2021 ജനുവരി മാസം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രവും ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാഷ്്ട്രവും ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത, എന്നാല്‍ മറക്കാനുമാവാത്ത മാസമാണ്. ഭരണകൂടങ്ങളുടെ തെറ്റായ നടപടികള്‍, അധികാരത്തിനുവേണ്ടിയുള്ള അത്യാര്‍ത്തി അവയെല്ലാം ഒരു രാജ്യത്തെ എത്രമാത്രം ലജ്ജിപ്പിക്കുമെന്ന് ബോധ്യപ്പെടുത്തിയ മാസമാണ് കടന്നുപോയത്.
ജനുവരി 6
അക്രമാസക്തമായ ഒരു വലിയ ആള്‍ക്കൂട്ടം തിരഞ്ഞെടുപ്പില്‍ ജനത തള്ളിയ നേതാവിന്റെ വാക്ക്‌കേട്ട് നടത്തിയ പേക്കൂത്താണ് ഈ ദിനത്തെ ചരിത്രത്തിലെ കറുത്തദിനമാക്കിയത്. ജനധിപത്യമെന്നത് അക്രമാധിപത്യത്തിലേക്ക് മാറ്റിയെഴുതിയ ദിനം അപഹരിച്ചത് ചില ജീവനുകള്‍ മാത്രമല്ല, നൂറ്റാണ്ടുകളുടെ ജനാധിപത്യപാരമ്പര്യം കൂടിയാണ്.
ജനുവരി 26
രാജ്യത്ത് ഭരണഘടന നിലവില്‍ വന്നതിന്റെ വാര്‍ഷികം ആഘോഷിക്കാനായി ത്രിവര്‍ണ പതാക വീശി ഒരു ജനത നിരത്തിലിറങ്ങുന്ന ദിനം. പക്ഷെ ഇത്തവണ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വേദനയായി. അന്നമൂട്ടുന്ന കര്‍ഷകരുടെ സമരം അടിച്ചമര്‍ത്താന്‍ ഭരണകൂടം നോക്കിയപ്പോള്‍, അവരുടെ ക്ഷമ പരീക്ഷിച്ചപ്പോള്‍ ലോകത്തിന് മുന്നില്‍ തകര്‍ന്ന് വീണത് അഭിമാനമാണ്. ചെങ്കോട്ടയെന്ന ഇന്ത്യയുടെ ചരിത്രത്തില്‍ തലയെടുപ്പോടെ നിന്ന ചുവന്ന വര്‍ണം പൂശിയ കോട്ട പ്രതിഷേധത്തിന്റെയും അക്രമത്തിന്റേയും കേന്ദ്രമായി മാറി. റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര് പരേഡിനിറങ്ങിയ കര്‍ഷകരുടെ പ്രതിഷേധം അക്രമാസക്തമായപ്പോള്‍ ചങ്കോട്ടയിലെ കൊടിമരത്തില്‍ സിഖ് പതാകവരെ പാറി. ജവഹര്‍ലാല്‍ നെഹ്രു എവിടെയാണോ ത്രിവര്‍ണപതാകയുയര്‍ത്തി രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് അവിടെ സിഖ് പതാകയുയര്‍ന്നത് കര്‍ഷകരുടെ സ്വാതന്ത്ര്യപ്രഖ്യാപനമായി. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യങ്ങളോട് മുഖം തിരിച്ച സര്‍ക്കാരിന് റിപ്പബ്ലിക്ക് ദിനത്തിലെ സംഘര്‍ഷം ക്ഷീണം ചെയ്യുമെന്നുറപ്പ്.
രാജ്യത്തെ ഊട്ടുന്ന കര്‍ഷകരുടെ ആവശ്യം തികച്ചും അന്യായമാണെന്ന് ഭരണകക്ഷിയായ ബിജെപി അല്ലാതെ ബിജെപിക്കൊപ്പമുള്ള സഖ്യകക്ഷികളാരും തന്നെ അഭിപ്രായപ്പെടുന്നില്ല. ഹരിയാനയിലേയും പഞ്ചാബിലേയുമെല്ലാം ബിജെപിയുട സഖ്യകക്ഷികളായ ഇന്ത്യന്‍ നാഷണല്‍ ലോക്ദളും ശിരോമണി അകാലിദളുമെല്ലാം കര്‍ഷക സമരത്തിനൊപ്പമാണ്. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് അവര്‍ തുറന്നുസമ്മതിക്കുന്നുമുണ്ട്. നിയമം നടപ്പാക്കുന്നത് നീട്ടിവെക്കാമെന്നതല്ലാതെ പിന്‍വിക്കില്ലെന്ന നിലപാടിലാണ് മോദി സര്‍ക്കാര്‍. പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകരും. മറ്റ് സമരങ്ങളെ നേരിട്ടത് പോലെ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും മോദി സര്‍ക്കാരിന് കര്ഷകരുടെ മുന്നില്‍ വിജയിക്കാനായിട്ടില്ല. അഥവാ അവരുടെ സമരം പൊളിക്കാനായിട്ടില്ല. കര്‍ഷകരുടെ ട്രാക്ടറിന് ഇന്ധനം നിഷേധിച്ചും വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചിട്ടും അവരുടെ ഇച്ഛാശക്തിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെടുന്നുണ്ട് മോദി സര്‍ക്കാര്‍. സമരക്കാരെ ഖലിസ്ഥാന്‍ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നുമെല്ലാം വിളിച്ച് ദേശിയവാദികളെ ഇവര്‍ക്കെതിരെ തിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമവും ബിജെപി നടത്തുന്നുണ്ട്.
രണ്ട് സംഭവത്തിനും - ക്യാപിറ്റോള്‍ ആക്രമണത്തിനും ചെങ്കോട്ട ആക്രമണത്തിനും - ഒരു സമാനതയുണ്ട്. ആക്രമിക്കപ്പെട്ട ഇടം തന്നെയാണ് അത്. വഴിതെറ്റിയോ തെറ്റിച്ചോ എത്തിയ വലിയ ആള്‍ക്കൂട്ടമാണ് രണ്ടിടത്തും ആക്രമണം നടത്തിയത്. ചെങ്കോട്ടയിലെ സംഘര്‍ഷത്തോടെ സമാധാനപരമായി മാത്രം നടന്നുവന്നിരുന്ന കര്‍ഷകസമരത്തിന് പേരുദോഷമായി. അത്രയും നാള്‍ ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നും പിന്തുണച്ചവരില്‍ ചെറുതായെങ്കിലും സംശയം ജനിപ്പിച്ചു. അതേസമയം ക്യാപിറ്റോളിലെ കലാപകാരിളോട് ഒരുഘട്ടത്തില്‍ പോലും അവര്‍ക്കല്ലാത മറ്റാര്‍ക്കും സിംപതി തോന്നിയിരുന്നില്ല. ഫാഷിസത്തിന്റെ മുഖം മാത്രമായിരുന്നു ക്യാപിറ്റോളിലേത്. ചെങ്കോട്ടയില്‍ ഫാഷിസത്തിന്‍രെ അജ്ഞാതമായ കൈകള്‍ തന്നെയാണ് കലാപത്തിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചത് എന്നത് നിഷേധിക്കാനാവാത്ത രഹസ്യമാണ്. റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷാവലയത്തിലിരിക്കെ, തന്ത്രപ്രധാനമായ ചെങ്കോട്ടയില്‍ എങ്ങനെ സുരക്ഷ ബലഹീനമായി എന്നത് ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യമാണ്. ട്രാക്ടര്‍ പരേഡ് കര്‍ഷകര്‍ നടത്തുമെന്ന് മുന്നേ അറിഞ്ഞിട്ടും എന്തുകൊണ്ടാണ് രാജ്യതലസ്ഥാനത്ത് വേണ്ടത്ര സുരക്ഷയൊരുക്കാഞ്ഞത് എന്നതിന് ഉത്തരം പറയേണ്ടത് അമിത് ഷായുടെ ആഭ്യന്തരമന്ത്രാലയമാണ്. ഇന്റലിജന്‍സ് സംവിധാനങ്ങള്‍ പരാജയപ്പെട്ടത് ബോധപൂര്‍വ്വമായിരുന്നുവോയെന്നതും അന്വേഷിക്കപ്പെടാനിടയില്ല. അവിടേക്ക് സമരത്തെ വഴിതിരിച്ച് വിട്ടത് ബിജെപിയുടെ തന്ന അനുയായി ആണ് എന്നതും ബോധപൂര്‍വ്വമായ നീക്കമായിരുന്നുവോയെന്നും സംശയിക്കാം. തീരുന്നില്ല, ട്രാക്ടറുകളുടെ ടയറുകളില കാറ്റ് അഴിച്ചുവിട്ടും അവര്‍ക്കെതിരെ പ്രകോപനപരമായി കണ്ണീര്‍ വാതകഷെല്ല് പ്രയോഗിച്ചതും എന്തിനെന്ന ചോദ്യവും ഉയര്‍ന്നുകൊണ്ടേയിരിക്കും.
നടന്ന അക്രമങ്ങളെ വെറുതെ അപലപിച്ച് നടന്നുപോകാനുള്ളതല്ല. നടന്ന രക്തചൊരിച്ചിലും സംഘര്‍ഷാവുമെല്ലാം വെറും ആള്‍ക്കൂട്ടത്തിന്റെ മനശാസ്ത്രമായി മാത്രം കാണാനാവില്ല. അതിലേക്ക് നയിച്ച മൂലകാരണത്തിന് വേണം ചികിത്സ. അമേരിക്കയില്‍ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടി ആരംഭിച്ചുകഴിഞ്ഞു. അമേരിക്കയുടെ ചരിത്രത്തില്‍ രണ്ട് തവണ ഇംപീച്ചമെന്റ് നടപടി നേരിടുന്ന ആദ്യത്തെ പ്രസിഡെന്റെന്ന ചീത്തപേരോടെയാണ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് ഹെലികോപ്ടര്‍ കയറിയത്. പക്ഷെ ഇന്ത്യയില്‍ ഇപ്പോഴും എല്ലാം ഇരുട്ടിലാണ്. കര്‍ഷകരുടടെ സമരം തുടരുന്നു. അവര്‌ക്കെതിരെ രാജ്യദ്രോഹകുറ്റമടക്കം ചുമത്തിയിരിക്കുന്നു. അവരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചുകൊണ്ടിരിക്കുന്നു. അന്നം തരാന്‍ ചേറിലിറങ്ങിയവരുടെ സമരത്തിന് അവര്‍ നട്ട വിളകളുടെ വേരോളം തന്നെ ഉറപ്പുംകാണും. സമരം എത്രനാള്‍ നീളുമോയെന്നതല്ല, വിജയംകാണുമോയെന്നതുമല്ല, കൂട്ടത്തില്‍ നൂറിലേറെ പേര്‍മരിച്ചിട്ടും വീറോടെ പൊരുതുന്ന അവരുടെ നിശ്ചയദാര്‍ഢ്യം തന്നെയാണ് ഭരണകൂടത്തെ അലോസരപ്പെടുത്തുന്നത്. അത് തന്നെയാണ് ചെങ്കോട്ടവരെ ചരിത്രത്തില്‍ വീണ്ടും ഇടംപിടിച്ചതും.
No comments:
Post a Comment