മൊബൈൽ സന്ദേശം വായിച്ച് വിശ്വസിക്കാൻ
സമയമെടുത്തു.
പെട്ടെന്ന്....?
ജെയിംസേട്ടനെ വിളിച്ചപ്പോൾ സ്ഥിരീകരണമായി.
ക്യാൻസർ ബാധിതനായിരുന്നുവത്രേ. രോഗവിവരം അറിയാൻ
വൈകിപ്പോയി.
വയനാട്ടിലെ മറക്കാനാവാത്ത ഓർമകളുടെ ഭാഗമാണ് വി ജി
വിജയനെന്നും മനോരമ വിജയനെന്നുമെല്ലാം അറിയപ്പെടുന്ന വിജയേട്ടൻ.
വയനാട് എനിക്ക് രണ്ടാമത്തെ വീട് തന്നെയാണ്. കേരളത്തിൻറെ
തെക്കുമുതൽ ഏതാണ്ട് വടക്കറ്റംവരെ പല ജില്ലകളിലും ദീർഘകാലവും ഹ്രസ്വകാലുവുമെല്ലാം
ജോലിചെയ്തിട്ടുണ്ടെങ്കിലും വയനാട് നൽകിയ സ്നേഹവും തണലും മറ്റൊരു നാടും നൽകിയതായി
തോന്നിയിട്ടില്ല. ഒരു പക്ഷെ സ്വന്തം നാടുപോലും.
2010 ൽ വയനാട്ടിലേക്ക് ട്രാൻസ്ഫറായി പോകുമ്പോൾ
അന്ന് ഏഷ്യാനെറ്റ് എക്സിക്യൂട്ടിവ് എഡിറ്ററായ തോമസേട്ടനും അസോസിയേറ്റ്
എഡിറ്ററായിരുന്ന എൻ കെയെന്ന രവിയേട്ടനും ആദ്യം നൽകിയ ഉപദേശം വയനാട്ടിൽ ചെന്നാൽ
വിജയനെവേണം ആദ്യം പരിചയപ്പെടാനെന്നായിരുന്നു. വി ജി വിജയേട്ടൻ എന്ന ജനയുഗത്തിൻറെ
കണ്ണൂർ റസിഡൻറ് എഡിറ്ററെ. അന്ന് കൽപറ്റയിലെ ഒരു ഷോപ്പിങ് കോംപ്ലക്സിൻറെ മുകളിലത്തെ
നിലയിലായിരുന്നു ഏഷ്യാനെറ്റിൻറെ ബ്യൂറോ. നേരെ എതിർവശത്ത് ജനയുഗത്തിൻറെ ബ്യൂറോയും.
ചാർജെടുത്ത അന്നുതന്നെ വിജയേട്ടനെ കണ്ടു, പരിചയപ്പെട്ടു. എത്രയോ ജൂനിയറായ എന്നെ ആ
മനുഷ്യൻ മുതിർന്ന മാധ്യമപ്രവർത്തകൻറെ ഒരു ജാഡയുമില്ലാത സ്വീകരിച്ചു. താഴത്തെ
ബേക്കറിയിൽ നിന്ന് ചായയും പഴംപൊരിയും വിജയേട്ടൻറെ വക.
അന്ന് സിപിഐ സംസ്ഥാന കൌൺസിലംഗമായ സുരേഷ്
ബാബുവിനേയും ഇപ്പോൾ സിപിഐ വയനാട് ജില്ലാസെക്രട്ടറിയായ വിജയൻ ചെറുകരയേയുമെല്ലാം
പരിചയപ്പെടുത്തി തന്നു. നല്ല പയ്യനാണ്, നമ്മുടെ പയ്യനാണ് എന്ന ആമുഖത്തോടെ മാത്രമേ
വിജയേട്ടൻ ആരെയും പരിചയപ്പെടുത്തിയിട്ടുള്ളു. ഏത് സംശയവും എപ്പോൾ വേണമെങ്കിലും ഓടി
പോയിചോദിക്കാൻ അപ്പുറത്ത് വിജയേട്ടനുണ്ടായിരുന്നുവെന്നത് പലപ്പോഴും
ആശ്വാസമായിരുന്നു. അതിൽ രാഷ്ട്രീയം മാത്രമല്ല വയനാടുമായി ബന്ധപ്പെട്ട എന്തുമാകാം.
ആരെ വിശദാംശങ്ങൾക്കായി സമീപിക്കണമെന്നതും കൃത്യമായി പറഞ്ഞുതരും, വിജയേട്ടൻ തന്നെ അവരെ
ഫോണിൽ വിളിച്ച് അറേഞ്ച് ചെയ്യുകയും ചെയ്യും.
ഓഫീസ് മാറിയശേഷവും വിജയേട്ടൻറെ വിളി ഒട്ടുമിക്കദിവസവും
വരും. വയനാട്ടിൽ വ്യാജ പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് ഞാൻ ചെയ്ത വാർത്തകൾ
സിപിഐയുടെ ജീവനക്കാരുടെ സംഘടനയായ ജോയിൻറ് കൌൺസിലിനെ വിറളിപിടിപ്പിച്ചപ്പോഴും
പിണങ്ങാതെ പരിഭവം കാണിക്കാതിരുന്ന വയനാട്ടിലെ ഏക സിപിഐക്കാരനും
വിജയേട്ടനായിരുന്നു. നല്ല വ്യക്തിബന്ധമുണ്ടായിരുന്ന, ഇപ്പോഴുമുള്ള, അന്നത്തെ
റവന്യൂമന്ത്രി കെപി രാജേന്ദ്രൻപോലും ഇതേതുടർന്ന് പിണങ്ങിയപ്പോൾ വിജയേട്ടൻ ആയിരുന്നു
റവന്യുമന്ത്രിയുടെ ഓഫീസിൽ നിന്ന് ഭൂമി സംബന്ധമായ എൻറെ വാർത്തകൾക്കുള്ള രേഖകളും
വിവരങ്ങളും എടുത്തുതന്നിരുന്നത്. എളമ്പിലേരി എസ്റ്റേറ്റ് സംബന്ധിച്ച രേഖകളും
ബ്രഹ്മഗിരി എസ്റ്റേറ്റിനറെ രേഖകളുമെല്ലാം എനിക്ക് കൃത്യമായി എടുത്തുതരികയും അതിലെ
ഭൂമിപ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് പറഞ്ഞുതന്നതും വിജയേട്ടനായിരുന്നു. ഭൂമി
കയ്യേറ്റങ്ങൾ സംബന്ധിച്ചും തട്ടിപ്പുകൾ സംബന്ധിച്ചും പിന്നീട് നിരവധി വാർത്തകൾ
ചെയ്തതിനെല്ലാം അടിത്തറ പാകിയത് വിജയേട്ടൻ പറഞ്ഞുതന്ന ഭൂമി സംബന്ധിച്ച അടിസ്ഥാന
വിവരങ്ങളും നിയമവശങ്ങളും തന്നെയാണ്.
വയനാട് വിട്ട് കണ്ണൂരിലേക്ക് പോയപ്പോഴും ഒടുവിൽ
ഏഷ്യാനെറ്റ് വിട്ട് മാതൃഭൂമിയിൽ പോയപ്പോഴും മീഡിയ വണ്ണിലേക്ക് ചേക്കേറിയപ്പോഴുമെല്ലാം
വിജയട്ടേനുമായുള്ള ബന്ധം തുടർന്നു. മാതൃഭൂമിയിലേക്കുള്ള ചാട്ടം വേണമായിരുന്നോ എന്ന
ആശങ്ക പങ്കുവെച്ച 3 വ്യക്തികളിൽ ഒരാൾ വിജയേട്ടനായിരുന്നു. KUWJ യുടെ പ്രവർത്തനങ്ങളമുയി ബന്ധപ്പെട്ടും
അല്ലാതെയും ഇടയ്ക്കൊക്കെ പിന്നെയും വിളിച്ചു. വീട് പണിതുടങ്ങാനുള്ള
പദ്ധതിയെകുറിച്ച് പറഞ്ഞപ്പോൾ സംഘടന വഴി 1 ലക്ഷം രൂപ ലോണിൽ സബ്സിഡി കിട്ടുമെന്നും
അതിന് ചെയ്യേണ്ടുന്ന കാര്യങ്ങളുമെല്ലാം പറഞ്ഞുതന്നതും വിജയേട്ടനാണ്.
നിയമസഭാതിരഞ്ഞെടുപ്പ് കാലത്ത് കൽപറ്റയിൽ
ശശിയേട്ടൻറെ പ്രചാരണത്തിന് പോയപ്പോൾ കാണാനായില്ല. അത്യാവശ്യമായി പുറത്ത് പോയതിനാൽ
ഇനി അടുത്തതവണവരുമ്പോൾ കാണാമെന്ന് പറഞ്ഞു. സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ
വെച്ചാണ് അവസാനമായി കണ്ടത്. ഒരിക്കലും മായാത്ത ചിരിയുമായി ദൂരേനിന്നെ കൈവീശി
കാണിച്ച് വന്ന് കുശലം പറഞ്ഞ് മടങ്ങിയ വിജയേട്ടൻ...
“ജനയുഗത്ത് നിന്ന് വിജയനാണ്... വി ജി വിജയൻ....”
ആ വിളി ഇനി ഉണ്ടാകില്ല.
ആ വിളി ഇനി ഉണ്ടാകില്ല.
പക്ഷെ സ്ഥലംമാറി ആശങ്കയോടെയും ആവേശത്തോടെയും ചുരം
കയറിയെത്തിയവർക്ക് വിജയേട്ടൻ തെളിച്ചുനൽകിയ വെളിച്ചം കെടാതെ കത്തും....
No comments:
Post a Comment