വരൂ നമുക്ക് ചാലക്കുടിപുഴയെ സംരക്ഷിക്കാം....

പുഴയെ അറിഞ്ഞ്, വെള്ളച്ചാട്ടങ്ങള്‍ കണ്ട് നമുക്ക് വെള്ളം കുടിക്കണ്ടെ 
വരൂ നമുക്ക് ചാലക്കുടിപുഴയെ സംരക്ഷിക്കാം. 

144 കിലോമീറ്റര്‍ ദൂരം വെറുതെ ഒഴുകുകയല്ല ചാലക്കുടി പുഴ. അവളുടെ ഗര്‍ഭപാത്രത്തില്‍ അവള്‍ വംശനാശം സംഭവിക്കാതെ നിരവധി ജീവനുകളെ പേറുന്നുണ്ട്. അവള്‍ അപൂര്‍വ്വങ്ങളായ അനവധി സസ്യജാലങ്ങളെ വെള്ളമിറ്റിച്ച് പോറ്റുന്നുണ്ട്. അവയുടെ ചെറുചില്ലകളില്‍ അനവധി സുന്ദരികളായ സസ്തനികള്‍, പക്ഷികള്‍ ഒക്കെയും ചാടിചാടി  പറന്നുകളിക്കുന്നുണ്ട്. ആ പുഴയൊഴുകി വാഴച്ചാലിലും അതിരപ്പിള്ളിയിലുമെല്ലാം വെള്ളച്ചാട്ടമായി കണ്ണിനുകുളിര്‍മേയുകുന്നുണ്ട്. സമീപത്തെ വീടുകളില്‍ ജലലഭ്യത ഉറപ്പുവരുത്തുന്നുണ്ട്.
എന്തിനാണ് ഈ കാനന ഭംഗിയെ, നിര്‍ലോഭമുള്ള ഈ നീരൊഴുക്കിനെ നാം ഇല്ലാതാക്കുന്നത്.  
PHOTO : ANIL PRABHAKARAN

സംസ്ഥാന സര്‍ക്കാര്‍ വീണ്ടും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പൊടിതട്ടിയെടുത്ത് വരുമ്പോള്‍ നമുക്ക് ചിലത് ഓര്‍ക്കാതെ, ഓര്‍മിപ്പിക്കാതെ, ചൂണ്ടി പറയാതെ വയ്യ. കേരളത്തില്‍ അങ്ങനെ ഒരു സ്ഥലമുണ്ടോയെന്ന് പലരും ആശ്ചര്യപ്പെട്ട ഒരു പ്രദേശത്തിന്റെ - ഒരു മഴകാടിന്റെ - അതിജീവനപോരാട്ടത്തിന്റെ കഥ. സൈലന്റ് വാലിയുടെ കഥ
അതെ, വികസനത്തിന്റെ പേരില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നമ്മുടെ സര്‍ക്കാര്‍ നശിപ്പിക്കാന്‍ ഒരുങ്ങിയപ്പോളാണ് ഈ നിശ്ബദ് താഴ്വരയില്‍ നിന്ന് ശബ്ദങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയത്. വെറും ശബ്ദമല്ല, അന്നത്തെ കേരളത്തേയും വരാനിരിക്കുന്ന പുതുതലമുറയേയുമെല്ലാം പരിസ്ഥിതി സംരക്ഷണമെന്ന വലിയ പാഠം പഠിപ്പിച്ച പ്രതിഷേധത്തിന്റെ വലിയ ശബ്ദം.
അന്ന് മുഖ്യമന്ത്രി നായനാര്‍ അടക്കം സിപിഎം ഒറ്റക്കെട്ടായി നിന്നപ്പോള്‍ ഒരു കൂട്ടം പരിസ്ഥിതിസ്‌നേഹികളും കുട്ടികളും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളുമാണ് സൈലന്റ് വാലി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കേരളത്തോട് പറഞ്ഞത്.എണ്ണമറ്റ തെരുവുപ്രസംഗങ്ങള്‍, പരിസ്ഥിതി ക്യാമ്പുകള്‍, പൊതുയോഗങ്ങള്‍, പ്രചാരണജാഥകള്‍.... കേരളം അവരിലൂടെ സൈലന്റ് വാലിയെന്ന കേരളത്തിലെ മഴകാടിനെ കുറിച്ച് ആദ്യം കേട്ടു. പിന്നാലെ ഇന്ത്യയും. സൈലന്റ് വാലി എത്രമാത്രം നമ്മുടെ പരിസ്ഥിതിക്ക് അത്യന്താപേക്ഷിതമാണോ അത്രകണ്ട് അതിരപ്പിള്ളിയും നമുക്ക് അനിവാര്യമാണ്.

കേരളത്തിലെ വനസമ്പത്ത് വലിയതോതില്‍ ശോഷിച്ചുകൊണ്ടിരിക്കുമ്പോളാണ് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ജലവൈദ്യുത പദ്ധതിയുടെ പേരില്‍ അവശേഷിക്കുന്നത് കൂടി ഇല്ലാതാക്കാന്‍ സംസ്ഥാനം ശ്രമിക്കുന്നത്. ദേശിയ വനനിയമപ്രകാരം 33 ശതമാനം വനസാനിധ്യം വേണ്ടിടത്ത് ഇപ്പോഴുള്ളത് വെറും 10 ശതമാനത്തില്‍ താഴെയാണ്. ഇപ്പോള്‍ തന്നെ പെരിങ്ങല്‍കുത്ത് പവര്‍ഹൗസിനും വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനുമിടയില്‍ അവശേഷിക്കുന്നത് 22 ഹെക്ടര്‍ നിത്യഹരിത വനങ്ങള്‍ ആണ്. ഈ പുഴയോരകാടുകള്‍ നമ്മുടെ ആവാസ വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്നതില്‍ പ്രധാനമാണ്. വര്‍ഷകാല വെള്ളക്കെട്ടിനെ അതിജീവിക്കാന്‍ കഴിവുള്ള സസ്യസമൂഹമാണ് പുഴയോര കാടുകള്‍. 
508 ഇനം സസ്യങ്ങള്‍ ചാലക്കുടി പുഴയുടെ തീരത്ത് ഉണ്ടെന്നാണ് പഠനങ്ങള്‍ വ്യക്താക്കുന്നത്. അതില്‍ തന്നെ 103 എണ്ണം പുഴയോര വനങ്ങളില്‍ മാത്രമാണ്. അവയിലെ 22 ഇനങ്ങള്‍ അപൂര്‍വ്വവും നാശോന്‍മുഖവുമാണ്. 
തീരുന്നില്ല, പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന അപൂര്‍വ്വയിനം സസ്തനികള്‍, പക്ഷികള്‍ എന്നിവയ്ക്ക് അഭയകേന്ദ്മാണ് ഇവിടം. അതിലേറെയുണ്ട് മത്സ്യസമ്പത്ത്. 244 കിലോമീറ്റര് നീളുമുള്ള പെരിയാറില്‍ 77 ഇനം മത്സ്യങ്ങളുണ്ടെങ്കില്‍  പെരിയാറിനേക്കാള് 100 കിലോമീറ്റര് നീളം കുറവുള്ള ചാലക്കുടി പുഴയില്‍ 104 ഇനം മത്സ്യങ്ങളുണ്ട്. ഇവയില്‍ തന്നെ 9 ഇനം അതീവ വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളും 22 സാമാന്യവംശനാശം സംഭവിക്കുന്നവയും ഭാവിയില് വംശനാശം സംഭവിക്കുമെന്ന് കണ്ടെത്തിയിട്ടുള്ള 11 ഇനം മത്സ്യങ്ങളും ചാലക്കുടിപുഴയിലുണ്ട്. ഇതിനുപുറമെയാണ് അപൂര്‍വ്വമായ ആമകളും മറ്റു ജീവജാലങ്ങളും. 
ഇവയെല്ലാം നിലനിന്ന് പോകുന്നത് ചാലക്കുടിപുഴയിലെ വെള്ളം കൊണ്ടുമാത്രമാണ്്. ചാലക്കുടി പുഴയിലെ നീരൊഴുക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനായി വഴിതിരിച്ച് വിടുമ്പോള്‍ നിലക്കുന്നത് ഇവയുടെ എല്ലാം ശ്വാസമാണ്. ഭൂമുഖത്ത് നിന്ന് തന്നെ മാഞ്ഞുപോവുക അത്യപൂര്‍വ്വങ്ങളായ സസ്യങ്ങളാണ്. പിന്നീട് ഒരിക്കലും അവയെ നമുക്ക് തിരികെ കൊണ്ടുവരാന് കഴിയില്ല. മാത്രവുമല്ല, പ്രദേശത്തെ ഭൂഗര്‍ഭജവനിരപ്പിലും കാര്യമായ താഴ്ച്ചയുണ്ടാകും. പവൈകാതെ വരള്‍ച്ചയിലേക്കും പ്രദേശം നടന്നടുക്കും.

കെ എസ് ഇ ബിയുടെ സ്വപ്‌നപദ്ധതി പരിസ്ഥിതിക്ക് മാത്രമല്ല ക്ഷതമേല്‍പ്പിക്കുന്നത്. കാടിന്റെ മക്കളുടെ ജീവിതത്തിനും സ്വപ്‌നത്തിനുമെല്ലാമാണ്. കാടാര്‍ എന്ന ആദിവാസി ഗോത്രവിഭാഗം താമസിക്കുന്ന് ഇവിടെയാണ്. കേരളത്തില്‍ 2015 ലെ കണക്കുകള്‍ പ്രകാരം 2736 പേരാണ് ഇപ്പോള്‍ കാടാര്‍ വിഭാക്കാരായി അവശേഷിക്കുന്നത്. അവരിലെ 1844 പേരും കഴിയുന്നത് അതിരപ്പിള്ളിയുമായി ബന്ധപ്പെട്ടാണ്്. പദ്ധതി നടപ്പിലാക്കായാല്‍ ഇവര്‍ക്ക് ഇവരുടെ നാട് നഷ്ടപ്പെടും. ജീവിത സാഹചര്യവും മറ്റും  നഷ്ടമായാല്‍ ഈ കാടിന്റെ മക്കളെങ്ങനെ ജീവിക്കും. മാത്രവുമല്ല ഇവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്താണ് പദ്ധതിക്ക് അനുമതി വാങ്ങാനുള്ള സംസ്ഥാനത്തിന്റെ, നല്‍കാനുള്ള കേന്ദ്രത്തിന്റെ നീക്കം .വനാവകാശനിയമപ്രകാരം തങ്ങളുടെ ആവാസപ്രദേശത്ത് ഏത് വികസന പദ്ധതി നടപ്പാക്കാനായാലും ശരി അതിന് അനുമതി നല്‍കേണ്ടത് വനത്തിന്റെ യഥാര്‍ത്ഥ അവകാശികളായ ആദിവാസികളാണ്. പദ്ധതി സംബന്ധിച്ച് കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ പബ്ലിക്ക് ഹിയറിങ്ങില്‍ പദ്ധതിയെ എതിര്‍ത്തവരാണ് കാടാര്‍ ആദിവാസികള്‍. കേന്ദ്രം നല്‍കിയ പാരിസ്ഥിതിക അനുമതിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചവരില്‍ കാടാര്‍ വിഭാഗവുമുണ്ട്. നേരത്തെ തന്നെ പറമ്പികുളം- ആളിയാര്‍, പെരിങ്ങല്‍കുത്ത്, ഷോളയാര്‍, പോത്തുണ്ടി തുടങ്ങി നിരവധി പദ്ധതികളുടെ പേരില്‍ സ്വന്തം ആവാസകേന്ദ്രങ്ങള്‍ നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടി വന്നവരാണ് കാടാര്‍ ആദിവാസികള്‍. ഇനിയും മറ്റൊരു കുടിയിറക്കമെന്നത് ഇവര്‍ക്ക് അംഗീകരിക്കാനോ ചിന്തിക്കാനോ സാധിക്കുന്ന ഒന്നല്ല. 

ജലവൈദ്യുത നിലയങ്ങള്‍ ലാഭകരമാണെന്ന നട്ടാല്‍ മുളക്കാത്ത നുണയും പൊക്കിപ്പിടിച്ച് ഈ പദ്ധതി നടപ്പാക്കുന്നത് എന്തിനാണ്. ഊര്‍ജോത്പാദനത്തിന് മറ്റെന്താല്ലാം വഴികള്‍ നമുക്ക് മുന്നിലുണ്ട്. സൗരോര്‍ജ്ജം സ്വയം ഉത്പാദിപ്പിച്ച് ഒരു വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തിപ്പിച്ച് ലോകത്തിന് മുന്നില്‍ മാതൃകയും അഭിമാനവുമായ നെടുമ്പാശ്ശേരി വിമാനത്താവളം ഉള്ളത് നമ്മുടെ കൊച്ചുകേരളത്തിലാണ് . അങ്ങനെ പലകരണീയ മാതൃകകള്‍ ഉള്ളപ്പോളാണ് വനത്തേയും വനസമ്പത്തിനേയും നശിപ്പിക്കുന്ന മറ്റൊരു പണം വിഴുങ്ങി പദ്ധതിക്കായി കേരളം ശ്രമങ്ങള്‍ തുടരുന്നത്.

സൈലന്റ് വാലിയെ സംരക്ഷിക്കാന്‍, അനുമതി നല്‍കില്ലെന്ന് പറഞ്ഞ് മടക്കിഅയക്കാന്‍ അന്ന് പ്രധാനമന്ത്രി കസേരയില്‍ ഇന്ദിര ഗാന്ധിയുണ്ടായിരുന്നു. എന്നാലിന്ന് നരേന്ദ്രമോദിയെന്ന കോര്‍പറേറ്റ് കച്ചവട ദല്ലാളാണ് ആ കസേരയിലിരിക്കുന്നത്. പരിസ്ഥിതിയായാലും കൊറോണയായാലും കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രം ഒപ്പിടുന്ന പ്രധാവൃനമന്ത്രി. 

മനുഷ്യന്‍ ജൈവപ്രകൃതിയുടെ ഭാഗമാണെന്ന് പഠിപ്പിച്ചത് കാറല്‍ മാര്‍ക്‌സും എംഗല്‍സുമാണ്. എന്നാല്‍ അവരുടെ ആശയങ്ങളെ പിന്‍പറ്റുന്ന കേരളത്തിലെ സിപിഎമ്മിനെന്തുകൊണ്ടോ ഇത് മനസിലാകാതെ പോകുന്നു. 




Comments