മാധ്യമസ്വാതന്ത്ര്യസൂചിക വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ടു. നോർവെ ഒന്നാമതുണ്ട്. അവസാനം ഉത്തര കൊറിയയും.
ലോകത്തിലെ മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തിൻറെ അടയാളപ്പെടുത്തൽ. ഒരുകാലത്തും അത്രമികച്ച ജോലിയായി ആരും കരുതുന്നില്ലെങ്കിലും മാധ്യമസ്വാതന്ത്ര്യമെന്നത് വിമർശകരും അല്ലാത്തവരുമെല്ലാം ഒരുപോലെ ആവശ്യപ്പെടുന്നതാണ്. പക്ഷെ മാധ്യമസ്വാതന്ത്ര്യമെന്നത് വാക്കിൽ മാത്രമാണ് പലയിടത്തുമെന്നതാണ് വസ്തുത. അതിൻറെ ഏറ്റവും വലിയ തെളിവാണ് മേൽ പറഞ്ഞ സൂചിക. വികസിത രാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും പട്ടിണിരാജ്യങ്ങളിലുമെല്ലാം മാധ്യമപ്രവർത്തകർക്കെതിരെയുള്ള, മാധ്യമസ്ഥാപനങ്ങൾക്കതിരെയുള്ള അതിക്രമം രൂക്ഷമായി തുടരുന്നു.
world press freedom index 2017 |
കയ്യൂക്കുകൊണ്ട് മാത്രമല്ല, കാടൻ നിയമങ്ങൾക്കൊണ്ടും മാധ്യമങ്ങളേയും മാധ്യമപ്രവർത്തകരേയും അടിച്ചമർത്തുകയാണ് സർക്കാരുകളും മാഫിയസംഘങ്ങളും. ഇതിനെല്ലാം പുറമെയാണ് ലോകമാധ്യമരംഗം കുത്തകകൾ കയ്യടക്കുന്നതിലൂടെ നഷ്ടമാകുന്ന അറിയാനുള്ള സ്വാതന്ത്ര്യം. ജനത്തിൻറെ അറിയാനുള്ള അവകാശം കൂടി സംരക്ഷിക്കപ്പെടുമ്പോൾ മാത്രമേ മാധ്യമസ്വാതന്ത്ര്യവും യാഥാർത്ഥ്യമാകുന്നുള്ളു. അതിനാൽ തന്നെ അമേരിക്കയിലടക്കം വൻകിട കോർപറേറ്റുകൾ മാധ്യമങ്ങളെ വിഴുങ്ങുമ്പോൾ ഹനിക്കപ്പെടുന്നത് മാധ്യമസ്വാതന്ത്ര്യമാണ്. വസ്തുതകൾ മറച്ചുവെച്ച് തങ്ങൾക്കനുകൂലമായ വാർത്തൾ മാത്രം റിപ്പോർട്ട് ചെയ്യുകയോ വക്രീകരിക്കുകയോ ചെയ്യുന്നതും കൊല്ലുന്നത് മാധ്യമസ്വാതന്ത്ര്യത്തെയാണ്.
മാധ്യമസ്വാതന്ത്ര്യമെന്നത് തങ്ങള്‍ക്കിഷ്ടപ്പെട്ട വാര്‍ത്തകള്‍മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നതിനു ള്ള സ്വാതന്ത്ര്യമാണെന്നും തങ്ങളുടെമാത്രം പി ആര്‍ ഓ മാരായി വര്‍ത്തിക്കുന്നവര്‍ക്കുള്ള പാരിതോഷികമാണെന്നും ഇതിലൂടെ ചിലമാധ്യമമുതലാളിമാരെങ്കിലും സാക്ഷ്യപ്പെടുത്തുന്നു.
നമ്മുടെ രാജ്യത്ത് തന്നെ എത്രമാധ്യമപ്രവർത്തകരാണ് വേട്ടയാടപ്പെടുന്നത്, ആക്രമിക്കപ്പെടുന്നത്. അതിനെകുറിച്ച് നാം എന്നാണ് ബോധവാൻമാരാകുക. ലോകമാധ്യമസ്വാതന്ത്ര്യസൂചികിയില്‍ 136 ആം സ്ഥാനത്തുള്ള ഇന്ത്യയെ മറന്ന് നമുക്ക് ഇംഗ്ലണ്ടിലേയും ആഫ്രിക്കയിലേയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേയും അസ്വാതന്ത്ര്യത്തെ കുറിച്ച് മാത്രം വാചാലരായാൽ മതിയോ? നമ്മുടെ ചുറ്റും നടക്കുന്നത് നാം സൌകര്യപൂർവ്വം മറന്നുകൊണ്ട് മറ്റ് രാജ്യങ്ങളിലെ കുറ്റങ്ങളെ കുറിച്ച് പരദൂഷണം പറയുന്നതിൽ അർത്ഥമില്ല. നല്ലസമൂഹത്തെ വാർത്തെടുക്കലാണ് മാധ്യമപ്രവർത്തനംകൊണ്ട് ലക്ഷ്യമിടുന്നതെങ്കിലും മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം നാം തീർക്കണം. അല്ലെങ്കിൽ അഴിമതിയും ചുവപ്പുനാട സംസ്ക്കാരവും മുത്തലാളിത്ത ചൂഷണവും വിഐപി ധാർഷ്ട്യവുമെല്ലാം നാം ഇനിയും സഹിക്കേണ്ടിവരും. മറ്റൊരു അടിമത്വത്തിന് നാം വഴങ്ങേണ്ടിവരും. ഒന്നുകുതറാനുള്ള ശക്തിപോലുമില്ലാതെ.
ജോലിയുടെ പേരിൽ കേരള ഹൈക്കോടതിയിലും ഡല്‍ഹി പട്യാലകോടതിയിലും മൂന്നാറിലും ഉത്തരേന്ത്യയിലെ മുക്കിലും മൂലയിലുമെല്ലാം തല്ലുകൊള്ളുന്നവരും സിറിയയിലും അഫ്ഘാനിസ്ഥാനിലുമെല്ലാം ബന്ദികളാക്കപ്പെട്ടവരും എടുത്ത പണിക്ക് കൂലി ചോദിക്കുന്നവനും ജിവിത ചിലവേറുമ്പോള്‍ വേതനവര്‍ദ്ധനവ് ആവശ്യപ്പെടുന്നവനും അര്‍ഹമായ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നവന് സ്വാതന്ത്ര്യമെന്ന വാക്ക് പോലും ഉച്ഛരിക്കാന്‍ അര്‍ഹതയില്ലാത്തവനാണെന്നും ഇതേ ദിവസം നമ്മെ ഓര്‍മിപ്പിക്കുന്നു. ആദ്യപേജില്‍ വാര്‍ത്തകളും ചിത്രങ്ങളും കറുപ്പടിച്ചാല്‍ അത് മാധ്യമസ്വാതന്ത്ര്യത്തെയല്ല, ജനത്തിന്‍റെ അറിയാനുള്ള അവകാശത്തെയാണ് മാതൃഭൂമി നിങ്ങൾ നിഷേധിക്കുന്നത്. എതിര്‍പ്പിനെ മറികടന്നും വാര്‍ത്തകള്‍ നല്‍കുന്നതാണ് ഹീറോയിസം, അല്ലാതെ കറുപ്പടിച്ച് മറക്കലല്ല.
മാധ്യമപ്രവര്‍ത്തകന് ഭീതികൂടാതെ റിപ്പോര്‍ട്ട് ചെയ്യാനും ചെയ്യുന്നപണിക്ക് കൂലി ലഭിക്കുകയും ചെയ്യുന്ന സുവര്‍ണകാലഘട്ടം എന്നുവരുന്നോ അന്നേ മാധ്യമസ്വാതന്ത്ര്യം പുലരു. അതേജാഗ്രത മാധ്യമപ്രവര്‍ത്തകനും പുലര്‍ത്തിയാലേ മാധ്യമധര്‍മ്മവും വിജയിക്കു.
അഫ്ഘാനിസ്ഥാനിൽ താലിബാൻ തലവെട്ടിയ വാൾ സ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവർത്തകനായ ഡാനിയൽ പേളിനെ ഓർക്കുക, സർക്കാരുകൾ തടവിലാക്കിയ മാധ്യമപ്രവർത്തകരെ ഓർക്കുക, നീതിന്യായപീഠങ്ങളുടെ വാതിൽക്കൽ അടികൊണ്ടുവീണ മാധ്യമപ്രവർത്തകരെ ഓർക്കുക, പ്രതികരിച്ചതിൻറെ പേരിൽ മുതലാളികൾ വേട്ടയാടിയ മാധ്യമപ്രവർത്തകരെ ഓർക്കുക, നാലാം ലിംഗക്കാരെന്ന് അധിക്ഷേപം കേട്ട് പണിയെടുക്കുന്നവരെ ഓർക്കുക.... അവരുടെ സ്വാതന്ത്ര്യവും കൂടിയാണ് മാധ്യമസ്വാതന്ത്ര്യമെന്നത്....
No comments:
Post a Comment