മടെ സമൂഹത്തിൽ അംഗീകരിക്കില്ലാലോ. അതിപ്പോ ഏട്ടൻമാരുടെ കൂടെയായാലും അനുജൻമാരുടെ കൂടെയായാലും അങ്ങനെയാണ്. പെൺകുട്ടികൾ വീട്ടിലെ പണി നോക്കിയിരിക്കണം എന്നാണ്. അതോണ്ട് തന്നെ തല്ല് നല്ലോണം കിട്ടിയിട്ടുണ്ട്.

എന്നിട്ടും എങ്ങനെ ക്രിക്കറ്റ് അക്കാദമയിലൊക്കെ എത്തി


അത് വലിയ കഥയാണ്. സത്യത്തിൽ കള്ളം പറഞ്ഞാണ് കളിക്കാൻ പോയികൊണ്ടിരുന്നത്. സക്കൂളിലെ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചറാണ് എ്നെ ക്രിക്കറ്റ് ടീമിലേക്ക് എടുത്തത്. അത് ഒരിക്കൽ ആൺപിള്ളേര് ക്രിക്കറ്റ് കളിക്കുന്നത് ഞാൻ നോക്കി നിൽക്കുവാരുന്നു. ഞാനവരുടെ ബാറ്റ് ഒക്കെ എടുത്ത് നോക്കുന്നൊക്കെയുണ്ടായിരുന്നു. ഇത് ടീച്ചർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അങ്ങനെ നിൽക്കുമ്പോൾ അവരടിച്ച ഒരുപന്ത് എൻറെ നേരെ വന്നു. ഞാനത് എടുത്ത് തിരിച്ച് എറിഞ്ഞുകൊടുത്തു. ആ ത്രോ കണ്ടാണ് ടീച്ചറെന്നോട് കളിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിക്കുന്നത്. ഞാനപ്പോഴാണ് അറിയുന്നത് പെൺകുട്ടികൾക്ക് ക്രിക്കറ്റ് ടീം ഉണ്ടെന്നൊക്കെ. അങ്ങനെ ശനിയും ഞായറും ട്യൂഷനുണ്ടെന്നും സ്പെഷ്യൽ ക്ലാസുണ്ടെന്നുമൊക്കെ കള്ളം പറഞ്ഞ് ഞാൻ വീട്ടിൽ നിന്ന് പരിശീലനത്തിന് പോകാൻ തുടങ്ങി.

ഈ കള്ളം പിന്നെ എപ്പോഴാണ് വീട്ടിൽ പിടിച്ചത്.?


അത് ടീച്ചറൊരീസം വിളിച്ച് നാളെ കാലത്ത് മിന്നുവിനെ മാനന്തവാടി ബസ്റ്റാൻറിൽ കൊണ്ടാക്കണം എന്ന് അച്ചനെ വിളിച്ച് പറഞ്ഞു. എന്തിനാണെന്ന് അച്ചനും മനസിലായില്ല. ടീച്ചറ് പറഞ്ഞതല്ലേന്ന് കരുതി അച്ചൻ കാലത്തെ ബസ്റ്റാൻറിൽ കൊണ്ടുവന്നാക്കി. അപ്പോളാണ് അറിയുന്നത് തലശ്ശേരിയിൽ സെലക്ഷൻ ക്യാമ്പിന് പോകാനാണ് എന്ന്. ഞാനും അത് പേടിച്ചിട്ട്  എന്നോട് ചോദിച്ചപ്പോഴൊന്നും പറഞ്ഞിരുന്നില്ല. അന്ന് ദേഷ്യത്തോടെയാണേലും അത് വരെ വന്നില്ലെ പോയിട്ട് വരട്ടെ എന്ന് വച്ച് അച്ചന ബസ് കേറ്റിവിട്ടു. അങ്ങനെയാണ് വീട്ടിലറിഞ്ഞത്.  തൊടുപുഴയിലെ അക്കാദമിയിലേക്ക് സെലക്ഷൻ കിട്ടിയാണ് ഞാൻ തിരിച്ചു വന്നത്. അച്ചനും അമ്മയുമൊക്കെ വിടില്ലന്ന വാശിയിലിയാരുന്നു. ഞാനെന്ത് ചെയ്യുമെന്നറിയാതെ പോയി ഏട്ടനെ വിളിച്ചുകൊണ്ടുവന്നു. അച്ചൻറെ ഏട്ടൻറെ മോനാണ്. ഷൈജുവേട്ടനാണ് പണ്ടേ എനിക്ക് ക്രിക്കറ്റ് കളിക്കാനൊക്കെ കൂട്ട് നിന്നിരുന്നത്. അങ്ങനെ ഏട്ടന പറഞ്ഞാണ് ഒടുവിൽ വീട്ടികാര് സമ്മതിച്ചത്. ആ പോക്കാണ് കേരളടീമിലും പ്രീമയർ ലീഗിലും ഇപ്പോൾ നാൽണൽ ടീമിലൊക്കെ എത്തിച്ചത്.


പിന്നെ ഇങ്ങോട്ട് വീട്ടുകാരുടെ പൂർണ പിന്തുണകിട്ടി അല്ലേ.?


ഞാൻ ഒരുഘട്ടം എത്തിയശേഷമാണ് വീട്ടുകാരുടെ പൂർണ പിന്തുണയൊക്കെ കിട്ടിയത്. സത്യത്തിൽ അവർക്ക് ക്രിക്കറ്റിനെ കുറിച്ച് വലിയ അറിവൊന്നും ഇല്ലായിരുന്നു. പിന്നെ നമ്മുടെ ഈ നാട്ടിലൊക്കെ പെൺകുട്ടികൾ കളിക്കുകയെന്നത് അത്രയ്ക്ക് സ്വീകാര്യമായ കാര്യവുമല്ലല്ലോ. 

വയനാട് നിന്ന് ഇന്ത്യൻ ടീമിലേക്ക്. ആ യാത്ര അത്ര എളുപ്പമായിരുന്നിരിക്കില്ലെന്ന് ഉറപ്പാണ്.  ത്രമത്രം കഠിനമായിരുന്നു?


ഞങ്ങൾ വയനാടുകാർക്ക് അത്ര എളുപ്പമല്ല ഇതൊക്കെ നേടൽ എന്നത്. കഴിവില്ലാതെയല്ല അത്. സിറ്റിയിലേയോ മറ്റ് സ്ഥലങ്ങളിലേയോപോലെ അല്ല വയനാട്ടിലെ സാഹചര്യം. ഞങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ അങ്ങോട്ട് പോയി നേടണം. ഒന്നിനുമുള്ള വലിയ സൌകര്യങ്ങൾ ഇവിടെയില്ല. പരിശീലനത്തിന് വേണ്ട സൌകര്യങ്ങൾ, സാഹചര്യങ്ങൾ, ഗ്രൌണ്ടുകൾ ഒന്നും ഇവിടെ അധികമില്ല. ആകെയുള്ളത് കൃഷ്ണഗിരിയിലെ സ്റ്റേഡിയമാണ്. പിന്നെ ചില സ്ക്കൂളിൻറേയും കോളജിൻറേയും ഗ്രൌണ്ടുകൾ. അതൊക്കെ പക്ഷെ ലഭിക്കുകയെന്നത് തന്നെ വലിയ ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ പരിശീലനത്തിന് കിലോമീറ്ററുകൾ സഞ്ചരിക്കണം.

ക്രിക്കറ്റ് നൽകിയ വലിയ സന്തോഷം എന്താണ് ഇപ്പോൾ ലഭിക്കുന്ന മാധ്യമശ്രദ്ധയാണോ അതോ ജനങ്ങൾ നൽകുന്ന സ്നേഹവും ആദരവുമാണോ?


എല്ലാവരും നൽകുന്ന സ്നേഹം തീർച്ചയായും സന്തോഷമാണ്. പക്ഷെ അതിനേക്കേൾ വലിയ സന്തോഷം 2018 ലെ പ്രളയത്തിൽ തകർന്ന വീട് പുതുക്കി പണിയാൻ എനിക്കായി എന്നതാണ്. ക്രിക്കറ്റ് കളിച്ച് നേടിയ പണം കൊണ്ടാണ് എനിക്കത് സാധിച്ചത്. അതിനേക്കാൾ വലിയ മറ്റെന്ത് സന്തോഷമാണ് ലഭിക്കാനുള്ളത്. കളിച്ച് ഒരുപക്ഷെ ഇനിയും പലതും നേടിയേക്കാം. എന്നാലും ഇതിനേക്കാൾ വലുതാകുമെന്ന് തോന്നുന്നില്ല


കേരളക്രിക്കറ്റിൻറെ ഭാവി എങ്ങനെയാണ് കാണുന്നത്. നിരവധി താരങ്ങൾ ഇപ്പോൾ കേരളത്തിൽ നിന്ന് മിന്നുവിന് പിന്നാലെ വുമൻ പ്രീമിയർ ലീഗിൽ എത്തിയല്ലോ?


കേരള വനിത ടീമിന് വലിയ ഭാവിയാണ് മുന്നിലുള്ളത്. കേരളത്തിലെ പുരുഷടീമിന് നേടാൻ ആകാത്ത ഒന്ന് നേടിയവരാണ് നമ്മുടെ പെൺകുട്ടികൾ. ദേശിയ കിരീടം. അണ്ടർ 23 കിരീടം നേടിയത് കേരള ക്രിക്കറ്റിലെ തന്നെ വലിയ നാഴികകല്ലാണ്. കേരളത്തിൽ നിന്ന് മൂന്ന് പേരാണ് പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മുംബൈ ഇന്ത്യ തുടങ്ങിയ ടീമിലുള്ളത്. വയനാട്ടിൽ നിന്നാണ് ഇവരെല്ലാം എന്നതും ശ്രദ്ധേയമാണ്. സിറ്റികളിൽ നിന്ന് മാത്രമല്ല വയനാട് പോലുള്ള പിന്നാക്ക പ്രദേശങ്ങളിൽ നിന്നും താരങ്ങൾ ഉണ്ടാകുമെന്നതിൻരെ തെളിവാണ് അത്. വയനാട്ടി നിന്ന് മാത്രം 8 പേരാണ് സ്റ്റേറ്റ് ടീമിൽ കളിക്കുന്നത്. 

അങ്ങനെയിരിക്കുമ്പോഴും പുരുഷ ടീമിന് കിട്ടുന്ന അതേ പ്രാധാന്യവും പിന്തുണയും വനിതകൾക്ക് കിട്ടുന്നുണ്ടോ ?ക്രിക്കറ്റിൽ തുല്യത നടപ്പായിട്ടുണ്ടെന്ന് കരുതുന്നുണ്ടോ. പ്രത്യേകിച്ച് വേതനത്തിൽ?


ഉണ്ടെന്ന് പറയാനാവില്ല. കളിക്കാനുള്ള അവസരത്തിൽ പോലും വനിതകൾക്ക് പുരുഷൻമാരേക്കാൾ കുറവാണ്. പുരുഷൻമാർക്ക് ത്രിദിനം, ചതുർദിനം തുടങ്ങി മത്സരങ്ങൾ അധികമുണ്ട്. വനിതകൾക്ക് വെറും 20,50 ഓവർ മാച്ചുകൾ മാത്രമാണ്. ഞങ്ങളും ത്രിദിനമൊക്കെ കളിക്കാൻ ശേഷിയുള്ളവരാണ്. അതുപോലെ തന്നെ പ്രതിഫലവും. ഈയിടയ്ക്കാണ് വനിത താരങ്ങളുടെ പ്രതിഫലം ഉയർത്തിയത്. പക്ഷെ അപ്പോൾ പുരുഷതാരങ്ങളുടെ പ്രതിഫലവും അതിനനുസരിച്ച് തന്നെ ഉയർത്തി. ഭാവിയിൽ തുല്യത ഇതിൽ വരുമായിരിക്കും, പക്ഷെ കുറച്ച് സമയം എടുക്കും.

വിവാഹത്തോടെ ജോലി വിടുന്ന വനിതകൾ നമ്മുടെ നാട്ടിൽ നിരവധിയാണ്. സ്പോർട്സിൽ അത് പ്രത്യേകിച്ചു. ഇക്കാര്യത്തിൽ മിന്നുമണിയുടെ അഭിപ്രായം എന്താണ്?


എനിക്ക് ഒട്ടും അംഗീകരിക്കാനാവാത്ത ഒന്നാണ് അത്. എന്തിനാണ് പിന്നെ ഇത്രകഷ്ടപ്പെട്ട് ഇവരൊക്കെ ഒരു നിലയിൽ എത്തുന്നത് എന്ന് ഞാൻ ആലോചിക്കാറുണ്ട്. കഴിഞ്ഞ ദിവം പാക്കിസ്ഥാൻരെ പതിനെട്ട് വയസ്സുള്ള താരം കളി നിർത്തി വിരിച്ചു. മതപരമായ കാര്യമാണ് അവർ പറയുന്നത്. അടുത്ത ഒരു പത്ത് വർഷത്തേക്ക് കുറഞ്ഞത് മികച്ച ഫോമിൽ കളിക്കാൻ പറ്റും ആ കുട്ടിക്ക്. അത്രക്ക് ടാലൻറടാണ് ആ കുട്ടി. കുട്ടികൾ, കല്ല്യാണം, കുടുംബം എന്നൊക്കെ പറഞ്ഞ് കളം വിടാന എന്തായാലും ഞാനില്ല. അതിനല്ല ഞാനിത്രയും കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയത്. എനിക്ക് ഇനിയും മുന്നോട്ട് പോകാനുണ്ട്. ഇന്ത്യൻ ഏകദിന ടീമിൽ കളിക്കണം, ഇന്ത്യക്ക് വേണ്ടി ലോകകപ്പ് കളിക്കണം, അങ്ങനെ കുറേയേറെ ചെയ്യാനുണ്ട്. അതിനാണ് ഇപ്പോൾ ഞാൻ പ്രധാന്യം നൽകുന്നത്. 

......

Tuesday, 18 July 2023

ദേഷ്യപ്പെട്ട ഉമ്മൻ ചാണ്ടി, കരഞ്ഞ കുഞ്ഞൂഞ്ഞ്.... ഞാൻ കണ്ട ഒ.സി

പുതുപ്പള്ളിക്കാർക്ക് മാത്രമല്ല, കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളികൾക്കും ഉമ്മൻ ചാണ്ടി കുഞ്ഞൂഞ്ഞാണ്. മുഖ്യമന്ത്രിയായപ്പോഴും മന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും വെറും എംഎൽഎ ആയപ്പോഴുമെല്ലാം അത് അങ്ങനെതന്നെ. സഭയിൽ ഏത് ബെഞ്ചിലിരിക്കുന്നുവെന്നത് ഉമ്മൻ ചാണ്ടിയെ ഒട്ടും ബാധിച്ചിരുന്നില്ല. എന്നും സാധാരണക്കാരിൽ സാധാരണക്കാരനായി മാത്രമേ കുഞ്ഞൂഞ്ഞ് ജീവിച്ചുള്ളു. അവർക്കിടയിൽ ആ രാഷ്ട്രീയക്കാരൻ വെറും മനുഷ്യനായി മാത്രം കഴിഞ്ഞു. മനുഷ്യനെ മനസിലാക്കുന്ന, മനുഷ്യൻറെ വ്യഥകൾ തിരിച്ചറിയുന്ന, അതിൽ ഉള്ളലിയുന്ന മനുഷ്യൻ.




പലതവണ ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. പ്രകോപിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. വിമർശിച്ചിട്ടുണ്ട്. ഇവയിൽ നാല്  സന്ദർഭങ്ങൾ ഏറ്റവും പ്രിയങ്കരമായി തന്നെ മനസിൽ ഇപ്പോഴും ഉണ്ട്. 


1


പലതവണ വാർത്താസമ്മേളനങ്ങളിലും പൊതുപരിപാടികളിലുമെല്ലാം അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അടുത്തുകൂടെ കടന്നുപോകുമ്പോൾ നോക്കി പുഞ്ചിരിച്ചിട്ടുണ്ട്. ബൈറ്റുകൾ എടുത്തിട്ടുണ്ട്.  പക്ഷെ ആദ്യമായി അദ്ദേഹവുമായി അടുത്ത് സംസാരിക്കാനും കുറച്ച് നേരം ചിലവഴിക്കാനുമായത് 2009 ലെ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്താണ്.  അന്ന് ഏഷ്യാനെറ്റ് ന്യൂസിൻറെ കൊച്ചി റിപ്പോർട്ടറാണ് ഞാൻ. കോട്ടയത്തെ അന്നത്തെ റിപ്പോർട്ടർ ലല്ലു വിവാഹത്തെ തുടർന്ന് അവധിയിൽ പോയതോടെ  എന്നെയാണ് പകരക്കാരനായി രണ്ടാഴ്ച്ചത്തെ ഡെപ്യൂട്ടേഷനിൽ കോട്ടയത്തേക്ക് അയച്ചത്. അന്ന് പ്രതിപക്ഷ നേതാവായ ഉമ്മൻ ചാണ്ടി ആ വാരാന്ത്യത്തിൽ കോട്ടയത്തെ പുതുപ്പള്ളിയിലെ തറവാട് വീട്ടിലെത്തുന്നുണ്ട്. ശനിയാഴ്ച്ച രാവിലെ 7മണിക്ക് തന്നെ ഞാനും ക്യമറാമാനായ റെജി ചേട്ടനും കൂടി പുതുപ്പള്ളിയിലെ വീട്ടിലേക്ക് വിട്ടു. അവിടെ കാലത്ത് തന്നെ  വീട്ടുമുറ്റത്ത് ഒരു കല്ല്യണത്തിനുള്ള ആളുണ്ട്. ഞങ്ങൾ ചെല്ലുമ്പോൾ ഒരു കൈലിയുമുടുത്ത് ബനിയനുമിട്ട് ആ ആൾക്കൂട്ടത്തിനിടയിൽ നിൽപ്പുണ്ട് പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്. കണ്ണട നെറ്റിയിൽ, ഒരു കയ്യിൽ ആരോ നൽകിയ നിവേദനം,മറ്റേ കയ്യിൽ ഒരു ഗ്ലാസ്. ചായയോ വെള്ളമോ എന്തായിരുന്നെന്ന് ഓർമയില്ല. ചുറ്റിലും സാധാരണക്കാരായ, പ്രായമേറിയ, ആളുകൾ. പിന്നെ പ്രാദേശിക നേതാക്കളും. പിരികം കയറ്റിവെച്ച അതീവ ശ്രദ്ധയോടെയാണ് എല്ലാവരും പറയുന്നത് കുഞ്ഞൂഞ്ഞ് കേൾക്കുന്നത്. വരുന്നവരോചടെല്ലാം ഇരിക്കാനും അവർക്കെല്ലാം ചായയോ വെള്ളമോ കൊടുക്ക് എന്ന് പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന ജിക്കുവിനോട് ഇടയ്ക്ക് നിർദേശിക്കുകയും ചെയ്യുന്നുണ്ട്. ഒരു മണിക്കൂറിലേറെ മാറി നിന്ന് പ്രതിപക്ഷ നേതാവിൻറെ പ്രഭാതത്തെ നോക്കി കണ്ടു. ആ ആൾക്കൂട്ടത്തിൻറെ ഇടയിൽ നിന്ന് തന്നെ ജിക്കു നൽകിയ ഷർട്ട് ഇട്ടു. അതിടുമ്പോഴും ശ്രദ്ധ നിവേദനങ്ങളിലും പരാതികൾ കേൾക്കുന്നതിലും തന്നെ. പിന്നെയും അരമണിക്കൂറിലെറെ ആ നിൽപ്പിൽ തന്നെ പരാിതകൾ കേട്ടു. പലരേയും ഫോണിൽ വിളിച്ച് നിർദേശങ്ങൾ നൽകി. അതിനിടയിൽ ജിക്കു ചെവിയിൽ ഞങ്ങൾ മണിക്കൂറുകളോളമായി കാണാൻ കാത്തുനിൽക്കുന്നുവെന്ന് ചെവിയിൽ പോയി പറഞ്ഞു. ചെറിയ പരിഭവചിരിയോടെ ഞങ്ങളെ കൈകാണിച്ച് വിളിച്ചു 

'എന്തിലാ പ്രതികരണം വേണ്ടത്.? ചോദിച്ചോളു' എന്നായി. 

'അല്ല, ഞങ്ങൾ വെയിറ്റ് ചെയ്തോളാം. വലിയ തിരക്കില്ലാത്ത ദിവസമാണ്. ഇലക്ഷനല്ലേ പ്രതിപക്ഷ നേതാവിൻറെ തിരഞ്ഞെടുപ്പ് പ്രചാരണം സ്റ്റോറി എടുത്തേക്കാമെന്ന് കരുതി വന്നതാണ്.' 

'എന്താവേണ്ടത് ?'

'ഇന്നെവിടെയെങ്കിലും പ്രചാരണത്തിന് പോകുന്നുണ്ടോ?'

'ഞാനോ...ഇന്ന് മാത്രേ ഇവിടെയുള്ളു. പിന്നെ തിരക്കാണ്. അടുത്ത വീട്ടിലൊക്കെ ഒന്നു പോകണമെന്നാണ് ഉദ്ദേശിക്കുന്നത്. മാണിസാറിൻറെ മോനാദ്യായല്ലേ ഇവിടെ...'

പിന്നെയും പരാതികളുടെ ഇടയിലേക്ക്. പിന്നെയും സമയം കടന്നുപോയി. പത്ത് മിനുട്ടിനുള്ളിൽ സാറിറങ്ങുമെന്ന് ജിക്കുവന്ന് പറഞ്ഞു. അടുത്ത് വീടുകളിലൊന്ന് സന്ദർശിക്കും. എന്നിട്ട് കോട്ടയത്ത് യുഡിഎഫ് യോഗത്തിനു ശേഷം തിരുവനന്തപുരത്തേക്ക് പോകും. അതാണ് പരിപാടി

വെള്ളമുണ്ടും വെള്ളഷർട്ടും ധരിച്ച് പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് അൽപ്പം കഴിഞ്ഞപ്പോൾ ഇറങ്ങി വന്നു. ജിക്കുവിൻറെ കയ്യിൽ അന്ന് കിട്ടിയ നിവേദനങ്ങളെല്ലാം കാറിലേക്ക് എടുത്തുവെക്കാനായി നിർദേശിച്ച് കൊടുത്തു.

'എന്നാ പോയാലോ...?' 

അണികളെ നോക്കി പറഞ്ഞ് അടുത്ത വീട്ടിലേക്ക് നടന്നു ഉമ്മൻ ചാണ്ടി. കുറച്ച് ഉയർന്ന പ്രദേശത്താണ് വീട്.  നടത്തത്തിനിടെ അടുത്തേക്ക് വിളിച്ചു സംസാരിച്ചു. കൈപിടിച്ച് നടക്കുമ്പോൾ എന്താ പേര് ...എവിടെയാ നാട്....  അങ്ങനെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. പൊന്നാനി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായ എൻറെ നാട്ടിൽ വന്നിട്ടുള്ളകാര്യമൊക്കെ പങ്കുവെച്ചു. മലപ്പുറത്ത് ലീഗിനേക്കാൾ ശക്തി നമുക്കുള്ള ചുരുക്കം മണ്ഡലങ്ങളിൽ ഒന്നാണ് പൊന്നാനിയെന്നും എന്നാലത് ഐ ൻറെ മണ്ഡലമാണെന്നും സ്വതസിദ്ധമായ ചിരിയോടെ എ ക്കാരനായ ഉമ്മൻ ചാണ്ടി..

അടുത്ത വീട്ടിനകത്തേക്ക് വീട്ടുകാരുടെ പേര് വിളിച്ചാണ് കുഞ്ഞൂഞ്ഞ് കയറിചെന്നത്. രണ്ട് മിനുട്ടിൽ ആരോഗ്യകാര്യങ്ങളും മക്കളുടെ വിശേഷങ്ങളും മറ്റും തിരക്കി തിരഞ്ഞെടുപ്പ് നോട്ടീസ് ഉമ്മൻ ചാണ്ടി തന്നെ വീട്ടുകാർക്ക് നൽകി.

'കുഞ്ഞൂഞ്ഞ് ഇതിനായി ഇങ്ങോട്ട് കയറ്റവും കേറി വരേണ്ടതുണ്ടോ..ഞങ്ങൾക്കറിഞ്ഞൂടെ ഇതൊക്കെ...'

ഉമ്മൻ ചാണ്ടിയേക്കാൾ കുറഞ്ഞത് പത്ത് വയസെങ്കിലും പ്രായത്തിന് ഇളപ്പമുണ്ട് ആ അയൽവാസിക്ക്. അവർക്ക് പോലും ഉമ്മൻ ചാണ്ടിയെ കുഞ്ഞൂഞ്ഞ് എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം. 

പലപ്പോഴും പല എംഎ.എ മാരേയും സാറെന്ന് മാത്രം വിശേഷിപ്പിക്കുന്നത്, (ചിലർ വിളിപ്പിക്കുന്നത്) കാണുമ്പോഴെല്ലാം ആ രംഗം ഓർമയിലെത്തു. 


2


മന്ത്രി കെ ബാബു ബാർക്കോഴ കേസിൽപെട്ട് രാജിവെക്കുമോ ഇല്ലയോ എന്ന് മാധ്യമങ്ങൾ ചർച്ചചെയ്യുമ്പോളാണ്. കെ ബാബുവിനെ പിന്തുണയുമായി ഏ ഗ്രൂപ്പ് നേതാക്കൾ അന്ന് കൊച്ചിയിൽ സംഘടിച്ചിരുന്നു. അന്ന് വൈകുന്നേരം മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്നുണ്ട്. എ ഗ്രൂപ്പ് ബാബുവിനെ സംരക്ഷിക്കാനായി യോഗം വിളിച്ചതായും റിപ്പോർട്ടുകൾ പരന്നിരുന്നു. വൈകുന്നേരം അഞ്ചോടെ മാധ്യമസംഘം വിമാനത്താവളത്തിലെ ഡൊമസ്റ്റിക്ക് ഡിപാർച്ചർ ഗെയിറ്റിന് മുന്നിൽ തമ്പടിച്ചു. മീഡിയ വണ്ണിൻറെ റിപ്പോർട്ടറായിരുന്നു ഞാനന്ന്. നേരം ഇരുട്ടിതുടങ്ങി. ആറ് മണിയോടെ മന്ത്രി കെ സി ജോസഫ് വിമാനത്താവളത്തിലെത്തി. അതിനുശേഷം എ ഗ്രൂപ്പ് മന്ത്രിമാരും എംഎൽഎമാരുമെല്ലാം ഓരോരുത്തരായി എത്തിതുടങ്ങി. ആരുടേയും മുഖത്ത് വെളിച്ചമില്ല, പ്രതികരിക്കുന്നുമില്ല. ആറരയോടെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം പാഞ്ഞെത്തി. കനത്ത പൊലീസ് സുരക്ഷയായിരുന്നു വിമാനത്താവളത്തിലും റോഡിലുമെല്ലാം. പലയിടത്തും പ്രതിഷേധങ്ങൾ ശക്തമായിരുന്നു. വണ്ടിയിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി ചോദ്യങ്ങളോട് പിന്നെ മറുപടി എന്നുപറഞ്ഞ് വിഐപി ലോഞ്ചിലേക്ക് പോയി. അവിടെ നേതാക്കളുമായി ആശയവിനിമയം. അപ്പോഴേക്കും ബാബുവിനായി എ ഗ്രൂപ്പ് യോഗം എന്ന ബ്രേക്കിങ്ങുകൾ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പതിനഞ്ച് മിനുട്ടിനുശേഷം മന്ത്രിമാരും നേതാക്കളുമെല്ലാം പുറത്തുവന്നു. മാധ്യമപ്രവർത്തകർ മൈക്കുമായി മുഖ്യമന്ത്രിയെ വളഞ്ഞു. അണികളുടെ തിരക്കിനിടയിൽ പലഭാഗത്തുനിന്നായി മുഖ്യമന്ത്രിക്ക് നേരെ ചോദ്യങ്ങൾ. 'കാര്യങ്ങൾ വിശദമായി ചർച്ചചെയ്യും. രാഷ്ട്രീയപ്രേതിരമാണ് ആരോപണമെന്നായിരുന്നു' മുഖ്യമന്ത്രിയുടെ പ്രതികരണം. ഉമ്മൻ ചാണ്ടിയടെ  നേരെ മുന്നിൽ നിന്ന ഞാൻ വീണ്ടും ചോദിച്ചു

'അഴിമതി ആരോപണവിധേയനായ ആളെ സംരക്ഷിക്കുമോ?'

'നിയമം നിയമത്തിൻറെ വഴിക്ക് പോകു'മെന്ന സ്ഥിരം മറുപടി

'കെ ബാബുവിനെ സംരക്ഷിക്കലാണോ സർക്കാരിൻറെ നിയമത്തിൻറെ വഴിയെന്ന്' ഞാൻ ചോദ്യം വീണ്ടും

ഉമ്മൻ ചാണ്ടിയുടെ നിലതെറ്റുന്നപോലെ. പതിവ് പുഞ്ചിരി മായുന്നു

'രാജി മുഖ്യമന്ത്രി ആവശ്യപ്പെടുമോ'?

'ഞാനല്ലേടോ' പറഞ്ഞത് എന്ന് ശബ്ദമുയർത്തി ഉമ്മൻ ചാണ്ടി രൂക്ഷമായി എന്നെ നോക്കി. എന്നിട്ട്  ദേഷ്യത്തോടെ നാവുകടിച്ച് നോക്കി നിന്നു.

അപ്പോഴേക്കും അദ്ദേഹത്തിൻറെ അംഗരക്ഷകരായ പൊലീസും കെ സി ജോസഫും ചേർന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. 

ആദ്യമായാണ് ഉമ്മൻ ചാണ്ടിയെ അങ്ങനെ ഒരു ഭാവത്തിൽ കാണുന്നത്. ആരും അത്തരമൊരുഭാവത്തിൽ അദ്ദേഹത്തെ കണ്ടിട്ടുള്ളതായി പറഞ്ഞ് കേട്ടിട്ടുമില്ല.

'ചോദ്യങ്ങളോട് ദേഷ്യപ്പെട്ട് ഉമ്മൻചാണ്ടി'യെന്ന് ബ്രേക്കിങ് അന്നായിരിക്കണം ഒരുപക്ഷെ ചാനലുകളിൽ ആദ്യമായും അവസാനമായും തെളിഞ്ഞത്.


3


2017-18 കാലഘട്ടത്തിലാണ് പിന്നീട് അദ്ദേഹത്തെ അടുത്ത് കണ്ട് വ്യക്തിപരമായി സംസാരിക്കാനുള്ല അവസരം ലഭിച്ചത്. മീഡിയ വണ്ണിൻറെ ഡൽഹി ബ്യൂറോ ചീഫായിരുന്ന സമയത്ത്  കേരളഹൌസിലെ മുറിയിൽ വെച്ചായിരുന്നു ആ കൂടിക്കാഴ്ച്ച. ആന്ധ്രപ്രദേശിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടരിയായി ഉമ്മൻ ചാണ്ടിയെ നിയോഗിച്ചതിന് ശേഷമുള്ള അദ്ദേഹത്തിൻറെ ആദ്യ ഡൽഹി സന്ദർശനമായിരുന്നു അത്.  സുഹൃത്തും ഇപ്പോഴത്തെ ചാലക്കുടി എംഎൽഎ യുമായ സനീഷ് തോമസാണ് കൂടിക്കാഴ്ച്ചയ്ക്ക് വഴിവെച്ചത്. ഉച്ചയ്ക്ക് കേരള ഹൌസിലെ ഗസ്റ്റ് ഹൌസിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോളാണ് സനീഷിനെ കണ്ടത്. 

'ഉമ്മൻ ചാണ്ടി സാർ റൂമിൽ വിശ്രമിക്കുന്നുണ്ട്. കാണണോ' എന്ന് സനീഷ് 

കുറേയായി കണ്ടിട്ട്. പഴയ ഒരു ദേഷ്യത്തിൻറെ കഥയുണ്ട്. അതിന് ശേഷം കണ്ടിട്ടില്ലെന്ന് പറഞ്ഞപ്പോൾ എന്നാൽ കാണാമെന്നായി സനീഷ്.

മുറിയിലേക്ക് കയറി ചെല്ലുമ്പോൾ കസേരയിൽ ബനിയനും ലുങ്കിയും ധരിച്ച് എന്തോ വായിച്ചിരിക്കുകയായിരുന്നു അദ്ദേഹം. കണ്ടപ്പോൾ തലയുയർത്തി ചിരിച്ച് വായിച്ചിരുന്ന പേപ്പർ മടക്കിവെച്ചു. എന്നിട്ട് കുറച്ചുനേരം സംസാരിച്ചു. അന്നത്തെ വിമാനത്താവളം എപ്പിസോഡ് പറഞ്ഞപ്പോൾ കുഞ്ഞൂഞ്ഞിൻറെ സ്വതസിദ്ധമായ കണ്ണുചെറുതാക്കിയുള്ള ചിരി. പിന്നെ ആന്ധ്രയിലെ പുതിയ ചുമതലയെ പറ്റിയായി സംസാരം. അതിനിടെയിൽ ആന്ധ്രയിൽ നിന്നുള്ള പ്രാദേശിക കോൺഗ്രസ് നേതാവ് കാണാനെത്തി. അയാൾ നൽകിയ ബൊക്കെ വാങ്ങി അടുത്തമാസം ആന്ധ്രയിൽ വരുന്നുണ്ടെന്നും പാർട്ടിയെ ശക്തിപ്പെടുത്തണമെന്നുമൊക്കെയുള്ള നിർദേശങ്ങൾ നൽകി. പിന്നെയും ആരെല്ലാമോ സന്ദർശകർ മുറിക്ക് പുറത്ത് കാത്ത് നിൽക്കുന്നു. പുതുപ്പള്ളിയിലെ വീട് പോലെ തന്നെ. 


4


കോട്ടയത്തെ പാലയിലെ ഗ്രൌണ്ടിൽ അതല്റ്റിക്ക് മത്സരത്തിനിടെ ഹാമർ തലയിൽ വീണ് മരിച്ച അഫീൽ ജോൺസണിൻറെ വീട്ടിൽ ചെന്നപ്പോൾ യാദൃശ്ചികമായാണ് ഉമ്മൻ ചാണ്ടിയെ കണ്ടത്. വളർന്നുവരുന്ന ഫുട്ബോൾ താരമായ അഫീലിൻറെ മാതാപിതാക്കളെ കണ്ട് ബാംഗ്ലൂരിലെ സ്പോർട്സ് മാഗസിനായ ബ്രിഡ്ജിനുവേണ്ടി വാർത്ത ചെയ്യാനായാണ് ഞാൻ അവിടെ ചെന്നത്. ഷൂട്ട് ചെയ്ത് പുറത്തിറങ്ങുമ്പോഴായിരുന്നു ഉമ്മൻ ചാണ്ടിയുടെ വരവ്. ആരെയും അറിയിക്കാതെ പെട്ടെന്നായിരുന്നു ആ മനുഷ്യനറെ വരവ്. അഫീലിൻരെ ബൂട്ടും ജേഴ്സിയും പുറത്ത് കിടക്കുന്നത് കണ്ട് ആ മനുഷ്യൻറെ കണ്ണിൽ നിന്ന് കണ്ണീർ പൊടിയുന്നത് അന്ന് അടുത്തുനിന്നു കണ്ടു.

രാഷ്ട്രീയമായി പലകുറി വിമർശിച്ചിട്ടുള്ള. പലപ്പോഴും പലതും വെറും രാഷ്ചട്രീയ തന്ത്രം മാത്രമാണെന്ന് കളിയാക്കിയിട്ടുള്ള ആ മനുഷ്യൻ അത്ര രാഷ്ട്രീയക്കാരനല്ലെന്ന് അടുത്ത് നിന്നറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അഫീൽ ജോൺസണിൻറെ വീട്ടിനുമുന്നിലെ ആ കാപ്പി തോട്ടത്തിലൂടെ അന്ന് അദ്ദേഹത്തോട് സംസാരിച്ച് നടന്നതാണ് അവസാനത്തെ സംസാരവും നടത്തവും കൂടിക്കാഴ്ച്ചയും. 


കീറൽ വീണ ഖദർ വസ്ത്രമിട്ട് അലക്ഷ്യമായി പാറിക്കിടക്കുന്ന മുടി ഒട്ടും ചീകാതെ, ജനസാഗരത്തിന് നടുവിൽ, പ്രസംഗവേദികളിൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ, വാർത്താസമ്മേളനങ്ങളിൽ, അക്ഷീണനായി നിൽക്കുന്ന ഉമ്മൻ ചാണ്ടിയുടെ ചിത്രം പലകുറി കണ്ടിട്ടുണ്ടെങ്കിലും ഈ നാല് കൂടിക്കാഴ്ച്ച, അവ ഹൃദയത്തിലാണ് പതിഞ്ഞിട്ടുള്ളത്. 

.....................

emalayalee.com ൽ പ്രസിദ്ധീകരിച്ച ഓർമക്കുറിപ്പ്

Sunday, 16 July 2023

പറന്ന് പറന്ന് പറന്ന്....

ഴിഞ്ഞ ആറ് വർഷമായി സിഗിംൾസിൽ ഒരു കിരീടമില്ലെന്ന നിരാശയ്ക്കാണ് മലേഷ്യൻ മാസ്റ്റേഴ്സിലെ വിജയത്തോടെ പ്രണോയ് വിരാമമിട്ടത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് എച്ച് എസ് പ്രണോയി ഇപ്പോഴുള്ളത്. കെ.ഒ.എ യുടെ മികച്ച സ്പോർട്സ് താരത്തിനുള്ള പുരസ്ക്കാരം ലഭിച്ച വേളയിൽ, കരിയറിൽ താണ്ടിയ വഴികളും വെല്ലുവിളികളും പ്രതീക്ഷകളുമെല്ലാം പങ്കുവെക്കുകയാണ് പ്രണോയ്.




1.മലേഷ്യൻ മാസ്റ്റേഴ്സിന് മുമ്പ് കഴിഞ്ഞ ആറ് വർഷത്തോളം സിംഗിൾസിൽ ഒരു കിരീടം പോലും പ്രണോയിക്ക് നേടാനായിരുന്നില്ല. പക്ഷെ പലപ്പോഴും സിംഗിൾസിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്കിരുന്നു. എപ്പോഴെങ്കിലും നിരാശ തോന്നിയിരുന്നോ

പലപ്പോഴും നിരാശ തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് 2022 ലെ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ക്വാ‍ർട്ടർ ഫൈനലിൽ തോറ്റപ്പോൾ. 2022 ൽ രണ്ടോ മൂന്നോ ടൂർണമെന്റുകളുടെ ക്വാർട്ടറിൽ പരാജയപ്പെട്ടോൾ ബേസിക്കലി എനിക്ക് തോന്നിയത് വലിയ ഒരു മെഡൽ നേടാൻ എനിക്ക് ഭാഗ്യമില്ലെന്ന് തോന്നിയിരുന്നു. കാരണം അത്രയേറെ തവണയാണ് ക്ലോസ് ആയിട്ട് എത്തിയിട്ട് തോറ്റത്. ഇടയ്ക്ക് അങ്ങനെ ഭയങ്കര നിരാശ തോന്നി. പക്ഷെ മലേഷ്യൻ മാസ്റ്റേഴ്സ് ജയിച്ചപ്പോൾ എല്ലാനിരാശയും ഒറ്റയ്ക്ക് സെറ്റിൽ ആയി എന്ന ഫീലിങ് ആയിരുന്നു. നിരാശ മൊത്തം വലിയ സന്തോഷമായി മാറി.

2.കരിയറിലെ ആദ്യത്തെ ഡബ്ല്യു ടി എ വിജയം, കരിയറിലെ ഏറ്റവും ഉയർന്ന ലോകറാങ്കിങ്....എല്ലാം കഴിഞ്ഞ രണ്ട് മാസത്തിലായിരുന്നു. നിശ്ചയദാർഢ്യത്തിൻറെ, അല്ലെങ്കിൽ പോരാട്ടത്തിൻറെ വിജയം എന്ന് തന്നെ വിലയിരുത്താമല്ലോ

തീ‍ർച്ചയായും. വല്ലാതെ പരിശ്രമിച്ചിട്ടുണ്ട്. കരിയറിലെ ആദ്യത്തെ ഡബ്ല്യു ടി എ കിരീടം, കരയറിലെ ബെസ്റ്റ് റാങ്കിങ്ങായ ഏഴ്...എല്ലാം കഴിഞ്ഞ രണ്ട് മാസത്തിനിടെയായിരുന്നു. ഈ രണ്ട് മാസത്തിനിടെ ഇവയെല്ലാം നേടാനായി എന്നത് വലിയ ഭാഗ്യമാണ്. കഴിഞ്ഞ മൂന്ന് നാല് വർഷത്തെ പ്രകടനം എന്നത് വളരെ മോശമായിരുന്നു. അധികം ക്വാർട്ടർ ഫൈനൽ കളിക്കാൻ പോലും സാധിച്ചില്ല. 2019 മുതൽ 2022 വരെയുള്ള കാലഘട്ടം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. കൺസിസ്റ്റന്റായി കളിക്കാൻ പറ്റിയില്ല. കഴിഞ്ഞ വർഷത്തെ പ്രകടനത്തിന്റെ ഫലം മാത്രമാണ് മലേഷ്യയിലെ ജയത്തിന് വഴിതുറന്നത്. കഴിഞ്ഞവർഷം സ്ഥിരതയാർന്ന പ്രകടനം നടത്താനായതിന്റെ ഫലമാണ് മലേഷ്യൻ ടൈറ്റിലും റാങ്കുമെല്ലാം.


3.തോമസ് കപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത് പ്രണോയ് ആണ്. നിർണായക മത്സരത്തിൽ ശക്തമായ പ്രകടനത്തിലൂടെ സെമിയിലും ക്വാർട്ടറിലും ഇന്ത്യയെ കരകയറ്റി. ഫൈനൽ നടക്കുമ്പോൾ എന്തായിരുന്നു മനസിലുണ്ടായിരുന്നത്.

തോമസ് കപ്പ് വലിയ വിജയമായിരുന്നു. പ്രത്യേകിച്ച് വ്യക്തിഗതം എന്നതിലുപരി രാജ്യത്തിന് വലിയ ആവേശമായിരുന്നു അത്. ആരും കരുതിയതല്ല വിജയിക്കുമെന്ന്. മെഡൽ സാധ്യത എല്ലാവർക്കും അറിയാമായിരുന്നു. പക്ഷെ ഗോൾഡ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ടീമുകൾ എല്ലാം വളരെ സ്ട്രോങ്ങാണ്. പിന്നെ തോമസ് കപ്പിൽ  മുൻകാലങ്ങളിൽ അങ്ങനെ നന്നായി നമ്മൾ പെർഫോം ചെയ്തിട്ടുമില്ല. അതുകൊണ്ട് തന്നെ ഗോൾഡ് ഒന്നും പ്രതീക്ഷയിലേ ഇല്ലായിരുന്നു. ടൂർണമെന്റിലെ നിർണായകമായ രണ്ട് മത്സരങ്ങളിഷ. ക്വാർട്ടരിലും സെമിയിലും, കളിക്കാനും ജയിക്കാനും എനിക്ക് സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. അതൊരു ഭാഗ്യമാണ്. പ്രത്യേകിച്ച് ആലോചിക്കുമ്പോൾ തന്നെ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന സിറ്റ്യൂേഷനായിരുന്നു. ഡു ഓർ ഡൈ മാച്ചുകൾ ആയിരുന്നു എല്ലാം. ഫൈനൽസിൽ എന്റെ ഒറ്റ പ്രാർത്ഥന എന്റെ മാച്ചുകളിലേക്ക് വരല്ലെ എന്നായിരുന്നു. പൈനൽസിൽ നല്ല പ്രഷറാണ്. ടു ബി ഹോണസ്റ്റ്, ആ പ്രഷർ എനിക്ക് എടുക്കാൻ പറ്റുമോ ഇല്ലെയോ എന്ന് എനിക്ക് ഒരു സംശയമുണ്ടായിരുന്നു. ഇന്തോനേഷ്യ പോലുള്ള ഒരു ടീമിനെതിരെ കളിക്കുമ്പോൾ ആ പ്രഷർ വളരെ വലുതാണ്.  

4.ബാഡ്മിൻറണിൽ ഇപ്പോൾ സ്ഥിരം എതിരാളി എന്നുപറയുന്നത് ഏതാണ്ട് ഇല്ലാതായിരിക്കുന്ന സ്ഥിതിയാണല്ലോ. ആരും ആരേയും എപ്പോഴും തോൽപിക്കുന്ന സാഹചര്യം. അത്തരമൊരു സാഹചര്യത്തിൽ മാനസികമായി പിടിച്ചുനിൽക്കുക എന്നതും വലിയ വെല്ലുവിളിയല്ലേ

മെൻ സിംഗിൾസ് നോക്കുമ്പോൾ വികടർ അക്സെൽസൻ അല്ലാതെ ആരും അങ്ങനെ കൺസിസ്റ്റന്റ് അ്ല. ടോപ് 30-35 റാങ്കിൽ നിൽക്കുന്ന  ആരേയും ആർക്കും തോൽപിക്കാമെന്ന സ്ഥിതിയാണ്. കഴിഞ്ഞ ഒന്നരവർഷമായിട്ട് കൺസിസ്റ്റന്റ് വിന്നേഴ്സ് വളരെ കുറവാണ്. മെന്റലി എല്ലാ റൗണ്ടും ചാലഞ്ചിങ് ആണ്. ഒരു അൺ നോൺ കളിക്കാരന് അല്ലെങ്കിൽ റാങ്കിങ്ങിൽ വളരെ താഴെയുള്ള പ്ലയറായാലും സെക്കന്റ് റൗണ്ടും ക്വാർട്ടറുമെല്ലാം വളരെ ബുദ്ധിമുട്ടാണ്. വളരെ കോൺഷ്യസായിട്ട് വേണം കളിക്കാൻ. ആരെയും ഗ്രാന്റഡായിട്ട് എടുക്കാൻ കഴിയില്ല. ബാക്കി ഏത് ഡിപ്പാർട്ട്മെന്റ് എടുക്കുകയാണെങ്കിലും ടോപ്പ് അഞ്ചോ ആറോ റാങ്കുകൾ വളരെ സ്ട്രോങ് ആയിട്ട് നിൽക്കുന്നതാണ്. മെൻസ് സിംഗിൾസിൽ മാത്രമാണ് ഇങ്ങനെ ഒരു ഡൈവേഴ്സിഫിക്കേഷനായിട്ട്,ആർക്കും ആരേയും തോൽപ്പിക്കാമെന്ന അവസ്ഥയിൽ വളരെ ഓപ്പണ ആയിട്ട് നിൽക്കുന്നത്.

5.ഭൂരിഭാഗം ടൂർണമെൻറും നടക്കുന്നത് ഏഷ്യയിലാണ് . ഓരോയിടത്തേയും സാഹചര്യങ്ങൾ വ്യത്യസ്ഥമാണ്. അതനുസരിച്ച് കളിയുടെ ശൈലിയിൽ മാറ്റം  വരുത്താറുണ്ടോ

ഓരോ സ്റ്റേഡിയവും വ്യത്യസ്ഥമാണ്. ഓരോ ടൂർണമെൻരിലും ഉപയോഗിക്കുന്ന ഷട്ടിലും വ്യത്യസ്ഥമാണ്. കണ്ടീഷൻസ് തീർത്തും ഡിഫറന്റ്. അതനുസരിച്ച് വേണ്ട തയ്യാറെടുപ്പുകൾ നടത്താറുണ്ട്. ഇത്രയും കാലം അവിടെയെല്ലാം കളിച്ചിട്ടുള്ള പരിചയം ഉള്ളതുകൊണ്ട് ഇപ്പോൾ എനിക്ക്  അത് കുറച്ചുകൂടി ഈസിയാണ്. പത്ത് വർഷത്തോളം സർക്യൂട്ട് കളിച്ചതിന്റെ ഒരു അഡ്വാന്റേജുണ്ട്. തയ്യാറെടുപ്പുന് വേണ്ടുന്ന സമയം കിട്ടാറുണ്ട്. കളിച്ച് കളിച്ച് ഇന്ന ടൂർണമെന്റിൽ ഇന്നതായിരിക്കും കണ്ടീഷന എന്ന് അറിയാം. അത് തയ്യാറെടുപ്പിന് ഗുണം ചെയ്യുന്നുണ്ട്. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

6.ഏതാണ് കരിയറിലെ തന്നെ മികച്ച വർഷമായി പ്രണോയ് കരുതുന്നത് - തോമസ് കപ്പ് ജയിച്ച 2022 ആണോ അതോ മലേഷ്യൻ ഓപ്പൺ നേടിയ  2023 ആണോ

രണ്ട് വർഷവും വളരെ പ്രധാവനപ്പെട്ടതായിരുന്നു. തോമസ് കപ്പ് വിജയം വളരെ വലിയ സന്തോഷമാണ് വ്യക്തിപരമായി തന്നെ നൽകിയത്. തോമസ് കപ്പ് വിജയത്തിന് ശേഷം ഇങ്ങോട്ട് നാലഞ്ച് മാസത്തോളം നന്നായി കളിക്കാൻ പറ്റി. അതിനുള്ള നല്ലകോൺഫിഡൻസ് കിട്ടിയത് ആ വിജയത്തിൽ നിന്നാണ്. 2023 വളരെ നല്ല ഒരു ഫ്രഷ് ഇയ‍ ആണ്. 2022 ന്റെ അവാസനം ഞാൻ ടോപ് ടെൻ റാങ്കിൽ കയറി. അതിങ്ങോട്ട് നന്നായി നിലനി‍ർത്താൻ സാധിച്ചു. ഈ വർഷത്തിൽ നല്ല സ്ഥിരതയോടെ കളിക്കാൻ പറ്റി.  മലേഷ്യൻ മാസ്റ്റേഴ്സ് ജയിക്കാൻ സാധിച്ചത് ഒരു സ്പെഷ്യലാണ്.
അത് എന്റെ ആദ്യത്തെ ലോക കിരീടമാണ്.      

7.ടീം ഇനത്തിൽ ഇന്ത്യയിൽ വലിയ മാറ്റങ്ങൾ പ്രകടമാണല്ലോ. നല്ല സഖ്യങ്ങൾ ഉണ്ടാകുന്നു. നല്ല കോമ്പിനേഷൻസ് വരുന്നു. ഈ മാറ്റത്തെ എങ്ങനെ വിലയിരുത്തുന്നു.

ടീം ഇനത്തിൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി നല്ല പെർഫോർമൻസ് കാഴ്ച്ചവെക്കാനായിട്ടുണ്ട്. പ്രത്യേകിച്ചും തോമസ് കപ്പിന് ശേഷം ടീം ഇവന്റിനോടുള്ള  സമീപനം തന്നെ വളരെയധികം മാറിയിട്ടുണ്ട്. തോമസ് കപ്പ് കളികണ്ട കുറേ പേർ വളരെ എക്സൈറ്റഡായി. നമ്മൾ എങ്ങനെ അത്തരമൊരു ടീം സ്പിരിറ്റിൽ കളിച്ചൂവെന്ന്. അത്തരമാെരു ടീം സ്പിരിറ്റ് ഒരിക്കലും മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. അങ്ങനെ ഒരു അന്തരീക്ഷത്തിൽ കളിക്കണമെന്ന് എല്ലാവ‍ർക്കും ആഗ്രഹമുണ്ട്. അതിന് ശേഷം നമ്മൾ രണ്ട് ടീം ഈവന്റുകളിൽ കളിച്ചു. ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പും സുധ‍ർമൻ കപ്പും. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നമുക്ക് വെങ്കലം കിട്ടി. പക്ഷെ സുധർമൻ കപ്പിൽ നമ്മുടെ പെർഫോർമൻസ് കുറച്ച് മോശമായിരുന്നു. പക്ഷെ എനിക്ക് തോന്നുന്നു നമ്മൾ ഒരു ടീമായി പോയി, ഒരു ടീമായി കളിക്കാനുള്ള, അതിനുള്ള അന്തരീക്ഷമുണ്ടാക്കിയെടുക്കാൻ ഇപ്പോൾ എല്ലാ പ്ലയറും എഫർട്ട് എടുക്കുന്നുണ്ട്. ടീമിനുവേണ്ടി എന്തെല്ലാം നമുക്ക് വ്യത്യസ്ഥമായി ചെയ്യാൻപറ്റുമെന്നൊക്കെ. ആ കൾച്ചറിപ്പോൾ മാറിവരുന്നുണ്ട്. എനിക്ക് തോന്നുന്നു വരാൻ പോകുന്ന അഞ്ചാറ് വർഷത്തിൽ വലിയ ടീം ഈവന്റിൽ നമുക്ക് ബിഗ് പ്രൈസ് ഉണ്ടാകും.

8..ജയിൻറ് കില്ലർ എന്ന ഒരു വിശേഷണം പ്രണോയിക്ക് ഉണ്ട്. അതേസമയം പലപ്പോഴും ഫൈനലുകളിലും സെമിഫൈനലുകളിലുമെല്ലാം അപ്രതീക്ഷിതമായി പരാജയപ്പെടുന്നുമുണ്ട്. ഉദാഹരണത്തിന് 2017 ലെ ഇന്തോനേഷ്യ ഓപൺ എടുക്കാം. അവിടെ ലീ ചോങ് വീനെയും ചെൻ ലോങിനേയും വികടർ അക്സെൽസനേയും അടുത്തടുത്ത മത്സരത്തിൽ തോൽപിച്ചു. പക്ഷെ ക്വാർട്ടറിൽ ശ്രികാന്തിനോട് പരാജയപ്പെടുകയും ചെയ്തു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സമ്മർദ്ദമാണോ അതോ സ്ഥിരത നിലനിർത്താൻ ആകാത്തതാണോ വെല്ലുവിളി


ഇല്ല. ബേസിക്കലി എനിക്ക് തോന്നുന്നു, കുറേ നല്ല് കളിക്കാരെ തോൽപ്പിച്ചിട്ട് കുറച്ച് താഴ്ന്ന റാങ്കിലുള്ള പ്ലയേഴ്സിനോട് ഞാൻ പലവട്ടം തോറ്റിട്ടുണ്ട്. അത് ശരിയാണ്. പക്ഷെ ഞാനെപ്പോഴും ആലോചിക്കുന്നത്, ആ കുറഞ്ഞ റാങ്കിലുള്ള പ്ലയറും ആദ്യ റൗണ്ട് മുതൽ നല്ല കളിക്കാരെ തോൽപ്പിച്ചിട്ടാണ് ക്വാർട്ടറും സെമിയിലുമല്ലാം എത്തുന്നത്. അതുകൊണ്ട് തന്നെ ആ കളിക്കാരനെ ചെറിയ പ്ലയർ ആയിട്ട് കൂട്ടാൻ പറ്റില്ല. കളിക്കാരുടെ സ്റ്റാൻഡേർഡ് ഒക്കെ ഒന്നുതന്നെയാണ്. ഞാൻ വലിയ പേരുള്ള കളിക്കാരെ തോൽപ്പിച്ച് വരുന്നുവെന്ന വ്യത്യാസം മാത്രമേയുള്ളു. അങ്ങനെ നോക്കുമ്പോൾ എനിക്ക് വ്യത്യാസം തോന്നുന്നില്ല. പുറമേ നിന്ന് നോക്കുമ്പോൾ ചിലർക്ക് ആ വ്യത്യാസം പക്ഷെ തോന്നാറുണ്ട്. കാരണം അവർ മറ്റേ എതിരാളിയുടെ ഗ്രാഫ് നോക്കുന്നില്ല. എന്റെ ഗ്രാഫ് മാത്രമേ അവർ നോക്കുന്നുള്ളു. അതിനാൽ തന്നെ എനിക്ക് നിരാശ തോന്നിയിട്ടില്ല. അവരും നല്ല കളിക്കാരാണ് എന്ന് മാത്രമേ തോന്നിയിട്ടുള്ളു.

9.വിമൽകുമാർ, പ്രണോയ് തുടങ്ങി വളരെ ചുരുക്കം മികച്ച താരങ്ങളെയാണ് കേരളം സൃഷ്ടിച്ചിട്ടുള്ളത്. ജൂനിയർ തലത്തിൽ തിളങ്ങിയ പലരും പിന്നീട് കേരളത്തിന് പുറത്ത് ഹൈദരാബാദിലും ബാംഗ്ലൂരിലുമെല്ലാം  പരിശീലനത്തിനായി ചേക്കേറുകയാണ്. കേരളത്തിൽ ആവശ്യമായ സൌകര്യം ഇല്ലാത്തത് കൊണ്ടാണോ ഇത്. എന്താണ്  കേരളത്തിലെ ബാഡ്മിൻറണിൻറെ ഭാവിയെന്താണ്.

അതെ, സത്യം പറഞ്ഞാൽ കേരളത്തിൽ നിന്ന് വളരെ കുറച്ച് പേർ മാത്രമേ ഇന്റർനാഷണൽ ലെവലിൽ കളിച്ചിട്ടുള്ളു. കാരണം ആ ഒരു കോച്ചിങ് സ്ട്രക്ച്ചർ നമുക്ക് ഇപ്പോഴും കേരളത്തിൽ ഇല്ല. നമ്മുടെ നാട്ടിൽ ഒരുപാട് കോച്ചിങ് സെന്ററുകൾ ഉണ്ട്. പ്ലയേഴ്സ് ഉണ്ട്. പക്ഷെ ഒരിക്കലും ആ സ്ട്രക്ച്ചേഡ് കോച്ചിങിലേക്ക് പോകാൻ നമുക്ക് പറ്റിയിട്ടില്ല. നമ്മുടെ നാട്ടിൽ എപ്പോഴും വിദ്യാഭ്യാസത്തിനാണ് ആദ്യത്തെ പരിഗണന. രക്ഷിതാക്കൾ എപ്പോഴും ജൂനിയർ കാറ്റഗറി വരെ മാത്രമേ കുട്ടികളെ പിന്തുണയ്ക്കാറുള്ളു. അത് കഴിഞ്ഞാൽ അക്കാദമിക്ക് സൈഡിലേക്ക് അവരെ തള്ളിവിടും. സ്പോ‍ട്സിന് നമ്മുടെ നാട്ടിൽ ആ ഒരു സ്വീകാര്യതയില്ല. കളിച്ചാൽ ഭാവി സുരക്ഷിതമാകുമെന്ന ഒരുറപ്പുമില്ല. ബാഡ്മിന്റൺ കളിക്കുകയാണേൽ, ഒരു പരിക്ക് വന്നാൽ നമ്മുടെ കരിയർ പോകാവുന്നതേയുള്ളു. അങ്ങനെയൊക്കെ കുറേ റിസ്ക് ഫാക്റ്റേഴ്സ്  ഉണ്ട്. കൂടുതൽ പിന്തുണ സ‍ർക്കാരിന്റെ ഭാഗത്ത് നിന്ന് കിട്ടുകയാണെങ്കിൽ തീർച്ചയായും കൂടുതൽ കളിക്കാർ ഈ സ്പോർട്ട് കളിക്കും. നമുക്ക് ടാലന്റ്സിന് ഒരു കുറവുമില്ല. പക്ഷെ സപ്പോർട്ട് വളരെ കുറവാണ്. ഇപ്പൊ വലിയ ബ്രാൻഡ്സായാലും കമ്പനികൾ ആയാലും ആരും സ്പോർട്ടിനെ പിന്തുണയ്ക്കാൻ നമ്മുടെ നാട്ടിൽ മുന്നോട്ട് വരാറില്ല. അതുകൊണ്ട് ഒക്കെ ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ് ഒരു ചാമ്പ്യനെ കേരളത്തിൽ നിന്ന് കൊണ്ടുവരാൻ. വരാനിരിക്കുന്ന കാലത്തും വളരെ ബുദ്ധിമുട്ടായിരിക്കും. വരാൻ പോകുന്ന പത്ത് വർഷവും നമുക്ക് പിന്തുണ കിട്ടിയില്ലേൽ വളരെ ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ച് ബാഡ്മിന്റണിൽ നിന്ന് ഒരു ചാമ്പ്യനെ മുന്നോട്ട് കൊണ്ടുവരാൻ.


10.വളരെയധികം എക്സ്പെൻസീവ് ബാഡ്മിൻറൺ. പണചെലവ് ഏറിക്കൊണ്ടേയിരിക്കുന്നു. സ്പോൺസർമാരെ കിട്ടാനും സാമ്പത്തിക സഹായം ലഭിക്കാനുമെല്ലാം താരങ്ങൾ വളരെയധികം കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നത് താരങ്ങളെ കളി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതല്ലേ.

വളരെ പണചെലവുള്ള കായികയിനമാണ് ബാഡ്മിന്റൺ. അതിന്റെ കൂടെ അതിനേക്കാൾ കൂടുതലാണ് ടൂർണമെന്റ് കളിക്കാനുള്ള ചെലവ്.
തുടക്കത്തിൽ വേൾഡ് ലെവലിൽ  ഒരു സെറ്റ് ഓഫ് ടൂർണമെന്റ് കളിക്കാൻ നല്ലൊരു തുക ബാങ്ക് അക്കൗണ്ടിൽ വേണം. എത്ര വർഷം അങ്ങനെ കളിക്കാൻ പറ്റും. അതൊരു വളരെ എക്സ്പൻസീവ് ആയിട്ടുള്ള കാര്യമാണ്. അതുകൊണ്ടാണ് നമ്മുടെ 70 ശതമാനം കളിക്കാരും കളി വിട്ടുപോയത്. കാരണം സ്പോൺസർമാർ ആരും റെഡിയല്ല. ബ്രാന്റുകൾ ആരും സപ്പോർട്ട് ചെയ്യാറില്ല. നന്നായി കളിച്ചാലും അതിനുള്ള സാധ്യതകൾ കുറവാണ്. അങ്ങനെയുള്ള കുറച്ച് കാരണങ്ങൾ കൊണ്ട് വളരെ കുറച്ച് പേർ മാത്രമേ ഒരു ലെവൽ  കഴിഞ്ഞിട്ടും ഈ സ്പോർട്ടിൽ നിൽക്കുന്നുള്ളു. ബാക്കി എല്ലാവരും കളി നിർത്തി, ഒരു ജോലി കിട്ടുകയാണെങ്കിൽ ആ ജോലിയും നോക്കി കരിയർ നിർത്തി പോവുകയാണ്.


11.കേരളത്തിലെ ബാഡ്മിൻറൺ അസോസിയേഷൻ, സ്പോർട്സ് കൌൺസിൽ തുടങ്ങി നിരവധി ഏജൻസികളുണ്ട്. അവരുടെ ഭാഗത്ത് നിന്ന് ലഭിച്ച സഹകരണം, പ്രചോദനം എത്രമാത്രം ഉണ്ടായിരുന്നു. അതെത്രമാത്രം പ്രണോയിയെ വളരുന്നതിൽ സഹായിച്ചിട്ടുണ്ട്.

തുറന്ന് പറഞ്ഞാൽ എനിക്ക് അധികം പിന്തുണയൊന്നും കിട്ടിയിരുന്നില്ല. അതിനാലാണ് ഞാൻ തിരുവനന്തപുരം വിട്ട് ഹൈദരാബാദിലേക്ക് പോയത്. വളരെ ബുദ്ധിമുട്ടിയാണ് തിരുവനന്തപുരത്ത് ഞാൻ ട്രെയിനിങ് ചെയ്ത് കൊണ്ടിരുന്നത് തന്നെ. അച്ചന്റെ കൂടെയാണ് പതിനാറ് പതിനേഴ് വയസ്സുവരെ ഞാൻ ട്രെയിൻ ചെയ്തത്. ഷട്ടിൽസ് ആണെങ്കിലും കോച്ചിങ് ആണെങ്കിലും എല്ലാം സ്വന്തം ചെലവിൽ തന്നെയാണ് അത്രയും കാലവും ചെയ്തുകൊണ്ടിരുന്നത്. അതുകഴിഞ്ഞിട്ടാണ് ഞാൻ റിയലൈസ് ചെയ്തത്, ഞാൻ ഇവിടെ നിൽക്കുകയാണെങ്കിൽ കരിയർവൈസ് എനിക്ക് മുന്നോട്ട് പോകാൻ പറ്റില്ലെന്ന്. അപ്പോൾ, അതുകൊണ്ടാണ് ഞാൻ ഹൈദരാബാദിലേക്ക് പോയതും  ഇതുപോലെ ഒരു വലിയ സ്ട്രക്ച്ചറിൽ നിന്ന് കളിക്കാൻ പറ്റിയതും. ഹൈദരാബാദ് പോയതിന് ശേഷമാണ് എനിക്ക് നന്നായി കളിക്കാൻ പറ്റിയത് തന്നെ.

12.യൂത്ത് ഒളിമ്പിക്സിലെ വെള്ളി മുതൽ മലേഷ്യൻ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പ് വരെ പ്രണോയയുടെ ബാഡ്മിൻറണിലെ യാത്ര വലുതാണ്. ഈ കാലയളവിൽ പ്രണോയ് എന്ന കളിക്കാരനിൽ ഉണ്ടായ മാറ്റങ്ങൾ എന്തൊക്കെയാണ്.


2010 ലെ യൂത്ത് ഒളിമ്പിക്സാണ് എന്റെ കരിയറിലെ വലിയ ടൂർണമെന്റ്. തീർച്ചയായും ഒരു ബ്രേക്ക് ത്രൂ ടൂർണമെന്റും അത് തന്നെയായിരുന്നു. അതിനുശേഷമാണ് കുറേ അവസരങ്ങൾ ലഭിച്ചത്. പിന്നെ അടുത്ത മുന്ന് വർഷം സീനിയർ സർക്യൂട്ടിലേക്കുള്ള ഒരു ജമ്പ്, അത് വളരെ ബുദ്ധിമുട്ടായിരുന്നു. 2010 ന് ശേഷം 2011 - 14 കാലത്ത് വളരെ ബുദ്ധിമുട്ടായാണ് സീനിയർ ലെവലിൽ നിലനിന്നു പോയത്. ഒട്ടും റിസൽട്ട് ഉണ്ടായിരുന്നില്ല. 2014 ന് ശേഷമാണ് എനിക്ക് നല്ല കുറച്ച് റിസൽട്ട് വന്നുതുടങ്ങിയത്. അതിനുശേഷം, എനിക്ക് തോന്നുന്നു കഴിഞ്ഞ ആറേഴ് വർഷത്തിൽ ഉണ്ടായ മാറ്റം തീർച്ചയായും എന്റെ ശരീരത്തെ കുറിച്ച് നല്ല ധാരണയുണ്ട് എന്നതാണ്. കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷത്തിനിടെ ഇത്രയും ഇഞ്ച്വറി ബ്രേക്കുകൾ വന്നിട്ടുണ്ട്. അതുകൊണ്ട് ആ ഒരു അനുഭവം ഉള്ളതുകൊണ്ട് അതനുസരിച്ച് പരിശീലിക്കാൻ പറ്റാറുണ്ട്. ബോഡിക്ക് വേണ്ടി എന്തൊക്കെ പുതുതായി ചെയ്യാൻ പറ്റും, എത്രത്തോളം ഫ്രഷ് ആയി നിലനിർത്താൻ സാധിക്കുമെന്നും. അത് കഴിഞ്ഞ ഒന്ന് രണ്ട് വർഷത്തിനിടെ വളരെ അധികം സഹായിച്ചിട്ടുണ്ട്.

13.ഒളിമ്പിക് ക്വാളിഫയറുകൾ നടക്കാൻ പോവുകയാണ്. യൂത്ത് ഒളിമ്പിക്സ് വെള്ളി നേടിയ പ്രണോയ് ഒളിമ്പിക് മെഡൽ എന്ന സ്വപ്നം തീർച്ചയായും ലക്ഷ്യം വെക്കുന്നുണ്ടാകും. എവിടെവരെയായി തയ്യാറെടുപ്പുകൾ.

ഒളിമ്പിക്ക് യോഗ്യത മത്സരങ്ങൾ മെയ് മാസത്തിൽ തുടങ്ങി. ഒരു വർഷം സമയമുണ്ട് ക്വാളിഫിക്കേഷന്. ഒത്തിരി സമയമുണ്ട്. ഒളിമ്പിക്ക് ക്വളിഫിക്കേഷനാണ് ബാഡ്മിന്റണിൽ ഏറ്റവും ബുദ്ധിമുട്ട്. ഇപ്പോൾ ഫോക്കസ് അടുത്ത ടൂർണമെന്റിലാണ്. എല്ലാ ടൂർണമെന്റും ഒളിമ്പിക് യോഗ്യതയ്ക്ക് പ്രധാനപ്പെട്ടതാണ്. തയ്യാറെടുപ്പുകൾ നടന്നുപോകുന്നുണ്ട്. ഇപ്പോഴത്തെ ലക്ഷ്യം ഏഷ്യൻ ഗെയിംസാണ്. സെപ്തംബർ അവസാനമാണ് അത്. ഏഷ്യൻ ഗെയിംസിൽ മെഡൽ ജയിക്കണം എന്നാണ് എന്റെ ഒരു ആഗ്രഹം. അത് കഴിഞ്ഞിട്ട് പാരീസ് ഒളിമ്പിക്സിനെ കുറിച്ച് ചിന്തിക്കണം.
......

എച്ച് എസ് പ്രണോയ്
....
സ്വദേശം  തിരുവനന്തപുരം 
ജനനം 1992 ജൂലൈ 17, അച്ചൻ സുനിൽ കുമാർ, അമ്മ ഹസീന കുമാർ
ഭാര്യ ശ്വേത
പഠനം കേന്ദ്രീയ വിദ്യാലയ, ആക്കുളം
പരിശീലകൻ പുല്ലേല ഗോപിചന്ദ്
നിലവിലെ ലോകറാങ്ക് - 9
ഉയർന്ന് റാങ്ക് - 7, (മെയ് 2023)
നേട്ടങ്ങൾ
2010 സമ്മർ യൂത്ത് ഒളിമ്പിക്സ് വെള്ളി
2010 BWF വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ്പ് വെങ്കലം
2011ബഹ്‌റൈൻ ഇന്റർനാഷണൽ ചലഞ്ച് വെള്ളി
2016 സ്വിസ് ഓപ്പൺ ഗ്രാൻഡ് പ്രിക്സ് ജേതാവ്
2016 സാഫ് ഗെയിംസ് വെള്ളി
2018 ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വെങ്കലം
2018 കോമൺവെൽത്ത് സ്വർണം
2022 തോമസ് കപ്പ് ടീം ഈവന്റ് സ്വർണം
2022 അർജുന അവാർഡ്
2022 നാ,ണൽ ഗെയിംസ് വെള്ളി
2023 ഇന്തോനേഷ്യൻ ഓപ്പൺ സെമി
2023 മലേഷ്യൻ മാസ്റ്റേഴ്സ് ജേതാവ്
2023 ഏഷ്യൻ ബാഡ്മിന്റൺ ടീം ഈവൻറ് വെങ്കലം
.....................
KOA MAGAZINE SPORTS ജൂലൈ 2023 ലക്കം കവർ സ്റ്റോറിയായി പ്രസിദ്ധീകരിച്ചത്


സ്വകാര്യവത്ക്കരണം തകൃതി, പക്ഷെ സുരക്ഷ....?

നരേന്ദ്രമോദി സ‍ർക്കാർ അധികാരത്തിലേറിയശേഷം എല്ലാമേഖലയിലും ആധുനികവത്ക്കരണവും മെയ്ക്ക് ഇൻ ഇന്ത്യയും ആത്മനിർഭറും പേരിടലും പേരുമാറ്റലുമെല്ലാമാണ്. റെയിൽവെ അടക്കം എല്ലാമേഖലയും സ്വകാര്യവത്ക്കരിച്ചു. വന്ദേഭാരത് ട്രയിൻ, തേജസ് ട്രെയിൻ തുടങ്ങി സ്വകാര്യമേഖലയിലും അല്ലാതെയും നിരവധി പുതിയ ആഢംബര തീവണ്ടികളാണ് അവതരിച്ചത്. ഡബിൾ ഡെക്കർ തവണ്ടികൾ, തിരിയുന്നതും കറങ്ങുന്നതുമായി കസേരകളുള്ള അത്യാധുനിക ബോഗികൾ, പാട്ട് കേൾക്കാനും സിനിമ കാണാനുമുള്ള സൗകര്യങ്ങൾ, ഭക്ഷണം വിതരണം ചെയ്യുന്ന കോച്ചുകൾ...തുടങ്ങി പലതും പാളത്തിലെത്തി. ഇതെല്ലാം ഫ്ലാഗ് ഓഫ് ചെയ്യാനും പടമെടുത്ത് ഫ്ലക്സുകളും പരസ്യങ്ങളും ചെയ്യാനും പ്രധാനമന്ത്രി തന്നെ നേരിട്ട് വന്നു. തിരഞ്ഞെടുപ്പുകളിൽ സർക്കാരിന്റെ വലിയ നേട്ടങ്ങളായി പ്രചരിപ്പിക്കാനും പുതിയ ഇന്ത്യയെന്ന് വീമ്പ് പറയാനും ഇവയെല്ലാം വിഷയങ്ങളാക്കി. നല്ലത്. ലോകത്ത് അതിവേഗതയിലോടുന്ന തീവണ്ടികൾ വരുമ്പോൾ വേഗത ഇച്ചിരി കുറഞ്ഞാലും സൗകര്യങ്ങൾ ഒട്ടും കുറയാതെയുള്ള തീവണ്ടികൾ ട്രാക്കിലിറക്കുകയെന്നത് അഭിമാനകരം തന്നെയാണ്.







എന്നാൽ സാധാരണക്കാരന് എന്താണ് വേണ്ടത്? വലിയ പണചിലവുള്ള ആഢംബര യാത്രയാണോ അതോ സുരക്ഷിതമായുള്ള യാത്രയാണോ? ഇതാണ് അവസാനമായി ബാലസോറിലെ തീവണ്ടി അപകടവും ഉയർത്തുന്ന ചോദ്യം. തീർച്ചയായും അത് സുരക്ഷിതമായുള്ള യാത്ര എന്നത് തന്നെയാണ്. സുരക്ഷിതമല്ല നമ്മുടെ തീവണ്ടിയാത്രകൾ എന്നതാണ് സമീപകാലത്തായി നമ്മുടെ തീവണ്ടികളിൽ  ചെറുതും വലുതുമായി സംഭവിച്ചികൊണ്ടേയിരിക്കുന്ന അപകടങ്ങൾ തെളിയിക്കുന്നത്. കോഴിക്കോട് എലത്തൂരിലെ തീവ്രവാദസ്വഭാവമുള്ള തീയിടലും ബാലസോറിലെ അപകടവുമെല്ലാം ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. യാത്രക്കാരുടെ സമയത്തിന് പണ്ടേ വില കൽപ്പിക്കാത്ത സംവിധാനമാണ് ഇന്ത്യൻ റെയിൽവേ. കൃത്യസമയം പാലിച്ച് ഓടുകയോ, വലിയ തീവണ്ടികൾക്ക് വേണ്ടി വഴിയിൽ മറ്റ് തീവണ്ടികളെ പിടിച്ചിടുകയോ ചെയ്യുന്ന സ്വഭാവത്തിന് ഇപ്പോഴും ഒരുമാറ്റവും വന്നിട്ടില്ല. രുപക്ഷെ ലോകത്ത് തന്നെ പണം കൊടുത്ത് ടിക്കറ്റ് എടുത്ത് യാത്രചെയ്യുന്ന യാത്രക്കാരന്റെ സമയത്തിന് യാതൊരുവിധ വിലയും കൽപ്പിക്കാത്ത പൊതുഗതാഗതസംവിധാനം നമ്മുടേത് മാത്രമാകണം.


ഏറ്റവും ഓടുവിൽ ബാലസോറിലെ അപകടം എടുക്കാം. എങ്ങനെയാണ് മൂന്ന് തീവണ്ടികൾ ഇടിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്? സിഗ്നലിങ്ങിലെ പിഴവെന്നോ ലോക്കോ പൈലറ്റിന്റെ പിഴവെന്നോ പറഞ്ഞ് ഒരുപക്ഷെ ഇതിലെ അന്വേഷണം അവസാനിപ്പിച്ചേക്കാം. ഉത്തരവാദികളായി ഒന്നോ രണ്ടോ ജീവനക്കാരെ സസ്പെന്റ് ചെയ്തേക്കാം. അതിൽ അവസാനിക്കും ഒരുപക്ഷെ എല്ലാം. മരിച്ചുപോയവരുടെ കുടുംബത്തിനും അപകടത്തിൽ പരിക്കേറ്റവർക്കും മാത്രം നഷ്ടവും വേദനയും ബാക്കി നിൽക്കും. രാഷ്ട്രീയക്കാരുടെ മുതലകണ്ണീർ അടുത്ത തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചുള്ളതാണ്. അതിനപ്പുറത്തേക്ക് അവർക്ക് നഷ്ടമൊന്നുമില്ല. സുരക്ഷ ഉറപ്പാക്കേണ്ട റെയിൽവേയ്ക്ക് നേതൃത്വം കൊടുക്കുന്ന മന്ത്രിയോ സർക്കാരോ നഷ്ടപരിഹാര പ്രഖ്യാപനത്തിനപ്പുറത്തേക്ക് ഒന്നും ചെയ്യില്ല. അടുത്ത അപകടം വരെ എല്ലാം പിന്നെ മറവിയ്ക്ക് വിട്ടുകൊടുക്കും. അന്ന് അധികാരത്തിൽ മറ്റാരെങ്കിലുമാണെങ്കിൽ അവരെ പഴിക്കും, രാജി ആവശ്യപ്പെടും. അത്രതന്നെ.


എന്തുകൊണ്ടാണ് ഇന്ത്യയിലെ റെയിൽ പാളങ്ങളിൽ അടിക്കടി അപകടങ്ങൾ ഉണ്ടാകുന്നത്? മഞ്ഞുകാലത്തും അല്ലാത്തപ്പോഴും കൂടിയിടികൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? എന്താണ് ഇത്രയും കാലമായിട്ടും അതിനൊരുപ്രതിവിധി കണ്ടെത്താനാവാത്തത്? ഈ ചോദ്യങ്ങൾ സാധാരണക്കാരന്റെ മനസിൽ ഇപ്പോൾ വീണ്ടും ഉയർന്നിട്ടുണ്ടാകും. എന്നാൽ ഇതിനൊരുപ്രതിവിധി നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. അന്ന് മമത ബാനർജിയായിരുന്നു കേന്ദ്ര റെയിൽ വേ മന്ത്രി. 2011-12 കാലഘട്ടത്തിൽ ആണ് തീവണ്ടികൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനായി ട്രെയിൻ കോളിഷൻ അവോയ്ഡൻസ് സിസ്റ്റം (ടിസിഎഎസ്) രാജ്യത്ത് അവതരിപ്പിച്ചത്. ഇന്ത്യ തദ്ദേശമായി വികസിപ്പിച്ചെടുത്തതാണ് ഈ ആന്റി കൊളീഷൻ ഡിവൈസ്. മധ്യ ദക്ഷിണമേഖല റൂട്ടിലാണ് ഇത് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും ചിലവുകുറഞ്ഞ സുരക്ഷാസംവിധാനമാണ് ഇത്. എന്നാൽ പിന്നീട് 2019 വരെ, ഏറെ പ്രാധാന്യമുള്ള ഈ വിഷയം എല്ലാവരും മറന്നു. 2019 ൽ മോദി സർക്കാർ അധികാരത്തിലെത്തിയശേഷം പതിവുപോലെ പദ്ധതിയുടെ പേര് മാറ്റി 'കവച്' എന്നാക്കിമാറ്റി. പിന്നെ കവചിനും പഴയഗതിതന്നെ.  

നിശ്ചിത ദൂരപരിധിയിൽ രണ്ട് തീവണ്ടികൾ നേർക്കുനേർ വന്നാൽ സ്വയം തീവണ്ടികളുടെ ബ്രേക്കിങ് സംവിധാനം ഏറ്റെടുത്ത് വണ്ടി നിർത്തി അപകടം ഒഴിവാക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. അത്യാധുനിക സാങ്കേതിക വിദ്യയായ എസ് ഐ എൽ 4 സർട്ടിഫൈഡ് ടെക്കനോളജിയാണ് ഇതിൽ ഉപയോഗിക്കുന്നത് എന്നതിനാൽ തന്നെ പിഴവ് സംഭവിക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്.  തീവണ്ടിയുടെ ചലനം ഓരോ നിമിഷവും പുതുക്കിക്കൊണ്ടിരിക്കുമെന്നതിനാൽ തന്നെ ലോക്കോ പൈലറ്റിന് എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ഇത് സ്വമേധയ തീവണ്ടിയുടെ നിയന്ത്രണം ഏറ്റെടുക്കും. സിഗ്നലിങ്ങിലെ പിഴവാണ് പലപ്പോഴും അപകടത്തിന് വഴിവെക്കുന്നത് എന്നതിനാൽ തന്നെ അത് ഇല്ലാതാക്കാൻ കവചിന് സാധിക്കും. ബാലസോറിൽ സംഭവിച്ചതും സിഗ്നലിങ്ങിലെ മാനുഷിക പിഴവാണെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം.
ഇത്തരമൊരുസാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടും എന്തുകൊണ്ട് ബാലസോറിൽ അപകടമുണ്ടായി? ഉത്തരം വളരെ ലളിതമാണ്. ഇന്ത്യയിലെ 98 ശതമാനം ട്രാക്കുകളിലും ഈ സംവിധാനം ഇപ്പോഴും സ്ഥാപിച്ചിട്ടില്ല!

ആത്മനിർഭർ പദ്ധതിയിൽ ഉൾപ്പെടുത്തി 2022 ലെ കേന്ദ്ര ബജറ്റിൽ കവച് ഉൾപ്പെടുത്തിയിരുന്നു. 2000 കിലോമീറ്റർ പാതയിൽ ഇത് നടപ്പാക്കാനായിരുന്നു ബജറ്റിലെ പ്രഖ്യാപനം. ഇന്ത്യയിലെ റെയിൽ നെറ്റ് വർക്ക് 68000 ത്തോളം കീലോമീറ്ററോളമുള്ളതാണ് എന്നിരിക്കെയാണ് വെറും രണ്ടായിരത്തിലേക്ക് ഇത് ഒതുക്കിയത്. ഇതിൽ ഇതുവരേയും കവച് നടപ്പാക്കപ്പെട്ടത് വെറും 1445 കിലോമീറ്റർ നെറ്റ്വർക്കിലും. അതായത് വെറും രണ്ട് ശതമാനത്തിൽ മാത്രം. ഇതിൽ നിന്ന് തന്നെ വ്യക്തമല്ലേ എത്രമാത്രം പ്രധാന്യമാണ് യാത്രക്കാരുടെ സുരക്ഷയ്ക്ക് റെയിൽവേയും നമ്മുടെ സർക്കാരും കൽപ്പിക്കുന്നതെന്ന്. ബാലസോറിൽ അപകടത്തിൽപെട്ട ഒരു തീവണ്ടിയിലും കവചിന്റെ കവചം ഇല്ലായിരുന്നു. ഉണ്ടായിരുന്നുവെങ്കിൽ ഇത്രയേറെ പേരുടെ ജിവൻ നഷ്ടമാവില്ലായിരുന്നു, ആയിരത്തോളം പേർക്ക് പരിക്ക് സംഭവിക്കില്ലായിരുന്നു.


പൊതുബജറ്റും റെയിൽബജറ്റും  ന്നാക്കിയതിനുശേഷം റെയിൽവേയ്ക്കുള്ള വിഹിതം  പലപ്പോഴായി മോദി സർക്കാർ വെട്ടിക്കുറച്ചിരുന്നു. ഇത്തരത്തിൽ വെട്ടിക്കുറക്കുന്നതിലൂടെ ഇത്തരം അടിയന്തര വിഷയങ്ങൾക്കുള്ള പ്രാധാന്യവും കുറഞ്ഞുതുടങ്ങിയെന്നതാണ് വസ്തുത. പകരം ആ പണമെല്ലാം എങ്ങോട്ട് പോകുന്നു? തീർച്ചയായും സാധാരണക്കാരന് ഗുണം ലഭിക്കുന്നതിലേക്കല്ല, മറിച്ച് ആഢംബരങ്ങളിലേക്കാണ്. മൂവായിരവും പതിനയ്യായിരവുമെല്ലാം മുടക്കി ഉപകാരമേതുമില്ലാത്ത സ്റ്റാച്ച്യൂകളും പുതിയ പാർലമെന്റ് മന്ദിരവും നിർമിക്കാനും ആഢംബരയാത്രകൾക്കും പി ആർ പരിപാടികൾക്കുംവേണ്ടിയാണ് ആ പണമെല്ലാം ഒഴുകുന്നത്. സാധാരണക്കാരന് - നികുതി അടയ്ക്കുന്നവനും ദിവസവേതനത്തിന് പൊരിവെയിലത്തും മഴയത്തുമെല്ലാം പണിയെടുക്കുന്നവനും ഒരുപോലെ- യാതൊരുവിധ ആനുകൂല്യവും ഇതിലൂടെ ലഭിക്കുന്നില്ല. എന്നിട്ടും 'സബ് കാ സാത്ത്, സബ് കാ വികാസ്' എന്ന മുദ്രാവാക്യം മാത്രം ബാക്കി.
..........................
ഇമലയാളി.കോം ഇൽ ജൂൺ 3 , 2023 ന് പ്രസിദ്ധീകരിച്ച  ലേഖനം

മെയ് 28 ചരിത്രം അടയാളപ്പെടുത്തുക ഇങ്ങനെയാവും

ഒരു ദിവസത്തെ ചരിത്രത്തിൽ എങ്ങനെ അടയാളപ്പെടുത്തണമെന്നത് നിശ്ചയിക്കേണ്ടത് സ്വേച്ചാധിപത്യമല്ല. മറിച്ച് പിന്നീട് വരുന്ന കാലമാണ്. മെയ് 28. അത്തരത്തിലൊരു ദിനമാണ്. ഇന്ത്യയുടെ പുതിയ പാ‍ർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ട ദിവസം, ഇന്ത്യയ്ക്ക് വേണ്ടി ഒളിംപ്കിസലടക്കം മെഡലുകൾ വാങ്ങിക്കൂട്ടിയ താരങ്ങളെ നടുറോഡിലിട്ട് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച ദിനം. അതമുല്ലെങ്കിൽ രാഷ്ട്രപിതാവിന്റെ വധത്തിലടക്കം പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട് വിചാരണ നേരിട്ട വി ഡി സവർക്കറുടെ ജൻമദിനം. ഇതിൽ ഏതാണ്  കാലം രേഖപ്പെടുത്തിവെക്കുക?



തീ‍ർച്ചയായും അത് അവസാനം പറഞ്ഞത് ആകില്ലെന്നുറപ്പ്. അതാക്കാനുള്ള തീവ്ര വലതുപക്ഷ ഹിന്ദുത്വശക്തികളുടെ കൊണ്ടുപിടിച്ച ശ്രമങ്ങൾ കഴിഞ്ഞകുറച്ച് കാലമായി രാജ്യത്ത് നടക്കുന്നുണ്ട്. എന്നാൽ രാജ്യത്ത് ഇപ്പോഴും ഇന്ത്യ എങ്ങനെ സ്വതന്ത്രയായി, ഏതെല്ലാം ശക്തികൾ അതിനായി പ്രവർത്തിച്ചുവെന്നും ആരെല്ലാം അതിനെതിരെ കുതികാൽ വെട്ട് നടത്തിയെന്നുമുള്ള ചരിത്രം അറിയുന്നവർ ജീവിച്ചിരിക്കുന്നുവെന്നതിനാൽ തന്നനെ അതത്ര എളുപ്പമാവില്ല. ചരിത്രപുസ്തകങ്ങളിൽ നിന്ന് യഥാർത്ഥചരിത്രം വെട്ടിമാറ്റി, കളവ് മെനയുന്നുണ്ടെങ്കിലും അധികം ആയുസ് അതിന് ഉണ്ടാകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. വിഡി സവർക്കറിനെ വീരനാക്കി പ്രതിഷ്ടിക്കുന്നതിന്റെ ഭാഗമായി പഴയ പാർലമെന്റിനകത്ത് ഗാന്ധിയുടെ ചിത്രത്തിന് നേരെ ചിത്രം സ്ഥാപിച്ചത് കൊണ്ട് അയാൾ വീരനാവില്ലെന്ന് അയാളുടെ മാപ്പപേക്ഷകൾ തന്നെ സാക്ഷ്യമാണ്. അതിനാലാണ് അടുത്ത നടപടിയായി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സവർക്കറിന്റെ ജനമദിനത്തിൽ തന്നെ നടത്തിയ സംഘപരിവാരത്തിന്റെ തീരുമാനം. അതും പാർലമെന്റിന്റെ ഭാഗമായ രാജ്യത്തെ പ്രഥമ പൗരനേയും ഉപരാഷ്ട്രപതിയേയും മാറ്റി നിർത്തി. കോടികൾ ചിലവിട്ട് പണികഴിപ്പിച്ച മന്ദിരത്തിന്റെ ശിലാസ്ഥാപനം മുതൽ ഉദ്ഘാടനം വരെ ഒരാളിൽ തന്നെ കേന്ദ്രീകൃതമായിരുന്നുവെന്നത് വെറുമൊരു തമാശയല്ല. രാജ്യത്ത് നിലകൊള്ളുന്ന ഏകാധിപത്യത്തിന്റെ തെളിവാണ് അത്. അന്താരാഷട്ര മാധ്യമങ്ങളെ പി ആർ ഏജൻസികളേയും രാജ്യത്തെ മാധ്യമങ്ങളെ ശിങ്കിടികളെ വെച്ചും നിയന്ത്രിച്ച് ജനസ്സമതി എന്ന വ്യാജനിർമിതിയുടെ ഭാഗമാണ് മന്ദിരത്തിന്റെ ഉദ്ഘാടനവും.



മതേതരരാഷ്ട്രമാണ് ഇന്ത്യ. എന്നാൽ ഇന്ത്യയുടെ നിയമനിർമാണ സഭയുടെ അകത്ത് നടക്കുന്നതെന്താണ്? ഏതെങ്കിലും ഒരു മതത്തിന്റെ, ആ മതത്തിലെ തന്നെ ഉന്നതകുലജാതരുടെ, മാത്രം കേന്ദ്രമാക്കി മാറ്റുകയാണ് നമ്മുടെ പാർലമെന്റിനെ മോദി ഭരണകൂടം. ബ്രാഹ്മണ്യവത്ക്കരണത്തിന്റെ - മനുസ്മൃതിയുടെ - കേന്ദ്രമാക്കിമാറ്റുന്നതായി പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം. ആദിവാസി വിഭാഗത്തിൽ പെട്ട രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന് ചടങ്ങിലെവിടെയും സ്ഥാനമുണ്ടായിരുന്നില്ല. ഹൈന്ദവ പുരോഹിതരും മോദിയും മാത്രം അണിനിരന്ന ചടങ്ങ്. അധികാരത്തിന്റെ ചെങ്കോൽ (!) സ്ഥാപിച്ച് മോദി തുടക്കം കുറിച്ചത് രാഷ്ട്രത്തിന്റെ നിയനിർമാണസഭയുടെ പ്രവർത്തനത്തിനല്ല, മറിച്ച് നമ്മുടെ ഭരണഘടനയെ അട്ടിമറിച്ച് ഹൈന്ദവഫാസിസം ഊട്ടിയുറപ്പിക്കാനുള്ള നീക്കമാണ്.



വിസ്മയങ്ങളുടെ കലവറയാണ് പുതിയ മന്ദിരം. ശാസ്ത്രത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള ക്ലോക്ക്, വിവിധ കലാകാരൻമാരുടെ സൃഷ്ടികൾ, അങ്ങനെ പലതും. പക്ഷെ ശാസ്ത്രത്തിൽ ഒട്ടും വിശ്വാസമില്ലാത്ത ഭരണകൂടം ഇവയെല്ലാം കെട്ടുകാഴ്ച്ചയ്ക്ക്മാത്രമായാണ് സ്ഥാപിക്കുന്നത് എന്ന് സംശയിക്കുന്നത് ഒട്ടും അതിശയോക്തിയില്ല. നിരവധി കലാകാരൻമാരുടെ സൃഷ്ടികൾ സ്ഥാപിച്ചെങ്കിലും അവരുടെ പേരുകൾ എവിടെയും പരാമർശിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നത് നിസാരമൊരു വീഴ്ച്ചയല്ല. മറിച്ച് തന്റേതല്ലാത്ത ഒരു പേരും ചിത്രവും ഇതുമായി ബന്ധപ്പെട്ട് ചരിത്രത്തിലുണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ഒരു സ്വേച്ചാധിപതിയുടെ നടപടിമാത്രമാണ് അത്. പാർലമെന്റിന്റെ ഭാഗമായ രാഷ്ട്രപതി പാർലമെന്റുമായി ബന്ധപ്പെട്ട ഏതൊരു ചടങ്ങിനും പങ്കാളിയാകേണ്ടതാണ്. ഒന്നുകിൽ ശിലാസ്ഥാപനമോ ഉദ്ഘാടനചടങ്ങിലോ ആയിരിക്കും രാഷ്ട്രപതിയുടെ സാന്നിധ്യം. എന്നാൽ ഈ ത്രികോണമന്ദിരത്തിൽ രാഷ്ട്രപതി ഒരിക്കലും സാന്നിധ്യമായില്ല. രാഷ്ട്രപതിയുടെ സന്ദേശം വായിക്കൽ മാത്രമായിരുന്നു ആകെ ചെയ്തത്. ബ്രാഹ്മണ പുരോഹിതരുടെ അനിഷ്ടം ഭയന്നാണോ ആദിവാസി വിഭാഗത്തിൽപെട്ട രാഷ്ട്രപതിയെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയത്. മനുസ്മൃതിയുടെ പിന്തുടർച്ചക്കാർക്ക് കീഴ്ജാതിക്കാ‍ർ കാഴ്ച്ചവട്ടത്ത് വരുന്നത് പോലും അയിത്തമാണല്ലോ.
അകത്ത് വൺമാൻ ഷോ നടക്കുമ്പോൾ പുറത്ത് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയ കായികതാരങ്ങളെ തെരുവിൽ നേരിടുകയായിരുന്നു ഏകാധിപതിയുടെ പൊലീസ്. സ്വന്തം മാനവും വളർന്നുവരുന്നതും വരാനിരിക്കുന്നതുമായ വനിതകായിക താരങ്ങളുടെ മാനവും സംരക്ഷിക്കാൻ വേണ്ടി കഴിഞ്ഞകുറേ  നാളുകളായി ജന്തർമന്ദറിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെയാണ് വലിച്ചിഴച്ച് ആക്രമിച്ചത്. ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങിനെ ലൈംഗിക ചൂഷണക്കേസിൽ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഒളിംപിക്സിലടക്കം രാജ്യത്തിനായി മെഡൽ വാങ്ങിയ വനിതതാരങ്ങളും പുരുഷതാരങ്ങളും സമരം നടത്തുന്നത്. മാസങ്ങളായിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാരും കേന്ദ്രസർക്കിരിന് കീഴിലെ പൊലീസും പക്ഷെ താരങ്ങളെ ആക്രമിക്കാനാണ് താൽപര്യം. രാജ്യത്തിന് വേണ്ടി ഗോദകളിൽ സ്വന്തം പ്രയത്നം കൊണ്ട് മെഡലുകൾ നേടിയ ഈ താരങ്ങളെ ആക്രമിക്കുന്നത് സ്വന്തം വീഴ്ച്ചകൾ മറയ്ക്കാനാണ്. ലൈംഗികപീഢനാരോപണം നേരിടുന്ന സ്വന്തം നേതാവിനെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ ലോകം കാണുന്നുണ്ട്. മെഡൽ നേടുകൾ ഇന്ത്യയുടെ അഭിമാനപുത്രികൾ എന്ന് ട്വിറ്ററിൽ ഒരു ഉളുപ്പുമില്ലാതെ കുറിക്കുകയും എന്നിട്ട് അതിന്റെ ക്രെഡിറ്റ് സ്വന്തം സ‍ർക്കാരിന്റെ നേട്ടമെന്ന് വീമ്പുപറയുകയും ചെയ്യുന്ന പ്രധാനമന്ത്രി ഇതുവരേയും പക്ഷെ താരങ്ങളുടെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല. (പാർലമെന്റിൽ ഉയരുന്ന ചോദ്യങ്ങൾക്കോ രാജ്യത്തെ വലയ്ക്കുന്ന പ്രശ്നങ്ങൾക്കോപോലും മറുപടി പറയാത്ത പ്രഥമനിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നത് ഒട്ടും ശരിയല്ലെന്ന് അറിയാം., എങ്കിലും...)


എന്തിനാണ് നമ്മുടെ ഗുസ്തിതാരങ്ങൾ സമരം ചെയ്യുന്നത്? എന്തുകൊണ്ടാണ് ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ സർക്കാരോ പോലീസോ നടപടി എടുക്കാത്തത്? സാക്ഷി മാലിക്ക്,  വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, ബജ്രംഗ് പുനിയ തുടങ്ങിയ താരങ്ങൾ ഉന്നയിച്ചിരിക്കുന്ന ആരോപണം ചില്ലറയല്ല. ലൈംഗിക ചൂഷണമാണ് ബ്രിജ് ഭൂഷണെതിരെ ഉയ‍ർത്തിയിരിക്കുന്നത്. ഇതിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ചതിന് പോക്സോ കേസ് പ്രകാരവും പരാതിയുണ്ട്. എന്നാൽ സുപ്രീംകോടതി ഇടപെടൽ വരെ നീണ്ടശേഷമാണ് ബ്രിജ് ഭൂഷണെതിരെ കേസ് രജിസ്റ്റര്‌ ചെയ്യാൻ ഡൽഹി പോലീസ് തയ്യാറായത്. രണ്ട് എഫ് ഐ ആർ ഇട്ടിട്ടും പക്ഷെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലിസ് തയ്യാറായിട്ടില്ല. ഏറ്റവും ഒടുവിൽ തങ്ങൾക്ക് ലഭിച്ച മെഡലുകളെല്ലാം ഗംഗയിൽ ഒഴിക്കാൻ താരങ്ങൾ ശ്രമിച്ചു. താൽക്കാലികമായെങ്കിലും അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ നേരത്തെ കേന്ദ്രത്തിനെതിരെ സമരം നടത്തിയ കർഷകർക്ക് സാധിച്ചു. എന്നാലി ശാശ്വതമാണെന്ന് പറയാനായിട്ടില്ല. ഒളിംപിക്സിൽ ഇന്ത്യക്ക് ഇന്നേവരെ ലഭിച്ചിട്ടുള്ള 35 മെഡലുകളിൽ 7 എണ്ണവും ഗോദയിൽ നിന്നാണ്. ഹോക്കി കഴിഞ്ഞാൽ ഒളിംപ്കിസിൽ ഇത്രയേറെ നേട്ടം രാജ്യത്തിന് സമ്മാനിച്ച മറ്റൊരു കായികയിനം ഇല്ല.


ബ്രിജ് ഭൂഷൺ ഉത്തർപ്രദേശിലെ ബിജെപിയുടെ കിരീടം വെക്കാത്ത രാജക്കൻമാരിലൊരാളാണ്. യു പി യിലെ 3 വ്യത്യസ്ഥ ലോക്സഭ മണ്ഡലങ്ങളിൽ നിന്ന് വൻ ഭൂരിപക്ഷത്തിന് വിജയിച്ച് പാർലമെന്റിലെത്തിയ നേതാവ്. മാത്രവുമല്ല, 5 ലോക്സഭ മണ്ഡലങ്ങളിൽ വലിയ സ്വാധിനമുള്ള നേതാവുകൂടിയാണ് ബ്രിജ് ഭൂഷൺ. ഇത് തന്നെയാണ് അദ്ദേഹത്തിനെതിരെ നടപിടിയെടുക്കാൻ ബിജെപിയേയും സർക്കാരിനേയും ഭയപ്പെടുത്തുന്ന ഘടകവും. സ്പോർട്സിനെ രാഷ്ട്രീയമുക്തമാക്കണമെന്ന അന്താരാഷ്ട്ര സ്പോർട്സ് ഏജൻസികളുടെ എല്ലാം നിർദ്ദേശങ്ങൾ കാറ്റിൽ പറത്തിയാണ് ബ്രിജ് ഭൂഷൻ ഇപ്പോഴും ഫെഡറേഷൻറെ തലപ്പത്ത് തുടർന്നിരുന്നത്.  പോരാത്തതിന് ഇപ്പോൾ പോക്സോ നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദു സന്ന്യാസിമാരുടെ പ്രത്യേക യോഗം വിളിച്ചിരിക്കുകയാണ് ബ്രിജ് ഭൂഷൺ! പോക്സോ കേസ് പ്രകാരം ആശാറാം ബാപ്പു അടക്കമുള്ള സന്ന്യാസിമാർ അകത്ത് കിടക്കുമ്പോളാണ് എംപി ഇത്തരത്തിലൊരു യോഗം വിളിച്ചിരിക്കുന്നത്.  ആനന്ദലബ്ധിക്കിനിയെന്തുവേണ്ടു!!!

7 താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയിരിക്കുന്നത്. ഇവരുടെ പരാതിയിൽ പീഢനം നടത്തിയത് ദേശിയ റസ്ലിങ് ഫെഡറേഷന്റെ ആസ്ഥാനമായ എംപിയുടെ ഡൽഹിയലെ ഔദ്യോഗിക വസതിയിൽ വെച്ചാണെന്നും വ്യക്തമാക്കുന്നു. ഗുരുതരമായ ആരോപണമാണിത്. സംരക്ഷിക്കേണ്ട കൈകൾ തന്നെ കടന്നുപിടിക്കുന്നുവെന്നത് മാത്രമല്ല, താരങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടിടം തന്നെ സുരക്ഷിതമല്ലെന്നും വരുന്നു. ഏറ്റവും ഒടുവിൽ (മെയ് 31 ന്) ബ്രിജ് ഭൂഷണെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് ഡൽഹി പൊലീസിന്റെ കണ്ടെത്തൽ എന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ബിജെപിയുടെ കേന്ദ്രസർക്കാരിന് കീഴിലുള്ള ഡൽഹി പൊലീസ്, ബിജെപിയുടെ ശക്തനായ എംപിക്കെതിരെ മറിച്ചെന്തെങ്കിലും കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ വിഢിത്തമാണ്.  ഇത്രയും നാൾ അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചതും ഇതിന് തന്നെയാണല്ലോ.
പി ആർ പ്രവർത്തനം കൊണ്ട് നേടിയെടുക്കുന്നതല്ല അന്താരാഷ്ട്ര മത്സരവേദികളിലെ മെഡലുകൾ. അത് ആത്മസമർപ്പണത്തിന്റേയും കഠിന പരിശ്രമത്തിന്റേയും പരിശീലനത്തിന്റേയും ഇച്ചാശക്തിയുടേയും ഫലമായി വെട്ടിപിടിക്കുന്നതാണ്. എതിരാളികളെ മാനസികമായും തന്ത്രപരമായും മലർത്തിയടിച്ച് നേരിടുന്നതാണ് മെഡലുകൾ. അങ്ങനെ മെഡലുകൾ നേടിയ കായികതാരങ്ങളാണ് സ്വന്തം മാനം രക്ഷിക്കാനായി തെരുവിൽ കിടക്കുന്നത്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന് ഈണത്തിൽ പറയുന്നവർക്ക് പക്ഷെ ഒരു സ്ത്രീയുടെ മാനത്തിന്റെ വില അറിയണം എന്നില്ല. പ്രത്യേകിച്ച് മനുസ്മൃതിയുടെ പിന്തുടർച്ചക്കാർക്ക്. അവിടെ സ്ത്രീ സ്വാതന്ത്ര്യത്തിന് പുറത്താണല്ലോ. എന്നാൽ ഇവിടെ വളർന്നുവരുന്ന കുട്ടികളും യുവാക്കളും തീർച്ചയായും അത് തിരിച്ചറിയുന്നവരാണ്. അംബരചുംബികളായ പ്രതിമകളോ മണിമന്ദിരങ്ങളോ അല്ല അവർക്ക് വേണ്ടത്. സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശമാണ്. ഭരണഘടന അവർക്ക് നൽകിയ മൗലികാവകാശമാണ് അത്. അതിനാൽ തന്നെ ഇന്ത്യയുടെ ചരിത്രത്തിലെ മറ്റൊരു കറുത്ത അധ്യായമായാവും മെയ് 28 നെ ചരിത്രം അടയാളപ്പെടുത്തുക. മുമ്പ് 2021 ജനുവരി 26 ലെ റിപ്പബ്ലിക്ക് ദിനം കർഷകസമരത്തിന്റെ പേരിൽ രേഖപ്പെടുത്തിയത് പോലെ. അത് നിഷേധിച്ച് ഒരു ഭരണകൂടത്തിനും ഭരണാധികാരിക്കും അധികം വാഴാനാവില്ല. ലോകമെങ്ങും ഏകാധിപതികളും സ്വേച്ചാധിപത്യഭരണകൂടങ്ങളും അധികം വാണ ചരിത്രമില്ല. തങ്ങളേക്കാൾ ജനപ്രീതിയുള്ള മോദി തങ്ങളെ അസൂയപ്പെടുത്തുന്നുവെന്ന് ലോകനേതാക്കൾ വിലപിച്ചുവെന്ന് അച്ച് നിരത്തി ആശ്ചര്യപ്പെടുന്ന നമ്മുടെ സ്വതന്ത്ര മാധ്യമങ്ങളും ഇക്കാര്യം ഒർക്കുന്നുണ്ടാവില്ല.  കപിൽ ദേവ്, നീരജ് ചോപ്ര, വിരേന്ദർ സേവാഗ്, സാനിയ മിർസ തുടങ്ങി ചില കായികതാരങ്ങളും ഇതിനോടകം തന്നെ ഗുസ്തിതാരങ്ങൾക്ക് പരസ്യമായി തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റസ്ലിങ് ഫെഡറേഷനും ഇന്ത്യൻ റസ്ലിങ് ഫെഡറേഷനെതിരെ രംഗത്തെത്തി. ബ്രിജ് ഭൂഷണെതിരെ നിക്ഷ്പക്ഷ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ഫെഡറേഷൻ കായികതാരങ്ങളെ പൊലിസ് നേരിട്ടതിലും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.  പക്ഷെ അപ്പോഴും ഇന്ത്യൻ ഒളിംപിക് അസോസിയേഷനും സർക്കാരും ഭൂരിപക്ഷം വരുന്ന കായികതാരങ്ങളും വാത്മീകത്തിലാണ്.  പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകമാണ് എന്ന കവി വാക്ക്യം ഇവരെല്ലാം ഓർമിക്കുന്നത് നന്നായിരിക്കും 
.........
ഇമലയാളി.കോം ഇൽ പ്രസിദ്ധീകരിച്ച ലേഖനം