Sunday, 28 February 2021

'തമിഴ്' വാഴാന്‍ ബിജെപി


തമിഴ്. 

ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഭാഷകളിലൊന്ന്. മനോഹരമായ കവിതകളും കഥകളും പിറന്ന ഭാഷ. മറ്റ് ഭാഷകളെ അപേക്ഷിച്ച് കേള്‍ക്കാന്‍ മാത്രം ഇമ്പമുള്ളതല്ല തമിഴ് മൊഴി. മറിച്ച് ഏറ്റവും ബഹുമാനം തുളുമ്പുന്ന അഭിസംബോധനകള്‍ കാത്ത് സൂക്ഷിക്കുന്ന ഭാഷകൂടിയാണ് തമിഴ്. ശത്രുവിനെ പോലും ബഹുമാനത്തോടെ മാത്രം അഭിസംബോധനചെയ്യുന്ന മറ്റൊരു ഭാഷ ലോകത്ത് തന്നെ അപൂര്‍വ്വമായിരിക്കണം. തമിഴന്് ഉയിരാണ് അവന്റെ ഭാഷ. അവന്റെ സ്വകാര്യ അഹങ്കാരവും അഭിമാനവുമാണ് അവന്റെ സംസ്‌ക്കാരവും നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന ഭാഷയും.

ഭാഷയെന്നെങ്കിലും തിരഞ്ഞെടുപ്പ് വിഷയമായിട്ടുണ്ടാകുമോ. ഒരുപക്ഷെ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ അതിരുകള്‍ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലടക്കം പ്രതിഷേധങ്ങള്‍ നടന്നപ്പോഴും ഭാഷ തിരഞ്ഞെടുപ്പ് വിഷയമായിരിക്കാന്‍ വഴിയില്ല. എന്തായാലും ലോകമെങ്ങും വികസനത്തിന്റെ പേരില്‍ വോട്ട്  തേടുന്ന ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ തീര്‍ച്ചയായും ഭാഷയെന്നത് തിരഞ്ഞെടുപ്പ് വിഷയമാകാന്‍ ഒരു സാധ്യതയുമില്ല. പക്ഷെ ഈ 2021 ല്‍ ഇന്ത്യയില്‍ ഭാഷ ഒരു തിരഞ്ഞെടുപ്പ് വിഷയമാവുകയാണ്. അല്ലെങ്കില്‍ ബോധപൂര്‍വ്വം ആക്കുകയാണ്. മറ്റെങ്ങുമല്ല, തമിഴ്‌നാട്ടില്‍.

ഫ്രെബ്രുവരിയിലെ തന്റെ പ്രതിമാസ റേഡിയോ പ്രസംഗ പരിപാടിയായ മന്‍ കി ബാത്തിലൂടെ 28 ന് ഞായറാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരായിമ തമിഴ് പഠിക്കാന്‍ സാധിച്ചില്ല എന്നതാണത്രേ. ഹൈദരാബാദ്കാരിയായ അപര്‍ണ റെഡ്ഡിയുടെ ചോദ്യത്തിന് മറുപടിയായാണ് മോദി തന്റെ തമിഴ് സ്്‌നേഹം പങ്കുവെച്ചത്. തീരുന്നില്ല, മോദി മാത്രമല്ല, തമിഴ്‌നാട്ടില്‍ പ്രചാരണത്തിനെത്തിയ അമിത് ഷായും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സങ്കടമായി ഇതേ ദിവസം പറഞ്ഞത നൂറ്റാണ്ടിന്റെ പൈതൃകം പേറുന്ന തമിഴ് തനിക്ക് സംസാരിക്കാനറിയില്ല എന്നതാണ് ! ഒരുപക്ഷെ രണ്ടും തികച്ചും യാദൃശ്ചികം ആയിരിക്കാം്. പക്ഷെ, അതിലുപരി ഇത് അവരുടെ ആവശ്യകത കൂടിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. എന്തുകൊണ്ടെന്നാല്‍ ഉത്തരേന്ത്യന്‍ പാര്‍ട്ടിയായാണ് ബിജെപിയെ പൊതുവില്‍ തമിഴ്‌നാട്ടുകാര്‍ കാണുന്നത്. ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചും രാജ്യം മുഴുവനും ഹിന്ദി ഭാഷയ്ക്ക് പ്രാധാന്യം കൊടുക്കുകയും വേണമെന്ന് വാദിക്കുന്ന പാര്‍ട്ടികൂടിയാണ് ബിജെപി. ബിജെപിയുടെ നയങ്ങളും നിലപാടുകളും ഏതാണ്ട്  അങ്ങനെ തന്നെ. ഹിന്ദി ഇതരഭാഷ സംസാരിക്കുന്നതിനെ ചൊല്ലി പലപ്പോഴും തമിഴരും ഉത്തരേന്ത്യക്കാരും ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്. ഡിഎംകെ എംപിയായ കനിമൊഴിക്ക് വിമാനത്താവളത്തില്‍ വെച്ച് ഹിന്ദി സംസാരിക്കാത്തതിന്റെ പേരില്‍ മോശം അനുഭവം നേരിടേണ്ടിവന്നതും സമീപകാലത്ത് തന്നെ. 

അതുകൊണ്ട് തന്നെ തമിഴനെ പ്രീണിപ്പിക്കാന്‍ ഹിന്ദിയും കൊണ്ട് ഇറ്ങ്ങിയിട്ട് കാര്യമില്ലെന്ന് മോദിക്കും അമിത് ഷായക്കുമറിയാം. അവര്‍ക്ക് മാത്രമല്ല, രാഹുലിനും അത് നന്നായറിയാം. അതിനാലാണ് രാഹുല്‍ കോയമ്പത്തൂരിലെ റോഡ് ഷോക്കിടെ തമിഴ് സംസ്‌ക്കാരത്തേയും ഭാഷയേയും മാനിക്കാത്തവരാണ് ബിജെപിക്കാരെന്ന് പറഞ്ഞത്. തങ്ങള്‍ ദ്രാവിഡ സംസ്‌ക്കാരത്തെ ഓര്‍ത്ത് അഭിമാനിക്കുന്നവരാണെന്നും കാമരാജിന്റെ പാര്‍ട്ടിക്കാര്‍ ആണെന്നുമെല്ലാം രാഹുല്‍ തമിഴ്‌നാട്ടിലെ പ്രചാരണത്തിനിടെ ഇതേ ഫെബ്രുവരി 28 ന് പ്രസംഗിച്ചത്. തമിഴനെ ഒപ്പം കൂട്ടാന്‍ തമിഴ് സംസ്‌ക്കാരത്തേയും ഭാഷയേയും പുകഴ്ത്തിയേ പറ്റൂ.  

ഏപ്രില്‍ ആറിന് കേരളത്തിനൊപ്പം തന്നെയാണ് തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ്്. മറ്റു സംസ്ഥാനങ്ങളിലെ അപേക്ഷിച്ച് ബിജെപി മേജര്‍ പ്ലയര്‍ അല്ലാതെ പ്രാദേശിക പാര്‍ട്ടിയുടെ ഘടകകക്ഷിയായി മത്സരിക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. അണ്ണാ ഡിഎംകെയുടെ മഴവില്‍ സഖ്യത്തിലെ ഒരു ചറുകക്ഷിയാണ് ബിജെപി. (കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഇത് തന്നെയാണ് സഖ്യം). കാര്യമായ വേരുകളൊന്നും ബിജെപിക്ക് തമിഴ്‌നാട്ടില്‍ അവകാശപ്പെടാനാവില്ല. 2014 ല്‍ കന്യാകുമാരി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് പൊന്‍രാധാകൃഷ്ണന്‍ വിജയിച്ചത് മാത്രമാണ് കാര്യമായ നേ്ട്ടം. തൊട്ടുപിന്നാലെ 2019 ല്‍ അതേ സീറ്റില്‍ പൊന്‍ രാധാകൃഷ്ണന്‍ പരാജയപ്പെടുകയും ചെയ്തു. വോട്ട് ശതമാനത്തിലും കാര്യമായ വര്‍ദ്ധന വരുത്താനോ ലഭിക്കുന്ന വോട്ടുശതമാനം നിലനിര്‍ത്താനോ തമിഴ്‌നാട്ടില്‍ ഇതുവരേയും ബിജെപിക്കായിട്ടില്ല. അതിനാല്‍ തന്നെ തല്‍ക്കാലം എഐഎഡിഎംകെയുടെ നിഴലായി നില്‍ക്കുക എന്നത് മാത്രമേ ബിജെപിക്ക് വഴിയുള്ളു.

pic courtesy News Minute


2011 മുതലുള്ള നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ബിജെപിക്ക് ഇപ്പോഴും തമിഴ്‌നാടിന്റെ മനസ് മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് മനസിലാക്കാം. 2011 ല്‍ ഒറ്റക്ക് മത്സരിച്ച ബിജെപിക്ക് നേടാനായത് 2.22 ശതമാനം വോട്ടുകളാണ്. ശക്തമായ മോദി തരംഗമുണ്ടായ 2014 ല്‍ ആണ് ഇതുവരെയുള്ള ബിജെപിയുടെ സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ് ശതമാനം.് 5.48 ശതമാനം വോട്ടിനൊപ്പം കന്യാകുമാരി സീറ്റിലും ബിജെപി വിജയിച്ച് ചരിത്രം കുറിച്ചു. ബിജെപിയുടെ വോട്ട് എന്ന്തിനപ്പുറം പൊന്‍ രാധാകൃഷ്ണന്‍ എന്ന വ്യക്തിക്ക് ലഭിച്ച വോട്ടുകളായിരുന്നു കന്യാകുമാരിയിലെ വിജയത്തിന് പിന്നില്‍. പൊന്‍ രാധാകൃഷ്ണന്‍ കേന്ദ്രത്തില്‍ മന്ത്രിയുമായി. പക്ഷെ പിന്നാല 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 230 മണ്ഡലങ്ങളിലും മ്ത്സരിച്ച ബിജെപിക്ക് മിക്കയിടത്തും കെട്ടിവെച്ച കാശുപോലും തിരിച്ചുകിട്ടിയില്ല. മാത്രവുമല്ല വോട്ട് ശതമാനത്തില്‍ രണ്ട് വര്‍ഷം കൊണ്ട് പകുതിയാവുകയും ചെയ്തു. വെറും 2.8 ശതമാനമാണ് ബിജെപിക്ക് തമിഴ്‌നാട്ടില്‍ നിന്ന് കിട്ടിയ വോട്ട് വിഹിതം. ജയലളിതയുടെ മരണത്തോടെ എഐഎഡിഎംകെയെ വരുതിയിലാക്കിയ ബിജെപി 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തിലാണ് മത്സരിച്ചത്. വോട്ട് ശതമാനം കൂടിയെന്നതല്ലാതെ ഒരു ഗുണവും ബിജെപിക്കുണ്ടായില്ല. കയ്യിലുണ്ടായിരുന്ന കന്യാകുമാരി സീറ്റ് കൂടി നഷ്ടമാവുകയും ചെയ്തു. 2019 ല്‍ 3.66 ശതമാനം വോട്ടാണ് ബിജെപിക്ക് സംസ്ഥാനത്ത് ലഭിച്ചത്. ഇത്തവണ വോട്ട് ശതമാനത്തിനൊപ്പം നിയമസഭയിലേക്കൊരു പ്രവേശനം കൂടിയാണ് അമിത് - മോദി സഖ്യം ലക്ഷ്യമിടുന്നത്. അത് തന്നെയാണ് ഇരുവരുടേയും പെട്ടെന്നുള്ള തമിഴ് പ്രണയത്തിന് പിന്നിലെ രഹസ്യവും. 

ദേശിയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് കാമരാജിന്റേയും മൂപ്പനാരുടേയും കാലത്ത് നല്ല സ്വാധാനമുണ്ടായിരുന്ന മണ്ണാണ് തമിഴ്‌നാട്ടിലേത്. തമിഴ്‌നാട്ടിലെ ജാതിയ വ്യവസ്ഥിതികളെയെല്ലാം ചോദ്യം ചെയ്ത് തമിഴ്‌നാടിന്റെ ആദ്യ ബ്രാഹ്മണനല്ലാത്ത മുഖ്യമന്ത്രിയായ നേതാവാണ് കാമരാജ്. പിന്നീടിങ്ങോട്ട് തമിഴ്‌നാട്ടില്‍ ഏറെയും പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട നേതാക്കളാണ് മുഖ്യമന്ത്രി കസേരയിലെത്തിയതെന്നത് ശ്രദ്ധേയമാണ്. സിഎന്‍ അണ്ണാദുരൈ മുതല്‍ നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി വരെ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിമാരാണ്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ പൂര്‍ണമായും മാറ്റിയെഴുതിയ ദ്രവീഡിയന്‍ രാഷ്ട്രീയത്തിന്റെ കടന്ന് വരവ് ചെറുതായൊന്നുമല്ല തമിഴ്‌നാടിനെ മാറ്റിമറിച്ചത്. 1925 ഓടെയാണ് ദ്രവീഡിയന്‍ മൂവ്‌മെന്റ് തമിഴകത്ത് ആരംഭിക്കുന്നത്. പിന്നീടിങ്ങോട്ട് ഏറെക്കാലവും ഡിഎംകെയും അണ്ണാ ഡിഎംകെയുമാണ്  തമിഴ് രാഷ്ട്രീയം അടക്കിവാണത്. ചെറുതും വലുതുമായ നിരവധി കക്ഷികള്‍ ദ്രാവിഡരാഷ്ട്രീയത്തിന്റെ പിന്‍മുറക്കാരായും ജാതിരാഷ്ട്രീയത്തിന്റെ വക്താക്കളായും എത്തിയെങ്കിലും ഡിഎംകെ എഐഎഡിഎംകെ എന്നീ രണ്ട് ധ്രുവങ്ങളുടെ ഇടയില്‍ തന്നെയാണ തമിഴ് രാഷ്ട്രീയം ചുറ്റിതിരിയുന്നത്. 

തിരഞ്ഞെടുപ്പുകളില്‍ വാശിയേറിയ പോരാട്ടമാണ് എക്കാലത്തും തമിഴ്‌നാട്ടില്‍ അരങ്ങേറിയിട്ടുള്ളത്. വോട്ട് ശതമാനം കൂട്ടിയും കുറച്ചും വാശി തീര്‍ത്തും ഇരു പാര്‍ട്ടികളും നയിച്ച മുന്നണികള്‍ അധികാരം പങ്കിട്ടു. തമിഴ് രാഷ്ട്രീയം കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി കരുണാനിധി - ജെ ജയലളിത പോരാട്ടം മാത്രമായിരുന്നു. ഇരുവരും തമ്മിലുള്ള പകയും വാശിയുമെല്ലാം പ്രസിദ്ധവുമാണ്. മാറി മാറി മുന്നണി ഭരണം വന്നിരുന്ന തമിഴ്‌നാട്ടില്‍ പക്ഷെ കഴിഞ്ഞ പത്ത് വര്‍ഷവും അണ്ണാ ഡിഎംകെ തന്നെ ഭരണം നിലനിര്‍ത്തി. ജെ ജയലളിതയെന്ന പുരട്ച്ചി തലൈവി കൂടുതല്‍ കരുത്താര്‍ജ്ജിച്ച കാലമായിരുന്നു 2011 ലും 2016 ലും ഉണ്ടായത്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്ന കാലത്ത് ജയലളിതയും പിന്നാല കലൈഞ്ജര്‍ കരുണാനിധിയും അന്തരിച്ചു. അതോടെ തമിഴ്‌നാട് തിരഞ്ഞെടുപ്പിന്റെ മുഖം തന്നെ മാറി. ഇരുവരുമില്ലാത്ത ആദ്യ നിയമസഭ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത് എന്ന് പ്രത്യേകതയുമുണ്ട് 2021 ലേതിന്. കരുണാനിധിക്ക് തമിഴകത്ത് സ്വാധീനമുള്ളപ്പോഴും അധികാരത്തിലേറിയപ്പോഴുമെല്ലാം പക്ഷെ പാര്‍ട്ടിയുടെ വോട്ട് ശതമാനം കാര്യമായി ഉയര്‍ത്താനായിട്ടില്ല എന്നതാണ് വസ്തുത. 1977 ന് ശേഷം ഒരിക്കല്‍ മാത്രമാണ് ഡിഎംകെ 35 ശതമാനത്തിനുമേല്‍ വോട്ട് നേടിയിട്ടുള്ളത്. 96 ല്‍ മാത്രം. അതേസമയം അണ്ണാ ഡിഎംകെ ഇത് 5 തവണ നേടി. 96 ലെ നിയമസഭ തിരഞ്ഞെടുപ്പ് മുതലിങ്ങോട്ട് ജയലളിതയുടെ പാര്‍ട്ടിയുടെ വോട്ട് ഷെയര്‍ ഓരോ തിരഞ്ഞെടുപ്പിലും കൂടിക്കൊണ്ടേയിരുന്നു. 2019 ല്‍ ജയലളിതയുടെ മരണശേഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലൊഴികെ. 2019 ല്‍ 38 ല്‍ 37 സീറ്റും നേടിയപ്പോഴും ഡിഎംകെയ്ക്ക് ലഭിച്ചത് വെറും 32.76 ശതമാനം വോട്ടാണ്. അന്ന് നഷ്ടമായത് തേനി മണ്ഡലം മാത്രമാണ്. ഉപമുഖ്യമന്ത്രി ഓ പനീര്‍ശെല്‍വത്തിന്റെ മകന്‍ രവീന്ദ്രനാഥ കുമാര്‍ മാത്രമാണ് ഡിഎംകെയുടെ സമ്പൂര്‍ണവിജയത്തിന് തടയിട്ടത്്. 96 ന് ശേഷം ഒരിക്കല്‍ പോലും ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഡിഎംകെയ്ക്ക് ലഭിച്ചിട്ടില്ല, പക്ഷെ കഴിഞ്ഞ നാലില്‍ മൂന്ന് തിരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയാണ് അണ്ണാ ഡിഎംകെ അധികാരത്തിലേറിയത്. അത്രമാത്രം ശക്തമാണ് എഐഡിഎംകെയുടെ അടിത്തറ. അര്‍ബന്‍, സെമി അര്‍ബന്‍ മേഖലയിലെ അപ്രമാദിത്വം തന്നെയാണ് എല്ലായിപ്പോഴും എഐഎഡിഎംകെയെ തുണച്ചിട്ടുള്ളത്. 

pic courtesy BS

ഇനി പക്ഷെ കളി പഴയത് പോലെയാകില്ല. ജയലളിത മരിച്ചതിന് പിന്നാലെ സംസ്‌ക്കാരചടങ്ങ് മുതല്‍ മോദിയും അമിത്ഷായുമെല്ലാം സജീവമായത് ചില ലക്ഷ്യങ്ങള്‍ വെച്ചുതന്നെയാണ്. തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ പറ്റിയ പാര്‍ട്ടി അണ്ണാ ഡിഎംകെ തന്നെയാണെന്ന് പണ്ടേ മോദിക്കറിയാം. ജയലളിത മാത്രമായിരുന്നു തടസം. ആ തടസം മരണത്തോടെ നീങ്ങിയതും കൃത്യസമയത്ത്. പിന്നീടിങ്ങോട്ട് അണ്ണാ ഡിഎംകെ യെ നിയന്ത്രിച്ചത് ബിജെപിയാണ്. തങ്ങളാണ് ശക്തരെന്ന് എടപ്പാടിയും സംഘവും നടിക്കുമ്പോഴും പിന്നാമ്പുറത്ത് ചരടുവലിച്ചിരുന്നത് ബിജെപിയാണ് എന്നത് പരസ്യമായ രഹസ്യമാണ്. ജയലളിത എതിര്‍ത്തിരുന്ന ജിഎസ്ടിയും നീറ്റ് പരീക്ഷയുമെല്ലാം ഒരു പ്രതിഷേധുമില്ലാതെ തമിഴ്‌നാട്ടില്‍ നടപ്പിലായതും ഇതിനാലാണ്. തീരുന്നില്ല, ജയലളിതയോ കരുണാനിധിയോ അനുവദിക്കാതിരുന്ന സംഘപരിവാരത്തിന്റെ ഹിന്ദുത്വ അജണ്ടയും അക്രമവും തമിഴ്‌നാട്ടില്‍ അരങ്ങേറിയതിനെ എതിര്‍ക്കാതെ ചൂട്ടുപിടിക്കുന്ന സമീപനമായിരുന്നു പിന്നീടിങ്ങോട്ട് എപിഎസിന്റേത്. എഴുത്തുകാരന്‍ പെരുമാള്‍ മുരുകനെതിരേയും കവി വൈരമുത്തുവിനെതിരേയുമെല്ലാം അരങ്ങേറിയ ആക്രമണങ്ങള്‍ ഒരുപക്ഷെ ഇരുവരും അംഗീകരിക്കില്ലായിരുന്നു. തമിഴിന്റെ സംസ്‌ക്കാരത്തിനപ്പുറം ഹിന്ദുത്വ എന്ന ബിജെപി അജണ്ടയിലേക്ക് മെല്ലെ വഴിതിരിച്ചുവിടുന്ന സംഭവങ്ങളായിരുന്നു അതെല്ലാം. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പെരിയോരുടെ പ്രതിമകള്‍ നശിപ്പിക്കപെടുകയും കാവി വര്‍ണം പൂശുകയും ചെയ്ത സംഭവങ്ങളും ഹിന്ദുത്വ ശക്തികള്‍ തമിഴ് മണ്ണില്‍ വേരുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ബിജെപിയുടെ പിന്‍സീറ്റ് ഡ്രൈവിങ്ങിനെ നിയന്ത്രിക്കാന്‍ തക്ക ശേഷി അണ്ണാ ഡിഎംകെയ്ക്ക് നഷ്ടമായിരിക്കുന്നുവെന്നതാണ് വസ്തുത. 

ജയലളിതയുടെ കരിസ്മ അവകാശപ്പെടാനാവുന്ന ഒരു നേതാവും അണ്ണാ ഡിഎംകെയില്‍ ഇന്നില്ല. ജയലളിതയുടെ ഏറ്റവും വിശ്വസ്തനായിരുന്ന ഒ പനീര്‍ശെല്‍വത്തെ ഒതുക്കി എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രിയായതും ജയലളിതയുടെ തോഴിയായിരുന്ന ശശികല പാര്‍ട്ടി പിടിച്ചടിക്കയതുമെല്ലാം അണ്ണാ ഡിഎംകെയുടെ തലക്കുറി മാറ്റി വരച്ചിട്ടുണ്ട്. ഓപിഎസും ഇപിഎസും പിന്നീട് മച്ചാ മച്ചാ ആയെങ്കിലും ശശികലയുടെ പ്രശ്‌നം അവസാനിച്ചിട്ടില്ല. ജയില്‍ ശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ പാര്‍ട്ടി പുറത്താക്കിയ ശശികല പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ഉപതിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയ്ക്ക് വെല്ലുവിളിയാവുകയും ചെയ്തിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ശശികല എഐഎഡിഎംകെയുമായി സഖ്യത്തിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ശശികലയുമായി പ്രശ്‌നപരഹാരത്തിന് ബിജെപി തന്നെ ചരട് വലിക്കുന്നുണ്ട് എന്നാണ് കേള്‍വി. 

നേരത്തെ സൂചിപ്പിച്ചത് പോലെ ജാതിവ്യവസ്ഥിതിയില്‍ അധിഷ്ടിതമാണ് തമിഴ്‌നാട്ടിലെ പല മണ്ഡലങ്ങളിലേയും ജയപരാജയങ്ങള്‍. അവിടെയാണ് ബിജെപി മുന്‍കാലങ്ങളില്‍ പരാജയപ്പെട്ടിരുന്നത്. മനുസ്മൃതിയും സംസ്്കൃതവും സവര്‍ണമേധാവിത്വവുമെല്ലാം വാഴുന്ന ബിജെപി പക്ഷെ തമിഴ്‌നാട്ടില്‍ കളം മാറ്റിചവിട്ടുകയാണ് ഇക്കുറി. പാര്‍ട്ടിയുടെ തലപ്പത്ത് ദളിത് വിഭാഗത്തില്‍ നിന്നുള്ളവരേയും മറ്റ് പിന്നാക്ക വിഭാഗത്തില് പെട്ട നേതാക്കളേയും പ്രതിഷ്ടിച്ചാണ് ബിജെപി നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങിയത്. ബ്രാഹ്മണ - സവര്‍ണ്ണ വിഭാഗക്കാരെ ഒഴിവാക്കി പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലും മറ്റ് തന്ത്രപ്രധാനമായ പോസ്റ്റുകളിലുമെല്ലാം ജാതി വോട്ടുകള്‍ ലക്ഷ്യമിട്ട് നിയമനം നടത്തി. വനാതി ശ്രീനിവാസനും നൈനാര്‍ നാഗേന്ദ്രനുമെല്ലാം പാര്‍ട്ടിയുടെ ഉന്നത നേതൃസ്ഥാനത്തെത്തിച്ചത് വിവിധ വിഭാഗങ്ങളുടെ പിന്തുണകൂടി ലക്ഷ്യമിട്ടാണ്. താഴ്ന്ന ജാതിക്കാരെ സ്ഥാനാര്‍ത്ഥികളാക്കി ഇത്തവണ വോട്ട് ഷെയറും സീറ്റും നേടാനാണ് ബിജെപിയുടെ തന്ത്രം. 

ഇത്തവണ പക്ഷെ ഈ കണക്കുകള്‍ക്ക് അപ്പുറത്താണ് ബിജെപി കണ്ണുവെക്കുന്നത്. തെക്കേ ഇന്ത്യയില്‍ കേരളമുള്‍പ്പടെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും ബിജെപിക്ക് കാര്യമായി തന്നെ വളരാനായിട്ടുണ്ട്. 2014 ലേയും 2019 ലേയും ലോക്‌സഭ തിരഞ്ഞെടുപ്പിലെ വോട്ട് ഷെയര്‍ മാത്രം പരിശോധിച്ചാല്‍ തെക്കേ ഇന്ത്യയില്‍ തമിഴ്‌നാട് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വോട്ട് വര്‍ദ്ധിപ്പിച്ചതായി കാണാം. അതേസമയം തമിഴ്‌നാട്ടില്‍ വളര്‍ച്ച താഴേക്കായിരുന്നു. കേരളത്തില്‍ 2014 ലെ 10.3 ല്‍ നിന്ന് 2019 ല്‍ 12.9 ശതമാനത്തിലേക്കാണ് ബിജെപി വളര്‍ന്നത്. തൊട്ടപ്പുറത്തെ കര്‍ണാടകയില്‍ 43.37 ല്‍ നിന്ന് 51.38 ശതമാനമായി വോട്ട് ഷയര്‍. 2014 ല്‍ ആന്ധ്രപ്രദേശിലും തെലുങ്കാനയിലുമായി 8.52 ശതമാനമായിരുന്നത് തെലുങ്കാനയില്‍ മാത്രം 19.45 ശതമാനമായി കൂടി. ആന്ധ്രയില്‍ 0.96 ശതമാനമാണ് 2019 ല്‍ ബിജെപിക്ക് ലഭിച്ചത്. അതേസമയം തമിഴ്‌നാട്ടില്‍ 5.56 ല്‍ നിന്ന് 3.66 ആയി ചുരുങ്ങി. അതിനാല്‍ തന്നെ തെക്കേ ഇന്ത്യയില്‍ തമിഴ്‌നാട്ടില്‍ ഇത്തവണ സ്ഥിതി മെച്ചപ്പെടുത്തുകയെന്നത് ബിജെപിയുടെ ആവശ്യം കൂടിയാണ്. കേന്ദ്രവിഹിതങ്ങളും പദ്ധതികളുമെല്ലാം തമിഴ്‌നാടിന് ധാരാളമായി അനുവദിച്ച് ആ കേന്ദ്ര പദ്ധതികളെ മാത്രം ഉയര്‍ത്തി ബിജെപി പ്രചാരണം നയിക്കുന്നതും അതിനാലാണ്. 

മറുവശത്ത് ലോക്‌സഭയിലെ മിന്നുന്ന വിജയം ആവര്‍ത്തിക്കാമെന്നാണ് ഡിഎംകെ കണക്കുകൂട്ടുന്നത്. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസുമെല്ലാം ഡിഎംകെയുടെ നിഴലില്‍ മത്സരരംഗത്തുണ്ട്. കോണ്‍ഗ്രസിന് പഴയ പ്രതാപമിപ്പോള്‍ ഇല്ലെങ്കിലും തരക്കേടില്ലാത്ത വോട്ട ഷെയര്‍ തമിഴ്‌നാട്ടിലുണ്ട്. ശരാശരി 8 ശതമാനത്തോളമാണ് തമിഴ്‌നാട്ടിലെ കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ലഭിച്ച വോട്ട് ഷെയര്‍. ഇടത് പാര്‍ട്ടികളില്‍ സിപിഎമ്മിനും സിപിഐക്കും ചേര്‍ന്ന് ഏകദേശം 5 ശതമാനത്തിലേറയും വോട്ടുകളുടെ സ്ഥിരം അടിത്തറ സംസ്ഥാനത്തുണ്ട്. ചെറുകക്ഷികളില്‍ അണ്ണാ ഡിഎംകെയ്‌ക്കൊപ്പമുള്ള പട്ടാളി മക്കള്‍ കക്ഷിക്ക് ശരാശരി 5 ഉം വിജയകാന്തിന്റെ ഡിഎംഡികെയ്ക്ക് 4 ശതമാനത്തോളവും അടിസ്ഥാന വോട്ടുകള്‍ സ്ഥിരമായി ലഭിക്കുന്നുണ്ട് എന്നും കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും. 

ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുമെന്ന് കരുതിയ പലതും വഴിമാറിയതിന്റെ സങ്കടവും ബിജെപിക്കുണ്ട്്. അതില്‍ ഏറ്റവും വലുത് രജനി കാന്ത് അവസാന നിമിഷം ഏല്‍പ്പിച്ച ആഘാതം തന്നെയാണ. പാര്‍ട്ടി പ്രഖ്യാപനത്തിന്റെ തലേ ദിവസം പാര്‍ട്ടി തന്നെ യില്ലെന്ന് പ്രഖ്യാപിച്ച രജനികാന്ത് തമിഴ് രാഷ്ട്രീയത്തില്‍ തന്നെ മുന്നണികളെ ഒരു വര്‍ഷത്തിലേറെയാണ് ഉറക്കം കെടുത്തിയത്. രജനികാന്തിനെ വെച്ച് ഹിന്ദുത്വ രാഷ്ട്രീയം കളിക്കാമെന്ന ബിജെപിയുടെ അജണ്ടയ്ക്കാണ് രജനിയുടെ പിന്‍മാറ്റം വിലങ്ങുതടിയായത്. അതേസമയം രാഷ്ട്ര്ീയത്തിലിറങ്ങിയ കമലഹാസന്‍ സജീവമായി തന്നെ കളത്തിലുണ്ട്. ഇരുമുന്നണികള്‍ക്കുമെതിരെ ബദലായി മുന്നാം മുന്നണി ഒരുക്കാനുള്ള ശ്രമത്തിലാണ് കമലഹാസന്‍. തന്റെ സ്റ്റാര്‍ഡം തന്നെ വോട്ടാക്കി മാറ്റി തമിഴകത്ത്് ഇത്തവണ നിര്‍ണായക ശക്തിയാകാമെന്ന് കമലഹാസന്‍ കണക്കുകൂട്ടുന്നു. നടന്‍ ശരത് കുമാറിന്റെ പാര്‍ട്ടി എന്‍ഡിഎ വിട്ട് കമലഹാസനൊപ്പം ചേര്‍ന്നത് എത്രമാത്രം ഗുണം ചെയ്യുമെന്ന് കണ്ടറിയാം. 

ഈ വലിയ മുന്നണികളും കുറുമുന്നണികളുമെല്ലാം ചേര്‍ന്ന് ഭരണവിരുദ്ധവികാരം ഭിന്നിപ്പിച്ചാല്‍ അത് അണ്ണാ ഡിഎംകെയ്ക്ക് ഗുണം ചെയ്യും. ജനത്തെ പൊള്ളിക്കുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ഏറെയുണ്ടെങ്കിലും തമിഴകത്ത് പലപ്പോഴും ചര്‍ച്ചയാവാറ് മുന്നണിയിലെ വലിയ പാര്‍ട്ടികല്‍ നല്‍കുന്ന സമ്മാനങ്ങളും ഓഫറുകളുമാണ്. ടിവിയും സൈക്കിളും മിക്‌സിയുമെല്ലാം നല്‍കി വോട്ടര്‍മാര ചാക്കിലിടുന്ന പതിവ് കലാപരിപാടികള്‍ എല്ലാതിരഞ്ഞെടുപ്പിലേയുമെന്നത് പോലെ ഇത്തവണയും അരങ്ങേറും. അത്തരം ഓഫറുകളിലൂടെ ഇന്ധനവിലയും ഗ്യാസ് വിലയുമെല്ലാം രാഷ്ട്രീയ ചര്‍ച്ചവേദിക്ക് പുറത്തേക്ക് മാറ്റിനിര്‍ത്താനാവും ഇക്കുറി ബിജെപി പിന്‍സീറ്റ് ഡ്രൈവ് നടത്തുന്ന ഭരണകക്ഷിയുടേയും ശ്രമം. 

.......

(280214)


No comments:

Post a Comment