Wednesday, 19 October 2022

പൊട്ടാൻ വിതുമ്പുന്ന മേഘങ്ങൾ

ചുറ്റിലും ആകാശനീല. പഞ്ഞിക്കെട്ടുകൾ വാരിവലിച്ചിട്ടത് പോലെ മേഘകൂനകൾ. ബൊംബാഡിയർ വിമാനത്തിൻറ്റെ വലിയ ബ്ലേഡ് വായുവിനെ വെട്ടിക്കീറി കറങ്ങുന്നു. നീട്ടിപിടിച്ച ചിറകിനറ്റത്ത് ഒരു ചെറുവെളിച്ചം മിന്നുന്നുണ്ട്. 

മേഘങ്ങൾക്ക് മുകളിലാണോ കീഴിലാണോ ഇടയിലാണോ ഇപ്പോൾ? ഇതെല്ലാം മാറിമാറി വരുന്നുണ്ട് . ഈ ആകാശ യാത്രയിൽ യന്ത്രപറവയുടെ വലിയവയറിനകത്ത് സുരക്ഷിതമാണെന്ന് വേണമെങ്കിൽ ആശ്വസിക്കാം. 

ചെന്നൈയിൽ നിന്ന് ആന്ധ്രയിലെ രാജമുന്ദ്രിയിലേക്കാണ് പറക്കുന്നത്. രാജമഹേന്ദ്രവരം എന്ന രാജമുന്ദ്രി. ഗോദാവരിയുടെ മനോഹരതീരം. കൃഷിപ്പാടങ്ങൾ ആണ് രാജമുന്ദ്രിയിൽ നിറയെ. കാർഷികവൃത്തിയേക്കാൾ മഹത്തരമായത് മറ്റൊന്നുമില്ലെന്ന് വിശ്വസിക്കുന്നവരാണ് രാജമുന്ദ്രിയിലെ ഗ്രാമീണർ. പുതുതലമുറയും മറ്റ് തൊഴിലിനൊപ്പം കൃഷിയെയും നെഞ്ചോട് ചേർക്കുന്നവരാണ്.

ആനന്ദിക്കാനോ ആസ്വദിക്കാനോ ആകുന്നില്ലെങ്കിലും ഈ യാത്ര മറ്റൊരാളുടെ ഓർമയിൽ എന്നും നിറഞ്ഞുനിൽക്കുന്നതാവുമെന്നുറപ്പ് . അനന്തരവൾ ദ്രിതുവിൻറ്റെ ആദ്യത്തെ ആകാശയാത്ര. ആകാംക്ഷയേക്കാൾ പേടിയാണ് അവൾക്ക്. ബാംഗ്ലൂരിലെ ഏതോ മോളിലെ റൈഡിൽ കയറിയപോലത്തെ അനുഭവമാകുമോയെന്ന്. വിമാനം പറന്നുയരുന്ന കാഴ്ച്ചകാണുമ്പോഴേ അവളുടെ കണ്ണുകളിൽ ആ അന്താളിപ്പ് ദൃശ്യമായിരുന്നു. വിൻഡോ സീറ്റ് വേണമെന്ന് ആഗ്രഹം പങ്കുവെച്ചപ്പോൾ ഇല്ലെന്ന് ബോർഡിങ് പാസ് നൽകുന്ന ഇൻഡിഗോ സ്റ്റാഫ് പറഞ്ഞത് വലിയ നിരാശയായി. പക്ഷെ കയറിയപ്പോൾ ലഭിച്ചത് രണ്ട് വിൻഡോ സീറ്റുകൾ. റൺവേയിൽ ഇരമ്പി വിമാനം കുതിച്ചതോടെ ഹൃദയം മേലോട്ട് പോയത് പോലെയെന്ന് ദ്രിതു. 



പക്ഷെ അന്താളിപ്പും പേടിയുമെല്ലാം വൈകാതെ മാറി. പറന്നുയർന്നതും ജാലകത്തിലൂടെ ദൃശ്യങ്ങൾ പകർത്തലായി. അവളുടെ ആദ്യവിമാനയാത്ര മാത്രമല്ല, ബസ്സ് യാത്രകൂടിയായിരുന്നു ഇത്. ബോർഡിങ് ഗേറ്റിൽ നിന്ന് വിമാനത്തിൻറ്റെ ഗോവണിവരേയുള്ള ദൈർഘ്യം കുറഞ്ഞ, എന്നാൽ ജീവിതാന്ത്യം വരേയും ദൈർഘ്യമുള്ള ഓർമയുടെ യാത്രകൾ. 

ഭൂമിയിൽ നിന്ന് 1700 അടി ഉയരത്തിലാണ് ഇപ്പോൾ. മേഘത്തിനുള്ളിലൂടെയാണ് ഇപ്പോൾ പായുന്നത്. പ്രപഞ്ചത്തിലെ ഏറ്റവും അപകടകാരിയായ ജലത്തെ ഉള്ളിലൊളിപ്പിച്ച മേഘങ്ങൾ. ഒന്നുപൊട്ടിത്തെറിച്ചാൽ പിന്നെ നിർത്താതെ പെയ്യുന്ന പേമാരിയാകും, പ്രളയമാകും. ആ കുത്തിയൊലിക്കലിൽ സർവ്വതും ഇല്ലാതാകും...

മനസ്സ് പോലെതന്നെയാണ് മേഘങ്ങളും. എപ്പോളാണ് വിസ്ഫോടനമെന്നത് മാത്രം പ്രവചിക്കാനാവുന്നില്ല... 

.....

(191022)


Monday, 17 October 2022

ഫൈറ്റ് മോഡ് ഈസ് ഓൺ

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു ദ്വന്ദ്വയുദ്ധത്തിലാണ്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി യുദ്ധം അതിൻറെ പരകോടിയിലും. എതിരാളി ചില്ലറക്കാരനല്ല. മനസുമായാണ് മൽപ്പിടുത്തം. നാൽപ്പത്തൊന്ന് വർഷത്തെ ഓർമകളുടെ കൂടാരമായ അതിശക്തനായ ബ്രെയിനുമായി.

വിഷാദം എന്നത് മനസിനെ ബാധിക്കുന്ന ഒരു രോഗമാണ്. മാറാൻ സമയമെടുക്കും. വിഷാദമെന്നത് പലകുറി അനുഭവിച്ചിട്ടുണ്ട്. അന്നെല്ലാം തിരിച്ചുവരുമെന്ന പൂർണബോധ്യം സ്വയം ഉണ്ടായിരിന്നു, ഉണ്ടാക്കിയിരുന്നു. എന്നാലിപ്പോൾ അത് നഷ്ടമായി. എന്ത് സംഭവിച്ചാലും എത്ര കുലുങ്ങിയാലും കുലുക്കിയാലും ചില ഇലകൾ പൊഴിച്ച് മരം തിരികെ തളിർക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാലിപ്പോൾ ആ വിശ്വാസത്തിൽ അത്ര വിശ്വാസം ഇല്ല.

കഠിനമായ സാഹചര്യങ്ങളിലൂടെ മുമ്പും കടന്നുപോയിട്ടുണ്ട്. പക്ഷെ അന്നൊന്നും തിരികെ കയറുന്നത് സംബന്ധിച്ച് ആശങ്കയേ തോന്നിയിട്ടില്ല. എന്നാലിപ്പോൾ ആശങ്ക ശക്തമാണ്. തിരികെ വരാൻ സമയമെടുക്കുമെന്നാണ് ഡോക്ടറും പറയുന്നത്. ഒരുപക്ഷെ കരുതുന്നതിലും അധികസമയം.

എത്രപേർക്ക് ഈ അവസ്ഥമനസിലാക്കാൻ സാധിക്കുമെന്നറിയില്ല. React  എന്നതിനും respond എന്നതിനും വലിയ വ്യത്യാസമുണ്ട്. reaction വികാരം അടങ്ങിയതാണെങ്കിൽ respond കൂറേക്കൂടി ലോജിക്കലും പ്രാക്ടിക്കലുമാണ്. ഡിപ്ലോമാറ്റിക്കായി സംസാരിക്കലാണ് അത്. പക്ഷെ ഇതുരണ്ടും തമ്മിലുള്ള വ്യത്യാസം പോലും എനിക്ക് അറിയില്ലായിരുന്നു. എല്ലാത്തിനോടും വൈകാരികമായി മാത്രമാണ് പ്രതികരിക്കാറ്. അതിനാൽ തന്നെ ആളുകളുമായും പലപ്പോഴും വൈകാരികമായി മാത്രമാണ് ഇടപ്പെട്ടിരുന്നത്. എന്തിനോടുമുള്ള ഉള്ളിലെ വികാരങ്ങളെല്ലാം പ്രതികരണമായി പ്രകടിപ്പിച്ചപ്പോഴും പക്ഷെ എന്നിലെ കലുഷിതമായ എന്നെ പുറത്തുവിടാതെ കൂട്ടിലടച്ചിട്ടു. അത് മാത്രം പ്രകടിപ്പിക്കാനോ പറയാനോ കഴിയാതെ പോയി.

പലപ്പോഴും ധാർഷ്ട്യവും പുച്ഛവും ദേഷ്യവുമെല്ലാം കലർന്നതാണ് എൻറെ പ്രതികരണം. അത് പലപ്പോഴും പലർക്കും വേദനയായിട്ടുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. തിരുത്താനാവാത്ത വിധം അത് വലിയ തെറ്റായി മാറിയിട്ടുണ്ട്. ആളുകളെ അകറ്റിയിട്ടുണ്ട്. മനപൂർവ്വമായിരുന്നില്ല. ഖേദിക്കുന്നു. ക്ഷമ ചോദിക്കുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി നന്നായി കഷ്ടപ്പെടുന്നുണ്ട്, ഒന്ന് നേരെ നിൽക്കാൻ, ഒന്ന് വീഴാതെ പിടിച്ചുനിൽക്കാൻ. വല്ലാതെ കൈവിട്ട് പോയി. തിരികെ കയറാനുള്ള പോരാട്ടത്തിൽ ജയിക്കുമോ പരാജയപ്പെടുമോ എന്ന്പോലും ഉറപ്പില്ല. തിരികെ വരണമെന്നുണ്ട്. പഴയത് പോലെ യാത്രകൾ ചെയ്യാൻ, വാർത്തകൾ ചെയ്യാൻ, ചിരിക്കാൻ, കൂട്ടിരിക്കാൻ, ചിന്തിക്കാൻ, വരക്കാൻ, കുത്തിക്കുറിക്കാൻ,...അറിയില്ല ഇനിയെന്ന് എന്ന്.

ചിലരൊക്കെ ഈ അവസ്ഥയിൽ എന്നെ ചേർത്ത് പിടിക്കുന്നുണ്ട്. സഹപാഠികൾ, ടീച്ചർ, കസിൻസ്, മേമ സുഹൃത്തുക്കൾ, ഏറ്റവും പ്രിയപ്പെട്ട എന്നാൽ ഞാനേറ്റവും അധികം വേദനിപ്പിച്ച കുഞ്ഞുവരെ. ലോകത്തിൻറെ പല കോണിലിരുന്ന്, മാസങ്ങളായി ഉറക്കമില്ലാത്ത എന്നെ ഉറങ്ങാതെ മുറുക്കിപിടിക്കുന്ന നിങ്ങൾക്ക് വേണ്ടിയെങ്കിലും തിരിച്ചുവരണം.

വാട്സപ്പിലും ബ്ലോഗിലുമെല്ലാം ഇടുന്ന സ്റ്റാറ്റസുകൾ കണ്ട് വിളിക്കുകയും മെസേജ് അയക്കുകയും – ഒരിക്കലും ഉത്തരം ലഭിച്ചിട്ടില്ലാത്ത – ചെയ്തവരോട്, മറുപടികൾ തരാനായി തിരികെവരാം എന്ന് പ്രതീക്ഷിക്കുന്നു. ഇൻസ്റ്റഗ്രാം വാട്സ് അപ്പ് അടക്കമുള്ളവ നിർജീവമായിരിക്കും. ചിലപ്പോൾ ബ്ലോഗ്ഗിൽ എഴുതിയിട്ടേക്കാം (ഒട്ടും ഉറപ്പില്ല). അങ്ങനെ സംഭവിച്ചാൽ ഇവിടം വിഷാദത്തിൻെറ മറ്റൊരു പൂക്കലാമായിരിക്കും ഒരപക്ഷെ എന്ന് ഞാൻ ഭയക്കുന്നു. ഓർമകളെ എനിക്ക് റദ്ദ് ചെയ്യാനാകാത്തതിനാൽ മാത്രം.

ശരിക്കുറങ്ങിയിട്ട് ആഴ്ച്ചകളും മാസങ്ങളുമായി. ഇനി എനിക്കൊന്ന് ഉറങ്ങണം. ഒടുവിലത്തേതാകില്ലെന്ന് പ്രത്യാശിക്കുന്നു.

മറ്റൊരു അധ്യായത്തിനായി ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കാം. ഞാനൊരു ശുഭാപ്തി വിശ്വാസിയോ അശുഭാപ്തി വിശ്വാസിയോ അല്ല. ആത്യന്തികമായി എല്ലാം Xpect tHe unXpected ആണല്ലോ

 

 

 

Saturday, 15 October 2022

ഭ്രമണപഥത്തിന് പുറത്തെ ചിലർ

സൌഹൃദത്തെകുറിച്ചാണ്, സുഹൃത്തുക്കളെക്കുറിച്ചാണ്. 

ഒരു സുഹൃത്ത് എപ്പോഴാണ് നല്ല സുഹൃത്താവുന്നത്

പരിചയക്കാരുടെ വലിയ പടതന്നെയുണ്ട്. പക്ഷെ ഇവരിൽ എത്രപേർ സുഹൃത്തുക്കളാണ് എത്രപേർ ആത്മസുഹൃത്തുക്കളാണ് ജീവിതത്തിലെ ഓരോ സാഹചര്യങ്ങളാണ് കണക്കെടുപ്പിലേക്ക് നയിക്കുന്നത്.

പടിയിറങ്ങാത്ത ചിന്തകൾക്കിടയിൽ കഴിഞ്ഞുപോയ കാലത്തെ സൌഹൃദങ്ങളെ ഒന്നിഴകീറീ നോക്കി. കഴിഞ്ഞ കുറച്ച് കാലങ്ങൾക്കിടിയിൽ സൌഹൃദപട്ടികയിലേക്ക് നിരവധിപേർ കടന്നുവന്നിട്ടുണ്ട്. ഇവരിലെല്ലാവരും സുഹൃത്തുക്കൾ തന്നെയാണോ എന്നതായിരുന്നു ചിന്ത.

കംഫർട്ടബിൾ ആണെന്ന ബോധ്യം വരാതെ പരിചയക്കാരിൽ നിന്ന് അത്രവേഗത്തിലൊന്നും സൌഹൃദപട്ടികയിലേക്ക് ആളുകളെ പൊതുവെ തിരുകികയറ്റാറില്ല. അബദ്ധത്തിൽ അങ്ങനെ പ്രൊമോട്ട് ചെയ്യപ്പെട്ടവരെയെല്ലാം മുമ്പും തരംതാഴ്ത്തിയിട്ടുണ്ട്. അങ്ങനെ പുതുക്കിയ പട്ടികയിൽ നിന്ന് ആരെയെങ്കിലും തരംതാഴ്ത്തേട്ടണ്ടതുണ്ടോയെന്നതായിരുന്നു ആലോചന.

സുഹൃത്ത് എന്നാൽ നിങ്ങൾ എന്തുചെയ്താലും കയ്യടിക്കുന്നവരല്ല. വിമർശിക്കേണ്ടതിനെ വിമർശിച്ചും തെറ്റുപറ്റുന്നുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടി തിരുത്തിക്കുന്നവനുമാണ്. പലപ്പോഴും നമ്മൾ നമ്മുടെ താങ്ങായും തണലായും കാണുന്നത് അവരെയായിരിക്കും. പലപ്പോഴും നമ്മുടെ മൂഡ് സ്വിങുകൾക്ക് ഇരയാകുന്നതും തിരികെപിടിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുക സുഹൃത്തുക്കളാണ്. അകലെയിരുന്നാലും അടുത്തിരുന്നാലും നമ്മെ മനസിലാക്കി, നമ്മുടെ തെറ്റുകൾ തിരുത്താൻ സഹായിച്ച് കൈപിടിക്കുന്നവരാണ് അവർ.

സമീപകാല അനുഭവങ്ങളിലൂടെ പോകുമ്പോൾ ചിലത് തിരിച്ചറിയുന്നു. നമ്മൾ ചെയ്യുന്നത് തെറ്റാണ് എന്ന് തിരിച്ചറിഞ്ഞിട്ടും അത് ശ്രദ്ധയിൽപ്പെടുത്താതെ ആ തെറ്റ് മറ്റുള്ളവരെ വേദനിപ്പിക്കുന്നത് അടുത്തുനിന്ന് കണ്ടിട്ടും നമ്മോട് ഒരു വാക്ക് പോലും പറയാത്ത – പറയാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉള്ളവർ തന്നെ – ചില സപഹൃത്തുക്കളെ കണ്ടു. നമ്മോട് പറയാതെ നമ്മുക്ക് അറിഞ്ഞോ അറിയാതെയോ പറ്റിയ തെറ്റിനെ വിമർശിച്ച് മറ്റുള്ളവരോട് ഇവർ ആവർത്തിക്കുന്നുവെന്ന് കൂടിയാകുമ്പോൾ അത് എത്രമാത്രേ വേദനാജനകമായിരിക്കും. ഒരുപക്ഷെ എന്തെങ്കിലും വ്യക്തിതാൽപര്യമോ അല്ലെങ്കിൽ തെറ്റിദ്ധാരണയോ അതുമല്ലെങ്കിൽ മറ്റെന്തിങ്കിലും കാരണങ്ങളോ കാണുമായിരിക്കും. എന്തുകൊണ്ടാണ് അങ്ങനെ പെരുമാറിയതെന്ന് ചോദിക്കാൻ പോലും ശ്രമിക്കാതെ അവരെങ്ങനെയാണ് നമ്മളെ ജഡ്ജ് ചെയ്യുന്നത്. എന്ത് സാഹചര്യത്തിലാണ്, ഏത് അവസ്ഥയിലാണ് അങ്ങനെ പെരുമാറേണ്ടിവന്നതെന്ന് ചോദിക്കാൻ പോലും തയ്യാറാകാതെ വിധിയെഴുതുന്നതിനെ സൌഹൃദമെന്ന് വിളിക്കാനാവില്ല. ഒരുവശത്ത് നമ്മളെ തള്ളുകയും മറുവശത്ത് നമ്മളോട് ചിരിച്ച് സംസാരിക്കുകയും ചെയ്യുന്നത് ഓരേസമയം അഭിനയവും വഞ്ചിക്കലുമാണെന്ന് കരുതിയാൽ അതിനെ തെറ്റെന്ന് പറയാനാവുമോ. പല പാതിരാകളിലും ഇവരുടെയെല്ലാം വ്യക്തിപരമായ സങ്കടങ്ങളിൽ കൂട്ടിരുന്നത് പോലും അവർ പക്ഷെ സൗകര്യപൂർവ്വം മറന്നു. 



എല്ലാ സൌഹൃദങ്ങളും അങ്ങനെയല്ല. ലോകത്തിൻറെ വിവിധ ടൈം സോണിലിരുന്ന് ചേർത്ത് പിടിക്കുന്ന ഒരുപിടി സുഹൃത്തുക്കളുമുണ്ട്. ഏറ്റവും കഠിനമായ സാഹചര്യത്തിലും മുന്നോട്ട് കൈപിടിച്ച് നടത്തുന്ന ചിലർ. വിഷാദത്തിൻറെ ചതിക്കുഴിയിൽ വീണ് ഉറക്കവും മനസിൻറെ കടിഞ്ഞാണും നഷ്ടപ്പെട്ട് കരച്ചിലടക്കാൻ പാടുപെട്ടപ്പോൾ രാവ് പുലരും വരെ കൂട്ടിരിക്കുന്നവർ, ഒപ്പം കരഞ്ഞുപോയവർ. എല്ലാ ഒരുക്കങ്ങളും ചെയ്ത് യാത്രയ്ക്ക് പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നവർ. മാറിനിൽക്കാൻ നിർബന്ധിക്കുന്നവർ (മേൽവിലാസം മാറിയാലും മാറാത്ത ഓർമകളെ പക്ഷെ എന്ത് ചെയ്യാൻ). സൈക്കോളജിസ്റ്റുകളേയും സെക്യാട്രിസ്റ്റുകളേയും വിളിച്ച് എനിക്ക് വേണ്ടി സംസാരിക്കുകയും അപോയിൻറ്മെൻറുകൾ ഫിക്സ് ചെയ്തുമെല്ലാം മുറുക്കെ പിടിച്ചവർ. ഒരുപക്ഷെ എൻറെ ദേഷ്യത്തിൻറെ  ഏറ്റവും വലിയ ഇരകളായിരുന്നവരും ഇവർതന്നെയാകണം. മുൻവിധികളില്ലാതെ നേരിട്ട് വന്ന് സംസാരിച്ച് ആർതൽ പകർന്നവർ,  (മുൻവിധിയോടെ വന്ന് സംസാരിച്ച് ആ മുൻവിധിയിൽ തന്നെ ഉറച്ച് നിന്നവരും ഉണ്ട്) മറുപടി ലഭിച്ചേക്കില്ലെന്നറിഞ്ഞും സംസാരിച്ചേക്കില്ലെന്നറിഞ്ഞും മെസേജ് അയച്ചും കോൾ ചെയ്തും ഒപ്പം നിന്നവർ, ഒട്ടും പരിഭവമില്ലാതെ ഇപ്പോഴും അവർ എനിക്കുചുറ്റും ഭ്രമണം ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്. ഇനിയും തുറന്ന് വായിച്ചിട്ടില്ലാത്ത നിങ്ങളുടെ സന്ദേശങ്ങൾക്കെല്ലാം മറുപടി ഒരിക്കൽ തന്നിരിക്കും, ഉറപ്പ്...

ഇവർ വെറും സുഹൃത്തുക്കളല്ല. ആത്മസുഹൃത്തുകളെന്നതിനും അപ്പുറമാണ്. പക്ഷെ ആദ്യം പറഞ്ഞവർ, നിങ്ങൾ എൻറെ സുഹൃത്തുക്കളല്ല. ഇനിയും നമ്മൾ കണ്ടേക്കാം, സംസാരിച്ചേക്കാം, ഒരു മേശക്കപ്പുറമിപ്പുറമിരുന്ന് ചായകുടിച്ചേക്കാം. നിങ്ങൾ എന്തെങ്കിലും സംശയമോ സഹായമോ തേടി വന്നേക്കാം, തീർച്ചയായും സഹായിക്കും. പക്ഷെ അപ്പോഴും നിങ്ങൾ എൻറെ സുഹൃത്തുക്കളായിരിക്കില്ല. നിങ്ങളോട് വിരോധമോ പരിഭവമോ ദേഷ്യമോ വെറുപ്പോ ഒന്നുമില്ല. ഒരുപക്ഷെ എൻറെ തെറ്റിദ്ധാരണയുമായിരിക്കാം. നിങ്ങൾക്ക് അതുകൊണ്ട് ഒരുചുക്കും സംഭവിക്കില്ലെന്ന് അറിയാം പക്ഷെ തൽക്കാലം തിരുത്താൻ ആവില്ല.      

 

Monday, 10 October 2022

അപ്പോൾ മറുവശത്ത് ചില മനിതർകൾ...

വിനോദ്

പ്രായം ഒരു 25 - 26 വരും. നല്ല ഉയരവും തടിയുമുള്ള ഒത്തശരീരം. സ്വദേശം പാലക്കാട്.

ഇരുപത്തിയാറ് വർഷങ്ങൾക്ക് മുമ്പത്തെ ഒക്ടോബറിലാണ് തൃശ്ശൂർ മെഡിക്കൽ കോളേജിലെ പുരുഷൻമാരുടെ വാർഡിൽ വെച്ചാണ് വിനോദേട്ടനെ ആദ്യമായും അവസാനമായും കണ്ടത്. ജീവിതത്തിലെ ഏറ്റവും ദൈർഘ്യവും കഠിനവുമായ മറ്റൊരു ആശുപത്രിവാസക്കാലത്ത്.

പുന്നയൂർക്കുളത്തെ ശാന്തി നഴ്സിങ് ഹോമിൽ നിന്ന് റഫർ ചെയ്ത് മെഡിക്കൽ കോളേജിലെ വാർഡിലേക്ക് എത്തിച്ചപ്പോൾ മുതൽ കാണുന്നുണ്ട് വിനോദേട്ടനെ. ചിരിച്ചുകൊണ്ട് വീൽചെയറിൽ നിന്ന് എന്നെ കട്ടിലിലേക്ക് എടുത്തുകിടത്താൻ നഴ്സുമാരെ സഹായിക്കാൻ എത്തിയപ്പോഴാണ് ആദ്യമായി കണ്ടത്. എൻറേതിൽ നിന്ന് രണ്ട് കട്ടിലപ്പുറത്താണ് വിനോദേട്ടൻറെ ഇടം. ആ വാർഡിലെ എല്ലാകട്ടിലിലേയും രോഗികളുടെ അടുത്തെല്ലാം ഓടിയെത്തി ചിരിച്ചുകൊണ്ട് അവർക്ക് വേണ്ട സാധനങ്ങളെല്ലാം വാങ്ങിക്കൊടുക്കും. രാവിലെ ബ്രഡും മുട്ടയും പാലുമെല്ലാം എടുത്തുകൊടുക്കാൻ നഴ്സുമാർക്കും അറ്റൻറർമാർക്കുമെല്ലാം സഹായവുമായി ആ വാർഡിലെങ്ങും നിറഞ്ഞുനിൽക്കുകയാണ് വിനോദ്. അവിടെ ഒരു വാർഡ് തിരഞ്ഞെടുപ്പ് നടത്തിയാൽ എതിരില്ലാതെ തന്നെ വിനോദ് തിരഞ്ഞെടുക്കപ്പെടുമെന്നുറപ്പ്.

വിനോദേട്ടനെ കാണാൻ കാര്യമായ ആരും വന്നുകണ്ടിട്ടില്ല. കൂട്ടിന് ഒരു സുഹൃത്ത് മാത്രം. പേര് സുരേഷ് എന്നോ അശോകൻ എന്നോ മറ്റോ ആണ്. കൃത്യമായി ഓർമയില്ല. ചിലദിവസങ്ങളിൽ രാവിലെ പോകുന്ന ചേട്ടൻ വൈകുന്നേരമാകുമ്പോഴേക്കും കൂട്ടിരിക്കാൻ എത്തും. ഞാൻ എത്തുന്നതിനും ഒരാഴ്ച്ചമുമ്പാണ് വിനോദേട്ടൻ എത്തിയത്. ഉച്ചക്ക് ഭക്ഷണം വാങ്ങിത്തരാനും ചായവാങ്ങിക്കൊണ്ടുത്തരാനുമെല്ലാം വിനോദേട്ടൻ അമ്മയ്ക്ക് സഹായമായി. ചിരിച്ചും ചിരിപ്പിച്ചും ഓടി നടക്കുന്ന വിനോദേട്ടനെന്താണ് അസുഖം.. അമ്മ ചോദിച്ചപ്പോൾ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് പറഞ്ഞ് വിനോദേട്ടൻ പൊട്ടിചിരിച്ചത് ഇപ്പോഴും തെളിഞ്ഞുനിൽപ്പുണ്ട്. ഒന്നല്ലത്രേ ഒമ്പത് വട്ടമാണ് ശ്രമിച്ച് പരാജയപ്പെട്ടതെന്ന് കൂട്ടിനിരുന്ന ചേട്ടനാണ് പറഞ്ഞത്. ചിരിച്ചുകൊണ്ട് തന്നെ വിനോദേട്ടൻ അപ്പോഴും ഇരുന്നു. എന്തിനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഒരു ചേച്ചിയുടെ റോളെടുത്ത് അമ്മയുടെ ഉപദേശം.

വിനോദേട്ടന് വീട്ടിൽ അമ്മയും അച്ചനും ഒരു ചേച്ചിയും ചേട്ടനും അനിയത്തിയുമുണ്ട്. അച്ചനും അമ്മയും അധ്യാപകർ. ചേട്ടനും ചേച്ചിയും ജോലിക്കാർ തന്നെ. അനുജത്തി പഠിക്കുന്നു. വിനോദേട്ടൻ പിജി ഒക്കെ കഴിഞ്ഞ് ഏതോ ബാങ്കിലോ മറ്റോ ജോലിയൊക്കെ ഉള്ള ആളാണ്. സാമ്പത്തിക പ്രശ്നമോയില്ല. എന്നിട്ടും എന്താണ് പ്രശ്നം. അഹങ്കാരമാണെന്ന് കൂട്ടുകാരൻ. തല്ലുകൊള്ളാത്ത അസുഖമെന്ന് അമ്മ. അക്കാലത്ത് കടം കേറിയും പ്രണയനൈരാശ്യംമുലവുമാണ് ആളുകൾ മരിക്കുന്നതെന്നായിരുന്നു കേട്ടിട്ടുള്ളതത്രയും. സ്വയം മരിക്കാൻ മറ്റ് കാരണങ്ങൾ പതിനാലുകാരൻറെ അറിവിൽ ഇല്ല. പലതവണയായി വിഷവും ഗുളികകളുമെല്ലാം കഴിച്ച് മരുന്നുകളുടെ പാർശ്വഫലത്തെ തുടർന്ന് പലതരം അസുഖങ്ങൾ ഉണ്ടത്രേ വിനോദേട്ടന്. അതെല്ലാം കാരണം ഡോക്ടർ ഡിസ്ചാർജ് കൊടുക്കുന്നില്ലത്രേ.  

ദിവസങ്ങളോളം നീണ്ട മെഡിക്കൽ കോളേജ് വാസത്തിനൊടുവിൽ വീട്ടിലേക്ക് മടക്കുമ്പോൾ യാത്രയാക്കാനായി പുറത്ത് കാറുവരെ വന്നു വിനോദേട്ടൻ. ഇനി ആത്മഹത്യയൊന്നും ചെയ്യരുതെന്ന് അമ്മ ഉപദേശിക്കുമ്പോൾ നല്ലകുട്ടിയായി കാണണം എന്ന് പറഞ്ഞപ്പോഴും ആദ്യം കണ്ടപ്പോഴത്തെ അതേ നിറചിരിതന്നെ മുഖത്ത്.  

വീട്ടിലേക്ക് മടക്കിയശേഷവും മാസങ്ങളോളം വീട്ടിൽ തന്നെ മരുന്നും ചികിത്സയുമായി കഴിയുന്നതിനിടെ ഒരിക്കൽ വിനോദേട്ടൻ വിളിച്ചിരുന്നു. പിന്നീട് പക്ഷെ ഒരിക്കലും വിളിച്ചിട്ടില്ല. പലപ്പോഴും വിനോദേട്ടൻ മനസിലേക്ക് ഓടിയെത്താറുണ്ട്. ആത്മഹത്യ വാർത്തകൾ കേൾക്കുമ്പോൾ, ഒരു ചിത്രത്തിൽ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും പരാജയപ്പെടുന്ന ദിലീപിൻറെ കഥാപത്രത്തെ കാണുമ്പോൾ...

എല്ലായിപ്പോഴും ചിരിക്കുന്ന, ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്ന വിനോദേട്ടൻറെ മുഖം പിന്നീട് പലപ്പോഴും മനസിലേക്ക് വരുമ്പോഴെല്ലാം വിചാരിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ഇത്രയും സന്തോഷവാനായ മനുഷ്യൻ സ്വയം ഇല്ലാതാകാൻ ശ്രമിച്ചുകൊണ്ടേയിരുന്നത് എന്ന്. എല്ലാവരും ചുറ്റിലുമുള്ളപ്പോൾ ഒറ്റയാകുന്നത് എങ്ങനെയെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.  

എല്ലാ ആത്മഹത്യകൾക്കും കാരണം കടവും പ്രണയവുമല്ലെന്ന് തിരിച്ചറിയാൻ പിന്നെയും പലവർഷങ്ങൾ വേണ്ടിവന്നു. എല്ലാ ചിരിക്കും പിന്നിൽ അടക്കിപിടിച്ച കരച്ചിലുകളും വേദനയുമുണ്ടെന്ന് തിരിച്ചറിയാൻ വർഷങ്ങൾ പിന്നെയുമെടുത്തു. എല്ലാ ആൾക്കൂട്ടത്തിനിടയിലും ചിലർ ഒറ്റക്കാവാറുണ്ടെന്ന് തിരിച്ചറിയാൻ പിന്നെയും സമയമെടുത്തു. കാണുന്ന, കേൾക്കുന്ന കഥകൾക്കപ്പുറം ഒരുവൻ നേരിടുന്ന ആന്തരിക സംഘർഷങ്ങൾ അനന്തമാണെന്ന് തിരിച്ചറിയാൻ, അവ രണ്ടാമതൊരുവനോട് പങ്കുവെക്കാൻ സാധിക്കാതെ നീറിപുകയുന്നത് അറിയാൻ ഇതെല്ലാം സ്വയം അനുഭവിക്കേണ്ടിവന്നു. വിഷാദമെന്നത് പുറമേക്ക് ശാന്തമായി ഒഴുകി ഉള്ളിൽ വലിയ ചുഴി ഒളിപ്പിച്ചുവെച്ച കയമാണെന്ന് അനുഭവം കാട്ടിതന്നു.

ഒരുവന് തൻറെ പ്രശ്നങ്ങൾ എല്ലായിപ്പോഴും എല്ലാവരോടും തുറന്നുപറയാൻ ആയിക്കൊള്ളണമെന്നില്ല. അപൂർവ്വമായിമാത്രമേ അവൻ തുറന്നുസംസാരിച്ചേക്കു. അതിനുപോലും പലപ്പോഴും അവൻ വളരെ സ്ട്രഗിൾ ചെയ്യും. കുറച്ച് അവിടെയും ഇവിടെയും നിന്നായിരിക്കും അവൻ മനസ് തുറക്കുക. പലപ്പോഴും അടിത്തട്ടിൽ കുരുങ്ങികിടക്കുന്ന വേദനകളെ, ആത്മസംഘർഷങ്ങളെ വാക്കുകളാക്കാൻ അവൻ കഷ്ടപ്പെടുകയായിരിക്കും. അത് മനസിലാക്കി അവനോട് സംസാരിച്ചുകൊണ്ടേയിരിക്കണം. പല മുഖമൂടികളായിരിക്കും അവർ അവരെ മറക്കാനായി അണിയുക. ചിലർ ചിരിച്ചും ചിരിപ്പിച്ചും നടക്കും. ചിലരാകട്ടെ സർവ്വതിനോടും കലഹിച്ചും പൊട്ടിത്തെറിച്ചും നടക്കും. വേറെ ചിലർ സ്നേഹിച്ചും ദേഷ്യപ്പെട്ടും നടക്കും. അറിഞ്ഞുകൊണ്ടാവില്ല, മനപ്പൂർവമാവില്ല അവർ നിങ്ങളെ വേദനിപ്പിക്കുന്നത്. വേദനിപ്പിക്കുമ്പോഴും അവരപ്പോഴും ഉള്ളിൽ പുകയുകയായിരിക്കും, സ്വയം വേദനിക്കുകയായിരിക്കും. നിങ്ങളെ ചിരിപ്പിക്കുമ്പോഴും നിങ്ങൾ സന്തോഷിക്കുമ്പോഴും മറുവശത്ത് അവർ കരയുകയായിരിക്കും....

ദേഷ്യപ്പെട്ടും കലഹിച്ചുമെല്ലാം നടക്കുമ്പോഴും അവർ ബന്ധങ്ങളെ തിരഞ്ഞുകൊണ്ടേയിരിക്കും. അവയില്ലാതെ, ഇടം നഷ്ടമായിക്കൊണ്ടിരിക്കുമ്പോഴാണ് അവർ ആത്മഹത്യയിലഭയം തിരയുന്നത്. കേൾക്കാനുള്ള ചെവികൾ ഇല്ലാതാകുന്നത്, ചായാൻ ഒരു തോളില്ലാതാകുന്നത്, ഒന്നു പുണരാൻ തുറന്നുപിടിച്ച കരങ്ങളില്ലാതാവുന്നത് എല്ലാം അവരെ ജിവനോടെ ഇല്ലാതാക്കും. തങ്ങളിലേക്ക് ചുരുങ്ങി ചുരുങ്ങി ഒരു അഗ്നിപർവ്വതം പോലെ എല്ലാം ഒള്ളിലൊതുക്കും. പിന്നെ  സ്വയം പൊട്ടിത്തെറിച്ച് ഇല്ലാതാകാൻ തീരുമാനിക്കും...

നിഷേധിക്കപ്പെടുന്ന ഓരോ ചെവിയും കരങ്ങളും തോളുകളും നിഷേധിക്കുന്നത് ചെറുതല്ലാത്ത ആശ്വാസമാണ്, ജീവിതങ്ങളാണ്...

കഴിഞ്ഞദിവസം രാത്രിയിൽ വിനോദേട്ടനെ വീണ്ടും ഒർത്തു. കാരണമുണ്ട്. മടുത്ത് മടങ്ങാൻ ഒരുവൻ തീരുമാനിക്കുന്ന ആ നിമിഷം നേരിട്ട് അനുഭവിച്ചറിഞ്ഞപ്പോൾ....

വിനോദേട്ടൻ പിന്നീടും ആത്മഹത്യക്ക് ശ്രമിച്ചുവോ? അതിലും പരാജയപ്പെട്ടിരിക്കുമോ...? അറിയില്ല. പക്ഷെ ആ മനുഷ്യനും പുറത്ത് കാണിക്കാനാവാത്ത ഒരായിരം മുറിവുകൾ ഉള്ളിൽ ഉണ്ടായിരുന്നുവെന്നത് തീർച്ച... ആ നീറ്റലുകളിൽ നിന്ന് അയാൾ ഒരു രക്ഷപ്പെടൽ കൊതിച്ചതിനെ അഹങ്കാരമെന്ന് വിളിക്കാൻ എനിക്കാവില്ല. നേരിയതെന്ന് പുറമേയ്ക്ക് തോന്നിക്കുന്ന പല മുറിവുകൾക്കും കൊക്കയോളമുണ്ട് ആഴം.... ആ ആഴം താണ്ടാൻ എല്ലായിപ്പോഴും ഒരുവന് സാധിക്കണമെന്നില്ല....

 

ഹാപ്പി മെൻറൽ ഹെൽത്ത് ഡേ...  

 

 

Wednesday, 5 October 2022

പേമാരിക്ക് ശേഷം മരം പെയ്യുമെന്ന് കൊതിച്ചിരുന്നു...

എഴുത്തുകളിൽ പ്രതിഫലിക്കുന്നത് ചിന്തകളാണ്. എഴുതാനിരിക്കുമ്പോൾ അനുഭവിക്കുന്ന വികാരങ്ങളോ വിചാരങ്ങളോ വ്യാകുലതകളോ ആണ്. അതിൽ വിഷാദവും നിരാശയും സങ്കടവും നഷ്ടബോധങ്ങളും കുറ്റബോധവും തെറ്റുതിരുത്തലുകളും ഒട്ടും കുറയാത്ത അളവിൽ മരണാസക്തിയും നിറഞ്ഞിരിപ്പുണ്ട്.

ജീവിതത്തിൽ പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നത് തന്നെയാണ് ഒരുവനെ നിരാശനാക്കുന്നത്, വിഷാദത്തിൻറെ വർണമില്ലാത്ത താഴ്വരയിലേക്കും മരണത്തിൻറെ കറുത്തകൊക്കയിലേക്കും തള്ളിവിടുന്നത്. തിരികെ കയറാനുള്ള ശ്രമങ്ങൾ എല്ലാം പാഴാവുകയും ഒരുകരം പോലും നീളാതെയിരിക്കുകയും ചെയ്യുമ്പോൾ പിന്നെ ആശ്രയം എന്തായിരിക്കും.

മനസിൻറെ താളം തെറ്റുന്നത് പലപ്പോഴും അറിഞ്ഞുകൊള്ളണമെന്നില്ല. ഇനി അഥവാ അറിഞ്ഞാൽ തന്നെ സമ്മതിച്ചുകൊടുക്കാൻ സാധിച്ചുകൊള്ളണമെന്നുമില്ല. മരുന്നുകൾക്കോ മന്ത്രങ്ങൾക്കോ പലപ്പോഴും തിരികെ പിടിക്കാൻ സാധിക്കണമെന്നില്ല ആ താളപ്പിഴകൾ.

എന്തുകൊണ്ട്, എപ്പോൾ മുതൽ പിഴച്ചുതുടങ്ങിയെന്നത് തിരിച്ചറിയാതെ മനസിനേറ്റ മുറിവുകളെ ഉണക്കുവാൻ സാധിക്കില്ല. പലപ്പോഴായുണ്ടായ ചെറിയ ചെറിയ കോറലുകൾ കൂടിയാണ് വലിയ മുറിവുകളാവുന്നത്. നൂറായിരം ഒറ്റമരങ്ങൾ ഒരു വലിയകാടാവുന്നത് പോലെ... 

മുറിവുകൾക്ക് ആശ്വാസമേകാൻ ഒരുമരുന്നിനും സാധിക്കില്ല. പകരം അവയെ മറക്കാൻ പ്രേരിപ്പിക്കുന്ന രാസമിശ്രിതമാകാനേ സാധിക്കൂ. പല മുറിവുകൾക്കും വർഷങ്ങളുടെ പഴക്കമുണ്ടാകാം. ഒറ്റപ്പെടലിൻറെ നീറുന്ന കഥകൾ പറയാനുണ്ടാകും ഓരോ മുറിവിനും. അവഗണനയുടെ, അടക്കിപിടിച്ച സങ്കടങ്ങളുടെ, വേദനയുടെ കറുത്തുണങ്ങിക്കിടക്കുന്ന വടുക്കളുമാവാം. എത്ര ഉണങ്ങിയാലും മുറിവിൻറെ നീറ്റൽ, അതില്ലാതാകില്ല. അപ്പോഴെല്ലാം വേണ്ടതൊരു കരുതലായിരുന്നു. ഒപ്പമുണ്ടെന്ന കരുതൽ, കൈവിടില്ലെന്ന വിശ്വാസം. അങ്ങനെയൊരു തണലിന് മാത്രമേ വേദനാസംഹാരിയാകാൻ പറ്റൂ..

മനസിൻറെ അടിത്തട്ട് വരെ ആഴ്ന്നിറങ്ങിയ ആ പൊള്ളലിൽ കിടന്ന് പുളഞ്ഞപ്പോഴെല്ലാം തിരഞ്ഞത് തണുപ്പിനാണ്. തണലായ ചെറുമരങ്ങളെ പലപ്പോഴും അറിഞ്ഞും അറിയാതെയും വേദനിപ്പിച്ചു. അപ്പോഴും ഉള്ള് ഒരു കുളിർമഴയെ കൊതിച്ചിരുന്നു. തമ്മിലുലച്ച പോമാരിക്ക് ശേഷവും ആ മരംപെയ്യുമെന്ന് പ്രതീക്ഷിച്ചുകൊണ്ടേയിരുന്നിരുന്നു....

പ്രതീക്ഷകളാണ് ഏറ്റവും ഭാരമേറിയ ശവപ്പെട്ടിയെന്നറിയാതെ...

 

 

 

Tuesday, 4 October 2022

തെറ്റിനും ക്ഷമയ്ക്കുമിടയിലെ 'ചത്തുപോയ സുഹൃത്ത്'

 

ചത്തുപോയ സുഹൃത്ത്...

ആ പ്രയോഗം ഇങ്ങനെ മനസിൽ കിടന്ന് നീറുന്നുണ്ട്. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കൾ മരിച്ചുപോകുന്നതിൻറെ വേദന ഒന്നിലേറെ തവണ അനുഭവിച്ചതുകൊണ്ടുതന്നെ അത് വല്ലാതെ പൊള്ളിക്കും. അപ്രതീക്ഷിതമായി ജീവൻ നഷ്ടപ്പെട്ട ഒരുവൻറെ തണുത്തുറഞ്ഞ ശരീരം വർഷങ്ങൾക്കിപ്പുറവും വലത് ഉള്ളംകയ്യിനെ പൊള്ളിക്കുന്നുണ്ട്. മറ്റാരുടെ വിയോഗത്തേക്കാളുമേറെ മരവിപ്പിച്ചുകളഞ്ഞ മരണങ്ങൾ.

ജീവിച്ചിരിക്കെ തന്നെ മരിച്ചെന്ന് കരുതുക എന്നത് വലിയ ശിക്ഷയാണ്. ഏറ്റവും ക്രൂരവും. അത് പ്രിയപ്പെട്ടവരാകുമ്പോൾ, നമ്മൾ അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചവരാകുമ്പോൾ, അതിൽ നാം പശ്ചാത്തപിക്കുമ്പോൾ, അതിനേക്കാൾ വലിയ ക്രൂരത മറ്റൊന്നില്ല.



പ്രിയപ്പെട്ടൊരാൾ വിടവാങ്ങുമ്പോൾ ഇല്ലാതാകുന്നത് വെറും ഒരു വ്യക്തിയല്ല. മറിച്ച് വലിയ ഒരിടമാണ്. പലപ്പോഴും ചാരിയിരുന്നിരുന്ന ഒരു മരമാണ്. നമുക്കായി കൂർപ്പിച്ചുവെച്ച ഇരു ചെവികളാണ്, ശബ്ദമായ നാവാണ്, ഒപ്പം അടിവെച്ച രണ്ട് പാദങ്ങളാണ്. ആ ഒരിടം എപ്പോഴും ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് പലപ്പോഴും നമ്മൾ തെറ്റിക്കൊണ്ടേയിരിക്കുന്നത്. എത്രതെറ്റിയാലും ചേർത്തുപിടിക്കുന്ന കരങ്ങൾ അവിടെയുണ്ടെന്ന ആത്മവിശ്വാസം. അതാവണം പലപ്പോഴും അവരോട് നാം തെറ്റ് ചെയ്തുകൊണ്ടേയിരിക്കുന്നതിനുള്ള (തെറ്റായ)  ന്യായീകരണവും. ആ തെറ്റ് എത്രമാത്രം ഗുരുതരമാണെന്ന് നമ്മൾ അറിയാൻ വൈകുംതോറും വേദനയുടെ ആഴവും പരപ്പും ഏറിക്കൊണ്ടിരിക്കും, നമ്മളറിയാതെ.  

കണ്ണുള്ളപ്പോൾ കാഴ്ച്ചയുടെ വിലയറിയില്ലെന്നാണ് ചൊല്ല്. സത്യമാണ്. കൂടെയുള്ളപ്പോൾ നമ്മൾ കാണാതെ പോകുന്നത്, ഇല്ലാതാകുമ്പോൾ നാം കാണാൻ തുടങ്ങും. പക്ഷെ അപ്പോഴേക്കും ചുറ്റിലും ഇരുട്ട് പരന്നിരിക്കും. ഒരു വഴിവിളക്കിനും മായ്ക്കാനാവാത്തത്ര ഇരുട്ട് നമ്മെ ചുറ്റിവരിഞ്ഞിരിക്കും. തെറ്റിന് എത്രതന്നെ മാപ്പിരന്നാലും ഒരുപക്ഷെ കിട്ടിയെന്നുവരില്ല. കാരണം മുറിവേറ്റവനേ മുറിവിൻറെ വേദനയറിയൂ.

'തന്നോട് തെറ്റുചെയ്യുന്നവനോട് എത്ര പ്രാവശ്യം ക്ഷമിക്കണമെന്ന്' യേശുവിനോട് പത്രോസ് ഒരിക്കൽ ചോദിച്ചുവത്രേ. ബൈബിളിൽ പരിപൂർണതയുടെ സംഖ്യയായ ഏഴ് പ്രാവശ്യമാണോ എന്നായിരുന്നു പത്രോസിൻറെ സംശയം. 'ഏഴല്ല, ഏഴ് ഏഴുപത് പ്രാവശ്യം' എന്നായിരുന്നു യേശുവിൻറെ മറുപടി. ക്ഷമ ഇരട്ടിയാക്കുവാനാണ് യേശു ഉപദേശിച്ചത്. തെറ്റുചെയ്തവനോട് ദേഷ്യമില്ലെന്ന് പറയുന്നതും ക്ഷമിക്കുന്നതും രണ്ടാണ്.

അതിനാൽ തന്നെ, തെറ്റിനും ക്ഷമയ്ക്കുമിടയിലെ 'ചത്തുപോയ സുഹൃത്ത്' നീറ്റലിരട്ടിപ്പിച്ചുകൊണ്ടേയിരിക്കും....  

Monday, 3 October 2022

സിന്തറ്റിക്ക് ലഹരിയിൽ കുരുങ്ങി ക്യാമ്പസ്

 കോളേജ് വിട്ട് ഏറെ വൈകി മാത്രം കുട്ടി വീട്ടിലെത്തുന്നതിലെ പരാതിയുമായാണ് അഭിരാമിയുടെ (പേര് സാങ്കൽപികം) അമ്മ കോളേജിലെ ടീച്ചർമാരുടെ മുന്നിലെത്തിയത്. രാത്രി വൈകി വീട്ടിലെത്തും. എത്തിയാൽ തന്നെ ആരോടും മിണ്ടാതെ മുറിയിൽ അടച്ചിരിക്കും. ഭക്ഷണം കഴിക്കാൻ പോലും പുറത്ത് വരില്ല. ചെറിയകാര്യങ്ങൾക്ക് പോലും വലിയതോതിൽ അക്രമാസക്തയാകുന്നു. സ്വഭാവത്തിലെ മാറ്റം അമ്മയെ ഭയപ്പെടുത്തി. അങ്ങനെയാണ് അമ്മ സങ്കടവുമായി ഡിപ്പാർട്ട്മെൻറിലെത്തിയത്. അതോടെ ടീച്ചർ ഇടപ്പെട്ടു. കുട്ടിക്ക് കൌൺസലിങ് നൽകി. അപ്പോൾ പുറത്തറിഞ്ഞത് ഞെട്ടിക്കുന്ന കഥകളാണ്. അഭിരാമിയുടെ ക്ലാസിലേതടക്കം  ഇരുപതോളം പെൺകുട്ടികൾ ആ കോളേജിൽ മാത്രം മയക്കുമരുന്നിന് അടിമകൾ. അടിമകൾ മാത്രമല്ല, വിൽപ്പനക്കാരും. ടീച്ചർ മറ്റ് കുട്ടികളേയും വിളിച്ചു സംസാരിച്ചു. കുട്ടികൾക്കെല്ലാം കൌൺസലിങ് നൽകി. പലരുടേയും വീട്ടിൽ ഇപ്പോഴും അറിയില്ല തങ്ങളുടെ മകൾ മയക്കുമരുന്നിന് അടിമകളാണെന്ന്.

മധ്യകേരളത്തിലെ ഒരു പ്രമുഖ കോളേജിൽ ആണ് അഭിരാമിയും കൂട്ടുകാരും പഠിക്കുന്നത്. ഈ കുട്ടികളേയും ടീച്ചറേയും ബന്ധപ്പെട്ട് നേരിട്ട് സംസാരിക്കാൻ ഒരു ശ്രമം നടത്തി. പക്ഷെ ഭയം മൂലം നേരിട്ട് സംസാരിക്കാൻ അവർ തയ്യാറായില്ല. കാരണം ഇതാണ്.

കോവിഡിന് തൊട്ടുമുമ്പായി ഒരു പഠനയാത്രയ്ക്ക് ഈ കുട്ടികളടങ്ങിയ സംഘവുമായി ടീച്ചർ എറണാകുളത്തേക്ക് വന്നു. പക്ഷെ അവരുടെ വാഹനത്തെ പിന്തുടർന്ന് മൂന്ന് ബൈക്കിലായി മറ്റൊരുസംഘവും എത്തി. കുട്ടികൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിലെ അംഗങ്ങൾ. സംഘത്തിൽ കോളേജിലെ മുൻ വിദ്യാർത്ഥികളും ഉൾപ്പെട്ടിരുന്നു. ഇതിന് ശേഷം വീട്ടിൽ നിന്ന് കോളേജിലേക്കുള്ള ടീച്ചറുടെ യാത്രകളിൽ ഈ സംഘം പിന്തുടരാനും തുടങ്ങി. വിഷയത്തിൽ കൂടുതൽ ഇടപെട്ടാൽ പണികിട്ടുമെന്ന് കുട്ടികൾ വഴി ടീച്ചർക്ക് സംഘം ഭീഷണിയും കിട്ടി. സ്വന്തം സുരക്ഷയും വീട്ടുകാരുടെ സുരക്ഷയും കരുതി ഭയന്ന് ടീച്ചർ അതോടെ പിൻമാറി.

നേരിട്ട് മുമ്പ് പരിചയമില്ലാത്തവരാണ് ഇവർക്ക് മയക്കുമരുന്ന് നൽകിയത്. സാമൂഹ്യമാധ്യമമായ ഇൻസ്റ്റാഗ്രാം വഴി പരിചയപെട്ടയാളാണ് അഭിരാമിക്ക് ലഹരി എത്തിച്ചുനൽകിയത്. സിന്തറ്റിക്ക് ലഹരി ഉപയോഗിച്ച് തുടങ്ങിയ അഭിരാമി പിന്നീട് കൂട്ടുകാരികളേയും ഇതിലേക്ക് ആകർഷിച്ചു. ഇൻസ്റ്റാഗ്രാം വഴി തന്നെയാണ് ഇവർ ഇടപാടുകളും നടത്തിയത്.

ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകൾ വഴിയാണ് ഇവർ ഇടപാടുകാരെ കണ്ടുമുട്ടുന്നതും ഇടപാടുകൾ നടത്തുന്നത്. പലപ്പോഴും അപരിചിതരുമായി ഇവർ സോഷ്യൽ മീഡിയകൾ പരിചയപ്പെടുകയും കുറ്റകൃത്യങ്ങളിലേക്ക് ചെന്നെത്തുകയും ചെയ്യുന്നുവെന്നതാണ് കാണുന്നത്. കോഡുഭാഷകളാണ് ഇവർ ഉപയോഗിക്കുന്നത് എന്നതിനാൽ തന്നെ പലപ്പോഴും പലർക്കും മനസിലാകാറില്ല എന്നതാണ് വസ്തുത. എക്സൈസ് അഡീഷണൽ കമ്മീഷണർ ഡി രാജീവ് ദി ഐഡത്തോട് പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ചെറുതും വലുതുമായി സംസ്ഥാനത്തെ പലക്യാമ്പസുകളിലും സംഭവിക്കുന്നുണ്ട്. തൃശ്ശൂർ ജില്ലയിലെ പല കോളേജിലും മയക്കുമരുന്ന് മാഫിയകൾ പിടിമുറുക്കിയിട്ടുണ്ട് എന്ന് ദി ഐഡം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടികളാണ് പലയിടത്തും ഇവരുടെ ഇരകളും കാരിയർമാരും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് പലയിടത്തും മയക്ക്മരുന്നിന് അടിമകളായശേഷം കാരിയർമാരായി മാറുന്നത്.

സാമ്പത്തികവും സാമൂഹികവുമായി മുന്നാക്കം നിൽക്കുന്ന കുട്ടികളാണ് പിയർ ഗ്രൂപ്പായി പലയിടത്തും പ്രവർത്തിക്കുന്നത്. അവർ പിന്നീട് സുഹൃത്തുക്കളെ ഇതിലേക്ക് നയിക്കുന്നു. അവരിൽ തന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അഡിക്ഷനായ ശേഷം ഇത് വാങ്ങാൻ പൈസയില്ലാതെ വരുമ്പോൾ മയക്കുമരുന്ന് മാഫിയകൾ തന്നെ ഇവരെ കാരിയറാക്കി മാറ്റുകയാണ്. ചിലരാണെങ്കിൽ പുറത്തുകടക്കാനാവാതെ കുടുങ്ങിപോവുകയും ചെയ്യുന്നുണ്ട്. സൈക്കോളജിസ്റ്റായ ശ്രുതി എൻ വി ദി ഐഡത്തോട് പറഞ്ഞു.

പലപ്പോഴും ഇത് ഇന്നത്തെ സമൂഹത്തിൽ അത്യാവശ്യമാണെന്ന തരത്തിലാണ് ഇവർ അഭിപ്രായപ്പെടുന്നത്. ഇതൊന്നും ഉപയോഗിച്ചില്ലെങ്കിൽ എന്തോ കുറവാണെന്ന അഭിപ്രായമാണ് കൌൺസിലിങ്ങിനെത്തുന്ന കുട്ടികൾക്ക്.

ശ്രുതി തുടരുന്നു : “മയക്കമുരുന്നും മദ്യവുമെല്ലാം ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻറ്. അതൊന്നും ഉപയോഗിച്ചില്ലെങ്കിൽ പിന്നെ നമ്മളൊക്കെ ജീവിച്ചിരിക്കുന്നതെന്തിന് എന്നാണ് ഒരു ഒമ്പതാം ക്ലാസുകാരൻ കൌൺസിലിങ്ങിന് വീട്ടുകാർ കൊണ്ടുവന്നപ്പോൾ ചോദിച്ചത്. അതൊക്കെ ഉപയോഗിക്കുന്നവരോട് കടുത്ത ആരാധനയാണെന്ന് ഒരു പത്താംക്ലാസുകാരി പെൺകുട്ടി പറയുമ്പോൾ പുതുതലമുറയെകുറിച്ച് ആശങ്കയേറുകയാണ്.

ഇത്തരത്തിൽ ലഹരിയുടെ പിടിയിൽ അകപ്പെട്ട പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ ലൈംഗികചൂഷണത്തിന് ഇരയായ സംഭവങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഇവർക്ക് ഭയം മൂലം മറ്റുള്ളവരോട് ഇതേകുറിച്ച് തുറന്ന് പങ്കുവെക്കാനാവാതെ മാനസിക നില തെറ്റുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത് ആത്മഹത്യകളിൽ വരെ എത്തിച്ച സംഭവങ്ങളുമുണ്ട്.  

ഇന്നത്തെ കുട്ടികളിൽ സോഷ്യൽ മീഡിയയും സിനിമയുമെല്ലാം  ചെലുത്തുന്ന സ്വാധീനം ചില്ലറയല്ല. പ്രത്യേകിച്ചും ആത്മവിശ്വാസകുറവ് കൂടുതലുള്ള കുട്ടികളിൽ. പലപ്പോഴും സിനിമകളിലെ ഹീറോമാരും വില്ലൻമാരുമെല്ലാം ലഹരി ഉപയോഗിച്ചശേഷം കൂടുതൽ ഊർജ്ജസ്വലരായി മാറുന്ന ദൃശ്യങ്ങൾ ഇവരിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് എക്സൈസ് അഡീഷണൽ കമ്മീഷണർ ഡി രാജീവ് ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ശ്രുതിയും ശരിവെക്കുന്നു.

രണ്ട് വർഷം മുമ്പ് എൻറെ അടുത്തുവന്ന ഒരു കോളേജ് വിദ്യാർത്ഥിയുടെ കഥ ഇത് ശരിവെക്കുന്നതാണ്. പഠിക്കാനൊക്കെ മിടുക്കനായിരുന്നെങ്കിലും ഭയങ്കര ഷൈയായിരുന്നു ആ പയ്യൻ. പ്ലസ് ടുവിൽ പഠിക്കുമ്പോൾ മുതലെ കുട്ടികൾ അവനെ അത് പറഞ്ഞ് കളിയാക്കി. അവൻറെ ഷൈനസ് മാറാൻ കൂട്ടത്തിലെ ഒരുവനാണ് അവന് മയക്കുമരുന്ന് ആദ്യമായി നൽകിയത്. അത് ഉപയോഗിക്കാൻ തുടങ്ങിയതോടെ അവന് ആത്മവിശ്വാസം കൂടിയത് പോലെ തോന്നിതുടങ്ങി. സ്വയം വലിയആളായി എന്നൊക്കെയുള്ള ഒരു തോന്നൽ. പിന്നെ ഉപയോഗം സ്ഥിരമായി. അതോടെ അവനെ ലഹരി കടത്തിനായും വിൽപ്പനയ്ക്കായുമെല്ലാം മയക്കമുരുന്ന് മാഫിയകൾ ഉപയോഗിച്ചു. ഇവരുടെ സ്വഭാവത്തിലും വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട് ഈ ലഹരികൾ. ഈ കുട്ടി വീട്ടുകാരെ ഒക്കെ ആക്രമിക്കാൻ തുടങ്ങിയതോടെയാണ് കൌൺസലിങ്ങിനായി കൊണ്ടുവന്നത്. അന്ന് അവൻ പറഞ്ഞത് അവന് ഉപയോഗിക്കുന്നത് നിർത്തിയാലും വിൽപ്പനയിൽ നിന്ന് ഊരിവരാൻ പറ്റില്ലെന്നാണ്. ഒന്നുകിൽ അവർ തന്നെ കൊല്ലുമെന്ന് അവൻ ഭയപ്പെട്ടിരുന്നു. അല്ലെങ്കിൽ അവൻ ആത്മഹത്യചെയ്യുമെന്ന അവസ്ഥ. അത്രമാത്രം മുറുക്കിയിട്ടുണ്ടായിരുന്നു മയക്ക്മരുന്ന് മാഫിയ അവനെ...  ഒടുവിൽ ഡീഅഡിക്ഷൻ സെൻററിൽ ഏറെകാലത്തെ ചികത്സയ്ക്കുശേഷം സാധാരണനിലയിലേക്ക് അവൻ മടങ്ങി. പക്ഷെ പുറത്തിറങ്ങി ആഴ്ച്ചകൾക്കകം എംഡിഎംഎ കൈവശം വെച്ചതിന് അവനെ എക്സൈസ് പിടികൂടി ഇപ്പോൾ ജയിലിലാണ്. അവനെ മയക്കുമരുന്ന് മാഫിയക്കാർ പെടുത്തിയതാണെന്ന സംശയവുമുണ്ട്...

പല കോളേജുകളിലും ലഹരി ഉപയോഗം കണ്ടെത്തിയ കുട്ടികൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാറുണ്ട്. ചിലരെ കോളേജിൽ നിന്നും സ്ക്കൂളുകളിൽ നിന്നും പുറത്താക്കുകയോ സസ്പെൻറ് ചെയ്യുകയോ ചെയ്യുന്നു. ചിലയിടങ്ങളിൽ അത് പുറത്തറിയാതെ ഒതുക്കിതീർക്കാറുമുണ്ട്. സ്ഥാപനത്തിൻറെ സത്പേരിന് ഇത് കോട്ടംവരുത്തുമെന്നതാണ് ഇതിന് അവർ നൽകുന്ന വിശദീകരണം. പക്ഷെ ഇത്തരത്തിൽ സംഭവങ്ങൾ മറച്ചുവെയ്ക്കപ്പെടുമ്പോൾ തെറ്റുകൾ തിരുത്താനും കുട്ടികൾക്ക് വേണ്ട കൌൺസലിങ്ങ് നൽകുന്നതിനും കൂടുതൽ പേർ ഇതിൽ പെട്ടിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്തി തിരുത്തിക്കുന്നതിനോ ഉള്ള അവസരമാണ് നഷ്ടമാകുന്നത്. ഒപ്പം     ഇതിന് പിന്നിലെ വലിയ ശക്തികൾ രക്ഷപ്പെടുകയും ചെയ്യും. അതിനൊപ്പം തന്നെ കുട്ടികളെ പുറത്താക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്ന് സ്ഥാപനങ്ങളും കരുതരുത്. അറിഞ്ഞോ അറിയാതെയോ തെറ്റിൻറെ വഴിയിലെത്തിയ കുട്ടികളെ തിരികെ നേർവഴിക്ക് കൊണ്ടുവരിക എന്നത് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കൂടി ഉത്തരവാദിത്വമാണ്.

..............

ദി ഐഡത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം

സിന്തറ്റിക്ക് ലഹരിയിൽ കുരുങ്ങി ക്യാമ്പസുകൾ

 

ലഹരി കുടുക്കിൽ കുരുന്നുകൾ

  പതിനാറുകാരനായ ഗൌരവ് പഠിക്കുന്നത് തലസ്ഥാനത്തെ പേരുകേട്ട വിദ്യാലയത്തിലാണ്. സ്ക്കൂളിൽ പഠനത്തിലും പഠനേതരപ്രവർത്തനങ്ങളിലും മുമ്പൻ. അധ്യാപകർക്കും നാട്ടുകാർക്കുമെല്ലാം പ്രിയപ്പെട്ടകുട്ടി. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ഗൌരവിൻറെ മാതാപിതാക്കൾക്കിടിയൽ പ്രശ്നങ്ങൾ ആരംഭിച്ചു. പ്രശ്നങ്ങൾക്കൊടുവിൽ അവർ വേർപിരിഞ്ഞു. ഇതോടെ ഒറ്റപ്പെട്ട ഗൌരവ് സ്ക്കൂളിൽ പോകാതെ പാർക്കിലും ഷോപ്പിങ് മാളിലുമെല്ലാം കറങ്ങിനടക്കാൻ തുടങ്ങി. അങ്ങനെ കറങ്ങിനടക്കുന്നതിനിടെ പരിചയപ്പെട്ട ഒരു ചേട്ടൻ ഗൌരവിൻറെ ഒറ്റപ്പെടലിൽ കൂട്ടായി. അയാൾ അവനെ സിനിമകൾ കാണിക്കാൻ കൊണ്ടുപോയി. യാത്രകൾക്ക് കൊണ്ടുപോയി. അവൻറെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ തുടങ്ങി. വീട്ടുകാരിൽ നിന്ന് കിട്ടാത്ത സ്നേഹവും കരുതലും അയാളിൽ നിന്ന് അവൻ കണ്ടെത്തി. ഒറ്റപ്പെടലിന് ആശ്വാസമെന്ന പേരിൽ അയാൾ നൽകിയ മയക്കുമരുന്ന് ലഹരി പതിയെ ഗൌരവിനെ കീഴ്പ്പെടുത്തി. പണം തന്നാൽ മാത്രേ മയക്കുമരുന്ന് നൽകൂവെന്നായപ്പോൾ പണം കണ്ടെത്താനുള്ള വഴിയും അയാൾ തന്നെ ഗൌരവിന് പറഞ്ഞുകൊടുത്തു. ആദ്യം മോഷണം. പിന്നെ ലഹരി വിൽപ്പന. ഒടുവിൽ ലഹരിമരുന്ന് വിൽപ്പനയ്ക്കിടെ ഈ പതിനാറുകാരൻ എക്സൈസിൻറെ പിടിയിലായി...

 ഇതിൽ കുട്ടിയുടെ പേര് മാത്രമാണ് സാങ്കൽപികം. കഥ സാങ്കൽപ്പികമല്ല. മയക്കുമരുന്ന് കേസിൽ എക്സൈസിൻറെ പിടിയിലായ കുട്ടി വിമുക്തിയിലെ കൌൺസിലറിനോട് പറഞ്ഞതാണ്.

 ഗൌരവിൻറേതിന് സമാനമാണ് ലഹരികേസിൽ പിടിക്കപ്പെടുന്ന ഭൂരിഭാഗം കൌമാരക്കാരുടേയും കഥ. ചിലരുടെ കഥയിലെ വില്ലൻ കുടുംബത്തിലെ സാഹചര്യങ്ങളാണ്. ചിലർക്ക് ആഡംബരത്തോടുള്ള ഭ്രമം. മറ്റുചിലർക്കാവട്ടെ, കൂട്ടുകാരിൽ നിന്നുള്ള പ്രോത്സാഹനമോ പരിഹാസമോ ആണ്. പലപ്പോഴും ആരൊടൊക്കെയോ ഉള്ള വാശിയും നിരാശയും അല്ലെങ്കിൽ താൻ കേമനാണെന്ന് കൂട്ടുകാരുടെ മുന്നിൽ കാണിക്കാനോ ഉള്ള ശ്രമങ്ങളാണ് ലഹരിയുടെ കയത്തിലേക്ക് ചെറുപ്രായത്തിലെ ഇവരെ ഏടുത്തെറിയുന്നത്.  

 ആയിരക്കണക്കിന് ഗൌരവ്മാരുണ്ട് നമ്മുടെ സ്ക്കൂളുകളിൽ. ഹാൻസ്, പാൻപരാഗ് പോലുള്ള വീര്യം കുറഞ്ഞ പുകയില ഉത്പന്നങ്ങളിൽ തുടങ്ങി കഞ്ചാവും മദ്യവും കടന്ന് സിന്തറ്റിക്ക് – രാസലഹരികളിൽ എത്തിനിൽക്കുകയാണ് നമ്മുടെ കുഞ്ഞുതലമുറ. സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത് സംസ്ഥാനത്ത് മൊത്തത്തിൽ രജിസ്റ്റർ ചെയ്ത ലഹരി കേസുകളിൽ 120 ശതമാനം വളർച്ചയുണ്ടെന്നാണ്. അറസ്റ്റിലാകുന്നവരുടെ എണ്ണവും കൂടി. 

കഴിഞ്ഞ ആറ് വർഷത്തിനിടെ സ്ക്കൂൾ കുട്ടികൾ പ്രതികളായ 69 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. അത്രയും വലിയ കേസുകൾ ആകുമ്പോൾ മാത്രമാണ് കുട്ടികൾക്കെതിര കേസ് രജിസ്റ്റർ ചെയ്യുന്നത്. അതേസമയം പ്രായപൂർത്തിയാവാത്തവർ പ്രതികളായ 284 കേസുകളാണ് ലഹരിക്കടത്തിന് രജിസ്റ്റർ ചെയ്തത്.

 കേസുകൾ രജിസ്റ്റർ ചെയ്തത്

2020 – 4650 അറസ്റ്റ് 5674

2021 – 5334 അറസ്റ്റ് 6704

2022 – 16128 (ആഗസ്ത് വരെ) അറസ്റ്റ് 17834

 എന്തുകൊണ്ട്, എങ്ങനെ നമ്മുടെ കുരുന്നുങ്ങൾ ലഹരിയുടെ വലയത്തിൽ എത്തിപ്പെടുന്നു.

 വളരെ കുഞ്ഞുപ്രായത്തിൽ തന്നെ കുട്ടികൾ മയക്കുമരുന്നിൻറെ ലോകത്ത് എത്തിപ്പെടുന്നുവെന്നതാണ് നമ്മളെ ആശങ്കപ്പെടുത്തുന്നത്. ദിനംപ്രതി നിരവധി കുട്ടികളെയാണ് വിമുക്തി സെൻററുകളും മറ്റും വഴി കൌൺസലിങ്ങിനായി എത്തുന്നത്.” വിമുക്തി മിഷൻ കോട്ടയം ജില്ലാ കോർഡിനേറ്ററായ വിനു വിജയൻ ദി ഐഡത്തോട് പറഞ്ഞു.
 

 വിമുക്തിയുടെ ഡീഅഡിക്ഷൻ സെൻററിലെത്തിയവരും ലഹരി കേസുകളിൽ പിടിയിലായവരും ചൂഷണത്തിന് ഇരയായവരുമായ 600 പേർക്കിടയിൽ വിമുക്തി മിഷൻ കഴിഞ്ഞവർഷം  നടത്തിയ സർവ്വേയിലെ കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്. പങ്കെടുത്ത 97 ശതമാനവും ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് ശതമാനം പ്രതികരിച്ചില്ല. കഞ്ചാവ് മുതൽ കൊക്കെയിനും ഹെറോയിനും എൽഎസ്ഡിയുമെല്ലാം ഉപയോഗിച്ചവരുണ്ട് ഇവരുടെ കൂട്ടത്തിൽ. ഇവരിൽ 7 ശതമാനം പേരും പിന്നീട് മയക്കുമരുന്ന് വിൽപ്പനക്കാരുമായി.  


82 ശതമാനം പേർ കഞ്ചാവ്

7.5 ശതമാനം സൈക്യാട്രിക്ക് മരുന്ന്

6.5 ശതമാനം എൽഎസ്ഡി

2.1 ശതമാനം എക്സറ്റസി - MDMA

0.83 ശതമാനം ഹെറോയിൻ

0.83 ശതമാനം കൊക്കെയിൻ

0.24 ശതമാനം കറുപ്പ്

2.89 ശതമാനം ഹാഷിഷ്

64.66 ശതമാനം മദ്യം

75.66 ശതമാനം പുകയില ഉത്പന്നങ്ങൾ

25.5 ശതമാനം ഗുളികകൾ

7.5 ശതമാനം സെക്യാട്രിക്ക് മെഡിസിൻ

സർവ്വേ ഫലത്തിലെ ഞെട്ടിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായ കണ്ടെത്തൽ എത്രാമത്തെ വയസിലാണ് ഈ കുട്ടികൾ ലഹരിയുടെ ഉപയോഗം തുടങ്ങിയതെന്നാണ്. കളിപ്പാട്ടങ്ങളുമായി നടക്കേണ്ട പ്രായത്തിലാണ് നമ്മുടെ കുട്ടികളുടെ കൈകളിൽ ലഹരിഉത്പന്നങ്ങൾ എത്തിച്ചേരുന്നത്.

സർവ്വേയിൽ പങ്കെടുത്ത 9 ശതമാനം പേരും ആദ്യമായി ലഹരി ഉപയോഗിച്ചത് അഞ്ചിനും പത്തിനും ഇടയിലുള്ള പ്രായത്തിലാണ്.   

 ചുണ്ടിനും പല്ലിനുമിടയിൽ തിരുകിവെയ്ക്കുന്ന കൂൾ എന്ന് പൊതുവേ വിളിക്കപ്പെടുന്ന പുകയിലഉത്പന്നങ്ങളാണ് അഞ്ചിനും പത്തിനുമിടയിലുള്ളവർ ഉപയോഗിച്ച് തുടങ്ങുന്നത്. പിന്നീട് ഇത് കഞ്ചാവിലേക്കും എംഡിഎംഎ പോലുള്ള വീര്യംകൂടിയ ലഹരിപദാർത്ഥങ്ങളിലേക്ക് വളരുന്നു. പതിനഞ്ചിനു മുകളിൽ പ്രായമുള്ള കൌമാരക്കാർക്കിടയിലാണ് മാരകമായ ലഹരികളുടെ ഉപയോഗം കൂടുതലായുള്ളത്”, വിനു വിജയൻ വിശദീകരിക്കുന്നു.

 

70 – പത്തിനും പതിനഞ്ചിനും ഇടയിൽ

20 – പതിനഞ്ചിനും പത്തൊൻപതിനും ഇടയിൽ

9 – അഞ്ചിനും പത്തിനുമിടയിൽ

1 – പത്തൊൻപതിന് ശേഷം

എന്താണെന്ന് അറിയാനുള്ള ആകാംക്ഷ മുതൽ വീട്ടിലെ അന്തരീക്ഷം വരെ കൂട്ടികളെ ലഹരി ഉപയോഗത്തിലേക്ക് തള്ളിവിടുന്ന കാരണങ്ങളാണ്. 78.1 ശതമാനം പേരും ജിജ്ഞാസകൊണ്ടാണ് ലഹരി ഉപയോഗിച്ച് തുടങ്ങിയത്. ദൂഷ്യഫലങ്ങൾ അറിയാതെ ഉപയോഗിച്ച് തുടങ്ങിയവരും ഏറെ. മാതാപിതാക്കളുടെ വിവാഹമോചനവും പിരിഞ്ഞുതാമസിക്കലുമെല്ലാം കുട്ടികളെ തെറ്റായവഴിയിലേക്ക് തള്ളിവിടുന്നു. ലഹരി ഉപയോഗിക്കുന്നതായി സമ്മതിച്ച എട്ട് ശതമാനത്തിലേറെയും പേർ മാതാപിതാക്കളുടെ വിവാഹബന്ധത്തിലെ വിള്ളൽകാരണമാണ് ലഹരി ഉപയോഗിക്കാൻ ആരംഭിച്ചത്. വീട്ടിൽ നിന്ന് കിട്ടാതെ വരുന്ന കരുതലും സ്നേഹവും നൽകി അടുത്തുകൂടുന്ന പുതിയ പരിചയക്കാരോ കൂട്ടുകാരോ ആണ് ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുത്തത്. 

വീടുകളിൽ നിന്നാണ് പലകുട്ടികളുടേയും പ്രശ്നങ്ങൾ ആരംഭിക്കുന്നത്.  വീട്ടുകാരെ ബോധവത്ക്കരിക്കുകയെന്നത് വളരെ പ്രധാനമാണ്. പലപ്പോഴും കുട്ടി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് അധ്യാപകരോ എൻഫോഴ്സ്മെൻറ് ഏജൻസികളോ വീട്ടുകാരെ അറിയിക്കുമ്പോൾ സ്വന്തം കുട്ടി അങ്ങനെ ചെയ്തുവെന്ന് അംഗീകരിക്കാൻ അവർ തയ്യാറാവില്ല. അത് അംഗീകരിക്കാതെയിരുന്നിട്ട് കാര്യമില്ല. അംഗീകരിച്ചാൽ മാത്രമേ മുന്നോട്ടുള്ള മുൻകരുതലെടുക്കാൻ കഴിയൂ. രക്ഷകർത്താക്കളെ ബോധവത്ക്കരിക്കാനുള്ള പദ്ധതികൾ എക്സൈസ് വകുപ്പ് ഇപ്പോൾ നടപ്പാക്കുന്നുണ്ട്. സ്ക്കൂളിലെ അധ്യാപകർക്ക് തന്നെ പരിശീലനം നൽകിയാണ് ഈ ക്ലാസുകൾ കൊടുക്കുന്നത്. കുടുംബത്തിൽ തന്നെ ഏതെല്ലാം കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അവർക്ക് മനസിലാക്കികൊടുക്കലാണ് ഇതിൻറെ ലക്ഷ്യം. എക്സൈസ് വകുപ്പ് അഡീഷണൽ കമ്മീഷണറും വിമുക്തി മിഷൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡി രാജീവ് ദി ഐഡത്തോട് പറഞ്ഞു.
   

78.1 ശതമാനം ജിജ്ഞാസ കൊണ്ടുപയോഗിച്ചവർ

12 ശതമാനം ദൂഷ്യഫലം അറിയാതെ ഉപയോഗിച്ചവർ

8.3 ശതമാനം മാതാപിതക്കളുടെ ഡിവോഴ്സ് – സെപറേഷൻ മൂലം

1.3 ശതമാനം പ്രശ്നപരിഹാരം കണ്ടെത്താനാവാതെ

0.3 ശതമാനം നാണം മറികടക്കാൻ

51.5 ശതമാനം  സന്തോഷം കണ്ടെത്താൻ
15.16 ശതമാനം ഡ്രഗിനോടുള്ള പൊസിറ്റീവ് അറ്റിറ്റ്യൂഡ്

7 ശതമാനം സാമ്പത്തികപ്രശ്നങ്ങൾ

6 ശതമാനം മാനസികപ്രശ്നങ്ങൾ

4.8 ശതമാനം സിനിമകളുടെ സ്വാധീനം

2 ശതമാനം ആത്മാർത്ഥത കുറവ്

1.66 ശതമാനം വിനോദോപാധികൾ ഇല്ലാത്തതിനാൽ

ഭൂരിഭാഗം പേരും സിഗരറ്റ്, ഹാൻസ് പോലുള്ള പുകയില ഉത്പന്നങ്ങളിലാണ് ആരംഭം കുറിച്ചത്. മദ്യവും കഞ്ചാവും ഉപയോഗിച്ച് ലഹരിയുടെ ലോകത്തേക്ക് പ്രവേശിച്ചവരും ഒട്ടും കുറവല്ല. നല്ലൊരുശതമാനം പേരും ഇവയ്ക്കൊപ്പം മദ്യവും ഉപയോഗിക്കുന്നവരാണ്. 72.33 ശതമാനം പേരും സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയത്

കുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ എത്തിച്ചുകൊടുക്കുന്നവരിൽ ബന്ധുക്കൾ വരെയുണ്ട്. വിലക്ക് ലംഘിച്ച് വീടിനും സ്ക്കൂളിനും അടുത്തുള്ള കടകളിൽ നിന്നും ഇവർക്ക് മയക്കുമരുന്ന് ലഭിക്കുന്നുണ്ട്.  (കാർഡ് 5)

 5 ശതമാനം കുടുംബാംഗങ്ങളിൽ നിന്ന്

79 സുഹൃത്തുക്കൾ

3 ശതമാനം അയൽവാസികൾ

7 ശതമാനം മുതിർന്ന വിദ്യാർത്ഥികൾ

4 ശതമാനം വീടിനടുത്ത കടകളിൽ നിന്ന്

2 ശതമാനം സ്ക്കൂളിനടുത്തുള്ള കടകളിൽ നിന്ന്

 കടകളിൽ നിന്ന് കുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ നിയമവിരുദ്ധമായി വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് അനധികൃതമായി സൈക്ക്യാട്രിക്ക് മരുന്നുകൾ വ്യാപകമായി കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ഇത് തടയാൻ കർശന നടപടികളാണ് വകുപ്പ് സ്വീകരിക്കുന്നത്. അങ്ങനെ നൽകുന്ന കടകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ പലയിടത്തും സ്വീകരിച്ചിട്ടുണ്ട്. ഡി രാജീവ് വ്യക്തമാക്കി.

 സൌജന്യമായി ലഭിച്ചിരുന്ന ലഹരിക്ക് പണം നൽകേണ്ടിവരുന്നതോടെ കാശിനായി ഇവർ മറ്റ് കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നു. മോഷണം മുതൽ ലഹരി വിൽപ്പനയും മറ്റ് ക്വട്ടേഷൻ ഏർപ്പാടുകളും വരെ ഇത് നീളും. 

 വീടിന് പുറമെ സ്ക്കൂളിലെ വസ്തുവകകൾ വരെ മോഷ്ടിച്ച് വിറ്റാണ് പലരും മയക്കുമരുന്ന് വാങ്ങാനുള്ള പണം കണ്ടെത്തിയിരുന്നത്. ഭിത്തി തുരന്ന് സക്കൂളിലെ ഇലക്ട്രിക്ക് വയർവരെ മോഷ്ടിച്ച് വിറ്റസംഭവം അടക്കമുണ്ടായിട്ടുണ്ട്. ലഹരി അഡിക്ഷനായി മാറികഴിഞ്ഞാൽ പിന്നീട് അത് ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കുട്ടികൾ എത്തിപ്പെടും. ഇതാണ് ലഹരി വിൽപ്പനക്കാരും ചൂഷണം ചെയ്യുന്നത്. ചെറിയ ചെറിയ മോഷണത്തിൽ തുടങ്ങി പിന്നീട് കാരിയറും വിൽപ്പനക്കാരുമായും ഇവർ മാറും. വിനു വിജയൻ

 പലതവണ മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിയിലായ നിരവധി പേരുണ്ട്. ഇവരിൽ പലരും പിന്നീടും മയക്ക് മരുന്ന് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്തിട്ടുണ്ട്. അഡിക്ഷന് പുറമെ ഭയവും ഇതിന് ഒരു കാരണമാണ്.  

 ഉപയോഗിക്കുന്ന എല്ലാവരും കാരിയർമാരല്ല. ഉപയോഗിക്കുന്നവരിൽ പെൺകുട്ടികളടക്കമുണ്ട്. ഇത്തരത്തിൽ ഉപയോഗിക്കുന്നവരെ കണ്ടെത്തി അവർക്ക് വേണ്ടുന്ന കൌൺസലിങ് നൽകി സാധാരണജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനൊപ്പം തന്നെ ഇവരുടെ സഹായത്തോടെ ഇവർക്ക് മയക്കുമരുന്ന് നൽകുന്നവരെ കണ്ടെത്താനും എക്സൈസ് വകുപ്പിന് സാധിക്കുന്നുണ്ട്. ഡി രാജീവ് വിവരിക്കുന്നു.

 പിടിയിലായ ഭൂരിഭാഗം പേരും ഇത് ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചുവെന്നത് ഗൌരവകരമായ സംഗതിയാണ്. തങ്ങളുടെ പ്രവൃത്തിയിൽ കുറ്റബോധമുള്ളവരുമാണ് ഇവരിൽ ഭൂരിഭാഗവും.

 നമ്മുടെ കുരുന്നുങ്ങളെ ലഹരിയുടെ നീരാളിപിടുത്തത്തിൽ നിന്ന് രക്ഷിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ വീട്ടുകാർക്കും സമൂഹത്തിനും ചിലത് ചെയ്യാനുണ്ട്. കുട്ടികൾ ലഹരിക്ക് അടിമയാകുന്നുവെന്നറിയുമ്പോൾ സമൂഹം എന്ത് ചിന്തിക്കുമെന്നോർത്ത് വേവലാതിപെടാതെ വേണ്ട നടപടികൾ സ്വീകരിക്കാൻ വീട്ടുകാർ തയ്യാറാകണം. വഴിതെറ്റിപോകുന്ന കുട്ടികൾ തെറ്റ് തിരുത്തി വരുമ്പോൾ വീട്ടുകാർക്കൊപ്പം സമൂഹവും അവരെ ചേർത്ത് നിർത്തണം. നല്ല നാളേക്കായി, നല്ല തലമുറയ്ക്കായി അവരെ വഴിതെറ്റിക്കുന്ന ശക്തികൾക്കെതിരെ ഒന്നിച്ച് നിൽക്കണം.

..............

The AIDEM ൽ പ്രസിദ്ധീകരിച്ച ലേഖനം. ഇവിടെ വായിക്കാം

ലഹരി കുടുക്കിൽ കുരുന്നുകൾ

 

Saturday, 1 October 2022

The journey so far...

 I walked through the beautiful streets

The roads were paved with granites 

I walked as if I'm the master.

I ignored those who beautified my way.

Insulted some, scolded many.

But I enjoyed my walk. 

Desperate people ran away from me.

I didn't care though.

I walked for kilometers. 

The road was empty and dark.

I was alone.

And it scared me a bit.

A kind fear began to engulf,

Which I never experienced before

I felt drained and exhausted.

I realised my foolishness 

I repelled those who stood with me, 

Those who cared, those who loved...

I showered all my anger at them.

They hanged on, in vain. 


Finally, but not late, 

I realise my mistakes

The damage is irrevocable. 

I admit.   

But the road is still halfway. 

Let the journey continue.

Not alone, but together.

Not as master and slaves,

But as equals.

The road is still halfway...

.................

(011022)