കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണപ്രദേശത്തേയും തിരഞ്ഞെടുപ്പിന് തിയ്യതി കുറിച്ചുകഴിഞ്ഞു. കേരളത്തിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടമായി ഏപ്രില്‍ ആറിന് ജനം പോളിങ് ബൂത്തിലേക്ക് പോകും. അതേസമയം ബംഗാളിലും അസമിലും യഥാക്രമം എട്ടും മൂന്നുംഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക.
കേരളമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ഭരണം പിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. കേന്ദ്രത്തിലെ അധികാരവും പ്രാദേശിക കക്ഷികളുമായുള്ള സഖ്യങ്ങളുമെല്ലാം ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നവയാണ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അണ്ണാ എഡിഎംകെയുമായുള്ള സഖ്യത്തിലാണ് ബിജെപി പ്രതീക്ഷ അര്‍പ്പിക്കുന്നത്. ബംഗാളില്‍ മാത്രമാണ് ബിജെപി വലിയ സഖ്യങ്ങളില്ലാതെ മത്സരിക്കുന്നത്. അസമില്‍ സഖ്യമുണ്ടെങ്കിലും ഒറ്റക്ക് ഭരണം നേടാനുള്ള കരുത്ത് ബിജെപി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തന്നെ തെളിയിച്ചതാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ വളര്‍ച്ച തുടങ്ങുന്നത് അസമില്‍ നിന്നാണ് എന്നതിനാല്‍ തന്നെ ബിജെപിക്ക് ഏറെ നിര്‍ണായകമാണ് അസമിലെ തിരഞ്ഞെടുപ്പ്. അതിലുപരി പൗരത്വ നിയമവും ദേശിയ പൗരത്വ രജിസ്റ്ററും ഏറെ ചര്ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വേദിയായതും അസമാണ്. അതിനാല്‍ തന്നെ പൗരത്വനിയമത്തിനുശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്തുകയെന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്‌നം കൂടിയാണ്.
അസമില്‍ ബിജെപിയുടെ വളര്‍ച്ച അഭൂതപൂര്‍വ്വമായിരുന്നു. 2016 ന് മുമ്പ് മാര്‍ജിനല്‍ പ്ലെയര്‍മാത്രമായിരുന്നു അസമില്‍ ബിജെപി. പക്ഷെ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തോളം തുടര്‍ച്ചയായി ഭരണം നടത്തിയിരുന്ന കോണ്‍ഗ്രസിനെ അട്ടിമറിച്ചത് ശക്തമായ വോട്ട് ഷെയറും സീറ്റും നേടിയായിരുന്നു. 2011 ല്‍ വെറും അഞ്ച് സീറ്റ് ഉണ്ടായിരുന്നിടത്ത് നിന്ന് 2016 ല്‍ 60 സീറ്റിലേക്കാണ് ബിജെപി വളര്‍ന്നത്. മോദി തരംഗത്തിനൊപ്പം പ്രാദേശിക തലത്തില്‍ ഉണ്ടാക്കിയ സഖ്യമാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഇവെച്ചത്. അസം ഗണപരിഷത്തുമായും ബോഡോലാന്റ് പീപ്പിള്‍സ്സ ഫ്രണ്ടുമായും കൈകോര്‍ത്തത് തന്നെയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി ഹിന്ദു പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കിയത്. അസമിലേക്ക് കുടിയേറിയവരെ അനധികൃത കുടിയേറ്റക്കാരാണ് എന്ന നിലപാട് ആവര്‍ത്തിച്ച് കുടിയേറ്റത്തെ നഖശിഖാന്തം എതിര്‍ക്കുന്നവരുമായുണ്ടാക്കിയ സഖ്യം ബിജെപിക്ക് അന്ന് ഗുണം ചെയ്തു. 126 ല്‍ 85 സീറ്റുകളാണ് 2016 ല്‍ ബിജെപി സഖ്യം നേടിയത്.
അസമില്‍ ബിജെപിക്ക് ഗുണം ചെയ്ത മറ്റൊരുഘടകം എഐയുഡിഎഫിന്റെ വരവാണ്. ബംഗാള്‍ വംശജരായ മുസ്ലീംങ്ങളുടെ സംരക്ഷകനെന്ന് സ്വയം അവകാശപ്പെട്ട് പെര്‍ഫ്യൂം നിര്‍മാണരംഗത്തെ അതികായനും വ്യവസായിയുമായ ബദറുദ്ദീന്‍ അജ്മല്‍ ആണ് 2005 ല്‍ ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക്ക് ഫ്രണ്ട് രൂപീകരിച്ചത്. അനധികൃത കുടിയേറ്റക്കാരെന്ന് വിളിക്കപ്പെട്ട ബംഗ്ലാ മുസ്ലീങ്ങള്‍ ഏറെയുള്ള ലോവര്‍ അസമിലടക്കം പിന്നീടുള്ള തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ശക്തിയായി എഐയുഡിഎഫ് വളര്‍ന്നു. 2016 ല്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി നടത്തിയ പ്രചാരണത്തിനൊപ്പം ബിജെപി വിരുദ്ധ വോട്ടുകള്‍ കോണ്‍ഗ്രസിനും എഐയുഡിഎഫിനും ഇടയില്‍ ചിതറി പോവുകയും ചെയ്തു. ഫലം ചരിത്രത്തിലാദ്യമായി ബിജെപി ഒരു വടക്ക് കിഴക്കന്‍ സംസ്ഥാനത്തില്‍ അധികാരത്തിലേറി.
2021 ല്‍ സംസ്ഥാനത്തെ രാഷ്ട്രീയ സസാഹചര്യങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. സഖ്യങ്ങളില്‍ വരെ മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടപ്പാക്കിയ പൗരത്വ നിയമവും അസമില്‍ നടപ്പാക്കിയ ദേശിയ പൗരത്വരജിസ്റ്ററും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിഷയമാവാന്‍ പോകുന്നതും അസമിലാണ്. ഇത് തന്നെയാണ് ഇത്തവണ പ്രതിപക്ഷം തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണവിഷയമാക്കുന്നതും. രാജ്യത്ത് ഏറ്റവും വലിയ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം നടന്നത് അസമിലായിരുന്നു. രാജ്യത്തിന്റെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി
പൗരത്വനിയമം നടപ്പാക്കുന്നതില്‍ ഏറ്റവും ആശങ്കാകുലരായത് അസമിലെ തനത് ജനവിഭാഗമാണ്. കുടിയേറ്റത്തെ തുടര്‍ന്ന് പ്രശ്‌നം രൂക്ഷമായിരുന്ന അസമിലേക്ക് പൗരത്വനിയമം നടപ്പാക്കുന്നത് കൂടുതല്‍ കുടിയേറ്റത്തിന് വഴിവെക്കുമെന്ന് പരമ്പരാഗത ഗോത്രവര്‍ഗ്ഗക്കാര്‍ ഭയക്കുന്നുണ്ട്. അസം അക്കോര്‍ഡിന്റെ സാധുതയെ തന്നെ നിയമം ചോദ്യം ചെയ്യുമെന്നാണ് അസമുകാര്‍ കരുതുന്നു. ദേശിയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയതോടെ നിരവധി പേര്‍ക്കാണ് പൗരത്വം തെളിയിക്കാനാവാതെ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ കഴിയേണ്ടിവരുന്നത്. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാനാവാതെ ഡിറ്റന്‍ഷന്‍സെന്ററിലടക്കപ്പെട്ടവരില്‍ കാര്‍ഗില്‍ യുദ്ധത്തിലെ ഹീറോ ആയ ജനറല്‍ വരെയുണ്ട് എന്നതാണ് കൗതുകകരം. പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം നിറഞ്ഞ് നില്‍ക്കുന്നത് പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും തന്നെയാണ്. പൗരത്വ നിയമ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് സ്മാരകം പണിയുമെന്ന വാഗ്ദാനമെല്ലാം നല്കിയാണ് കോണ്‍ഗ്രസ് വോട്ട് തേടുന്നത്. അസമിനെ രക്ഷിക്കാം (അസം ബസാവോ അശോക്) എന്ന കോണ്‍ഗ്രസിന്റെ മുദ്രാവാക്യം പൗരത്വനിയമത്തിലെ അസമുകരുടെ വികാരത്തെ തന്നെയാണ് ലക്ഷ്യമിടുന്നത്. അതേസമയം ബിജെപിയാകട്ടെ ഇത്തവണ പൗരത്വനിയമം വലിയ ചര്‍ച്ചയാക്കാതിരിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. വികസനത്തില്‍ ഊന്നിയുള്ള ചര്‍ച്ചയാണ് ബിജെപി തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത്. അസമില്‍ നടപ്പാക്കിയ പദ്ധതികളുടെ പേരില്‍ വോട്ട് തേടാനാണ് ശ്രമം. അസമില്‍ പലകുറി പ്രചാരണത്തിനെത്തിയ അമിത് ഷായും മോദിയും പൗരത്വനിയമത്തെ കുറിച്ച് മൗനം പാലിക്കുകയും അതേസമയം ബംഗാളില്‍ അത് വിഷയമാക്കുകയും ചെയ്യുന്നത് തിരിച്ചടി ഭയന്നാണ്. വികസനമന്ത്രത്തിനൊപ്പം തന്നെ അസമിലെ പരമ്പരാഗത ഗോത്രവര്‍ഗക്കാരെ പ്രീതിപ്പെടുത്തി ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളും ബിജെപി ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി പ്രഖ്യാപിക്കുകയോ ഉദ്ഘാടനം ചെയ്യുകയോ ചെയ്ത വന്‍കിട പദ്ധതികളെല്ലാം അപ്പര്‍ അസമിലെ ജില്ലകളിലാണ് വരുന്നത്. അതായത് പ്രാദേശികവാദികളായ പരമ്പരാഗത അസാമികളുടെ വോട്ടുകള്‍ ഏറെയുള്ള പ്രദേശങ്ങളില്‍. അവിടങ്ങളില്‍ തന്നെയാണ് പൗരത്വനിയമത്തിനെതിരെ വലിയ പ്രതിഷേധങ്ങളും അരങ്ങേറിയത്. തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപി വിജയം ആവര്‍ത്തിച്ചെങ്കിലും വോട്ട് ഷെയറില്‍ കുറവ് സംഭവിച്ചത് പൗരത്വനിയമം വരുത്തിവെച്ച വിനയാണെന്ന് പ്രാദേശിക നേതൃത്വത്തില്‍ വിലയിരുത്തലുണ്ട്. അതിനാല്‍ തന്നെ പൗരത്വനിയമം തിരഞ്ഞെടുപില്‍ ചര്‍ച്ചയാക്കാതിരിക്കാന്‍ തന്നെയാണ് അസമില്‍ ബിജെപിയുടെ ശ്രമം.
അസമില്‍ ഇത്തവണ സഖ്യങ്ങളിലും വലിയമാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഇത്തവണ ഒറ്റക്കല്ല. ബിജെപി വിരുദ്ധ ചേരിയെന്ന മഹാസഖ്യം രൂപീകരിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്. കോണ്‍ഗ്രസിന്റെ അസമിലെ എക്കാലത്തേയും വൈരികളായ എഐയുഡിഎഫ് ഇത്തവണ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്താണ് മത്സരിക്കുന്നത്. ഇതിനുപുറമെ ഇടത് പാര്‍ട്ടികളായ സിപിഎം, സിപിഐ, സിപിആ എംഎല്‍ പാര്‍ട്ടികളും മഹാസഖ്യത്തിലുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് രൂപീകൃതമായ ആഞ്ചലിക്ക് ഗണ മോര്‍ച്ചയും മഹാസഖ്യത്തിനോട് ചേര്‍ന്നുകഴിഞ്ഞു. ഇതോടെ കഴിഞ്ഞ തവണത്തെ പോലെ ബിജെപി വിരുദ്ധ വോട്ടുകള്‍ ചോര്‍്ന്നുപോകാതിരിക്കാന്‍ വേണ്ട കരുതലും ശ്രമവും പ്രതിപക്ഷപാര്‍ട്ടികള്‍ എടുത്തിട്ടുണ്ട്. ഇതിനുപുറമെ ബിജെപി സഖ്യമുപേക്ഷിച്ച ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് സഹാസഖ്യവുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണെന്ന് അറിയിച്ചതും പ്രതിപക്ഷ ക്യാമ്പിന് ഊര്‍ജ്ജം പകരുന്നുണ്ട്. തങ്ങളുടെ ശക്തികേന്ദ്രമായ ബോഡോലാന്റ് ടെറിടോറിയല്‍ റീജിയണിലെ 12 സീറ്റില്‍ തങ്ങളെ സഹായിച്ചാല്‍ ബിടിആറിന് പുറത്ത് തങ്ങള്‍ക്ക് സ്വാധീനമുള്ള 28 സീറ്റുകളില്‍ മഹാസഖ്യത്തെ പിന്തുണയ്ക്കാമെന്നാണ് ബിപിഎഫിന്റെ വാഗ്ദാനം. മഹാസഖ്യത്തിനൊപ്പം പ്രാദേശിക ചെറുകക്ഷികളുമായും ബിപിഎഫ് സഖ്യചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ബിജെപിയുമായോ ബിജെപി സഖ്യകക്ഷികളുമായോ യാതൊരുവിധ ധാരണയ്ക്കും തയ്യാറല്ലെന്നും ബിപിഎഫ് തലവന്‍ ഹഗ്രാമ മൊഹിലാരി പ്രഖ്യാപിച്ചുകഴിഞ്ഞു.
അതേസമയം ബിജെപി പാളയത്തിലാകട്ടെ കഴിഞ്ഞ സഖ്യത്തില്‍ നിന്ന് രണ്ടാമത്തെ വലിയ കക്ഷിയായിരുന്ന ബിപിഎഫ് പുറത്തുപോയി കഴിഞ്ഞു. ബിജെപി സര്‍ക്കാരില്‍ മൂന്ന് മന്ത്രിമാരുണ്ടായിരുന്ന ബിപിഎഫിന് 13 സീറ്റും ഉണ്ടായിരുന്നു. ബോഡോലാന്റ് ടെറിട്ടോറിയല്‍ റീജിണല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് ബിപിഎഫ് സഖ്യം വിട്ടത്. സഖ്യം വിട്ടെങ്കിലും മന്ത്രിസഭയില്‍ നിന്ന് പിന്‍മാറിയിരുന്നില്ല. ബിപിഎഫിനുപകരം കഴിഞ്ഞ ഡിസംബറില്‍ സ്വതന്ത്രഭരണാവകാശമുള്ള ബോഡോലാന്റ്് ടെറിട്ടോറിയല്‍ റീജിണലില്‍ അധികാരത്തിലേറിയ യുപിപിഎല്ലുമായി കൈകോര്‍ത്തിരിക്കുകയാണ് ബിജെപി. യുപിപിഎല്‍ ബിപിഎഫിന്റെ വിടവ് നികത്തുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നിലവിലെ സഖ്യകക്ഷിയായ അസം ഗണ പരിഷത്തും കൂട്ടിനുള്ളപ്പോള്‍ ഭരണം നിലനിര്‍ത്താമെന്ന വിശ്വാസം ബിജെപിക്കുണ്ട്.
No comments:
Post a Comment