അഫീൽ ജോൺസൺ, പറന്നുയരും മുമ്പേ നീ...

കാപ്പിചെടികളും മരങ്ങളും നിറഞ്ഞ് നിൽക്കുന്ന തോട്ടത്തിനിടയിലെ ചെറിയ നടവഴിയിലൂടെ നടന്ന് ആ വീട്ടിലേക്കുള്ള പടികള്‍ കയറുമ്പോളെ അടക്കിപിടിച്ച തേങ്ങലുകള്‍ കേൾക്കാമായിരുന്നു. വരാന്തയില്‍ കരഞ്ഞ് തോരാത്ത കണ്ണുകളുമായി, വേദനയുടെ കനംപൂണ്ട മുഖങ്ങളുമായി രണ്ട് ജീവിതങ്ങള്‍.

അഫീല് ജോണ്‍സണ്‍ എന്ന 17 കാരന്റെ അമ്മ ഡോളിയും അച്ചന്‍ ജോണ്സണും. വരാന്തയുടെ ഓരത്ത് അഫീൽ അഴിച്ചുവെച്ച്പോയ ബൂട്ട് ഇപ്പോഴും അതേപൊലെയിരിക്കുന്നു. മുറ്റത്ത് ബ്ലാസ്റ്റേഴസ് അക്കാദമി സമ്മാനിച്ച ജേഴ്സി അയയില് കിടന്നാടുന്നുണ്ട്.

മരണവീട്ടില് അവരുടെ ദുഖം പങ്കിട്ടുകൊണ്ട് ഔദ്യോഗികമായി സംസാരിക്കേണ്ടിവരികയെന്നത് ഏതൊരു മാധ്യമപ്രവര്ത്തകന്റേയും ദുരോഗ്യമാണ്. ഈ തൊഴിലിനെ ശപിക്കുന്ന അനേകം അവസരങ്ങളില്‍ ഒന്ന്. സ്വയം പരിചയപ്പെടുത്തി. ചെറിയ നിശബ്ദതയ്ക്ക്ശേഷം സംസാരിച്ചുതുടങ്ങി. ഏകമകന്റെ വേർപാടിൽ തളർന്നുപോയ ഇരുവരുടേയും ശബ്ദം പലപ്പോഴും ഇടറി. മകൻ പോയതിന്റെ നഷ്ടത്തെകുറിച്ച് പറയുമ്പോൾ കരയാതെ, കണ്ഠമിടറാതെ അവർക്കെങ്ങനെ സംസാരിക്കാനാവും.


ഫുട്ബോളായിരുന്നു അഫീലിന് എല്ലാം. അറിയപ്പെടുന്ന ഫുട്ബോളറാകണം എന്നതായിരുന്നു അഫീലിന്റെ വലിയ സ്വപ്നം. നെയ്മർ ആയിരുന്നു ഇഷ്ടതാരം. അഞ്ചാം ക്ലാസില് പഠിക്കുമ്പോള്‍ സ്ക്കൂളിലെ അധ്യാപകനാണ്  ഫുട്ബോളിലെ അഫീലിന്റെ കഴിവ് കണ്ടെത്തിയത്. പിന്നെ പിന്തുണയുമായി ജോണ്സണും ഡോളിയും മകനൊപ്പം നിന്നു. സ്ക്കൂള്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു അഫീൽ. മുന്നേറ്റനിരയിലെ തളരാത്ത പോരാളി. ആ കഴിവിനുള്ള അംഗീകാരമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വിദ്യാര്ത്ഥികൾക്കായി നടത്തുന്ന ഫുട്ബോള്‍ അക്കാദമിയിലേക്കുള്ള സെലക്ഷന്‍. സ്ക്കൂള്‍ ഫുട്ബോള്‍ ക്യാമ്പില്‍ നിന്ന് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് പേരിൽ ഒരാള്‍ അഫീലായിരുന്നു. അതിരാവിലെ അഫീലിനെ വണ്ടി വിളിച്ച് പരിശീലനത്തിനായി പാലയിലെ സ്റ്റേഡിയത്തില്‍ കൊണ്ടുപോയിരുന്നത് അച്ചനാണ്. സ്ക്കൂള്‍ ടീമിന് പുറമെ നാട്ടിലെ ക്ലബുകളും അഫീലിനെ കളിക്കാന്‍ വിളിക്കുമായിരുന്നു. എവിടെ കളിയുണ്ടേലും അവിടെയെല്ലാം സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്ത് ജോണ്‍സണ്‍ അഫീലിനേയും കൂട്ടുകാരേയും കൊണ്ടുപോകും. അത്രയേറെ പ്രിയങ്കരമായിരുന്നു അഫീലിന്റെ സ്വപ്നം ആ അച്ചനും അമ്മയ്ക്കും.

പക്ഷെ ഒക്ടോബര്‍ നാലിന് പാലാ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്ക് മീറ്റിലെ ഹാമര്‍ ത്രോ മത്സരത്തിനിടെ പറന്നിറങ്ങിയ ആ ഇരുമ്പ് ഗോളം ചിതറിച്ചത് അഫീലിന്റെ സ്വപ്നങ്ങള്‍ മാത്രമല്ല, ജീവനും കൂടിയാണ്. അന്ന് സ്ക്കൂള്‍ കായികമേളയിലെ ഒരു വളണ്ടിയറായി രാവിലെ പാലയിലെ സ്റ്റേഡിയത്തിലേക്ക് ബസ്സുകയറുമ്പോൾ അവൻ അറിഞ്ഞില്ല അവന്റെ പ്രിയപ്പെട്ട സ്റ്റേഡിയത്തിലേക്കുള്ള അവസാനയാത്രയാകും അതെന്ന്. മുറ്റത്ത് ഉണങ്ങാനായി തൂക്കിയിട്ട ജേഴ്സിയെടുത്ത് കളത്തിലിറങ്ങാന് ഇനി താനിക്കാവില്ലെന്ന്. ജാവലിൻ മത്സരത്തിനിടെ വളണ്ടിയറായി ആവേശത്തോടെ ഓടി നടക്കുമ്പോള് തൊട്ടടുത്ത് മരണത്തിന്റെ വിളിയുണ്ടെന്ന് അവനറിഞ്ഞില്ല. ജാവലിനെടുക്കുന്നതിനിടെ തലയില്‍ വീണ മൂന്നര കിലോ ഭാരമുള്ള ഹാമര്‍ അഫീലിനറെ തലച്ചോറ് ചിതറിച്ചു. തലയോട്ടി തകര്‍ത്തു.

നീണ്ട 18 ദിവസം ആശുപത്രിയില്‍ ജീവനുവേണ്ടി പെരുതുമ്പോളും അവന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ആ കുടുംബം. പ്രതീക്ഷയോടെ ആശുപത്രി വരാന്തയില്‍ ഇരിക്കുമ്പോഴും പക്ഷെ ആ അമ്മയുടേയും അച്ചന്റേയും ഹൃദയത്തെ വീണ്ടും വീണ്ടും കുത്തിമുറിവല്പ്പിക്കുന്ന സംഭവങ്ങളായിരുന്നു ചുറ്റും. മകന്റെ രക്തം പുരണ്ട ഹാമര്‍ കഴുകിയെടുത്ത് വീണ്ടും മത്സരം തുടർന്നുവെന്നത് ആ അമ്മയെങ്ങനെ സഹിക്കും? മകനെ വളണ്ടിയറാക്കി കൊണ്ടുപോയിട്ടില്ലെന്ന സ്ക്കൂളിന്റെ നിലപാട് എങ്ങനെ വേദനിപ്പിക്കാതിരിക്കും?. 300 രൂപ ബാറ്റക്കും ഷൈന്ചെയ്യാനുമായി സ്വമേധയ പോയതാണ് അഫീലെന്ന മാഷുടെ കളിപറച്ചിലെങ്ങനെ ആ അമ്മയെ കരയിക്കാതിരിക്കും? അഫീൽ ഐസിയുവില്‍ മരണവുമായി മല്ലിടുമ്പോഴും അവിടേക്ക് ഒരാഴ്ച്ചയ്ക്ക് ശേഷം താൻ വിളിക്കുന്നത് വരെ കൂടെ പഠിക്കുന്നവരോ അഫീലിന്റെ അധ്യാപകരോ തിരിഞ്ഞ് നോക്കിയില്ലെന്ന് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. വാക്കുകൾ പലപ്പോഴും പാതിയില്‍ മുറിഞ്ഞുപോയി.

ആരില്‍ നിന്നും ഒന്നും ഈ അമ്മയും അച്ചനും ആഗ്രഹിക്കുന്നില്ല. മകന് നീതി വേണം. അത് ഒട്ടും സുരക്ഷിതമല്ലാതെ കായികമത്സരങ്ങള് സംഘടിപ്പിച്ചവർക്കെതിരെ നടപടി എടുക്കണം. മേലിൽ അശ്രദ്ധ മൂലം ഒരു കുട്ടിയുടേയും ചോര മൈതാനങ്ങളിൽ വീഴരുത്. മൈതാനങ്ങളിൽ നിന്ന് മക്കളുടെ കരച്ചിലല്ല, ആർപ്പുവിളികൾ കേള്‍ക്കാനാണ് ഓരോ മാതാപിതാക്കളും കാതോർക്കുന്നത്.  അവര്‍ക്കാര്‍ക്കും തങ്ങളുടെ ഗതിയുണ്ടാകരുതെന്ന് ഈ അമ്മ പ്രാര്ത്ഥിക്കുന്നു.

സംസാരത്തിനിടയില് അഫീലിന്റെ ജേഴ്സികളൾ ഒന്നൊന്നായി വീണ്ടും ആ അമ്മയും അച്ചനും എടുത്തുമടക്കിവെച്ചു. അതില് മുഖം പൊത്തി കരഞ്ഞു.  അഫീലിന്റെ മേശപ്പുറത്ത് വൃത്തിയിൽ അടക്കിവെച്ച പുസ്തകങ്ങള്‍. പഠിക്കാനുള്ളതും അല്ലാത്തതും. അവയുടെ മുകളിൽ അഫീൽ അവസാനം വരെ കയ്യിൽ കെട്ടിയ സ്പോര്‍ട്സ് വാച്ച് മെല്ലെ മിടിച്ചുകൊണ്ടേയിരിക്കുന്നു....

(The Bridge എന്ന സ്പോർട്സ് ഓൺലൈൻ പോർട്ടലിനു വേണ്ടി തയ്യാറാക്കിയ റിപ്പോർട്ട് താഴെ)




Comments