Search This Blog

Sunday, 3 August 2025

നന്ദി സഖാവ് വിഎസ്, സാർത്ഥക സമരജീവിതത്തിന്

മൂന്നാറിലെ തോട്ടം മേഖലയിൽ നാമമാത്രമായ കൂലിക്ക് തൊഴിലെടുക്കേണ്ടിവന്ന വനിതകൾ കൂലി കൂട്ടി ചോദിച്ചും അടിസ്ഥാന സൌകര്യങ്ങൾക്കായും പെമ്പിളെ ഒരുമെ എന്നപേരിൽ  സമരം നടത്തുന്നു. സമരം ദിവസങ്ങൾ പിന്നിട്ടു. മൂന്നാറിലെ തേയില തോട്ടങ്ങൾ സ്തംഭിച്ചു. പല നേതാക്കളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൂന്നാറിലേക്ക് ചുരം കയറാനൊരുങ്ങി. എന്നാൽ ആരും ഇങ്ങോട്ട് വരേണ്ടെന്ന് സമരം ചെയ്യുന്ന സ്ത്രീകൾ ഒറ്റനിലപാടെടുത്തു. മന്ത്രിമാരടക്കം പ്രതിസന്ധിയിലായി. എന്നാൽ ഒരു ദിവസം അയാൾ അങ്ങോട്ടേക്ക് വരുമെന്ന് പറഞ്ഞു. ആവേശത്തോടെ അദ്ദേഹത്തെ വരവേൽക്കാൻ, അദ്ദേഹത്തെ മാത്രം വരവേൽക്കാൻ, ആ സമരരത്നങ്ങൾ തയ്യാറായി. അയാളെ കാത്ത് ഒരു കസേര സമരക്കാർക്കിടയിൽ തയ്യാറായി. പതിനൊന്ന് മണിയോടെ ചുരം കയറി അദ്ദേഹമെത്തി. ആ കസേരയിൽ ഇരിപ്പുറപ്പിച്ചു. സമരത്തിന് തീരുമാനമാകാതെ എണീക്കില്ലെന്ന് ഒറ്റ പ്രഖ്യാപനമായിരുന്നു പിന്നീട്. പിന്നെ  കണ്ടത് കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ കുത്തിയിരിപ്പ് സമരമായിരുന്നു.  വിഎസ് എന്ന് ചുരുക്കാക്ഷരത്തിൽ അറിയപ്പെട്ടിരുന്ന സാക്ഷാൽ വിഎസ് അച്യുതാനന്ദനായിരുന്നു ആ സമരാവേശത്തിൻറെ പേര്. 

വിഎസിൻറെ നടുറോഡിലെ കുത്തിയിരിപ്പ് രാത്രിവരെ നീണ്ടു. തണുപ്പിനെ അവഗണിച്ച്, കരിക്ക് കുടിച്ച് സഖാവ് ഇരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വനിത ശിശുക്ഷേമമന്ത്രി ജയലക്ഷ്മിയെ അങ്ങോട്ടേക്ക് പറഞ്ഞയച്ചു. വിഎസിന് മുന്നിൽ നിലത്ത് റോഡിലിരുന്നു മന്ത്രി. വിഎസിന് ചുറ്റുമായി മുദ്രാവാക്യവുമായി  ആയിരക്കണക്കിന് തൊഴിലാളികളും .

മൂന്നാറിലെ സിപിഎമ്മിൻറെ തന്നെ പ്രബലരായ തോട്ടം തൊഴിലാളി നേതാക്കളെ മൊത്തം അകറ്റിനിർത്തിയപ്പോഴാണ് പ്രതിപക്ഷനേതാവായിരുന്ന വിഎസിന് പെമ്പിളെ ഒരുമെ സ്വീകരിച്ചത്. അതെന്തുകൊണ്ടെന്ന് നേതാക്കളോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടിയിങ്ങനെ - 

വിഎസ് എങ്കൾക്ക് ഉയിര്. അവുങ്ക വന്താൽ എങ്കളുക്ക് നീതി കെടക്കും... 

അവരുടെ പ്രതീക്ഷ തെറ്റിയില്ല. അത്രനാളും മുഖം തിരിച്ച  സർക്കാർ  കൊച്ചിയിൽ സമവായ ചർച്ച വിളിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചു. ഏറ്റവും സമാധാനപരമായി ദിവസങ്ങൾ നീണ്ടുനിന്ന പെൺമ്പിളൈ ഒരുമെ സമരം ഒത്തുതീർപ്പായി. മാന്യമായ വേതനം തോട്ടം തൊഴിലാളിക്ക് ലഭിച്ചു.

കേരളത്തിലെ തോട്ടം തൊഴിലാളികൾക്ക് മാത്രമായിരുന്നില്ല, സ്വകാര്യ ആശുപത്രികളിൽ ചൂഷണത്തിന് വിധേയരായിരുന്ന നഴ്സുമാർക്കടക്കം വിഎസ് പ്രതീക്ഷയായിരുന്നു. വിഎസ് ഇടപെട്ടാൽ, ഒരു സമരരംഗത്തേക്ക് വിഎസ് വരുന്നുവെന്ന് കേട്ടാൽ മാത്രം മതി ആ സമരം വിജയിച്ചുവെന്ന് ഉറപ്പിക്കാൻ. വിഎസ് ഇടപ്പെട്ടാൽ വിജയം കാണാതെ അദ്ദേഹം പിൻമാറില്ല. അതുകൊണ്ടാണ് സമരത്തിൻറെ നായകനെന്ന് വിഎസിനെ ഏവരും വിശേഷിപ്പിച്ചത്.

പുറമേയ്ക്ക് കാർക്കശ്യക്കാരനായ കമ്മ്യൂണിസ്റ്റായിരുന്നു വിഎസ്. പാർട്ടിയുടെ സംഘടനസംവിധാനത്തെ ചലിപ്പിച്ച ഏറ്റവും കർക്കശക്കാരനാരായിരുന്നുവെന്ന് ചോദിച്ചാൽ ആദ്യത്തെ പേര് വിഎസിൻറെയായിരിക്കും. കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ചോരാതെ, ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് പാർട്ടിക്കും ജനങ്ങൾക്കുമായി ജീവിച്ച് മരിച്ച സഖാവ്.

കുട്ടിക്കാലത്ത് തന്നെ അമ്മയേയും അച്ചനേയും നഷ്ടപ്പെട്ട് ജീവിതത്തിൻറെ ഇരുട്ടിലേക്ക് എടുത്തെറിയപ്പെട്ടിട്ടും തളരാതെ പോരാടി കയറിയയാളാണ് വിഎസ്. പുന്നപ്ര വയലാർ സമരത്തിനിടെ പൊലീസ് പിടിയിലായി പൊലീസിൻറെ ക്രൂര മർദ്ദനത്തിന് ഇരയായിട്ടും തളർന്നില്ല.

തിരുവിതാംകൂറില്‍ ഭരണപരിഷ്‌കാരത്തിന് വേണ്ടി നടന്ന നിവര്‍ത്തന പ്രക്ഷോഭമാണ് വി.എസിലെ രാഷ്ട്രീയക്കാരനെ കേരളത്തിന് സമ്മാനിച്ചത്. പ്രക്ഷോഭത്തിന്റെ ഭാഗമായി അദ്ദേഹം 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. പിന്നീട് തൊഴിലാളി സംഘടനകളിലേക്കും പുരോഗമന പ്രസ്ഥാനങ്ങളിലേക്കും തന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കിയ വി.എസ്. 1940-ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. സഖാവ് പി.കൃഷ്ണപിള്ളയാണ് വി.എസിന്റെ രാഷ്ട്രീയഗുരു. അദ്ദേഹമാണ് വിഎസിലെ രാഷ്ട്രീയക്കാരനെ കണ്ടെത്തിയത്. കർഷക തൊഴിലാളികക്കിടയിലും കയർ തൊഴിലാളികൾക്കിടയിലും പ്രവർത്തിക്കാനും  ചൂഷണത്തിനെതിരെ അവരെ സംഘടിപ്പിക്കാനും വിഎസിനെ ചുമതലപ്പെടുത്തിയത് പി കൃഷ്ണപിള്ളയാണ്. 

അദ്ദേഹത്തിന്റെ ജീവിതത്തിലെ തന്നെ നാഴികക്കല്ലായ സമരമാണ് 1946-ല്‍ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭം. ഇത് അദ്ദേഹത്തെ പാര്‍ട്ടിയുടെ നേതൃതലത്തിലേക്ക് എത്താന്‍ സഹായിച്ചിട്ടുണ്ട്.  

1957-ല്‍ കേരളത്തില്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗമായിരുന്നു വി.എസ്. ആ സമിതിയിലെ ഒമ്പത് അംഗങ്ങളില്‍ ഏറ്റവും ഒടുവിലെ വ്യക്തിയാണ് വി.എസ് അച്യുതാനന്ദന്‍. സിപിഐയുടെ വലതുനയങ്ങളിൽ പ്രതിഷേധിച്ച് ദേശിയ കൌൺസിലിൽ നിന്ന് ഇറങ്ങിവന്ന് സിപിഎം എന്ന പാർട്ടി രൂപീകരിച്ച 32 പേരിലെ അവസാനക്കാരനും 101 ആം വയസിൽ വിട പറഞ്ഞ വിഎസ് തന്നെയായിരുന്നു. 

സംഘടനയുടെ കർക്കശ ചട്ടക്കൂടിൽ ഒതുങ്ങിയും ഒതുങ്ങാതെയും വിഎസ് നടത്തിയ പോരാട്ടങ്ങൾ തന്നെയാണ് അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കര നേതാവാക്കിമാറ്റിയത്. ആലപ്പുഴയിലെ വെട്ടിനിരത്തൽ സമരം മുതൽ മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലായാലും സ്ത്രീപീഡകർക്കും അഴിമതിക്കാർക്കുമെതിരായ സന്ധിയില്ലാ പോരാട്ടമായാലും വിഎസ് തൻറെ നിലപാടുകളും ശരികളും ഉയർത്തിപ്പിടിച്ചു.  

വിഎസിൻറെ വെട്ടിനിരത്തൽ സമരത്തെ പലരും തെറ്റായാണ് വിലിയിരുത്തിയത്. നഷ്ടത്തിലായ നെൽ കർഷകർ നെൽവയൽ നികത്തി വാഴവെക്കുന്നതിനെ എതിർത്ത് മാധ്യമങ്ങളടക്കം രംഗത്തെത്തി. എന്നാൽ വിഎസ് അന്ന് നടത്തിയ സമരമായിരുന്നു ശരിയെന്ന് പിന്നീട് കാലം തെളിയിച്ചു. കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഒരു സഖാവിനെങ്ങനെ ആ തൊഴിലിടങ്ങൾ ഇല്ലാതാക്കുന്നത് കണ്ടുനിൽക്കാനാവും.  നെൽപ്പാടങ്ങളും തണ്ണീർ തടങ്ങളും ഇല്ലാതാക്കപ്പെട്ടതോടെ പ്രകൃതിയുടെ നാശത്തിലേക്കാണ് വഴിതുറന്നത്. അന്ന് വിഎസ് നടത്തിയ സമരത്തിൻറെ തുടർച്ച തന്നെയായിരുന്നു അദ്ദേഹത്തിൻറെ സർക്കാർ അധികാരത്തിലേറിയപ്പോൾ നടപ്പിലാക്കിയ തണ്ണീർതട സംരക്ഷണ നിയമം. കാലത്തിന് മുന്നേ വിഎസ്സിൻറെ കണ്ണ് സഞ്ചരിച്ചുവെന്നതിൻറെ തെളിവായി വേണം ഇതിനെ കാണാൻ.

സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കാനായി യു.ഡി.എഫ് സർക്കാർ കരാർ ഒപ്പിട്ടപ്പോഴും വിഎസ് പ്രതിഷേധവുമായി  രംഗത്തെത്തി. വികസന വിരോധിയായി വിഎസ് ചാപ്പകുത്തപ്പെട്ടു. എന്നാൽ സർക്കാരിൻറെ ഭൂമി ഫ്രീ ആയി വിട്ടുനൽകുന്നതിനേയും അടുത്തുള്ള ഇൻഫോ പാർക്കിനെ സ്മാർട്ട് സിറ്റിയുടെ ഭാഗമാക്കുന്നതിനേയുമായിരുന്നു വിഎസ്  എതിർത്തത്. പദ്ധതി അൽപം വൈകിയെങ്കിലും സംസ്ഥാനത്തിൻറെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും പദ്ധതി നടത്താനായി എന്നത് അദ്ദേഹത്തിൻറെ നേട്ടം തന്നെയാണ്.

പ്രകൃതി സംരക്ഷണത്തിന് വിഎസ് മുന്നിട്ടിറങ്ങിയപ്പോൾ സംരക്ഷിക്കപ്പെട്ടത് തണ്ണീർതടങ്ങൾ മാത്രമല്ല, മതികെട്ടാനും മൂന്നാറും കാതികൂടവും ചിലവന്നൂരുമെല്ലാമാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്നത് ഇരിക്കുന്ന കൊമ്പ് വെട്ടിമുറിക്കലാണ് എന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു.

പലപ്പോഴും പാർട്ടിയും  അദ്ദേഹവും ഇക്കാര്യത്തിൽ രണ്ട് തട്ടിലായിരുന്നുവെന്നത് വസ്തുതയുമാണ്. പാർട്ടിയുടെ അനുമതിക്ക് പോലും കാത്തുനിൽക്കാതെ  അദ്ദേഹം പലപ്പോഴും വിഷയങ്ങളിൽ ഇടപെട്ടത്. 

പലപ്പോഴും പാർട്ടിയെ പ്രതിസന്ധിയിലാക്കിയവയായിരുന്നു അദ്ദേഹത്തിൻറെ ഇത്തരം പ്രവൃത്തികൾ. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് ദിവസത്തിൽ ടിപിയുടെ വീട്ടിലേക്ക് അദ്ദേഹം നടത്തിയ സന്ദർശനം മറ്റൊരു ദിവസത്തിലാകാമായിരുന്നുവെന്ന് കരുതുന്നവരുണ്ട്. എന്നാൽ ശക്തമായ ഒരു സന്ദേശത്തിന്, യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആ കെലയ്ക്ക് ഒപ്പമല്ലെന്ന സന്ദേശം ഉറക്കെ പ്രഖ്യാപിക്കാൻ, ആദർശത്തിൻറെ പേരിൽ പാർട്ടി വിട്ടവൻ അല്ല കുലംകുത്തി. മറിച്ച് ആമാശയ രാഷ്ട്രീയത്തിനായി പാർട്ടിവിട്ടവനാണ് കുലംകുത്തിയെന്ന് പ്രഖ്യാപിക്കാൻ, രക്തസാക്ഷി തന്നെയാണ് കൊല്ലപ്പെട്ട ഏതൊരു കമ്മ്യൂണിസ്റ്റുമെന്നും ഉറക്കെ പ്രഖ്യാപിക്കാൻ  ഉചിതമായ വേറൊരു ദിവസം ഇല്ലെന്ന്  വിഎസ് കരുതിയിരിക്കണം.

കയ്യേറ്റക്കാർക്കെതിരെ നടപടിയെടുത്തതിന് എക്കാലത്തും പഴി കേട്ട മുഖ്യമന്ത്രിയാണ് അദ്ദേഹം. സ്വന്തം പാർട്ടി സഖാക്കൾതന്നെ ഒറ്റപ്പെടുത്തിയിട്ടും അദ്ദേഹം കുലുങ്ങിയില്ല. മൂന്നാറിലെ വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ അദ്ദേഹം നിയോഗിച്ച ഉദ്യോഗസ്ഥർക്കെതിരെ വിമർശനം പാർട്ടി തന്നെ ഉയർത്തിയപ്പോൾ പൂച്ച എലിയെ പിടിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതിയെന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. 

വിഎസ് നടത്തിയ പോരാട്ടങ്ങൾ പാർട്ടിക്കകത്തും പുറത്തുമായി നിരവധിയാണ്. പാർട്ടിക്കകത്ത് പാർട്ടി നയങ്ങളിൽ നിന്ന് വ്യതിചലിക്കുമ്പോൾ തന്നെയെല്ലാം വിഎസ് ശബ്ദമുയർത്തി. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ പലപ്പോഴും അച്ചടക്കനടപടികളിലേക്ക് വരെ നീണ്ടു. ഒരുപക്ഷെ സിപിഎമ്മിൻറെ ചരിത്രത്തിൽ ഇത്രയധികം നടപടി നേരിട്ട മറ്റൊരു നേതാവും ഉണ്ടാകില്ല.  ഇത് എല്ലാം പാർട്ടിക്കകത്തെ വിഭാഗീയതയായി ചിത്രീകരിക്കപ്പെട്ടു. എന്നാൽ പാർട്ടിക്കകത്തെ ഉൾപാർട്ടി ജനാധിപത്യത്തിൻറെ ഭാഗമായി മാത്രമേ  വിഎസ് അതിനെ കണ്ടിട്ടുള്ളു. താൻ രക്തം നൽകിയും വിയർപ്പൊഴുക്കിയും പടുത്തുയർത്തിയ പ്രസ്താനം വഴിമാറി സഞ്ചരിക്കുന്നുവെന്ന് അദ്ദേഹത്തിന് എപ്പോഴെല്ലാം തോന്നിയോ അപ്പോഴെല്ലാം വടിയെടുത്തുവെന്നാണ് അദ്ദേഹത്തിൻറെ ഭാഗം. ഇതിന് അദ്ദേഹത്തിന് ക്യാപിറ്റൽ പണീഷ്മെൻറ് വിധിച്ച യുവ സഖാവ് വരെ  പാർട്ടിയിൽ ഉണ്ടായിരുന്നു. എന്നിട്ടും ആ യുവ സഖാവിനെ വിജയിപ്പിക്കാൻ വരെ അദ്ദേഹം പ്രസംഗിച്ചുവെന്നതാണ് അദ്ദേഹത്തിൻറെ മഹത്വം. 

101 വർഷത്തെ സാർത്ഥക സമര ജീവിതം അവസാനിപ്പിച്ച് വി എസ് മടങ്ങുമ്പോൾ ഒരു യുഗത്തിൻറെ തന്ന് അന്ത്യമാണ് കുറിക്കപ്പെടുന്നത്. ഒരു ചരിത്രത്തിൻറെ അന്ത്യമാണ് അത്. പലതലമുറകളെ രാഷ്ട്രീയം പഠിപ്പിച്ച് , അവകാശങ്ങൾക്കായി പോരാടാൻ സമരസജ്ജരാക്കിയാണ് അദ്ദേഹം മടങ്ങുന്നത്. അതിൻറെ തെളിവായിരുന്നു 29 മണിക്കൂർ പിന്നിട്ട വിലാപയാത്രയും ആലപ്പുഴയിലെ മൂന്നിടത്തെ പൊതുദർശനത്തിൻറെ സമയക്രമമെല്ലാം തെറ്റിച്ച് കനത്ത മഴയെ വെല്ലുവിളിച്ച് ഒരു നോക്ക് കാണാനായി, അന്ത്യാഭിവാദ്യം അർപ്പിക്കാനായി രാഷ്ട്രീയഭേദമന്യേ ഒഴുകിയെത്തിയ ജനലക്ഷങ്ങൾ.. 

കണ്ണേ കരളേ വിഎസ്സേ എന്ന് തൊണ്ടപൊട്ടി അവർ വിളിച്ചത് കർക്കശക്കാരനായ, ജനകീയനായ ആ സഖാവിനോടുള്ള സ്നേഹമായിരുന്നു. ഒരുപക്ഷെ ഇനിയാർക്കും കിട്ടിയേക്കാനിടയില്ലാത്ത യാത്രാമൊഴി ചൊല്ലൽ...

രാധിക യാദവ് -ആണധികാരത്തിൻറെ മറ്റൊരു ഇര

സ്വന്തം പ്രയത്നത്തിനാൽ വളരുന്ന മകളെ കണ്ട് അഭിമാനിക്കുന്നവരാണ് മാതാപിതാക്കൾ എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ എല്ലായിപ്പോഴും അത് അങ്ങനെയല്ലെന്ന് തെളിയിച്ച സംഭവം കൂടിയാണ് രാധിക യാദവിൻറെ കൊലപാതകം. ഹരിയാനയിലെ ഗുരുഗ്രാമിലെ ആ 25 കാരിക്ക് ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു. നല്ലൊരു ടെന്നിസ് താരമാകാനുള്ള ആഗ്രഹം പരിക്കിൻറെ പേരിൽ തകർന്നപ്പോൾ അവൾ തളർന്നില്ല. മറിച്ച് പരിശീലനകേന്ദ്രം തുടങ്ങി വിധിയെ തോൽപിച്ച് കരുത്തുകാട്ടി. അതിലൂടെ പ്രശസ്തിയും സമ്പാദ്യവും ഉണ്ടാക്കി, വീടും വീട്ടുകാരേയും നോക്കി. അത് നാട്ടിലെ ചിലരുടെ - പാട്രിയാർക്കിയുടെ - കണ്ണിന് പിടിച്ചില്ല. അവർ പിതാവിനെ പരിഹസിച്ചു, മകളുടെ ചിലവിൽ കഴിയുന്നവനെന്ന്. നാട്ടുകാരുടെ പരിഹാസം കേട്ട് ആ പിതാവിലെ ആണധികാരം ഉണർന്നു, പരിശീലിപ്പിക്കുന്നത് നിർത്താൻ പലകുറി രാധികയോട് ആവശ്യപ്പെട്ടു, രാധിക അനുസരിച്ചില്ല, പിതാവ് ദീപക് യാദവ് രാധികയെ വെടിവെച്ചുകൊന്നു. ഇത് വരെ നടന്നത് ക്രൈം, പിതാവ് അറസ്റ്റിലായി, ജയിലിലായി. എന്നാൽ ഈ കാരണത്തിന് തന്നെയാണോ രാധികയെ പിതാവ് കൊന്നത്. അറിയില്ല, ഇത് പൊലീസിൻറെ ഭാഷ്യമാണ്, അഭ്യൂഹങ്ങളാണ്

രാധിക യാദവ്, കൊല്ലപ്പെട്ട വെറുമൊരു പെൺകുട്ടി മാത്രമല്ല. നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന പാട്രിയാർക്കിയുടെ ഇരയാണ്.

പക്ഷെ കൊല്ലപ്പെട്ടശേഷവും രാധിക തിളച്ചുപൊള്ളുന്ന വെയിലത്ത് നിൽക്കുകയാണ്, അല്ലെങ്കിൽ നിർത്തിയിരിക്കുകയാണ് നമ്മൾ. മരണശേഷം സോഷ്യൽ മീഡിയകളിൽ നിറയുന്ന കമൻറുകൾ അതാണ് കാണിക്കുന്നത്. കൊന്ന് തിന്നിട്ടും തീരാത്ത ആണധികാരത്തിൻറെ ധാർഷ്ട്യം.

ഒരു പെൺകുട്ടി അധ്വാനിച്ച് അവളുടെ വീട് നോക്കുന്നതിൽ എന്താണ് തെറ്റ്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അത് തെറ്റായി കാണുന്ന വലിയ വിഭാഗം നമ്മുടെ രാജ്യത്ത് ഉണ്ട് എന്നതിൻറെ ഇരയാണ് രാധിക. ഗ്രാമങ്ങളിലേക്കാണ് പുരോഗമന ചിന്തകൾ ഇനിയും വെളിച്ചം വീശിയിട്ടില്ലാത്തത് എന്ന് പറയുന്നവർക്ക് തെറ്റി. കാരണം രാധിക കൊല്ലപ്പെട്ടത് ഗുരുഗ്രാമിലാണ്, നഗരപ്രദേശത്ത് തന്നെ. ഇത് ഒരു കുടുംബത്തിലേയോ സമുദായത്തിലെയോ മാത്രം പ്രശ്നമായി കാണാനാവില്ല. നമ്മുടെ സമൂഹത്തെ ആഴത്തിൽ ബാധിച്ചിരിക്കുന്ന ഒന്നായി തന്നെ വേണം കാണാൻ.

ഭൂരിഭാഗം ഇന്ത്യക്കാരും ഇപ്പോഴും തങ്ങളുടെ മക്കളെ സ്വതന്ത്രവ്യക്തികളായി കാണുന്നില്ല എന്നത് ഒരു നഗ്ന സത്യമാണ്. അവരുടെ, കുടുംബത്തിൻറെ, ഒരു ഭാഗമായി മാത്രമേ കുട്ടികളെ കാണുന്നുള്ളു. അതിനാൽ തന്നെ അവർക്ക് പ്രത്യേകം അവകാശങ്ങളുണ്ട് എന്നോ തീരുമാനങ്ങളുണ്ട് എന്നോ അവർ അംഗീകരിക്കുന്നില്ല. മറിച്ച് തങ്ങളുടെ കണിശമായ തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള, അനുസരിക്കാനുള്ളവരായി മാത്രമേ കാണുന്നുള്ളു. ഇത് കുട്ടികളിൽ എത്രമാത്രം മാനസികമായ മുറിവുകൾ ഉണ്ടാക്കുന്നുവെന്ന് മനസിലാക്കാൻ അവർ ശ്രമിക്കാറില്ല. ഇനി മനസിലാക്കിയാൽ പോലും അത് സമ്മതിക്കാൻ അവർ തയ്യാറാകാറുമില്ല.

"എൻറെ മുന്നിലെത്തുന്ന ഭൂരിഭാഗം കേസുകളും ചൈൽഡ്ഹുഡ് ട്രോമകളുമായി എത്തുന്നവരാണ്. കുട്ടിക്കാലത്ത് ഇഷ്ചടമുള്ളത് പഠിക്കാനോ ചെയ്യാനോ മാതാപിതാക്കൾ സമ്മതിക്കാതെ കൂട്ടിലിട്ടത് വരുത്തിവെച്ച ട്രോമകൾ പലരിലും ചില്ലറയല്ല", ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കീർത്തന പറയുന്നു.

"എന്തിന് ഇഷ്ടമുള്ള പാർട്ണറെ തിരഞ്ഞെടുക്കുന്നതിലടക്കം അവർക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നവരാണ് മിക്ക പാരൻറ്സും. അതിനാൽ തന്നെ ജിവിതം മടുത്ത് അവസാനിപ്പിക്കാൻ പോലും ശ്രമിക്കുന്നവരുടെ എണ്ണം പെരുകുന്നുണ്ട്". കീർത്തന കൂട്ടിച്ചേർത്തു.

രാധികയുടെ കേസിലേക്ക് തന്നെ തിരികെ വരാം.

മരണശേഷം സോഷ്യൽ മീഡിയകളിൽ നിറഞ്ഞ പ്രതികരണങ്ങൾ പലതും മനസ് മരവിപ്പിക്കുന്നതായിരുന്നു. മരണത്തെ ന്യായീകരിക്കുന്ന നിരവധി കമൻറുകൾക്കൊപ്പം തന്നെ വർഗീയത പടർത്തുന്നവയും നിറഞ്ഞു. രാധികയ്ക്ക് ഒരു മുസ്ലീം പയ്യനുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിനാലാണ് കൊന്നത് എന്നുമായിരുന്നും അവയിൽ ചിലത്. രാധികയ്ക്ക് മുസ്ലീം പയ്യനുമായി ബന്ധമുണ്ടെങ്കിൽ തന്നെ അത് കൊലചെയ്യാനുള്ള കാരണമാകുന്നത് എങ്ങനെയാണ്. പിതാവിനായാലും അതിന് അധികാരവും അവകാശവും ആരാണ് നൽകുന്നത്. ?

പാട്രിയാർക്കിയുടെ അലിഖിതങ്ങളായ നിയമങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്നും നമ്മുടെ സമൂഹം സ്ത്രീയെ വിലയിരുത്തുന്നത്. അനുസരിക്കുന്നവളാണെങ്കിൽ 'അച്ചടക്കത്തോടെ' വളർത്തേണ്ടവളും അല്ലാത്തവളാണെങ്കിൽ അവൾ കൊല്ലപ്പെടേണ്ടവളുമാണ് എന്ന കാട്ടുനീതിയിൽ. 

രാധികയുടേത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. നമ്മുടെ രാജ്യത്ത് അരങ്ങേറുന്ന  ദുരഭിമാന കൊലപാതകളിലെ ഒന്നുമാത്രമാണ് രാധികയുടേത്.

സ്ത്രികൾക്ക് സ്വന്തമായ ഐഡൻറിറ്റിയുണ്ടെന്ന് നമ്മൾ - സമൂഹം - അംഗീകരിക്കുംവരെ ഇതെല്ലാം ഇങ്ങനെ തന്നെ തുടരും. എന്നിട്ട് നമ്മൾ സ്വയം വാഴ്ത്തിപാടും - പരിഷ്കൃതസമൂഹമാണ് നമ്മുടേതെന്ന്..!!!

Monday, 24 March 2025

ബോബ് ഹണ്ടർ അന്നേ പറഞ്ഞു, മനുഷ്യൻ ഇ-കുടിലിലാവുമെന്ന്...

ബോബ് ഹണ്ടർ, അത്രയൊന്നും ഒരുപക്ഷെ നമ്മളിൽ പലർക്കും പരിചയമുള്ള പേരല്ല ഇത്. ബ്രിട്ടീഷ് കൊളംബിയയിലെ അയോകോ നിവാസി. കനേഡിയൻ   മാധ്യമപ്രവർത്തകൻ. തീരുന്നില്ല പരിസ്ഥിതി സംരക്ഷണയജ്ഞങ്ങളുടെ കനേഡിയൻ ഹീറോ കൂടിയാണ് അദ്ദേഹം. ലോകപ്രശസ്ത പരിസ്ഥിതി സംഘടനയായ ഗ്രീൻ പീസ് മൂവ്മെൻറിൻറെ സ്ഥാപകനും ആദ്യ പ്രസിഡൻറായിരുന്നു റോബർട്ട് ലോൺ ഹണ്ടർ എന്ന ബോബ് ഹണ്ടർ. വാരിയേഴ്സ് ഓഫ് റെയിൻബോ എന്നതടക്കമുള്ള പല പുസ്തകങ്ങളുടേയും രചയിതാവ്. തൻറെ ഇരുപതാം വയസിൽ എറിബസ് എന്ന നോവൽ രചിച്ച് എഴുത്തിൻറെ ലോകത്തേക്ക് കടന്ന എഴുത്തുകാരൻ. 

ഇന്ന് യാദൃശ്ചികമായി ഒരു മാഗസിനിൽ അദ്ദേഹത്തിൻറെ ഒരു ആർട്ടിക്കിൾ കണ്ടു. 1985 ഓഗസ്റ്റിൽ ഇറങ്ങിയ ഡിസ്കവറി (VOLUME 13, NO 8)  എന്ന ഇംഗ്ലീഷ് മാഗസിനിൽ അദ്ദേഹം എഴുതിയ COPING WITH COMMUNICATION BREAKDOWN, TELEPORTS, THE SPACE AGE ANSWER TO COMMUNICATION PROBLEMS എന്ന ലേഖനം ഇപ്പോൾ വായിക്കുമ്പോൾ വലിയ അത്ഭുതവും വിജ്ഞാനപ്രദവുമാണ്. പ്രത്യേകിച്ചും ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ. 

ലോകത്ത് മാറിവരുന്ന ആശയസംവേദന സാങ്കേതികമേഖലയെ കുറിച്ചായിരുന്നു ആ ലേഖനം. 

ടെലിപോർട്ടുകൾ ന്യൂയോർക്ക് നഗരത്തിൽ ആദ്യഘട്ട സ്ട്രീം ചെയ്യുന്നതിന് ഏകദേശം ഒരു വർഷം മുമ്പായാണ് ബോബ് ഈ ലേഖനം എഴുതിയത്. തല്സമയ ആശയസംവേദനത്തിനുള്ള മാർഗമായി വരുന്ന ടെലിപോർട്ടുകൾ ഈ രംഗത്തിന് വേഗത പകരുമെന്ന് ബോബ് അന്നേ പറഞ്ഞു. ഇതിലെന്താണ് ഇത്ര അത്ഭുതപ്പെടാൻ എന്നാവും ചിന്ത. 

ഇതിലെ ഒരു പരാമർശവും അതിനെന്ത് ഭാവിയിൽ സംഭവിച്ചുവെന്നതുമാണ് പറയാൻ വരുന്നത്. ലേഖനത്തിൽ ന്യൂയോർക്ക് ഡെപ്യൂട്ടി മേയറായിരുന്ന കെന്നത് ലിപ്പറിൻറെ പരാമർശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്. 

"നാളെ ലോകത്തിലെ എല്ലാ നഗരത്തിലും ടെലിപോർട്ടർ എത്തും. എയർപോർട്ടില്ലാത്ത എല്ലാ  ഒരു നഗരവും ഇല്ലാത്തത്പോലെ. എന്നാൽ ഇത് ഭാവിയിൽ  വ്യവസായാനന്തര ഇലക്ട്രോണിക്ക് കുടിൽ (POST INDUSTRIAL ELECTRONIC AGE) കാലത്തേക്ക് മനുഷ്യനെ കൊണ്ടുപോകില്ല. മനുഷ്യൻ അപ്പോഴും പണിസ്ഥലത്തെത്തിതന്നെ പണിയെടുക്കും. അല്ലാതെ കംപ്യൂട്ടർ ഓഫീസുമായി ബന്ധപ്പെടുത്തി വീട്ടിലിരുന്ന് അവരുടെ ജോലിചെയ്യുക എന്നത് സംഭവിക്കില്ല." 

ഈ അഭിപ്രായത്തോട് ഹണ്ടർ അനുകൂലിച്ചിരുന്നില്ല. ബോബ് ഹണ്ടർ ലേഖനം അവസാനിപ്പിച്ചത് ഇപ്രകാരമാണ്.

'ഭാവിയുടെ വ്യാപാരരീതി ഇത് തന്നെയായിരിക്കും എന്നുറപ്പാണ്. കാത്തിരുന്നുകണ്ടോളു. ' 

അന്നേ ഹണ്ടർ മുൻകൂട്ടി കണ്ടിരുന്നു ലോകം എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്ന്. ദീർഘവീക്ഷണത്തോടെയുള്ള ആ ലേഖനം ഇന്ന് യാഥാർത്ഥ്യമായി എനിക്ക് മുന്നിൽ തുറന്നിരിക്കുന്നു.

നോക്കു, നാല് പതിറ്റാണ്ടിനിപ്പുറം മനുഷ്യൻ വീട്ടിലിരുന്ന വർക്ക് ഫ്രം ഹോമായും  ഹൈബ്രിഡ് മോഡലിലുമെല്ലാം പണിയെടുക്കുന്നു. ടെലിപോർട്ടറിൽ നിന്ന് ഇൻറർനെറ്റിലേക്കും വിപിഎന്നിലേക്കുമെല്ലാം വളർന്ന ആശയസാങ്കേതിക വിദ്യ മനുഷ്യരെ എവിടെയെത്തിച്ചുവെന്ന് നോക്കുക. 

അന്ന് പ്രവചിച്ചത് യാഥാർത്ഥ്യമാവുന്നത് കാണാൻ അദ്ദേഹം പക്ഷെ ഉണ്ടായില്ല. 2005 ൽ അദ്ദേഹം നിരന്തരമായ പാരിസ്ഥിതിക പോരാട്ടങ്ങളുടെ ഭൂമികയിൽ നിന്ന് വിടവാങ്ങി. അതിനും പതിനഞ്ച് വർഷങ്ങൾക്കിപ്പുറം 2020 ൽ മഹാമാരിയുടെ കാലത്ത് , അദ്ദേഹം പ്രവചിച്ചത് പോലെ, ലോകം വീട്ടിലിരുന്നു പണിയെടുത്തു. 

....
(240325)

Sunday, 23 March 2025

മഹാഭാരതവഴിയിലെ സൈലൻറ് വാലി

മഹാഭാരതത്തിൽ പതിനെട്ട് അധ്യായങ്ങളുണ്ട്. 

ആ പതിനെട്ട് അധ്യായങ്ങളിലായി അരങ്ങേറുന്ന മിത്തുകൾ പരന്ന് കിടക്കുന്നത് അസംഖ്യം ഭൂപ്രദേശങ്ങളിലായാണ്.

കഥയെഴുതിയ വ്യാസൻ പോലും അവിടങ്ങളെല്ലാം കണ്ടിട്ടുണ്ടോ അതോ നമ്മൾ പറയുന്ന ഇടങ്ങളിൽ തന്നെയാണോ കഥ നടന്നത് എന്ന് ചോദിച്ചാൽ പെട്ടുപോകും.

അത്തരത്തിലാണ് അഖണ്ഡ ഭാരതത്തിലെ പലപ്രദേശങ്ങളും മഹാഭാരതത്തിൽ പരാമർശിക്കപ്പെടുന്നത്.

പാണ്ഡവർ വനവാസത്തിനിടെ ഒളിച്ചുകഴിഞ്ഞതും വേഷപ്രച്ഛന്നരായി കഴിഞ്ഞതും ഒളിവുജീവിതത്തിനിടയിലെ സംഭവങ്ങളും പ്രണയങ്ങളും രതികാമനകളുമെല്ലാം വിസ്തരിക്കുന്നുണ്ട് വ്യാസൻ. 

എവിടെയെല്ലാമാണ് അവർ ഒളിച്ചുകഴിഞ്ഞത്.

എവിടെയാണ് അവർ ഒളിച്ചുകഴിയാതിരുന്നത് 

പലദേശങ്ങളും ഇപ്പോഴും അറിയപ്പെടുന്നത് അവരുടെ ഒളിവ്ജീവിതവുമായി ബന്ധപ്പെട്ടാണ്.

നമ്മുടെ കേരളത്തിലുമുണ്ട് അത്തരം ഇടങ്ങൾ

സൈരന്ധ്രി മല അങ്ങനെ കഥകളിൽ നിറഞ്ഞ ഒന്നാണ്.

സൈരന്ധ്രി എന്നാൽ ദ്രൌപതിയാണ്. പാഞ്ചാലിയാണ്.

അർജുനൻ അമ്പെയത് സ്വന്തമാക്കുകയും അമ്മയായ കുന്തിദേവിയുടെ അബദ്ധത്താൽ പഞ്ചപാണ്ഡവരും പത്നിയായി പങ്കിട്ടെടുക്കുകയും ചെയ്ത പാഞ്ചാലിയെന്ന ദ്രൌപതി.

ഇവിടെ ഒളിവിൽ കഴിയവേയാണത്രേ പാഞ്ചാലിക്ക് കല്യാണസൌഗന്ധികത്തോട് പ്രിയമേറിയത്.

ഭീമൻ കല്യാണസൌഗന്ധികം തേടി അലഞ്ഞത് ഇവിടത്തെ കാട്ടിലാണത്രേ. 

കുറച്ചുകാലം പാണ്ഡവർ ഒളിച്ചുകഴിഞ്ഞ ഗുഹയും കുളിച്ച തോടുമെല്ലാം സൈരന്ധ്രിയിലുണ്ട് എന്നാണ് കഥ, അല്ലെങ്കിൽ അതാണ് ചിലരുടെ വിശ്വാസം.

സൈരന്ധ്രിയെ നമുക്കറിയാം. പക്ഷെ അതിൻറെ ഇംഗ്ലീഷ് നാമധേയം പറയണമെന്നുമാത്രം.

നമ്മുടെ സൈലൻറ് വാലിയാണ് സൈരന്ധ്രി. 

സൈരന്ധ്രിയെന്നത് സംസ്കൃതത്തിലെ ദ്രൌപതിയുടെ പേരാണ്.

ആദിവാസികൾ ആ പേര് ബ്രട്ടീഷുകാരോട് പറഞ്ഞെങ്കിലും പറയാൻ ബദ്ധപ്പെട്ട ഇംഗ്ലീഷകാരൻ സൈലൻറ് വാലി എന്ന് പേരിട്ടുവെന്നുമാണ് ഫോറസ്റ്റർ ഷൺമുഖൻ ചേട്ടൻ പറയുന്നത്.

(പക്ഷെ വനവാസികളായ ആദിവാസികൾക്ക് എങ്ങനെ ആര്യൻമാരുടെ ഭാഷയായ സംസ്കൃതം വശമായി എന്നചോദ്യം അവശേഷിക്കുന്നു. അതിനാൽ തന്നെ ഈ പേരിൻറെ പിന്നിലെ കഥയിലെ ചോദ്യത്തിന് ഉത്തരമില്ല)

ചീവീടുകളില്ലാത്തതിനാൽ നിശബ്ധതതയുടെ താഴ്വാരമാണ് ഇവിടമെന്നും അങ്ങനെ ഈ പേര് ലഭിച്ചെന്നും പറയുന്നവരുമുണ്ട്.

ഏതായാലും ചീവിട് സൈലൻറ് വാലിയിൽ ഇപ്പോഴുണ്ട്.

അതും മൂന്ന് തരം. ഇപ്പോഴതിൻറെ പ്രജനനകാലം ആരംഭിക്കാറായി. 

ഇതാണ് സ്ഥിതിയെങ്കിൽ സ്ക്കൂളിൽ നമ്മൾ പഠിച്ചതും വായിച്ചതുമെല്ലാം തിരുത്തേണ്ടിയിരിക്കുന്നു.

വാക്കുകളുടെ ലോകത്തെ ഒറ്റപ്പെടലിൻറെ ഒരു തുരുത്തിൽ  കുരുങ്ങി കിടന്ന ഒരു സുപ്രഭാതത്തിലായിരുന്നു ആ യാത്ര.

നേരത്തേ ആസൂത്രണം ചെയ്തെങ്കിലും വേണോ വേണ്ടയോ എന്ന് പലകുറി മനസിലിട്ട് കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചുമെല്ലാം നോക്കി.

യാത്രകൾ എന്നും ആവേശമാണെങ്കിലും പക്ഷെ എന്തുകൊണ്ടോ ഇത്തവണ ഒരു ശങ്ക.

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് തോമ അവധിക്ക് വെച്ച് ട്രക്കിങ്ങിന് ഇറങ്ങി.

ഇതാദ്യമായാണ് ഒരു ട്രക്കിങ് ഗ്രൂപ്പിൻറെ കൂടെ ട്രക്കിങ്ങിന് ഇറങ്ങുന്നത്. 

ട്രക്കിങ്ങിന് മുമ്പേ കാട് കയറിയ ചിന്തകളിൽ വ്യാപൃതമായിരുന്നു മനസ്. 

എസ് ഹരീഷിൻറെ പട്ടുനൂൽപുഴുവെന്ന പുതിയ നോവലിലെ സാംസയുടേയും സ്റ്റീഫൻറേയും ആനിയുടേയും വിജയൻറേയുമെല്ലാം ഏകാന്തതയും ഉൻമാദവും പ്രണയവും വിഷാദവുമെല്ലാം നെഞ്ചിലും തലച്ചോറിലും പേറിയൊരു പുറപ്പാട്.  

റോഡരികിലെ തെരുവുവിളക്കിന് താഴെ വായനയിൽ മുഴുകിയിരിക്കെയാണ് പറഞ്ഞതിലും അൽപം വൈകി രാവണനെത്തിയത്.

ഡിജെ ഫ്ലോർ പോലെ വർണങ്ങൾ നിറഞ്ഞ വാഹനത്തിനകത്ത്  അറിയുന്നവരും അറിയാത്തവരുമായി പത്തൊമ്പത് പേർ.

ഒന്നുറങ്ങിയെണീക്കാനുള്ള സമയമുണ്ട്.

പക്ഷെ ഉറങ്ങാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, വീണ്ടും പുസ്തകത്തിലേക്ക്.

അപ്പോഴേക്കും വണ്ടി ചായകുടിക്കാനായി നിർത്തി.

ഇനി അധികദൂരമില്ല സൈലൻറ് വാലി മലയുടെ അടിവാരമായ മൂക്കാലിയിലേക്ക്.

മുക്കാലിയിലെ ഫോറസ്റ്റ് ഓഫീസിൽ ചെന്ന് പേരും വിലാസവുമെല്ലാം നൽകി ബാഗ് വാങ്ങി.

ബാഗിൽ ഒരു ടീ ഷർട്ടും തൊപ്പിയും.

ഇനിയുള്ള യാത്ര ഫോറസ്റ്റിൻെറ ബസിലാണ്.

സാധാരണ ടൂറിസ്റ്റുകൾക്ക് ഒന്നുകിൽ ഫോറസ്റ്റിൻറെ ബസ്സിലോ അല്ലെങ്കിൽ സർവ്വീസ് നടത്തുന്ന അംഗീകാരമുള്ള സ്വകാര്യ ജീപ്പിലോ മലമുകളിലേക്ക് പോകാം, സ്വകാര്യവാഹനങ്ങൾ കയറ്റിവിടില്ല.

അങ്ങനെ വനംവകുപ്പിൻറെ ബസിൽ കഥയും ഒച്ചയും കലപിലയുമായി സൈരന്ധ്രിമലയിലേക്ക്...

2.

സൈരന്ധ്രിയിൽ ഒരു വാച്ച് ടവറുണ്ട്.

വലിയ ഉയരത്തിൽ ഉരുക്കുപാളികൾ കൊണ്ട് നിർമിച്ച ആ വാച്ച് ടവറിന് മുകളിലേറിയാൽ അന്തമില്ലാതെ പരസ്പരം കൈകോർത്ത് നീണ്ടു കിടക്കുന്ന മലനിരകളെ കാണാം.

അകലെ മനുഷ്യസ്പർശമേറ്റിട്ടില്ലാത്ത കുന്തിപുഴ കാണാം.

നോക്കൂ, പുഴയ്ക്ക് പോലും മഹാഭാരതവുമായി ബന്ധം.

പാണ്ഡവരുടെ അമ്മയായ കുന്തിയുടെ പേര്. 

വനവാസകാലത്ത് കുന്തി ഈ പുഴ മറിച്ചുകടന്നതിനാലാണത്രേ ഈ പുഴയ്ക്ക് കുന്തിപുഴയെന്ന് പേരുവന്നത്.

അതേസമയം തന്നെ കുന്തിരിക്ക പുഴയെന്നത് ലോപിച്ചാണ് കുന്തിപുഴയായി മാറിയതെന്നും പറയുന്നവരുണ്ട്.

കുന്തിരിക്കം മരങ്ങൾ ഏറെയുണ്ട് കുന്തിപുഴയുടെ വശങ്ങളിൽ എന്നതിനാൽ തന്നെ ഇത് നിഷേധിക്കാനാവില്ല.

കഥകളിലും മിത്തുകളിളും അഭിരമിക്കുന്നവർക്ക് മഹാഭാരതത്തിലേക്കും യുക്തിനോക്കുന്നവർക്ക് വശങ്ങളിലേക്കും നോക്കാമെന്ന് മാത്രം പറയട്ടെ.

നിളയുടെ പ്രധാന പോഷകനദികളിലൊന്നായ തൂതപുഴയുടെ കൈവഴിയാണ് കുന്തിപുഴ.

മലിനമാകാതെ തെളിഞ്ഞ സ്ഫടികജലമാണ് കുന്തിപുഴയിലേത്.

മനുഷ്യസ്പർശമേൽക്കാത്തതിനാലാവണം അതിന്നും മലിനമാകാതെ തുടരുന്നത്. 

വാച്ച് ടവറിന് മുകളിൽ നിന്നാൽ നിലമ്പൂരിലേയും തമിഴ്നാട്ടിലേയും വനങ്ങളും മലകളും കാണാം.

ഒരുവശത്ത് കുന്തി പുഴയെങ്കിൽ മറ്റൊരുവശത്ത് ഭവാനിപുഴയും ഒഴുകുന്നു.

ഭവാനി കേരളത്തിൽ നിന്ന് ഉത്ഭവിച്ചത് ഒഴുകുന്നത് തമിഴ്നാടിൻറെ ഭാഗത്തേക്കാണ് എന്നുമാത്രം. 

മലകൾക്കിടയിൽ ഓറഞ്ചും മഞ്ഞയും ചുവപ്പും പച്ചയുമെല്ലാം നിറങ്ങളിൽ മുങ്ങിയ ഇലകളാൽ വസന്തം തീർത്ത് കിടക്കുന്ന ചോലവനങ്ങളുടെ സൌന്ദര്യം.

തീരുന്നില്ല, ഇവിടെ നിന്നാൽ തണുത്ത മഞ്ഞുമേഘങ്ങളുടെ തഴുകലും നനവും നുകരാം.

സൈലൻറ് വാലിയെന്നാൽ വെറുമൊരു വിനോദ സഞ്ചാരകേന്ദ്രമല്ല,

വലിയ ചരിത്രം പേറുന്ന ഒന്നാണ്.

എൺപതുകളിൽ വലിയ പരിസ്ഥിതി സമരങ്ങൾക്ക് തന്നെ വേദിയായ ഇടം. 

ഇന്ന് വാച്ച് ടവർ നിൽക്കുന്നതിന് താഴെയായി ഒരു ജലവൈദ്യുതപദ്ധതിക്കുള്ള (പാത്രക്കടവ് പദ്ധതി) സർക്കാർ നീക്കം പൊരുതിതോൽപ്പിച്ച പരിസ്ഥിതി സ്നേഹികളുടെ ധീരപോരാട്ടത്തിൻറെ ചരിത്രം പേറുന്നയിടം.

സുഗതകുമാരി ടീച്ചറും ആർവിജിയും പ്രസാദ് മാഷുമെല്ലാം മുന്നിട്ടിറങ്ങി ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ സമരം കേരളത്തിലെ പരിസ്ഥിതി സംരക്ഷണത്തിന് തന്നെ പുതിയ ദിശാബോധം നൽകി. 

പിന്നീട് ദേശിയോധ്യാനമായി രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് പ്രഖ്യാപിച്ചശേഷവും ഇവിടെ പരിസ്ഥിതി പ്രവർത്തകരുടെ കണ്ണും കാതും തുറന്നേയിരിക്കുന്നു.

അന്ന് പാത്രക്കടവ് പദ്ധതിയുടെ ഭാഗമായി പണി തുടങ്ങിവെച്ച തുരങ്കത്തിൻറെ അവശിഷ്ടങ്ങൾ ഇന്നും അവിടെ അവശേഷിക്കുന്നുണ്ട്.

വാച്ച്ടവറിൽ നിന്ന് മൺ വഴിയിലൂടെ ഒന്നരകിലേമീറ്റർ നടന്നാൽ കുന്തിപുഴയുടെ തീരത്തെത്താം.

അവിടെവരേയെ സഞ്ചാരികൾക്ക് പോകാനാവു.

അവിടെ കുന്തിപുഴയ്ക്ക് കുറുകെ സ്ഥാപിച്ച ഇരുമ്പ് പാലം തകർന്നിരിക്കുന്നു.

2018 ലെ പ്രളയത്തിൽ തകർന്നതാണ് പാലം.

പുതിയത് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.

കാട്ടരുവിയിലെ ഒഴുക്കുവെള്ളത്തിൽ ഒന്നുമുങ്ങിക്കുളിക്കാതെ എങ്ങനെയാണ് കാനനസന്ദർശനം പൂർത്തിയാവുക.

മനസും ശരീരവും ഒന്ന് ശാന്തമാക്കുക

അകമേ മലമുകളിലെ പൊള്ളുന്ന വേനലും പുറമേ കാടിൻറെ തണുപ്പുമായി നടക്കുമ്പോൾ പ്രത്യേകിച്ചും.

അൽപ്പം സാഹസികമാണ് കാട്ടരുവിയിലേക്കുള്ള പാത.

കാട്ടിലൂടെ കുത്തനെയുള്ള ഇറക്കം.

കാട്ടുവള്ളിയും മരങ്ങളുടെ വേരുകളും  പിടിച്ച് വീഴാതെ ശ്രദ്ധയോടെ താഴേക്ക്.

വഴിയിൽ പലയിടത്തും ആനയിറങ്ങിയതിൻറെ പാടുകൾ.

ഇല്ലിക്കാടിന് സമീപത്തായുള്ള ഈ അരുവിയിൽ ആനകളും പുലികളുമെല്ലാം കുടിവെള്ളം തേടിയെത്താറുണ്ടെന്നത് ഉറപ്പ്.

വഴികാട്ടി ഒപ്പം വന്ന ഫോറസ്റ്റർ ഷൺമുഖേട്ടനും മുമ്പ് ഫോറസ്റ്റ് ബീറ്റ് ഓഫീസറും ഇപ്പോൾ സ്ക്കൂൾ അധ്യാപകനുമായ ബാബുമാഷും പരിസരത്ത് എവിടെയെങ്കിലും ആനയുടെ സാനിധ്യമുണ്ടോയെന്ന് നടന്ന് നോക്കി.

അവർ മടങ്ങിയെത്തുംമുമ്പേ എല്ലാവരും കാട്ടരുവിയുടെ തണുപ്പിൽ ഊളിയിട്ടിരുന്നു.

3.

രാവുകൾ എപ്പോഴും മനോഹരമാണ്, 

ആകാശം നിറയെ മിന്നിതിളങ്ങുന്ന നക്ഷത്രങ്ങൾ, വെട്ടിതിളങ്ങി നിൽക്കുന്ന ഗ്രഹങ്ങൾ...

കൃത്രിമ വെളിച്ചത്തിൻറെ കുത്തൊഴുക്കിൽ മലിനമായിട്ടില്ലാത്തതിനാൽ തന്നെ ആകാശകാഴ്ച്ച അതിമനോഹരിയാകുന്നു.

പ്രത്യേകിച്ചും അവ പ്രിയപ്പെട്ടവർക്കൊപ്പമാകുമ്പോൾ.

സൈരന്ധ്രിയും വ്യത്യസ്ഥമായിരുന്നില്ല.

പതിവ് കഥകളില്ല, നിശബ്ദമായും പരസ്പരം കേട്ടും പറഞ്ഞും പരിഭവങ്ങൾ ഒഴിച്ചിട്ടു.

സ്നേഹത്തിൻറെ മറ്റൊരുരാത്രി മെല്ലെ വിരിഞ്ഞു.

പിന്നെ രാവേറും വരെ കാട്ടിലെ ഇരവിൻറെ മറവിൽ നിന്ന് അലറുന്ന കടുവയുടെ ശബ്ദത്തിന് ചെവിയോർത്തിരുന്നു.

കുറ്റാകൂരിരുട്ടിൽ ഒറ്റയ്ക്കായിട്ടും പക്ഷെ ഭയമില്ല.

സ്നേഹത്തിൻറെ വശ്യതയേക്കാൾ വലുതല്ല ഒരു കാടിൻറേയും വന്യത. 

നല്ല ഇലയടയും ചായയും കിട്ടും സൈരന്ധ്രിയിൽ കഴിക്കാൻ.

ചായമാത്രമല്ല, ബൂസ്റ്റും ഹോർലിക്സുമെല്ലാം ഇഷ്ടാനുസരണം വാങ്ങികുടിക്കാം.

ഫോറസ്റ്റിൻറെ ക്യാമ്പിൽ അടയും ചായയുമെല്ലാം ഉണ്ടാക്കുന്നത് ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്ന ആദിവാസികളാണ്.

സൈരന്ധ്രിയിൽ മുഖ്യമായും രണ്ട് വിഭാഗം ആദിവാസികളാണ് കൂടുതലായും ഉളളത്.

ഇരുളരും മുദുഗ വിഭാഗവും.

ഇവർ താഴെ സെറ്റിൽമെൻറ് കോളനികളിലായാണ് താമസം.

കാട്ടിൽ നിന്ന് കുന്തിരിക്കവും തേനുമെല്ലാം ശേഖരിച്ചാണ് ഇവരുടെ ഉപജീവനം.

സൈരന്ധ്രിയിലേക്ക് ജീപ്പ് സർവ്വീസ് നടത്തുന്ന ഭൂരിഭാഗം പേരും ഈ വിഭാഗങ്ങളിൽ പെടുന്നവർതന്നെയാണ്.

പഴയ തലമുറ കാട്ടിൽ നിന്ന് മാത്രം പഠിച്ചെങ്കിൽ ദൂരെ ടൌണിലെ റെസിഡൻഷ്യൽ സ്ക്കൂളുകളിൽ ചേർന്ന് പുതുതലമുറ വിദ്യാഭ്യാസം നേടുന്നു.

ഈ വിഭാഗങ്ങൾക്കിടയിലും മഹാഭാരതവുമായി ബന്ധപ്പെടുത്തിയുള്ള കഥകൾ ഏറെ വിശ്വാസം അർപ്പിക്കുന്നവരാണ്.

ഇവിടത്തെ പാറകളിൽ ചിലത് അറിയപ്പെടുന്നത് പാണ്ഡവപാറയെന്നും കരിങ്കൽ ഗുഹ പാണ്ഡവ ഗുഹ എന്നുമാണ്.

പഞ്ചപാണ്ഡവ വിശ്രമിച്ച പാറകളെയാണ് പാണ്ഡവ പാറകൾ എന്ന് അവർ വിളിക്കുന്നത്.

അതേസമയം പാണ്ഡവർ താമസിച്ചിരുന്ന ഗുഹയാണ് പാണ്ഡവഗുഹ.

അവിടെങ്ങളിൽ പ്രത്യേകം ശുദ്ധിയോടെയാണ് ഈ ആദിവാസികൾ പരിപാലിക്കുന്നത്.

കാട്ടിൽ നിന്ന് തേനെടുക്കാനും മറ്റുമായി എത്തുന്ന ആദിവാസികൾ ഈ ഗുഹയിൽ വിശ്രമിക്കാറുണ്ട്. 

ഇവിടെ ഭക്ഷണം പാകം ചെയ്ത് ഭക്ഷിച്ചാണ് താമസിക്കുക.

ഇതവർക്ക് അവരുടെ സ്വന്തം വീടാണ്.

അതിനാൽ തന്നെ പുറമെനിന്നാരും ഇവിടേക്ക് വരുന്നത് അവർ ഇഷ്ടപ്പെടുന്നുമില്ല.

പവിത്രമായ ഒരിടമാണ് ഈ പാണ്ഡവഗുഹ അവർക്ക്.

മഹാഭാരതത്തിൻറെ മിത്തുകളിൽ എത്രമാത്രം യുക്തിയും സത്യവുമുണ്ടെന്നതിൽ പലരും സംശയം പ്രകടിപ്പിച്ചേക്കാം. 

എന്നാൽ അവയെ തങ്ങളുടെ വിശ്വാസത്തിൻറെ, ആചാരത്തിൻറെ ഭാഗമായി കരുതുന്ന ഒരു വിഭാഗം നൂറ്റാണ്ടുകൾക്കിപ്പുറത്തും നമുക്കൊപ്പമുണ്ട്.

4.

പരുവാക്കുളത്തേക്കുള്ള  ട്രക്കിങ് തുടങ്ങുമ്പോഴേക്കും മനസ് വീണ്ടും അസ്വസ്ഥമായിതുടങ്ങി.

തലേന്ന് രാത്രിയിലെ ശാരീരിക അസ്വസ്ഥതയും അതുണ്ടാക്കിയ മാനസികസമ്മർദ്ദവും യാത്രയെ ഒരിക്കൽകൂടി കറുപ്പണിയിക്കുന്നത് പോലെ.

ആൾക്കൂട്ടത്തിന് നടുവിലാകുമ്പോഴും തനിച്ചാവുന്ന പതിവ് പ്രശ്നം വിരുന്നുവന്നു.

ഇടയിൽ കവിതയും പുസ്തകങ്ങളും സംസാരവിഷയം.

അതിദുർഘടമല്ലാത്ത പാതയും ഒരു കാട്ടരുവിയും പ്ലാൻറേഷനും താണ്ടി മെല്ലെ പുൽമേട് കേറി.

പത്ത് കിലോമീറ്ററിലും താഴെ മാത്രമേ നടന്ന് കയറാനുള്ളു.

പ്ലാൻറേഷൻ കടന്ന് പോകുന്ന വഴിയിലെല്ലാം ആനയിറങ്ങിയതിൻറെ പാടുകൾ, പഴക്കമേറിയതും അല്ലാത്തതുമായ ആനപിണ്ഡങ്ങൾ, നിരങ്ങിയിറങ്ങിയതിനെ തുടർന്ന് മണ്ണിടിഞ്ഞ ഭാഗങ്ങൾ...

ഇടയിലൊരിടത്ത് കടുവയുടെ കാൽപാടും കാട്ടിതന്നു ഷൺമുഖേട്ടൻ. 

മലയണ്ണാനേയും കരിങ്കുരങ്ങുകളേയും സിംഹവാലൻ കുരങ്ങുകളേയുമെല്ലാം വഴിയിൽ കണ്ടു.

പലതരം പക്ഷികൾ, സസ്യജാലങ്ങൾ....അങ്ങനെ വേറെയും

നട്ടുച്ചയായി ഒരാൾ പൊക്കമുള്ള പുല്ലുകൾ താണ്ടി പരുവാക്കുളത്തിൻറെ മുകളിലെത്തുമ്പോൾ. 

മുകളിലെത്തിയാൽ പിന്നെ ചുട്ടുപൊള്ളുന്ന മൊട്ടക്കുന്നാണ്.

കരിഞ്ഞുണങ്ങിയ പുല്ലുകൾ, ഇടയിൽ ഏത് കടുത്ത വേനലിനേയും തോൽപ്പിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നത് പോലെ വിടർന്നുനിൽക്കുന്ന കാട്ട് പൂക്കൾ.

മൊട്ടക്കുന്നാണെങ്കിലും ചുറ്റിലുമുള്ള കാഴ്ച്ച ഏതൊരു യാത്രികൻറേയും ഹൃദയം കവരും.

പച്ചപ്പ് വിരിച്ച മലനിരകൾ, അപ്പൂപ്പൻ താടിപോലെ പാറിപറക്കുന്ന വെളുത്ത മേഘങ്ങൾ അങ്ങിങ്ങ് ചിതറികിടക്കുന്ന നീലാകാശം, താഴെ അട്ടപ്പാടി ഗ്രാമം, അങ്ങനെയങ്ങനെ...

നേരം ഏറെയായതിനാൽ, മടങ്ങേണ്ട സമയമായതിനാൽ ഷണമുഖേട്ടൻ തിരക്ക് കൂട്ടിതുടങ്ങി. 

പ്രായത്തിൻറെ അവശതമൂലം കൂട്ടത്തിലെ സീനിയറായ സലീന ടീച്ചർ ചെറുതായൊന്നു തളർന്നിരുന്നുവെങ്കിലും വിട്ടുകൊടുത്തില്ല.

പരുവാകുളത്തിൻറെ മുകളിലെത്തിയ ടീച്ചർ തീർച്ചയായും വലിയൊരു സന്തോഷമായിരുന്നു.  അതുപോലെ തന്നെയായിരുന്നു ആദുവും. കൂ്ടത്തിലെ ഏറ്റവും ചെറിയവൻ. എൽപി സ്ക്കൂൾ വിദ്യാർത്ഥിയാണ്. അമ്മയ്ക്കൊപ്പം എത്തിയ ആദുവാണ് ആദ്യം സമ്മിറ്റ് കീഴടക്കിയത്. വളരെ എനർജറ്റിക്കായ ആദുവിനെ കാത്ത്  ഇനിയും ഒരുപാട് പർവ്വതതുമ്പുകൾ കാത്തരിപ്പുണ്ടെന്നുറപ്പ്.

കുറച്ചുനേരം ആ മൊട്ടക്കുന്നിലെ ഉണങ്ങിയ പുൽപ്പരപ്പിൽ നിവർന്നുകിടന്നു.

സൂര്യൻറെ ചൂടിനെ വെല്ലുവിളിച്ചെന്നപോലെ കണ്ണിലേക്ക് ഇരച്ചെത്തുന്ന സൂര്യരശ്മികളെ മറയ്ക്കാൻ കണ്ണുകൾ മുറുക്കനെയടച്ചു.

എത്രനേരം അങ്ങനെ കിടന്നു...

5.

കല്ല്യാണസൌഗന്ധികം തേടിപ്പോയ ശക്തനായ ഭീമസേനൻറെ കഥയിൽ ഒരു ട്വിസ്റ്റ് ഉണ്ട്. 

വഴിനീളെ കണ്ടതെല്ലാം തല്ലതകർത്ത്, ചെടികളും പൂക്കളും ഇലകളുമെല്ലാം തൻറെ അതിശക്തമായ ഗദകൊണ്ട് തല്ലിക്കൊഴിച്ച് മുന്നേറിയ ഭീമനെ കണ്ട് ആളുകൾ ഭയന്നു, ഭയചകിതരായി  മാറിനിന്നു.

കണ്ടാൽ എങ്ങനെയിരിക്കുമെന്ന് പോലും അത്രയ്ക്ക് ഉറപ്പില്ലാത്ത ഒന്നിനായി നാടുകൾ താണ്ടി കാട്ടിലേക്ക് കയറി ഭീമൻ.

കാട്ടിലൂടെയുള്ള യാത്രയ്ക്കിടെയാണ് തൻറെ വഴിമുടക്കികിടക്കുന്ന വെറും നിസാരനായ ഒരു കുരങ്ങനെ ഭീമൻ കാണുന്നത്. 

അതിശക്തനായ തൻറെ വഴിമാറാൻ ഭീമസേനൻ കുരങ്ങനോട് ആവശ്യപ്പെട്ടു.

പുച്ഛഭാവത്തിൽ നോക്കിയ കുരങ്ങൻ പക്ഷെ വേണമെങ്കിൽ രണ്ടടി മാറിപോയിക്കോളാൻ ഭീമനോട് ആംഗ്യം കാണിച്ചു.

ഭീമന് അത് തന്നെ അവഹേളിക്കുന്നതായാണ് തോന്നിയത്.

പിന്നെ തൻറെ ഗദകൊണ്ട് ശരീരം ചൊറിഞ്ഞിരിക്കുന്ന കുരങ്ങൻറെ വാല് തോണ്ടി മാറ്റാൻ ഭീമൻ ശ്രമിച്ചുവത്രേ.

പക്ഷെ എല്ലാം തല്ലിതകർക്കുന്ന ഭീമൻറെ ബലിഷ്ടമായ ഗദയ്ക്ക് കേവലമൊരു കിഴവൻ കുരങ്ങിൻറെ വാല് തോണ്ടി മാറ്റാനായില്ല.

പലകുറി ശ്രമിച്ച് പരാജയപ്പെട്ട ഭീമനെ നോട്ടം കൊണ്ട് വീണ്ടും വീണ്ടും കുരങ്ങൻ അപമാനിച്ചു.

ഭീമൻറെ അഹംഭാവത്തെ തന്നെയാണ് കുരങ്ങൻ ചോദ്യം ചെയ്തത്.s

ഒടുവിൽ താനാരാണെന്ന് ഭീമന് മുന്നിൽ കുരങ്ങൻ വെളിപ്പെടുത്തിയത്രേ.

അങ്ങനെ ഈഗോ വെടിഞ്ഞ ഭീമന് മുന്നിൽ കല്ല്യാണസൌഗന്ധികം ആ കുരങ്ങൻ കാണിച്ചുംകൊടുത്തുവെന്നാണ് കഥ.

കഥയിലെ ട്വിസ്റ്റ് ദ്രൌപതിയോടുള്ള അമിത സ്നേഹം കൊണ്ട്,  തൻറേത് മാത്രമെന്ന അധീശതബോധം കൊണ്ട് അന്ധനായ ഭീമന് താനെത്രമാത്രം നിസാരനാണ് എന്ന് മനസിലാക്കികൊടുക്കുന്നതായിരുന്നു ആ കാനനയാത്ര എന്നതായിരുന്നു. 

എന്തിന് മറ്റുള്ളവരുണ്ടായിട്ടും കണ്ടിട്ടില്ലാത്ത കല്ല്യാണസൌഗന്ധികം തോടി പോകാൻ മാത്രമുള്ളത്ര ഒരുപാട് ഇഷ്ടം ഭീമന് മാത്രം ദ്രൌപതിയോട് തോന്നിയെന്ന ചോദ്യം പക്ഷെ ബാക്കിയായി...

ആ കിഴവൻ കുരങ്ങൻ ആ ചോദ്യം ഭീമനോട് സംഭാഷണമധ്യേ എപ്പൊഴെങ്കിലും ചോദിച്ചിരിക്കുമോ...

അത്തരമൊരു തിരിച്ചറിവിൻറെ, ഈഗോയുടെ, മലയിറക്കമായിരുന്നോ എനിക്കുമിത്.

പിണക്കങ്ങളും ഈഗോയും മാത്സര്യബുദ്ധിയും പരിഭവങ്ങളുമെല്ലാം ആ മലകയറ്റത്തിൽ അലിഞ്ഞില്ലാതായോ...അറിയില്ല.

....................................

Friday, 21 March 2025

ഭീമൻറെ ഈഗോ, എൻറേയും (സൈരന്ധ്രിയാത്ര ഭാഗം 3)

രാവുകൾ എപ്പോഴും മനോഹരമാണ്, 

ആകാശം നിറയെ മിന്നിതിളങ്ങുന്ന നക്ഷത്രങ്ങൾ, വെട്ടിതിളങ്ങി നിൽക്കുന്ന ഗ്രഹങ്ങൾ...

കൃത്രിമ വെളിച്ചത്തിൻറെ കുത്തൊഴുക്കിൽ മലിനമായിട്ടില്ലാത്തതിനാൽ തന്നെ ആകാശകാഴ്ച്ച അതിമനോഹരിയാകുന്നു.

പ്രത്യേകിച്ചും അവ പ്രിയപ്പെട്ടവർക്കൊപ്പമാകുമ്പോൾ.

സൈരന്ധ്രിയും വ്യത്യസ്ഥമായിരുന്നില്ല.

പതിവ് കഥകളില്ല, നിശബ്ദമായും പരസ്പരം കേട്ടും പറഞ്ഞും പരിഭവങ്ങൾ ഒഴിച്ചിട്ടു.

സ്നേഹത്തിൻറെ മറ്റൊരുരാത്രി മെല്ലെ വിരിഞ്ഞു.

പിന്നെ രാവേറും വരെ കാട്ടിലെ ഇരവിൻറെ മറവിൽ നിന്ന് അലറുന്ന കടുവയുടെ ശബ്ദത്തിന് ചെവിയോർത്തിരുന്നു.

കുറ്റാകൂരിരുട്ടിൽ ഒറ്റയ്ക്കായിട്ടും പക്ഷെ ഭയമില്ല.

സ്നേഹത്തിൻറെ വശ്യതയേക്കാൾ വലുതല്ല ഒരു കാടിൻറേയും വന്യത. 

നല്ല ഇലയടയും ചായയും കിട്ടും സൈരന്ധ്രിയിൽ കഴിക്കാൻ.

ചായമാത്രമല്ല, ബൂസ്റ്റും ഹോർലിക്സുമെല്ലാം ഇഷ്ടാനുസരണം വാങ്ങികുടിക്കാം.

ഫോറസ്റ്റിൻറെ ക്യാമ്പിൽ അടയും ചായയുമെല്ലാം ഉണ്ടാക്കുന്നത് ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്ന ആദിവാസികളാണ്.

സൈരന്ധ്രിയിൽ മുഖ്യമായും രണ്ട് വിഭാഗം ആദിവാസികളാണ് കൂടുതലായും ഉളളത്.

ഇരുളരും മുദുഗ വിഭാഗവും.

ഇവർ താഴെ സെറ്റിൽമെൻറ് കോളനികളിലായാണ് താമസം.

കാട്ടിൽ നിന്ന് കുന്തിരിക്കവും തേനുമെല്ലാം ശേഖരിച്ചാണ് ഇവരുടെ ഉപജീവനം.

സൈരന്ധ്രിയിലേക്ക് ജീപ്പ് സർവ്വീസ് നടത്തുന്ന ഭൂരിഭാഗം പേരും ഈ വിഭാഗങ്ങളിൽ പെടുന്നവർതന്നെയാണ്.

പഴയ തലമുറ കാട്ടിൽ നിന്ന് മാത്രം പഠിച്ചെങ്കിൽ ദൂരെ ടൌണിലെ റെസിഡൻഷ്യൽ സ്ക്കൂളുകളിൽ ചേർന്ന് പുതുതലമുറ വിദ്യാഭ്യാസം നേടുന്നു.

ഈ വിഭാഗങ്ങൾക്കിടയിലും മഹാഭാരതവുമായി ബന്ധപ്പെടുത്തിയുള്ള കഥകൾ ഏറെ വിശ്വാസം അർപ്പിക്കുന്നവരാണ്.

ഇവിടത്തെ പാറകളിൽ ചിലത് അറിയപ്പെടുന്നത് പാണ്ഡവപാറയെന്നും കരിങ്കൽ ഗുഹ പാണ്ഡവ ഗുഹ എന്നുമാണ്.

പഞ്ചപാണ്ഡവ വിശ്രമിച്ച പാറകളെയാണ് പാണ്ഡവ പാറകൾ എന്ന് അവർ വിളിക്കുന്നത്.

അതേസമയം പാണ്ഡവർ താമസിച്ചിരുന്ന ഗുഹയാണ് പാണ്ഡവഗുഹ.

അവിടെങ്ങളിൽ പ്രത്യേകം ശുദ്ധിയോടെയാണ് ഈ ആദിവാസികൾ പരിപാലിക്കുന്നത്.

കാട്ടിൽ നിന്ന് തേനെടുക്കാനും മറ്റുമായി എത്തുന്ന ആദിവാസികൾ ഈ ഗുഹയിൽ വിശ്രമിക്കാറുണ്ട്.

ഇവിടെ ഭക്ഷണം പാകം ചെയ്ത് ഭക്ഷിച്ചാണ് താമസിക്കുക.

ഇതവർക്ക് അവരുടെ സ്വന്തം വീടാണ്.

അതിനാൽ തന്നെ പുറമെനിന്നാരും ഇവിടേക്ക് വരുന്നത് അവർ ഇഷ്ടപ്പെടുന്നുമില്ല.

പവിത്രമായ ഒരിടമാണ് ഈ പാണ്ഡവഗുഹ അവർക്ക്.

മഹാഭാരതത്തിൻറെ മിത്തുകളിൽ എത്രമാത്രം യുക്തിയും സത്യവുമുണ്ടെന്നതിൽ പലരും സംശയം പ്രകടിപ്പിച്ചേക്കാം. 

എന്നാൽ അവയെ തങ്ങളുടെ വിശ്വാസത്തിൻറെ, ആചാരത്തിൻറെ ഭാഗമായി കരുതുന്ന ഒരു വിഭാഗം നൂറ്റാണ്ടുകൾക്കിപ്പുറത്തും നമുക്കൊപ്പമുണ്ട്.

പരുവാക്കുളത്തേക്കുള്ള  ട്രക്കിങ് തുടങ്ങുമ്പോഴേക്കും മനസ് വീണ്ടും അസ്വസ്ഥമായിതുടങ്ങി.

തലേന്ന് രാത്രിയിലെ ശാരീരിക അസ്വസ്ഥതയും അതുണ്ടാക്കിയ മാനസികസമ്മർദ്ദവും യാത്രയെ ഒരിക്കൽകൂടി കറുപ്പണിയിക്കുന്നത് പോലെ.

ആൾക്കൂട്ടത്തിന് നടുവിലാകുമ്പോഴും തനിച്ചാവുന്ന പതിവ് പ്രശ്നം വിരുന്നുവന്നു.

ഇടയിൽ കവിതയും പുസ്തകങ്ങളും സംസാരവിഷയം.

അതിദുർഘടമല്ലാത്ത പാതയും ഒരു കാട്ടരുവിയും പ്ലാൻറേഷനും താണ്ടി മെല്ലെ പുൽമേട് കേറി.

പത്ത് കിലോമീറ്ററിലും താഴെ മാത്രമേ നടന്ന് കയറാനുള്ളു.

പ്ലാൻറേഷൻ കടന്ന് പോകുന്ന വഴിയിലെല്ലാം ആനയിറങ്ങിയതിൻറെ പാടുകൾ, പഴക്കമേറിയതും അല്ലാത്തതുമായ ആനപിണ്ഡങ്ങൾ, നിരങ്ങിയിറങ്ങിയതിനെ തുടർന്ന് മണ്ണിടിഞ്ഞ ഭാഗങ്ങൾ...

ഇടയിലൊരിടത്ത് കടുവയുടെ കാൽപാടും കാട്ടിതന്നു ഷൺമുഖേട്ടൻ. 

മലയണ്ണാനേയും കരിങ്കുരങ്ങുകളേയും സിംഹവാലൻ കുരങ്ങുകളേയുമെല്ലാം വഴിയിൽ കണ്ടു.

പലതരം പക്ഷികൾ, സസ്യജാലങ്ങൾ....അങ്ങനെ വേറെയും

നട്ടുച്ചയായി ഒരാൾ പൊക്കമുള്ള പുല്ലുകൾ താണ്ടി പരുവാക്കുളത്തിൻറെ മുകളിലെത്തുമ്പോൾ.

മുകളിലെത്തിയാൽ പിന്നെ ചുട്ടുപൊള്ളുന്ന മൊട്ടക്കുന്നാണ്.

കരിഞ്ഞുണങ്ങിയ പുല്ലുകൾ, ഇടയിൽ ഏത് കടുത്ത വേനലിനേയും തോൽപ്പിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നത് പോലെ വിടർന്നുനിൽക്കുന്ന കാട്ട് പൂക്കൾ. 

മൊട്ടക്കുന്നാണെങ്കിലും ചുറ്റിലുമുള്ള കാഴ്ച്ച ഏതൊരു യാത്രികൻറേയും ഹൃദയം കവരും.

പച്ചപ്പ് വിരിച്ച മലനിരകൾ, അപ്പൂപ്പൻ താടിപോലെ പാറിപറക്കുന്ന വെളുത്ത മേഘങ്ങൾ അങ്ങിങ്ങ് ചിതറികിടക്കുന്ന നീലാകാശം, താഴെ അട്ടപ്പാടി ഗ്രാമം, അങ്ങനെയങ്ങനെ...

നേരം ഏറെയായതിനാൽ, മടങ്ങേണ്ട സമയമായതിനാൽ ഷണമുഖേട്ടൻ തിരക്ക് കൂട്ടിതുടങ്ങി. 

പ്രായത്തിൻറെ അവശതമൂലം കൂട്ടത്തിലെ സീനിയറായ സെലീന ടീച്ചർ ചെറുതായൊന്നു തളർന്നിരുന്നുവെങ്കിലും വിട്ടുകൊടുത്തില്ല.

പരുവാകുളത്തിൻറെ മുകളിലെത്തിയ ടീച്ചർ തീർച്ചയായും വലിയൊരു സന്തോഷമായിരുന്നു. 

കുറച്ചുനേരം ആ മൊട്ടക്കുന്നിലെ ഉണങ്ങിയ പുൽപ്പരപ്പിൽ നിവർന്നുകിടന്നു.

സൂര്യൻറെ ചൂടിനെ വെല്ലുവിളിച്ചെന്നപോലെ കണ്ണിലേക്ക് ഇരച്ചെത്തുന്ന സൂര്യരശ്മികളെ മറയ്ക്കാൻ കണ്ണുകൾ മുറുക്കനെയടച്ചു.

എത്രനേരം അങ്ങനെ കിടന്നു...

കല്ല്യാണസൌഗന്ധികം തേടിപ്പോയ ശക്തനായ ഭീമസേനൻറെ കഥയിൽ ഒരു ട്വിസ്റ്റ് ഉണ്ട്. 

വഴിനീളെ കണ്ടതെല്ലാം തല്ലതകർത്ത്, ചെടികളും പൂക്കളും ഇലകളുമെല്ലാം തൻറെ അതിശക്തമായ ഗദകൊണ്ട് തല്ലിക്കൊഴിച്ച് മുന്നേറിയ ഭീമനെ കണ്ട് ആളുകൾ ഭയന്നു, ഭയചകിതരായി  മാറിനിന്നു.

കണ്ടാൽ എങ്ങനെയിരിക്കുമെന്ന് പോലും അത്രയ്ക്ക് ഉറപ്പില്ലാത്ത ഒന്നിനായി നാടുകൾ താണ്ടി കാട്ടിലേക്ക് കയറി ഭീമൻ.

കാട്ടിലൂടെയുള്ള യാത്രയ്ക്കിടെയാണ് തൻറെ വഴിമുടക്കികിടക്കുന്ന വെറും നിസാരനായ ഒരു കുരങ്ങനെ ഭീമൻ കാണുന്നത്. 

അതിശക്തനായ തൻറെ വഴിമാറാൻ ഭീമസേനൻ കുരങ്ങനോട് ആവശ്യപ്പെട്ടു.

പുച്ഛഭാവത്തിൽ നോക്കിയ കുരങ്ങൻ പക്ഷെ വേണമെങ്കിൽ രണ്ടടി മാറിപോയിക്കോളാൻ ഭീമനോട് ആംഗ്യം കാണിച്ചു.

ഭീമന് അത് തന്നെ അവഹേളിക്കുന്നതായാണ് തോന്നിയത്.

പിന്നെ തൻറെ ഗദകൊണ്ട് ശരീരം ചൊറിഞ്ഞിരിക്കുന്ന കുരങ്ങൻറെ വാല് തോണ്ടി മാറ്റാൻ ഭീമൻ ശ്രമിച്ചുവത്രേ.

പക്ഷെ എല്ലാം തല്ലിതകർക്കുന്ന ഭീമൻറെ ബലിഷ്ടമായ ഗദയ്ക്ക് കേവലമൊരു കിഴവൻ കുരങ്ങിൻറെ വാല് തോണ്ടി മാറ്റാനായില്ല.

പലകുറി ശ്രമിച്ച് പരാജയപ്പെട്ട ഭീമനെ നോട്ടം കൊണ്ട് വീണ്ടും വീണ്ടും കുരങ്ങൻ അപമാനിച്ചു.

ഭീമൻറെ അഹംഭാവത്തെ തന്നെയാണ് കുരങ്ങൻ ചോദ്യം ചെയ്തത്.

ഒടുവിൽ താനാരാണെന്ന് ഭീമന് മുന്നിൽ കുരങ്ങൻ വെളിപ്പെടുത്തിയത്രേ.

അങ്ങനെ ഈഗോ വെടിഞ്ഞ ഭീമന് മുന്നിൽ കല്ല്യാണസൌഗന്ധികം ആ കുരങ്ങൻ കാണിച്ചുംകൊടുത്തുവെന്നാണ് കഥ. 

കഥയിലെ ട്വിസ്റ്റ് ദ്രൌപതിയോടുള്ള അമിത സ്നേഹം കൊണ്ട്,  തൻറേത് മാത്രമെന്ന അധീശതബോധം കൊണ്ട് അന്ധനായ ഭീമന് താനെത്രമാത്രം നിസാരനാണ് എന്ന് മനസിലാക്കികൊടുക്കുന്നതായിരുന്നു ആ കാനനയാത്ര എന്നതായിരുന്നു. 

എന്തിന് മറ്റുള്ളവരുണ്ടായിട്ടും കണ്ടിട്ടില്ലാത്ത കല്ല്യാണസൌഗന്ധികം തോടി പോകാൻ മാത്രമുള്ളത്ര ഒരുപാട് ഇഷ്ടം ഭീമന് മാത്രം ദ്രൌപതിയോട് തോന്നിയെന്ന ചോദ്യം പക്ഷെ ബാക്കിയായി...

ആ കിഴവൻ കുരങ്ങൻ ആ ചോദ്യം ഭീമനോട് സംഭാഷണമധ്യേ എപ്പൊഴെങ്കിലും ചോദിച്ചിരിക്കുമോ...

അത്തരമൊരു തിരിച്ചറിവിൻറെ, ഈഗോയുടെ, മലയിറക്കമായിരുന്നോ എനിക്കുമിത്.

പിണക്കങ്ങളും ഈഗോയും മാത്സര്യബുദ്ധിയും പരിഭവങ്ങളുമെല്ലാം ആ മലകയറ്റത്തിൽ അലിഞ്ഞില്ലാതായോ...അറിയില്ല.

സൈരന്ധ്രിയിലെ മഹാഭാരതകഥകളിലേക്ക് (ഭാഗം 1)

കുന്തിമാതാവും കുന്തിപുഴയും (സൈരന്ധ്രി യാത്ര ഭാഗം 2)

Thursday, 20 March 2025

കുന്തിമാതാവും കുന്തിപുഴയും (സൈരന്ധ്രി യാത്ര ഭാഗം 2)

സൈരന്ധ്രിയിൽ ഒരു വാച്ച് ടവറുണ്ട്. 

വലിയ ഉയരത്തിൽ ഉരുക്കുപാളികൾ കൊണ്ട് നിർമിച്ച ആ വാച്ച് ടവറിന് മുകളിലേറിയാൽ അന്തമില്ലാതെ പരസ്പരം കൈകോർത്ത് നീണ്ടു കിടക്കുന്ന മലനിരകളെ കാണാം. 

അകലെ മനുഷ്യസ്പർശമേറ്റിട്ടില്ലാത്ത കുന്തിപുഴ കാണാം.

നോക്കൂ, പുഴയ്ക്ക് പോലും മഹാഭാരതവുമായി ബന്ധം.

പാണ്ഡവരുടെ അമ്മയായ കുന്തിയുടെ പേര്. 

വനവാസകാലത്ത് കുന്തി ഈ പുഴ മറിച്ചുകടന്നതിനാലാണത്രേ ഈ പുഴയ്ക്ക് കുന്തിപുഴയെന്ന് പേരുവന്നത്.

അതേസമയം തന്നെ കുന്തിരിക്ക പുഴയെന്നത് ലോപിച്ചാണ് കുന്തിപുഴയായി മാറിയതെന്നും പറയുന്നവരുണ്ട്.

കുന്തിരിക്കം മരങ്ങൾ ഏറെയുണ്ട് കുന്തിപുഴയുടെ വശങ്ങളിൽ എന്നതിനാൽ തന്നെ ഇത് നിഷേധിക്കാനാവില്ല.

കഥകളിലും മിത്തുകളിളും അഭിരമിക്കുന്നവർക്ക് മഹാഭാരതത്തിലേക്കും യുക്തിനോക്കുന്നവർക്ക് വശങ്ങളിലേക്കും നോക്കാമെന്ന് മാത്രം പറയട്ടെ.

നിളയുടെ പ്രധാന പോഷകനദികളിലൊന്നായ തൂതപുഴയുടെ കൈവഴിയാണ് കുന്തിപുഴ.

മലിനമാകാതെ തെളിഞ്ഞ സ്ഫടികജലമാണ് കുന്തിപുഴയിലേത്.

മനുഷ്യസ്പർശമേൽക്കാത്തതിനാലാവണം അതിന്നും മലിനമാകാതെ തുടരുന്നത്. 

വാച്ച് ടവറിന് മുകളിൽ നിന്നാൽ നിലമ്പൂരിലേയും തമിഴ്നാട്ടിലേയും വനങ്ങളും മലകളും കാണാം.

ഒരുവശത്ത് കുന്തി പുഴയെങ്കിൽ മറ്റൊരുവശത്ത് ഭവാനിപുഴയും ഒഴുകുന്നു.

ഭവാനി കേരളത്തിൽ നിന്ന് ഉത്ഭവിച്ചത് ഒഴുകുന്നത് തമിഴ്നാടിൻറെ ഭാഗത്തേക്കാണ് എന്നുമാത്രം. 

മലകൾക്കിടയിൽ ഓറഞ്ചും മഞ്ഞയും ചുവപ്പും പച്ചയുമെല്ലാം നിറങ്ങളിൽ മുങ്ങിയ ഇലകളാൽ വസന്തം തീർത്ത് കിടക്കുന്ന ചോലവനങ്ങളുടെ സൌന്ദര്യം.

തീരുന്നില്ല, ഇവിടെ നിന്നാൽ തണുത്ത മഞ്ഞുമേഘങ്ങളുടെ തഴുകലും നനവും നുകരാം.

സൈലൻറ് വാലിയെന്നാൽ വെറുമൊരു വിനോദ സഞ്ചാരകേന്ദ്രമല്ല,

വലിയ ചരിത്രം പേറുന്ന ഒന്നാണ്.

എൺപതുകളിൽ വലിയ പരിസ്ഥിതി സമരങ്ങൾക്ക് തന്നെ വേദിയായ ഇടം. 

ഇന്ന് വാച്ച് ടവർ നിൽക്കുന്നതിന് താഴെയായി ഒരു ജലവൈദ്യുതപദ്ധതിക്കുള്ള (പാത്രക്കടവ് പദ്ധതി) സർക്കാർ നീക്കം പൊരുതിതോൽപ്പിച്ച പരിസ്ഥിതി സ്നേഹികളുടെ ധീരപോരാട്ടത്തിൻറെ ചരിത്രം പേറുന്നയിടം.

സുഗതകുമാരി ടീച്ചറും ആർവിജിയും പ്രസാദ് മാഷുമെല്ലാം മുന്നിട്ടിറങ്ങി ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ സമരം കേരളത്തിലെ പരിസ്ഥിതി സംരക്ഷണത്തിന് തന്നെ പുതിയ ദിശാബോധം നൽകി. 

പിന്നീട് ദേശിയോധ്യാനമായി രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് പ്രഖ്യാപിച്ചശേഷവും ഇവിടെ പരിസ്ഥിതി പ്രവർത്തകരുടെ കണ്ണും കാതും തുറന്നേയിരിക്കുന്നു.

അന്ന് പാത്രക്കടവ് പദ്ധതിയുടെ ഭാഗമായി പണി തുടങ്ങിവെച്ച തുരങ്കത്തിൻറെ അവശിഷ്ടങ്ങൾ ഇന്നും അവിടെ അവശേഷിക്കുന്നുണ്ട്.

വാച്ച്ടവറിൽ നിന്ന് മൺ വഴിയിലൂടെ ഒന്നരകിലേമീറ്റർ നടന്നാൽ കുന്തിപുഴയുടെ തീരത്തെത്താം.

അവിടെവരേയെ സഞ്ചാരികൾക്ക് പോകാനാവു.

അവിടെ കുന്തിപുഴയ്ക്ക് കുറുകെ സ്ഥാപിച്ച ഇരുമ്പ് പാലം തകർന്നിരിക്കുന്നു.

2018 ലെ പ്രളയത്തിൽ തകർന്നതാണ് പാലം.

പുതിയത് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.

കാട്ടരുവിയിലെ ഒഴുക്കുവെള്ളത്തിൽ ഒന്നുമുങ്ങിക്കുളിക്കാതെ എങ്ങനെയാണ് കാനനസന്ദർശനം പൂർത്തിയാവുക.

മനസും ശരീരവും ഒന്ന് ശാന്തമാക്കുക

അകമേ മലമുകളിലെ പൊള്ളുന്ന വേനലും പുറമേ കാടിൻറെ തണുപ്പുമായി നടക്കുമ്പോൾ പ്രത്യേകിച്ചും.

അൽപ്പം സാഹസികമാണ് കാട്ടരുവിയിലേക്കുള്ള പാത.

കാട്ടിലൂടെ കുത്തനെയുള്ള ഇറക്കം.

കാട്ടുവള്ളിയും മരങ്ങളുടെ വേരുകളും  പിടിച്ച് വീഴാതെ ശ്രദ്ധയോടെ താഴേക്ക്.

വഴിയിൽ പലയിടത്തും ആനയിറങ്ങിയതിൻറെ പാടുകൾ.

ഇല്ലിക്കാടിന് സമീപത്തായുള്ള ഈ അരുവിയിൽ ആനകളും പുലികളുമെല്ലാം കുടിവെള്ളം തേടിയെത്താറുണ്ടെന്നത് ഉറപ്പ്.

വഴികാട്ടി ഒപ്പം വന്ന ഫോറസ്റ്റർ ഷൺമുഖേട്ടനും മുമ്പ് ഫോറസ്റ്റ് ബീറ്റ് ഓഫീസറും ഇപ്പോൾ സ്ക്കൂൾ അധ്യാപകനുമായ ബാബുമാഷും പരിസരത്ത് എവിടെയെങ്കിലും ആനയുടെ സാനിധ്യമുണ്ടോയെന്ന് നടന്ന് നോക്കി.

അവർ മടങ്ങിയെത്തുംമുമ്പേ എല്ലാവരും കാട്ടരുവിയുടെ തണുപ്പിൽ ഊളിയിട്ടിരുന്നു.

......

Saturday, 8 March 2025

സൈരന്ധ്രിയിലെ മഹാഭാരതകഥകളിലേക്ക്

മഹാഭാരതത്തിൽ പതിനെട്ട് അധ്യായങ്ങളുണ്ട്.

ആ പതിനെട്ട് അധ്യായങ്ങളിലായി അരങ്ങേറുന്ന മിത്തുകൾ പരന്ന് കിടക്കുന്നത് അസംഖ്യം ഭൂപ്രദേശങ്ങളിലായാണ്.

കഥയെഴുതിയ വ്യാസൻ പോലും അവിടങ്ങളെല്ലാം കണ്ടിട്ടുണ്ടോ അതോ നമ്മൾ പറയുന്ന ഇടങ്ങളിൽ തന്നെയാണോ കഥ നടന്നത് എന്ന് ചോദിച്ചാൽ പെട്ടുപോകും.

അത്തരത്തിലാണ് അഖണ്ഡ ഭാരതത്തിലെ പലപ്രദേശങ്ങളും മഹാഭാരതത്തിൽ പരാമർശിക്കപ്പെടുന്നത്.

പാണ്ഡവർ വനവാസത്തിനിടെ ഒളിച്ചുകഴിഞ്ഞതും വേഷപ്രച്ഛന്നരായി കഴിഞ്ഞതും ഒളിവുജീവിതത്തിനിടയിലെ സംഭവങ്ങളും പ്രണയങ്ങളും രതികാമനകളുമെല്ലാം വിസ്തരിക്കുന്നുണ്ട് വ്യാസൻ. 

എവിടെയെല്ലാമാണ് അവർ ഒളിച്ചുകഴിഞ്ഞത്.

എവിടെയാണ് അവർ ഒളിച്ചുകഴിയാതിരുന്നത് 

പലദേശങ്ങളും ഇപ്പോഴും അറിയപ്പെടുന്നത് അവരുടെ ഒളിവ്ജീവിതവുമായി ബന്ധപ്പെട്ടാണ്.

നമ്മുടെ കേരളത്തിലുമുണ്ട് അത്തരം ഇടങ്ങൾ

സൈരന്ധ്രി മല അങ്ങനെ കഥകളിൽ നിറഞ്ഞ ഒന്നാണ്.

സൈരന്ധ്രി എന്നാൽ ദൌപതിയാണ്. പാഞ്ചാലിയാണ്.

അർജുനൻ അമ്പെയത് സ്വന്തമാക്കുകയും കുന്തിയുടെ അബദ്ധത്തിനാൽ പഞ്ചപാണ്ഡവരും പങ്കിട്ടെടുക്കുകയും ചെയ്ത പാഞ്ചാലി.

ഇവിടെ ഒളിവിൽ കഴിയവേയാണത്രേ പാഞ്ചാലിക്ക് കല്യാണസൌഗന്ധികത്തോട് പ്രിയമേറിയത്.

ഭീമൻ കല്യാണസൌഗന്ധികം തേടി അലഞ്ഞത് ഇവിടത്തെ കാട്ടിലാണത്രേ. 

കുറച്ചുകാലം പാണ്ഡവർ ഒളിച്ചുകഴിഞ്ഞ ഗുഹയും കുളിച്ച തോടുമെല്ലാം സൈരന്ധ്രിയിലുണ്ട് എന്നാണ് കഥ, അല്ലെങ്കിൽ അതാണ് ചിലരുടെ വിശ്വാസം.

സൈരന്ധ്രിയെ നമുക്കറിയാം. പക്ഷെ അതിൻറെ ഇംഗ്ലീഷ് നാമധേയം പറയണമെന്നുമാത്രം.

നമ്മുടെ സൈലനറ് വാലിയാണ് സൈരന്ധ്രി. 

സൈരന്ധ്രിയെന്നത് സംസ്കൃതത്തിലെ ദ്രൌപതിയുടെ പേരാണ്.

ആദിവാസികൾ ആ പേര് ബ്രട്ടീഷുകാരോട് പറഞ്ഞെങ്കിലും പറയാൻ ബദ്ധപ്പെട്ട ഇംഗ്ലീഷകാരൻ സൈലൻറ് വാലി എന്ന് പേരിട്ടുവെന്നുമാണ് ഫോറസ്റ്റർ ഷൺമുഖൻ ചേട്ടൻ പറയുന്നത്.

ചീവീടുകളില്ലാത്തതിനാൽ നിശബ്ധതതയുടെ താഴ്വാരമാണ് ഇവിടമെന്നും അങ്ങനെ ഈ പേര് ലഭിച്ചെന്നും പറയുന്നവരുമുണ്ട്.

ഏതായാലും ചീവിട് സൈലൻറ് വാലിയിൽ ഇപ്പോഴുണ്ട്.

അതും മൂന്ന് തരം. ഇപ്പോഴതിൻറെ പ്രജനനകാലം ആരംഭിക്കാറായി. 

ഇതാണ് സ്ഥിതിയെങ്കിൽ സ്ക്കൂളിൽ നമ്മൾ പഠിച്ചതും വായിച്ചതുമെല്ലാം തിരുത്തേണ്ടിയിരിക്കുന്നു.

വാക്കുകളുടെ ലോകത്തെ ഒറ്റപ്പെടലിൻറെ ഒരു തുരുത്തിൽ  കുരുങ്ങി കിടന്ന ഒരു സുപ്രഭാതത്തിലായിരുന്നു ആ യാത്ര.

നേരത്തേ ആസൂത്രണം ചെയ്തെങ്കിലും വേണോ വേണ്ടയോ എന്ന് പലകുറി മനസിലിട്ട് കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചുമെല്ലാം നോക്കി.

യാത്രകൾ എന്നും ആവേശമാണെങ്കിലും പക്ഷെ എന്തുകൊണ്ടോ ഇത്തവണ ഒരു ശങ്ക.

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് തോമ അവധിക്ക് വെച്ച് ട്രക്കിങ്ങിന് ഇറങ്ങി.

ഇതാദ്യമായാണ് ഒരു ട്രക്കിങ് ഗ്രൂപ്പിൻറെ കൂടെ ട്രക്കിങ്ങിന് ഇറങ്ങുന്നത്. 

ട്രക്കിങ്ങിന് മുമ്പേ കാട് കയറിയ ചിന്തകളിൽ വ്യാപൃതമായിരുന്നു മനസ്. 

ഹരീഷിൻറെ പട്ടുനൂൽപുഴുവെന്ന പുതിയ നോവലിലെ സാംസയുടേയും സ്റ്റീഫൻറേയും ആനിയുടേയും വിജയൻറേയുമെല്ലാം ഏകാന്തതയും ഉൻമാദവും പ്രണയവും വിഷാദവുമെല്ലാം നെഞ്ചിലും തലച്ചോറിലും പേറിയൊരു പുറപ്പാട്. 

റോഡരികിലെ തെരുവുവിളക്കിന് താഴെ വായനയിൽ മുഴുകിയിരിക്കെയാണ് പറഞ്ഞതിലും അൽപം വൈകി രാവണനെത്തിയത്.

ഡിജെ ഫ്ലോർ പോലെ വർണങ്ങൾ നിറഞ്ഞ വാഹനത്തിനകത്ത്  അറിയുന്നവരും അറിയാത്തവരുമായി പത്തൊമ്പത് പേർ.

ഒന്നുറങ്ങിയെണീക്കാനുള്ള സമയമുണ്ട്.

പക്ഷെ ഉറങ്ങാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, വീണ്ടും പുസ്തകത്തിലേക്ക്.

അപ്പോഴേക്കും വണ്ടി ചായകുടിക്കാനായി നിർത്തി.

ഇനി അധികദൂരമില്ല സൈലൻറ് വാലി മലയുടെ അടിവാരമായ മൂക്കാലിയിലേക്ക്.

മുക്കാലിയിലെ ഫോറസ്റ്റ് ഓഫീസിൽ ചെന്ന് പേരും വിലാസവുമെല്ലാം നൽകി ബാഗ് വാങ്ങി.

ബാഗിൽ ഒരു ടീ ഷർട്ടും തൊപ്പിയും.

ഇനിയുള്ള യാത്ര ഫോറസ്റ്റിൻെറ ബസിലാണ്.

സാധാരണ ടൂറിസ്റ്റുകൾക്ക് ഒന്നുകിൽ ഫോറസ്റ്റിൻറെ ബസ്സിലോ അല്ലെങ്കിൽ സർവ്വീസ് നടത്തുന്ന അംഗീകാരമുള്ള സ്വകാര്യ ജീപ്പിലോ മലമുകളിലേക്ക് പോകാം, സ്വകാര്യവാഹനങ്ങൾ കയറ്റിവിടില്ല.

അങ്ങനെ വനംവകുപ്പിൻറെ ബസിൽ കഥയും ഒച്ചയും കലപിലയുമായി സൈരന്ധ്രിമലയിലേക്ക്...

സൈരന്ധ്രി യാത്ര ഭാഗം 2

സൈരന്ധ്രി യാത്ര ഭാഗം 3

Friday, 31 January 2025

സബ്സ്ക്രൈബർ

നിങ്ങൾ ഇപ്പോൾ

പരിധിക്ക് പുറത്താണ് !

അവർ

വീണ്ടും ശ്രമിക്കില്ല,

കാരണം

അവർ തിരക്കിലാണ് !

(120125)

fRAGRANCE of love

എനിക്ക്

ചമ്പയുടെ സൗന്ദര്യവും 

സുഗന്ധവും

നിൻ്റേതാണ്.

പുരാതന നിർമിതികളുടെ 

വഴികളിലും

നീയുണ്ട്.

നീയാണ് സത്യം

നീയാണ് 

ഇടം💙

150125

ശൂന്യം

ഒരിടം 

ശൂന്യമാവുന്നത്

അവിടെ ഒന്നും 

ഇല്ലാത്തത് കൊണ്ട്

മാത്രമല്ല.

ഉണ്ടായിരുന്നവർ

ഇറങ്ങി പോയതുകൊണ്ട്

കൂടിയാണ്.

ഇന്ന് എൻ്റെ ഇടവും 

ശൂന്യം !

എന്തായിരുന്നു.

ആരായിരുന്നു.

ഇറങ്ങി 

വിദൂരത്തിലേക്ക്

നടന്നത്?

അല്ലെങ്കിൽ

എന്തിനായിരുന്നു

അവർ 

കയറി നിന്നത്?

(250125)

Friday, 20 December 2024

ഉർവി - കളി,ചിരി, പ്രകൃതി

ഉർവിയിൽ രാത്രിമുഴുവനും മഴ പെയ്തുകൊണ്ടേയിരുന്നു. 

ടെൻറിലെ സഹമുറിയനായ അഷറഫ് ഇക്കയോട് കുറേ നേരം സംസാരിച്ചശേഷമായിരുന്നു ഉറങ്ങിയത്. സാധാരണഗതിയിൽ മറ്റൊരാളുമായി  മുറി പങ്കിടുകയെന്നത് വലിയ ബുദ്ധമുട്ടുള്ള ഒന്നാണെങ്കിലും എന്തോ ഇക്കയുമായി പെട്ടെന്ന് തന്നെ ജെല്ലായി. ടെൻറിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ അദ്ദേഹം സമ്മാനിച്ച പുഞ്ചിരിയായിരിക്കാം ഒരുപക്ഷെ ആശങ്കകൾ അകറ്റിയത്.

ടെൻറിന് മുകളിൽ മഴതുള്ളികൾ പതിക്കുന്ന ശബ്ദം ഉറക്കത്തെ പലപ്പോഴും തടസപ്പെടുത്തി. മഴകനക്കുന്നതിനൊപ്പം തന്നെ വെള്ളചാട്ടത്തിൻറെ ശബ്ദവും കൂടിക്കൊണ്ടിരുന്നു. സമീപത്ത് എവിടെയോ ആണ് വെള്ളച്ചാട്ടം എന്ന് തീർച്ച. രാത്രി ആയതിനാൽ വരുമ്പോൾ അത് കാണാനായില്ല.

പുലർച്ച ആറര ആയപ്പോൾ തന്നെ എഴുന്നേറ്റ് ടെൻറിൻറെ കവാടം തുറന്നു. പുറത്ത് മൊത്തം കോടമഞ്ഞാണ്. നേരെ കണ്ണുതുറന്നത് വെള്ളച്ചാട്ടത്തിൻറെ മനോഹാരിതയിലേക്ക്. ഇത്രയും അടുത്തായിരുന്നോ വെള്ളച്ചാട്ടമെന്ന് അറിഞ്ഞത് അപ്പോൾ മാത്രമായിരുന്നു. അമ്പതടിയിലേറെ പൊക്കത്തിൽ നിന്നാവണം ആ വെള്ളം താഴേക്ക് പതിക്കുന്നത്. രണ്ട് ദിവസം നിർത്താതെ പെയ്യുന്ന മഴയായതിനാൽതന്നെ വെള്ളത്തിൻറെ അളവും കൂടുതലാണ്.

പതിയെ പുറത്തിറങ്ങി.

രതിയെ വിളിച്ചുണർത്തി ബാഗിൽ നിന്ന് ബ്രഷും പേസ്റ്റുമെടുത്ത് പുറത്ത് കറങ്ങി നടന്നു. അപ്പോഴേക്കും വിനയ് ഉണർന്ന് പുറംകാഴ്ച്ചകളിൽ മുഴുകി ധ്യാനത്തിലെന്നപോലെ നിൽക്കുന്നു. ഇക്കയും കൂടെ ചേർന്നു. ഉർവിയിൽ ആരും ഉണർന്നിട്ടില്ല. ചായവല്ലതും വെക്കണമെങ്കിൽ അവർ ഉണർന്ന് അടുക്കള തുറക്കണം. രാവിലെ 7 മണിക്ക് വർക്ക് ഔട്ടും 8 മണിക്ക് മെഡിറ്റേഷനും എന്നാണ് ഉർവിയുടെ ചിട്ട. എന്നാലിന്ന് - ഞങ്ങളുകാരണമാണോ എന്തോ - അവരതിൽ മാറ്റം വരുത്തി, എല്ലാം 9 മുതലാക്കി.

വൈകാതെ രതിയും സൌമ്യയും കൂടെ ചേർന്നു. അട്ടയെ ഭയന്ന് യാത്രകൾ തന്നെ വെറുത്തുപോയെന്ന് തോന്നുന്നു കീർത്തി. 8 ഏക്കറുള്ള ഉർവിയുടെ പലഭാഗത്തും ടെൻറുകൾ കാണാം. അതിനുള്ളിലാണ് ഈ കമ്മ്യൂണിറ്റിയിലെ എല്ലാവരും രാത്രി തങ്ങുന്നത്. ഫാനോ എസിയോ സൃഷ്ടിക്കുന്ന കൃത്രിമ തണുപ്പിൽ നിന്ന് മാറി  പ്രകൃതിയുടെ ശബ്ദത്തിലലിഞ്ഞ് സ്വസ്ഥമായുള്ള നിദ്ര.

മുന്നിൽ കണ്ട നനഞ്ഞ്, ചളിയിൽ പുതഞ്ഞ് കിടക്കുന്ന നടവഴികളിലൂടെയെല്ലാം നടന്നു. ഇതിനിടെ കുറുമി എന്ന് പേരിട്ട നായ ഒപ്പം കൂടി. പെൺപട്ടിയാണ്. അവൾക്കെപ്പോഴും ചൂട് വേണം. ഒന്നുകിൽ നമ്മളുടേത്, അല്ലെങ്കിൽ അടുപ്പിൻറെ ചൂട്. ഓടിവന്ന് അവൾ ചാടിമടിയിൽ കയറിയതോടെ ഉടുപ്പെല്ലാം ചളിയായി. സ്നേഹത്തിൻറെ അടയാളമാണതെല്ലാം. എപ്പോഴും വൃത്തിയോടെ, ശുഭ്രമായിരിക്കുന്ന ഒന്നല്ലല്ലോ സ്നേഹവും ഇഷ്ടവുമെല്ലാം. സ്നേഹം മൂത്ത് ശരീരത്തിലും മനസിലും നമ്മൾ ഏൽപ്പിക്കുന്ന ക്ഷതങ്ങളും മുറിവുകളുമെല്ലാം അതിൻറെ അടയാളങ്ങളല്ലേ.

നിറഞ്ഞൊഴുകുന്ന തോടിന് സമാന്തരമായി നടന്നു.  അപ്പോഴേക്കും കാലിൽ നിറയെ അട്ടകൾ. അങ്ങനെ അട്ടകൾക്ക് തീറ്റകൊടുത്ത് നടന്ന് ഒരു പുൽമേടിലെത്തി. അവിടെ അൽപ്പം മുകളിലായി ഒരു ഊഞ്ഞാൽ. എല്ലായിടത്തും വഴികാട്ടിയായി കുറുമിയുണ്ട്. അവാളാണ് ഇവിടേക്കും വഴി നടത്തിയത്. പുൽമൈതാനത്ത് നിന്ന് ഉയർന്ന പ്രദേശത്താണ് ഊഞ്ഞാലുള്ളത്. അവിടേക്ക് കയറാൻ ഒരു മരത്തിൻറെ കോണിയുണ്ട്. അതിൽ വലിഞ്ഞ്കേറി ഊഞ്ഞാലിനരികിലെത്തി. പിന്നെ ഫോട്ടോയെടുപ്പായി, കളിചിരിയായി. കുറുമിയാകട്ടെ ഒരു പന്തും കടിച്ച് പിടിച്ച് അവളുടെ ലോകത്തും.

കറക്കമെല്ലാം കഴിഞ്ഞ് തിരിച്ച് ഉർവിയിലെത്തുമ്പോൾ അവിടെ സ്ട്രച്ചിങ് എക്സർസൈസുകൾ നടക്കുന്നു. ഉർവിയുടെ സ്ഥാപകനായ ബോധിയാണ് നേതൃത്വം നൽകുന്നത്. ഞങ്ങളും ചേർന്നു. വിവിധ തരം പുഷ് അപ്പുകൾ ബോധി പരിചയപ്പെടുത്തി. കഠിനമായിരുന്നെങ്കിലും വല്ലാത്ത എനർജി നൽകുന്നതായിരുന്നു. സ്ട്രച്ചിങ്ങിന് ശേഷം ഗദ ഉപയോഗിച്ചുള്ള കസർത്തുകളായി. പലഭാരത്തിലുള്ള ഗദകൾ. ശരീരം മൊത്തം വലിച്ചിളക്കി ഒരുവിധമായിപ്പോൾ തളർന്ന് ഇരിപ്പായി. അപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് എത്തി. 

വട്ടത്തിലിരുന്ന് മൌന പ്രാർത്ഥനയ്ക്ക് ശേഷം ഭക്ഷണം വിളമ്പി. പയർ വർഗങ്ങൾ മാത്രം ഇട്ട് വേവിച്ച പ്രാതൽ. ഒപ്പം കുടിക്കാൻ റാകി കുറുക്കിയതും. പറയാതെ വയ്യ, വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. ഇതിനൊപ്പം തന്നെ സംഭാഷണവും ആരംഭിച്ചു.

എന്താണ് ധ്യാനം,എന്താണ് ഈഗോ, എന്തിനെയാണ് ഒരുവൻ തേടുന്നത്. രതിയും ബോധിയും തമ്മിൽ ചൂടേറിയ ചർച്ച. ഒരുവൻ എങ്ങനെ അവൻറെ ഈഗോയെ അകറ്റിനിർത്തും, ഒന്നിലും ഇടപെടാതെ ഒരുവന് എങ്ങനെ കഴിയാൻ സാധിക്കും...അങ്ങനെ ചോദ്യവും ഉത്തരവും മറുചോദ്യവുമെല്ലാം നീണ്ടു.

"ഇന്ന് ഈ നിമിഷം വരെയുള്ള തിരച്ചിലിൽ താങ്കൾ ആരാണ് ബോധി....?"

ചോദ്യത്തിന് മുന്നിൽ കുറച്ച് സമയം ആലോചിച്ചിരുന്നു, പിന്നാലെ ബോധി പറഞ്ഞു.

" ഇവിടെ കുറേ കുമിളകൾ ഉണ്ടെന്ന് കരുതുക. അതിനുമുകളിൽ വേറെയും കുമിളകൾ. അതിലെന്നിലേക്ക് വീഴുന്ന വെളിച്ചം ആ കുമിളകളെ എല്ലാം പ്രകാശിപ്പിക്കും. ആ വെളിച്ചം സ്വയം പ്രകാശിക്കുകയും ചെയ്യും. ആ വെളിച്ചമാണ് ഞാൻ..."

(ഉത്തരം വളരെ രസകരമായി തോന്നിയെങ്കിലും എനിക്ക് ദഹിച്ചിട്ടില്ല.)

പുറത്ത് അപ്പോഴും മഴപെയ്യുന്നു. പുറത്തിറങ്ങി കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയെന്നത് അസാധ്യമായി. അതിനാൽ വെള്ളചാട്ടം കാണാൻ പോകാമെന്നായി. മഴയത്തെ അസഹനീയമായ തണുപ്പ് കാരണം ആദ്യം വെള്ളച്ചാട്ടത്തിൽ കുളിക്കണോയെന്ന് പലരും സംശിയിച്ചെങ്കിലും ഒടുവിൽ കുളിക്കാൻ തന്നെ തീരുമാനിച്ചു. ചെളിനിറഞ്ഞ പാതയിലൂടെ ഒരുമിച്ച് വെള്ളച്ചാട്ടത്തിലേക്ക് നടന്നു. കൂട്ടിന് ഉർവിയിലെ അന്തേവാസിയായ അനുഗ്രഹും വന്നു. 

മുകളിൽ നിന്ന് പലതട്ടുകളായി വീഴുന്ന വെള്ളച്ചാട്ടം താഴയെത്തുമ്പോൾ രണ്ട് ദിശകളിലേക്ക് തിരിയുന്നു. ആദ്യം ഇടത് വശത്തെ ചെറിയ വെള്ളചാട്ടത്തിലേക്കാണ് അനുകൊണ്ടുപോയത്.  കാരണം അവിടെയാണ് കൂടുതൽ സുരക്ഷിതം. അവിടെ കുത്തിവീഴുന്ന വെള്ളത്തിന് താഴെ എത്രതവണ പോയി നിന്നെന്ന് ഓർമയില്ല. ശുദ്ധമായ വെള്ളത്തിന് കീഴിൽ ശരീരവും മനസും നനച്ച് അങ്ങനെ...

പിന്നാലെ പാറകെട്ടുകൾക്കിടയിലെ ഒഴുക്കുവെള്ളവും ചാടികടന്ന് വലിയ വെള്ളചാട്ടത്തിന് കീഴേക്ക്. അവിടെയിരുന്നു കുളിച്ചു. നല്ല തണുപ്പുകാരണം വിറക്കാൻ തുടങ്ങി. ശരീരത്തിലെ ഓരോ മസിലുകളും  വിറയാർന്ന് നൃത്തംവെയ്ക്കാൻ തുടങ്ങി. ഒരുമണിക്കൂറോളം നീണ്ടു നിന്നു വെള്ളച്ചാട്ടത്തിലെ കുളി.

തിരികെ ഉർവിയെത്തി വട്ടംവളഞ്ഞിരുന്നു. വെള്ളത്തിലെ കളികൾ കാരണമാവണം നല്ല  വിശപ്പ്. പ്രാതൽ വൈകിയതിനാൽ തന്നെ ഉച്ചഭക്ഷണവും വൈകി. മൂന്ന് മണിയായി ഭക്ഷണം വിളമ്പുമ്പോൾ. പുലാവ് ആയിരുന്നു. കമ്മ്യൂണിറ്റിയിലെ ആളുകൾ തന്നെയാണ് ഊഴമിട്ട് ഭക്ഷണം തയ്യാറാക്കുന്നതുമെല്ലാം. കമ്മ്യൂണിറ്റിയിൽ നമ്മൾ ചെയ്യേണ്ടുന്ന ഓരോ ജോലിക്കും കൃത്യമായ അസൈനമെൻറുകൾ ഉണ്ട്. അടുത്തദിവസത്തേക്കുള്ള ചുമതലകൾ തലേന്നാൾ രാത്രി എല്ലാവരും ചേർന്ന് തീരുമാനിച്ച് ബോർഡിൽ എഴുതിയിടും. വേണമെങ്കിൽ അതിഥികൾക്കും അവർക്കൊപ്പം ചേരാം. 

ഭക്ഷണത്തിന് ശേഷം ഇനി കളികളുടെ സമയമാണ്. മഴയായതിനാൽ തന്നെ അകത്തിരുന്നുള്ള കളികൾ മാത്രമേ സാധിക്കു. മാഫിയ കളിക്കാനായിരുന്നു തീരുമാനം. ആദ്യമായിട്ടാണ് ആ കളിയെകുറിച്ച് കേൾക്കുന്നത് തന്നെ. ബോധിയും തേജയും കളി വിവരിച്ചുതന്നു. 

ഒരു ഗ്രാമത്തിലെ ഓരോ രാവും പുലരുന്നത് ഒരാളുടെ കൊലപാതക വാർത്തയോടെയാണ്. മാഫിയ ആളുകളെ രാത്രിയിൽ കൊല്ലുന്നു, ഡോക്ടർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു, ചിലപ്പോൾ വിജയിക്കുന്നു, ഡിറ്റക്ടീവ് മാഫിയകളെ കണ്ടെത്തുന്നു. നേരം പുലരുമ്പോൾ ഗ്രാമവാസികൾ എല്ലാവരും ചേർന്ന് വാദിച്ചും പ്രതിരോധിച്ചും വോട്ടിട്ട് മാഫിയകളെ ഒന്നൊന്നായി പുറത്താക്കുന്നു. പുറത്താക്കപ്പെടുന്നവരിൽ നിഷ്കളങ്കരും എന്തിന് ഡോക്ടറും ഡിറ്റക്ടീവുമെല്ലാം കാണും. ആരെല്ലാം എന്തെല്ലാമാണ് എന്ന് അറിയുന്നത് ദൈവത്തിന് മാത്രം. 

രണ്ട് തവണ കളിച്ചു. മാഫിയ ആഞ്ഞുപിടിച്ചതിനാൽ രണ്ടാമത്തെ മത്സരത്തിൽ ഡിറ്റക്ടീവായ ഞാൻ ആദ്യമേ കളംവിടേണ്ടി വന്നു. പിന്നെ പുറത്തിരുന്ന് കളി ആസ്വദിക്കലായിരുന്നു. വൈകാതെ സൌമ്യയും പുറത്തായി വന്നതോടെ രസമായി.

ഒരുവൻറെ ഏകാഗ്രതയേയും നിരീക്ഷണപാടവത്തേയും പരീക്ഷിക്കുന്ന ഗെയിമാണ് മാഫിയ. ഒരു നേരിയ ചലനം, പതിഞ്ഞ ശബ്ദം, കണ്ണുകളിലെ മാറ്റം എന്നിവയെല്ലാം അപഗ്രഥിച്ചാണ് കള്ളനെ പിടികൂടുന്നത്. 

കളി കഴിഞ്ഞപ്പോൾ ഏറെ വൈകി. അതോടെ അത്താഴമൊരുക്കലും. അത്താഴമാവുന്നതിൻറെ ഇടവേളയിൽ ടെൻറിലേക്ക് മടങ്ങി. നാളെ രാവിലെ തന്നെ മടങ്ങണം, അതിനാൽ ബാഗ് പാക്ക് ചെയ്യണം. ബാഗെല്ലാം പാക്ക് ചെയ്ത് ഒന്ന് വി ശ്രമിച്ചശേഷം വീണ്ടും ഉർവിയിലേക്ക്. 

ഉർവിയിൽ നിന്ന് ഗിറ്റാറിൻറെ ശബ്ദം ഒഴുകിവരുന്നു. അവിടെ സംഗീതത്തിൻറെ സമയമായി. പലരും നന്നായി പാടുന്നു, മറ്റുള്ളവർ സംഗീതം ആസ്വദിക്കുന്നു. ഏതെല്ലാം ഭാഷകളിൽ അവർ പാടി..

തമിഴ്, ഹിന്ദി, തെലുഗു, മലയാളം, ഉറുദു,ഇംഗ്ലീഷ്...പിന്നെ ജാപ്പനീസും.

അയൂമി എന്ന ടോക്കിയോക്കാരിയാണ് ജാപ്പനീസ് സംഗീതം പരിചയപ്പെടുത്തിയത്. പഠനത്തിന് ശേഷം ലോകം ചുറ്റുന്നതിനിടെ ഇവിടെ യാദൃശ്ചികമായി എത്തിചേർന്ന അയൂമി പിന്നീട് വീണ്ടും ഇങ്ങോട്ടേക്ക് തിരികെ വരികയായിരുന്നു. ഇപ്പോൾ ഉർവിയിലെ കമ്മ്യൂണിറ്റിക്കൊപ്പം അയൂമിയും. പാട്ട് പാടുന്നതിനൊപ്പം തന്നെ ആക്ഷനും കൊണ്ട് അയൂമി ആ പാട്ടനുഭവം മനോഹരമാക്കി. പാടുക മാത്രമല്ല, നന്നായി ഓടക്കുഴൽ വായിക്കുകയും ചെയ്യും അയൂമി.

പാട്ടിനൊടുവിൽ അത്താഴമെത്തി. സൂപ്പും ബ്രഡും മുട്ടയുമായിരുന്നു അന്നത്തെ അത്താഴം. അത്താഴത്തിന് ശേഷം അൽപനേരം കൂടി സംസാരിച്ചിരുന്നു. 

പുറത്ത് തണുപ്പ് ഏറുന്നു. മഴ ഏറെകുറെ മാറിക്കഴിഞ്ഞു. നാളെ മുതൽ മാനം തെളിഞ്ഞിരിക്കുമെന്ന് ബോധി പറഞ്ഞപ്പോൾ തെളിവെയിലിൽ ഉർവിയുടെ സൌന്ദര്യം ആസ്വദിക്കാനാവാത്തതിൻറെ നിരാശയായിരുന്നു പലരിലും. തെളിഞ്ഞുതുടങ്ങിയ ആകാശത്ത് ചന്ദ്രനും വ്യാഴവും വേട്ടക്കാരനുമെല്ലാം പ്രത്യക്ഷപ്പെട്ടു. അന്നത്തെ രാത്രിയിലെ  (ഡിസം 14,2024) ഉൽക്കകളുടെ ആകാശദൃശ്യം കാണാനാവുമെന്ന പ്രതീക്ഷയേറി. പലരും ക്ഷീണിച്ചിരുന്നു, കഠിനമായി തുടങ്ങിയ തണുപ്പിൽ ആ ക്ഷീണം എല്ലാവരേയും വേഗത്തിൽ ഉറക്കി. ആരും ഉൽക്കയുടെ ദൃശ്യങ്ങൾ കാണാനായി രാത്രിയിൽ ഉണർന്നില്ല.

അവസാനദിവസം രാവിലെ ഉണരുമ്പോൾ ആകാശത്ത് സൂര്യവെളിച്ചം. കിഴക്കേ മലയുടെ മുകളിൽ സ്വർണനിറം . വെള്ളച്ചാട്ടവും ഗിരിപർവ്വങ്ങളും മരങ്ങളും നീലാകാശവുമെല്ലാം തെളിഞ്ഞുകാണാം. സൂര്യരശ്മികൾ നേരിട്ട് പതിക്കാൻ തുടങ്ങിയതോടെ പുല്ല് മേഞ്ഞ കുടിലുകളുടെ മുകളിൽ നിന്ന് ആവി പറക്കാൻ തുടങ്ങി.

ഇനി മടങ്ങാനുള്ള സമയമാണ്. 

ബ്രേക്ക്ഫാസ്റ്റിന് മുന്നോടിയായി മെഡിറ്റേഷൻ ചെയ്തു. കഴിഞ്ഞ ദിവസം ഉർവിയിലെ മെഡിറ്റേഷൻ തന്നെ മുടങ്ങിയിരുന്നു. 

(ഞങ്ങളുടെ വരവോടെ ഉർവിക്കാർ അത് പോലും മറന്നുവെന്നായിരുന്നു ഞങ്ങൾക്കിടയിലെ കളിയാക്കൽ)

അവസാനദിവസത്തെ പ്രാതൽ - പൊങ്കലും റാകി കുറുക്കിയതും പിന്നെ പാഷൻ ഫ്രൂട്ടും- കഴിച്ചശേഷം ചെറിയകുശലം പറച്ചിൽ. 

ഉർവിയിലെ മഴദിനങ്ങളുടെ ഓർമയ്ക്കായി പിന്നെ എല്ലാവരും ചേർന്നൊരു പടം എടുത്തു. ഹരിയെന്ന് ആധാറിൽ പേരുള്ള ബോധി,ബോധിയുടെ അനുജൻ ജെയ്കുട്ടൻ, എംബിബിഎസ് വിദ്യാർത്ഥിനിയായ പുൽപ്പള്ളിക്കാരി സ്നേഹ, കണ്ണൂർ സ്വദേശിയായ അനു, വിശാഖപട്ടണത്ത് നിന്ന ജോലി രാജവെച്ച് ഉറുവിയിലെത്തിയ ഗാതം, ബോധിയുടെ സഹപാഠിയായ തേജസ് എന്ന തേജു, അയൂമി, തേജ, കോഴിക്കോട് നിന്ന് എത്തിയ ജാബിറും മനാഫും പിന്നെ ഞങ്ങൾ ആറ് പേരും.. അങ്ങനെ സ്നേഹത്തിൻറെ, സൌഹൃദത്തിൻറെ പങ്ക്പറ്റിയവർ എല്ലാവരും ഒറ്റ ഫ്രെയിമിൽ. ഡീപ് ലൌ സെഷന് വീണ്ടും വരണമെന്ന ക്ഷണം.

പരസ്പരം പുണർന്ന് എല്ലാവരോടും യാത്ര..

വെട്രിയോടും കുറുമിയോടും കാലിൽ നക്കുമെങ്കിലും ഒട്ടും അടുപ്പിക്കാത്ത രാജയെന്ന എട്ടുമാസം പ്രായമുള്ള ബെൽജിയം മലിനോയിസ് ഡോഗിനോടും യാത്രപറഞ്ഞു. 

ഇരുവശത്തും ചെഞ്ചീരകൾ നിറഞ്ഞ, കാറ്റാടി മരംവെട്ട് അതിരുതീർത്ത മൺപടികളിലൂടെ പടിയിറക്കം. മരപ്പാലവും കടന്ന് തിരികെ കാട്ടിൽ നിന്ന് പുറം ലോകത്തേക്ക്. മനസിൽ നിറയെ ഉർവിയുടെ സൌന്ദര്യമുണ്ട്, വെള്ളച്ചാട്ടത്തിൻറെ, അരുവിയുടെ ഒഴുക്കുണ്ട്. കാലിൽ നിറയെ അട്ടപകർന്നെടുത്ത സ്നേഹത്തിൻറെ പാടുകളുണ്ട്, ചൊറിച്ചിലുണ്ട്. 

അതിലേറെ, എവിടെയോ ഒരു കരട് പോലെ നിരാശയും സങ്കടവും....

Wednesday, 18 December 2024

ഉർവി - തന്നിലേക്ക് ഒരു യാത്ര

ഓരോ യാത്രയും ഒരുതരത്തിൽ ഭാരം ഇറക്കി വെക്കലാണ്. നമ്മളെ തന്നെയുള്ള ഇറക്കിവെക്കൽ. നമ്മുടെ സമ്മർദ്ദങ്ങൾ, സങ്കടങ്ങൾ, ഉത്കണ്ഠകൾ, അങ്ങനെയങ്ങനെ എല്ലാം ഒന്ന് താൽക്കാലികമായി എങ്കിലുമുള്ള ഇറക്കിവെക്കൽ. ആ യാത്ര ദൂരങ്ങളിലേക്ക് തന്നെ ആകണം എന്നില്ല.ചുറ്റുമുള്ള എന്തിലേക്കും എവിടേക്കുമാവാം. അവനവനിലേക്ക് തന്നെയുള്ള യാത്രയുമാവാം അത് എന്ന് ബോധ്യപ്പെടുത്തിയ ഒരു യാത്രയെ കുറിച്ചാണ് ഇത്തവണ.

മണ്ണിലേക്ക് മടങ്ങുക, പ്രകൃതിയിലേക്ക് മടങ്ങുക എന്നാൽ അവനവനിലേക്ക് തന്നെ തിരിച്ചു പോവുക എന്നതുകൂടിയാണ്. ഭൂമിയുടെ , പ്രകൃതിയുടെ, മനുഷ്യന്റെ തന്നെ ആത്മാവ് തേടിയുള്ള യാത്ര. 

ഉർവി എന്നാൽ ഭൂമി എന്നാണ്. അവിടേക്കുള്ള യാത്രയും അഹംഭാവത്തിൻ്റെ ആടയാഭരണങ്ങൾ അഴിച്ചുവെച്ച് അവനവനിലേക്ക് തന്നെയുള്ള തിരിച്ചിറക്കമാവുന്നത് അതുകൊണ്ട് തന്നെയാണ്.

മലകളുടെ താഴ്‌വരയിലെ ചെറിയ അരുവിയുടെ ഓരം പറ്റിയുള്ള ഒരു ചെറിയ കുടിൽ. അവിടെ കുറച്ച് മനുഷ്യർ, മൃഗങ്ങൾ, സസ്യജാലങ്ങൾ.അത്രയുമാണ് ഉർവി. എന്നാൽ അത്ര മാത്രമാണോ ഉർവി? അല്ല. 

ഒരുവൻ്റെ ഉള്ളിൽ അങ്കുരിച്ച അഹങ്കാരത്തെ, അവൻ അണിഞ്ഞിരിക്കുന്ന അധികാരത്തിൻ്റേയും ഡിഗ്രികളുടേയും മേലങ്കികളെ നിശബ്ദമായി അഴിച്ച് വെപ്പിച്ച് അവൻ്റെ യഥാർത്ഥ സ്വത്വത്തിലേക്ക് വഴിനടത്തുന്ന ഇടം. 

ഏതൊരു യാത്രയും ഏതെങ്കിലും തരത്തിൽ 'അപകടം' പിടിച്ചതാണ്. പ്രതീക്ഷകളുടെ അപകടം പേറുന്നവ. എന്നാൽ കൊട്ടക്കമ്പൂരിലെ ഉർവിയിലേക്കുള്ള യാത്ര വഴി നീളെ അപകടം ഒളിപ്പിച്ചിരുന്നു. മലയിറങ്ങിയ കോടമഞ്ഞിൽ പുതഞ്ഞ് പാത രാത്രിയിൽ ഒട്ടും കാണാതെ ആയി. ഊഹങ്ങളും പ്രതീക്ഷയും മാത്രം പേറി ആയിരുന്നു അങ്ങോടുള്ള യാത്ര.രണ്ടു മീറ്ററിൽ താഴെ മാത്രം വരുന്ന റോഡിലെ കാഴ്ച്ച പരിധി. മുന്നിൽ റോഡാണോ അതോ ഗർത്തമാണോ എന്നുറപ്പില്ലാതെയായിരുന്നു മൂന്നാറിൽ നിന്ന് മുന്നോട്ടുള്ള ഡ്രൈവ്. തേയില തോട്ടങ്ങൾക്ക് നടുവിലൂടെ വളഞ്ഞ് പുളഞ്ഞ് കയറിയും ഇറങ്ങിയും പോകുന്ന റോഡ് റിസർവ്വ് ഫോറസ്റ്റും കടന്ന് ചെറിയ ചെറിയ തമിഴ് ഗ്രാമങ്ങളും കടന്ന് നേരിയ പാതകൾ കടന്ന് കാർ മെല്ലെ നിരങ്ങി നീങ്ങി. വഴിയിൽ കാട്ടുപോത്തുകൾ പുല്ല് തിന്നുന്നു. അവരെ ശല്യം ചെയ്യാതെ, ശബ്ദമുണ്ടാക്കാതെ ഇലക്ട്രിക്ക് കാർ മുന്നോട്ട്.

കാർത്തിക വിളക്ക് ദിവസമായതിനാൽ തന്നെ ഗ്രാമങ്ങളിലെ വീടുകളുടെ മുന്നിലെല്ലാം മൺചിരാതുകൾ തെളിഞ്ഞ് വെളിച്ചത്തിൻ്റെ, ഭക്തിയുടെ കാഴ്ച്ചവിരുന്ന് ഒരുക്കിയിരിക്കുന്നു. ഗ്രാമങ്ങളിൽ ഉത്സവപ്രതീതിയാണ്. അമ്പലങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ, പൂജകൾ നടക്കുന്നു. പാട്ടും വളകച്ചവടക്കാരനും എല്ലാം.

വട്ടവടയും കടന്ന് കൊട്ടക്കമ്പൂരിലെ ഉർവിയുടെ പാർക്കിങ്ങ് ഏരിയയിൽ എത്തുമ്പോൾ സമയം 7 കഴിഞ്ഞിരുന്നു. നേരം ഒരുപാട് വൈകിയില്ലെങ്കിലും കടുത്ത കോടമഞ്ഞിൻ്റെ പുതപ്പ് പുതച്ച ഇരുട്ടിൽ രാത്രി ഏറെ വൈകിയ പ്രതീതിയായിരുന്നു. അങ്കമാലിയിൽ നിന്ന് ഒരുമിച്ച് പുറപ്പെട്ട 6 പേർ - ഞാൻ, രതി, അഷറഫ്, സൗമ്യ, കീർത്തി, വിനയ്. ഇവരിൽ നേരത്തെ എത്തിയ അഷറഫ്, സൗമ്യ, കീർത്തി, വിനയ് പാർക്കിക്കിൽ ഞങ്ങൾക്കായി കാത്തുനിൽപ്പുണ്ട്. ഒപ്പം വഴി കാണിക്കാൻ ഉർവി ചുമതലപ്പെടുത്തിയ ഒരാളും. 

കാർ പാർക്കിങ്ങിൽ നിന്ന് ഇനി ഒരു മലയിറങ്ങണം ഉർവിയിലെത്താൻ. കാടിനോട് ചേർന്നുള്ള അടിപാത മഴയും മഞ്ഞും പെയ്ത് ചെളി പിടിച്ചു കിടക്കുകയാണ്. അതിനാൽ തന്നെ നല്ല വഴുക്കലും. വെറും 1.77 കിലോമീറ്റർ മാത്രമാണ് ദൂരം. എന്നാൽ നടന്ന് തീർക്കാൻ എടുത്തത് ഒരു മണിക്കൂർ സമയം !

മഴയും ഇരുട്ടും അട്ടയും യാത്ര അത്രയേറെ വൈകിപ്പിച്ചു. കയറ്റവും ഇറക്കവും രണ്ട് ചെറു നീർചാലുകളും ഇതിനിടെ താണ്ടി. അപ്പോൾ മാത്രമാണ് 6 മണിക്ക് മുമ്പ് പാർക്കിങ്ങിൽ എത്തിയില്ല എങ്കിൽ വഴിയിൽ എവിടേലും തങ്ങി രാവിലെ 7 മണിക്ക് മാത്രം വന്നാൽ മതി എന്ന ഉർവിക്കാരുടെ മുന്നറിയിപ്പിൻ്റെ അർത്ഥം മനസിലായത്. 

അതിവിദൂരത്തിലല്ലാത്ത ഒരു വെള്ള ചാട്ടത്തിൻ്റെ ആർത്തിരമ്പുന്ന ശബ്ദം ചെവിയിൽ കേൾക്കാം.

"ദാ ആ കാണുന്ന വെളിച്ചമുണ്ടല്ലോ അതാണ് ഉറുവി."

വഴി കാണിക്കാൻ വന്ന ഓട്ടോ ഡ്രൈവർ കൂടിയായ ശ്രീനി ഇരുട്ടിലേക്ക് വിരൽ ചൂണ്ടി. അങ്ങ് ദൂരെ കാടിന് നടുവിലായി, കോടയുടെ മറവിൽ മഞ്ഞ പൊട്ടുപോലെ കാണുന്ന ചെറു വെളിച്ചം. 

"അയ്യോ ഇനിയും കുറേ നടക്കണോ"?

കൂട്ടത്തിലെ മലയാളി അല്ലാത്ത, മലയാളികൾക്കിടയിൽ എപ്പോഴും പെട്ട് പോകുന്ന, കീർത്തിയുടെ സങ്കടം. നടത്തം തുടങ്ങിയപ്പോഴെ ഒഴുക്കുവെള്ളത്തിൽ തൻ്റെ സ്ലിപ്പർ ഒഴുക്കികളഞ്ഞ് ഷൂ ധരിച്ച് കഷ്ടപെട്ടാണ് വഴുക്കുന്ന പാതയിലൂടെ കീർത്തിയുടെ സഞ്ചാരം .

നടന്ന് നടന്ന് വെള്ള ചാട്ടത്തിന് സമീപമെത്തി. അവിടെ നിന്ന് ഇടത്തോട്ട് ഇറങ്ങി ഒരു മരപ്പാലം. അത് കടന്ന് ഉർവിയിലേക്ക്. 

ചെറിയ കുടിലുകൾ, വരിവരിയായി തന്നെ തിരഞ്ഞെത്തുന്ന മനുഷ്യരെ കാത്തിരിക്കുന്ന ടെൻ്റുകൾ. കാറ്റാടി മരം വെട്ടി വരികെട്ടിയ നടപ്പാതയിലുടെ ഉർവി എന്ന മരവും ചളിയും ഗ്ലാസും പുല്ലും കൊണ്ട് പണിത ചെറുകൂട്ടിലേക്ക്.

അകത്ത്, ശരീരം തണുപ്പിക്കാൻ കമ്പിളി പുതപ്പിനടിയിൽ ചുരുണ്ടു കൂടിയ അഞ്ചാറു പേർ. അവർക്കൊപ്പം ഇരുന്നും കിടന്നും നടന്നും ചൂടുപറ്റുന്ന വെട്രിയെന്നും കുറുമി എന്നും പേരുള്ള രണ്ട് നായ്ക്കൾ. പിന്നെ പേരറിയാത്ത രണ്ട് പൂച്ചകളും.

"സ്വാഗതം ഉർവിയിലേക്ക്!"

തേജയും തേജും ചേർന്ന് അതിഥികളെ ചൂടുവെള്ളം തന്ന് സ്വീകരിച്ചു. അട്ടകടിച്ച് ചോരയൊലിച്ച കാലുകളിലേക്ക് സാനിറ്റൈസർ അടിക്കുന്ന തിരക്കിലായി എല്ലാവരും. 

ഉപ്പുമാവായിരുന്നു ഡിന്നർ. എത്തിയ ഉടനെ കഴിച്ചു. ഓരോരുത്തരും അവരുടെ സൗകര്യത്തിന് കഴിക്കൽ അല്ല. ഒരു പാത്രത്തിന് ചുറ്റും വട്ടത്തിലിരുന്ന് ഒരുമിച്ച് പങ്കുവെക്കലാണ്. സ്നേഹവും സൗഹൃദവും പങ്കിടുന്നത് പോലെ തന്നെ പരസ്പരമുള്ള പങ്കുവെപ്പ്. 

പിന്നാലെ എല്ലാവരും പരിചയപ്പെടുത്തി. എന്താണ്, എന്തിന് ഉർവിയിൽ വന്നുവെന്നചോദ്യം തേജ എന്ന തേജസ്വിയുടേതാണ്. ഹൈദരാബാദ് സ്വദേശിയായ തേജ തന്നെ തിരഞ്ഞുള്ള യാത്രയ്ക്കൊടുവിൽ എത്തിചേർന്നതാണ് ഇവിടെ. പിന്നെ ഈ കമ്മ്യൂണിറ്റിയുടെ ഭാഗമായി.

എന്തിന് ഉർവിയിൽ വന്നു എന്നതിന് കൃത്യമായി എന്തെങ്കിലും മറുപടി ആർക്കും ഉണ്ടായിരുന്നില്ല. ഉർവിയിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നുവെന്നതിനും കൃത്യമായ ഉത്തരമില്ല. നഗരജീവിതത്തിൻ്റെ അസ്വസ്ഥകളിൽ നിന്ന് ഒന്നകന്ന് സ്വസ്ഥമാവുക. അതു മാത്രം.

സംസാരങ്ങൾക്ക് ശേഷം വിശ്രമത്തിനായി ടെൻ്റിലേക്ക്. മഴ അപ്പോഴും ചാറി കൊണ്ടേയിരിക്കുന്നു. കോടയിൽ പുതഞ്ഞ മലനിരകളും മരങ്ങളുമെല്ലാം മനോഹരമായ ഒരു പെയിൻ്റിങ് പോലെ തോന്നിച്ചു. എന്തായാലും കാട്ടിൽ ആകാശം നോക്കി കിടക്കാനുള്ള ആഗ്രഹം മഴ കൊണ്ടുപോയി. 

കുറച്ചു നേരം സംസാരിച്ചിരുന്ന് പിന്നെ ഉറങ്ങാനുള്ള ശ്രമത്തിലേക്ക്. ആകാശം മൊത്തം മഞ്ഞ് മൂടിയതിനാൽ ഒറ്റ നക്ഷത്രത്തേയും കാണാനില്ല. അങ്ങനെ വെള്ള ചാട്ടത്തിൻ്റെയും മഴയുടേയും താരാട്ട് കേട്ട് ഉറക്കത്തിലേക്ക്. കാട്ടിൽ പാറ പുറത്ത് ഉറങ്ങിയിട്ടുണ്ടെങ്കിലും ടെൻ്റിനകത്ത് കിടന്ന് ഉറങ്ങുന്നത് ഇത് ആദ്യാനുഭവം. 

....

(തീരുന്നില്ല)

രണ്ടാം ഭാഗം വായിക്കു