Friday, 21 November 2014

ദെൽപിയറോയുടെ കയ്യൊപ്പ്....

ജീവിതത്തിൽ ധന്യമെന്ന് ഹൃദയത്തിൽ തട്ടി നമുക്ക് അനുഭവപ്പെടുന്ന ദിവസങ്ങൾ വളരെ വിരളമായിരിക്കും. അത്തരത്തിൽ അപൂർവ്വങ്ങളിൽ അപൂർവമായ ദിവസങ്ങളിലൊന്നാണ് നവംബർ 8,2014  ലേത്.  കഴിഞ്ഞ കുറച്ച് നാളുകളായി ഏറെ ആഗ്രഹിച്ച നിമിഷങ്ങളിലൊന്ന്. ഇറ്റലിയുടെ സൂപ്പർ താരമായ അലക്സാണ്ട്രോ ദെൽപിയറോയുടെ ഒരു കയ്യൊപ്പ്...ഒപ്പമൊരുചിത്രം...
ദെൽപിയറോയുടെ കയ്യൊപ്പ്
ഫുട്ബോളിൽ എന്റെ പ്രിയടീം അർജന്റീനയാണെങ്കിലും ഇറ്റലിയും ജർമനിയും ഇംഗ്ലണ്ടുമെല്ലാം ഇഷ്ടടീമിന്റെ രണ്ടാം നരിയിലുണ്ട്.
അതിനാൽതന്നെ ദെൽപിയറോയും മൈക്കൽ ഓവനുമൊക്കെ പ്രയതാരങ്ങളാണ്.
യുവാന്റസിന്റെ താരമായും നായകനായും ഇറ്റലിയുടെ മൂന്നേറ്റനിരയിലും ഇടിമിന്നലായി മാറിയ സ്ട്രൈക്കർ.
തരംതാഴ്ത്തലിനിടയിലും യുവാന്റസിനെ കൈവിടാതിരുന്ന മാന്യനായ താരം...
ആരാധനതോന്നാൻ കാരണങ്ങൾ നിരവധിയാണ്...

ഇന്ത്യൻ സൂപ്പർ ലീഗിൽ ഡെൽഹി ഡൈനാമോസിന്റെ മാർക്യൂ താരമായി ദെൽപിയറോ കരാറായ അന്നുമുതൽ കാത്തിരിക്കുകയായിരുന്നു കൊച്ചിയിൽ ദിൽപിയറോ എത്തുന്നതും കാത്ത്...

ഒടുവിൽ ദെൽപിയറോ എത്തി...നവംബർ ആറ് വ്യാഴാഴ്ച്ച....

കേരള ബ്ലാസ്റ്റേഴ്സുമായുള്ള മത്സരത്തിന് മുന്നോടിയായി വെള്ളിയാഴ്ച്ച  തൃപൂണിത്തുറയിലെ  ഡെൽഹി ഡൈനാമോസിന്റെ  പരിശീലനം  കവർ ചെയ്യുന്നതിനിടെ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ പരിശീലനസ്ഥലത്തേക്ക് പ്രവേശനം നിഷേധിച്ചതോടെ അത് നടന്നില്ല.  
ശനിയാഴ്ച്ച വെകുന്നേരം മത്സരത്തിന് മുന്നോടിയായുള്ള  വാർത്താസമ്മേളനത്തി ന് കോച്ചിനൊപ്പം ദേൽപിയറോയെത്തിയപ്പോൾ മുതൽ കയ്യിൽ രണ്ടാമതൊരു കഷ്ണം വെള്ളപ്പേപ്പറുമായി കാത്തിരുന്നു, ഏറെ പ്രതീക്ഷയോടെ....
പിറന്നാൾ ദിനത്തിന് തലേന്ന് ഏറെ ഉൻമേഷവാനായിരുന്നു ദെൽപിയറോ.
ചോദ്യങ്ങൾക്ക് ചിരിയിൽ പൊതിഞ്ഞ മറുപടികൾ...
പക്ഷെ വാർത്താസമ്മേളനശേഷം മടങ്ങവേ കയ്യിൽ കരുതിയ വെളുത്തകടലാസും പേനയുമായി സമീപിക്കുമ്പോളേ സുരക്ഷാജീവനക്കാർ തടഞ്ഞു. വീണ്ടും ചോദ്യം ചോദിക്കാനാണെന്ന് കരുതിയായിരുന്നു ആ തടയൽ.
ആഗ്രഹിച്ചത് നടക്കാതെപോയപ്പോൾ നിരാശനായി...ഞാൻ മാത്രമല്ല, ദെൽപിയറോയുടെ കടുത്ത മറ്റൊരു ആരാധകനായ ഡെക്കാൻ ക്രോണിക്കിളിലെ അരുൺ ജോർജും.
പിറ്റേന്ന്  ഹോട്ടലിൽ പോയി ഒരു ശ്രമം നടത്തിയാലോയെന്ന് പോലും ഞങ്ങൾ ആലോചിച്ചു.
 പരിശീലനശേഷം ടീം മടങ്ങുമ്പോൾ പെട്ടെന്ന് തോന്നിയതാണ് ടീം ഇറങ്ങുന്ന ഗെയ്റ്റിലൊന്ന് പോയി നിൽക്കാമെന്ന്.
ചെന്നുനിന്നു.
ഡൈനാമോസിന്റെ പിആർഓ യോട് കാര്യം പറഞ്ഞപ്പോൾ സഹായിക്കാമെന്നേറ്റു.
പിന്നെ ടെൻഷനടിച്ചുള്ള കാത്തിരിപ്പ് .
മറ്റ് താരങ്ങൾ വന്ന് ക്യാമറയെ കൈവീശി പോയതൊന്നും അറിഞ്ഞില്ല...
നോട്ടം താരങ്ങൾ നടന്നുവരുന്ന ചെറിയ ഇടനാഴിയിൽ തന്നെ...
ഇമവെട്ടാതെ...
ഒടുവിൽ കോച്ചിനും സപ്പോർട്ടിങ് സ്റ്റാഫിനുമൊപ്പം ദെൽപിയാറോയെത്തി..
.പക്ഷെ ഇരുകയ്യിലും നിറയെ സാധനങ്ങൾ...
വീണ്ടും പിരിമുറുക്കം... ഓട്ടോഗ്രാഫിനായി പേനയും പേപ്പറും നീട്ടിയപ്പോൾ സന്തോഷത്തോടെ  ഒരു കയ്യിലെ സാധനങ്ങൾ മറ്റേകയ്യിലേക്കൊതുക്കി ഒരു ചെറുചിരിയോടെ പേനയും പേപ്പറും  വാങ്ങി..
എന്നിട്ട് എന്നോട് കൈ നീട്ടാൻ പറഞ്ഞു...
നീട്ടിയ കൈവെള്ളയിൽ പേപ്പർ വെച്ച് ദെൽപിയറോ ഒപ്പിട്ടു....
നിർഭാഗ്യം...
അബദ്ധത്തിൽ മഷി പേന തിരിച്ച് പിടിച്ചതിനാൽ ആദ്യത്തെ ഒപ്പ് പതിഞ്ഞില്ല...
പിന്നെ പേപ്പർ മറിച്ചുവെച്ച് ദെൽപിയറോ വീണ്ടും ചാർത്തി..... എന്തിനേക്കാളും വിലയേറിയ കയ്യൊപ്പ്....
പടം : ഡാറ്റസ്
ചിലയിടങ്ങളിൽ ശരിക്ക് പതിയാതെ പോയെങ്കിലും ഏറെ സന്തോഷം നൽകിയ കയ്യൊപ്പ്....

മറ്റുള്ളവരുടെ മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നതിനിടെ ദെൽപിയറോയ്ക്ക് ഹസ്തദാനം ചെയ്ത് പിറന്നാളാശംസകളും നേർന്നു....

പക്ഷെ അരുൺ ജോർജ് ഒപ്പമില്ലാത്തതിലും എന്നുംകൂടെ കരുതാറുള്ള നോട്ട് ബുക്ക് എടുക്കാതെപോയതിലും സങ്കടം തോന്നി....
പിന്നെ ആദ്യവട്ടം ചതിച്ച എന്റെ പ്രിയപ്പെട്ട മഷിപ്പേനയെ
ആദ്യമായി വെറുക്കുകയും ചെയ്തു...

No comments:

Post a Comment