ജയലക്ഷ്മിയിൽ നിന്ന് രമ്യ ഹരിദാസിലേക്ക്


2011ലെ നിയമസഭ തിരഞ്ഞെടുപ്പ്. വയനാട്ടിലെ മാനന്തവാടി മണ്ഡലത്തിൽ ഒരു പഞ്ചായത്ത് അംഗത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി രംഗത്തിറക്കി. പി കെ ജയലക്ഷ്മിയെ. രാഹുൽ ഗാന്ധി നേരിട്ട് കണ്ട്, സംസാരിച്ച് ഗംഭീരമെന്ന് സാക്ഷ്യപ്പെടുത്തിയ വിദ്യാസമ്പന്നയായ, അമ്പെയത്ത് ചാമ്പ്യനായ, അവിവാഹിതയായ സഹോദരി എന്നായിരുന്നു UDF ഉയർത്തിയ വിശേഷണങ്ങൾ. ശരിയാണ്, ആയിരിക്കാം. (രാഹുൽ നേരിട്ട് സെർട്ടിഫൈ ചെയ്തോ എന്ന് അറിയില്ല, കേട്ടറിവ് മാത്രം). നല്ല ഭൂരിപക്ഷത്തിൽ തന്നെ രാഹുൽ ബ്രിഗേഡ് അംഗം ജയിച്ചു കേറി. ആ വർഷം UDF ന് വനിത സ്ഥാനാർത്ഥികളിൽ ജയിപ്പിക്കാനായത് ആ കന്നിക്കാരിയെ മാത്രം. അങ്ങനെ മന്ത്രിയായി. അവരെ സൂക്ഷിക്കാൻ, കരുതലോടെ ഭരണം നടത്താൻ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ നേരിട്ട് ഇടപെടുന്നു, സ്റ്റാഫുകളെ നിയോഗിക്കുന്നു. പ്രസ്തുത വനിത മന്ത്രി മന്ത്രിസഭയിലെ മികച്ച മന്ത്രിയാകും, നല്ല പെർഫോർമൻസാണ് തുടങ്ങിയ പ്രസ്താവനകളും അഭിപ്രായ പ്രകടനങ്ങളും അരങ്ങ് തകർത്തു. സോഷ്യൽ മീഡിയകൾ ഇന്നത്തെ പോലെ അത്രക്കങ്ങട് കത്തികയറാത്തതിനാൽ വാചാപ്രസംഗങ്ങൾ ആയിരുന്നു ഏറെയും. പഞ്ചായത്തിലെ പ്രകടനം അതിഗംഭീരം, ദേശിയ തലത്തിൽ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ മികച്ച പ്രകടനത്തിന് അവാർഡ് നേടി തുടങ്ങിയ 'ശിങ്കാരിമേളം' വേറെയും.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അവരോട് പലകുറി സംസാരിച്ചു. വിജയിച്ച ശേഷവും. ഇവർ വമ്പൻ പരാജയമാകുമെന്ന് അന്നേ വയനാട്ടിലെ സുഹൃത്തുക്കളായ കോൺഗ്രസ് നേതാക്കളോട് പറഞ്ഞിട്ടുണ്ട്. ഒരിക്കലല്ല, പലകുറി. സ്വന്തമായി 'വിജയിച്ചതിൽ സന്തോഷം' എന്നുപോലും ശരിക്ക് പറയാൻ പോലും ആവാതെ ക്യാമറക്ക് മുന്നിൽ നിന്ന അവരെ ഇപ്പോഴും ഓർമയുണ്ട്. ഒപ്പം ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരും (അന്ന് എന്റെ വാഹനം ഓടിച്ചിരുന്ന മീനങ്ങാടി സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ അഭിലാഷ് അടക്കം) നിസഹായരായി നിന്നത് സങ്കടകരമായ കാഴ്ചയായിരുന്നു.
പ്രചാരണ സമയത്ത് ചാലക്കുടിയിലെ ബെന്നിയുടെ സ്ഥാനാർത്ഥിത്വ വിവാദമായ സാഹചര്യത്തിൻ രാഹുൽ നേരിട്ട് ഇറക്കിയ സ്ഥാനാർത്ഥി എന്നത് ഡ്രോ ബാക്ക് ആകുമോ എന്ന ചോദ്യത്തിന് "ആകും..ആകും" എന്ന മറുപടി സത്യത്തിൽ വോട്ട് ചോദിച്ചിരുന്ന അണികളെയാണ് ഞെട്ടിച്ചത്. ക്യാമറയും ചോദ്യങ്ങളുമൊക്കെ പരിചയമില്ലാത്തതല്ലേ, ഇനി ശരിയായിക്കോളും എന്ന വിനയന്റെ (വയനാട് YC മണ്ഡലം പ്രസിഡന്റായിരുന്നു വിനയൻ അന്ന്) വാക്കുകൾ ശരിയാകമെന്ന് അപ്പോൾ തോന്നി, പക്ഷെ അല്ലെന്ന് വിജയിച്ച ശേഷത്തെ ആദ്യ പ്രതികരണം തെളിയിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ മോശം മന്ത്രിയെന്ന ഖ്യാതിയോടെ ഈ താരം വൻ പരാജയം ഏറ്റുവാങ്ങി. ചിത്രത്തിൽ നിന്നേ പുറത്തായി.
പറഞ്ഞു വന്നത് ഇതുപോലെ ഏറെ ആഘോഷിക്കുന്ന ഒരു വിജയം ഇത്തവണ ആലത്തൂരിൽ ഉണ്ടായിട്ടുണ്ട്. രമ്യ ഹരിദാസിന്റെ വിജയം.
ജയലക്ഷ്മിയുടേതിന് സമാനമായ പല പരിചയപ്പെടുത്തലുകളും രമ്യക്കും ഉണ്ട്. അവിവാഹിത, പെങ്ങളൂട്ടി, രാഹുലിനോട് നേരിട്ട് സംസാരിച്ചു, രാഹുൽ തിരഞ്ഞെടുത്തു, അവിടെ പഞ്ചായത്തെങ്കിൽ ഇവിടെ ബ്ലോക്ക് പഞ്ചായത്ത്, അവിടെ അമ്പെയ്ത്തെങ്കിൽ ഇവിടെ പാട്ട്, അവിടെ ആദിവാസി യുവതിയെങ്കിൽ ഇവിടെ ദളിത് യുവതി... അങ്ങനെയങ്ങനെ
ഇവിടെ രമ്യക്ക് സംസാരിക്കാനറിയാം, കാര്യങ്ങൾ നന്നായി മനസിലാക്കാനുമുള്ള കഴിവുമുണ്ട്.  3 ലക്ഷത്തോളം ആശയങ്ങൾ കരുതി വെച്ചിട്ടുള്ളത് നല്ലതാണ്. നടപ്പിലാക്കണം. ജനം നൽകിയ വിശ്വാസം കാത്തിലെങ്കിൽ 5 വർഷം കഴിയുമ്പോൾ ജയലക്ഷ്മി ആകും. ഓർക്കുക. വെറും ഓളത്തിൽ, LDF സ്ഥാനാർത്ഥിയോടുള്ള അതൃപ്തിയിൽ, ഇടത് കോട്ട പിളർന്നതല്ല എന്ന് തെളിയിക്കണം. 
പാട്ട് എനിക്കും ഇഷ്ടമാണ്, പാടുന്നവരേയും. അതിലുപരി പ്രവർത്തിക്കുന്നവരെയും.
റെക്കോർഡ് വിജയത്തിന് അഭിവാദ്യങ്ങൾ. ✊✊✊

Comments