Sunday, 28 February 2021

'തമിഴ്' വാഴാന്‍ ബിജെപി


തമിഴ്. 

ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്ന്. മനോഹരമായ കവിതകളും കഥകളും പിറന്ന ഭാഷ. മറ്റ് ഭാഷകളെ അപേക്ഷിച്ച് കേള്‍ക്കാന്‍ മാത്രം ഇമ്പമുള്ളതല്ല തമിഴ് മൊഴി. മറിച്ച് ഏറ്റവും ബഹുമാനം തുളുമ്പുന്ന അഭിസംബോധനകള്‍ കാത്ത് സൂക്ഷിക്കുന്ന ഭാഷകൂടിയാണ് തമിഴ്. ശത്രുവിനെ പോലും ബഹുമാനത്തോടെ മാത്രം അഭിസംബോധനചെയ്യുന്ന മറ്റൊരു ഭാഷ ലോകത്ത് തന്നെ അപൂര്‍വ്വമായിരിക്കണം. തമിഴന്് ഉയിരാണ് അവന്റെ ഭാഷ. അവന്റെ സ്വകാര്യ അഹങ്കാരവും അഭിമാനവുമാണ് അവന്റെ സംസ്‌ക്കാരവും നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ഭാഷയും.

ഭാഷയെന്നെങ്കിലും തിരഞ്ഞെടുപ്പ് വിഷയമായിട്ടുണ്ടാകുമോ. ഒരുപക്ഷെ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ അതിരുകള്‍ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലടക്കം പ്രതിഷേധങ്ങള്‍ നടന്നപ്പോഴും ഭാഷ തിരഞ്ഞെടുപ്പ് വിഷയമായിരിക്കാന്‍ വഴിയില്ല. എന്തായാലും ലോകമെങ്ങും വികസനത്തിന്റെ പേരില്‍ വോട്ട്  തേടുന്ന ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ തീര്‍ച്ചയായും ഭാഷയെന്നത് തിരഞ്ഞെടുപ്പ് വിഷയമാകാന്‍ ഒരു സാധ്യതയുമില്ല. പക്ഷെ ഈ 2021 ല്‍ ഇന്ത്യയില്‍ ഭാഷ ഒരു തിരഞ്ഞെടുപ്പ് വിഷയമാവുകയാണ്. അല്ലെങ്കില്‍ ബോധപൂര്‍വ്വം ആക്കുകയാണ്. മറ്റെങ്ങുമല്ല, തമിഴ്‌നാട്ടില്‍.

ഫ്രെബ്രുവരിയിലെ തന്റെ പ്രതിമാസ റേഡിയോ പ്രസംഗ പരിപാടിയായ മന്‍ കി ബാത്തിലൂടെ 28 ന് ഞായറാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരായിമ തമിഴ് പഠിക്കാന്‍ സാധിച്ചില്ല എന്നതാണത്രേ. ഹൈദരാബാദ്കാരിയായ അപര്‍ണ റെഡ്ഡിയുടെ ചോദ്യത്തിന് മറുപടിയായാണ് മോദി തന്റെ തമിഴ് സ്്‌നേഹം പങ്കുവെച്ചത്. തീരുന്നില്ല, മോദി മാത്രമല്ല, തമിഴ്‌നാട്ടില്‍ പ്രചാരണത്തിനെത്തിയ അമിത് ഷായും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സങ്കടമായി ഇതേ ദിവസം പറഞ്ഞത നൂറ്റാണ്ടിന്റെ പൈതൃകം പേറുന്ന തമിഴ് തനിക്ക് സംസാരിക്കാനറിയില്ല എന്നതാണ് ! ഒരുപക്ഷെ രണ്ടും തികച്ചും യാദൃശ്ചികം ആയിരിക്കാം്. പക്ഷെ, അതിലുപരി ഇത് അവരുടെ ആവശ്യകത കൂടിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. എന്തുകൊണ്ടെന്നാല്‍ ഉത്തരേന്ത്യന്‍ പാര്‍ട്ടിയായാണ് ബിജെപിയെ പൊതുവില്‍ തമിഴ്‌നാട്ടുകാര്‍ കാണുന്നത്. ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചും രാജ്യം മുഴുവനും ഹിന്ദി ഭാഷയ്ക്ക് പ്രാധാന്യം കൊടുക്കുകയും വേണമെന്ന് വാദിക്കുന്ന പാര്‍ട്ടികൂടിയാണ് ബിജെപി. ബിജെപിയുടെ നയങ്ങളും നിലപാടുകളും ഏതാണ്ട്  അങ്ങനെ തന്നെ. ഹിന്ദി ഇതരഭാഷ സംസാരിക്കുന്നതിനെ ചൊല്ലി പലപ്പോഴും തമിഴരും ഉത്തരേന്ത്യക്കാരും ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്. ഡിഎംകെ എംപിയായ കനിമൊഴിക്ക് വിമാനത്താവളത്തില്‍ വെച്ച് ഹിന്ദി സംസാരിക്കാത്തതിന്റെ പേരില്‍ മോശം അനുഭവം നേരിടേണ്ടിവന്നതും സമീപകാലത്ത് തന്നെ. 

അതുകൊണ്ട് തന്നെ തമിഴനെ പ്രീണിപ്പിക്കാന്‍ ഹിന്ദിയും കൊണ്ട് ഇറ്ങ്ങിയിട്ട് കാര്യമില്ലെന്ന് മോദിക്കും അമിത് ഷായക്കുമറിയാം. അവര്‍ക്ക് മാത്രമല്ല, രാഹുലിനും അത് നന്നായറിയാം. അതിനാലാണ് രാഹുല്‍ കോയമ്പത്തൂരിലെ റോഡ് ഷോക്കിടെ തമിഴ് സംസ്‌ക്കാരത്തേയും ഭാഷയേയും മാനിക്കാത്തവരാണ് ബിജെപിക്കാരെന്ന് പറഞ്ഞത്. തങ്ങള്‍ ദ്രാവിഡ സംസ്‌ക്കാരത്തെ ഓര്‍ത്ത് അഭിമാനിക്കുന്നവരാണെന്നും കാമരാജിന്റെ പാര്‍ട്ടിക്കാര്‍ ആണെന്നുമെല്ലാം രാഹുല്‍ തമിഴ്‌നാട്ടിലെ പ്രചാരണത്തിനിടെ ഇതേ ഫെബ്രുവരി 28 ന് പ്രസംഗിച്ചത്. തമിഴനെ ഒപ്പം കൂട്ടാന്‍ തമിഴ് സംസ്‌ക്കാരത്തേയും ഭാഷയേയും പുകഴ്ത്തിയേ പറ്റൂ.  

ഏപ്രില്‍ ആറിന് കേരളത്തിനൊപ്പം തന്നെയാണ് തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ്്. മറ്റു സംസ്ഥാനങ്ങളിലെ അപേക്ഷിച്ച് ബിജെപി മേജര്‍ പ്ലയര്‍ അല്ലാതെ പ്രാദേശിക പാര്‍ട്ടിയുടെ ഘടകകക്ഷിയായി മത്സരിക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. അണ്ണാ ഡിഎംകെയുടെ മഴവില്‍ സഖ്യത്തിലെ ഒരു ചറുകക്ഷിയാണ് ബിജെപി. (കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഇത് തന്നെയാണ് സഖ്യം). കാര്യമായ വേരുകളൊന്നും ബിജെപിക്ക് തമിഴ്‌നാട്ടില്‍ അവകാശപ്പെടാനാവില്ല. 2014 ല്‍ കന്യാകുമാരി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് പൊന്‍രാധാകൃഷ്ണന്‍ വിജയിച്ചത് മാത്രമാണ് കാര്യമായ നേ്ട്ടം. തൊട്ടുപിന്നാലെ 2019 ല്‍ അതേ സീറ്റില്‍ പൊന്‍ രാധാകൃഷ്ണന്‍ പരാജയപ്പെടുകയും ചെയ്തു. വോട്ട് ശതമാനത്തിലും കാര്യമായ വര്‍ദ്ധന വരുത്താനോ ലഭിക്കുന്ന വോട്ടുശതമാനം നിലനിര്‍ത്താനോ തമിഴ്‌നാട്ടില്‍ ഇതുവരേയും ബിജെപിക്കായിട്ടില്ല. അതിനാല്‍ തന്നെ തല്‍ക്കാലം എഐഎഡിഎംകെയുടെ നിഴലായി നില്‍ക്കുക എന്നത് മാത്രമേ ബിജെപിക്ക് വഴിയുള്ളു.

pic courtesy News Minute


2011 മുതലുള്ള നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ബിജെപിക്ക് ഇപ്പോഴും തമിഴ്‌നാടിന്റെ മനസ് മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് മനസിലാക്കാം. 2011 ല്‍ ഒറ്റക്ക് മത്സരിച്ച ബിജെപിക്ക് നേടാനായത് 2.22 ശതമാനം വോട്ടുകളാണ്. ശക്തമായ മോദി തരംഗമുണ്ടായ 2014 ല്‍ ആണ് ഇതുവരെയുള്ള ബിജെപിയുടെ സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ് ശതമാനം.് 5.48 ശതമാനം വോട്ടിനൊപ്പം കന്യാകുമാരി സീറ്റിലും ബിജെപി വിജയിച്ച് ചരിത്രം കുറിച്ചു. ബിജെപിയുടെ വോട്ട് എന്ന്തിനപ്പുറം പൊന്‍ രാധാകൃഷ്ണന്‍ എന്ന വ്യക്തിക്ക് ലഭിച്ച വോട്ടുകളായിരുന്നു കന്യാകുമാരിയിലെ വിജയത്തിന് പിന്നില്‍. പൊന്‍ രാധാകൃഷ്ണന്‍ കേന്ദ്രത്തില്‍ മന്ത്രിയുമായി. പക്ഷെ പിന്നാല 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 230 മണ്ഡലങ്ങളിലും മ്ത്സരിച്ച ബിജെപിക്ക് മിക്കയിടത്തും കെട്ടിവെച്ച കാശുപോലും തിരിച്ചുകിട്ടിയില്ല. മാത്രവുമല്ല വോട്ട് ശതമാനത്തില്‍ രണ്ട് വര്‍ഷം കൊണ്ട് പകുതിയാവുകയും ചെയ്തു. വെറും 2.8 ശതമാനമാണ് ബിജെപിക്ക് തമിഴ്‌നാട്ടില്‍ നിന്ന് കിട്ടിയ വോട്ട് വിഹിതം. ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെയെ വരുതിയിലാക്കിയ ബിജെപി 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തിലാണ് മത്സരിച്ചത്. വോട്ട് ശതമാനം കൂടിയെന്നതല്ലാതെ ഒരു ഗുണവും ബിജെപിക്കുണ്ടായില്ല. കയ്യിലുണ്ടായിരുന്ന കന്യാകുമാരി സീറ്റ് കൂടി നഷ്ടമാവുകയും ചെയ്തു. 2019 ല്‍ 3.66 ശതമാനം വോട്ടാണ് ബിജെപിക്ക് സംസ്ഥാനത്ത് ലഭിച്ചത്. ഇത്തവണ വോട്ട് ശതമാനത്തിനൊപ്പം നിയമസഭയിലേക്കൊരു പ്രവേശനം കൂടിയാണ് അമിത് - മോദി സഖ്യം ലക്ഷ്യമിടുന്നത്. അത് തന്നെയാണ് ഇരുവരുടേയും പെട്ടെന്നുള്ള തമിഴ് പ്രണയത്തിന് പിന്നിലെ രഹസ്യവും. 

ദേശിയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് കാമരാജിന്റേയും മൂപ്പനാരുടേയും കാലത്ത് നല്ല സ്വാധാനമുണ്ടായിരുന്ന മണ്ണാണ് തമിഴ്‌നാട്ടിലേത്. തമിഴ്‌നാട്ടിലെ ജാതിയ വ്യവസ്ഥിതികളെയെല്ലാം ചോദ്യം ചെയ്ത് തമിഴ്‌നാടിന്റെ ആദ്യ ബ്രാഹ്മണനല്ലാത്ത മുഖ്യമന്ത്രിയായ നേതാവാണ് കാമരാജ്. പിന്നീടിങ്ങോട്ട് തമിഴ്‌നാട്ടില്‍ ഏറെയും പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട നേതാക്കളാണ് മുഖ്യമന്ത്രി കസേരയിലെത്തിയതെന്നത് ശ്രദ്ധേയമാണ്. സിഎന്‍ അണ്ണാദുരൈ മുതല്‍ നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി വരെ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിമാരാണ്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ പൂര്‍ണമായും മാറ്റിയെഴുതിയ ദ്രവീഡിയന്‍ രാഷ്ട്രീയത്തിന്റെ കടന്ന് വരവ് ചെറുതായൊന്നുമല്ല തമിഴ്‌നാടിനെ മാറ്റിമറിച്ചത്. 1925 ഓടെയാണ് ദ്രവീഡിയന്‍ മൂവ്‌മെന്റ് തമിഴകത്ത് ആരംഭിക്കുന്നത്. പിന്നീടിങ്ങോട്ട് ഏറെക്കാലവും ഡിഎംകെയും അണ്ണാ ഡിഎംകെയുമാണ്  തമിഴ് രാഷ്ട്രീയം അടക്കിവാണത്. ചെറുതും വലുതുമായ നിരവധി കക്ഷികള്‍ ദ്രാവിഡരാഷ്ട്രീയത്തിന്റെ പിന്‍മുറക്കാരായും ജാതിരാഷ്ട്രീയത്തിന്റെ വക്താക്കളായും എത്തിയെങ്കിലും ഡിഎംകെ എഐഎഡിഎംകെ എന്നീ രണ്ട് ധ്രുവങ്ങളുടെ ഇടയില്‍ തന്നെയാണ തമിഴ് രാഷ്ട്രീയം ചുറ്റിതിരിയുന്നത്. 

തിരഞ്ഞെടുപ്പുകളില്‍ വാശിയേറിയ പോരാട്ടമാണ് എക്കാലത്തും തമിഴ്‌നാട്ടില്‍ അരങ്ങേറിയിട്ടുള്ളത്. വോട്ട് ശതമാനം കൂട്ടിയും കുറച്ചും വാശി തീര്‍ത്തും ഇരു പാര്‍ട്ടികളും നയിച്ച മുന്നണികള്‍ അധികാരം പങ്കിട്ടു. തമിഴ് രാഷ്ട്രീയം കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി കരുണാനിധി - ജെ ജയലളിത പോരാട്ടം മാത്രമായിരുന്നു. ഇരുവരും തമ്മിലുള്ള പകയും വാശിയുമെല്ലാം പ്രസിദ്ധവുമാണ്. മാറി മാറി മുന്നണി ഭരണം വന്നിരുന്ന തമിഴ്‌നാട്ടില്‍ പക്ഷെ കഴിഞ്ഞ പത്ത് വര്‍ഷവും അണ്ണാ ഡിഎംകെ തന്നെ ഭരണം നിലനിര്‍ത്തി. ജെ ജയലളിതയെന്ന പുരട്ച്ചി തലൈവി കൂടുതല്‍ കരുത്താര്‍ജ്ജിച്ച കാലമായിരുന്നു 2011 ലും 2016 ലും ഉണ്ടായത്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്ന കാലത്ത് ജയലളിതയും പിന്നാല കലൈഞ്ജര്‍ കരുണാനിധിയും അന്തരിച്ചു. അതോടെ തമിഴ്‌നാട് തിരഞ്ഞെടുപ്പിന്റെ മുഖം തന്നെ മാറി. ഇരുവരുമില്ലാത്ത ആദ്യ നിയമസഭ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത് എന്ന് പ്രത്യേകതയുമുണ്ട് 2021 ലേതിന്. കരുണാനിധിക്ക് തമിഴകത്ത് സ്വാധീനമുള്ളപ്പോഴും അധികാരത്തിലേറിയപ്പോഴുമെല്ലാം പക്ഷെ പാര്‍ട്ടിയുടെ വോട്ട് ശതമാനം കാര്യമായി ഉയര്‍ത്താനായിട്ടില്ല എന്നതാണ് വസ്തുത. 1977 ന് ശേഷം ഒരിക്കല്‍ മാത്രമാണ് ഡിഎംകെ 35 ശതമാനത്തിനുമേല്‍ വോട്ട് നേടിയിട്ടുള്ളത്. 96 ല്‍ മാത്രം. അതേസമയം അണ്ണാ ഡിഎംകെ ഇത് 5 തവണ നേടി. 96 ലെ നിയമസഭ തിരഞ്ഞെടുപ്പ് മുതലിങ്ങോട്ട് ജയലളിതയുടെ പാര്‍ട്ടിയുടെ വോട്ട് ഷെയര്‍ ഓരോ തിരഞ്ഞെടുപ്പിലും കൂടിക്കൊണ്ടേയിരുന്നു. 2019 ല്‍ ജയലളിതയുടെ മരണശേഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലൊഴികെ. 2019 ല്‍ 38 ല്‍ 37 സീറ്റും നേടിയപ്പോഴും ഡിഎംകെയ്ക്ക് ലഭിച്ചത് വെറും 32.76 ശതമാനം വോട്ടാണ്. അന്ന് നഷ്ടമായത് തേനി മണ്ഡലം മാത്രമാണ്. ഉപമുഖ്യമന്ത്രി ഓ പനീര്‍ശെല്‍വത്തിന്റെ മകന്‍ രവീന്ദ്രനാഥ കുമാര്‍ മാത്രമാണ് ഡിഎംകെയുടെ സമ്പൂര്‍ണവിജയത്തിന് തടയിട്ടത്്. 96 ന് ശേഷം ഒരിക്കല്‍ പോലും ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഡിഎംകെയ്ക്ക് ലഭിച്ചിട്ടില്ല, പക്ഷെ കഴിഞ്ഞ നാലില്‍ മൂന്ന് തിരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയാണ് അണ്ണാ ഡിഎംകെ അധികാരത്തിലേറിയത്. അത്രമാത്രം ശക്തമാണ് എഐഡിഎംകെയുടെ അടിത്തറ. അര്‍ബന്‍, സെമി അര്‍ബന്‍ മേഖലയിലെ അപ്രമാദിത്വം തന്നെയാണ് എല്ലായിപ്പോഴും എഐഎഡിഎംകെയെ തുണച്ചിട്ടുള്ളത്. 

pic courtesy BS

ഇനി പക്ഷെ കളി പഴയത് പോലെയാകില്ല. ജയലളിത മരിച്ചതിന് പിന്നാലെ സംസ്‌ക്കാരചടങ്ങ് മുതല്‍ മോദിയും അമിത്ഷായുമെല്ലാം സജീവമായത് ചില ലക്ഷ്യങ്ങള്‍ വെച്ചുതന്നെയാണ്. തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ പറ്റിയ പാര്‍ട്ടി അണ്ണാ ഡിഎംകെ തന്നെയാണെന്ന് പണ്ടേ മോദിക്കറിയാം. ജയലളിത മാത്രമായിരുന്നു തടസം. ആ തടസം മരണത്തോടെ നീങ്ങിയതും കൃത്യസമയത്ത്. പിന്നീടിങ്ങോട്ട് അണ്ണാ ഡിഎംകെ യെ നിയന്ത്രിച്ചത് ബിജെപിയാണ്. തങ്ങളാണ് ശക്തരെന്ന് എടപ്പാടിയും സംഘവും നടിക്കുമ്പോഴും പിന്നാമ്പുറത്ത് ചരടുവലിച്ചിരുന്നത് ബിജെപിയാണ് എന്നത് പരസ്യമായ രഹസ്യമാണ്. ജയലളിത എതിര്‍ത്തിരുന്ന ജിഎസ്ടിയും നീറ്റ് പരീക്ഷയുമെല്ലാം ഒരു പ്രതിഷേധുമില്ലാതെ തമിഴ്‌നാട്ടില്‍ നടപ്പിലായതും ഇതിനാലാണ്. തീരുന്നില്ല, ജയലളിതയോ കരുണാനിധിയോ അനുവദിക്കാതിരുന്ന സംഘപരിവാരത്തിന്റെ ഹിന്ദുത്വ അജണ്ടയും അക്രമവും തമിഴ്‌നാട്ടില്‍ അരങ്ങേറിയതിനെ എതിര്‍ക്കാതെ ചൂട്ടുപിടിക്കുന്ന സമീപനമായിരുന്നു പിന്നീടിങ്ങോട്ട് എപിഎസിന്റേത്. എഴുത്തുകാരന്‍ പെരുമാള്‍ മുരുകനെതിരേയും കവി വൈരമുത്തുവിനെതിരേയുമെല്ലാം അരങ്ങേറിയ ആക്രമണങ്ങള്‍ ഒരുപക്ഷെ ഇരുവരും അംഗീകരിക്കില്ലായിരുന്നു. തമിഴിന്റെ സംസ്‌ക്കാരത്തിനപ്പുറം ഹിന്ദുത്വ എന്ന ബിജെപി അജണ്ടയിലേക്ക് മെല്ലെ വഴിതിരിച്ചുവിടുന്ന സംഭവങ്ങളായിരുന്നു അതെല്ലാം. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പെരിയോരുടെ പ്രതിമകള്‍ നശിപ്പിക്കപെടുകയും കാവി വര്‍ണം പൂശുകയും ചെയ്ത സംഭവങ്ങളും ഹിന്ദുത്വ ശക്തികള്‍ തമിഴ് മണ്ണില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ബിജെപിയുടെ പിന്‍സീറ്റ് ഡ്രൈവിങ്ങിനെ നിയന്ത്രിക്കാന്‍ തക്ക ശേഷി അണ്ണാ ഡിഎംകെയ്ക്ക് നഷ്ടമായിരിക്കുന്നുവെന്നതാണ് വസ്തുത. 

ജയലളിതയുടെ കരിസ്മ അവകാശപ്പെടാനാവുന്ന ഒരു നേതാവും അണ്ണാ ഡിഎംകെയില്‍ ഇന്നില്ല. ജയലളിതയുടെ ഏറ്റവും വിശ്വസ്തനായിരുന്ന ഒ പനീര്‍ശെല്‍വത്തെ ഒതുക്കി എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയായതും ജയലളിതയുടെ തോഴിയായിരുന്ന ശശികല പാര്‍ട്ടി പിടിച്ചടിക്കയതുമെല്ലാം അണ്ണാ ഡിഎംകെയുടെ തലക്കുറി മാറ്റി വരച്ചിട്ടുണ്ട്. ഓപിഎസും ഇപിഎസും പിന്നീട് മച്ചാ മച്ചാ ആയെങ്കിലും ശശികലയുടെ പ്രശ്‌നം അവസാനിച്ചിട്ടില്ല. ജയില്‍ ശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ പാര്‍ട്ടി പുറത്താക്കിയ ശശികല പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ഉപതിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്ക്ക് വെല്ലുവിളിയാവുകയും ചെയ്തിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ശശികല എഐഎഡിഎംകെയുമായി സഖ്യത്തിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ശശികലയുമായി പ്രശ്‌നപരഹാരത്തിന് ബിജെപി തന്നെ ചരട് വലിക്കുന്നുണ്ട് എന്നാണ് കേള്‍വി. 

നേരത്തെ സൂചിപ്പിച്ചത് പോലെ ജാതിവ്യവസ്ഥിതിയില്‍ അധിഷ്ടിതമാണ് തമിഴ്‌നാട്ടിലെ പല മണ്ഡലങ്ങളിലേയും ജയപരാജയങ്ങള്‍. അവിടെയാണ് ബിജെപി മുന്‍കാലങ്ങളില്‍ പരാജയപ്പെട്ടിരുന്നത്. മനുസ്മൃതിയും സംസ്്കൃതവും സവര്‍ണമേധാവിത്വവുമെല്ലാം വാഴുന്ന ബിജെപി പക്ഷെ തമിഴ്‌നാട്ടില്‍ കളം മാറ്റിചവിട്ടുകയാണ് ഇക്കുറി. പാര്‍ട്ടിയുടെ തലപ്പത്ത് ദളിത് വിഭാഗത്തില്‍ നിന്നുള്ളവരേയും മറ്റ് പിന്നാക്ക വിഭാഗത്തില് പെട്ട നേതാക്കളേയും പ്രതിഷ്ടിച്ചാണ് ബിജെപി നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങിയത്. ബ്രാഹ്മണ - സവര്‍ണ്ണ വിഭാഗക്കാരെ ഒഴിവാക്കി പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലും മറ്റ് തന്ത്രപ്രധാനമായ പോസ്റ്റുകളിലുമെല്ലാം ജാതി വോട്ടുകള്‍ ലക്ഷ്യമിട്ട് നിയമനം നടത്തി. വനാതി ശ്രീനിവാസനും നൈനാര്‍ നാഗേന്ദ്രനുമെല്ലാം പാര്‍ട്ടിയുടെ ഉന്നത നേതൃസ്ഥാനത്തെത്തിച്ചത് വിവിധ വിഭാഗങ്ങളുടെ പിന്തുണകൂടി ലക്ഷ്യമിട്ടാണ്. താഴ്ന്ന ജാതിക്കാരെ സ്ഥാനാര്‍ത്ഥികളാക്കി ഇത്തവണ വോട്ട് ഷെയറും സീറ്റും നേടാനാണ് ബിജെപിയുടെ തന്ത്രം. 

ഇത്തവണ പക്ഷെ ഈ കണക്കുകള്‍ക്ക് അപ്പുറത്താണ് ബിജെപി കണ്ണുവെക്കുന്നത്. തെക്കേ ഇന്ത്യയില്‍ കേരളമുള്‍പ്പടെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും ബിജെപിക്ക് കാര്യമായി തന്നെ വളരാനായിട്ടുണ്ട്. 2014 ലേയും 2019 ലേയും ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ട് ഷെയര്‍ മാത്രം പരിശോധിച്ചാല്‍ തെക്കേ ഇന്ത്യയില്‍ തമിഴ്‌നാട് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വോട്ട് വര്‍ദ്ധിപ്പിച്ചതായി കാണാം. അതേസമയം തമിഴ്‌നാട്ടില്‍ വളര്‍ച്ച താഴേക്കായിരുന്നു. കേരളത്തില്‍ 2014 ലെ 10.3 ല്‍ നിന്ന് 2019 ല്‍ 12.9 ശതമാനത്തിലേക്കാണ് ബിജെപി വളര്‍ന്നത്. തൊട്ടപ്പുറത്തെ കര്‍ണാടകയില്‍ 43.37 ല്‍ നിന്ന് 51.38 ശതമാനമായി വോട്ട് ഷയര്‍. 2014 ല്‍ ആന്ധ്രപ്രദേശിലും തെലുങ്കാനയിലുമായി 8.52 ശതമാനമായിരുന്നത് തെലുങ്കാനയില്‍ മാത്രം 19.45 ശതമാനമായി കൂടി. ആന്ധ്രയില്‍ 0.96 ശതമാനമാണ് 2019 ല്‍ ബിജെപിക്ക് ലഭിച്ചത്. അതേസമയം തമിഴ്‌നാട്ടില്‍ 5.56 ല്‍ നിന്ന് 3.66 ആയി ചുരുങ്ങി. അതിനാല്‍ തന്നെ തെക്കേ ഇന്ത്യയില്‍ തമിഴ്‌നാട്ടില്‍ ഇത്തവണ സ്ഥിതി മെച്ചപ്പെടുത്തുകയെന്നത് ബിജെപിയുടെ ആവശ്യം കൂടിയാണ്. കേന്ദ്രവിഹിതങ്ങളും പദ്ധതികളുമെല്ലാം തമിഴ്‌നാടിന് ധാരാളമായി അനുവദിച്ച് ആ കേന്ദ്ര പദ്ധതികളെ മാത്രം ഉയര്‍ത്തി ബിജെപി പ്രചാരണം നയിക്കുന്നതും അതിനാലാണ്. 

മറുവശത്ത് ലോക്‌സഭയിലെ മിന്നുന്ന വിജയം ആവര്‍ത്തിക്കാമെന്നാണ് ഡിഎംകെ കണക്കുകൂട്ടുന്നത്. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസുമെല്ലാം ഡിഎംകെയുടെ നിഴലില്‍ മത്സരരംഗത്തുണ്ട്. കോണ്‍ഗ്രസിന് പഴയ പ്രതാപമിപ്പോള്‍ ഇല്ലെങ്കിലും തരക്കേടില്ലാത്ത വോട്ട ഷെയര്‍ തമിഴ്‌നാട്ടിലുണ്ട്. ശരാശരി 8 ശതമാനത്തോളമാണ് തമിഴ്‌നാട്ടിലെ കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ലഭിച്ച വോട്ട് ഷെയര്‍. ഇടത് പാര്‍ട്ടികളില്‍ സിപിഎമ്മിനും സിപിഐക്കും ചേര്‍ന്ന് ഏകദേശം 5 ശതമാനത്തിലേറയും വോട്ടുകളുടെ സ്ഥിരം അടിത്തറ സംസ്ഥാനത്തുണ്ട്. ചെറുകക്ഷികളില്‍ അണ്ണാ ഡിഎംകെയ്‌ക്കൊപ്പമുള്ള പട്ടാളി മക്കള്‍ കക്ഷിക്ക് ശരാശരി 5 ഉം വിജയകാന്തിന്റെ ഡിഎംഡികെയ്ക്ക് 4 ശതമാനത്തോളവും അടിസ്ഥാന വോട്ടുകള്‍ സ്ഥിരമായി ലഭിക്കുന്നുണ്ട് എന്നും കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും. 

ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുമെന്ന് കരുതിയ പലതും വഴിമാറിയതിന്റെ സങ്കടവും ബിജെപിക്കുണ്ട്്. അതില്‍ ഏറ്റവും വലുത് രജനി കാന്ത് അവസാന നിമിഷം ഏല്‍പ്പിച്ച ആഘാതം തന്നെയാണ. പാര്‍ട്ടി പ്രഖ്യാപനത്തിന്റെ തലേ ദിവസം പാര്‍ട്ടി തന്നെ യില്ലെന്ന് പ്രഖ്യാപിച്ച രജനികാന്ത് തമിഴ് രാഷ്ട്രീയത്തില്‍ തന്നെ മുന്നണികളെ ഒരു വര്‍ഷത്തിലേറെയാണ് ഉറക്കം കെടുത്തിയത്. രജനികാന്തിനെ വെച്ച് ഹിന്ദുത്വ രാഷ്ട്രീയം കളിക്കാമെന്ന ബിജെപിയുടെ അജണ്ടയ്ക്കാണ് രജനിയുടെ പിന്‍മാറ്റം വിലങ്ങുതടിയായത്. അതേസമയം രാഷ്ട്ര്ീയത്തിലിറങ്ങിയ കമലഹാസന്‍ സജീവമായി തന്നെ കളത്തിലുണ്ട്. ഇരുമുന്നണികള്‍ക്കുമെതിരെ ബദലായി മുന്നാം മുന്നണി ഒരുക്കാനുള്ള ശ്രമത്തിലാണ് കമലഹാസന്‍. തന്റെ സ്റ്റാര്‍ഡം തന്നെ വോട്ടാക്കി മാറ്റി തമിഴകത്ത്് ഇത്തവണ നിര്‍ണായക ശക്തിയാകാമെന്ന് കമലഹാസന്‍ കണക്കുകൂട്ടുന്നു. നടന്‍ ശരത് കുമാറിന്റെ പാര്‍ട്ടി എന്‍ഡിഎ വിട്ട് കമലഹാസനൊപ്പം ചേര്‍ന്നത് എത്രമാത്രം ഗുണം ചെയ്യുമെന്ന് കണ്ടറിയാം. 

ഈ വലിയ മുന്നണികളും കുറുമുന്നണികളുമെല്ലാം ചേര്‍ന്ന് ഭരണവിരുദ്ധവികാരം ഭിന്നിപ്പിച്ചാല്‍ അത് അണ്ണാ ഡിഎംകെയ്ക്ക് ഗുണം ചെയ്യും. ജനത്തെ പൊള്ളിക്കുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ഏറെയുണ്ടെങ്കിലും തമിഴകത്ത് പലപ്പോഴും ചര്‍ച്ചയാവാറ് മുന്നണിയിലെ വലിയ പാര്‍ട്ടികല്‍ നല്‍കുന്ന സമ്മാനങ്ങളും ഓഫറുകളുമാണ്. ടിവിയും സൈക്കിളും മിക്‌സിയുമെല്ലാം നല്‍കി വോട്ടര്‍മാര ചാക്കിലിടുന്ന പതിവ് കലാപരിപാടികള്‍ എല്ലാതിരഞ്ഞെടുപ്പിലേയുമെന്നത് പോലെ ഇത്തവണയും അരങ്ങേറും. അത്തരം ഓഫറുകളിലൂടെ ഇന്ധനവിലയും ഗ്യാസ് വിലയുമെല്ലാം രാഷ്ട്രീയ ചര്‍ച്ചവേദിക്ക് പുറത്തേക്ക് മാറ്റിനിര്‍ത്താനാവും ഇക്കുറി ബിജെപി പിന്‍സീറ്റ് ഡ്രൈവ് നടത്തുന്ന ഭരണകക്ഷിയുടേയും ശ്രമം. 

.......

(280214)


ശ്രീധരന്റെ 'ഫാഷിസ്റ്റ്' മെട്രോ ചൂളം വിളിക്കുമ്പോള്‍

pic courtesy google


രാജ്യം കണ്ട മികച്ച സാങ്കേതിക വിദഗ്ധനാണ് ഇ ശ്രീധരന്‍. മെട്രോ മാന്‍ എന്ന് ജനം ആദരപൂര്‍വ്വം അദ്ദേഹത്തെ വിളിക്കുന്നത് അദ്ദേഹത്തിന്റെ സുത്യര്‍ഹമായ സേവനത്തിനുള്ള അംഗീകാരമാണ്. കൊങ്കണ്‍ റെയില്‍വേയും ഡല്‍ഹി മെട്രോയുമെല്ലാം അദ്ദേഹത്തിന്റെ ഈ രംഗത്തെ സേവനങ്ങളുടെ ഉദാഹരണമാണ്. അതാനാല്‍ തന്നെയാണ് കൊച്ചി മെട്രോയുടെ മേല്‍നോട്ടത്തിനും പ്രായം ഒട്ടും തളര്‍ത്താത്ത ഇ ശ്രീധരനുവേണ്ടി കേരളം കാത്തുനിന്നത്, വാശിപിടിച്ചത്. പാലാരിവട്ടം പാലം അപകടത്തിലായപ്പോള്‍ സര്‍ക്കാര്‍ പരിശോധിക്കാന്‍ വിളിച്ചതും ശ്രീധരനെയാണ്. പച്ചാളം പാലവും പിന്നീട് പാലാരിവട്ടം പാലം പൊളിച്ചു നിര്‍മിക്കാനും സംസ്ഥാനം വിശ്വസിച്ചേല്‍പിച്ചത് ഇതേ ശ്രീധരനെ തന്നെ. സാങ്കേതിക വൈദഗ്ധ്യം വേണ്ടിടത്തെല്ലാം ശ്രീധരനുവേണ്ടി ജനം വാദിച്ചു. സര്‍ക്കാരും ഇടതുപക്ഷത്തെ നേതാക്കളും അങ്ങനെ തന്നെ. രാജ്യം അദ്ദേഹത്തിന്റെ സേവനങ്ങളെ പത്മശ്രീയടക്കമുള്ള പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു.


പാലം, മെട്രോ റെയില്‍, ലൈറ്റ് മെട്രോ തുടങ്ങിയവയുമായി ബന്ധപ്പെട്ട വാര്‍ത്തകളിലെല്ലാം ഇ ശ്രീധരന്‍ ഇടം പിടിച്ചു. ഇതിനപ്പുറം ഒരു സാമൂഹിക സാംസ്‌ക്കാരിക വിഷയത്തിലും കഴിഞ്ഞ 89 വര്‍ഷവും ശ്രീധരന്‍ ഇടപെട്ടതായോ ബന്ധപ്പെട്ടതായോ വലിയ വിവരമില്ല. എന്നാലിപ്പോള്‍ 89 ആം വയസില്‍ മറ്റൊരു മേഖലയിലേക്ക് കടക്കുകയാണ് ശ്രീധരന്‍. രാഷ്ട്രീയ രംഗത്തേക്ക്. ശ്രീധരന്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതുകൊണ്ട് വലിയ ഞെട്ടലൊന്നും സാധാരണഗതിയില്‍ വരേണ്ടതില്ല. ഏതൊരുവ്യക്തിക്കും ഏത് പ്രായത്തിലും രാഷ്ട്രീയപ്രവേശം നടത്താനുള്ള അവകാശം ഇന്ത്യയിലുണ്ട്. പക്ഷെ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്തും വാര്‍ത്തയായി. രാഷ്ട്രീയപ്രവേശനം മാത്രമല്ല, തുടര്‍ന്നിങ്ങോട്ട് അദ്ദേഹം നടത്തുന്ന ഓരോ പരാമര്‍ശങ്ങളും വാര്‍ത്തയാവുകയാണ്. അല്ലെങ്കില്‍ ട്രോളായി മാറുന്നുവെന്നതാണ് വസ്തുത. ബിജെപിയിലാണ് ശ്രീധരന്‍ അംഗത്വമെടുക്കുന്നത്. ഫെബ്രുവരി 25 ന്് കെ സുരേന്ദ്രന്‍ നടത്തുന്ന വിജയയാത്രയ്ക്കിടെ അദ്ദേഹം ബിജെപിക്കാരനായി ഔദ്യോഗികമായി മാറും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയില്‍ ചേരാന്‍ മാത്രമല്ല, ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വരെ ആകാനാണ് നല്ല പ്രായത്തില്‍ ശ്രീധരന്റെ തീരുമാനം. തീരുന്നില്ല, അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള പരാമര്‍ശങ്ങളെല്ലാം തികച്ചും വസ്തുതാവിരുദ്ധമാണെന്ന് മാത്രമല്ല, വിചിത്രവും ഫാഷിസ്റ്റ് സ്വഭാവമുള്ളതും കൂടിയാണ്. ഒന്നൊന്നായി പരിശോധിക്കാം

എന്തുകൊണ്ടാണ് ബിജെപിയിലേക്കുള്ള ശ്രീധരന്റെ പ്രവേശനം വിവാദമാകുന്നത് അല്ലെങ്കില്‍ വിമര്‍ശന വിധേയമാകുന്നത്?  ഉത്തരം ലളിതമാണ്. ബിജെപിയില്‍ ചേരുന്നതല്ല ഇവിടെ വിമരര്‍ശിക്കപ്പെടുന്നത്. ബിജെപിക്ക് ചേരുന്നതിന് അദ്ദേഹം നല്‍കുന്ന വിശദീകരണങ്ങളാണ് വിമര്‍ശന വിധേയമാകുന്നത്. ബിജെപിയില്‍ ചേരുന്നതിന് മുഖ്യകാരണമായി അദ്ദേഹം പറയുന്നത് കേരളത്തില്‍ വികസം കൊണ്ടുവരാന്‍ ഇടത് പക്ഷത്തിനോ ഐക്യമുന്നണിക്കോ കഴിയില്ലെന്നാണ്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് അദ്ദേഹം തിരിച്ചറിഞ്ഞതാണ് ഇക്കാര്യമെന്നും പറഞ്ഞുവെക്കുന്നു. വസ്തുതാപരമായി പരിശോധിക്കാം. കേരളമെന്നത് ലോകത്തിന് തന്നെ വിവിധമേഖലകളില്‍ മാതൃകയായ സംസ്ഥാനമാണ്. അടിസ്ഥാന സൗകര്യ വികസനരംഗത്തായാലും വിദ്യാഭ്യാസരംഗത്തായാലും ആരോഗ്യരംഗത്തായാലും കൊവിഡ് പ്രതിരോധത്തിലായാലുമെല്ലാം ലോകം തന്നെ അംഗീകരിച്ച മാതൃകയാണ് കേരളത്തിന്റേത്. കൊങ്കണും ഡല്‍ഹി മെട്രോയുമെല്ലാം പണിഞ്ഞ് കേരളത്തില്‍ വിശ്രമജിവിതം നയിക്കുന്ന ശ്രീധരന്റെ റെയില്‍ ഈ വഴിയൊന്നും കടന്നുപോകാത്തതല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ ബിജെപി ബിജെപി ഭരിച്ചിട്ടില്ല, എന്തിന് ആകെ ഇതുവരെ ഒരു എംഎല്‍എ യെ മാത്രമാണ് നേടാനായത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ അടിസ്ഥാന സൗകര്യവികസനരംഗത്ത് മാത്രം വലിയ വളര്‍ച്ചയാണ് കൈവരിച്ചത്. ഗതാഗത കുരുക്ക് രൂക്ഷമായിരുന്നിടത്തെല്ലാം ഫ്‌ലൈ ഓവറുകള്‍ പണിഞ്ഞു. കൊച്ചി മെട്രോ, കൊച്ചി വാട്ടര്‍ മെട്രോ, നാലുവരി പാതകള്‍, ചെറുതും വലുതുമായി നിരവധി തുറമുഖങ്ങള്‍, ഹൈടെക്കാക്കിയ സ്‌ക്കൂളുകള്‍, സൗരോര്‍ജത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ഏക വിമാനത്താവളം...ഇതെല്ലാം കണ്ണില്‍ പെടാതെ പോകാന്‍മാത്രം അന്ധത 89 ആം വയസില്‍ മെട്രോ മാനുണ്ടോ. ഉണ്ടെങ്കില്‍ അദ്ദേഹം കണ്ടെത്തിയ പാലാരിവട്ടം പാലത്തിലെ അപകടാവസ്ഥയിലും സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ വലിയ ആശങ്ക ശ്രീധരനുണ്ട്. അതിനെ വിമര്‍ശിക്കേണ്ടതില്ല, കാരണം കടം പെരുകുന്നത് എല്ലാവരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണല്ലോ. പദ്ധതികള്‍ നടപ്പാക്കാന്‍ കിഫ്ബിയിലൂടെ കടം വാങ്ങുന്നതിനെ അതിരൂക്ഷമായാണ് ശ്രീധരന്‍ കുറ്റപ്പെടുത്തുന്നത്. ശരിയാണ്. കിഫ്ബി ഇങ്ങനെ ഓടി നടന്ന് കടമെടുത്താല്‍ അതെല്ലാം എങ്ങനെ തിരിച്ചടയ്ക്കും. ഇങ്ങനെ കടം വാങ്ങി വികസനപ്രവര്‍ത്തനം നടത്തുന്നത് നീതികരിക്കാനാവില്ല. ശ്രീധരന്‍ ഇങ്ങനെ വാദിക്കുമ്പോള്‍ പ്രഥമദൃഷ്ട്യ ശരിയാണെന്ന് തോന്നും. ഇനി പിന്നാമ്പുറം നോക്കാം. ശ്രീധരന്‍ ഇപ്പോള്‍ മെട്രോ മാന്‍ കളിക്കുന്ന പദ്ധതികളെല്ലാം എങ്ങനെയാണ് നടപ്പാക്കിയത്. ജപ്പാനിലും ഫ്രാന്‍സിുമെല്ലാമുള്ള സ്വകാര്യ ഏജന്‍സികളില്‍ നിന്നുമെല്ലാം കടമെടുത്തല്ലേ കൊച്ചി മെട്രോയടക്കം നടപ്പാക്കിയത്. അതും ശ്രീധരന് തൃപ്തികരമായ സ്വകാര്യഏജന്‍സികളില്‍ നിന്ന്. ബാങ്കുകളുടെ എത്ര കണ്‍സോര്‍ഷ്യത്തെ പലകാരണങ്ങള്‍ പറഞ്ഞ് ആരംഭകാലത്ത് തള്ളിയിട്ടുണ്ട്.  ആ കൊച്ചി മെട്രോ ഇപ്പോള്‍ എത്രായാണ് ലാഭം കൊണ്ടുവരുന്നത്. ശതകോടികളുടെ ബാധ്യതയല്ലേ കൊച്ചി മെട്രോ സമ്മാനിച്ചത്. ആ കടം എത്രകാലം കൊണ്ട് തീരുമെന്ന് കടമെടുത്ത് വികസനം നടപ്പാക്കുന്ന അന്ന് ശ്രീധരന് അറിയില്ലായിരുന്നോ. അന്ന് പദ്ധതി സ്വകാര്യപങ്കാളിത്തതോടെ നടപ്പാക്കാനുള്ള നീക്കത്തില്‍ ലവലേശം വിയോജിപ്പ് ഇ ശ്രീധരന്‍ രേഖപ്പടുത്തിയിട്ടില്ല. ശ്രീധരന്‍ പിടിക്കാന്‍ പോകുന്ന ബിജെപി സര്‍ക്കാര്‍ എങ്ങനെയാണ് ഇപ്പോള്‍ പദ്ധതി നടപ്പാക്കാനുള്ള പണം കണ്ടെത്തുന്നത്. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിച്ചല്ലേ. സ്വകാര്യപങ്കാളിത്തമല്ലാതെ മറ്റെന്താണ് ബിജെപിയുടെ പദ്ധതികളില്‍ ഉള്ളത്. സര്‍ക്കാര്‍ വിഹിതം നാമമാത്രമാക്കി സ്വകാര്യകുത്തകകളെ സഹായിക്കുന്ന ബിജെപിയുടെ കൊടിപിടിച്ചിറങ്ങുമ്പോള്‍ ഇതിലെ വൈരുദ്ധ്യം ശ്രീധരന് മനസിലാകാതെ പോകുന്നുവെന്നത് വിചിത്രമാണ്.

ഒരാള്‍ എന്ത് കഴിക്കണം, എന്ത് വസ്ത്രം ധരിക്കണം, ഏത് വിശ്വാസപ്രമാണം പിന്തുരടണമെന്നതെല്ലാം അയാളുടെ മാത്രം സ്വാതന്ത്ര്യമാണ്. അത് ഭരണഘടന ഉറപ്പുനല്കുന്ന മൗലികാവകാശമാണ്. ഞാന്‍ എന്തു കഴിക്കുന്നു, എന്ത് വിശ്വസിക്കുന്നു അതെല്ലാം മറ്റുള്ളവനും ചെയ്യണം. അല്ലാത്തവരെ എനിക്ക് ഇഷ്ടമല്ല എന്ന് പറയുന്ന ഒരാളുടെ - അത് എത്രവലിയവനായാലും- മാനസികാവസ്ഥ ഫാഷിസ്റ്റ് ചിന്താഗതിയുടേത് മാത്രമാണ്. താന്‍ മാംസാഹാരം കഴിക്കില്ലെന്നും അത് കഴിക്കുന്നവരെ തിന്ക്ക് ഇഷ്ടമല്ലെന്നും പ്രഖ്യാപിക്കുന്ന ശ്രീധരനെ ഫാഷിസ്റ്റ് എന്ന് വിളിക്കേണ്ടിവരുന്നതും അതിനാലാണ്. ഈ ഫാഷിസ്റ്റ് മാനസികാവസ്ഥയുടെ കാര്യത്തില്‍ അദ്ദേഹം 100 ശതമാനവും സംഘപരിവാരത്തിനൊപ്പമോ അതിന് മേലെയോ നില്‍ക്കും. ഒരുപക്ഷെ ഇത് മാത്രമായിരിക്കും അദ്ദേഹത്തെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതും. ലൗ ജിഹാദ് എന്ന സംഘപരിവാരത്തിന്റെ വ്യാജപ്രചാരണത്തിന്റെ പതാകവാഹകന്‍ കൂടിയാണ് താന്‍ എന്ന് നിര്‍ലജ്ജം വിളിച്ചുപറയുന്നുണ്ട് ശ്രീധരന്‍. ഭാരതമെന്നത് നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ സന്ദേശം ഉയര്‍ത്തിപിടിക്കുന്ന ഒന്നാണെന്ന് ശ്രീധരനെ ഈ വയസാംകാലത്ത് ആരുപഠിപ്പിക്കാനാണ്. സിഖുകാരും പാഴ്‌സികളും മുസല്‍മാനും കൃസ്ത്യനും ജൈനനുമെല്ലാം ഹിന്ദുവിനൊപ്പം തന്നെ അവന്റെ വിശ്വാസങ്ങളേയും ശീലങ്ങളേയും മുറുകെപിടിച്ച് സഹവവര്‍ത്തിത്തോടെ കഴിയുന്ന നാടാണ് ഇന്ത്യയെന്നത് ഒരു സാങ്കേതിക പുസ്തകത്തിലും വായിക്കാനാവില്ല. മറിച്ച് തന്റെ കീഴില്‍ ജോലിയെടുത്തിരുന്ന അനേകായിരം തൊഴിലാളികളെ അടുത്തറിയാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ശ്രീധരന് മനസിലാകുമായിരുന്നു. മാംസാഹാരികളെ വെറുക്കുന്ന ശ്രീധരന്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ പൊന്നാനിയിലെ സ്വന്തം അയല്‍പക്കത്തുള്ള ബക്കറിനേയും രമേശനേയും ജോണിനേയുമെല്ലാം എന്ത് വെറുപ്പോടെയാകും കാണുന്നത് എന്ന് ചിന്തിക്കാനേ വയ്യ.

ബിജെപിക്കായി മത്സരിക്കാനും മുഖ്യമന്ത്രിയാകാനുമാണ് ശ്രീധരന്റെ തീരുമാനം. മുഖ്യമന്ത്രി പദവിയില്‍ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തനാവില്ല. തന്നെ മുഖ്യനാക്കിയാല്‍ മാത്രമേ കേരളത്തില്‍ വികസനം വരൂവെന്നും ശ്രീധരന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെടുന്നുണ്ട്. അല്ലെങ്കില്‍ തന്നെ കേരളത്തില്‍ ഭരണം കിട്ടാന്‍ 71 സീറ്റ് കുറഞ്ഞത് വേണ്ടേയെന്ന് ചോദിക്കുന്നവരോടും ശ്രീധരന് കൃത്യമായ മറുപടിയുണ്ട്. തന്റെ വരവോടെ തന്നെ ബിജെപിക്ക് കേരളത്തില്‍ വോട്ട് ഇരട്ടിയായി കഴിഞ്ഞു. പിന്നെ കേവലഭൂരിപക്ഷമെന്നത് മറികടക്കാന്‍ ഒട്ടും ശ്രമപ്പെടേണ്ടതില്ലല്ലോ. മത്സരിക്കാന്‍ സ്വന്തം നാട്ടിലൊന്നും പക്ഷെ ശ്രീധരനെ കിട്ടില്ല. പാലക്കാട് തന്നെ വേണം. സ്വന്തം മണ്ഡലമായ പൊന്നാനിയില്‍ തനിക്ക് ജയിക്കാനുള്ള ആളെ കൂട്ടാന്‍ കെല്‍പ്പില്ലാത്ത്ത കൊണ്ടാണോ പാലക്കാട്ടേക്ക് നാടുകടക്കാന്‍ ശ്രമിക്കുന്നതെന്നും ചോദിക്കരുത്. കൃത്യമായ പ്ലാനും എസ്റ്റിമേറ്റും ഇട്ട്് തന്നെയാണ് പാലക്കാട്ടേക്ക് പോകാനുള്ള നീക്കം. പാലക്കാട് മുന്‍സിപാലിറ്റി ബിജെപി ഭരിക്കുന്നതാണ്. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തെത്തി. പോരാത്തതിന് സവര്‍ണ വോട്ടര്‍മാര്‍ക്ക് ഏറെ സ്വാധീനവുമുള്ള മണ്ഡലത്തില്‍ സവര്‍ണ ചിന്താഗതിയുള്ള തനിക്ക് വോട്ട് വീഴുമെന്ന് ശ്രീധരനറിയാം. പാലം പണിയാന്‍ മാത്രമല്ല, പാലം പൊളിയാതിരിക്കാനുള്ള അടിത്തറയും കാണണമല്ലോ...

വാല്‍കഷ്ണം ;  മരുമകന്‍ സഹസ്ഥാപകനായിട്ടുള്ള കമ്പനിയുടെ ഓഹരി ആയിരക്കണക്കിന് കോടിക്ക് വിറ്റുപോയതും ശ്രീധരന്റെ പെട്ടെന്നുള്ള ബിജെപി പ്രേമത്തിന് കാരണമാണെന്ന് കരകമ്പിയുണ്ട്്. മോദിയോട് അടുത്ത ബന്ധമുണ്ടായിട്ടും കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍ ഒരു കസേരകിട്ടാന്‍ നാട്ടുകാര് ഇടപെടേണ്ടി വന്ന മഹാനാണ് ഇ ശ്രീധരനെന്നതും ഈ അവസരത്തില്‍ സ്മരിക്കട്ടെ..

കൂറുമാറ്റലും ധ്രുവീകരണവും - ബംഗാള്‍ പിടിക്കാന്‍ ബിജെപി

ബംഗാള്‍. മൂന്നരപതിറ്റാണ്ട് കാലത്തോളം ഇടത് കോട്ടയും പിന്നീടിങ്ങോട്ട് രണ്ട പതിറ്റാണ്ടോളം തൃണമൂല്‍ കോട്ടയുമായി നിലനില്‍ക്കുന്ന സംസ്ഥാനം. ഇത്തവണ പക്ഷെ ബംഗാള്‍ നിറം മാറുമോയെന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും ശ്രദ്ധയും ബിജെപി നല്‍കുന്നതും ഒരുപക്ഷെ ബംഗാളില്‍ ആണ്. ഇത്തവണ ബംഗാളില്‍ കളിമാറുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇടത് - മമത പോരാട്ടമല്ല ഇപ്പോള്‍ ബംഗാളിലുള്ളത്. ബിജെപി-മമത പോരാട്ടമാണ്. ഇടതുപക്ഷവും കോണ്‍ഗ്രസും സഖ്യമുണ്ടാക്കി രംഗത്തിറങ്ങുമ്പോളും ത്രികോണമത്സരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ പഴയ ഭരണപാര്‍ട്ടികള്‍ക്ക് എത്രമാത്രം സാധിക്കുമെന്ന ചോദ്യം ഏറെ പ്രസക്തമാണ്. 

294 സീറ്റുകളിലേക്ക് എട്ട് ഘട്ടങ്ങളായണ് ഇത്തവണ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്. കഴിഞ്ഞതവണ ഇത് ഏഴ് ഘട്ടങ്ങളായായിരുന്നു. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പേ തൃണമൂലും ബിജെപിയും അധികാരം പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 200 സീറ്റുകളാണ് ബംഗാളില്‍ ബിജെപി ലക്ഷ്യം വെക്കുന്നത്. അതില്‍കുറഞ്ഞ ഒന്നുകൊണ്ടും ബിജെപി തൃപ്തരമാവില്ലെന്ന് നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി മോദിയും അമിത് ഷായും ജെ പി നഡ്ഡയുമെല്ലാം ബംഗാളില്‍ തന്നെയാണ്. ബിെപി നേതാക്കളുടെ ഓരോ വരവും ബംഗാള്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ വേദികൂടിയാക്കി. ഇരുപാര്‍ട്ടികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ 2018 ല്‍ മാത്രം 61 പേരാണ് കൊല്ലപ്പെട്ടത്. ജെപി നഡ്ഡയുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെയില്‍ അടക്കം ആക്രമണങ്ങള്‍ അരങ്ങേറിയത് ഇരുവിഭാഗവും എത്രമാത്രം വാശിയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് തെളിയിക്കുന്നുണ്ട്. 

pic courtesy google

കാര്യമായ സഖ്യങ്ങളൊന്നും ബിജെപിക്കോ തൃണമൂലിനോ ബംഗാളിലെ തിരഞ്ഞെടുപ്പിലില്ല. ഇരുവരും നേര്‍ക്കുനേരുള്ള പോരാട്ടമാണ്. ഇരുവരും തമ്മിലുള്ള പ്രീഇലക്ഷന്‍ പോരാട്ടത്തില്‍ സംഘടനാപരമായി ഏറ്റവും കൂടുതല്‍ ക്ഷീണം ചെയ്തത് തൃണമൂല്‍ കോണ്‍ഗ്രസിനാണ്. അവരുടെ മന്ത്രിമാരടക്കം 14 എംഎല്‍എമാരാണ് പാര്‍ട്ടി വിട്ട് ബിജെപി പാളയത്തിലെത്തിയത്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദി തൃണമൂലിലെ 40 എംഎല്‍എ മാര്‍ പാര്‍ട്ടിമാറി ബിജെപിയില്‍ ചേരാന്‍ തങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് പ്രസ്താവിച്ചപ്പോള്‍ അത് പുച്ഛിച്ച് തള്ളിയ ദീദീക്ക്് പക്ഷെ കഴിഞ്ഞ നാല് മാസക്കാലത്തെ കൊഴിഞ്ഞുപോക്ക് ചെറിയതിരിച്ചടിയൊന്നുമല്ല സമ്മാനിച്ചിരിക്കുന്നത്. നന്ദിഗ്രാം പ്രദേശത്തെ ശക്തനായ സുഖേന്തു അധികാരി പാര്‍ട്ടി മാറിയശേഷം മമതയെ നന്ദിഗ്രാമില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ചത് വലിയ അഭിമാന പ്രശ്‌നമായാണ് മമത എടുത്തിരിക്കുന്നത്. സ്ഥിരം മണ്ഡലത്തിനൊപ്പം നന്ദിഗ്രാമിലും ഇത്തവണ മമത ജനവിധി തേടുമെന്ന് ഉറപ്പായികഴിഞ്ഞു.  

അസമില്‍ നിന്ന് ബംഗാളിലേക്കെത്തുമ്പോള്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് സ്ട്രാറ്റജിയും മാറുന്നുണ്ട്. അസമില്‍ പൗരത്വനിയമം ചര്‍ച്ചയാക്കാന്‍ മടിക്കുന്ന ബിജെപി ബംഗാളില്‍ അത് ചര്‍ച്ചയാക്കുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം യഥാര്‍ത്ഥ ബംഗാളികളുടെ അവകാശമില്ലാതാക്കിയെന്ന് ബിജെപി പ്രചരിപ്പിക്കുന്നു. ബംഗാളില്‍ 70 ശതമാനം വോട്ടര്‍മാരംു ഹിന്ദുക്കളാണ് എന്നത് തന്നെയാണ് ബംഗാളിലെ നിലപാട് മാറ്റത്തിന് കാരണം. ബംഗാളില്‍ വോട്ട് മതപരമായി ധ്രൂവീകരണ നടത്തി വിജയം സ്വന്തമാക്കാമെന്നാണ് അമിത് ഷായും കൂട്ടരും ലക്ഷ്യമിടുന്നത്. ഹൈന്ദവ വോട്ടുകള്‍ക്കൊപ്പം ബംഗാളിന്റെ പാരമ്പര്യവും ബംഗാളികളായ സാമൂഹിക സാംസ്‌കാരിക നേതാക്കളുടെ പേരിലും വോട്ട് പെട്ടിയിലാക്കാനാണ് ബിജെപിയും ശ്രമം. ഗുജറാത്തില്‍ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിനെ പട്ടേല്‍ വിഭാഗത്തിന്റെ വോട്ട് നേടാന്‍ ഉപയോഗിച്ചത് പോല സുഭാഷ് ചന്ദ്രബോസിന്റെ സ്മരണകളെയാണ് ബംഗാളില്‍ ബിജെപി കൂട്ടുപിടിക്കുന്നത്. എല്ലാ ചടങ്ങുകളിലും ജയ് ശ്രീറാം വിളികള്‍ ഉയര്‍ത്തുന്നതിലൂടെ ഹൈന്ദവരഷ്ട്രീയ ബംഗാളിന്റ മണ്ണില്‍ വേരോടിക്കാമെന്നാണ് ബിജെപിയുടെ തന്ത്രം. 

ബംഗാളില്‍ ഏറ്റവും നിര്‍ണായകമാവുന്നത് മുസ്ലീം വോട്ടുകളാണ്. ഏതാണ്ട് 30 ശതമാനം വരും ഇത്. 294 ല്‍ 145 സീറ്റുകളില്‍ നിര്‍ണായകവുമാണ് മുസ്ലീം വോട്ടുകള്‍. 46 മണ്ഡലങ്ങളില്‍ മുസ്ലീം ജനസംഖ്യ 50 ശതമാനത്തിലേറെയാണ്. 16 ഇടത്ത് 40 നും 50 നും ഇടയിലും. 33 ഇടത്ത് 30-40 ശതമാനം വരെ മുസ്ലീം വിഭാഗക്കാരുടെ ശക്തായ സാന്നിധ്യമുള്ളപ്പോള് ഏതാണ്ട് 50 സീറ്റുകളില്‍ 20 നും 30 നും ഇടയിലാണ് ഇവരുടെ പ്രാതിനിധ്യം. 100 ലേറെ സീറ്റുകളില്‍ മുസ്ലീം വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കുമെന്നതാണ് ബംഗാളില്‍ മുസ്ലീങ്ങളെ നിര്‍ണായശക്തികളാക്കുന്നത്. മാള്‍ഡ, മുര്‍ഷിദാബാദ്, നോര്‍ത്ത് ദീന്ജ്പൂര്‍, സൗത്ത് 24 പര്‍ഗാനാസ്, നോര്‍ത്ത് 24 പര്‍ഗാനാസ്, നാഡിയ തുടങ്ങിയ പല ജില്ലകളിലും ഹിന്ദു വോട്ടര്‍മാരേക്കാള്‍ മുസ്ലീം വോട്ടര്‍മാരാണ് കൂടുതല്‍. അതിനാല്‍ തന്നെ ഇവിടങ്ങളില്‍ കൂടുതല്‍ ധ്രൂവീകരണം നടത്തുകയെന്നത് തന്നെയാണ് ബിജെപിയുടെ ശ്രമം. ഇവിടങ്ങളിലെ ഹിന്ദുവോട്ടുകള്‍ ഒരെണ്ണം പോലും ചോര്‍ന്ന് പോകാതെ സ്വന്തം പെട്ടിയില്‍ വീഴ്ത്തിയാല്‍ 200 സീറ്റെന്ന ലക്ഷ്യം നിസാരമായി കടക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തൃണമൂലിനേക്കാള്‍ 3 ശതമാനം വോട്ട് മാത്രമാണ് കുറവുള്ളത്. എന്നിട്ടും തൃണമൂലിന് കൂടുതല്‍ സീറ്റ് ലഭിക്കാന്‍ സഹായകമായത് 65 ശതമാനം മുസ്ലീം വോട്ടുകളും തൃണമൂലിന് നേടാനായി എന്നത്‌കൊണ്ടുമാത്രമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ട് ഷെയര്‍ മാത്രം മതി മുസ്ലിം വോട്ടുകള്‍ എത്രമാത്രം നിര്‍ണായകമാണ് ബംഗാളിലെന്ന് മനസിലാകാന്‍. 

ഈ മുസ്ലീം വോട്ടുകല്‍ ഭിന്നിക്കാതെ ബിജെപിക്കെതിരെ ഒന്നിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് മമതയ്ക്ക് സാധിച്ചെടുക്കാനുള്ളത്. വാജ്‌പേയിയുടെ കാലത്ത് ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ മമതയ്ക്ക് നഷ്ടമായതാണ് ബംഗാളിലെ മുസ്ലീങ്ങളുടെ പിന്തുണ. അ്ത് പിന്നീട് തിരിച്ചുപിടിച്ച മമതയ്ക്ക് സംസ്ഥാനത്തെ ഇടത് ഭരണം അവസാനിപ്പിക്കാന്‍ വഴിയൊരുക്കിയതും ഇതേ മുസ്ലീം വോട്ടര്‍മാര്‍ തന്നെയാണ്. സ്ച്ചാര് കമ്മിറ്റി റിപ്പോര്‍ട്ട് ഉയര്‍ത്തി മമത നടത്തിയ പ്രചരണമാണ് 10 വര്‍ഷം മുമ്പ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരിനെ പുറത്താക്കിയത്. പിന്നീട് മുസ്ലീം ജനവിഭാഗത്തിന് വേണ്ടി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ മമത മുസ്ലീങ്ങളുടെ പ്രിയപ്പെട്ട ദീദിയായി മാറി. ഇതിനുപുറമെ ഇട്ത പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ഥമായി മമത മുസ്ലിം സ്ഥാനാര്‍ത്ഥികളെ കൂടുതലായി മത്സരരംഗത്തിറക്കുകയും ക്യാബിനറ്റില്‍ കൂടുതല്‍ ഉറുദു സംസാരിക്കുന്ന മുസ്ലീം മന്ത്രിമാരെ ഉള്‍പ്പെടുത്തുകയും ചെയ്തു. മുസ്ലീങ്ങള്‍ക്കിടയില്‍ ഉറുദുവില്‍ സംസാരിക്കുന്ന മമത പ്രസംഗത്തിനിടെയില്‍ അറബി പദങ്ങള്‍ ഉപയോഗിക്കുന്നതും ശൈലിയാക്കിമാറ്റി.  

പക്ഷെ ബംഗാളിലെ ഇപ്പോഴത്തെ സാഹചര്യം മുസ്ലീം വോട്ടുകളെ പൂര്‍ണമായും ഒപ്പം നിര്‍ത്തുന്നതില്‍ വലിയെ വെല്ലുവിളികളാണ് മമതയ്ക്ക് ഉയര്‍ത്തുന്നത്. പ്രതാപകാലത്ത് മുസ്ലിം വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന കോണ്‍ഗ്രസ് മുസ്ലീമുകള്‍ക്കിടയിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണ്. ഇടത് - കോണ്‍ഗ്രസ് സഖ്യം മുസ്ലീം വോട്ടര്‍മാര്‍ക്കിടയില്‍ അനുകൂല തരംഗം ഉണ്ടാക്കാനുള്ള എല്ലാ അടവുകളും പയറ്റുന്നുമുണ്ട്. ഇസ്ലാമിക പണ്ഡിതനായ പിര്‍സാദ അബ്ബാസ് സിദിഖ്വിയുടെ ഇന്ത്യന്‍ സെക്യലര്‍ ഫ്രണ്ടുമായി സഖ്യം കൈകോര്‍ക്കുന്നത് മുസ്ലീ വോട്ടുകള്‍ ലക്ഷ്യമിട്ടാണ്. ബംഗാളിലെ ഏറ്റവും സ്വാധീനമുള്ള മുസ്ലീം നേതാവാണ് സിദിഖ്വി. കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും സിദിഖ്വിയുടെ പിന്തുണയാണ് മമതയെ അധികാരം നിലനിര്‍ത്താന്‍ സഹായിച്ചത്. ഇത്തവണ ഇത് ഇടത് കോണ്‍ഗ്രസ് പാളയത്തിലെത്തിയാല്‍ മമതയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. 

ഇതിനെല്ലാം പുറമെ ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടിയുടെ ബംഗാളിലേക്കുള്ള കടന്നുവരവും മമതയുടെ ഉറക്കം കെടുത്തും. ബിഹാറില്‍ ആര്‍ജെഡി കോണ്‍ഗ്രസ്  മഹാസഖ്യത്തിന്റെ സാധ്യതകള്‍ തല്ലിക്കെടുത്തിയ ഒവൈസി ബംഗാളിലെ മുസ്ലിംവോട്ടര്‍മാരിലും നേട്ടമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. സിദ്ദിഖ്വിയുമായി സഖ്യമുണ്ടാക്കാന്‍ ജനുവരിയില്‍ ഒവൈസി ശ്രമിച്ചെങ്കിലും സിദ്ദിഖ്വി വഴങ്ങിയില്ല. ഒവൈസി മത്സരിക്കാനിറങ്ങിയാല്‍ അത് ബിജെപിക്കെതിരെ ധ്രുവീകരിക്കപ്പെടുന്ന വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖ്വി സഖ്യത്തിനുള്ള ഒവൈസയുടെ ക്ഷണം നിരസിച്ചത്.  ഉറുദുവില്‍ സംസാരിക്കുന്ന ഒവൈസി മുസ്ലീങ്ങളെ രാഷ്ട്രീയമായി ഒന്നിപ്പിക്കണമെന്നും  മുസ്ലീങ്ങള്‍ക്കായി ഒരു അഖിലേന്ത്യ പാര്‍ട്ടി രൂപീകരിക്കണമെന്നുമുള്ള ആശയക്കാരനാണ്. പക്ഷെ ബംഗാളിലെ നിലവിലെ സാഹചര്യത്തില്‍ ബിജെപി വിരുദ്ധ മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കാനേ ഒവൈസിയുടെ നീക്കം വഴിവെക്കു. കോണ്‍ഗ്രസുമായും ഇടത് പക്ഷവുമായും ദേശിയതലത്തില്‍ തന്നെ വലിയ വിയോജിപ്പുകളുള്ള ഒവൈസി ബംഗാളില്‍ അവരുമായി സഹകരിക്കില്ലെന്നത് തീര്‍ച്ചയാണ്. ഒവൈസിയുടെ കടന്ന് വരവിനെ സന്തോഷത്തോടെയാണ് ബിജെപി സ്വീകരിച്ചതെന്നത് ശ്രദ്ധേയമാണ്. മുസ്ലീം വോട്ടുകള്‍ ഭിന്നിക്കുകയും ഹിന്ദുവോട്ടുകള്‍ ക്രോഡീകരിക്കുകയും ചെയ്താല്‍ ബിജെപിക്ക് പാട്ടുംപാടി വംഗനാട് പിടിക്കാമെന്നത് തന്നെയാണ് ഇതിന് കാരണം. ഒവൈസിയെ ഇതിനാല്‍ തന്നെയാണ് ബിജെപിയുടെ ബി ടീമെന്ന് മറ്റ് പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നതും. ബിജെപിക്ക് ഭരണം പിടിക്കാന്‍ വഴിയൊരുക്കുന്ന നിലപാടാണ് ബിഹാറിലും ഇപ്പോള്‍ ബംഗാളിലും ഒവൈസി പയറ്റാന്‍ പോകുന്നത്. 


തൃണമൂലിന്റെ ജൂനിയര്‍ ഘടകക്ഷിയായി ബംഗാളില്‍ മത്സരിച്ചിരുന്ന ബിജെപി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ബംഗാളില്‍ സ്വന്തമാക്കിയത്. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പുമുതല്‍ ഏറ്റവും ഒടുവില്‍ നടന്ന 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. 2011 ല്‍ വെറും 4.1 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിജെപിക്ക് 2019 ലെത്തുമ്പോള്‍ പത്തിരട്ടിയാണ് വളര്‍ച്ച. 40.3 ശതമാനം വോട്ടുകളാണ് ബിജെപി കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ നേടിയത്. ഇടത് പക്ഷത്തിന്‍രെ വോട്ടുകളാണ് ഈ കാലയളവില്‍ ബിജെപിയിലേക്ക് മറഞ്ഞതെന്നും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും. 2011 ല്‍ 41.1 ശതമാനം ഉണ്ടായിരുന്ന ഇടത്പക്ഷത്തിന്റെ വോട്ട് 2019 ല്‍ വെറും 7.5 ശതമാനമാണ്. കോണ്‍ഗ്രസിന് 2011 ല്‍ നിന്ന് 2019 ല്‍ എത്തുമ്പോള്‍ മൂന്നര ശതമാനത്തിന്റെ കുറവും സംഭവിച്ചു. അതേമയം തൃണമൂലിനാകട്ടെ 38.9 ശതമാനത്തില്‍ നിന്ന് 43.3 ശതമാനമായി ഉയര്‍ന്നു. തൃണമൂലിന് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 45.6 ശതമാനമായിരുന്നു വോട്ട് ലഭിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടത് കോണ്‍ഗ്രസ് സഖ്യം (സഖ്യമല്ല, പ്രാദേശിക ധാരണമാത്രമെന്നാണ് പാര്‍ട്ടികള്‍ അവകാശപ്പെടുന്നത്) 39 ശതമാനം ആണ് നേടിയത്. ഇട്ത കോണ്‍ഗ്രസ് കൂട്ടുകെട്ട് 39 ശതമാനം നേടിയപ്പോള്‍ അന്ന് അത് ക്ഷീണം ചെയ്തത് ബിജെപിക്കായിരുന്നു. 2014 ലെ മോദി തരംഗത്തില്‍ 17 ശതമാനം വോട്ട് നേടിയ ബിജെപി 10.3 ശതമാനത്തിലേക്ക് ചുരുങ്ങി. അവിടെ നിന്നാണ് മൂന്ന് വര്‍ഷം കൊണ്ട് ബിജെപി 40.3 ശതമാനത്തിലേക്ക് വളര്‍ന്നത്. 

തൃണമൂലിന്റെ കരുത്തരും സ്വാധീനമുള്ളവരുമായ സംസ്ഥാന- പ്രാദേശിക നേതാക്കളെ അടര്‍ത്തിയെടുത്തുള്ള ഇത്തവണത്തെ പരീക്ഷണം ഈ വോട്ട് ഷെയറും സീറ്റും കൂട്ടുമെന്ന് ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്നു. ഇതിനൊപ്പം ബിജെപി വിരുദ്ധ വോട്ടുകള്‍ ഇടത് കോണ്‍ഗ്രസ് സഖ്യവും തൃണമൂലും ഒവൈസിയുമെല്ലാം ചേര്‍ന്ന് പിളര്‍ത്തിയാല്‍ ചരിത്രത്തിലാദ്യമായി ബംഗാളിന്റെ ഭരണം കൈപിടിയിലൊതുക്കാമെന്നാണ് ബിജെപി ക്യാമ്പിലെ പ്രതീക്ഷകള്‍. ബിജെപിയെ ഏറ്റവും കൂടുതല്‍ ത്രസിപ്പിക്കുന്ന വിജയവും അങ്ങനെയെങ്കില്‍ ബംഗാളിലേതാകും. 

.......

(270221)

Saturday, 27 February 2021

യാത്ര

 

ഞാൻ മരിച്ചാൽ

ഒരു യാത്ര പോയതാണെന്ന് മാത്രം കരുതുക

കാഴ്ചകൾ കാണാൻ ബാക്കി വെച്ച് ഞാൻ മരിച്ചെന്ന് നിങ്ങൾ വിശ്വസിക്കരുത്

സ്നേഹിച്ച തെറ്റിന് ശിക്ഷ വാങ്ങാതെ,

മാപ്പിരക്കാതെ നിഷേധിയായി 

ഞാൻ യാത്ര തുടരുന്നു 

എന്ന് മാത്രം ധരിക്കുക.

നിന്നോട്, അവളോട്, അവനോട്, അവരോട് ഞാൻ പറഞ്ഞതെല്ലാം 

പാതി മാത്രം ആയിരുന്നു എന്നും

അവ പൂർത്തിയാക്കാൻ 

ഞാൻ തിരികെ വരും എന്നും 

വെറുതെ വിശ്വസിക്കണം

ഒരു കുറിപ്പും പൂക്കളും എനിക്കായി കരുതരുത്

മടങ്ങി വരും വരെ 

എനിക്ക് ഇല്ലാത്ത

മേൽവിലാസത്തിൽ കത്തെഴുതി കൊണ്ടേ ഇരിക്കണം. 

ഞാൻ മരിച്ചാൽ

ഞാൻ ഒരു യാത്രയിൽ ആണെന്ന് 

മാത്രം കരുതുക…

......

Sanubsasidharan

(270221)


പൗരത്വവും തിരഞ്ഞെടുപ്പും - അസം ബിജെപിക്ക് അഭിമാനപ്രശ്‌നം

കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണപ്രദേശത്തേയും തിരഞ്ഞെടുപ്പിന് തിയ്യതി കുറിച്ചുകഴിഞ്ഞു. കേരളത്തിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടമായി ഏപ്രില്‍ ആറിന് ജനം പോളിങ് ബൂത്തിലേക്ക് പോകും. അതേസമയം ബംഗാളിലും അസമിലും യഥാക്രമം എട്ടും മൂന്നുംഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. 

കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഭരണം പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. കേന്ദ്രത്തിലെ അധികാരവും പ്രാദേശിക കക്ഷികളുമായുള്ള സഖ്യങ്ങളുമെല്ലാം ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നവയാണ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അണ്ണാ എഡിഎംകെയുമായുള്ള സഖ്യത്തിലാണ് ബിജെപി പ്രതീക്ഷ അര്‍പ്പിക്കുന്നത്. ബംഗാളില്‍ മാത്രമാണ് ബിജെപി വലിയ സഖ്യങ്ങളില്ലാതെ മത്സരിക്കുന്നത്. അസമില്‍ സഖ്യമുണ്ടെങ്കിലും ഒറ്റക്ക് ഭരണം നേടാനുള്ള കരുത്ത് ബിജെപി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തന്നെ തെളിയിച്ചതാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വളര്‍ച്ച തുടങ്ങുന്നത് അസമില്‍ നിന്നാണ് എന്നതിനാല്‍ തന്നെ ബിജെപിക്ക് ഏറെ നിര്‍ണായകമാണ് അസമിലെ തിരഞ്ഞെടുപ്പ്. അതിലുപരി പൗരത്വ നിയമവും ദേശിയ പൗരത്വ രജിസ്റ്ററും ഏറെ ചര്ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വേദിയായതും അസമാണ്.  അതിനാല്‍ തന്നെ പൗരത്വനിയമത്തിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തുകയെന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്‌നം കൂടിയാണ്. 



അസമില്‍ ബിജെപിയുടെ വളര്‍ച്ച അഭൂതപൂര്‍വ്വമായിരുന്നു. 2016 ന് മുമ്പ് മാര്‍ജിനല്‍ പ്ലെയര്‍മാത്രമായിരുന്നു അസമില്‍ ബിജെപി. പക്ഷെ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തോളം തുടര്‍ച്ചയായി ഭരണം നടത്തിയിരുന്ന കോണ്‍ഗ്രസിനെ അട്ടിമറിച്ചത് ശക്തമായ വോട്ട് ഷെയറും സീറ്റും നേടിയായിരുന്നു. 2011 ല്‍ വെറും അഞ്ച് സീറ്റ് ഉണ്ടായിരുന്നിടത്ത് നിന്ന് 2016 ല്‍ 60 സീറ്റിലേക്കാണ് ബിജെപി വളര്‍ന്നത്.  മോദി തരംഗത്തിനൊപ്പം പ്രാദേശിക തലത്തില്‍ ഉണ്ടാക്കിയ സഖ്യമാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഇവെച്ചത്. അസം ഗണപരിഷത്തുമായും ബോഡോലാന്റ് പീപ്പിള്‍സ്സ ഫ്രണ്ടുമായും കൈകോര്‍ത്തത് തന്നെയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി ഹിന്ദു പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കിയത്. അസമിലേക്ക് കുടിയേറിയവരെ അനധികൃത കുടിയേറ്റക്കാരാണ് എന്ന നിലപാട് ആവര്‍ത്തിച്ച് കുടിയേറ്റത്തെ നഖശിഖാന്തം എതിര്‍ക്കുന്നവരുമായുണ്ടാക്കിയ സഖ്യം ബിജെപിക്ക് അന്ന് ഗുണം ചെയ്തു. 126 ല്‍ 85 സീറ്റുകളാണ് 2016 ല്‍ ബിജെപി സഖ്യം നേടിയത്. 

അസമില്‍ ബിജെപിക്ക് ഗുണം ചെയ്ത മറ്റൊരുഘടകം എഐയുഡിഎഫിന്റെ വരവാണ്. ബംഗാള്‍ വംശജരായ മുസ്ലീംങ്ങളുടെ സംരക്ഷകനെന്ന് സ്വയം അവകാശപ്പെട്ട് പെര്‍ഫ്യൂം നിര്‍മാണരംഗത്തെ അതികായനും വ്യവസായിയുമായ ബദറുദ്ദീന്‍ അജ്മല്‍ ആണ് 2005 ല്‍ ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക്ക്  ഫ്രണ്ട് രൂപീകരിച്ചത്. അനധികൃത കുടിയേറ്റക്കാരെന്ന് വിളിക്കപ്പെട്ട ബംഗ്ലാ മുസ്ലീങ്ങള്‍ ഏറെയുള്ള ലോവര്‍ അസമിലടക്കം പിന്നീടുള്ള തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ശക്തിയായി  എഐയുഡിഎഫ് വളര്‍ന്നു. 2016 ല്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി നടത്തിയ പ്രചാരണത്തിനൊപ്പം ബിജെപി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിനും എഐയുഡിഎഫിനും ഇടയില്‍ ചിതറി പോവുകയും ചെയ്തു. ഫലം ചരിത്രത്തിലാദ്യമായി ബിജെപി ഒരു വടക്ക് കിഴക്കന്‍ സംസ്ഥാനത്തില്‍ അധികാരത്തിലേറി. 

2021 ല്‍ സംസ്ഥാനത്തെ രാഷ്ട്രീയ സസാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സഖ്യങ്ങളില്‍ വരെ മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടപ്പാക്കിയ പൗരത്വ നിയമവും അസമില്‍ നടപ്പാക്കിയ ദേശിയ പൗരത്വരജിസ്റ്ററും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിഷയമാവാന്‍ പോകുന്നതും അസമിലാണ്. ഇത് തന്നെയാണ് ഇത്തവണ പ്രതിപക്ഷം തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണവിഷയമാക്കുന്നതും. രാജ്യത്ത് ഏറ്റവും വലിയ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം നടന്നത് അസമിലായിരുന്നു. രാജ്യത്തിന്റെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി 

പൗരത്വനിയമം നടപ്പാക്കുന്നതില്‍ ഏറ്റവും ആശങ്കാകുലരായത് അസമിലെ തനത് ജനവിഭാഗമാണ്. കുടിയേറ്റത്തെ തുടര്‍ന്ന് പ്രശ്‌നം രൂക്ഷമായിരുന്ന അസമിലേക്ക് പൗരത്വനിയമം നടപ്പാക്കുന്നത് കൂടുതല്‍ കുടിയേറ്റത്തിന് വഴിവെക്കുമെന്ന് പരമ്പരാഗത ഗോത്രവര്‍ഗ്ഗക്കാര്‍ ഭയക്കുന്നുണ്ട്. അസം അക്കോര്‍ഡിന്റെ സാധുതയെ തന്നെ നിയമം ചോദ്യം ചെയ്യുമെന്നാണ് അസമുകാര്‍ കരുതുന്നു. ദേശിയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതോടെ നിരവധി പേര്‍ക്കാണ് പൗരത്വം തെളിയിക്കാനാവാതെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ കഴിയേണ്ടിവരുന്നത്.  പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാനാവാതെ ഡിറ്റന്‍ഷന്‍സെന്ററിലടക്കപ്പെട്ടവരില്‍ കാര്‍ഗില്‍ യുദ്ധത്തിലെ ഹീറോ ആയ ജനറല്‍ വരെയുണ്ട് എന്നതാണ് കൗതുകകരം. പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ്  പ്രചരണത്തിലുടനീളം നിറഞ്ഞ് നില്‍ക്കുന്നത് പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും തന്നെയാണ്. പൗരത്വ നിയമ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് സ്മാരകം പണിയുമെന്ന വാഗ്ദാനമെല്ലാം നല്കിയാണ് കോണ്‍ഗ്രസ് വോട്ട് തേടുന്നത്. അസമിനെ രക്ഷിക്കാം (അസം ബസാവോ അശോക്) എന്ന കോണ്‍ഗ്രസിന്റെ മുദ്രാവാക്യം പൗരത്വനിയമത്തിലെ അസമുകരുടെ വികാരത്തെ തന്നെയാണ് ലക്ഷ്യമിടുന്നത്. അതേസമയം ബിജെപിയാകട്ടെ ഇത്തവണ പൗരത്വനിയമം വലിയ ചര്‍ച്ചയാക്കാതിരിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. വികസനത്തില്‍ ഊന്നിയുള്ള ചര്‍ച്ചയാണ് ബിജെപി തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത്. അസമില്‍ നടപ്പാക്കിയ പദ്ധതികളുടെ പേരില്‍ വോട്ട് തേടാനാണ് ശ്രമം. അസമില്‍ പലകുറി പ്രചാരണത്തിനെത്തിയ അമിത് ഷായും മോദിയും പൗരത്വനിയമത്തെ കുറിച്ച് മൗനം പാലിക്കുകയും അതേസമയം ബംഗാളില്‍ അത് വിഷയമാക്കുകയും ചെയ്യുന്നത് തിരിച്ചടി ഭയന്നാണ്. വികസനമന്ത്രത്തിനൊപ്പം തന്നെ അസമിലെ പരമ്പരാഗത ഗോത്രവര്‍ഗക്കാരെ പ്രീതിപ്പെടുത്തി ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളും ബിജെപി ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി പ്രഖ്യാപിക്കുകയോ ഉദ്ഘാടനം ചെയ്യുകയോ ചെയ്ത വന്‍കിട പദ്ധതികളെല്ലാം അപ്പര്‍ അസമിലെ ജില്ലകളിലാണ് വരുന്നത്. അതായത് പ്രാദേശികവാദികളായ പരമ്പരാഗത അസാമികളുടെ വോട്ടുകള്‍ ഏറെയുള്ള പ്രദേശങ്ങളില്‍. അവിടങ്ങളില്‍ തന്നെയാണ് പൗരത്വനിയമത്തിനെതിരെ വലിയ പ്രതിഷേധങ്ങളും അരങ്ങേറിയത്. തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപി വിജയം ആവര്‍ത്തിച്ചെങ്കിലും വോട്ട് ഷെയറില്‍ കുറവ് സംഭവിച്ചത് പൗരത്വനിയമം വരുത്തിവെച്ച വിനയാണെന്ന് പ്രാദേശിക നേതൃത്വത്തില്‍ വിലയിരുത്തലുണ്ട്. അതിനാല്‍ തന്നെ പൗരത്വനിയമം തിരഞ്ഞെടുപില്‍ ചര്‍ച്ചയാക്കാതിരിക്കാന്‍ തന്നെയാണ് അസമില്‍ ബിജെപിയുടെ ശ്രമം. 



അസമില്‍ ഇത്തവണ സഖ്യങ്ങളിലും വലിയമാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഇത്തവണ ഒറ്റക്കല്ല. ബിജെപി വിരുദ്ധ ചേരിയെന്ന മഹാസഖ്യം രൂപീകരിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ അസമിലെ എക്കാലത്തേയും വൈരികളായ എഐയുഡിഎഫ് ഇത്തവണ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്താണ് മത്സരിക്കുന്നത്. ഇതിനുപുറമെ ഇടത് പാര്‍ട്ടികളായ സിപിഎം, സിപിഐ, സിപിആ എംഎല്‍ പാര്‍ട്ടികളും മഹാസഖ്യത്തിലുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് രൂപീകൃതമായ ആഞ്ചലിക്ക് ഗണ മോര്‍ച്ചയും മഹാസഖ്യത്തിനോട് ചേര്‍ന്നുകഴിഞ്ഞു. ഇതോടെ കഴിഞ്ഞ തവണത്തെ പോലെ ബിജെപി വിരുദ്ധ വോട്ടുകള്‍ ചോര്‍്ന്നുപോകാതിരിക്കാന്‍ വേണ്ട കരുതലും ശ്രമവും പ്രതിപക്ഷപാര്‍ട്ടികള്‍ എടുത്തിട്ടുണ്ട്. ഇതിനുപുറമെ ബിജെപി സഖ്യമുപേക്ഷിച്ച ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട്  സഹാസഖ്യവുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ചതും പ്രതിപക്ഷ ക്യാമ്പിന് ഊര്‍ജ്ജം പകരുന്നുണ്ട്. തങ്ങളുടെ ശക്തികേന്ദ്രമായ ബോഡോലാന്റ് ടെറിടോറിയല്‍ റീജിയണിലെ 12 സീറ്റില്‍ തങ്ങളെ സഹായിച്ചാല്‍ ബിടിആറിന് പുറത്ത് തങ്ങള്‍ക്ക് സ്വാധീനമുള്ള 28 സീറ്റുകളില്‍ മഹാസഖ്യത്തെ പിന്തുണയ്ക്കാമെന്നാണ് ബിപിഎഫിന്റെ വാഗ്ദാനം. മഹാസഖ്യത്തിനൊപ്പം പ്രാദേശിക ചെറുകക്ഷികളുമായും ബിപിഎഫ് സഖ്യചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ബിജെപിയുമായോ ബിജെപി സഖ്യകക്ഷികളുമായോ യാതൊരുവിധ ധാരണയ്ക്കും തയ്യാറല്ലെന്നും ബിപിഎഫ് തലവന്‍ ഹഗ്രാമ മൊഹിലാരി പ്രഖ്യാപിച്ചുകഴിഞ്ഞു. 

അതേസമയം ബിജെപി പാളയത്തിലാകട്ടെ കഴിഞ്ഞ സഖ്യത്തില്‍ നിന്ന് രണ്ടാമത്തെ വലിയ കക്ഷിയായിരുന്ന ബിപിഎഫ് പുറത്തുപോയി കഴിഞ്ഞു. ബിജെപി സര്‍ക്കാരില്‍ മൂന്ന് മന്ത്രിമാരുണ്ടായിരുന്ന ബിപിഎഫിന് 13 സീറ്റും ഉണ്ടായിരുന്നു. ബോഡോലാന്റ് ടെറിട്ടോറിയല്‍ റീജിണല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് ബിപിഎഫ് സഖ്യം വിട്ടത്. സഖ്യം വിട്ടെങ്കിലും മന്ത്രിസഭയില്‍ നിന്ന് പിന്‍മാറിയിരുന്നില്ല. ബിപിഎഫിനുപകരം കഴിഞ്ഞ ഡിസംബറില്‍ സ്വതന്ത്രഭരണാവകാശമുള്ള ബോഡോലാന്റ്് ടെറിട്ടോറിയല്‍ റീജിണലില്‍ അധികാരത്തിലേറിയ യുപിപിഎല്ലുമായി കൈകോര്‍ത്തിരിക്കുകയാണ് ബിജെപി. യുപിപിഎല്‍ ബിപിഎഫിന്റെ വിടവ് നികത്തുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നിലവിലെ സഖ്യകക്ഷിയായ അസം ഗണ പരിഷത്തും കൂട്ടിനുള്ളപ്പോള്‍ ഭരണം നിലനിര്‍ത്താമെന്ന വിശ്വാസം ബിജെപിക്കുണ്ട്.  


Thursday, 25 February 2021

ആഴക്കടലിലാഴ്ന്ന മുന്നണികള്‍

രാഷ്ട്രീയകേരളത്തില്‍ ഇപ്പോള്‍ ജാഥകളുടെ പ്രളയമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നടക്കുന്ന സ്ഥിരം കേരള പര്യടനങ്ങള്‍. മൂന്ന് മുന്നണി നേതാക്കളും തെക്ക് വടക്ക് യാത്രയിലാണ്. പോരാത്തതിന് മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളിലെല്ലാം അദാലത്തും സംവാദങ്ങളുമായി വേറെയും. കാര്യമായ ഒരു ഗുണവും യാത്രകള്‍കൊണ്ട് ഉണ്ടായിട്ടില്ല. രാഷ്ട്രീയ വിശദീരണ ജാഥ എന്നതിനപ്പുറം കേരളത്തിലെ ജനത്തിന്റെ പള്‍സ് അളക്കുന്ന ജാഥ കേരളത്തില്‍ സമീപകാലത്തെങ്ങും നടന്നിട്ടില്ല എന്നും പറയാം. വലിയ ഓളങ്ങളൊന്നും തന്നെ മുന്നണിക്കകത്ത് പോലും ഉണ്ടാക്കാതെയാണ് എല്‍ഡിഎഫിന്റെ രണ്ട് മേഖല ജാഥകളും കടന്ന് പോയത്. ബിജെപിയുടെ വിജയയാത്ര പാതിയില്‍ എത്തുന്നതേയുള്ളു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥ ശഖുമുഖം കടപ്പുറത്ത് സമാപിച്ചും കഴിഞ്ഞു. ജോസ് കെ മാണിയും ശശീന്ദ്രനുമൊക്കെ പ്രാദേശിക തലത്തില്‍ മാര്‍ച്ചും വിശദീകരണവുമെല്ലാം നല്‍കി ചിലവ് ചുരുക്കലിലാണ്. സര്‍ക്കാരിനെതിരെയും പ്രതിപക്ഷത്തിനെതിരെയുമെല്ലാം ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കലാണ് പൊതുവേ യാത്രയിലിടന്നീളം അരങ്ങേറാറ്. പതിവ് തെറ്റിക്കാതെയാണ് ഇത്തവണയും യാത്രകള്‍ മുന്നേറിയത്. പക്ഷെ മറ്റ് എല്ലാ യാത്രകളുടേയും അജണ്ട തെറ്റിച്ചാണ് ഇത്തവണ ഒരു പര്യടനം അവസാനിച്ചത്. മറ്റാരുടേയുമല്ല, രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര.

ശബരിമല എന്ന ലോക്സഭയിലെ തുറുപ്പുശീട്ട് ഇറക്കിയാണ് ഐശ്വര്യകേരള യാത്ര ആരംഭിച്ചത്. ആദ്യദിവസങ്ങളിലെല്ലാം ശബരിമലയെന്ന ചൂണ്ടയെറിഞ്ഞ് കാസര്‍കോഡ് നിന്ന് ആരംഭിച്ച യാത്രയില്‍ പക്ഷെ കൊത്തേണ്ടെന്ന് സിപിഎമ്മും ഇടതുമുന്നണിയും തീരുമാനിച്ചു. അതോടെ ആ നമ്പര്‍ ചീറ്റിപോയി. പിന്നെ നനഞ്ഞ പടക്കമായി യാത്ര തുടരുമ്പോളാണ് ലീഗിനേയും തങ്ങള് കുടുംബത്തേയും കേറി സിപിഎമ്മിന്റെ ആക്ടിങ് സെക്രട്ടറിയായ എ വിജയരാഘവന്‍ ചൊറിഞ്ഞത്. മലബാര്‍ മേഖലയിലൂടെ കടന്നുപോകുമ്പോള്‍ വിജയരാഘവന്‍ നല്‍കിയ ആ വടി ശരിക്കും എടുത്ത് യുഡിഎഫ് പ്രയോഗിച്ചു. വടികൊടുത്ത് അടി ഇരന്ന് വാങ്ങിയ വിജയരാഘവന് പലകുറി പറഞ്ഞത് തിരിച്ചും മറിച്ചുമെല്ലാം പറഞ്ഞ് കുളമാക്കി ചളമാക്കേണ്ടി വന്നു. വിജയരാഘവന്‍ പിന്നെയും ന്യൂനപക്ഷ വര്‍ഗീയതയെ കുറിച്ച് പ്രസംഗിച്ച് വിവാദമുണ്ടാക്കിയത് പിന്നെയും യുഡിഎഫിന് വളവും എല്‍ഡിഎഫിന് ക്ഷീണവുമായി. ആദ്യമായി ഒരു തിരഞ്ഞെടുപ്പ് ജാഥയുടെ ക്യാപ്റ്റന്‍ ആയതുകൊണ്ടായിരിക്കണം വിജയരാഘവന് വിടുവായിത്തവും വിഢിത്തവും വിളമ്പുന്ന പതിവ് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നത്. ലോക്സഭയില്‍ രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമര്‍ശം ചെയ്ത ക്ഷീണം ഇപ്പോഴും പാര്ട്ടിക്ക് തീര്‍ന്നിട്ടില്ല. അപ്പോളാണ് ഭരണതുടര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നിരിക്കെ അതില്ലാതാക്കിയേക്കാവുന്ന തരത്തില്‍ വിജയരാഘവന്‍ പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നത്. പക്ഷെ യഥാര്‍ത്ഥ ട്വിസ്റ്റ് ദൃശ്യം 2 സിനിമയിലെ പോലെ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു.

ഐശ്വര്യകേരള യാത്ര ഏതാണ്ട് കൊല്ലത്തേക്ക് അടുത്തപ്പോഴായിരുന്നു രമേശ് ചെന്നിത്തല ജോര്‍ജ്കുട്ടിയായി ട്വിസ്റ്റ് ഇട്ടത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി സര്‍ക്കാര്‍ കരാറൊപ്പിട്ടുവെന്ന അതിശക്തമായ ആരോപണമാണ് ചെന്നിത്തല ഉന്നയിച്ചത്. വെറും ആരോപണമായിരുന്നില്ല, മറിച്ച് നിക്ഷേപകസംഗമമായ അസന്റില്‍ വെച്ച് ഒപ്പിട്ട ധാരണാപത്രത്തിന്റെ പകര്‍പ്പും ചെന്നിത്തല പുറത്തുവിട്ടു. ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ, വ്യവസായ മന്ത്രി ഇ പി ജയരാജന്‍, പിന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ പ്രതികൂട്ടില്‍ നിര്‍ത്തിയായിരുന്നു രമേശ് ചെന്നിത്തലയുടെ അഴിമതി ആരോപണം. 5000 കോടിയുടെ ധാരണാപത്രമാണ് ഇതിനായി സര്‍ക്കാരും അമേരിക്കന്‍ കമ്പനിയായ ഇഎംസിസി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ്  ലിമിറ്റഡും തമ്മില്‍ ഒപ്പിടതെന്നായിരുന്നു ആരോപണം. കേരളത്തിലെ മത്സ്യതൊഴിലാളികളെ ഒന്നടങ്കം പ്രതികൂലമായി ബാധിക്കുന്നതാണ് കരാര്‍. കേരളത്തിന്റെ തീരം ആഴക്കടല്‍ മത്സ്യബന്ധനത്തിനായി  അമേരിക്കന്‍ കമ്പനിക്ക് തീറെഴുതികൊടുക്കുന്നുവെന്നത് പ്രത്യക്ഷത്തില്‍ തന്നെ മനസിലാക്കാവുന്ന ഒന്നായാണ് ചെന്നിത്തല സംഭവത്ത അവതരിപ്പിച്ചത്. ഇത്രയും കാലം ചെന്നിത്തല ഉന്നയിച്ചിരുന്ന അഴിമതി ആരോപണങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായി വലിയ ചലനവും കോളിളക്കവും ഇത്തവണത്തെ ആരോപണം സൃഷ്ടിച്ചു. ഒന്നിനുപുറകെ ഒന്നായി കൂടുതല്‍ രേഖകളും മറ്റ് കരാറുകളുമെല്ലാം ചെന്നിത്തല ഓരോ ദിവസവും വെളിച്ചത്തുകൊണ്ടുവന്നു.

എന്താണ് ഈ അമേരിക്കന്‍ പദ്ധതിക്ക് പിന്നിലെന്ന് ആദ്യം പരിശോധിക്കാം. ചെന്നിത്തല പുറത്തുവിട്ട ആദ്യത്തെ രേഖയില്‍ നിന്നാവാം തുടക്കം. ഇഎംസിസി എന്ന കമ്പനി വ്യവസായമന്ത്രി ഇ പി ജയരാജന് ഫെബ്രുവരി 11 ന് ല്‍കിയ നിവേദനാണ് ഒന്നാമത്തേത്. നിവേദനത്തിന്റെ അല്ലങ്കില്‍ കത്തിന്റെ സബ്ജക്ട് ലൈനില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. സര്‍ക്കാരും പ്രസ്തുത കമ്പനിയും അസന്റ് 2020 ല്‍ വെച്ച് ഒപ്പിട്ട ധാരണാപത്രത്തിന് മന്ത്രിസഭയുടെ അനുമതി ലഭിക്കണമെന്നായിരുന്നു ഉള്ളടക്കം. ഇതില്‍ സൂചകങ്ങളായി പറഞ്ഞിരിക്കുന്ന ആദ്യ മൂന്ന് കാര്യങ്ങളാണ് വിവാദത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. ഒന്ന്, 2018 ല്‍ ഭേദഗതി വരുത്തിയ സംസ്ഥാനത്തിന്റെ മത്സ്യനയത്തിലെ ക്ലോസ് 2.9, രണ്ട്, മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി 2018 ഏപ്രിലില്‍ ന്യൂയോര്‍ക്കില്‍ വച്ച് നടത്തിയ കൂടിക്കാഴ്ച്ച, മൂന്ന്, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലുമായി 2019 ജൂലൈയില്‍ നടത്തിയ കൂടിക്കാഴ്ച്ച. ഇവയ്ക്ക് പിന്നാലെ ഇഎംസിസി സര്‍ക്കാരുമായും പൊതുമേഖലസ്ഥാപനങ്ങളുമായുമെല്ലാം ഏര്‍പ്പെട്ടിട്ടുള്ള മറ്റ് കാരറുകളേയും കൂടിക്കാഴ്ച്ചകളേയുമെല്ലാം വിശദീകരിക്കുന്നുണ്ട്. കെഎസ്ഐഡിസി പദ്ധതിയുടെ നടത്തിപ്പിനായി പള്ളിപ്പുറത്ത് 4 ഏക്കര്‍ ഭൂമി കൈമാറിയതും കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷനുമായി (കെ.എസ്.ഐ.എന്‍.സി) യാനം നിര്‍മിക്കാന്‍ 2950 കോടിയുടെ കരാറിലേര്‍പ്പെട്ടതുമെല്ലാം വിശദമാക്കുന്നുണ്ട്. കേരളത്തിലെ ആഴക്കടല്‍ മത്സ്യബന്ധന രംഗം ലക്ഷ്യമിട്ട് 750 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപത്തിനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും മന്ത്രിക്ക് കൈമാറിയ നിവേദനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 5000 കോടിയുടെ പദ്ധതി നടത്തിപ്പിന്റെ കോണ്‍സെപ്റ്റ് നോട്ട് ഫിഷറീസ് സെക്രട്ടറിക്ക് കൈമാറിയതായും കമ്പനി വ്യക്തമാക്കുന്നു. 20000 തൊഴിലവസരങ്ങള്‍ നേരിട്ടും 5000 തൊഴിലവസരങ്ങള്‍ പരോക്ഷമായും വാഗ്ദാനെ ചെയ്യുന്ന പദ്ധതി പ്രകാരം ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ 1,60,000 മത്സ്യതൊഴിലാളികള്‍ക്ക് പരിശീലനം ന്ല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. ഇത്തരത്തില്‍ വലിയ സാധ്യതകളുള്ള പദ്ധതിയ്ക്ക് വേഗത്തില്‍ വേണ്ട അനുമതി ലഭിക്കാന്‍ മറ്റ് വകുപ്പുകളോട് നിര്‍ദേശിക്കാനും വ്യവസായമന്ത്രിക്ക് കൈമാറിയ നിവേദനത്തിലുണ്ട്.

കേരളത്തിലെ മത്സ്യനയത്തില്‍ 2018 ല്‍ മാറ്റം വരുത്തിയത് ഈ അമേരിക്കന്‍ കമ്പനിക്ക് വേണ്ടിയാണെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. മത്സ്യതൊഴിലാളികളെ പൂര്‍ണമായും വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാനത്തിന്റേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മറുപടിയുമായി ആദ്യം രംഗത്തെത്തിയ ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മയാണ്. ഇത്തരത്തിലൊരു പദ്ധതിയില്ലെന്നും കള്ള ആരോപണമാണെന്നും മേഴ്സികുട്ടിയമ്മ പ്രതികരിച്ചു. മാത്രവുമല്ല, ഇഎംസിസി കമ്പനിക്കാരുമായി താന്‍ അമേരിക്കയില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒരു ഉദ്യോഗസ്ഥനാണ് ഇതിനെല്ലാം പിന്നിലെന്ന് മേഴ്സികുട്ടിയമ്മ ആരോപിക്കുകയും ചെയ്തു. പിറ്റേദിവസം മേഴ്സികുട്ടിയമ്മയും ഇഎംസിസി അധികൃതരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്നതിന്റെ ചിത്രം ചെന്നിത്തല പുറത്തുവിട്ടതോടെ മന്ത്രി കൂടുതല്‍ പ്രതിസന്ധിയിലായി. വ്യവസായമന്ത്രി ഇപി ജയരാജനെതിരേയും കടുത്ത ആരോപണവും ചെന്നിത്തല ഉന്നയിച്ചു. മന്ത്രിയെ കാണാന്‍ പലരും വരുമെന്നു അതിനര്‍ത്ഥം അഴിമതി നടത്തിയെന്നല്ലെന്നും പറഞ്ഞ മേഴ്സികുട്ടിയമ്മ ചെന്നിത്തലയേയും അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന എന്‍ പ്രശാന്തിനെതിരേയും രൂക്ഷമായി കടന്നാക്രമിച്ചു. ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രിക്ക് മേഴ്സികുട്ടിയമ്മ പരാതിയും നല്‍കി. അന്ന് വൈകുന്നേരം തന്നെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി ചെന്നിത്തലയുടെ വാദങ്ങളെല്ലാം തെറ്റാണെന്ന് പറഞ്ഞു. മന്ത്രിക്ക് നല്‍കിയ നിവേദനമാണ് ധാരണപത്രമെന്ന നിലയില്‍ ചെന്നിത്തല പുറത്തുവിട്ടതെന്നും അല്ലാതെ മത്സ്യതൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന ഒന്നും തന്നെ സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും ചെയ്യില്ലെന്നും പ്രസ്താവിച്ചു. അത്തരത്തില്‍ ഒരു കമ്പനിയുമായും ആഴക്കടല്‍ മത്സ്യബന്ധനത്തിന് സര്‍ക്കാര്‍ യാതൊരുവിധ കരാറും ഉണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി അസനിഗ്ധമായി പറഞ്ഞു. ഒപ്പം കെഎസ്ഐഎന്‍സിയുമായി ഇഎംസിസി യാനങ്ങള്‍ നിര്‍മിക്കാന്‍ കരാര്‍ ഉണ്ടാക്കിയത് സര്‍ക്കാരിന്റെ അറിവോടെയല്ലെന്നും പ്രസ്താവിച്ചു. കരാര്‍ ഉണ്ടാക്കിയാല്‍ തന്നെ നടപ്പാക്കുന്നഘട്ടത്തിലാണ് സര്‍ക്കാര്‍ പരിഗണിക്കുവെന്നും അപ്പോള്‍ നോക്കാമെന്നുമായിരുന്നു ഫെബ്രുവരി 20 ന് വൈകുന്നേരം പിണറായി വിജയന്‍ പറഞ്ഞുവെച്ചത്. മാത്രവുമല്ല രേഖകളൊന്നുമില്ലാതെ നിവദേനമാണ് രേഖയെന്ന് പറയുന്ന ചെന്നിത്തല ആളുകലെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.

തൊട്ടുപിറ്റേന്ന് തന്നെ മുഖ്യമന്ത്രിക്കുള്ള മറുപടിയുമായി വാര്‍ത്താസമ്മേളനം നടത്തിയ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രി ഇല്ലെന്ന് പറഞ്ഞ രേഖകളുമായാണ് എത്തിയത്. ഒന്ന് കെഎസ്ഐഎന്‍സിയുമായി ഇഎംസിസി ഉണ്ടാക്കിയ കരാറും മറ്റൊന്ന് പള്ളിപ്പുറത്ത് കമ്പനിക്ക് കെഎസ്ഐഡിസി കൈമാറിയ 4 ഏക്കര്‍ ഭൂമിയുടെ രേഖയും. ഇല്ലാത്ത പദ്ധതിക്ക് എങ്ങനെയാണ് ഭൂമി കൈമാറിയതെന്ന ചോദ്യവും ചെന്നിത്തല ചോദിച്ചു. ഒപ്പം കെഎസ്ഐഎന്‍സിയുമായി ഉണ്ടാക്കിയ കരാര്‍ തന്നെ പദ്ധതി നടപ്പാക്കുന്നുണ്ട് എന്നതിന്റൈ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു.

കാര്യങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും വിയര്‍പ്പൊഴുക്കുന്നതാണ് പിന്നീട് കണ്ടത്. ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ കരാറുകള്‍ ഒന്നൊന്നായി റദ്ദാക്കാന്‍ നിര്‍ദേശം നല്‍കി. കെഎസ്ഐഎന്‍സിയുമായി ഉള്ള കരാറടക്കം റദ്ദാക്കി. ചക്കിന് വെച്ചത് കൊക്കിനുകൊണ്ടു എന്ന് പറഞ്ഞത്പോലെയായി പിന്നെ കാര്യങ്ങള്‍.  കെഎസ്ഐഎന്‍സിയുമായി യാനം നിര്‍മിക്കാന്‍ ഉണ്ടാക്കിയ 2950 രൂപയുടെ കരാര്‍ റദ്ദാക്കപ്പെട്ടത് പൊതുമേഖല സ്ഥാപനമായ  കെഎസ്ഐഎന്‍സിക്ക് ക്ഷീണമാണ്. സര്‍ക്കാര്‍ പരസ്യത്തില്‍ പോലും  കെഎസ്ഐഎന്‍സിയുടെ വളര്‍ച്ച ഈ സര്‍ക്കാരിന്റെ വലിയ നേട്ടമായി ഉയര്‍ത്തികാണിക്കുമ്പോളാണ് ഇത്. ഇതിനിടെ മത്സ്യതൊഴിലാളികളും ലത്തീന്‍ സഭയുമെല്ലാം സര്‍ക്കാരിനെതിരെ തിരിഞ്ഞത് ഇടതുപക്ഷത്തിന് വലിയ ക്ഷീണം ചെയ്തു. പ്രത്യക്ഷ സമരത്തിന് തന്നെ ഇതിനോടകം ഇരു വിഭാഗവും തയ്യാറായി കഴിഞ്ഞു.

കെഎസ്ഐഎന്‍സിയുമായി ഇഎംസിസി കരാറില്‍ ഏര്‍പ്പെട്ടത് ട്രോളര്‍ നിര്‍മിക്കാന്‍ ആണ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കമ്പനികള്‍ക്ക് വേണ്ടി മത്സ്യബന്ധനയാനങ്ങളും ബാര്‍ജുകളും വിജയകരമായി നിര്‍മിക്കുന്ന സ്ഥാപനം എന്നനിലയിലാണ് ഈ കരാറും  കെഎസ്ഐഎന്‍സിക്ക് ലഭിച്ചിരിക്കുന്നത്. ഇതിന് അസന്റില്‍ സര്‍ക്കാരുമായി ഉണ്ടാക്കിയെന്ന പറയുന്ന ധാരണാപത്രവും സ്വാഭാവികമായും വഴിവെച്ചുകാണും. സര്‍ക്കാരിന്റെ കീഴിലെ ഒരു പൊതുമഖല സ്ഥാപനത്തിന് ഇത്തരത്തില്‍ ഒരു വലിയ കരാര്‍ ലഭിക്കുന്നത് ഗുണം ചെയ്യുന്നത് സര്‍ക്കാരിന് തന്നെയാണ്. ധാരണപ്രകാരം 5 മദര്‍ വെസലുകളും 400 ചെറു യാനങ്ങളുമാണ്  കെഎസ്ഐഎന്‍സി നിര്‍മിച്ചുകൊടുക്കേണ്ടത്. ഇതിനായുള്ള കരാറില്‍ ഒപ്പിട്ടെങ്കിലും അ്ഡ്വാന്‍സ് തുകയൊന്നും തന്നെ ഇഎംസിസി ഒടുക്കിയിട്ടില്ല. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് അടക്കമുള്ള വലിയ കപ്പല്‍ നിര്‍മാണശലകള്‍ കൊച്ചിയിലും മറ്റ് സംസ്ഥാനങ്ങളിലുമെല്ലാം ഉള്ളപ്പോളാണ്  കെഎസ്ഐഎന്‍സിസിക്ക് കരാര്‍ ലഭിച്ചത്. ഇത്തരത്തില്‍ യാനം നിര്‍മിച്ചുകൊടുക്കാന്‍ മാത്രമാണ്  കെഎസ്ഐഎന്‍സിക്ക് ഉത്തരവാദിത്വമുള്ളു. ഈ യാനങ്ങള്‍ എവിടെ സര്‍വ്വീസ് നടത്തുന്നുവെന്നത് സ്വാഭാവികമായും നിര്‍മാതാക്കളുടെ അധികാരപരിധിയില്‍ വരുന്നതല്ല. അതിനുള്ള ലൈസന്‍സ് നല്‍കേണ്ടത് സര്‍ക്കാരാണ് എന്നിരിക്കെയാണ് ഈ കരാറിനെതിരെ പ്രതിപക്ഷവും പിന്നെ സര്‍ക്കാരും തിരിഞ്ഞത്. പിണറായി സര്‍ക്കാര്‍ വലിയ വികസനനേട്ടമായി ഉയര്‍ത്തിക്കാട്ടിയ ഒരു പദ്ധതിയാണ് ഇതോടെ റദ്ദായത്. കരാര്‍ റദ്ദാക്കിയതിലെ നിയമപ്രശ്നങ്ങള്‍ പിന്നാലെ വരുമോയെന്ന് കാത്തിരുന്നറിയണം.  

കൃത്യമായ രാഷ്ട്രീയലക്ഷ്യം വെച്ച് തന്നെയാണ് രമേശ് ചെന്നിത്തല ആഴക്കടല്‍ മത്സ്യബന്ധന അഴിമതി ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി ഇടതുപക്ഷത്തിന് പിന്നില്‍ ഉറച്ചുനില്‍ക്കുന്നതാണ് തീരദേശ വോട്ടുകള്‍. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലടക്കം അത് വ്യക്തമായിരുന്നു. (ശബരിമല മാത്രം ചര്‍ച്ചാവിഷയമാക്കിയ ലോക്സഭ തിരഞ്ഞെടുപ്പ് മാത്രമാണ് ഒരു അപവാദം). തീരദേശ മണ്ഡലങ്ങളെല്ലാം തന്നെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിന്നു. കേരളത്തിലെ 50 തീരദേശ മണ്ഡലങ്ങളില്‍ 35 ഉം ഇടത്പക്ഷത്തിനൊപ്പവും 14 എണ്ണം മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. ഭാഗികമായി തീരദേശം ഉള്‍പ്പെട്ട നേമം ബിജെപിയേയുമാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത്. ഏറ്റവും ഒടുവില്‍ നടന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തീരപ്രദേശങ്ങളില്‍ ഇടതുപക്ഷം ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു. ഓഖി ഉള്‍പ്പടെയുള്ള ദുരന്തങ്ങള്‍ തീരദേശങ്ങളെ തകര്‍ത്തപ്പോഴും സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഫലപ്രദമായിരുന്നുവെന്നത് തന്നെയാണ് ഇതിന് പ്രധാനകാരണം. ഒരുപക്ഷെ ഇടതുപക്ഷത്തെ തളര്‍ത്താന്‍ ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായക ശക്തിയായി മാറാന്‍ മത്സ്യമേഖലയിലെ ഇടപെടലുകൊണ്ട് സാധിക്കുമെന്നത് പ്രതിപക്ഷത്തിനറിയാം. അതിനാലാണ് കിടിയ വടി നന്നായി പ്രതിപക്ഷം ഉപയോഗിച്ചത്. ധാരണാപത്രമുണ്ടെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷത്തിന് ഇപ്പോഴും അതിന്റെ പകര്‍പ്പ് പുറത്തുവിടാനായിട്ടില്ല. യുഡിഎഫിനൊപ്പം നില്‍ക്കുന്ന ലത്തീന്‍ സമുദായവും മറ്റ് മത്സ്യതൊഴിലാളി സംഘടനകളും സമരത്തിനിറങ്ങിയതോടെ ഇത് ഏതാണ്ട് ഫലം കാണുകയും ചെയ്തിട്ടുണ്ട്. പക്ഷെ പ്രതിപക്ഷത്തിന് ലഭിച്ച ഏറ്റവും വലിയ ഊര്‍ജ്ജമെന്നത് സര്‍ക്കാര്‍ തന്നെ കാണിച്ച മണ്ടത്തരങ്ങളാണ്. അഴിമതി ആരോപണം വന്നപ്പോഴെ ആരോപണം നേരിട്ട മന്ത്രിമാരെല്ലാം പകച്ചുപോയി എന്നതാണ് വസ്തുത. ആരോപണം ഉയര്‍ന്നശേഷം മേഴ്സികുട്ടിയമ്മ നടത്തിയ പരാമര്‍ശങ്ങളും പ്രതികരണങ്ങളുമെല്ലാം അ്ക്കാര്യം വ്യക്തമാക്കി. ആദ്യം ആരെയും കണ്ടില്ലെന്ന് പറഞ്ഞ മന്ത്രിക്ക് പിന്നീട് കണ്ടെന്ന് തിരുത്തി പറയേണ്ടി വന്നു. ആരെയും കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ വാദത്തെ ക്ലിഫ് ഹൗസിലെത്തി മന്ത്രിയുടെ സാനിധ്യത്തില്‍ കണ്ടെന്ന് ഇഎംസിസി കമ്പനി അധികൃതരുടെ വാദം തന്നെ വെട്ടിലാക്കി. തീരുന്നില്ല, സര്‍ക്കാര്‍ തന്നെ പ്രധാനനേട്ടമായി ഉയര്‍ത്തി കാട്ടുന്ന യാനം നിര്‍മാണത്തിനുള്ള കരാര്‍ ആ വകുപ്പിന്‍രെ മേധാവിയായ മുഖ്യമന്ത്രി തന്നെ തള്ളിപറഞ്ഞതോടെ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ ചൂണ്ടയില്‍ കൃത്യമായി കൊത്തികൊടുക്കുകയായിരുന്നു. അഴിമതി സംബന്ധിച്ച ചോദ്യത്തോട് വ്യവസായമന്ത്രി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയുമ്പോള്‍ കയര്‍ത്തതും വിഷയത്തില്‍ സര്‍ക്കാര്‍ എത്രമാത്രം പ്രതിസന്ധിയിലാണെന്ന് വെളിവാക്കുന്നതായി. യാനം നിര്‍മിക്കാനാണ് കരാര്‍ എന്നും യാനത്തിനുള്ള ലൈസന്‍സ് നല്‍കുന്നത് നിര്‍മിക്കുന്നവരല്ലെന്നുമുള്ള എളിയവിവരം മാത്രം പരഞ്ഞാല്‍ മതിയായിരുന്നു സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ ഒരു ആരോപണത്തിന്റെ മുനയൊടിക്കാന്‍.

പ്രതിപക്ഷത്തിന്റെ ഏറ്റവും മൂര്‍ച്ചയേറിയ, സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ വലിയ ആരോപണമായ ആഴക്കടല്‍ ലൈസന്‍സ് നല്‍കലിലേക്ക് വരാം. അതിന് മുമ്പ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് അനുവദിക്കുന്ന പ്രക്രിയകള്‍ സംബന്ധിച്ച്് പരിശോധിക്കാം. 25 മീറ്ററില്‍ താഴെയുള്ള മത്സ്യബന്ധനബോട്ടുകള്‍ക്ക്് സംസ്ഥാനങ്ങളുടെ രജിസ്ട്രേഷന്‍ മാത്രം മതി. ഇവയ്ക്ക് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്. കേരളത്തില്‍ 3950 ഓളം ആവക്കടല്‍ ബോട്ടുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നാണ് രജിസ്ട്രേഷന്‍ എടുത്തിരിക്കുന്നത്. പക്ഷെ പലപ്പോഴും ഇത്തരത്തില്‍ സംസ്ഥാനങ്ങളുടെ രജിസ്ട്രേഷന്‍ എടുത്ത ബോട്ടുകള്‍ അധികാര പരിധിക്ക് പുറത്ത് പോയി മത്സ്യബന്ധനം നടത്തുന്നുണ്ട് എന്നതാണ് വസ്തുത. ഒമാന്‍ തീരം വരെയെല്ലാം പോയി മത്സ്യബന്ധനം നടത്തുന്ന വലിയവിഭാഗവുമുണ്ട്. 25 മീറ്ററിനേക്കാള്‍ വലുപ്പമേറിയ യാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എംഎംഡിയാണ് ലൈസന്‍സ് അനുവദിക്കേണ്ടത്. നേരത്തെ കേന്ദ്രത്തിന് കീഴില്‍മാത്രമായിരുന്നു ആഴക്കടലില്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് അനുവദിക്കാനുള്ള അവകാശം നിക്ഷിപ്തമായിരുന്നുത് എങ്കില്‍ ഇപ്പോഴത് സംസ്ഥാനങ്ങളും അനുവദിക്കുന്നുണ്ട്്. നിയമപ്രകാരം ഇപ്പോഴും പക്ഷെ ലൈസന്‍സ് അനുവദിക്കേണ്ടത് കേന്ദ്രമാണെങ്കിലും വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിനും മറ്റുമായി സംസ്ഥാനങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക ആസ്ഥാനമായുള്ള ഇഎംസിസിയുമായി സംസ്ഥാനം ധാരണയിലെത്തിയത്. അപ്പോഴും മദര്‍ ഷിപ്പുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയില്ല. ചെറിയ ഫിഷിങ് ബോട്ടുകള്‍ക്ക് മാത്രമേ സംസ്ഥാനങ്ങള്‍ ലൈസന്‍സ് അനുവദിക്കുന്നുള്ളുവെന്ന് ചുരുക്കം. ഇത് മുന്‍സാര്‍ക്കാരുകളും ചെയ്തിട്ടുണ്ട് എന്നതാണ് വസ്തുത.  ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദം ആഴക്കടലില്‍ വലിയ യാനങ്ങള്‍ക്ക് അനുമതി നല്‍കിയെന്നതാണ്. അമേരിക്കന്‍ കമ്പനിയെന്നത് മാത്രമാണ് ഇതില്‍ ഇടുപക്ഷത്തിന് ദഹിക്കാതെ പോകാവുന്ന ഒന്ന്. എന്നാല്‍ ഇക്കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതാണ് വസ്തുത. മാത്രവുമല്ല ധാരണപത്രങ്ങള്‍ സംബന്ധിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകും ചെയ്തതോടെ സര്‍ക്കാര്‍ തീര്‍ത്തും പ്രതിസന്ധിയിലാണെന്ന് വെളിപ്പെടുകയും ചെയ്തു. ആഭ്യന്തരസെക്രട്ടറി ടികെ ജോസിനാണ് അന്വേഷണത്തിന്റെ ചുമതല.

ഇഎംസിസി വ്യാജകമ്പനിയാണെന്നും ഇക്കാര്യം നേരത്തെ തന്നെ സംസ്ഥാനത്തെ അറിയിച്ചെന്നുമവകാശപ്പെട്ട് ഏറ്റവും ഒടുവില്‍ രംഗത്തിറങ്ങിയ കേന്ദ്രമന്ത്രി വി മുരളീധരന്‍ വെറും രാഷ്ട്രീയലക്ഷ്യം വെച്ചാണ് പരാമര്‍ശം നടത്തിയതെന്ന് വ്യക്തമാണ്. കഴിഞ്ഞ ഒക്ടോബറില്‍ അമേരിക്കയിലെ കോണ്‍സുലേറ്റ് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് കമ്പനിയാണെന്ന് കണ്ടെത്തിയിട്ടും എന്തുകൊണ്ട് അക്കാര്യം അറിയിച്ചില്ലെന്ന ചോദ്യം പ്രസക്തമാണ്. സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയെന്ന് മുരളീധരന്റെ വാദത്തെ വ്യവസായ മന്ത്രി തന്നെ നിഷേധിക്കുകയും ചെയ്തു.

ആഴക്കടല്‍ മത്സ്യബന്ധനമെന്നത് എന്തായാലും ഇടത്പക്ഷത്തിനു ക്ഷീണവും വലതുപക്ഷത്തിന് നേട്ടവും ആകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലത്തീന്‍ സഭയുടെ സമരത്തിനും മത്സ്യതൊഴിലാളികളുടെ സമരത്തിനും ഇതിനോടകം തന്നെ യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. പോരാത്തതിന് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യവും ഉയര്‍ത്തിക്കഴിഞ്ഞു. മന്ത്രിമാരും മുഖ്യമന്ത്രിയും ഉള്‍പ്പെട്ട അഴിമതി അന്വേഷിക്കാന്‍ ആഭ്യന്തരസെക്രട്ടറി പോരെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന വാദം. പിന്നാലെ രാഹുല്‍ ഗാന്ധിയുടെ മത്സ്യതൊഴിലാളികള്‍ക്കൊപ്പം കടലിലേക്കുള്ള പോക്കും കടലിലേക്കുള്ള ചാട്ടവുമെല്ലാം ഈ തിരഞ്ഞെടുപ്പില്‍ മത്സ്യമേഖലയില്‍ പ്രതിപക്ഷം ഏറെ ശ്രദ്ധകേന്ദ്രീകരി്ക്കുന്നുവെന്നതിന്റെ സൂചനതന്നെയാണ് നല്‍കുന്നത്.      

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഈ അഴിമതി ആരോപണങ്ങള്‍ ഇരുമുന്നണികളുടേയും സാധ്യതകളില്‍ നിര്‍ണായകമാണ്. 20 ലേറെ മണ്ഡലങ്ങളില്‍ മത്സ്യതൊഴിലാളികളുടെ വോട്ടുകള്‍ക്ക് സ്വാധീനമുണ്ട് എന്നത് തന്നെയാണ് ഇതിന് കാരണം. വരും ദിവസങ്ങള്‍ വിഷയങ്ങള്‍ ആളിക്കത്തിച്ച് സജീവമാക്കി നിര്‍ത്താന്‍ യുഡിഎഫും പ്രതിരോധിക്കാന്‍ എല്‍ഡിഎഫും കിണഞ്ഞുശ്രമിക്കുമെന്നുറപ്പ്. ഇടയില്‍ തീരദേശത്തെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ബിജെപിയും ശ്രമിക്കും.

........

(240221)


Tuesday, 2 February 2021

ക്യാപിറ്റോളും ചെങ്കോട്ടയും - ഇത് കറുത്ത ചരിത്രമാണ്.

2021 ജനുവരി മാസം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രവും ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാഷ്്ട്രവും ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത, എന്നാല്‍ മറക്കാനുമാവാത്ത മാസമാണ്. ഭരണകൂടങ്ങളുടെ തെറ്റായ നടപടികള്‍, അധികാരത്തിനുവേണ്ടിയുള്ള അത്യാര്‍ത്തി അവയെല്ലാം ഒരു രാജ്യത്തെ എത്രമാത്രം ലജ്ജിപ്പിക്കുമെന്ന് ബോധ്യപ്പെടുത്തിയ മാസമാണ് കടന്നുപോയത്.

ജനുവരി 6

അക്രമാസക്തമായ ഒരു വലിയ ആള്‍ക്കൂട്ടം തിരഞ്ഞെടുപ്പില്‍ ജനത തള്ളിയ നേതാവിന്റെ വാക്ക്‌കേട്ട് നടത്തിയ പേക്കൂത്താണ് ഈ ദിനത്തെ ചരിത്രത്തിലെ കറുത്തദിനമാക്കിയത്. ജനധിപത്യമെന്നത് അക്രമാധിപത്യത്തിലേക്ക് മാറ്റിയെഴുതിയ ദിനം അപഹരിച്ചത് ചില ജീവനുകള്‍ മാത്രമല്ല, നൂറ്റാണ്ടുകളുടെ ജനാധിപത്യപാരമ്പര്യം കൂടിയാണ്.

  

അമേരിക്കയുടെ നിയമനിര്‍മാണ സഭകളുടെ ആസ്ഥാനമായ ക്യാപിറ്റോളിലേക്ക് നടന്നത് കലാപശ്രമം തന്നെയായിരുന്നു. നേതൃത്വം വഹിച്ചത് രാജ്യത്തിന്റെ പ്രസിഡന്റും. തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കില്ലെന്ന വാശിയാണ് അനുയായികളെ വിട്ട് ക്യാപിറ്റോള്‍ സെന്റര്‍ ആക്രമിക്കുന്നതിലേക്ക് നയിച്ചത്. ഇലക്ടൊറല്‍ വോട്ടുകളിലും പരാജയപ്പെട്ട്, കോടതി വ്യവഹാരങ്ങളിലും രക്ഷയില്ലെന്ന് കണ്ടപ്പോഴാണ് ഡൊണാള്‍ഡ് ട്രംപ് അനുയായികളെ ഇളക്കിവിട്ടത്. തിരഞ്ഞെടുപ്പിന് മുമ്പേ പരാജയപ്പെട്ടാല്‍ അധികാരകൈമാറ്റം അമേരിക്കയില്‍ സുഖമമായിരിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതെല്ലാം വെറും ഭഊഹാപോഹങ്ങള്‍ മാത്രമല്ലെന്ന് തെളിയിക്കുന്നതായി ക്യാപിറ്റോള്‍ ആക്രമണം. പരാജയം അംഗീകരിക്കില്ലെന്നും ജോ ബൈഡന്റെ വിജയം അംഗീകരിക്കരുതെന്നുമുള്ള ട്രംപിന്റെ നിര്‍ദേശം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് നിരസിച്ചതോടെയാണ് അനുയായികളോട് മാര്‍ച്ച് നടത്താനും ക്യാപിറ്റോളിലേക്ക് മാര്‍ച്ച് നടത്താന് ട്രംപ് ട്വീറ്റിലൂടെ ആഹ്വാനം ചെയ്തത്. മാര്‍ച്ചായെത്തിയ അനുയായികള്‍ ക്യാപിറ്റോള്‍ സെന്റര്‍ ആക്രമിച്ച് ഹൗസിന്റെ പ്രവര്‍ത്തനം അലങ്കോലപ്പെടുത്തി. സ്പീക്കറുടെ കസേരയില്‍ ഇരുന്നും സെനറ്റര്‍മാരുടെ മുറികള്‍ നശിപ്പിച്ചും കലാപം അഴിച്ചുവിട്ടു. ആക്രമണത്തില്‍ 5 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ലോകം തന്നെ ഞെട്ടിതരിച്ച് ആക്രമണത്തെ അപലപിച്ചപ്പോഴും ട്രംപ് അതിന് തയ്യാറായില്ലെന്നതാണ് വിചിത്രം. ആക്രമണത്തെ ന്യായീകരിച്ച ട്രംപിനെ സോഷ്യല്‍മീഡിയ ഒന്നടങ്കം ബഹിഷ്‌ക്കരിച്ചു. ട്രംപിന്റെ ട്വിറ്റര്, ഫെയ്‌സ് ബുക്ക്, യുടൂബ അക്കൗണ്ട് തുടങ്ങിയവയെല്ലാം റദ്ദാക്കി. എന്നിട്ടും ട്രംപിന്റെ കലിയടങ്ങിയില്ലെന്നതിന്റെ തെളിവായി അധികാരകൈമാറ്റ ചടങ്ങില്‍ പങ്കെടുക്കാതെ വൈറ്റ് ഹൗസ് വിട്ടത്. 

ജനുവരി 26

രാജ്യത്ത് ഭരണഘടന നിലവില്‍ വന്നതിന്റെ വാര്‍ഷികം ആഘോഷിക്കാനായി ത്രിവര്‍ണ പതാക വീശി ഒരു ജനത നിരത്തിലിറങ്ങുന്ന ദിനം. പക്ഷെ ഇത്തവണ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേദനയായി. അന്നമൂട്ടുന്ന കര്‍ഷകരുടെ സമരം അടിച്ചമര്‍ത്താന്‍ ഭരണകൂടം നോക്കിയപ്പോള്‍, അവരുടെ ക്ഷമ പരീക്ഷിച്ചപ്പോള്‍ ലോകത്തിന് മുന്നില്‍ തകര്‍ന്ന് വീണത് അഭിമാനമാണ്. ചെങ്കോട്ടയെന്ന ഇന്ത്യയുടെ ചരിത്രത്തില്‍ തലയെടുപ്പോടെ നിന്ന ചുവന്ന വര്‍ണം പൂശിയ കോട്ട പ്രതിഷേധത്തിന്റെയും അക്രമത്തിന്റേയും കേന്ദ്രമായി മാറി. റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര് പരേഡിനിറങ്ങിയ കര്‍ഷകരുടെ പ്രതിഷേധം അക്രമാസക്തമായപ്പോള്‍ ചങ്കോട്ടയിലെ കൊടിമരത്തില്‍ സിഖ് പതാകവരെ പാറി. ജവഹര്‍ലാല്‍ നെഹ്രു എവിടെയാണോ ത്രിവര്‍ണപതാകയുയര്‍ത്തി രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് അവിടെ സിഖ് പതാകയുയര്‍ന്നത് കര്‍ഷകരുടെ സ്വാതന്ത്ര്യപ്രഖ്യാപനമായി. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യങ്ങളോട് മുഖം തിരിച്ച സര്‍ക്കാരിന് റിപ്പബ്ലിക്ക് ദിനത്തിലെ സംഘര്‍ഷം ക്ഷീണം ചെയ്യുമെന്നുറപ്പ്. 


രാജ്യത്തെ ഊട്ടുന്ന കര്‍ഷകരുടെ ആവശ്യം തികച്ചും അന്യായമാണെന്ന് ഭരണകക്ഷിയായ ബിജെപി അല്ലാതെ ബിജെപിക്കൊപ്പമുള്ള സഖ്യകക്ഷികളാരും തന്നെ അഭിപ്രായപ്പെടുന്നില്ല. ഹരിയാനയിലേയും പഞ്ചാബിലേയുമെല്ലാം ബിജെപിയുട സഖ്യകക്ഷികളായ ഇന്ത്യന്‍ നാഷണല്‍ ലോക്ദളും ശിരോമണി അകാലിദളുമെല്ലാം കര്‍ഷക സമരത്തിനൊപ്പമാണ്. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് അവര്‍ തുറന്നുസമ്മതിക്കുന്നുമുണ്ട്. നിയമം നടപ്പാക്കുന്നത് നീട്ടിവെക്കാമെന്നതല്ലാതെ പിന്‍വിക്കില്ലെന്ന നിലപാടിലാണ് മോദി സര്‍ക്കാര്‍. പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകരും. മറ്റ് സമരങ്ങളെ നേരിട്ടത് പോലെ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും മോദി സര്‍ക്കാരിന് കര്ഷകരുടെ മുന്നില്‍ വിജയിക്കാനായിട്ടില്ല. അഥവാ അവരുടെ സമരം പൊളിക്കാനായിട്ടില്ല. കര്‍ഷകരുടെ ട്രാക്ടറിന് ഇന്ധനം നിഷേധിച്ചും വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചിട്ടും അവരുടെ ഇച്ഛാശക്തിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെടുന്നുണ്ട് മോദി സര്‍ക്കാര്‍. സമരക്കാരെ ഖലിസ്ഥാന്‍ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നുമെല്ലാം വിളിച്ച് ദേശിയവാദികളെ ഇവര്‍ക്കെതിരെ തിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമവും ബിജെപി നടത്തുന്നുണ്ട്. 



ചെങ്കോട്ടയിലെ അക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്നത് സംബന്ധിച്ച് പലവാദങ്ങളും ഉണ്ട്. അവിടേക്ക് കര്‍ഷകരെ നയിച്ചത് പഞ്ചാബി ഗായകനു നടനുമായ ദീപ് സിദ്ദുവാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇദ്ദേഹം ബിജെപിയുമായി അടുപ്പമുള്ളയാളാണെന്നത് സംബന്ധിച്ചും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇ്ത സംബന്ധിച്ച ചിത്രങ്ങളും പുറത്തുവിട്ടു. ഇതിനുശേഷം കര്‍ഷകസമരത്തിനെതിരെ പ്രദേശവാസികളെന്ന പേരില്‍ ഒരുസംഘം സമരം നടക്കുന്ന സിംഘ്, തിക്രി, ഗാസിപൂര്‍ അ്തിര്‍ത്തികളിലേക്ക് നടത്തിയ മാര്‍ച്ചും അതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമെല്ലാം പ്രശ്‌നം കൂടുതല്‍ വഷളാക്കി. ഈ സംഘവും ബിജെപി നേതാക്കളുടെ നേതൃത്വത്തിലായിരുന്നുവെന്നത് വെറെ കഥ. 


രണ്ട് സംഭവത്തിനും - ക്യാപിറ്റോള്‍ ആക്രമണത്തിനും ചെങ്കോട്ട ആക്രമണത്തിനും - ഒരു സമാനതയുണ്ട്. ആക്രമിക്കപ്പെട്ട ഇടം തന്നെയാണ് അത്. വഴിതെറ്റിയോ തെറ്റിച്ചോ എത്തിയ വലിയ ആള്‍ക്കൂട്ടമാണ് രണ്ടിടത്തും ആക്രമണം നടത്തിയത്. ചെങ്കോട്ടയിലെ സംഘര്‍ഷത്തോടെ സമാധാനപരമായി മാത്രം നടന്നുവന്നിരുന്ന കര്‍ഷകസമരത്തിന് പേരുദോഷമായി. അത്രയും നാള്‍ ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നും പിന്തുണച്ചവരില്‍ ചെറുതായെങ്കിലും സംശയം ജനിപ്പിച്ചു. അതേസമയം ക്യാപിറ്റോളിലെ കലാപകാരിളോട് ഒരുഘട്ടത്തില്‍ പോലും അവര്‍ക്കല്ലാത മറ്റാര്‍ക്കും സിംപതി തോന്നിയിരുന്നില്ല. ഫാഷിസത്തിന്റെ മുഖം മാത്രമായിരുന്നു ക്യാപിറ്റോളിലേത്. ചെങ്കോട്ടയില്‍ ഫാഷിസത്തിന്‍രെ അജ്ഞാതമായ കൈകള്‍ തന്നെയാണ് കലാപത്തിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചത് എന്നത് നിഷേധിക്കാനാവാത്ത രഹസ്യമാണ്. റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷാവലയത്തിലിരിക്കെ, തന്ത്രപ്രധാനമായ ചെങ്കോട്ടയില്‍ എങ്ങനെ സുരക്ഷ ബലഹീനമായി എന്നത് ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യമാണ്. ട്രാക്ടര്‍ പരേഡ് കര്‍ഷകര്‍ നടത്തുമെന്ന് മുന്നേ അറിഞ്ഞിട്ടും എന്തുകൊണ്ടാണ് രാജ്യതലസ്ഥാനത്ത് വേണ്ടത്ര സുരക്ഷയൊരുക്കാഞ്ഞത് എന്നതിന് ഉത്തരം പറയേണ്ടത് അമിത് ഷായുടെ ആഭ്യന്തരമന്ത്രാലയമാണ്. ഇന്റലിജന്‍സ് സംവിധാനങ്ങള്‍ പരാജയപ്പെട്ടത് ബോധപൂര്‍വ്വമായിരുന്നുവോയെന്നതും അന്വേഷിക്കപ്പെടാനിടയില്ല. അവിടേക്ക് സമരത്തെ വഴിതിരിച്ച് വിട്ടത് ബിജെപിയുടെ തന്ന അനുയായി ആണ് എന്നതും ബോധപൂര്‍വ്വമായ നീക്കമായിരുന്നുവോയെന്നും സംശയിക്കാം. തീരുന്നില്ല, ട്രാക്ടറുകളുടെ ടയറുകളില കാറ്റ് അഴിച്ചുവിട്ടും അവര്‍ക്കെതിരെ പ്രകോപനപരമായി കണ്ണീര്‍ വാതകഷെല്ല് പ്രയോഗിച്ചതും എന്തിനെന്ന ചോദ്യവും ഉയര്‍ന്നുകൊണ്ടേയിരിക്കും. 


നടന്ന അക്രമങ്ങളെ വെറുതെ അപലപിച്ച് നടന്നുപോകാനുള്ളതല്ല. നടന്ന  രക്തചൊരിച്ചിലും സംഘര്‍ഷാവുമെല്ലാം വെറും ആള്‍ക്കൂട്ടത്തിന്റെ മനശാസ്ത്രമായി മാത്രം കാണാനാവില്ല. അതിലേക്ക് നയിച്ച മൂലകാരണത്തിന് വേണം ചികിത്സ. അമേരിക്കയില്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടി ആരംഭിച്ചുകഴിഞ്ഞു. അമേരിക്കയുടെ ചരിത്രത്തില്‍ രണ്ട് തവണ ഇംപീച്ചമെന്റ് നടപടി നേരിടുന്ന ആദ്യത്തെ പ്രസിഡെന്റെന്ന ചീത്തപേരോടെയാണ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഹെലികോപ്ടര്‍ കയറിയത്. പക്ഷെ ഇന്ത്യയില്‍ ഇപ്പോഴും എല്ലാം ഇരുട്ടിലാണ്. കര്‍ഷകരുടടെ സമരം തുടരുന്നു. അവര്‌ക്കെതിരെ രാജ്യദ്രോഹകുറ്റമടക്കം ചുമത്തിയിരിക്കുന്നു. അവരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചുകൊണ്ടിരിക്കുന്നു. അന്നം തരാന്‍ ചേറിലിറങ്ങിയവരുടെ സമരത്തിന് അവര്‍ നട്ട വിളകളുടെ വേരോളം തന്നെ ഉറപ്പുംകാണും. സമരം എത്രനാള്‍ നീളുമോയെന്നതല്ല, വിജയംകാണുമോയെന്നതുമല്ല, കൂട്ടത്തില്‍ നൂറിലേറെ പേര്‍മരിച്ചിട്ടും വീറോടെ പൊരുതുന്ന അവരുടെ നിശ്ചയദാര്‍ഢ്യം തന്നെയാണ് ഭരണകൂടത്തെ അലോസരപ്പെടുത്തുന്നത്. അത് തന്നെയാണ് ചെങ്കോട്ടവരെ ചരിത്രത്തില്‍ വീണ്ടും ഇടംപിടിച്ചതും.