അധ്യാപകര്‍ കിടുവാണ്, ആക്ഷേപിക്കുന്നവരും അവരുടെ ക്ലാസില്‍ ചേര്‍ന്ന് പഠിക്കണം.


കലോത്സവ വേദികളിലും കായികവേദികൡലേയുമെല്ലാം വാര്‍ത്താ ചിത്രങ്ങളും ദൃശ്യങ്ങളും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ?
മാതാപിതാക്കളുടെ ചിത്രങ്ങളല്ല, മറിച്ച് കുട്ടികള്‍ക്കൊപ്പം അവരുടെ പ്രകടനത്തിന് കൂട്ടിരിക്കുന്ന അധ്യാപകരുടെ?
പ്രത്യേകിച്ച് ഡിഫറന്റ്‌ലി ഏബിള്‍ഡ് ആയിട്ടുള്ള കുട്ടികള്‍ക്കൊപ്പം എത്തുന്ന അധ്യാപകര്‍. കുട്ടികളുടെ മുഖത്തെ ഭാവത്തിനൊത്ത്, അംഗവിക്ഷേപങ്ങള്‍ക്കൊപ്പം ഭാവവും ആക്ഷനുമെല്ലാം ചെയ്ത് അവരെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകര്‍. ഓട്ടമത്സരത്തില്‍ ആ കുഞ്ഞുങ്ങള്‌ക്കൊപ്പം പരിസരം മറന്ന് ട്രാക്കിന് സമാന്തരമായി ഓടുന്ന അധ്യാപകര്‍. 
ചക്രകസേരയില്‍ ജീവിതം നീക്കുന്ന കൊച്ചുകുട്ടിയുടെ കൈപിടിച്ച് നൃത്തം ചെയ്യുന്ന അധ്യാപിക.
സ്‌ക്കൂൾ കലോത്സവത്തിന് ഡാന്‍സ് ചെയ്യാന്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കുട്ടിക്കൊപ്പം കൈപിടിച്ച് ആത്മവിശ്വാസം പകര്‍ന്ന് നൃത്തം ചവിട്ടുന്ന അധ്യാപിക...
കുട്ടികള്‍ക്കൊപ്പം അവരെ രസിപ്പിച്ച്., സംഘര്‍ഷം ഇല്ലാതാക്കി, ആത്മവിശ്വാസം വളര്‍ത്തി, കളിയിലൂടെ കാര്യം പറഞ്ഞ്‌കൊടുത്തു ചേര്‍ത്ത് പിടിക്കുന്നവരാണ് അധ്യാപകര്‍...
 
ഞാനൊക്കെ പഠിച്ചിരുന്ന കാലത്തെ വിദ്യാഭ്യാസരീതിയല്ല ഇപ്പോഴത്തേത്. ഡിപിഇപി, സമഗ്ര ശിക്ഷ അഭിയാന്‍ തുടങ്ങി വലിയ മാറ്റങ്ങള്‍ നമ്മുടെ വിദ്യാഭ്യാസരംഗത്ത് വന്നുകഴിഞ്ഞു. പാഠങ്ങള്‍ വായിച്ച്, സ്ലൈറ്റില്‍ എഴുതി പഠിപ്പിക്കുന്ന രീതിയെല്ലാം മാറി. ഇപ്പോള്‍ പാട്ടുപാടിയും ഡ്ന്‍സ് കളിച്ചും അഭിനയിച്ചും വരച്ചും പരീക്ഷണങ്ങള്‍ നടത്തിച്ചുമെല്ലാമാണ് പഠിപ്പിക്കുന്നത്. കാലോചിതമായി, കൂടുതല്‍ സര്‍ഗ്ഗാത്മകമായും സംവേദനാത്മകവുമായി തന്നെ. അവിടെ ടീച്ചര്‍ കുട്ടികള്‍ക്ക് കളിക്കൂട്ടുകാരിയാണ്, ചേച്ചിയാണ്, ചിലപ്പോള്‍ അമ്മയുമാണ്. അപ്പോള്‍ പൂച്ചകുഞ്ഞിനോടും കുട്ടികളോടെന്നപോലെ സംസാരിക്കും. അവരെ സ്‌നേഹത്തോടെ വിളിക്കാന്‍ കുട്ടികളോട് പറഞ്ഞ്‌കൊടുക്കും. അത് ഒരു വളര്‍ന്നുവരുന്ന ഒരു തലമുറയെ സ്‌നേഹമുള്ളവരും അനുകമ്പയുള്ളവരുമായി വളര്‍ത്താനാണ്. 
എന്റെ തലമുറയില്‍ പെട്ടവര്‍ക്കും ഉണ്ടായിട്ടുണ്ട് ഇത്തരത്തിലുള്ള അധ്യാപകര്‍.

കുട്ടികളുടെ മാനസിക അവസ്ഥയും സാഹചര്യങ്ങളുമെല്ലാം തിരിച്ചറിഞ്ഞ് അവരെ കൈപിടിച്ച് വഴി നടത്തിയ അധ്യാപകര്‍. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞ എന്നെ പരീക്ഷയെഴുതാന്‍ പ്രേരിപ്പിച്ചതും ഇത്തരത്തില്‍ ചേര്‍ത്ത് പിടിച്ച അധ്യാപകരാണ്. താര ടീച്ചറും ശ്രീകുമാര്‍ സാറും പ്രിന്‍സിപ്പല്‍ അബ്ദുള്‍ സമദ് സാറും അന്ന് എന്നില്‍ അര്‍പ്പിച്ച വിശ്വാസവും കരുതലും തന്നെയാണ് ഭൂരിഭാഗം മാസങ്ങളും സ്‌ക്കൂളില്‍ പോകാതിരുന്ന എന്നെ പ്രത്യേക അനുമതി നല്‍കി പരീക്ഷയ്ക്ക് ഇരുത്തിയത് അവരാണ്. 

കഴിഞ്ഞദിവസം വിക്ടേഴ്‌സ് ചാനലില്‍ ഓണ്‍ലൈന്‍ ക്ലാസ് മുറിയില്‍ കുട്ടികളോട്് സംവദിച്ച അധ്യാപകരും ഇത് തന്നെയാണ് ചെയ്തത്. അതിമനോഹരമായിട്ട് തന്നെ. അതുകൊണ്ടാണ് ഒറ്റ ക്ലാസുകൊണ്ട് അവരെല്ലാം ജനലക്ഷങ്ങളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയത്.   
അതേസമയം തന്നെ അതിനെയെല്ലാം ആക്ഷേപിച്ച് കമന്റ് ഇട്ട കുറേപരെയും കണ്ടു. എന്തൊരു മാനസികാവസ്ഥയാണ് അവരുടെയെല്ലാം എന്നാണ് അത്ഭുതപ്പെടുത്തുന്നത്. അവരുടെ സംസ്്ക്കാരം ആണ് അതെന്ന് പറഞ്ഞ് നിസാരവത്ക്കരിക്കാവുന്ന ഒന്നല്ല അത്. അത് അവരെ പഠിപ്പിച്ച അധ്യാപകരുടേയോ വളര്‍ത്തിയവരുടെയോ കുറവുമല്ല. മറിച്ച് അവര്‍ സ്വയം എങ്ങനെ അവരെ രൂപപ്പെടുത്തിയെടുത്തുവെന്നതിന്റെ തെളിവാണ്. എന്തായാലും അവരെ കണ്ട്, അവരുടെ കുട്ടികള്‍, അവരുടെ വീട്ടിലെ കുട്ടികള്‍ അത്കണ്ട് പഠിക്കില്ലെന്ന് പൂര്‍ണബോധ്യമുണ്ട്. കാരണം അവരുടെ യഥാര്‍ത്ഥ ടീച്ചര്‍മാര്‍ കിടുവാണ്....

Comments