Thursday, 20 November 2014

കേരളരാഷ്ട്രീയത്തിലെ മാടമ്പിക്ക് വിട...

ഇന്ന് (Nov 9th 2014)
കാലത്ത് ഉറക്കമുണർന്നതേ ഒരു വാട്സ് അപ്പ് മെസേജ് കണ്ടുകൊണ്ടാണ്. പിന്നാലെ കോളും
എംവിആർ ഈസ് ക്രിട്ടിക്കൽ...പൾസ് കിട്ടുന്നില്ല
സമയം കളയാതെ ഡെസ്ക്കിലും കോർഡിനേറ്റിങ് എഡിറ്ററേയും വിളിച്ച് വാർത്തനൽകി. കരുതിയിരിക്കണം..ഇന്ന് എന്തും സംഭവിക്കാമെന്ന്...

നിരവധിതവണ ഇങ്ങനെ കരുതിയിരുന്നിട്ടുണ്ട്. അപ്പോഴെല്ലാം ആ പോരാളി ജീവിതത്തിലേക്ക് പൊരുതികയറിയിരുന്നു. പക്ഷെ ഇത്തവണ...

കണ്ണൂരിൽ ഔദ്യോഗികജീവിതം ആരംഭിച്ചആദ്യനാൾ മുതൽ തിരഞ്ഞുനടന്ന പുസ്തകമായിരുന്നു എംവിആറിന്റെ ഒരു ജൻമം എന്നആത്മകഥ. കണ്ണൂർ രാഷ്ട്രീയചരിത്രത്തെ ഇത്രമേൽ മനസിലാക്കിതരുന്നപുസത്കം വേറെയുണ്ടോയെന്നത് സംശയമാണ്. നിർഭാഗ്യവശാൽ കണ്ണൂരിലേയും തൃശ്ശൂരിലേയും കൊച്ചിയിലേയുമെല്ലാം ഡിസിയുടെ പുസ്തകശാലകളിൽ ആ പുസ്തകം ലഭ്യമായിരുന്നില്ല. പിന്നീട് സംഘടിപ്പിച്ചു.

വെളരെ ചെറുപ്പം മുതലെ അത്രആവേശമൊന്നുമല്ല എംവിആർ എന്നിലുണ്ടാക്കിയിട്ടുള്ളത്. സ്ക്കൂൾ വിദ്യാഭ്യാസകാലത്താണ് എംവിആറിനെ ആദ്യമായി നേരിൽ കാണുന്നത്. (കൂത്തുപറമ്പ് വെടിവെപ്പിന് മുമ്പാണെന്നാണ് ഓർമ) കുന്ദംകുളത്ത് ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു എംവിആർ എന്ന കേരളരാഷ്ട്രീയത്തിലെ അതികായൻ. എംവിആർ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഡിവൈഎഫ്ഐ - സിപിഎം പ്രവർത്തകർ നിർത്താതെ കൂവാൻ തുടങ്ങി...കുറച്ചുനേരം എംവിആർ അവരെതന്നെ നോക്കിനിന്നു. പ്രസംഗം ആരംഭിച്ചു. വീണ്ടും കൂവൽ ശക്തമായപ്പോൾ എംവിആർ ഡിവൈഎഫ്ഐക്കാരെ നോക്കി പറഞ്ഞു..
"കൂവടാ..കൂവ്..അന്നെയൊക്കെ കൂവാൻ പഠിപ്പിച്ചതും ഞാൻതന്നെയാണല്ലോ...."
അതോടെ കൂവൽ നിന്നു... ചെറുപ്പംമുതലേ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ അടിയുറച്ച് വിശ്വസിക്കുന്ന എനിക്ക് എംവിആർ പാർട്ടിശത്രുവായിരുന്നു. മലപ്പുറത്തെ സിപിഎമ്മുകാരന് ഒരിക്കലും അംഗീകരിക്കാനാവാത്ത ബദൽ രേഖയുടെ വക്താവിനെ മലപ്പുറം ജില്ലക്കാരനായ എനിക്ക് എങ്ങനെ മറിച്ച് കാണാനാവും?
പക്ഷെ ആദ്യപ്രസംഗംകൊണ്ട് തന്നെ എംവിആർ മനം കവർന്നു.
പ്രത്യേകശൈലിയാണ് എംവിആറിന്റെ പ്രസംഗം.
ചോദ്യം ചോദിക്കുകയും അതിന് മറുപടി സ്വയം ശബ്ദം താഴ്ത്തി പറയുകയുംചെയ്ത് കത്തികയറുന്ന ശൈലി.
പിന്നീട് പന്ന്യൻ രവീന്ദ്രനും ഈ ശൈലി പിന്തുടർന്നു.
കണ്ണൂരിൽ സിപിഎമ്മിനെ പടുത്തുയർത്തിയ നേതാവാണെങ്കിൽകൂടി കൂത്തുപറമ്പ് വെടിവെപ്പോടെ പൂർണമായും എംവിആറിനെ വെറുത്തു.

പാർട്ടിയെ വെല്ലുവിളിച്ച് കണ്ണൂരിൽ നിന്ന് വളർന്ന എംവിആറിന്റെ രക്തത്തിൽ അലിഞ്ഞതാണ് കമ്മ്യൂണിസം. പർട്ടിവിട്ടിട്ടും മണ്ഡലങ്ങളിൽ നിന്ന് മണ്ഡലങ്ങളിലേക്ക് മാറി മത്സരിച്ച് വിജയിച്ച എംവിആർ സേഫ് മണ്ഡലം തിരഞ്ഞോടുന്ന ഇന്നത്തെ ജനകീയ നേതാക്കൾക്ക് തന്നെ നല്ലൊരുമറുപടിയാണ്.

എംവിആറിന്റെ വാർത്താസമ്മേളനത്തിൽ ഇരിക്കുമ്പോൾ പലപ്പോഴും മനസിലേക്ക് ഓടിവരാറ് കൂത്തിപറമ്പിലെ വെടിവെപ്പ് രംഗം തന്നെയാണ്. അതിനാൽതന്നെ വിമർശിക്കുന്നതരത്തിൽ ചോദ്യം ഉന്നയിക്കാൻ താൽപര്യവും കാണിച്ചിരുന്നു. പക്ഷെ ആരോഗ്യസ്ഥിതിയും ഓർമയിലും മങ്ങൽ വീണുതുടങ്ങിയ എംവിആറിൽ നിന്ന് പക്ഷെ അത്രയക്ക് വീര്യേമേറിയ മറുപടികൾ ലഭിച്ചിരുന്നില്ല.  എംവിആറിനെ ഒരിക്കൽ ഇന്റവ്യൂചെയ്യാനുള്ള അവസരവു കിട്ടി. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണന്റെ ചിലവെളിപ്പെടുത്തലിന്റെ സാഹചര്യത്തിലായിരുന്നു അത്. പക്ഷെ അപ്പോഴേക്കും എംവിആറിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു.
പി ആറിന്റെ ആരോപണങ്ങൾ നിഷേധിച്ച എംവിആർ അന്നത്തെ വെടിവെയ്പ്പ് മനപൂർവം സംഭവിച്ചതല്ലെന്നും ആവർത്തിച്ചു.
86 ൽ ബദൽരേഖയുടെ പേരിൽ പാർട്ടിക്ക് പുറത്തേക്ക് പോയെങ്കിലും എംവിആറിന്റെ ബദൽ വഴിയെ പാർട്ടി പോകുന്നത് പിന്നീട് കണ്ടു.
എംവിആറിന്റെ കണ്ടെത്തലും വിയർപ്പുമായ പരിയാരം ഉൾപ്പടെയുള്ള സഹകരണസ്ഥാപനങ്ങൾക്കെതിരെ സമരം നടത്തിയ സിപിഎം പിന്നീട് അവയുടെ ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്തത് ഈ ബദൽ മനുഷ്യന്റെ വിജയം തന്നെയാണ്.
പാർട്ടിയക്കകത്ത് തന്നെയായിരുന്നവെങ്കിൽ ഒരുപക്ഷെ പിണറായി വിജയനേക്കാൾ കർക്കശക്കാരനായ സെക്രട്ടറിയായേനെ എംവിആർ.

കമ്മ്യൂണിസ്റ്റുകൾക്കിടയിലെ ബദൽമനുഷ്യൻമാത്രമല്ല, ഒരർത്ഥത്തിൽ രാഷ്ട്രീയത്തിലെ  മാടമ്പി തന്നെയാണ് മേലേത്ത് വീട്ടിൽ രാഘവൻ നമ്പ്യാർ....

ലാൽസലാം സഖാവെ....

No comments:

Post a Comment