ഡല്ഹിയിലെ കലാപം ആര് ആസൂത്രണം ചെയ്തു?. ആരാണ് ആള്ക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചത്? കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ ചര്ച്ചചെയ്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയ വിഷയമാണിത്. രാജ്യത്തിനറെ മറ്റിടങ്ങളില് മുമ്പ് ഉണ്ടായിരുന്ന കലാപങ്ങളില് നിന്ന് ഒട്ടും വ്യത്യസ്ഥമല്ല കഴിഞ്ഞ ഫെബ്രുവരിയില് രാജ്യതലസ്ഥാനത്ത് നടന്ന കലാപവും. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള, പൊലീസിനറേയും ഭരിക്കുന്ന സര്ക്കാരിനറെ പൂര്ണപിന്തുണയോടെ നടന്ന ആസൂത്രിതമായ കലാപമായിരുന്നു 2020 ലെ ഡല്ഹി കലാപം. സര്ക്കാരിന്റെ ഔദ്യോഗികകണക്കുകള് പ്രകാരം 53 പേരാണ് കലാപത്തില് കൊല്ലപ്പെട്ടത്. 500 ലേറെ പേര്ക്ക് പരിക്കേറ്റു. എന്നാല് അനൌദ്യേഗിക കണക്കുകള് ഇതിലുമേറെയാണെന്ന് വാദിക്കുന്നവരുമുണ്ട്. കണക്കുകളിലെ വൈരുദ്ധ്യമല്ല, മറിച്ച് അതിനറെ കാരണമാണ് അന്വേഷിക്കേണ്ടത്. അതിനാണ് ചികിത്സവേണ്ടത്. ശിക്ഷ നല്കേണ്ടത്.
കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 750 ലേറെ കേസുകളാണ് പൊലീസ് രജിസ്റ്റര് ചെ്യ്തത്. 200 ഓളം കുറ്റപത്രങ്ങള് തയ്യാറായി കഴിഞ്ഞുവെന്നും പൊലീസ്കോടതിയില് സമര്പ്പിച്ച സത്യവാങ്മൂലത്തില് പറയുന്നുണ്ട്. പൊലീസിന്റെ കുറ്റപത്രങ്ങളില് രാജ്യതലസ്ഥാനത്ത് നടന്ന പൌരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങളാണ് കലാപത്തിന് കാരണമായത് എന്നാണ്. ഇതുവരെ കോടതികളില് സമര്പ്പിച്ച കുറ്റപത്രങ്ങളിലെല്ലാം തന്നെ പൌരത്വഭേദഗതി സമരത്തിന് നേതൃത്വം കൊടുത്തിരുന്നവരോ അല്ലെങ്കില് ആ സമരത്തിന് ഐക്യദാര്ഢ്യം പ്രകടിപ്പിച്ചവരോ മാത്രമാണ് പ്രതിചേര്ക്കപ്പെട്ടിട്ടുള്ളത്. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകര്ക്കാന് വേണ്ടിയാണ് സമരക്കാര് കലാപം അഴിച്ുവിട്ടതെന്നാണ് പൊലീസ് ഭാഷ്യം. ഷഹീന ബാഗിലും മറ്റും സമരക്കാരും മറ്റ് സമരാനുകൂലികളായ പ്രമുഖര് നടത്തിയ പ്രസംഗവുമെല്ലാം കലാപത്തിന് ആഹ്വാനം ചെയ്യലായിരുന്നുവെന്ന് പൊലീസ് അവകാശപ്പെടുന്നു. ഈ പ്രസംഗങ്ങളുടെയെല്ലാം വീഡിയോ ക്ലിപ്പുകള് തെളിവായി കുറ്റപത്രത്തിനൊപ്പം സമര്പ്പിക്കുകയും ചെയ്തിട്ടുണ്ട്.
കലാപത്തിന് ആഹ്വാനം ചെയ്തവരെതന്നെയാണോ പൊലീസ് പ്രതിചേര്ത്തിട്ടുള്ളത്. അല്ലെങ്കില് അവരെ തന്നെയാണോ പൊലീസ് അറസ്റ്റ് ചെയ്തത് എന്നതാണ് പ്രസക്തമായ ചോദ്യം. ഡല്ഹി കലാപത്തിന തൊട്ടുമുമ്പ് ബിജെപി നേതാവും നിയമസഭ സ്ഥാനാര്ത്ഥിയുമായിരുന്ന കപില് മിശ്ര പൊലീസ് ഉദ്യോഗസ്ഥന്റെ സാനിധ്യത്തില് നടത്തിയ പ്രസംഗം രാജ്യം മുഴുവനും കണ്ടതാണ്. സമരക്കാരെ പൊലീസ് നീക്കം ചെയ്തില്ലെങ്കിള് തന്റെ ആളുകള് അവരെ ഒഴിപ്പിക്കുമെന്നും അവരുടെ സമരകേന്ദ്രങ്ങള് തല്ലിതകര്ക്കുമെന്നും കപില് മിശ്ര പ്രസംഗിച്ചതിന് തൊട്ടുപിന്നലെയാണ് വടക്ക് കിഴക്കന് ഡല്ഹിയുടെ വിവിധ ഭാഗങ്ങളില് കലാപം പൊട്ടിപുറപ്പെിട്ടത്. പക്ഷെ ഇതുവരെ സമര്പ്പിച്ച കുറ്റപത്രങ്ങളിലൊന്നും കപില് മിശ്രയുടെ പേരില്ല. നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള് ഉള്പ്പെടുത്തിയിട്ടില്ല. അതേസമയം സിഎഎ വിരുദ്ധ പ്രക്ഷോഭത്തില് പങ്കെടുത്ത് നിയമത്തിനെതിരെ സംസാരിച്ച സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര ശര്മ, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ് തുടങ്ങിയവരെല്ലാം കുറ്റപത്രത്തില് ഇടംപിടിച്ചിരിക്കുന്നു. ഇവരുടെ പ്രസംഗങ്ങള് സംഘര്ഷത്തിന് പ്രേരിപ്പിച്ചുവെന്ന് കേസില് പ്രതിചേര്ക്കപ്പെട്ട ഗുല്ഫിഷ ഫാത്തിമ മൊഴി നല്കിയെന്നാണ് കര്ക്കദൂര്മ കോടതിയില് ക്രൈംബ്രാഞ്ച് സമര്പ്പിച്ച സപ്ലിമെനറ്റി കുറ്റപത്രത്തിലുള്ളത്. മൊഴിയില് ഇവരുടെ പേരുകളുണ്ടെന്ന് കരുതി പ്രതിയാകണമെന്നില്ലെന്നാണ് ഇത് സംബന്ധിച്ച് ഡല്ഹി പൊലീസ് ഇപ്പോള് നല്കുന്ന വശദീകരണം.
തുടക്കംമുതല് ഡല്ഹി കലാപത്തിലെ പൊലീസിന്റെ പങ്കിനെ കുറിച്ച് ആരോപണങ്ങള് ഉയര്ന്നിരുന്നു. പലപ്പോഴും കലാപകാരികള്ക്കൊപ്പം ചേര്ന്ന് പ്രവര്ത്തിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തെളിവുകള് നശിപ്പിക്കാനായി സിസിടിവി ക്യാമറകള് തല്ലിതകര്ക്കുന്ന ദൃശ്യങ്ങളും കലാപകാരികള് ആളുകളെ തല്ലിക്കൊല്ലുമ്പോള് തടയാന് ശ്രമിക്കാതെ മാറി കാഴ്ച്ചക്കാരായി നോക്കി നില്ക്കുന്ന പൊലീസിന്റെ ദൃശ്യങ്ങളുമെല്ലാം സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇതേ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലും തെറ്റുകളും കൃത്രിമത്വവുമെല്ലാം കടന്നുവരുമെന്നത് പകല്പോലെ വ്യക്തവുമാണ്. നിയമസംരക്ഷകര് തന്നെ നിയമധ്വംസകരായി മാറി ഡല്ഹിയില്എന്നതിന് തെളിവാണ് കുറ്റപത്രങ്ങളിലെ സാക്ഷിമൊഴികളില് പലതും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് വടക്ക് കിഴക്കന് ഡല്ഹിയിലെ ചാന്ദ് ബാഗിലെ ഹാസന് നല്കിയ മൊഴികള്. മൂന്ന് തവണയാണ് ഹാസന് മൊഴി നല്കിയത്. ആദ്യം പൊലീസിന്. പിന്നീട് മജസ്ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി. അതിനുശേഷം വീണ്ടും പൊലീസിന് മുമ്പാകെ കൂടുതല് മൊഴി രേഖപ്പെടുത്തി. മൂന്നിലും കലാപകാരികളുടെ പങ്ക് സംബന്ധിച്ച് പറഞ്ഞിരിക്കുന്ന ഭാഗങ്ങളില് വലിയ വ്യത്യാസം തന്നെ ഉണ്ടായിരുന്നു. പൊലീസിന് ആദ്യം നല്കിയ മൊഴിയില് കപില് മിശ്രയുടെ പങ്ക് സംബന്ധിച്ച് ഒന്നും പറയാതിരുന്ന ഹാസന് പക്ഷെ മജിസ്ട്രേറ്റിന് മുമ്പാകെ നല്കിയ മൊഴിയില് കപില് മിശ്രയുടെ ആളുകള് കടകള് കത്തിച്ചത് സംബന്ധിച്ച് മൊഴി നല്കിയിട്ടുണ്ട്. അതും മിശ്രയുടെ പ്രേരണയിലാണ് ചെയ്യുന്നത് എന്ന് ആളുകള് പറയുന്നത് താന് വ്യക്തമായി കേട്ടതായും മൊഴി നല്കി. എന്നാല് മൊഴിയില് കൂടുതല് വ്യക്തകത വരുത്താനും സംശയങ്ങള് ദൂരികരിക്കാനുമായി പൊലീസ് വിളിച്ച് വീണ്ടും മൊഴി രേഖപ്പെടുത്തിയപ്പോള് കപില് മിശ്രയുടെ പങ്ക് സംബന്ധിച്ച് പറഞ്ഞതെല്ലാം വെറും ഉഹാപോഹങ്ങള് മാത്രമായി മാറി. മജിസ്ട്രേറ്റിന് മുന്നില് പറഞ്ഞതെല്ലാം മാറ്റിപറയാന് ഹാസനെ ആരോ പ്രേരിപ്പിക്കുകയോ ഭീഷണി പ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്ന് സാരം. ഇത്തരത്തില് മൊഴികള് മാറ്റപ്പെടുമ്പോള് അതില് പൊലീസിന്റെ പങ്ക് സംബന്ധിച്ച് സംശയവും ആക്ഷേപങ്ങളും ഉയര്ന്നുവരുനുവെന്നത് സ്വാഭാവികം മാത്രമാണ്.
ആംനസ്റ്റി ഇന്റര്നാഷണല് ഡല്ഹി കലാപം സംബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്ട്ട് പൊലീസിന്റെ വീഴ്ച്ചകള് അക്കമിട്ട് പറയുന്നുണ്ട്. കലാപത്തില് പങ്ക് വഹിച്ചുവെന്ന് ആരോപണം നേരിടുന്നവര് തന്നെ ആ കേസുകള് അന്വേഷിക്കുന്നുവെന്നത് നീതി നടപ്പാക്കുന്നതിന് സഹായിക്കില്ലെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല, കലാപത്തിന് നേതൃത്വം നല്കിയ പാര്ട്ടി തന്നെ കേന്ദ്രം ഭരിക്കുമ്പള്, അവര്ക്ക് കീഴെയുള്ള ഡല്ഹി പൊലീസ് സ്വാധീനിക്കപെടുമെന്നതും വസ്തുതയാണ്. രാഷ്ട്രീയ എതിരാളികളെ ഒതുക്കാനും വിരോധികളെ അടിച്ചമര്ത്താനും അവരെ കുറ്റപത്രങ്ങളില് ഉള്പ്പെടുത്തി കേസ് രജിസ്റ്റര് ചെയ്ത് ജയിലിലടക്കാനുമുള്ള ഡല്ഹി പൊലീസിനറെ ശ്രമങ്ങള് അതിന്റെ ഭാഗമായി മാത്രമേ വിലയിരുത്തപ്പെടുന്നുമുള്ളു. സത്യമേവ ജയത എന്നത് വെറും ആപ്തവാക്ക്യം മാത്രമല്ല, മറിച്ച് സാധാരണക്കാരന് നമ്മുടെ നീതിന്യായ വ്യവസ്ഥിതിയില് ഉള്ള വിശ്വാസത്തിന്റെ കൂടി അടിസ്ഥാനമാണ്. അത് ഇല്ലാതായാല് തകരുക രാജ്യത്തിന്റെ അഖണ്ഡത തന്നെയാണ്, നിയമവ്യവസ്ഥിതിയില് പൌരനുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാന് രാജ്യത്തെ ശാന്തിയും സമാധാനവും ഇല്ലാതാക്കുന്നവരെ, അതിന് പ്രേരിപ്പിക്കുന്നവരെ മാതൃകാപരമായി തന്നെ ശിക്ഷിക്കണം, കുറ്റക്കാര്ക്കെതിരെ നടപടി എടുക്കണം. അതിനാകണം നിയമസംരക്ഷകര് ശ്രമിക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ നേതൃത്വങ്ങളുടെ കയ്യാളാവുകയല്ല വേണ്ടത്.
No comments:
Post a Comment