സച്ചിനിനി ആരുടെ വഴി...?

ശരത് പവാര്‍, മമത ബാനര്‍ജി, ജഗന്‍ മോഹന്‍ റെഡ്ഡി...
കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ കോണ്‍ഗ്രസ് വിട്ട് പുറത്ത് പോവുകയോ കോണ്‍ഗ്രസ് പുറത്താക്കുകയോ ചെയ്ത വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ നേതാക്കളാണ്. ചിലര്‍ ദേശിയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ നിറസാനിധ്യമായിരുന്നു. അതിലുപരി അവരവരുടെ സംസ്ഥാനങ്ങളില്‍ ശക്തമായ അടിത്തറയുള്ള നേതാക്കളും. മൂന്ന് നേതാക്കളും കോണ്‍ഗ്രസിനകത്ത് നിന്ന് അവഹേളനം ഏറ്റ് വാങ്ങിയോ തങ്ങള്‍ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ത്തിയോ ആണ് പാര്‍ട്ടി വിട്ടത്. 

പാര്‍ട്ടി വിട്ട് ഇറങ്ങിയ ഇവരാരും പക്ഷെ നിരാശരായില്ല. സ്വന്തമായി പാര്ട്ടി രൂപീകരിച്ച് തങ്ങളുടെ സംസ്ഥാനത്ത് ശക്തി തെളിയിച്ചു ഇവരെല്ലാം. ശരത് പവാര്‍ മഹാരാഷ്ട്രയില്‍ നിന്ന് കോണ്‍ഗ്രസിന് ലഭിച്ച ഏറ്റവും കരുത്തനായിരുന്നു. പക്ഷെ 1999 ല്‍ സോണിയയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് തരീഖ് അന്‍വര്‍, പി എ സാങ്മ എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് വിട്ടു. വിദേശത്ത് ജനിച്ച സോണിയയെ അല്ല നാട്ടില്‍ ജനിച്ച നേതാവ് ആകണം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നായിരുന്നു പവാര്‍ അട്ക്കമുള്ളവരുടെ വാദം. കോണ്‍ഗ്രസ് വിട്ട് പവാറും സംഘവും എന്‍ സി പി രൂപീകരിച്ചു. പവാറിന്റേത് പവറില്ലാത്ത പാര്‍ട്ടിയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ അധിക്ഷേപം. പക്ഷെ മഹാരാഷ്ട്രയില്‍ തന്റെ കരുത്ത് എന്താണെന്ന് ദേശിയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് പവാര്‍ പിന്നാലെ തെളിയിച്ചുകൊടുത്തു.
 
പവാറിനും 2 വര്‍ഷം മുമ്പേ മമത ബാനര്‍ജി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. നരസിംഹറാവു സര്‍ക്കാരില്‍ യുവജനക്ഷേമ കായിക മന്ത്രി ആയിരിക്കവെ തന്നെ മമതയും പാര്‍ട്ടിയും തമ്മിലുള്ള പോര് ആരംഭിച്ചിരുന്നു. ബംഗാളിലെ സിപിഎമ്മിനെ മുഖ്യശത്രുവായി കരുതിയിരുന്ന മമത കോണ്‍ഗ്രസിന് സിപിഎമ്മിനെ എതിരിടാനുള്ള തന്റേടമില്ലെന്ന ആക്ഷേപം ഉയര്‍ത്തിയാണ് പാര്‍ട്ടി വിട്ടത്. സിപിഎമ്മിനെ ഭയക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും എന്നാല്‍ തനിക്ക് സിപിഎമ്മിനെ എതിരിടാന്‍ ഒരുമടിയുമില്ലെന്നും പറഞ്ഞാണ് കോണ്‍ഗ്രസുമായുള്ള ബന്ധം മമത അവസാനിപ്പിച്ചത്. മുകുള്‍ റോയിയുമായി ചേര്‍ന്ന് മമത തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിക്ക് ജന്‍മം നല്‍കി. ബംഗാളില്‍ കോണ്‍ഗ്രസിന്റെ ശക്തിതന്നെ ഇല്ലാതാക്കി തൃണമൂല്‍ വളര്‍ന്ന് ശരവേഗത്തില്‍ പ്രധാനപ്രതിപക്ഷമായി മാറി. 

ജഗന്‍മോഹന്‍ റെഡ്ഡി. പിതാവിന്റെ ആക്‌സമികമായ മരണത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്ത അനുയായികളെ നേരില്‍ കണ്ട് ആശ്വസിപ്പാക്കാനായി പദയാത്ര നടത്താന്‍ പാര്‍ട്ടി അനുമതി നിഷേധിച്ചത് കൊണ്ട്മാത്രമല്ല ജഗന്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. പിതാവ് വൈ എസ് ആറിന്റെ മരണശേഷം 157 എംഎല്‍എ മാരില്‍ 150 പേരും ജഗനെ മുഖ്യമന്ത്രിയാക്കാന്‍ ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കി. (എണ്ണം കൃത്യമാണോയെന്ന് പറയാനാകില്ല, കാരണം ആ കത്ത് ഇതുവരേയും പുറത്ത് വിട്ടിട്ടില്ല. പക്ഷെ ആന്ധ്രയിലെ കോണ്‍ഗ്രസുകാരെല്ലാം ജഗനൊപ്പമായിരുന്നുവെന്നത് വ്യക്തമാണ്). പക്ഷെ ജഗന് പകരം കെ റോസയ്യയെ മുഖ്യമന്ത്രിയാക്കി ജഗനെ മൂലയ്ക്കിരുത്താനായിരുന്നു സോണിയയുടെ തീരുമാനം. 14 മാസത്തോളം പാര്‍ട്ടിക്കകത്ത് നേതൃത്വത്തിന്റെ - ഹൈക്കമാന്റിന്റെ - അവഗണനയും അവഹേളനവും സഹിച്ച് കഴിഞ്ഞശേഷമാണ് ജഗന്‍ തുറന്ന കത്തെഴുതി പാര്‍ട്ടി വിട്ടത്. പിന്നാലെ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങി കേന്ദ്ര ഏജന്‍സികളെ വെച്ച് അന്നത്തെ യുപിഎ സര്‍ക്കാര്‍ പലകുറി ജഗനെ വേട്ടായാടി. പക്ഷെ അതെല്ലാം ജഗനിലെ പോരാട്ടവീര്യം കൂട്ടിയതേയുള്ളു. സോണിയ ഗാന്ധിയോടുള്ള അടങ്ങാത്ത പകയും ദേഷ്യവും ജഗനെ കൂടുതല്‍ കരുത്തനാക്കി. 

മൂന്ന് നേതാക്കളും കോണ്‍ഗ്രസ് വിട്ടത് പാര്‍ട്ടിയുടെ കഴിവിലും നേതൃത്വത്തേയും ചോദ്യം ചെയ്താണ്. അവരെയെല്ലാം കോണ്‍ഗ്രസ് കഴിവുകുറച്ച് കാണുകയോ അവരുടെ കൊഴിഞ്ഞുപോക്കിനെ നിസാരമായി കാണുകയോ ചെയ്തു. പക്ഷെ അവരാരും ഇന്നത്തെ പോലെ മുഖ്യഎതിരാളിയായ ബിജെപിയില്‍  ചേരുകയല്ല ചെയ്തത്. (മമതയും ജഗന്‍ റെഡ്ഡിയും ബിജെപിയുമായി സഖ്യം ഉണ്ടാക്കുകയോ ധാരണയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടുണ്ട്). എന്നാല്‍ ഇവരെല്ലാം സ്വന്തമായി പ്രാദേശിക പാര്‍ട്ടി -ശരത് പവാര് ദേശിയ പാര്‍ട്ടിയും - രൂപീകരിച്ച് തങ്ങളുടെ ശത്രുക്കള്‍ക്കെതിരെ പൊരുതുകയായാരുന്നു. ശരത് പവാര്‍ ബിജെപി-ശിവസേന-കോണ്‍ഗ്രസ് എന്നിവര്‍ക്കെതിരെ മഹാരാഷ്ട്രയില്‍ ശക്തമായ സാനിധ്യമായി. കോണ്‍ഗ്രസുമായി സഹകരിച്ചുവെങ്കിലും മഹരാഷ്ട്രയില്‍ ഇപ്പോഴും കോണ്‍ഗ്രസിനേക്കാള്‍ പവര്‍ പവാറിന് തന്നെയാണ്. നിലവിലെ ശിവസേന- കോണ്‍ഗ്രസ്- എന്‍സിപി ത്രികക്ഷി സര്‍ക്കാരിന്റെ ബ്രയിനും ശരത് പവാര്‍ തന്നെയാണ്. ബംഗാളില്‍ സിപിഎമ്മിനെ മുട്ട് കുത്തിച്ച് മമത അധാകാരം പിടിച്ചെടുത്തു. ഭരണ തുടര്‍ച്ചയും നേടി രണ്ട് തവണ മുഖ്യമന്ത്രി പദത്തിലും ഏറി. ജഗനാകട്ടെ ആന്ധ്രയുടെ അനിഷേധ്യ നേതാവാണ് ഇപ്പോള്‍. ടിഡിപി-കോണ്‍ഗ്രസ്-ബിജെപി എന്നീ പാര്‍ട്ടികളെ നിഷ്പ്രഭമാക്കി ആന്ധ്രയുടെ അധികാരം ജഗന്‍ പിടിച്ചെടുത്തു.

ആ സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസിന് എന്ത് സംഭവിച്ചു എന്നത് കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലും ഈ നേതാക്കളുടെ പാര്‍ട്ടിക്ക് പിന്നിലാണ് കോണ്‍ഗ്രസിന്റെ സ്ഥാനം. ബംഗാളിലും മഹാരാഷ്ട്രയിലും മാത്രമാണ് പിന്നെയും ഭേദപ്പെട്ട നിലയില്‍ അസബ്ലിയില്‍ സാനിധ്യമുള്ളത്. ആന്ധ്രയിലാകട്ടെ ഒറ്റ സീറ്റ് പോലും കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് നേടാനായിട്ടില്ല. അത്രമാത്രം തകര്‍ന്ന് തരിപ്പണമായിരിക്കുന്നു ആന്ധ്രയില്‍ കോണ്‍ഗ്രസ്. 
കോണ്‍ഗ്രസ് വിട്ട് പുറത്ത് പോയി സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച നേതാക്കള്‍ക്കാര്‍ക്കും തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെതാണ് വസ്തുത. മമതയും പവാറും ജഗനുമെല്ലാം അത് തെളിയിച്ചതുമാണ്. സമീപകാലത്ത് കോണ്‍ഗ്രസ് വിട്ട നേതാക്കളെല്ലാം അധികാരം മോഹിച്ചോ അന്വേഷണം പേടിച്ചോ ബിജെപിക്കൊപ്പം പോയവരാണ്. ഏറ്റവും ംടുവില്‍ മധ്യപ്രേദശില്‍ പാര്‍ട്ടി ദേശിയ അധ്യക്ഷനമാവുമെന്ന് വരെ കരുതിയിരുന്ന ജ്യോതിരാദിത്യ സിന്ധ്യവരെ. എന്നാലിപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് സച്ചിന്‍ പൈലറ്റിലേക്കാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് തനിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ത്തിയാണ് സച്ചിന്‍ പൈലറ്റ് പാര്‍ട്ടി വിടുന്നത്. ബിജെപി വല വിരിച്ചിട്ടുണ്ടെങ്കിലും സച്ചിന്‍ ബിജെപിയിലേക്ക് ഇല്ലെന്നാണ് സൂചന. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാനാണ് സച്ചിന്റെ പദ്ധതിയെന്നാണ് അടുത്ത അനുയായികള്‍ അവകാശപ്പെടുന്നത്. എങ്കില്‍ മമതയുടേയും ജഗന്റേയുമെല്ലാം ജൈത്രയാത്ര സച്ചിന് രാജസ്ഥാനില്‍ ആവര്‍ത്തിക്കാനാവുമോയെന്നതാണ് ഉയരുന്ന ചോദ്യം. 

ഇവരുടെ പാതയ്ക്ക് പകരം അടുത്ത് സുഹൃത്തും പാര്‍ട്ടിയിലെ മുന്‍ സഹപ്രവര്‍ത്തകനുമായ ജോതിരാദിത്യ സിന്ധ്യയുടെ വഴിയേ പോകുമോ സച്ചിന്‍ പൈലറ്റ് എന്നതും ഈ മണിക്കൂറിലെ വലിയ ചോദ്യമാണ്. കമല്‍നാഥുമായുള്ള അഭിപ്രായ ഭിന്നത- സിന്ധ്യയെ തഴഞ്ഞ് കമല്‍നാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കിയതിലെ എതിര്‍പ്പ് എന്നാണ് സത്യം- യെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് ബിജെപിയിലേക്കാണ് സിന്ധ്യ പോയത്. സ്വഭാവികമായും സിന്ധ്യ പൈലറ്റിനെ ബിജെപി പാളയത്തിലെത്തിക്കാനുള്ള പണിയെടുക്കുമെന്നുറപ്പാണ്. മധ്യപ്രദേശില്‍ തനിക്കൊപ്പം നിന്നവര്‍ക്ക് മന്ത്രിസഭയില്‍ നല്ല വകുപ്പുകളും അവസരങ്ങളും നേടിക്കൊടുക്കുന്നതില്‍ സിന്ധ്യ ഇപ്പോള്‍ വിജയിച്ചിട്ടുമുണ്ട്. അതിനാല്‍ തന്നെ പൈലറ്റിനെ ആകര്‍ഷിക്കാനുള്ള മരുന്നൊക്കെ സിന്ധ്യയുടെ കയ്യിലുണ്ട്. ഇരുവരും നേരിട്ടത് ഒരേ തരത്തിലുള്ള അപമാനവും അവഹേളനവുമാണ് എന്നത് കൂടിയാകുമ്പോള്‍ വശീകരിക്കാനും എളുപ്പമാണ്. 

നിലവില്‍ അശോക് ഗെഹ്ലോട്ടിനൊപ്പമാണ് പാര്‍ട്ടിയും എംഎല്‍എ മാരുെ എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗെഹ്ലോട്ടിന്റെ സര്‍ക്കാരിന് ഇതുവരേയും ഭരണം നഷ്ടമാകില്ലെന്നാണ് നിയമസഭ കക്ഷിയോഗത്തിലെ എണ്ണം വ്യക്തമാക്കുന്നത്. പക്ഷെ അണികള്‍ ആര്‍ക്കൊപ്പമാണ് എന്ന് വ്യക്തമാകാന്‍ ഇനിയും ദിവസങ്ങളെടുക്കും. 2018 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ രാജസ്ഥാനില്‍ വിജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സച്ചിന്‍ പൈലറ്റാണ്. അത് പാര്‍ട്ടിയുടെ ദേശിയ നേതൃത്വത്തിനും വ്യക്തമായി അറിയുന്നതാണ്. പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയിലെ തലനരച്ച നേതാവിന് - മധ്യപ്രദേശിലേത് പോലെ - മുഖ്യമന്ത്രി പദം നല്‍കി പാര്‍ട്ടി ഹൈക്കമാന്റ് കൈമലര്‍ത്തിയപ്പോള്‍ സ്വാഭാവികമായും സച്ചിന്റേയും മനസ് മടുത്തുകാണും. വിതച്ചവന്‍ കൊയതശേഷം നെല്ല് ചുളുവിലക്ക് തട്ടിയെടുക്കുന്ന ബ്രോക്കര്‍മാരായി പാര്‍ട്ടിയിലെ പല്ലുകൊഴിഞ്ഞ സിംഹങ്ങള്‍ വരുമ്പോള്‍, അവര്‍ക്ക് വെഞ്ചാമരവും ആലവട്ടവുമായി ഹൈക്കമാന്റ് താലമെടുക്കുമ്പോള്‍ പണിയെടുത്തവര്‍ക്ക് നിരാശയുണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്. അത് തന്നെയാണ് മധ്യപ്രദേശിലും സംഭവിച്ചത്. 

തന്റെ ഏറ്റവും അടുത്ത് രണ്ട് പേര്‍ - ഇടം വലം കയ്യായി നിന്നവര്‍- പാര്‍ട്ടിയുടെ പടിക്ക് പുറത്തേക്ക് പോകുമ്പോള്‍, അതും പാര്‍ട്ടിയെ ഹിന്ദി ഹൃദയഭൂമിയില്‍ ശക്തിപ്പെടുത്തുന്നതിന് അക്ഷീണം പ്രയത്‌നിച്ച രണ്ട് മുന്‍ നേതാക്കളുടെ മക്കള്‍, രാഹുല്‍ ഗാന്ധി മൗനിയായി തുടരുന്നത് ആ പാര്‍ട്ടി നേരിടുന്ന നേതൃശൂന്യതയുടെ തെളിവാണ്. 

രാജ്യം ഫാസിസ്റ്റ് ഭീഷണി നേരിടുമ്പോളും പകച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അപ്പോഴും പക്ഷെ തങ്ങള്‍ക്കൊപ്പം ബിജെപിക്കെതിരായി പോരാടാന്‍ നിന്ന യുവനേതാക്കളെ ഒപ്പം നിര്‍ത്താന്‍ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും നേതൃത്വം ശ്രമിക്കുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്നത്. അണികളേയും നേതാക്കളേയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനോ പിടിവാശി ഉപേക്ഷിച്ച് സമവായത്തിന്റെ പാത സ്വീകരിക്കാനോ കോണ്‍ഗ്രസിന്റെ നേതൃത്വം തര്‍ക്കിക്കുന്ന നേതാക്കളോട് പറയാന്‍ പോലും മടിക്കുന്നു. 
മധ്യപ്രദേശിലെ സര്‍ക്കാര്‍ താഴെവീണു. ഇനി 24 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും അവിടെ ഭരണം തിരികെ കിട്ടുമോ ഇല്ലെയോ എന്നത്. രാജസ്ഥാനില്‍ ഇപ്പോഴും അനശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. സച്ചിനൊപ്പമുള്ള എംഎല്‍എമാര്‍ - അവര്‍ 17 ആയാലും 20 ആയാലും ശരി- അവര്‍ക്കൊപ്പം ഏതാനും സ്വതന്ത്രമാരെ കൂടി ബിജെപി വിലക്കെടുത്താല്‍ തരും ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസ് ഭരണം. ഇതൊന്നും ഹൈക്കമാന്റിനും ലോക്കമാന്റിനും അറിയാഞ്ഞിട്ടല്ല, മറിച്ച് തല നരച്ച് പല്ല് കൊഴിയാറായ- പരിചയ സമ്പത്തുള്ള എന്ന് രാഷ്ട്രീയ ഭാഷ- നേതാക്കളെ അടുക്കളപുറത്ത് നിന്ന ഇറക്കിവിടാനുള്ള ഇച്ചാശക്തിയില്ലായിമയാണ്. ആ ധൈര്യം എന്ന് ദേശിയ കോണ്‍ഗ്രസ് കാണിക്കുന്നുവോ, എന്ന് യുവാക്കളുടെ നേതൃപാടവം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നുവോ അന്ന് മാത്രമേ കോണ്‍ഗ്രസിന് ഇനിയൊരു മടങ്ങിവരവ് ഉണ്ടാകു. അതുവരെ ബിജെപിയുടെ ഫാസിസവും പ്രാദേശിക പാര്‍ട്ടികളുടെ വിലപേശലുകളുമെല്ലാം അരങ്ങ് വാഴും. ഒരുപരിധിവരെ പ്രദേശിക പാര്‍ട്ടികള്‍ ബിജെപിയെ ചെറുക്കുന്നുണ്ട് എന്ന് വാദിക്കാം. പക്ഷെ അവരെല്ലാം സ്വന്തം കാര്യം വരുമ്പോള്‍ ബിജെപിക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് എന്നത് മറക്കരുത്. മമതക്കും ജഗനും ആ ചരിത്രമുണ്ട്. വേണമെങ്കില്‍ പവാറും ആ വഴി പോകും.

 ഫാസിസത്തെ ചെറുത്ത് തോല്‍പ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ യുവത്വത്തെ ഒപ്പം നിര്‍ത്തണം. നേതൃത്വത്തിലും യുവരക്തവും യുവചിന്തഗതിയും കടന്നുവരണം. കോണ്‍ഗ്രസില്‍ അതെല്ലാം ഇനിയെന്ന് എന്നചോദ്യംമാത്രം ഇപ്പോഴും അവശേഷിക്കുന്നു...

Comments