ഇന്ത്യയുടെ വിപണി സ്വകാര്യവത്ക്കരിക്കുന്ന നടപടി തുടങ്ങിയിട്ട് കാലമേറെയായി. വിദേശനിക്ഷേപത്തിന് പ്രതിരോധമടക്കമുള്ള രാജ്യത്തെ തന്ത്രപ്രധാനമായ മേഖലകളെല്ലാം തുറന്നിട്ടുകഴിഞ്ഞു. 5 ട്രില്ല്യണ് സാമ്പത്തികവളര്ച്ച എന്നത് മോദി സര്ക്കാര് ലക്ഷ്യം വെക്കുന്നതും വിദേശത്ത് നിന്നുള്ള നിക്ഷേപത്തില് കണ്ണ് വെച്ചുതന്നെയാണ്. വിവിധ മേഖലകള് സ്വകാര്യവത്ക്കരിക്കുന്നതിനൊപ്പം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിച്ചും പണം കണ്ടെത്തുകയും ഇന്ത്യയിലെ നിര്മാണപ്രവര്ത്തനങ്ങള് മെയ്ക്ക് ഇന് ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്തെ ഉത്പാദനമേഖലയെ ശക്തിപ്പെടുത്താമെന്നും കേന്ദ്രസര്ക്കാര് കണക്കുകൂട്ടി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും വിദേശ നിക്ഷപത്തിലും ഓഹരിവിറ്റഴിക്കലും സ്വകാര്യവത്ക്കരിക്കലുമെല്ലാം രാജ്യത്തെ ജിഡിപി ഇരട്ട അക്കത്തിലേക്ക് എത്തിക്കുമെന്ന ശുഭാപ്തിവിശ്വാസമായിരുന്നു കേന്ദ്രം പുലര്ത്തിയിരുന്നത്.എന്നാല് രാജ്യത്തിന്റെ വികസനസൂചിക കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ താഴ്ന്ന നിരക്കിലേക്ക് പോകുകയും ഓഹരിവിറ്റഴിക്കല് ക്ലച്ച് പിടിക്കാതെ പോവുകയും ചെയ്തു. പിന്നാലെ കൊവിഡ് ലോകസാമ്പത്തിക രംഗത്തെ തന്നെ കീഴ്മേല് മറിക്കുകയും ചെയ്തു. അതിന്റെ ചലനം ഇന്ത്യന് വിപണിയിലും ചലനം സൃഷ്ടിച്ചു. 41000 കടന്ന സെന്സെക്സ് കുത്തനെ ഇടിഞ്ഞതോടെ ഇന്ത്യയിലെ ഒട്ടുമിക്ക സെക്ടറുകളും കടുത്ത പ്രതിസനധിയിലായി.
രാജ്യത്തെ ഓട്ടോമോട്ടീവ് സെക്ടര് പക്ഷെ കൊവിഡ് കാലത്തിന്ശേഷം മെല്ലെ തിരികെ കയറുന്നകാഴ്ച്ചയാണ് കണ്ടത്. യാത്രകള്ക്ക് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങളും പൊതുഗതാഗതസംവിധാനങ്ങളില് സഞ്ചരിക്കുന്നതിനേക്കാള് സ്വന്തം വാഹനത്തില് സുരക്ഷിതരായി യാത്രചെയ്യാമെന്നതും വാഹനവിപണിയെ ഉണര്ത്തുന്നതില് നിര്ണായകമായി. എന്നാല് അത്രസുഖകരമല്ലാത്ത വാര്ത്തകളാണ് ഇപ്പോള് ഓട്ടോമോട്ടീവ് സെക്ടറില് നിന്നുവരുന്നത്. വിദേശവാഹനനിര്മാതാക്കള് ഇന്ത്യയിലെ കച്ചവടം അവസാനിപ്പിക്കുന്നുവെന്നതാണ് അത്. ഇന്ത്യയില് നിന്ന് അധികം പിന്തുണ ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതായി ആദ്യം പരസ്യമായി പറഞ്ഞത് കൊറിയന് കാര് നിര്മാതാക്കളായ ടൊയോട്ടയാണ്. സര്ക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ലഭിക്കാത്തതിനാല് ഇന്ത്യയില് ഇനി നിക്ഷേപം ഇറക്കുന്നില്ലെന്നും ടൊയോട്ട വ്യക്തമാക്കി. തൊട്ടുപിന്നാലെ ആഢംബര ബൈക്ക് നിര്മാതാക്കളായ ഹാര്ലി ഡേവിസണാണ്. ട്രംപിന്റെ പ്രത്യേകതാല്പര്യത്തില് ഇന്ത്യയിലെത്തിയ അമേരിക്കന് ബൈക്ക് നിര്മാതാക്കളാകട്ടെ ഇന്ത്യയിലെ മൊത്തം ഓപറേഷനും ഒറ്റയടിക്ക് അവസാനിപ്പിക്കാന് തന്നെ തീരുമാനിച്ചുകഴിഞ്ഞു. സര്ക്കാരില് നിന്ന് തങ്ങളുടെ വ്യാപാരം മെച്ചപ്പെടുത്താനുള്ള ഒരു സഹായവും ലഭിക്കുന്നില്ലെന്ന പരാതിതന്നെയാണ് ബൈക്ക് ഭീമനും ഉയര്ത്തിയത്. രാജ്യത്തെ ഉയര്ന്ന ഇറക്കുമതി തീരുവതന്നെയാണ് പ്രതികൂലഘടകമായി മുഖ്യമായും ഇവര് ഉയര്ത്തികാണിക്കുന്നത്. അതിനൊപ്പം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലെ വാഹന വിപണി അടുത്തകാലത്തൊന്നും ഉയര്ത്തെഴുന്നേല്ക്കില്ലെന്ന മാര്ക്കറ്റ് പഠനങ്ങളും ഇവരുടെ തീരുമാനത്തിന് പിന്നിലുണ്ട്. പ്രീമിയം വാഹനങ്ങള്ക്ക് വലിയ വില്പന സാധ്യത സമീപകാലത്തെങ്ങുമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്. ഈ സാഹചര്യത്തില് രാജ്യത്തെ നികുതിയില് വലിയതോതില് ഇളവ് ലഭിക്കാതെ പിടിച്ച് നില്ക്കാനാവില്ലെന്നാണ് വിദേശവാഹന നിര്മാതാക്കളുടെ പക്ഷം.
നേരത്തെ ഹാര്ലി ഡേവിസണ് വേണ്ടുന്ന എല്ലാസഹായവും ചെയ്യണമെന്ന്
അമേരിക്കന് പ്രസിഡന്റ് തന്നെ പ്രധാനമന്ത്രി മോദിയോട് അവശ്യപ്പെട്ടതാണ്. 2018 ല് ഇരുവരും തമ്മില് നടത്തിയ കൂടിക്കാഴ്ച്ചയില് മോദിയോട് ട്രംപ് മുഖ്യമായും ആവശ്യപ്പെട്ടത് അമേരിക്കന് കമ്പനികള്ക്കായി രാജ്യത്തെ ഇറക്കുമതി തീരുവ കുത്തനെ കുറക്കണമെന്നായിരുന്നു. ട്രംപിന് വാക്ക് കൊടുത്ത മോദി ഇന്ത്യയില് വിദേശനിക്ഷേപം ആകര്ഷിക്കാന് വേണ്ടുന്ന എല്ലാ ഇളവുകളും നല്കുമെന്ന് ഉറപ്പുനല്കുകയും ചെയ്തു. പ്രത്യേകിച്ച് ഹാര്ലലി ഡേവിസണ് വേണ്ടി. തുടര്ന്ന് 75 ശതമാനമുണ്ടായിരുന്ന ഇറക്കുമതി തീരുവ ഹാര്ലിക്ക് വേണ്ടി 50 ശതമാനമാക്കി മോദി കുറച്ചുകൊടുക്കുകയും ചെയ്തു. പക്ഷെ അതിലും ഹാര്ലി ഡേവിസണ് തൃപ്തരായിരുന്നില്ല.. ട്രംപും ഇറക്കുമതി തീരുവയില് വരുത്തിയ 25 ശതമാനത്തിന്റെ മാറ്റത്തില് തൃപ്തനായിരുന്നില്ല. ഇറക്കുമതി തീരുവ പൂജ്യമാക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. ഇക്കാര്യത്തിലെ അതൃപ്തി പലകുറി ട്രംപ് മോദിയോട് തുറന്നുപറയുകയും ചെയ്തു.
ഇരുരാജ്യങ്ങള്ക്കിടയിലും അത്രയേറെ താല്പര്യവും പ്രാധാന്യവും ലഭിച്ച ഹാര്ലി ഡേവസണ് ഇന്ത്യയിലെ എല്ലാഷോറൂമുകളും അടക്കാനാണ് ഒടുവില് തീരുമാനിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവിപണിയായ ഇന്ത്യയില് അമേരിക്കന് ഭീമന്മാര്ക്ക് വില്ക്കാനായത് വെറും 2500 ഓളം ബൈക്കുകള് മാത്രമാണ്. ഇറക്കുമതി തീരുവ കുറയ്ക്കാത്തത് ബൈക്കിന്റെ നിര്മാണത്തേയും വില്പനയേയും പ്രതികൂലമായി ബാധിക്കുമെന്നതിനുമപ്പുറം കോവിഡാനന്തരം ലോകമാര്ക്കറ്റിലുണ്ടാവാന് പോകുന്ന മറ്റൊരു പ്രതിസന്ധിയും മുന്നില് കണ്ടാണ് വിദേശ കമ്പനികള് ഇന്ത്യ വിടാനൊരുങ്ങുന്നത്. അതായത് കോവിഡ് കാലത്ത് ലോകത്തെ എല്ലാ നിര്മാണയൂണിറ്റുകളും അടഞ്ഞുകിടന്നത് അസംസ്കൃത വസ്തുക്കളുടെ ഉത്പാദനത്തേയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. അതിനാല് തന്നെ ഉത്പാദനത്തിന് വേണ്ടുന്ന വസ്തുക്കളുടെ ലഭ്യത കുറവ് ഇനി എല്ലാമേഖലയേയും പോലെ വാഹനനിര്മാണമേഖലയും നേരിടാന്
പോവുകയാണ്. ആ സാഹചര്യത്തില് മാതൃരാഷ്ട്രത്തിന് പുറത്ത് നികുതിയിളവ് ഇല്ലാത്തിടത്തേക്ക് ക്ഷാമം നേരിടുന്ന അസംസ്കൃത വസ്തുക്കള് ലഭ്യമാക്കുക എന്നത് വലിയ വെല്ലുവിളിയും ലാഭമില്ലാത്ത കാര്യവുമാണ്. സാമ്പത്തിക പ്രതിസന്ധിനേരിടുന്ന ഒരു രാജ്യത്ത് വലിയ വിലയ്ക്ക് സാധനങ്ങള് ലഭ്യമാക്കി നിലവിലേതിനേക്കാള് ഉയര്ന്ന വിലയ്ക്ക് ബൈക്ക് നിര്മിച്ച് വില്ക്കുക എന്നത് അസാധ്യമാണെന്ന് നിര്മാതാക്കള്ക്ക് അറിയാം. പോരാത്തതിന് കഴിഞ്ഞ 7-8 വര്ഷമായി ഇന്ത്യയിലെ ഓട്ടോമോട്ടീവ് സെക്ടറിന്റെ ഗ്രാഫ് വളര്ച്ചയേക്കാള് തളര്ച്ചയാണ് കാണിച്ചിരിക്കുന്നത്. മാത്രവുമല്ല, കഴിഞ്ഞ കുറച്ച് കാലമായി ഉത്പാദിപ്പിച്ചതിന്റെ 50-60 ശതമാനവും ചിലവഴിക്കാനും ആയിട്ടില്ല എന്നയാഥാര്ത്ഥ്യവും വാഹനനിര്മാതാക്കളെ തുറിച്ച് നോക്കുന്നുണ്ട്. ഇതിന് പുറമെ കച്ചവടം പൂട്ടാന് ഇരുകമ്പനികളും ചൂണ്ടികാട്ടിയ മറ്റൊരുകാര്യം കൂടിയുണ്ട്. വിദേശകമ്പനികള്ക്ക് ഇന്ത്യയില് നിക്ഷേപം ഇറക്കുന്നതിനനുസരിച്ച് റിട്ടേണ് ലഭിക്കുന്നില്ലെന്ന് മാത്രമല്ല ധാരാളം നിയമനടപടികള് നേരിടേണ്ടി വരുന്നുവെന്നത്. വോഡഫോണും ബ്രിട്ടീഷ് പെട്രോളിയവും 25 ബില്ല്യണ് ഡോളറാണ് ഇന്ത്യയില് നിക്ഷേപമിറക്കിയത്. എന്നാല് ഒറ്റപൈസ ഇതുവരേയും ലാഭം കിട്ടിയില്ലെന്നമാത്രമല്ല, സര്ക്കാരുമായി കേസുകളും കൂട്ടവുമായി കോടികളുടെ അധികബാധ്യതയാണ് അവര്ക്ക് വന്നതും. അന്താരാഷ്ട്ര ആര്ബിട്രേഷന് വഴി കഴിഞ്ഞദിവസമാണ് 20000 കോടിയുടെ പിഴ ചുമത്തിയ കേസില് വോഡഫോണിന് അനുകൂലമായ വിധി വന്നത്. പക്ഷെ ആ വിധി അംഗീകരിക്കാന് സര്ക്കാരിപ്പോഴും തയ്യാറായിട്ടില്ല. ഇന്ത്യയിലെ നിക്ഷേപം മൊത്തം നഷ്ടകണക്കിലാണ് ഇരു കമ്പനികളും അക്കൌണ്ട് ബുക്കിലെഴുതിയിരിക്കുന്നത് എന്നത് കൂടി അറിയുമ്പോളാണ് വിദേശകമ്പനികള്ക്ക് എത്രമാത്രം സ്വര്ഗമാണ് ഇന്ത്യന് വിപണിയെന്ന് മനസിലാകു.
ഈ കമ്പനികളുടെ എല്ലാം അനുഭവം ഇന്ത്യ പണമിറക്കി ബിസിനസ് നടത്താന് പറ്റിയ ഇടമല്ലെന്ന സന്ദേശമാണ് മറ്റ് സ്ഥാപനങ്ങള്ക്ക് നല്കുന്നത്. വലിയ ജനസംഖ്യയുള്ള വലിയ തോതില് ഇടപെടലുകള് നടക്കാത്ത വിപണിയാണെങ്കിലും ലാഭസാധ്യത പലകാരണങ്ങളാല് തുലോം കുറവാണെന്ന സന്ദേശം, അതിനാല് തന്നെ വിദേശനിക്ഷേപത്തെ ആകര്ഷിക്കാനുള്ള ഏതൊരുശ്രമത്തിനും തിരിച്ചടിയാകും ലഭിക്കുക. കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി മോദി സര്ക്കാര് രാജ്യത്തേക്ക് വിദേശകമ്പനികളെ കൊണ്ടുവരാനുള്ള വലിയ ശ്രമങ്ങളാണ് നടത്തുന്നതെങ്കിലും ഫലം കാണുന്നില്ല. പുതിയ നിക്ഷേപകര്ക്കായി കഴിഞ്ഞ വര്ഷം കോര്പറേറ്റ് നികുതി 15 ശതമാനാക്കി കുറച്ചു. ലോകത്തെ തന്ന് കോര്പറേറ്റ് നികുതി ഏറ്റവും കുറവുള്ള രാജ്യമാണ് ഇപ്പോള് ഇന്ത്യ. എന്നിട്ടും നിക്ഷേപകരെ ആകര്ഷിക്കാനാവുന്നില്ല എന്നതാണ് വസ്തുത. ഇപ്പോള് തൊഴില് നിയമങ്ങള് പരിഷ്ക്കരിച്ചതും കോര്പറേറ്റുകളെ ലക്ഷ്യമിട്ട് തന്നെയാണ്. ഹയര് ആന്റ് ഫയര് എന്ന പോളിസി കോര്പറേറ്റുകളുടെ ആവശ്യം മാത്രം പരിഗണിച്ചാണ് കൊണ്ടുവന്നിരിക്കുന്നത്. എന്നിട്ടും വിദേശകമ്പനികള് ഇന്ത്യവിടുന്നുവെങ്കില് സാമ്പത്തിക രംഗം സംബന്ധിച്ച് കാര്യമായ ആത്മപരിശോധനതന്നെ ഇന്ത്യ നടത്തേണ്ടതുണ്ട്.