Search This Blog

Tuesday, 10 April 2012

ആഘോഷങ്ങള്ക്കിടയിലെ ചില പരമ്പരാഗത ദൈന്യതകള്


മലയാളിക്ക് ഇത് വിഷുക്കാലം.
പൂത്തുനില്ക്കുന്ന കൊന്നയും വിളഞ്ഞുനില്ക്കുന്ന വെള്ളരിയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും വരവറിയിക്കുന്നകാലം.   
വിഷുകൈനീട്ടവും പുതിയ വസ്ത്രങ്ങളും പടക്കങ്ങളുമെല്ലാമായി മലയാളി വിഷുആഘോഷിക്കുന്ന തിരക്കിലാണ്.
വിഷുകാലം എല്ലാവര്ക്കും പക്ഷെ അത്രസുന്ദരമായ ഒന്നല്ല. പ്രത്യേകിച്ച് പരമ്പരാഗത തൊഴില് മേഖലയില് പണിയെടുക്കുന്നവര്ക്ക്. ആഘോഷത്തിന് പോയിട്ട് വിഷുദിനത്തില് സദ്യയൊരുക്കാനുള്ള വരായിയെങ്കിലും കിട്ടിയെങ്കിലെന്ന പ്രാര്ത്ഥനയിലാണ് ഈ രംഗത്തെ പാവങ്ങള്.

കണ്ണൂരില് നിന്നുള്ള ചില വിഷമകാഴ്ച്ചകളിലേക്ക്.

കണ്ണൂര് – കണ്ണന്റെ ഊര് മാത്രമല്ല, നെയ്ത്തുകാരുടേയും ബീഡിതെറുപ്പുകാരുടേയും സ്വന്തം ഊരുകൂടിയാണ്. രാഷ്ട്രീയ –തൊഴിലാളി സംഘടനകളുടെ ഈറ്റില്ലവും ശക്തികേന്ദ്രവും കൂടിയാണ് ഇരുമേഖലകളും. എന്നാല് അറുതിയുടേയും വറുതിയുടേയും വലിയ കഥകളാണ് ഇവിടങ്ങളിലുള്ളവര്ക്ക് പങ്കുവെക്കാനുള്ളത്.   

കൈത്തറി മേഖലയിലെ ആയിരക്കണക്കിന് വരുന്ന തൊഴിലാളികള്‍ ഓണക്കാലത്തെ വിപണിയെ മാത്രം മുന്നില്‍ കണ്ടാണ്  കാലങ്ങളായി തൊഴിലെടുക്കുന്നത്. അല്ലാത്ത സമയത്ത് കാര്യമായ തൊഴിലൊന്നും ഇവര്‍ക്കില്ല. ഖദര്‍ വസ്ത്രങ്ങള്‍ക്കെല്ലാം വര്‍ഷം മുഴുവനും സര്‍ക്കാര്‍ 30 ശതമാനം വരെ റിബേറ്റ് നല്‍കുമ്പോള്‍ കൈത്തറി വസ്ത്രങ്ങള്‍ക്ക് ഓണവും വിഷുവും കൃസ്മസുംപോലുള്ള ആഘോഷവേളകളില്‍  മാത്രമാണ്  സര്‍ക്കാര്‍ റിബേറ്റ് നല്‍കുന്നത്. ഇതിലും ഓണക്കാലത്ത് മാത്രമാണ് കൈത്തറി വിപണി സജീവമാകുന്നത്. ബാക്കിയുള്ള 11 മാസവും ഓണക്കാലത്തെ വിപണിയെ മുന്നില്‍കണ്ട് വസ്ത്രങ്ങള്‍ നെയ്യുകയാണ് ഇവര്‍. സര്‍ക്കാര്‍ റിബേറ്റ് എല്ലാകാലവും നല്‍കുകയാണെങ്കില്‍ കൈത്തറിക്കും വലിയസ്വീകാര്യതതന്നെ സംസ്ഥാനത്ത് ലഭിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

ആഘോഷകാലങ്ങളില് സംസ്ഥാനത്ത് തുറക്കുന്ന പ്രദര്‍ശന വിപണനമേളകള്‍ മാത്രമാണ് ഇവര്‍ക്ക് ഇവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള മുഖ്യമാര്‍ഗവും. ബാക്കിയുള്ള മാസങ്ങളിലെല്ലാം കയറ്റുമതിചെയ്യുന്നതിനുള്ള തുണിത്തരങ്ങള്‍ തയ്യാറാക്കുക എന്നത് മാത്രമാണ് ഇവര്ക്ക് ചെയ്യാനുള്ളത്. കോപറേറ്റീവ് സൊസൈറ്റികളുടെ കീഴില് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് മാത്രമേ ഇതും ഉള്ളു. ഒറ്റക്ക് സ്വന്തം വീട്ടിലെ തറിയില്‍ നൂല്‍നൂല്‍ക്കുന്ന നെയ്ത്തുകാരന് ഈ കാലയളവില്‍ പട്ടിണിമാത്രം ബാക്കി. കോപറേറ്റീവ് സൊസൈറ്റികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാത്രമാണ് ഓണക്കാല വിപണിയിലും കാര്യമായ നേട്ടം ലഭിക്കുന്നത്. കാര്യമായ വേതനമോ ഒന്നും തന്നെ ഇവര്‍ക്ക് ലഭിക്കുന്നില്ലയെന്നത് തൊഴിലാളികളുടെ കാലങ്ങളായുള്ള പരാതിയാണ്. ഈ മേഖലയെ സംരക്ഷിക്കാന് ബാധ്യസ്ഥരായ സര്ക്കാരുകളും ഈ പരമ്പരാഗത തൊഴിലിനെ സംരക്ഷിക്കാന് വേണ്ടുന്നത് ചെയ്യുന്നുമില്ല. ബജറ്റുകളില് വല്ലപ്പോഴും പിച്ചകാശ്മാത്രമാണ് ഈ മേഖലയെ സംരക്ഷിക്കാന് മാറ്റിവെക്കപ്പെടുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ വേതനമാണ് പലര്‍ക്കും ലഭിക്കുന്നത്. എന്നാല്‍ഏറെ ശ്രമകരവും അധ്വാനവും വേണ്ടുന്ന ഈ തൊഴിലിനു ഇത് മതിയാകില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം.

കൈത്തറിരംഗത്ത് ഇടക്കാലത്ത് യന്ത്രവത്കരണം വന്നത് പരമ്പരാഗത നെയ്ത്തുകാരുടെ അന്നം മുട്ടിച്ചിരുന്നു. പക്ഷെ യന്ത്രവത്കരണം മെല്ലെ ഈ മേഖലയില് നിന്ന് പിന്മാറുന്നതായാണ് കാണുന്നത്. ആവശ്യക്കാര് അധികമില്ലെങ്കിലും ഉള്ള ചെറിയവിഭാഗത്തിന് തറിയില് കയ്യുകൊണ്ട് നെയ്തെടുത്ത വസ്ത്രങ്ങള് മതിയെന്നതും യന്ത്രങ്ങളുടെ പ്രവര്ത്തനചെലവ് വര്ദ്ധിച്ചതും പവര് ലൂമിനെ പിന്നോട്ടടിച്ചു.  
 
മറ്റൊരു വിഷുവിപണി കൂടി സംസ്ഥാനത്ത് സജീവമായിരിക്കുകയാണ്. കാര്യമായ തിരക്കൊന്നും തന്നെ വിപണനകേന്ദ്രങ്ങളില് അനുഭവപ്പെടുന്നില്ല എന്നതാണ് വസ്തുത. വഴിതെറ്റിയെത്തുന്ന യാത്രക്കാരെപോലെയാണ് ചിലര്. വെറുതെ സമയംകൊല്ലാന് കയറി വിപണനമേളകളിലെ സ്റ്റാളുകളില് കയറിയിറങ്ങി മടങ്ങുന്നവര്. മേള അവസാനിക്കാന് ഏതാനും ദിവസങ്ങള് മാത്രം ബാക്കിനില്ക്കെ നൂലിന് ചിലവിട്ട പൈസയെങ്കിലും തിരികെകിട്ടിയെങ്കില് എന്ന് പ്രാര്ത്ഥിക്കുന്ന ചില പരമ്പരാഗത നെയ്ത്തുകാരേയും കണ്ടു മേളയില്.   


പുത്തന് തലമുറ വില്സിനും 555 നും പിന്നാലെ പോയപ്പോള് പട്ടിണിയുടെ സ്വാദറിഞ്ഞവരാണ് ബീഡി തെറുപ്പുകാര്. ബീഡിക്ക് ആവശ്യക്കാര് കുറഞ്ഞതോടെ പണിയും കുറഞ്ഞു. പുകയിലയുടെ ലഭ്യതകുറവുകൂടിയായപ്പോള് പതനം പൂര്ത്തിയായി. സഹകരണസംഘത്തിന് കീഴില് നിലകൊണ്ടചിലര്ക്ക് മാത്രമാണ് പതനത്തിനിടയിലും അല്പമെങ്കിലും പിടിച്ചുനില്ക്കാനായത്. കൈത്തറിമേഖലയോടെന്നപോലെ ഈ മേഖലയിലെ തൊഴിലാളികളേയും സര്ക്കാരുകള് മറവിയുടെ പിന്നാംപുറത്തേക്ക് ആട്ടിപായിച്ചിരിക്കുകയാണ്.

ഓരോ ഓണക്കാലം എത്തുമ്പോളും സര്ക്കാര് ഏതെങ്കിലും തരത്തില് എന്തെങ്കിലും ബത്തയായി നല്കുമെന്ന പ്രതീക്ഷയില് കഴിയുന്നവരായി മാറിയിരിക്കുകയാണ് ഇവര്. വേണമെങ്കില്, ജീവിക്കാനായി ആത്മാഭിമാനം നഷ്ടപ്പെട്ട് സര്ക്കാരുകള് നല്കുന്ന പിച്ചകാശിന് കൈനീട്ടിയിരിക്കുന്നവരായി നമ്മുടെ പരമ്പരാഗതതൊഴിലാളികള് മാറിയിരിക്കുന്നു, അഥവാ മാറ്റപ്പെട്ടിരിക്കുന്നുവെന്ന് പറയാം. ജനിച്ചുപോയില്ലേ, ഇനി ജീവിച്ചുപോയല്ലേ പറ്റൂ... 

1 comment:

  1. വിജയ്‌ മല്യയുടെ കോടികളുടെ കള്ള കടങ്ങള്‍ സര്‍ക്കാര്‍ എഴുതി തള്ളും...
    കിംഗ്‌ ഫിഷറിന് സാമ്പത്തിക സഹായം എത്തിക്കാന്‍ ബാങ്കുകള്‍ മത്സരിക്കും ...
    നല്ലത് ...എന്നാല്‍ സംഘടിതമോ അസംസംഘടിതമോ ഇത്തരം മേഘലകളിലേക്ക്-
    സഹായം എത്തില്ല ...എത്തിയാലും ആ 'പിച്ചകാശ് ' നേടിഎടുക്കാന്‍ നൂലാമാലകള്‍
    ഏറെ കടക്കണം ...

    ReplyDelete