ഡൽഹിയിലെത്തിയിട്ട് മൂന്നാഴ്ച്ചപിന്നിട്ടപ്പോളാണ്
ഒരു വാർത്തയ്ക്ക് പിടിസി (പീസ് ടു ക്യാമറ - റിപ്പോർട്ടർ വാർത്തയ്ക്കിടെ നേരിട്ട് ക്യാമറയ്ക്ക
മുന്നിൽ പ്രത്യക്ഷപ്പെട്ട് അവതരിപ്പിക്കുക) എടുത്തത്. കുറച്ചുദിവസമായി
ചെയ്യണമെന്നാഗ്രഹിച്ച് വിവരങ്ങൾ ശേഖരിച്ചെങ്കിലും തിരക്കുമൂലം ചെയ്യാൻ സാധിക്കാത്ത
വാർത്തയായിരുന്നു ജനിതകമാറ്റം വരുത്തിയ കടുകിൻറെ ഉത്പാദനം സംബന്ധിച്ചുള്ളത്.
വാണീജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാൻ അനുമതി തേടിയുള്ള ഡൽഹി സർവ്വകലാശാലയിലെ
ഗവേഷകരുടെ പ്രൊപ്പോസലിന് ജനറ്റിക്കൽ എഞ്ചിനീയറിങ് അപ്രൈസൽ കമ്മിറ്റി അംഗീകാരം
നൽകിയത് കഴിഞ്ഞ ആഴ്ച്ചയിലാണ്. പദ്ധതിക്ക് അനുമതി നൽകണമെന്ന ജി.ഇ.എ.സിയുടെ ശുപാർശ പരിസ്ഥിതി വകുപ്പ്
മന്ത്രി അനിൽ മാധവ് ദവെയുടെ മേശപ്പുറത്തെത്തിയെന്നതായിരുന്നു വാർത്ത. മന്ത്രി ഒരു
ഒപ്പ് ചാർത്തിയാൽ ജി എം കടുക് എന്നത് ഇന്ത്യയിലെ പാടങ്ങളിൽ വിതയ്ക്കാൻ തുടങ്ങും. പക്ഷെ
ആ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പേ അതിനെതിരെയുള്ള പ്രതിഷേധം ആയിപ്പോയി
റിപ്പോർട്ട് ചെയ്യേണ്ടി വന്നത്. തൃശ്ശൂരിൽ നിന്ന് വിജയൻ മാഷാണ് പരിസ്ഥിതി
മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധം നടത്തുന്നുവെന്ന കാര്യം അറിയിച്ചത്. വിവിധ
സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും സാമൂഹ്യപ്രവർത്തകരും വിദ്യാർത്ഥികളുമടക്കം
ധാരാളംപേർ പ്രതിഷേധവുമായെത്തിയിരുന്നു. ചെറിയകുട്ടികളും വിദേശത്തുനിന്നുള്ള
ഗവേഷകവിദ്യാർത്ഥികളുമെല്ലാം സമരമുഖത്ത്.
പിടിസി എടുത്തുവേണം വാർത്ത റിപ്പോർട്ട്
ചെയ്യേണ്ടത് എന്ന് തീരുമാനിച്ചിരുന്നു. ജി.ഇ.എ.സിയുടെ ശുപാർശ തള്ളി കർഷകരുടെ ചെറുത്തുനിൽപ്പിനൊടുവിൽ
ജനിതകമാറ്റം വരുത്തിയ വഴുതനങ്ങയുടെ ഉത്പാദനം രാജ്യത്ത് തന്നെ നിരോധിച്ച മുൻ
പരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേശിൻറെ വഴി അനിൽ ദവേയും പിന്തുടരുമോ എന്നതായിരുന്നു
മനസിലെ ചിന്ത. പ്രത്യേകിച്ച് ബിജെപി അനുകൂല കർഷക സംഘടനകളെല്ലാം തന്നെ ഇതിനെതിരെ
ശക്തമായി രംഗത്തുള്ളപ്പോൾ. പക്ഷെ പ്രധാനമന്ത്രി മോദി നേരത്തെ ഗുജറാത്തിൽ
ജനിതകമാറ്റം വരുത്തിയ പരുത്തികൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിച്ച
ചരിത്രമുള്ളതുകൊണ്ട് അനിൽ ദവേക്ക് ജയറാം രമേശ് കാണിച്ച ധീരത പ്രകടിപ്പിക്കാനാവുമോയെന്ന
ചിന്തയും നിറഞ്ഞു. ബിജെപി ഭരിക്കുന്ന 8 സംസ്ഥാനങ്ങൾ ഇതുവരേയും ജനിതകമാറ്റം
വരുത്തിയ കടുകിൻറെ പരീക്ഷണാർത്ഥമുള്ള ഉത്പാദനത്തിനോട് അനുകൂല നിലപാട്
സ്വീകരിക്കുകയും ചെയ്യുമ്പോൾ. (രാജസ്ഥാനും മധ്യപ്രദേശും കേന്ദ്രത്തിന് വിയോജിപ്പ്
വ്യക്തമാക്കികൊണ്ട് കത്ത് നേരത്തെ തന്നെ അയച്ചിട്ടുണ്ട്).
ദൃശ്യങ്ങളെല്ലാം പകർത്തിയതിനൊടുവിൽ പിടിസി യും
എടുത്തു. വാർത്ത സൈൻ ഓഫ് ചെയ്തത് ഏതാണ്ടിങ്ങനെ
“പ്രതിഷേധങ്ങളെ തുടർന്ന് ജനിതകമാറ്റം
വരുത്തിയ വഴുതനങ്ങയക്ക് നിരോധനം നടപ്പാക്കിയ നാടാണ് ഇന്ത്യ. മുന്‍ പരിസ്ഥിതി മന്ത്രിയുടെ അതേ പാത അനില്‍ ദവേയും ഇപ്പോള്‍ സ്വീകരിക്കുമോയെന്നാണ് കർഷകർ ഉറ്റുനോക്കുന്നത് ...“
(വാര്‍ത്ത താഴത്തെ ലിങ്കില്‍ കാണാം)
https://www.youtube.com/watch?v=mDvIJ3GdaG0
(വാര്‍ത്ത താഴത്തെ ലിങ്കില്‍ കാണാം)
https://www.youtube.com/watch?v=mDvIJ3GdaG0
മൂന്നാറിലെ പരിസ്ഥിതി പ്രശ്നം പഠിക്കാൻ
നേരിട്ടെത്തിയ അനിൽ ദവേ മൂന്നാറിനെ കുറിച്ച് നന്നായറിയാവുന്ന സുഹൃത്ത് ഹരീഷ്
വാസുദേവനിൽ നിന്ന് നേരിട്ട് കാര്യങ്ങൾ മനസിലാക്കിയിരുന്നു. ദവേക്ക് പരിസ്ഥിതി
കാര്യങ്ങളിൽ കൃത്യമായ നിലപാട് ഉള്ളതായി തോന്നിയതായി ഹരീഷ് പറയുകയും ചെയ്തിരുന്നു.
എന്നിരുന്നാൽ കൂടി ജനിതകമാറ്റം വരുത്തിയ കടുകിൻറെ കാര്യത്തിൽ
വാണീജ്യതാൽപര്യംകൂടിയുള്ളതിനാൽ എന്തായിരിക്കും നിലപാടെന്ന് സംബന്ധിച്ച്
ആശങ്കയുണ്ടായിരുന്നു. പക്ഷെ രാവിലെ ഓഫീസിലെത്തിയപ്പോൾ ആദ്യം
കേട്ടവാർത്ത അനിൽ മാധവ് ദവെയെന്ന മന്ത്രി അന്തരിച്ചുവെന്നതാണ്. മനസിലേക്ക് ആദ്യം
ഓടിയെത്തിയത് തലേന്നാളത്തെ പിടിസി ആയത് ഒരുപക്ഷെ യാദൃശ്ചികമാവാം.
ഡിസംബറിൽ ന്യുമോണിയ ബാധിച്ച അദ്ദേഹത്തിൻറെ
ആരോഗ്യം പിന്നീട് മെച്ചപ്പെട്ടിരുന്നില്ലെങ്കിലും അദ്ദേഹം കൃത്യമായി കാര്യങ്ങൾ
പഠിച്ചിരുന്നുവെന്ന് പലരും പിന്നീട് പറഞ്ഞു. മൂന്നാർ മലനിരകളിലെ പരിസ്ഥിതിനാശം
നേരിട്ട് കണ്ട് മനസിലാക്കാൻ അദ്ദേഹമെത്തിയതെന്നതും പൂർണആരോഗ്യവാനല്ലാതെയായിരുന്നു.
മൂന്നാർ സംരക്ഷണത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിൻറെ അവസാന വാർത്താസമ്മേളനമെന്നാണ്
തോന്നുന്നത്.
ആഗോളതാപനത്തെകുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ
കുറിച്ചുമെല്ലാം പഠിക്കാനുള്ള വിവിധ സമിതികളിൽ അദ്ദേഹം അംഗമായിരുന്നുവെന്നും
ബിയോണ്ട് കോപ്പൻഹേഗൻ എന്നപേരിൽ പരിസ്ഥിതി സംബന്ധിയായ പുസ്തകം തന്നെ അദ്ദേഹം
എഴുതിയിട്ടുണ്ടെന്നുമെല്ലാം അറിഞ്ഞപ്പോൾ ഒരുപക്ഷെ അദ്ദേഹം മണ്ണിനെ നശിപ്പിക്കുന്ന, കർഷകനെ
നശിപ്പിക്കുന്ന, ഭക്ഷ്യസുരക്ഷയെ തകർക്കുന്ന ആ ശുപാർശയിൽ ഒപ്പുവെക്കില്ലായിരുന്നുവെന്ന്
തോന്നി.
നർമദയുടെ കാവൽക്കാരനായിരുന്നു എന്നും അനിൽ ദവെ. മനുഷ്യൻ
മാറിയില്ലെങ്കിൽ നർമദ ഒരു ക്രിക്കറ്റ് പിച്ചായി മാറുമെന്ന് ഭയന്നിരുന്ന നർമദയുടെ
കാമുകൻ. നർമദ സംരക്ഷിക്കാൻ 19 ദിവസം റാഫ്റ്റിങ് നടത്തുകയും തീരത്ത് ചെറുവിമാനം
പറത്തുകയും ചെയ്തിട്ടുണ്ട് ദവെ. നർമദയുടെ ഉത്ഭവം മുതൽ ബംഗാൾ ഉൾക്കടൽവരെയുള്ള
പ്രയാണത്തെ കുറിച്ച് പുസ്തകവുമെഴുതി.
തൻറെ ഓർമയ്ക്ക് സ്തൂപങ്ങളോ സ്മൃതിമണ്ഡപങ്ങളോ അല്ല
പണിയേണ്ടത്, മറിച്ച് ഒരു മരം നട്ടാൽ മതിയെന്നായിരുന്നുവത്രേ നർമദയുടെ കാമുകനെന്ന്
വിശേഷിപ്പിക്കാവുന്ന അനിൽ മാധവ് ദവേയുടെ അന്ത്യാഭിലാഷം....
No comments:
Post a Comment