ബംഗാള്‍. മൂന്നരപതിറ്റാണ്ട് കാലത്തോളം ഇടത് കോട്ടയും പിന്നീടിങ്ങോട്ട് രണ്ട പതിറ്റാണ്ടോളം തൃണമൂല്‍ കോട്ടയുമായി നിലനില്‍ക്കുന്ന സംസ്ഥാനം. ഇത്തവണ പക്ഷെ ബംഗാള്‍ നിറം മാറുമോയെന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും ശ്രദ്ധയും ബിജെപി നല്‍കുന്നതും ഒരുപക്ഷെ ബംഗാളില്‍ ആണ്. ഇത്തവണ ബംഗാളില്‍ കളിമാറുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇടത് - മമത പോരാട്ടമല്ല ഇപ്പോള്‍ ബംഗാളിലുള്ളത്. ബിജെപി-മമത പോരാട്ടമാണ്. ഇടതുപക്ഷവും കോണ്‍ഗ്രസും സഖ്യമുണ്ടാക്കി രംഗത്തിറങ്ങുമ്പോളും ത്രികോണമത്സരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ പഴയ ഭരണപാര്‍ട്ടികള്‍ക്ക് എത്രമാത്രം സാധിക്കുമെന്ന ചോദ്യം ഏറെ പ്രസക്തമാണ്.
294 സീറ്റുകളിലേക്ക് എട്ട് ഘട്ടങ്ങളായണ് ഇത്തവണ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്. കഴിഞ്ഞതവണ ഇത് ഏഴ് ഘട്ടങ്ങളായായിരുന്നു. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പേ തൃണമൂലും ബിജെപിയും അധികാരം പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 200 സീറ്റുകളാണ് ബംഗാളില്‍ ബിജെപി ലക്ഷ്യം വെക്കുന്നത്. അതില്‍കുറഞ്ഞ ഒന്നുകൊണ്ടും ബിജെപി തൃപ്തരമാവില്ലെന്ന് നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി മോദിയും അമിത് ഷായും ജെ പി നഡ്ഡയുമെല്ലാം ബംഗാളില്‍ തന്നെയാണ്. ബിെപി നേതാക്കളുടെ ഓരോ വരവും ബംഗാള്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ വേദികൂടിയാക്കി. ഇരുപാര്‍ട്ടികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ 2018 ല്‍ മാത്രം 61 പേരാണ് കൊല്ലപ്പെട്ടത്. ജെപി നഡ്ഡയുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെയില്‍ അടക്കം ആക്രമണങ്ങള്‍ അരങ്ങേറിയത് ഇരുവിഭാഗവും എത്രമാത്രം വാശിയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് തെളിയിക്കുന്നുണ്ട്.
pic courtesy google |
കാര്യമായ സഖ്യങ്ങളൊന്നും ബിജെപിക്കോ തൃണമൂലിനോ ബംഗാളിലെ തിരഞ്ഞെടുപ്പിലില്ല. ഇരുവരും നേര്‍ക്കുനേരുള്ള പോരാട്ടമാണ്. ഇരുവരും തമ്മിലുള്ള പ്രീഇലക്ഷന്‍ പോരാട്ടത്തില്‍ സംഘടനാപരമായി ഏറ്റവും കൂടുതല്‍ ക്ഷീണം ചെയ്തത് തൃണമൂല്‍ കോണ്‍ഗ്രസിനാണ്. അവരുടെ മന്ത്രിമാരടക്കം 14 എംഎല്‍എമാരാണ് പാര്‍ട്ടി വിട്ട് ബിജെപി പാളയത്തിലെത്തിയത്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദി തൃണമൂലിലെ 40 എംഎല്‍എ മാര്‍ പാര്‍ട്ടിമാറി ബിജെപിയില്‍ ചേരാന്‍ തങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് പ്രസ്താവിച്ചപ്പോള്‍ അത് പുച്ഛിച്ച് തള്ളിയ ദീദീക്ക്് പക്ഷെ കഴിഞ്ഞ നാല് മാസക്കാലത്തെ കൊഴിഞ്ഞുപോക്ക് ചെറിയതിരിച്ചടിയൊന്നുമല്ല സമ്മാനിച്ചിരിക്കുന്നത്. നന്ദിഗ്രാം പ്രദേശത്തെ ശക്തനായ സുഖേന്തു അധികാരി പാര്‍ട്ടി മാറിയശേഷം മമതയെ നന്ദിഗ്രാമില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ചത് വലിയ അഭിമാന പ്രശ്‌നമായാണ് മമത എടുത്തിരിക്കുന്നത്. സ്ഥിരം മണ്ഡലത്തിനൊപ്പം നന്ദിഗ്രാമിലും ഇത്തവണ മമത ജനവിധി തേടുമെന്ന് ഉറപ്പായികഴിഞ്ഞു.
അസമില്‍ നിന്ന് ബംഗാളിലേക്കെത്തുമ്പോള്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് സ്ട്രാറ്റജിയും മാറുന്നുണ്ട്. അസമില്‍ പൗരത്വനിയമം ചര്‍ച്ചയാക്കാന്‍ മടിക്കുന്ന ബിജെപി ബംഗാളില്‍ അത് ചര്‍ച്ചയാക്കുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം യഥാര്‍ത്ഥ ബംഗാളികളുടെ അവകാശമില്ലാതാക്കിയെന്ന് ബിജെപി പ്രചരിപ്പിക്കുന്നു. ബംഗാളില്‍ 70 ശതമാനം വോട്ടര്‍മാരംു ഹിന്ദുക്കളാണ് എന്നത് തന്നെയാണ് ബംഗാളിലെ നിലപാട് മാറ്റത്തിന് കാരണം. ബംഗാളില്‍ വോട്ട് മതപരമായി ധ്രൂവീകരണ നടത്തി വിജയം സ്വന്തമാക്കാമെന്നാണ് അമിത് ഷായും കൂട്ടരും ലക്ഷ്യമിടുന്നത്. ഹൈന്ദവ വോട്ടുകള്‍ക്കൊപ്പം ബംഗാളിന്റെ പാരമ്പര്യവും ബംഗാളികളായ സാമൂഹിക സാംസ്‌കാരിക നേതാക്കളുടെ പേരിലും വോട്ട് പെട്ടിയിലാക്കാനാണ് ബിജെപിയും ശ്രമം. ഗുജറാത്തില്‍ സര്‍ദ്ദാര്‍ വല്ലഭായ് പട്ടേലിനെ പട്ടേല്‍ വിഭാഗത്തിന്റെ വോട്ട് നേടാന്‍ ഉപയോഗിച്ചത് പോല സുഭാഷ് ചന്ദ്രബോസിന്റെ സ്മരണകളെയാണ് ബംഗാളില്‍ ബിജെപി കൂട്ടുപിടിക്കുന്നത്. എല്ലാ ചടങ്ങുകളിലും ജയ് ശ്രീറാം വിളികള്‍ ഉയര്‍ത്തുന്നതിലൂടെ ഹൈന്ദവരഷ്ട്രീയ ബംഗാളിന്റ മണ്ണില്‍ വേരോടിക്കാമെന്നാണ് ബിജെപിയുടെ തന്ത്രം.
ബംഗാളില്‍ ഏറ്റവും നിര്‍ണായകമാവുന്നത് മുസ്ലീം വോട്ടുകളാണ്. ഏതാണ്ട് 30 ശതമാനം വരും ഇത്. 294 ല്‍ 145 സീറ്റുകളില്‍ നിര്‍ണായകവുമാണ് മുസ്ലീം വോട്ടുകള്‍. 46 മണ്ഡലങ്ങളില്‍ മുസ്ലീം ജനസംഖ്യ 50 ശതമാനത്തിലേറെയാണ്. 16 ഇടത്ത് 40 നും 50 നും ഇടയിലും. 33 ഇടത്ത് 30-40 ശതമാനം വരെ മുസ്ലീം വിഭാഗക്കാരുടെ ശക്തായ സാന്നിധ്യമുള്ളപ്പോള് ഏതാണ്ട് 50 സീറ്റുകളില്‍ 20 നും 30 നും ഇടയിലാണ് ഇവരുടെ പ്രാതിനിധ്യം. 100 ലേറെ സീറ്റുകളില്‍ മുസ്ലീം വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കുമെന്നതാണ് ബംഗാളില്‍ മുസ്ലീങ്ങളെ നിര്‍ണായശക്തികളാക്കുന്നത്. മാള്‍ഡ, മുര്‍ഷിദാബാദ്, നോര്‍ത്ത് ദീന്ജ്പൂര്‍, സൗത്ത് 24 പര്‍ഗാനാസ്, നോര്‍ത്ത് 24 പര്‍ഗാനാസ്, നാഡിയ തുടങ്ങിയ പല ജില്ലകളിലും ഹിന്ദു വോട്ടര്‍മാരേക്കാള്‍ മുസ്ലീം വോട്ടര്‍മാരാണ് കൂടുതല്‍. അതിനാല്‍ തന്നെ ഇവിടങ്ങളില്‍ കൂടുതല്‍ ധ്രൂവീകരണം നടത്തുകയെന്നത് തന്നെയാണ് ബിജെപിയുടെ ശ്രമം. ഇവിടങ്ങളിലെ ഹിന്ദുവോട്ടുകള്‍ ഒരെണ്ണം പോലും ചോര്‍ന്ന് പോകാതെ സ്വന്തം പെട്ടിയില്‍ വീഴ്ത്തിയാല്‍ 200 സീറ്റെന്ന ലക്ഷ്യം നിസാരമായി കടക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തൃണമൂലിനേക്കാള്‍ 3 ശതമാനം വോട്ട് മാത്രമാണ് കുറവുള്ളത്. എന്നിട്ടും തൃണമൂലിന് കൂടുതല്‍ സീറ്റ് ലഭിക്കാന്‍ സഹായകമായത് 65 ശതമാനം മുസ്ലീം വോട്ടുകളും തൃണമൂലിന് നേടാനായി എന്നത്‌കൊണ്ടുമാത്രമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ട് ഷെയര്‍ മാത്രം മതി മുസ്ലിം വോട്ടുകള്‍ എത്രമാത്രം നിര്‍ണായകമാണ് ബംഗാളിലെന്ന് മനസിലാകാന്‍.
ഈ മുസ്ലീം വോട്ടുകല്‍ ഭിന്നിക്കാതെ ബിജെപിക്കെതിരെ ഒന്നിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് മമതയ്ക്ക് സാധിച്ചെടുക്കാനുള്ളത്. വാജ്‌പേയിയുടെ കാലത്ത് ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ മമതയ്ക്ക് നഷ്ടമായതാണ് ബംഗാളിലെ മുസ്ലീങ്ങളുടെ പിന്തുണ. അ്ത് പിന്നീട് തിരിച്ചുപിടിച്ച മമതയ്ക്ക് സംസ്ഥാനത്തെ ഇടത് ഭരണം അവസാനിപ്പിക്കാന്‍ വഴിയൊരുക്കിയതും ഇതേ മുസ്ലീം വോട്ടര്‍മാര്‍ തന്നെയാണ്. സ്ച്ചാര് കമ്മിറ്റി റിപ്പോര്‍ട്ട് ഉയര്‍ത്തി മമത നടത്തിയ പ്രചരണമാണ് 10 വര്‍ഷം മുമ്പ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരിനെ പുറത്താക്കിയത്. പിന്നീട് മുസ്ലീം ജനവിഭാഗത്തിന് വേണ്ടി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ മമത മുസ്ലീങ്ങളുടെ പ്രിയപ്പെട്ട ദീദിയായി മാറി. ഇതിനുപുറമെ ഇട്ത പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ഥമായി മമത മുസ്ലിം സ്ഥാനാര്‍ത്ഥികളെ കൂടുതലായി മത്സരരംഗത്തിറക്കുകയും ക്യാബിനറ്റില്‍ കൂടുതല്‍ ഉറുദു സംസാരിക്കുന്ന മുസ്ലീം മന്ത്രിമാരെ ഉള്‍പ്പെടുത്തുകയും ചെയ്തു. മുസ്ലീങ്ങള്‍ക്കിടയില്‍ ഉറുദുവില്‍ സംസാരിക്കുന്ന മമത പ്രസംഗത്തിനിടെയില്‍ അറബി പദങ്ങള്‍ ഉപയോഗിക്കുന്നതും ശൈലിയാക്കിമാറ്റി.
പക്ഷെ ബംഗാളിലെ ഇപ്പോഴത്തെ സാഹചര്യം മുസ്ലീം വോട്ടുകളെ പൂര്‍ണമായും ഒപ്പം നിര്‍ത്തുന്നതില്‍ വലിയെ വെല്ലുവിളികളാണ് മമതയ്ക്ക് ഉയര്‍ത്തുന്നത്. പ്രതാപകാലത്ത് മുസ്ലിം വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന കോണ്‍ഗ്രസ് മുസ്ലീമുകള്‍ക്കിടയിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണ്. ഇടത് - കോണ്‍ഗ്രസ് സഖ്യം മുസ്ലീം വോട്ടര്‍മാര്‍ക്കിടയില്‍ അനുകൂല തരംഗം ഉണ്ടാക്കാനുള്ള എല്ലാ അടവുകളും പയറ്റുന്നുമുണ്ട്. ഇസ്ലാമിക പണ്ഡിതനായ പിര്‍സാദ അബ്ബാസ് സിദിഖ്വിയുടെ ഇന്ത്യന്‍ സെക്യലര്‍ ഫ്രണ്ടുമായി സഖ്യം കൈകോര്‍ക്കുന്നത് മുസ്ലീ വോട്ടുകള്‍ ലക്ഷ്യമിട്ടാണ്. ബംഗാളിലെ ഏറ്റവും സ്വാധീനമുള്ള മുസ്ലീം നേതാവാണ് സിദിഖ്വി. കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും സിദിഖ്വിയുടെ പിന്തുണയാണ് മമതയെ അധികാരം നിലനിര്‍ത്താന്‍ സഹായിച്ചത്. ഇത്തവണ ഇത് ഇടത് കോണ്‍ഗ്രസ് പാളയത്തിലെത്തിയാല്‍ മമതയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.
ഇതിനെല്ലാം പുറമെ ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം പാര്‍ട്ടിയുടെ ബംഗാളിലേക്കുള്ള കടന്നുവരവും മമതയുടെ ഉറക്കം കെടുത്തും. ബിഹാറില്‍ ആര്‍ജെഡി കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ സാധ്യതകള്‍ തല്ലിക്കെടുത്തിയ ഒവൈസി ബംഗാളിലെ മുസ്ലിംവോട്ടര്‍മാരിലും നേട്ടമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. സിദ്ദിഖ്വിയുമായി സഖ്യമുണ്ടാക്കാന്‍ ജനുവരിയില്‍ ഒവൈസി ശ്രമിച്ചെങ്കിലും സിദ്ദിഖ്വി വഴങ്ങിയില്ല. ഒവൈസി മത്സരിക്കാനിറങ്ങിയാല്‍ അത് ബിജെപിക്കെതിരെ ധ്രുവീകരിക്കപ്പെടുന്ന വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖ്വി സഖ്യത്തിനുള്ള ഒവൈസയുടെ ക്ഷണം നിരസിച്ചത്. ഉറുദുവില്‍ സംസാരിക്കുന്ന ഒവൈസി മുസ്ലീങ്ങളെ രാഷ്ട്രീയമായി ഒന്നിപ്പിക്കണമെന്നും മുസ്ലീങ്ങള്‍ക്കായി ഒരു അഖിലേന്ത്യ പാര്‍ട്ടി രൂപീകരിക്കണമെന്നുമുള്ള ആശയക്കാരനാണ്. പക്ഷെ ബംഗാളിലെ നിലവിലെ സാഹചര്യത്തില്‍ ബിജെപി വിരുദ്ധ മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കാനേ ഒവൈസിയുടെ നീക്കം വഴിവെക്കു. കോണ്‍ഗ്രസുമായും ഇടത് പക്ഷവുമായും ദേശിയതലത്തില്‍ തന്നെ വലിയ വിയോജിപ്പുകളുള്ള ഒവൈസി ബംഗാളില്‍ അവരുമായി സഹകരിക്കില്ലെന്നത് തീര്‍ച്ചയാണ്. ഒവൈസിയുടെ കടന്ന് വരവിനെ സന്തോഷത്തോടെയാണ് ബിജെപി സ്വീകരിച്ചതെന്നത് ശ്രദ്ധേയമാണ്. മുസ്ലീം വോട്ടുകള്‍ ഭിന്നിക്കുകയും ഹിന്ദുവോട്ടുകള്‍ ക്രോഡീകരിക്കുകയും ചെയ്താല്‍ ബിജെപിക്ക് പാട്ടുംപാടി വംഗനാട് പിടിക്കാമെന്നത് തന്നെയാണ് ഇതിന് കാരണം. ഒവൈസിയെ ഇതിനാല്‍ തന്നെയാണ് ബിജെപിയുടെ ബി ടീമെന്ന് മറ്റ് പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നതും. ബിജെപിക്ക് ഭരണം പിടിക്കാന്‍ വഴിയൊരുക്കുന്ന നിലപാടാണ് ബിഹാറിലും ഇപ്പോള്‍ ബംഗാളിലും ഒവൈസി പയറ്റാന്‍ പോകുന്നത്.
തൃണമൂലിന്റെ ജൂനിയര്‍ ഘടകക്ഷിയായി ബംഗാളില്‍ മത്സരിച്ചിരുന്ന ബിജെപി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ബംഗാളില്‍ സ്വന്തമാക്കിയത്. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പുമുതല്‍ ഏറ്റവും ഒടുവില്‍ നടന്ന 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. 2011 ല്‍ വെറും 4.1 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിജെപിക്ക് 2019 ലെത്തുമ്പോള്‍ പത്തിരട്ടിയാണ് വളര്‍ച്ച. 40.3 ശതമാനം വോട്ടുകളാണ് ബിജെപി കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ നേടിയത്. ഇടത് പക്ഷത്തിന്‍രെ വോട്ടുകളാണ് ഈ കാലയളവില്‍ ബിജെപിയിലേക്ക് മറഞ്ഞതെന്നും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും. 2011 ല്‍ 41.1 ശതമാനം ഉണ്ടായിരുന്ന ഇടത്പക്ഷത്തിന്റെ വോട്ട് 2019 ല്‍ വെറും 7.5 ശതമാനമാണ്. കോണ്‍ഗ്രസിന് 2011 ല്‍ നിന്ന് 2019 ല്‍ എത്തുമ്പോള്‍ മൂന്നര ശതമാനത്തിന്റെ കുറവും സംഭവിച്ചു. അതേമയം തൃണമൂലിനാകട്ടെ 38.9 ശതമാനത്തില്‍ നിന്ന് 43.3 ശതമാനമായി ഉയര്‍ന്നു. തൃണമൂലിന് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 45.6 ശതമാനമായിരുന്നു വോട്ട് ലഭിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടത് കോണ്‍ഗ്രസ് സഖ്യം (സഖ്യമല്ല, പ്രാദേശിക ധാരണമാത്രമെന്നാണ് പാര്‍ട്ടികള്‍ അവകാശപ്പെടുന്നത്) 39 ശതമാനം ആണ് നേടിയത്. ഇട്ത കോണ്‍ഗ്രസ് കൂട്ടുകെട്ട് 39 ശതമാനം നേടിയപ്പോള്‍ അന്ന് അത് ക്ഷീണം ചെയ്തത് ബിജെപിക്കായിരുന്നു. 2014 ലെ മോദി തരംഗത്തില്‍ 17 ശതമാനം വോട്ട് നേടിയ ബിജെപി 10.3 ശതമാനത്തിലേക്ക് ചുരുങ്ങി. അവിടെ നിന്നാണ് മൂന്ന് വര്‍ഷം കൊണ്ട് ബിജെപി 40.3 ശതമാനത്തിലേക്ക് വളര്‍ന്നത്.
തൃണമൂലിന്റെ കരുത്തരും സ്വാധീനമുള്ളവരുമായ സംസ്ഥാന- പ്രാദേശിക നേതാക്കളെ അടര്‍ത്തിയെടുത്തുള്ള ഇത്തവണത്തെ പരീക്ഷണം ഈ വോട്ട് ഷെയറും സീറ്റും കൂട്ടുമെന്ന് ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്നു. ഇതിനൊപ്പം ബിജെപി വിരുദ്ധ വോട്ടുകള്‍ ഇടത് കോണ്‍ഗ്രസ് സഖ്യവും തൃണമൂലും ഒവൈസിയുമെല്ലാം ചേര്‍ന്ന് പിളര്‍ത്തിയാല്‍ ചരിത്രത്തിലാദ്യമായി ബംഗാളിന്റെ ഭരണം കൈപിടിയിലൊതുക്കാമെന്നാണ് ബിജെപി ക്യാമ്പിലെ പ്രതീക്ഷകള്‍. ബിജെപിയെ ഏറ്റവും കൂടുതല്‍ ത്രസിപ്പിക്കുന്ന വിജയവും അങ്ങനെയെങ്കില്‍ ബംഗാളിലേതാകും.
.......
(270221)
No comments:
Post a Comment