പൊക്കാളിപാടത്തിനും വേമ്പനാട്ട് കായലിൻറെ
കൈവഴിയായ വീരംപുഴയും അതിര് കാക്കുന്ന കടമക്കുടിയുടെ ഭംഗി മഴയിലാണ് കൂടുതൽ
വശ്യമാവുക
തലേന്നാൾ കടമക്കുടിയിലേക്ക് നടത്തിയ
ഔദ്യോഗികയാത്രക്കിടെയാണ് മഴയത്ത് ഒരു റൈഡ് എന്ന ആശയം മനസിലേക്ക് വന്നത്
ചാറ്റൽ മഴയത്ത് കടമക്കുടിയിലേക്ക്
പ്രവേശിക്കുമ്പോളേ കാണാം പരന്നുകിടക്കുന്ന പൊക്കാളി പാടങ്ങളിൽ കൊക്കുകളും
കിളികളും പാറി നടക്കുന്നകാഴ്ച്ച.
ആറുമാസക്കാലം ചെമ്മീൻകെട്ടായി പ്രവർത്തിക്കുന്ന
പൊക്കാളിപാടങ്ങളിൽ പലതും പക്ഷെ പൊക്കാളി കൃഷിയിറക്കേണ്ടകാലമെത്തിയിട്ടും
ഇപ്പോഴും വെള്ളം വറ്റിച്ച് കൃഷിക്ക് സജ്ജമാക്കിയിട്ടില്ല.
കടമക്കുടിയിലേക്ക് കയറുന്നതിന് മുമ്പായി
പാടവരമ്പത്ത് ചെറിയ ചായക്കട. മീൻ പിടിക്കാനെത്തുന്നവരെ മാത്രം കാത്തുള്ളതാണ്
ആളൊഴിഞ്ഞ പ്രദേശത്തെ ആ ചായക്കട.
കട്ടൻ ചായയും ഓംലെറ്റും മാത്രമല്ല,
കപ്പബിരിയാണിയും ഉണ്ട് കടമക്കുടിക്കാരനായ തോമസേട്ടൻറെ ഈ ചെറിയ കടയിൽ.
മഴയത്ത് ഇരുന്നുകഴിക്കാൻ ചെറിയ ഒരു ഷെഡ്ഡും
കടയോട് ചേർന്ന് ഒരുക്കിയിരിക്കുന്നു.
നല്ല ചൂടൻ കാപ്പി മൊത്തികുടിച്ച് കുറച്ചുനേരം
കടയിലിരുന്നു,
പാലത്തിന് മുകളിൽ ചില യുവാക്കൾ ചൂണ്ടയിടുന്നു.
മിക്കവരും കടമക്കുടിക്ക് പുറത്തുനിന്നു വന്നവർ.
ആധുനിക ചൂണ്ടയാണ് മിക്കവരുടേയും കൈകളിൽ.
പണ്ട് സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് പാടത്ത്
കളികഴിഞ്ഞ് മടങ്ങുമ്പോൾ തോർത്തുപയോഗിച്ചും ടങ്കീസ് നൂലുപയോഗിച്ചുമെല്ലാം മീൻ
പിടിച്ചത് ഓർത്തുപോയി.
തൊട്ടപ്പുറത്ത് വെള്ളം കെട്ടികിടകുന്ന
പാടങ്ങളിലെ ചീനവല ഒരുക്കുന്ന തിരക്കിലായിരുന്നു പരമ്പരാഗതമീൻപിടുത്തക്കാർ.
ചിലർ കായലിൽ വലവലിച്ചുകെട്ടുന്നു. മറ്റ് ചിലർ
വരമ്പിലെ ഓലകെട്ടിയമാടങ്ങളിൽ വലവിരിച്ചശേഷം ചൂടകറ്റാൻ സിഗരറ്റും വലിച്ച് വിശ്രമിക്കുന്നു.
നല്ല മഴയത്ത് ചൂട് ചായ മൊത്തി ശരീരത്തിൻറെ
തണുപ്പകറ്റി പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണെറിഞ്ഞിങ്ങനെയിരിക്കുന്നത് ഒരു വല്ലാത്ത
അനുഭൂതിയാണ്.
കുട്ടിക്കാലവും നാട്ടിൻപുറവും ഗൃഹാതുരതയുമെല്ലാം
ഇങ്ങനെ മനസിലേക്ക് മെല്ലെ ക്ഷണിക്കപ്പെടാത്ത അതിഥികളായി കടന്നുവരും...
കാപ്പി കുടിച്ചശേഷം മെല്ലെ പാടവരമ്പിലൂടെ
കാഴ്ച്ചകൾ തേടിയിറങ്ങി.
കുട്ടികളും മുതിർന്നവരുമെല്ലാമുണ്ട്
പൊക്കാളിപാടത്തിൻറ ഓരോ വരമ്പിലും ചൂണ്ടയും വലയുമെല്ലാമായി.
പാലം കയറി കുറച്ചുകൂടി മൂന്നോട്ടുപോകുമ്പോൾ
ഇടത്തോട്ട് ചരിയംതുരുത്തിലേക്കുള്ള വഴി കാണാം.
ക്രിക്കറ്റർ കപിൽ ദേവിൻറെ നേതൃത്വത്തിലുള്ള
കോർപറേറ്റുകൾ ചരിയംതുരുത്തിൽ പാടം നികത്തി മെഡിക്കൽ ടൂറിസം പദ്ധതി നടപ്പാകാകാനുള്ള
ശ്രമങ്ങൾ നടത്തിയിരുന്നു.
ഇതിനെതിരെ 2013 ൽ സിപിഎമ്മിൻറെ നേതൃത്വത്തിൽ
ഭൂസമരവും അരങ്ങേറി. പിന്നീട് 47 ഏക്കർ വരുന്ന ചരിയംതുരുത്തിലെ പൊക്കാളിപാടം
നികത്താൻ ഉമ്മൻചാണ്ടി സർക്കാർ ഉത്തരവിറക്കിയത് ഭരണത്തിൻറെ അവസാനനാളുകളിലെ
കടുംവെട്ടായിമാറി. പ്രതിഷേധം ശക്തമായതോടെ എല്ലാം പിൻവലിച്ചെങ്കിലും പരിസ്ഥിതിയെനശിപ്പിക്കാനുള്ള
നീക്കങ്ങൾക്കെതിരെ ഇനിയും ജാഗ്രതപുലർത്തിയേപറ്റു.
കടമക്കുടിയിലേക്ക് അടുക്കുംതോറും പ്രകൃതി കൂടുതൽ
സുന്ദരിയാകും. തണ്ണീർതടങ്ങൾക്കും
പാടത്തിനും നടുവിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന പെരുമ്പാമ്പായി ടാറിട്ട റോഡ്.
റോഡരികിലെ കനാലിൽ വട്ടകൊട്ടയിറക്കി മീൻ
പിടിക്കുന്ന 3 കുടുംബങ്ങളെ കണ്ടു. മൈസൂരിൽ നിന്നെത്തിയവരാണ് സ്ത്രീകളടങ്ങിയ ഈ
കുടംബങ്ങൾ. എല്ലാവർഷവും മീൻപിടിക്കാനായി കൊച്ചിയിലെത്താറുണ്ടത്രേ ഇവർ. കുറച്ചുപേർ
കടമക്കുടിയിലും ശേഷിക്കുന്നവർ മുളവുകാടിലെ കണ്ടെയിനർ റോഡിലുമാണ് സ്ഥിരമായി മീൻ
പിടിക്കുന്നത്. അതിരാവിലേയും വൈകുന്നേരവുമാണ് മീൻപിടുത്തം. പിടിച്ചുകിട്ടുന്ന മീൻ
വരാപ്പുഴ മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും. ഒരുമാസം നാട്ടിലും 2 മാസം
കേരളത്തിലുമെന്നതാണത്രേ ഇവരുടെ ജീവിരീതി. അതിനാൽ തന്നെ മലയാളം നല്ലവശം.
മീൻപിടിച്ചതിനറെ ക്ഷീണത്തിൽ വട്ടകൊട്ടയ്ക്കടിയിൽ കിടന്ന് ചെറുമയക്കത്തിലായിരുന്നു
ഞാനെത്തുമ്പോൾ ചിലർ. മറ്റുചിലരാകട്ടെ മാർക്കറ്റിൽ നിന്ന് വാങ്ങിയ മാങ
കഴിച്ചിരിക്കുന്നു. മഴയായാലും വെയിലായാലും താമസം റോഡരികിൽ വട്ടകൊട്ടചെരിച്ച്
പങ്കായത്തിൽ കുത്തിനിർത്തി അതിനടിയിൽ. രാത്രി ഉറക്കവും ഇങ്ങനെതന്നെയെന്ന്
സംഘത്തിലുള്ള കുമാർ പറഞ്ഞപ്പോൾ തെല്ല് ആശങ്കതോന്നാതിരുന്നില്ല. തെരുവിൽ
താമസിക്കുന്ന നാടോടികൾക്കും വീട്ടിൽ കഴിയുന്ന വൃദ്ധകൾക്കും നമ്മുടെ നാട്
ഒട്ടുംസുരക്ഷിതമല്ലാത്തപ്പോൾ ഇവരെങ്ങനെ റോഡരികിൽ വെറും
വട്ടകൊട്ടയ്ക്കടിയിൽ സുരക്ഷിതരാവും, അതും ഈ മഴയത്ത് എന്ന് ഓർത്തുപോയി. ഇവിടെ നിന്ന് ഇനി രണ്ട് മാസം കഴിഞ്ഞേ വട്ടകൊട്ടയെല്ലാം ലോറിയിലാക്കി അടുത്തസ്ഥലത്തേക്ക് ഇവർ പോകൂ.
കുമാറിനോട് യാത്രപറഞ്ഞ് വണ്ടി വീണ്ടും
മുന്നോട്ട്.
കാർമേഘം മൂടിയആകാശത്തിന് താഴെ പാടത്തിന് നടുവിൽ
ഒറ്റപ്പെട്ട് ഒരു പച്ചമരം. മത്സ്യങ്ങളുടേയും മറ്റ് സൂക്ഷ്മജീവികളുടേയുമെല്ലാം
ആവാസവ്യവസ്ഥ നിലനിർത്തികൊണ്ട് അങ്ങിങ്ങായി കണ്ടലുകൾ മുളച്ചുനിൽക്കുന്നു.
കാഴ്ച്ചകൾ പിടിച്ചുനിർത്തുകയാണ്.
ചിലയിടങ്ങളിൽ പൊക്കാളി വിതയ്ക്കാനായി പാടങ്ങൾ
തയ്യാറായി കഴിഞ്ഞു.
കടമക്കുടിയുടെ ജനവാസകേന്ദ്രത്തിലേക്ക് എത്തുമ്പോൾ
ചെറിയ കടകൾ കാണാം. നഗരത്തിൽ നിന്നുള്ള ബസ്സുകളെല്ലാം ഇവിടെവരെയാണ് സർവ്വീസ്
നടത്തുക.
നീളത്തിൽ കിടക്കുന്ന ഒരു ബെൽറ്റാണ് ജനവാസമുള്ള
കടമക്കുടി എന്നുപറയാം. കിഴക്കും പടിഞ്ഞാറുമായി രണ്ട് അറ്റങ്ങളുണ്ട് കടമക്കുടിക്ക്.
രണ്ടറ്റത്തും ചെറിയ ബോട്ട് ജെട്ടികളും. സമീപത്തെ ദ്വീപുകളിലേക്ക് ഇവിടെനിന്ന്
കടത്ത് ഉണ്ട്. രണ്ടറ്റത്തും ഓരോ പള്ളികളുമുണ്ട്. മറ്റ് ദ്വീപുകളെ ബന്ധിപ്പിച്ച്
നഗരത്തിലേക്ക് വേഗത്തിലെത്തിചേരാൻ ഒരു പാലമെന്ന കടമക്കുടിക്കാരുടെ സ്വപ്നത്തിന്
വർഷങ്ങളുടെ പഴക്കമുണ്ട്. ഭാഗികമായെങ്കിലും ഇപ്പോൾ അത് യാഥാർത്ഥ്യമാകുന്നുണ്ട്.
പടിഞ്ഞാറേകരയിൽ നിന്ന് മറുകരയിലേക്ക്
പോകുന്നതിനിടെയാണ് വീരപുഴയുടെ തീരത്ത് മത്സ്യം പിടിക്കാനായി പോകാനൊരുങ്ങുന്ന
തൊഴിലാളികളെ കണ്ടത്. വലനീട്ടിയശേഷം സമയമാകുന്നതും കാത്തിരിക്കുകയാണ് രാജേഷ്. നേരം
ഇരുട്ടിതുടങ്ങിയിരുന്നു. ദൃശ്യങ്ങൾക്ക് നീലവർണം. വീരം പുഴയുടെ ആഴം
വർദ്ധിപ്പിക്കാനായി ഡ്രഡ്ജ് ചെയ്തെടുത്ത മണ്ണ് നിക്ഷേപിച്ചതോടെ കായൽ നികന്നതിൻറെ
ആശങ്ക പങ്കുവെച്ചു രാജേഷ്. കായൽ നികത്തപ്പെട്ടതോടെ മത്സ്യത്തിൻറെ ലഭ്യതകുറഞ്ഞു.
നികന്നതോടെ വലകെട്ടാൻ പറ്റാതായി. പലരും ഒരു മാസമായി മീൻ പിടിച്ചിട്ട്. പോരാത്തതിന്
ചെമ്മീൻകെട്ടിലേക്ക് വെള്ളം കയറാതായതോടെ ചെമ്മിൻ കെട്ടുകളുടെ പ്രവർത്തനവും
അവതാളത്തിലായി. പരാതികൾ അവസാനിക്കുന്നില്ല. രാജേഷ് വള്ളവുമെടുത്ത് വലവലിക്കാനായി
കായലിലേക്ക്. അൽപനേരം രാജേഷിനെ നോക്കിനിന്നശേഷം മെല്ലെ തിരിഞ്ഞുനടന്നു.
രാജേഷിൻറേത് പരാതിയല്ല, ജീവിതം നേരിടുന്ന
പ്രതിസന്ധിയെകുറിച്ചുള്ള ആശങ്കയാണ്. മത്സ്യതൊഴിലാളിയെ സംരക്ഷിക്കാനായി നമ്മുടെ
അധികൃതർ നടത്തുന്ന അശാസ്ത്രീയമായ വികസനമാതൃക മത്സ്യതൊഴിലാളികളുടെ ജീവിതത്തെ
പ്രതികൂലമായി ബാധിക്കുന്നതിനറെ സാക്ഷ്യമാണ് രാജേഷിൻറെ വാക്കുകൾ.
കഴിഞ്ഞദിവസത്ത യാത്രയിലും കേട്ടിരുന്നു
ഷിബുവിൻറേയും ചിദംബരത്തിൻറേയും ജോസഫിൻറേയുമെല്ലാം സമാന സ്വരങ്ങൾ.
കായലും പ്രകൃതിയും ഇവരുടെയെല്ലാം ജീവിതവുമെല്ലാം നശിപ്പിച്ച ഇത്തരം വികസനങ്ങൾ ആർക്കുവേണ്ടിയാണെന്ന് നാമെന്നാണ് ഇനി ചിന്തിച്ചുതുടങ്ങുക...
കായലും പ്രകൃതിയും ഇവരുടെയെല്ലാം ജീവിതവുമെല്ലാം നശിപ്പിച്ച ഇത്തരം വികസനങ്ങൾ ആർക്കുവേണ്ടിയാണെന്ന് നാമെന്നാണ് ഇനി ചിന്തിച്ചുതുടങ്ങുക...
കിഴക്ക് കരയിലെ ബോട്ടജെട്ടിയിലേക്ക് പോകുന്നതിന്
മുമ്പായി വീരപുഴയുടെ മാറ് തുരന്നെടുത്ത് പുഴയെതന്നെ ഇല്ലാതാക്കിയ ഡ്രഡ്ജിങ്
യന്ത്രം ഒരിക്കൽ കൂടി പോയി കണ്ടു. ഇരുട്ടായെങ്കിലും അകലത്തിലല്ലാതെ ഡ്രഡ്ജറെന്ന
കടമക്കുടികാരൻറെ ജീവിതത്തിലെ വില്ലനെകണ്ടു. അവൻ തുപ്പിയ ചെളിയും മണ്ണും നികത്തിയ
വീരപുഴയുടെ തീരത്ത് അപ്പോളും ചിലമുക്കുവരുണ്ട് നൊമ്പരം പങ്കുവെച്ച് ഇരിക്കുന്നു.
കിഴക്കേ ജെട്ടിയിൽ ജംങ്കാർ യാത്രക്കാരെ കാത്ത്
നിൽക്കുന്നുണ്ട്. കടമക്കുടിയിലെ അവസാനത്തെ ജംങ്കാറാണ്. ഇനി ആവശ്യമുണ്ടെങ്കിൽ അധികം
ചാർജ് കൊടുക്കണം. വികസനം എത്തിനോക്കിയിട്ടില്ലാത്ത കടമക്കുടിക്ക് സമീപത്തായി
സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയുണ്ടെങ്കിലും അത്യാഹിതമുണ്ടായാൽ അവിടെയെത്തുകയെന്നത്
വലിയ ബുദ്ധിമുട്ടാണ് കടമക്കുടിക്കാർക്ക്. കടമക്കുടിക്കാർക്ക് മാത്രമല്ല, വികസനം
പോസ്റ്ററുകളിലും ഫ്ലക്സുകളിലും മാത്രം കണ്ട് ശീലിച്ച കൊച്ചി നഗരത്തിന്
ചുറ്റുമുള്ള പലദ്വീപുകാരുടേയും വിധിയാണിത്.
മഴചെറുതായി തോർന്നിരിക്കുന്നു.
കനാലിനടുത്തെത്തിയപ്പോൾ ചെറിയ മണ്ണെണ്ണ
വിളക്കിൻറെ വെളിച്ചത്തിൽ ഭക്ഷണം തയ്യാറാക്കുന്ന വട്ടകൊട്ടയിലെ മീൻപിടുത്തക്കാർ.
വട്ടകൊട്ടക്കടിയിലെ നനവുപറ്റിയ പുതപ്പിനുള്ളിലേക്ക് കുട്ടികൾ ചുരുണ്ടുകൂടിയിരിക്കുന്നു.
ദൂരത്ത് പാടവരമ്പത്തെ ചെറിയ മാടങ്ങളിൽ നിന്ന്
റാന്തൽ വിളക്കുകളുടെ മങ്ങിയവെളിച്ചം കാണാം.
പാടങ്ങളിലപ്പോഴും അവർ
വലവലിച്ചുകൊണ്ടേയിരിക്കുകയാണ്, നാളത്തെ അന്നത്തിനുള്ള വഴി തേടി....
No comments:
Post a Comment