2 കോടി തൊഴിലവസരം ഒരു വര്ഷത്തിനുള്ളില് സൃഷ്ടിക്കുമെന്ന വാഗ്ദാനമാണ് 2014 ല് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ അധികാരത്തിലേറ്റാന് യുവവോട്ടര്മാരെ പ്രേരിപ്പിച്ചത്. രണ്ടാം യുപിഎ സര്ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ഇന്ത്യന് സാമ്പത്തിക-തൊഴില് രംഗങ്ങളെ അത്രമേല് പ്രതികൂലമായി ബാധിച്ചിരുന്നു. പക്ഷെ പറഞ്ഞ വാക്ക് നിറവേറ്റാന് മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ മോദിക്ക് സാധിച്ചില്ല. ഇന്ത്യന് സാമ്പത്തിക രംഗം തകര്ച്ചയിലായി. ഇതിനിടെ രാജ്യത്ത് തൊഴിലില്ലായ്മ അതിന്റെ ഏറ്റവും ഉന്നതിയില് എത്തിനില്ക്കുന്നുവെന്ന് പറഞ്ഞത് ഏതെങ്കിലും പ്രതിപക്ഷ പാര്ട്ടിയല്ല. കേന്ദ്രത്തിന്റെ തന്നെ കീഴിലുള്ള നീതി ആയോഗും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ തന്നെ കണക്കുകളുമാണ്. എന്നിട്ടും 2019 ല് വീണ്ടും ബിജെപി അധികാരത്തിലേറി.
പിന്നാലെ വന്ന കൊവിഡ് കാലത്ത് രാജ്യത്ത് തൊഴില് നഷ്ടപ്പെട്ടവരുടെ എണ്ണം കോടികളാണ്. ഏകദേശം 18 ദശലക്ഷത്തിലേറെ വരുന്ന മാസശമ്പളക്കാരയ തൊഴിലാളികളും തൊഴില് നഷ്ടപ്പെട്ടവരില് ഉള്പ്പെടുന്നുണ്ട്. ഇതിന്റെ എത്രയോ മടങ്ങാണ് അസംഘടിതമേഖലയിലെ തൊഴില് നഷ്ടപ്പെട്ട ദിവസകൂലിക്കാര്. ഇപ്പോഴും പലരും തൊഴിലില്ലാതെ കഴിയുകയാണ്. മാത്രവുമല്ല പല കമ്പനികളും കൊവിഡിന്റെ മറപറ്റി ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെല്ലാം വെട്ടികുറയ്ക്കുകയും ചെയ്തു. ഐടി മേഖലയിലടക്കം ഈ പ്രതിസന്ധിഘട്ടത്തില് തൊഴില് നഷ്ടപ്പെട്ടവര് നിരവധിയാണ്. ഓരോ ദിവസവും കൂട്ട പിരിച്ചുവിടലിന്റെ കഥകളാണ് മാധ്യമങ്ങളില് നിറയുന്നത്.
രാജ്യത്തെ തൊഴിലിടങ്ങളിലെ പൊതുസ്ഥിതിയാണ് മേല്സൂചിപ്പിച്ചത്. അതിനിടെയാണ് രാജ്യത്തെ തൊഴിലിടങ്ങളിലെ തൊഴില് സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്ന പുതിയ 4 തൊഴില് കോഡ് കേന്ദ്രം പാര്ലമെന്റില് അവതരിപ്പിച്ച് പാസാക്കി എടുത്തത്. പ്രതിപക്ഷ പാര്ട്ടികള് ഒന്നടങ്കം ബഹിഷ്ക്കരിച്ച നേരത്താണ് തങ്ങള്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില് ബില്ല് ബിജെപി പാസാക്കി എടുത്തത് എന്നത് ശ്രദ്ധേയമാണ്. 44 പ്രധാന തൊഴില്ഡ നിയമങ്ങള് ഇല്ലാതാക്കിയാണ് 4 കോഡാക്കി കേന്ദ്രം പുതിയ തൊഴില് നിയമം കൊണ്ടുവന്നിരിക്കുന്നത്. പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ അത് നിയമമാകും.
തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന 3 ബില്ലുകളാണ് കേന്ദ്ര തൊഴില് മന്ത്രി സന്തോഷ്കുമാര് ഗാംഗ്വാര് പാര്ലമെന്റില് അവതരിപ്പിച്ചത്. വേതന വ്യവസ്ഥകള്, വ്യാവസായിക ബന്ധങ്ങള്, സാമൂഹ്യ സുരക്ഷ, സുരക്ഷിതത്വവും തൊഴില് വ്യവസ്ഥകളും എന്നിങ്ങനെയുള്ള കോഡുകളാണ് മന്ത്രി അവതരിപ്പിച്ചത്.
തീര്ത്തും മൂലധനനിക്ഷേപങ്ങളെ മാത്രം ലക്ഷ്യംവെച്ചുള്ളതാണ് പുതിയ തൊഴില് നിയമങ്ങള്. മൂലധനത്തിന്റെ കടന്ന് വരവിന് തടസം നില്ക്കുന്നത് രാജ്യത്തെ തൊഴില് നിയമങ്ങളാണ് എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് നിയമങ്ങളെല്ലാം തിരുത്തി 4 കോഡുകളാക്കി അവതരിപ്പിച്ചത്. ഇക്കാര്യം പുതിയ ബില്ലുകളിലെ വ്യവസ്ഥകള് പരിശോധിച്ചാല് വ്യക്തമാകും.
വ്യവസായ ബന്ധകോഡിലെ ചില വ്യവസ്ഥകള് ഇത്തരത്തിലാണ്,
*.തൊഴിലുടയ്ക്ക് തൊഴിലാളികളെ എപ്പോള് വേണമെങ്കിലും പറഞ്ഞുവിടാം. ആരെ വേണമെങ്കിലും എപ്പോള് വേണമെങ്കിലും നിയമിക്കാം. 300 തൊഴിലാളികള് വരെയുള്ള സ്ഥാപനങ്ങള് എപ്പോള് വേണമെങ്കിലും ഉടമയ്ക്ക് ആരോടും ചോദിക്കാതെ പൂട്ടാം. നേരത്തെ 100 തൊഴിലാളികള് വരെയുള്ള സ്ഥാപനങ്ങള്ക്ക് മാത്രമായിരുന്നുറെ സര്ക്കാരിന്റെ അനുമതിയില്ലാതെ പൂട്ടാന് അനുമതി ഉണ്ടായിരുന്നത്. നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷം കമ്പനികളും 300 ല് താഴെ മാത്രം തൊഴിലാളികളുള്ള സ്ഥാപനങ്ങളാണ് എന്നോര്ക്കുക. ഇവിടങ്ങളില്ഡ തൊഴിലാളികളുടെ സേവന വേതനവ്യവസ്ഥിതി തൊഴിലുടമയ്ക്ക് തന്നെ തീരുമാനിക്കാം. അതായത് തൊഴില് സുരക്ഷ എന്നത് ഇല്ലാതാവുമെന്ന് സാരം.
*.തൊഴിലാളികളുടെ സമരം നിയന്ത്രിക്കാനും ബില്ലില് വ്യവസ്ഥയുണ്ട്. 60 ദിവസത്തെ മുന്കൂര് നോട്ടീസ് നല്കാതെ സമരം അനുവദിക്കില്ല. തീരുന്നില്ല, തൊഴില് തര്ക്കപരിഹാര ട്രൈബ്യൂണലിലോ ദേശിയ വ്യവസായ ട്രൈബ്യൂണലുകളിലോ കേസ് നിലനില്ക്കുന്നുണ്ട് എങ്കില് ആ കാലയളവിലും സമരം ചെയ്യാന് വിലക്കുണ്ട്. ഇനി ട്രൈബ്യൂണല് നടപടികള് അവസാനിച്ചശേഷവും അതിന്റ പേരില് അടുത്ത രണ്ട് മാസം വരെ പണിമുടക്ക് നടത്താനും വിലക്കുണ്ട്. നമ്മുടെ ട്രൈബ്യൂണലുകളിലും കോടതികളിലുമെല്ലാം ഒരു തര്ക്കം അവസാനിക്കാന് എടുക്കുന്ന കാലതാമസം മാത്രം ഓര്ത്താല് മതി എത്രമാത്രം തൊഴിലാളി വിരുദ്ധമാണ് ഈ വ്യവസ്ഥയെന്ന് തിരിച്ചറിയാന്
*.ഇനി തൊഴിലാളിസംഘടനകള്ക്ക് ഇത്തരം പ്രശ്നങ്ങളില് ഇടപെടാനാവില്ലേ എന്നാണ് ചോദ്യമെങ്കില് അതിനുള്ള ഉത്തരവും ബില്ലിലുണ്ട്. ഒന്നില് കൂടുതള് യൂണിയനുകളുള്ള സ്ഥാപനത്തില് 51 ശതമാനമെങ്കിലും തൊഴിലാളികളുടെ പിന്തുണയുള്ള യൂണിയന് മാത്രമേ മാനേജുമെന്റുമായി കൂടിയാലോചനയക്ക് അവസരം നല്കൂ. ഒരു യൂണിയനും അങ്ങനെ 51 ശതമാനത്തിന്റെ പിന്തുണയില്ല എങ്കില് തൊഴിലുടമകള് രൂപീകരിക്കുന്ന സമിതിയാകും തീരുമാനമെടുക്കുക. സ്വാഭാവികമായും തൊഴിലുടമ രൂപീകരിക്കുന്ന കൌണ്സിലിന്റെ ജനാധിപത്യസ്വഭാവം എന്തായിരിക്കുമെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാള്ക്കും ചിന്തിച്ചാല് മനസിലാകുമല്ലോ.
*.സാമൂഹിക സുരക്ഷകോഡ് നടപ്പിലാക്കിയാല് പലതൊഴില് മേഖലയ്ക്ക് നിലവില് ലഭിക്കുന്ന പല ആനുകൂല്യങ്ങളും ഇല്ലാതാക്കുമെന്ന ആക്ഷേപവും ഉയര്ന്നുകഴിഞ്ഞു. സ്ഥിരം തൊഴിലിനു പകരം നിശ്ചിതകാല തൊഴില് എന്നതിലേക്ക് മാറുമ്പോള് തൊഴിലിടങ്ങളിലെ അപകടം ഉണ്ടായാല് തൊഴിലാളിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള് പോലും അത് ബാധിക്കും. കേന്ദ്രം 2017 ല് തന്നെ സ്ഥിരം തൊഴില് എന്നത് ഒഴിവാക്കി നിശ്ചിതകാല തൊഴില് എന്നത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയതും ഇത് ലക്ഷ്യം വെച്ച് തന്നെയാണ്.
ചുരുക്കത്തില് സ്ഥിരം തൊഴിലെന്നത് ഇല്ലാതാക്കുക, സംഘടിക്കാനുള്ള തൊഴിലാളികളുടെ അവകാശം ഇല്ലാതാക്കുക, സാമൂഹ്യസുരക്ഷ എന്നത് വെറും പ്രസ്താവന മാത്രമാക്കി തീര്ക്കുക എന്നതാണ് പുതിയ തൊഴില് നിയമം നടപ്പാക്കുന്നതിലൂടെ കേന്ദ്ര സര്ക്കാര് ലക്ഷ്യമിടുന്നത്. വ്യവസായം ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള് ലഘൂകരിക്കാനെന്ന വ്യാജേന കൊണ്ടുവരുന്ന ബില്ലുകള് സത്യത്തില് ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര ലേബര് ഓര്ഗനൈസേഷനുമായി ഉണ്ടാക്കിയിട്ടുള്ള ത്രികക്ഷികരാര് അട്ടിമറിക്കുക എന്നത് കൂടിയാണ്. മോദി സര്ക്കാര് അധികാരത്തിലേറി ആറര വര്ഷമായിട്ടും ഇതുവരേയും പ്രതിവര്ഷം വിളിച്ചുചേര്ക്കേണ്ട തൊഴിലാളിയൂണിയനുകളുടെ യോഗം പോലും വിളിച്ച് ചേര്ത്തിട്ടില്ല എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം.
തൊഴിലാളിയൂണിയനുകളെല്ലാം ഇതിനോടകം തന്നെ എതിര്പ്പുമായി രംഗത്തെത്തി ക്കഴിഞ്ഞു. ആര് എസ് എസ് പിന്തുണയുള്ള ബിഎംഎസ് പോലും ഈ തൊഴില് നിയമത്തെ തൊഴിലാളി വിരുദ്ധമാണെന്ന് വിശേഷിപ്പിച്ചുകഴിഞ്ഞു. അതിനര്ത്ഥം സ്വന്തം തൊഴിലാളിസംഘടനയെപോലും വിശ്വാസത്തിലെടുക്കാതെ, അവരുമായി പോലും കൂടിയാലോചനകള് നടത്താതെയാണ് ഈ ബില്ലുകളിലെ വ്യവസ്ഥകള് മോദിയുടെ സര്ക്കാര തയ്യാറാക്കിയത് എന്ന്തന്നെയാണ്.
8 മണിക്കൂര് ജോലി, 8 മണിക്കൂര് വിശ്രമം, 8 മണിക്കൂര് 8 മണിക്കൂര് വിനോദം എന്നത് തൊഴിലാളികള് തൊഴില് ചൂഷണത്തിനെതിരെ ചിക്കാഗോയില് നടത്തിയ വലിയ സമരത്തിന്റെ ഫലമായി ലഭിച്ചതാണ്. അന്താരാഷ്ട്രതലത്തില് തന്നെ സ്വീകരിക്കപ്പെട്ട, അംഗീകരിക്കപ്പെട്ട തൊഴില് സാഹചര്യങ്ങളുടെ അടിസ്ഥാനവും അത് തന്നെയാണ്. ലോകമെങ്ങും ക്യാപിറ്റലിസം അരങ്ങ് വാഴുമ്പോഴും തൊഴിലെടുക്കുന്നവനെ വെറും ഉപകരണമായി കാണുന്ന സ്ഥിതിവിശേഷം ഉടലെടുത്തിട്ടില്ല. എന്നാലിന്ന് ഇന്ത്യയില് ഏകപക്ഷീയമായി മൂലധനശക്തികള്ക്ക് വേണ്ടി തൊഴില് നിയമങ്ങള് പൊളിച്ചെഴുതുമ്പോള് ഇല്ലാതാകുന്നത് തൊഴില് സുരക്ഷമാത്രമല്ല. ശതകോടികളെ തൊഴിലില്ലായ്മയിലേക്കും അതുവഴി പട്ടിണിയിലേക്കും ആട്ടിപ്പായിക്കലാണ്.
No comments:
Post a Comment