വരകളെ കുറിച്ചാണ് ഇന്ന്.
നീരുറവ പോലെ ഒഴുകി വന്ന വരയുടെ കഥ
കുട്ടിക്കാലത്ത് രണ്ടു ചേട്ടന്മാർ വരക്കുന്ന മോഹൻലാലിന്റെ പടം കണ്ടാണ് പെൻസിൽ എടുത്ത് കുത്തിവരക്കാൻ തുടങ്ങിയത്.
സുഭാഷ് ഏട്ടനും സതീഷ് ഏട്ടനും. ഇഷ്ടനടന്റെ പടം ആണ് മിക്കപ്പോഴും അവർ വരക്കാര്. മോഹൻലാൽ ഫാൻ ആയ ഞാനും മൂപ്പര് തന്നെ ആണ് ആദ്യം വരക്കാൻ തുടങ്ങിയത്. ഇങ്ങനെ വരചാലും കണ്ണ് ശേരിയാവില്ല. ഒടുവിൽ അതിനൊരു പ്രതിവിധി ഞാൻ കണ്ടെത്തി. കണ്ണട വെച്ച ലാലേട്ടനെ മാത്രം വരക്കുക ! അപ്പോ പിന്നെ കണ്ണ് ഒരു പ്രശ്നമേയല്ല.
അങ്ങനെ തുടങ്ങിയ ചിത്രം വര കുറെ കാലം കൊണ്ട് നടന്നു. വല്ലപ്പോഴും മാത്രം വരക്കൽ ആയി. പെൻസിൽ സ്കെച്ച് പതുക്കെ ജലച്ചായത്തിലേക് മാറി. പിന്നെ പോസ്റ്റർ കളർ ഉപയോഗിച്ച് കുറച്ച് വരച്ചു. പിന്നെ അത് വല്ലപ്പോഴും ഉള്ള പെൻസിൽ സ്കെച്ചുകളിലേക്ക് മാത്രമായി ചുരുങ്ങി. പിന്നെ വരയും കുറിയും ഒക്കെ നിർത്തി. ഒടുവില്‍ വല്ലപ്പോഴും സംസാരങ്ങൾകിടയിൽ ഉള്ള കുത്തിവര മാത്രം ആയി ഒതുങ്ങി.
കഴിഞ്ഞ ഒക്ടോബറിൽ വളരെ യാദൃശ്ചികം ആയാണ് അരുണയുടെ വാട്ട്സ്ആപ് സ്റ്റാറ്റസ് ലെ ചിത്രം ഒരു ഫോൺ സംസാരത്തിനിടെ മുന്നിലെ പുസ്തകത്തിൽ കോറി വരച്ചത്. അതൊരു തുടക്കം ആയി. പിന്നെ മുടങ്ങാതെ ഒരു ചിത്രം എന്ന തരത്തിൽ വരച്ച് തുടങ്ങി. ആദ്യം പെൻസിൽ സ്കെച്ച്, പിന്നെ അത് കളർ പെൻസിൽ, പെൻ സ്കെച്ച് എന്നിങ്ങനെ കടന്നു ഇപ്പൊൾ ജലച്ചായത്തിൽ എത്തി നിൽക്കുന്നു.
കൈ വഴങ്ങുമോ എന്നതായിരുന്നു ആദ്യത്തെ പേടി. അത് മാറ്റാൻ വഴികൾ പറഞ്ഞു തന്നു പ്രോത്സാഹിപ്പിച്ച് എന്നും അഭിപ്രായം അറിയിച്ച് കൊണ്ടേ ഇരുന്ന രജീഷ്, ജലചായത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറഞ്ഞു തന്നു അനൂപ് ശ്രീധരൻ, പെയിന്റും ബ്രഷും ഒക്കെ കൃത്യമായി എത്തിച്ച് തന്ന് മഞ്ജു, ഞാൻ വരക്കാൻ തുടങ്ങിയപ്പോൾ മുതൽ എക്സിബിഷൻ നടത്തണം എന്ന ആവശ്യം ഉയർത്തുന്ന അന്ന, ഒപ്പം എക്സിബിഷൻ നടത്തണം എന്ന് പറഞ്ഞു അതിനുള്ള അവന്റെ ചിത്രങ്ങൾ വരക്കാൻ തുടങ്ങിയ അനൂപ് ശ്രീധരൻ, പിന്നെയും നിരവധിപേർ, ചിത്രങ്ങൾ എന്നും സ്റ്റാറ്റസ് ആക്കി ആരാധകരെ സൃഷ്ടിച്ച മൃദുല, ഇടയ്ക്ക് തന്റെ കഥകള്‍ക്ക് ചിത്രമെഴുതാന്‍ നിരന്തരം വിളിച്ച പ്രിന്‍സ് പാങ്ങാടന്‍ (ഒന്നുപോലും പക്ഷെ വരച്ചുകൊടുത്തില്ല), ചിത്രങ്ങള്‍ക്ക് വിലയിട്ട് ബുക്ക് ചെയ്ത പ്രണവ് അവാസ്തി സാറടക്കമുള്ളവര്‍. ഇന്ന് വരച്ചില്ലെ, കണ്ടില്ലാലോ എന്ന് ചോദിച്ച് മെസ്സേജ് അയക്കുന്ന പ്രിയപ്പെട്ട ആളുകൾ വേറെയും... അങ്ങനെ കൂടുതൽ വരക്കാൻ പ്രേരിപ്പിക്കുന്ന അനേകം പേര് ചുറ്റും ഉള്ളപ്പോൾ എങ്ങനെ വരക്കാതിരിക്കാൻ ആകും !
അതിലേറെ സന്തോഷം നൽകുന്നത് ഇപ്പൊൾ മറ്റൊന്നാണ്. ചേട്ടന്മാരും അനുജന്മാരും എല്ലാം നന്നായി വീണ്ടും വരക്കാൻ തുടങ്ങിയിരിക്കുന്നു എന്നത്. അവരുടെ പെൻസിൽ സ്‌ക്കെച്ചുകൾ മനോ്ഹരം ആണ്. ഓരോരുത്തരും ലോക്ക്‌ഡൗൺ കാലം നന്നായി വരച്ചിടുന്നു.
ഇതിനെല്ലാം ശേഷം തന്റെ ഓണ് ലൈനില് പോര്ട്രെയിറ്റ് സ്ക്കെച്ചിങിന്റെ ക്ലാസിന് അനുമതി ചോദിക്കാതെ ചേര്ത്ത ഗോഗ. ആ അസൈന്മെന്റ്സ് ചെയ്ത് തീര്ക്കാന് ബാക്കി നില്ക്കുപ്പുണ്ട്. എന്നെങ്കിലും വരച്ച് തീര്ക്കുമായിരിക്കും.
275 ദിനങ്ങള്‍
അത്രതന്നെ ചിത്രങ്ങള്‍
പെന്‍സിലും പേനയും ജലച്ഛായവും ഡിജിറ്റല് ആര്ട്ടും....
യാത്രകള്‍ക്കിടയിലും ഒരുദിവസവും വരമുടങ്ങാതിരിക്കാന്‍ വേണ്ടിമാത്രം മൊബൈല്‍ ആപ്ലിക്കേഷനില്‍ വരച്ച ചിലത്... കൊല്‍ക്കത്തയുടെ കാഴ്ച്ചകളെ കുറിച്ച് അവിചാരിതമായി എഴുതിതുടങ്ങിയപ്പോള്‍ അതിനായി വരച്ച ചിത്രങ്ങള്‍....
സന്തോഷം നല്‍കിയ നിരവധി സന്ദര്‍ഭങ്ങള്‍. വരക്കാനിരുന്ന മണിക്കൂറുകള്‍ കവര്‍ന്നെടുത്ത അനാവശ്യ ചിന്തകള്‍, വിഷാദങ്ങള്‍...
ഇനി ഒരു ഇടവേള ആയേക്കാം..
പിന്നീട് എപ്പോഴെങ്കിലും ഇനിയും വരച്ചേക്കാം, ഒരുപക്ഷെ വരക്കാതെയുമിരുന്നേക്കാം.
ഏതൊരു പെയിൻറിങ്ങും അതിൻറെ തുടക്കത്തിലോ മധ്യത്തിലോ വികൃതം ആയിരിക്കും എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അടുത്ത് നിന്ന് കാണുന്ന ചിത്രമായിരിക്കില്ല അകലെ നിന്ന് കാണുമ്പോൾ..
അതുപോലെയാണ് ജീവിതത്തിലെ ഓരോ സംഭവവും.
പൂർണതയിലെത്താതെ എല്ലാം വികൃതമായി…!
പാതിയിൽ ഉപേക്ഷിക്കപെടാനാണത്രേ പല ചിത്രങ്ങളുടേയും വിധി…
❤❤❤
No comments:
Post a Comment