Saturday, 25 May 2019

ജയലക്ഷ്മിയിൽ നിന്ന് രമ്യ ഹരിദാസിലേക്ക്


2011ലെ നിയമസഭ തിരഞ്ഞെടുപ്പ്. വയനാട്ടിലെ മാനന്തവാടി മണ്ഡലത്തിൽ ഒരു പഞ്ചായത്ത് അംഗത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി രംഗത്തിറക്കി. പി കെ ജയലക്ഷ്മിയെ. രാഹുൽ ഗാന്ധി നേരിട്ട് കണ്ട്, സംസാരിച്ച് ഗംഭീരമെന്ന് സാക്ഷ്യപ്പെടുത്തിയ വിദ്യാസമ്പന്നയായ, അമ്പെയത്ത് ചാമ്പ്യനായ, അവിവാഹിതയായ സഹോദരി എന്നായിരുന്നു UDF ഉയർത്തിയ വിശേഷണങ്ങൾ. ശരിയാണ്, ആയിരിക്കാം. (രാഹുൽ നേരിട്ട് സെർട്ടിഫൈ ചെയ്തോ എന്ന് അറിയില്ല, കേട്ടറിവ് മാത്രം). നല്ല ഭൂരിപക്ഷത്തിൽ തന്നെ രാഹുൽ ബ്രിഗേഡ് അംഗം ജയിച്ചു കേറി. ആ വർഷം UDF ന് വനിത സ്ഥാനാർത്ഥികളിൽ ജയിപ്പിക്കാനായത് ആ കന്നിക്കാരിയെ മാത്രം. അങ്ങനെ മന്ത്രിയായി. അവരെ സൂക്ഷിക്കാൻ, കരുതലോടെ ഭരണം നടത്താൻ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ നേരിട്ട് ഇടപെടുന്നു, സ്റ്റാഫുകളെ നിയോഗിക്കുന്നു. പ്രസ്തുത വനിത മന്ത്രി മന്ത്രിസഭയിലെ മികച്ച മന്ത്രിയാകും, നല്ല പെർഫോർമൻസാണ് തുടങ്ങിയ പ്രസ്താവനകളും അഭിപ്രായ പ്രകടനങ്ങളും അരങ്ങ് തകർത്തു. സോഷ്യൽ മീഡിയകൾ ഇന്നത്തെ പോലെ അത്രക്കങ്ങട് കത്തികയറാത്തതിനാൽ വാചാപ്രസംഗങ്ങൾ ആയിരുന്നു ഏറെയും. പഞ്ചായത്തിലെ പ്രകടനം അതിഗംഭീരം, ദേശിയ തലത്തിൽ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ മികച്ച പ്രകടനത്തിന് അവാർഡ് നേടി തുടങ്ങിയ 'ശിങ്കാരിമേളം' വേറെയും.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അവരോട് പലകുറി സംസാരിച്ചു. വിജയിച്ച ശേഷവും. ഇവർ വമ്പൻ പരാജയമാകുമെന്ന് അന്നേ വയനാട്ടിലെ സുഹൃത്തുക്കളായ കോൺഗ്രസ് നേതാക്കളോട് പറഞ്ഞിട്ടുണ്ട്. ഒരിക്കലല്ല, പലകുറി. സ്വന്തമായി 'വിജയിച്ചതിൽ സന്തോഷം' എന്നുപോലും ശരിക്ക് പറയാൻ പോലും ആവാതെ ക്യാമറക്ക് മുന്നിൽ നിന്ന അവരെ ഇപ്പോഴും ഓർമയുണ്ട്. ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരും (അന്ന് എന്റെ വാഹനം ഓടിച്ചിരുന്ന മീനങ്ങാടി സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ അഭിലാഷ് അടക്കം) നിസഹായരായി നിന്നത് സങ്കടകരമായ കാഴ്ചയായിരുന്നു.
പ്രചാരണ സമയത്ത് ചാലക്കുടിയിലെ ബെന്നിയുടെ സ്ഥാനാർത്ഥിത്വ വിവാദമായ സാഹചര്യത്തിൻ രാഹുൽ നേരിട്ട് ഇറക്കിയ സ്ഥാനാർത്ഥി എന്നത് ഡ്രോ ബാക്ക് ആകുമോ എന്ന ചോദ്യത്തിന് "ആകും..ആകും" എന്ന മറുപടി സത്യത്തിൽ വോട്ട് ചോദിച്ചിരുന്ന അണികളെയാണ് ഞെട്ടിച്ചത്. ക്യാമറയും ചോദ്യങ്ങളുമൊക്കെ പരിചയമില്ലാത്തതല്ലേ, ഇനി ശരിയായിക്കോളും എന്ന വിനയന്റെ (വയനാട് YC മണ്ഡലം പ്രസിഡന്റായിരുന്നു വിനയൻ അന്ന്) വാക്കുകൾ ശരിയാകമെന്ന് അപ്പോൾ തോന്നി, പക്ഷെ അല്ലെന്ന് വിജയിച്ച ശേഷത്തെ ആദ്യ പ്രതികരണം തെളിയിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ മോശം മന്ത്രിയെന്ന ഖ്യാതിയോടെ ഈ താരം വൻ പരാജയം ഏറ്റുവാങ്ങി. ചിത്രത്തിൽ നിന്നേ പുറത്തായി.
പറഞ്ഞു വന്നത് ഇതുപോലെ ഏറെ ആഘോഷിക്കുന്ന ഒരു വിജയം ഇത്തവണ ആലത്തൂരിൽ ഉണ്ടായിട്ടുണ്ട്. രമ്യ ഹരിദാസിന്റെ വിജയം.
ജയലക്ഷ്മിയുടേതിന് സമാനമായ പല പരിചയപ്പെടുത്തലുകളും രമ്യക്കും ഉണ്ട്. അവിവാഹിത, പെങ്ങളൂട്ടി, രാഹുലിനോട് നേരിട്ട് സംസാരിച്ചു, രാഹുൽ തിരഞ്ഞെടുത്തു, അവിടെ പഞ്ചായത്തെങ്കിൽ ഇവിടെ ബ്ലോക്ക് പഞ്ചായത്ത്, അവിടെ അമ്പെയ്ത്തെങ്കിൽ ഇവിടെ പാട്ട്, അവിടെ ആദിവാസി യുവതിയെങ്കിൽ ഇവിടെ ദളിത് യുവതി... അങ്ങനെയങ്ങനെ
ഇവിടെ രമ്യക്ക് സംസാരിക്കാനറിയാം, കാര്യങ്ങൾ നന്നായി മനസിലാക്കാനുമുള്ള കഴിവുമുണ്ട്.  3 ലക്ഷത്തോളം ആശയങ്ങൾ കരുതി വെച്ചിട്ടുള്ളത് നല്ലതാണ്. നടപ്പിലാക്കണം. ജനം നൽകിയ വിശ്വാസം കാത്തിലെങ്കിൽ 5 വർഷം കഴിയുമ്പോൾ ജയലക്ഷ്മി ആകും. ഓർക്കുക. വെറും ഓളത്തിൽ, LDF സ്ഥാനാർത്ഥിയോടുള്ള അതൃപ്തിയിൽ, ഇടത് കോട്ട പിളർന്നതല്ല എന്ന് തെളിയിക്കണം. 
പാട്ട് എനിക്കും ഇഷ്ടമാണ്, പാടുന്നവരേയും. അതിലുപരി പ്രവർത്തിക്കുന്നവരെയും.
റെക്കോർഡ് വിജയത്തിന് അഭിവാദ്യങ്ങൾ. ✊✊✊

Thursday, 23 May 2019

നിമിഷങ്ങളിൽ നിശ്ചലരായവർ...

ഗുണമില്ലെങ്കിൽ പിന്നെയെന്തിന്
ഇപ്പോഴും അതെല്ലാം ഓർക്കണം ?!!!
ഒരിക്കലെങ്കിലും വേർപാട് നൽകുന്ന വേദന,
ഒറ്റപ്പെടൽ, മുറിവ്  ഒന്നറിയണം ,
എന്തിനെന്നറിയാതെയുള്ള നീറ്റൽ!
അതൊരു നേരറിവാണ് !
ആ പിടച്ചിൽ, അതറിഞ്ഞവർ
പറയാതെ തന്നെ മറ്റൊരുവന്റെ
ഓർമകളുടെ ആഴം
സ്വയമളന്നെടുക്കുമായിരുന്നു

ആരുടേയും തെറ്റല്ല, ഭാഗ്യമാണ്
അങ്ങനെ ഓർമകളിൽ വെന്ത് നീറാതെ
നടന്ന് പോവാനാവുന്നുവെന്നത്.!
പക്ഷെ, ഓർമകളാൽ തളച്ചിടപ്പെട്ടവർ
അവർ നിർഭാഗ്യരാണ്
അവർ ഏതൊക്കെയോ നിമിഷങ്ങളിൽ
നിന്നുപോയവരാണ് .
വേട്ടപട്ടികളെ പോലെ ഓർമകൾ
അവരെ തുരത്തി കൊണ്ടേയിരിക്കും.
ഒരാണ്ടല്ല, പതിറ്റാണ്ടുകൾക്കപ്പുറവും
അതങ്ങനെതന്നെ… !

ഓർമകളിങ്ങനെ മുന്നിൽ
മരിക്കാതെ ജീവിക്കുന്നതിനാലാവാം
ഞാനിങ്ങനെ പരാജിതനായി
മരിച്ചു കൊണ്ടേയിരിക്കുന്നത് !!!

(230519)
...........

ഓർക്കുക,
മാഞ്ഞുപോം
ഒരു ദുസ്വപ്നം പോൽ  
ഈ ജീവിതവും
കിനാക്കളും.
ആയതിൽ
ചിലയോർമകളെങ്കിലും
ചിതലെടുക്കാതെ
കാത്തിടാം,
നിനക്കോർക്കുവാൻ,
എനിക്കോർക്കുവാൻ,
നമുക്കോർക്കുവാൻ !!!

(210519)
........

Wednesday, 22 May 2019

ജനവിധി 2019 സാധ്യത

നാളെ (23.05.19) വോട്ടെണ്ണി തീരുമ്പോൾ അധികാര മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. NDA തന്നെയാകും കേന്ദ്രത്തിൽ വരാനാണ് സാധ്യത. 240-260 നും ഇടയിൽ NDA സീറ്റ് നേടും. UPA 120-150 നുള്ളിൽ ഒതുങ്ങും. മറ്റുള്ളവർ 120 വരെ സീറ്റ് നേടാനാണ് സാധ്യത. ഫലം UPA ക്ക് ആവേശകരമല്ലാതാവുന്നതോടെ പ്രമുഖരായ പല പ്രാദേശിക പാർട്ടികളും NDA ക്ക് പിന്നാലെ പോകുകയും ചെയ്യും. ചന്ദ്രബാബു നായിഡു UPA പക്ഷത്ത് നിൽക്കുന്നതോടെ ജഗൻമോഹന്റെ YSRകോൺഗ്രസ്, ഫെഡറൽ മുന്നണി മോഹം ഉപേക്ഷിച്ച് ചന്ദ്രശേഖരറാവുവിന്റെ TRS മെല്ലെ കേന്ദ്ര സർക്കാരിനൊപ്പം (NDA) ക്കൊപ്പം ചേരും. അതേസമയം തൃണമൂൽ, ബിജെഡി. തുടങ്ങിയവ UPA യിൽ ചേരാതെ പുറത്തെ പ്രതിപക്ഷമായി നിലകൊള്ളും.
നാളെ വോട്ടെണ്ണി തീരുമ്പോൾ അധികാര മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. NDA തന്നെയാകും കേന്ദ്രത്തിൽ വരാനാണ് സാധ്യത. 240-260 നും ഇടയിൽ NDA സീറ്റ് നേടും. UPA 120-150 നുള്ളിൽ ഒതുങ്ങും. മറ്റുള്ളവർ 120 വരെ സീറ്റ് നേടാനാണ് സാധ്യത. ഫലം UPA ക്ക് ആവേശകരമല്ലാതാവുന്നതോടെ പ്രമുഖരായ പല പ്രാദേശിക പാർട്ടികളും NDA ക്ക് പിന്നാലെ പോകുകയും ചെയ്യും. ചന്ദ്രബാബു നായിഡു UPA പക്ഷത്ത് നിൽക്കുന്നതോടെ ജഗൻമോഹന്റെ YSRകോൺഗ്രസ്, ഫെഡറൽ മുന്നണി മോഹം ഉപേക്ഷിച്ച് ചന്ദ്രശേഖരറാവുവിന്റെ TRS മെല്ലെ കേന്ദ്ര സർക്കാരിനൊപ്പം (NDA) ക്കൊപ്പം ചേരും. അതേസമയം തൃണമൂൽ, ബിജെഡി. തുടങ്ങിയവ UPA യിൽ ചേരാതെ പുറത്തെ പ്രതിപക്ഷമായി നിലകൊള്ളും.
ഉത്തരേന്ത്യൻ മനസുകളിൽ ജാതി-മത ചിന്തകൾ ഏറെ വലുതാണ്. നോട്ട് നിരോധനവും മേഘങ്ങൾ മറയ്ക്കുന്ന റഡാറുകളും ജി.എസ്.ടിയും ഇന്ധനവിലയുമെല്ലാം അവർക്ക് മറക്കാൻ രാമാരാമ വിളി മതി. കോൺഗ്രസിന്റെ മൃതു ഹിന്ദുത്വത്തേക്കാൾ അവർക്ക് പ്രിയം പച്ചയായ മത ജാതി ചിന്ത തന്നെയാണ്. അവർക്ക് ശത്രു അംബാനിയല്ല, പാക്കിസ്ഥാനാണ്. അതിനാൽത്തന്നെ റഫാലി നേക്കാൾ അവർക്ക് താൽപര്യം ബലാക്കോട്ടും സർജിക്കൽ സ്ട്രൈക്കിനെ കുറിച്ചും കേൾക്കാനാണ്, ഗുഹയിൽ കാവി പുതച്ചിരിക്കുന്ന മോദിയെ കാണാനാണ്.

ആന്ധ്രയിൽ YSRC ഇത്തവണ മികച്ച പ്രകടനം നടത്തും. TDP ക്ക് വലിയ തലവേദനയായി YSR മാറും, സംസ്ഥാന ഭരണത്തിലും ജഗൻ വന്നേക്കും.
ഒഡീഷയിൽ BJD ക്ക് പഴയ പ്രതാപം നിലനിർത്താനാവില്ല. BJP സ്ഥിതി മെച്ചപ്പെടുത്തുമെന്നു മാത്രമല്ല, പിന്നാലെ BJD യിലെ പലരും BJP യിലേക്ക് ചേക്കേറുകയും ചെയ്യും.
UP യിൽ SP - BSP - RLD സംഖ്യം മികച്ച മുന്നേറ്റം നടത്തും. 30-40 സീറ്റുകൾ ഈ സഖ്യം നേടും. BJP 80-ൽ  പകുതിയോളം സീറ്റുകളിൽ വിജയിക്കും. കോൺഗ്രസ് ഒറ്റ അക്കത്തിലേക്ക് ചുരുങ്ങും.
MP, RJ തുടങ്ങിയ സംസ്ഥാനങ്ങളിലും BJP നേട്ടം തുടരും. പക്ഷെ ഇവിടങ്ങളിൽ നിലവിലെ സ്ഥിതി കോൺഗ്രസ് മെച്ചപ്പെടുത്തും.
ബിഹാറിൽ മഹാസഖ്യം നേട്ടം കൊയ്യും. 20-25 സീറ്റ് വരെ RJD സഖ്യത്തിന് ലഭിക്കും.
ബംഗാളിൽ തൃണമൂൽ 30 സീറ്റ് വരെ നേടാനിടയുണ്ട്. ഇടതുപക്ഷം 3 സീറ്റിൽ വിജയിച്ചേക്കും. BJP ഇവിടെ 8 സീറ്റ് നേടാനാണ് സാധ്യത.
മഹാരാഷ്ട്രയിൽ BJP - ശിവസേന 25-30 സീറ്റുകൾ നേടും.
ഡൽഹിയിൽ AAP 1-2 സീറ്റ് വരെ ജയിക്കാനേ ഇടയുള്ളു.  വിരുദ്ധവോട്ടുകൾ ഭിന്നിച്ചു പോകുന്നത് BJP ക്ക് ഗുണം ചെയ്യും. കോൺഗ്രസ് ഇവിടെ നാണം കെടുകയും ചെയ്യും.
ഗുജറാത്ത് - കർണാടക സംസ്ഥാനങ്ങളിൽ നിയമസഭയിലെ നേട്ടം കോൺഗ്രസിന് ലഭിക്കില്ല. അതേ സമയം പഞ്ചാബിൽ കോൺഗ്രസ് നിയമസഭയിലെ പ്രകടനം ആവർത്തിക്കും, എന്നാൽAAP ക്ക് വലിയ നഷ്ടങ്ങൾ സംഭവിക്കും.  JDS ന് കനത്ത തിരിച്ചടി കർണാടകയിൽ നേരിടേണ്ടിയും വരും.
തമിഴ്നാട്ടിൽ DMK സഖ്യം മികച്ച നേട്ടം കൊയ്യും. BJP ബാന്ധവവും അധികാരത്തിനുള്ള കളിയും AIADMKയെ ഒറ്റ അക്കത്തിലേക്ക് ചുരുട്ടിയെറിയും.
നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ നേട്ടം കൊയ്യും. തൃപുരയിൽ CPM 2 -ൽ 1 സീറ്റ് നേടും.
കേരളത്തിൽ എക്സിറ്റ് പോളുകൾ എക്സിറ്റ്ലി റോങ്ങ് ആണെന്ന് തെളിയും. LDF 8-12 വരെ സീറ്റുകൾ നേടും. വ്യാപകമായ ക്രോസ് വോട്ടിങ് നടന്ന തിരുവനന്തപുരത്ത് UDF തന്നെ വിജയിക്കും. ഒ രാജഗോപാലിന്റെ അത്ര ജനപിന്തുണ കുമ്മനത്തിന് മണ്ഡലത്തിൽ ലഭിക്കില്ല. വയനാട്ടിൽ രാഹുൽ 2 - 2.5 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടും.
കാസർകോട്, കോഴിക്കോട്, വടകര, പാലക്കാട്, ആലത്തൂർ, ചാലക്കുടി, ആലപ്പുഴ, ആറ്റിങ്ങൽ, എന്നിവ LDF നേടും. കണ്ണൂർ, തൃശൂർ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലും ഇടതിന് സാധ്യതയുണ്ട്. ബാക്കിയിടങ്ങളിൽ UDF ഉം വരും. പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിൽ NDA മൂന്നാമതാകും.

ദേശീയതലത്തിൽ കക്ഷി നില സാധ്യത
BJP - 160- 190
INC - 60-80
CPM - 9 - 13
TRS - 10-14
TMC - 25-30
DMK - 11-15

NB : സാധ്യതകളുടെ കണക്കുകൾ കൂട്ടിയും കിഴിച്ചുമുള്ളതാണ് ഇതെല്ലാം.. അന്തിമവിധി ജനമെഴുതിയതാണ്.





Wednesday, 15 May 2019

വിയർപ്പോഹരി

അവൻ
വെയിലുകൊള്ളുന്നു,
മഞ്ഞും മഴയും കൊള്ളുന്നു.
വിയർക്കുന്നു,
വിറയ്ക്കുന്നു.
നീയോ?
ശീതീകരിച്ച മുറിയിലിരുന്ന്
അവൻറെ വിയർപ്പിൻറെ
ഉപ്പുതട്ടുന്നു.
എന്നിട്ട്,
നീയാകുന്നു
കേമൻ..
അല്ല,
കേമന്മാരിലും
കേമൻ.. !!!

(060718)

Friday, 10 May 2019

ഉറങ്ങാതെ ഇരിക്കുന്നതിലല്ല, ഉത്തരവാദിത്വം നിറവേറ്റുന്നതിലാണ് കാര്യം


കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചർ എത്ര മണിക്കൂർ ഉറങ്ങും എന്നറിയില്ല. ഏതെങ്കിലും ഒരു അഭിമുഖത്തിൽ സഖാവ് ഇക്കാര്യം പറയുമായിരിക്കും. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 3 മണിക്കൂർ കഷ്ടിച്ചേ ഉറങ്ങൂവെന്ന് കേട്ടു. സർജിക്കൽ സ്ട്രൈക്ക് ഒക്കെ ഉറക്കമൊഴിച്ചിരുന്ന് സൂക്ഷ്മതയോടെ പരിശോധിക്കുമെന്നും കൃത്യം നടപ്പിലാകുന്നുണ്ട് എന്ന് ഉറപ്പ് വരുത്താറുണ്ടെന്നും തള്ളി ഉഴുത് മറിച്ചത് വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്.
പറഞ്ഞ് വരുന്നത് എന്താണെന്നു വെച്ചാൽ കഴിഞ്ഞ ദിവസം ഒരു പിഞ്ചുകുഞ്ഞിന് ചികിത്സ ഉറപ്പാക്കുവാൻ വേണ്ടി സഖാവ് നടത്തിയ ഇടപെടൽ സംബന്ധിച്ച് വീണ്ടും ഓർപ്പിക്കാനാണ്. ഒപ്പം മറ്റൊരു ' സർജിക്കൽ സ്ട്രൈക്കിന്റെ ‘മേൽനോട്ട കുറവ്’ ചൂണ്ടി കാട്ടാനുമാണ്.
സോഷ്യൽ മീഡിയയിൽ വന്ന ഒറ്റ സന്ദേശത്തോട് സഖാവ് നടത്തിയ പ്രതികരണം എത്ര വേഗത്തിലായിരുന്നു. പ്രതികരണം വാക്കിൽ മാത്രമല്ല, പ്രവൃത്തിയിലും ഉണ്ടായിരുന്നുവെന്നത് ഓർക്കുക. നന്ദി സഖാവെ, ആ കുഞ്ഞിനും കുടുംബത്തിനും അശ്രയമായതിന്.
ഇനി 2016 ജൂലൈ 26ന് ബാംഗ്ലൂർ സ്വദേശി ഹരിപ്രസാദ് അയച്ച ഒരു ഇമെയിൽ സന്ദേശത്തിന്റെ കഥ പറയാം. സ്വീകർത്താവ് പ്രധാനമന്ത്രിയുടെ ഓഫീസാണ്. രാജ്യത്ത് നടക്കാൻ പോകുന്ന വലിയൊരു സാമ്പത്തിക കുറ്റകൃത്യം സംബന്ധിച്ചായിരുന്നു ഇമെയിൽ സന്ദേശം. മറ്റൊരു വിജയ് മല്യ അണിയറയിൽ ഒരുങ്ങുന്നു എന്ന് വ്യക്തമാക്കുന്ന കത്ത്. ആ കത്ത് 3 ദിവസം കഴിഞ്ഞ് രെജിസ്ട്രാർ ഓഫ് കമ്പനീസിന്റെ മുംബൈ ഓഫീസിലേക്ക് PMO അയച്ചുകൊടുത്തു. ഇതോടെ തീർന്നു എല്ലാം. രണ്ട് - മൂന്ന് മാസം കഴിഞ്ഞപ്പോൾ ആ പരാതി ROC അവസാനിപ്പിച്ചെന്ന് പരാതിക്കാരന് കത്തയച്ചു. തീർന്നു. സൂക്ഷ്മമായ കൃത്യനിർവഹണം. ഒന്നര വർഷം പിന്നിട്ടപ്പോൾ ഹരിപ്രസാദ് ചൂണ്ടി കാട്ടിയ / മുന്നറിയിപ്പ് നൽകിയ വലിയ തട്ടിപ്പ് പുറത്തായി. കുപ്രസിദ്ധമായ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് . 11400 കോടി തട്ടിച്ച് രാജ്യം വിട്ട നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും. മെഹുൽ ചോക്സിക്കെതിരെയായിരുന്നു ഹരിപ്രസാദിന്റെ മുന്നറിയിപ്പ് എന്നറിയുക. ചോക് സി യുടെ ഗീതാഞ്ജലി ജെംസിന്റ ബംഗലുരു ഫ്രാഞ്ചൈസി എടുത്ത് 13 കോടിയുടെ തട്ടിപ്പിനിരയായ ഹരിപ്രസാദ് ബാംഗ്ലൂർ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിന്നീട് CBI ഏറ്റെടുത്തു.
അപ്പോൾ ഉറങ്ങാതെ ഫയലുകൾ തീർപ്പാക്കി, സർജിക്കൽ സ്ട്രൈക്കുകൾ അപ്ഡേറ്റ്സ് സെക്കന്റ് വെച്ച് വിലയിരുത്തുന്ന ചൗക്കീ ദാറിന്റെ കാവൽ എത്രത്തോളമുണ്ടെന്നതാണ്.
11400 കോടി പൊതു ബാങ്കിൽ നിന്ന് കൊള്ളയടിച്ചത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ചില്ലറയായൊന്നുമല്ല തകർക്കുന്നത്. ഭീകരവാദം പോലെ തന്നെ ഒരു രാജ്യത്തെ തകർക്കുന്നതാണ് സാമ്പത്തിക കുറ്റകൃത്യവും. അത് തടയാൻ മുൻകൂർസൂചന കിട്ടിയിട്ടും നടപടി തടയാഞ്ഞത് ചൗക്കിദാർ വിശ്വസ്തനല്ലാത്തത് കൊണ്ടാണ്, അല്ലെങ്കിൽ പരാതിയിലെ അന്വേഷണം സംബന്ധിച്ച് പരിശോധിക്കാത്തത് കാര്യപ്രാപ്തി ഇല്ലാത്ത ആളായതിനാലാണ്.
അവിടെയാണ് സഖാവ് വ്യത്യസ്ഥയായത്. വിശ്വാസം കാത്ത് സുക്ഷിക്കുക മാത്രമല്ല, കാര്യപ്രാപ്തയാണെന്ന് തെളിയിക്കുകയും ചെയ്തു. ഉറങ്ങാതെ ഓഫീസിൽ ഇരിക്കുന്നതിലല്ല, ഉത്തരവാദിത്വം നിറവേറ്റുന്നതിലാണ് കാര്യം.