Tuesday, 30 May 2017

വിസ്മൃതി




എത്രവേഗത്തിലാണ്
നിങ്ങൾ ഒരാളെ
മറവിയുടെ
പടുകുഴിയിലേക്ക്
ചവിട്ടിതാഴ്ത്തുന്നത്....!!!

(290517)

Monday, 29 May 2017

ചൂണ്ട

.
.
.
.
.
ഒറ്റപ്പെടലിൻറെ
തുരുത്തിലിരുന്ന്
മരണത്തിനപ്പുറത്തേക്ക്
ചൂണ്ടയെറിയുകയാണ്
ഞാൻ....!
.
.
(250517)
                            ***************


Friday, 19 May 2017

ജനയുഗം വിജയേട്ടനെന്ന വഴികാട്ടി

വയനാട്ടിലെ വിജി വിജയൻ അന്തരിച്ചു.
മൊബൈൽ സന്ദേശം വായിച്ച് വിശ്വസിക്കാൻ സമയമെടുത്തു.
പെട്ടെന്ന്....?
ജെയിംസേട്ടനെ വിളിച്ചപ്പോൾ സ്ഥിരീകരണമായി.
ക്യാൻസർ ബാധിതനായിരുന്നുവത്രേ. രോഗവിവരം അറിയാൻ വൈകിപ്പോയി.  

വയനാട്ടിലെ മറക്കാനാവാത്ത ഓർമകളുടെ ഭാഗമാണ് വി ജി വിജയനെന്നും മനോരമ വിജയനെന്നുമെല്ലാം അറിയപ്പെടുന്ന വിജയേട്ടൻ.
വയനാട് എനിക്ക് രണ്ടാമത്തെ വീട് തന്നെയാണ്. കേരളത്തിൻറെ തെക്കുമുതൽ ഏതാണ്ട് വടക്കറ്റംവരെ പല ജില്ലകളിലും ദീർഘകാലവും ഹ്രസ്വകാലുവുമെല്ലാം ജോലിചെയ്തിട്ടുണ്ടെങ്കിലും വയനാട് നൽകിയ സ്നേഹവും തണലും മറ്റൊരു നാടും നൽകിയതായി തോന്നിയിട്ടില്ല. ഒരു പക്ഷെ സ്വന്തം നാടുപോലും.

2010 ൽ വയനാട്ടിലേക്ക് ട്രാൻസ്ഫറായി പോകുമ്പോൾ അന്ന് ഏഷ്യാനെറ്റ് എക്സിക്യൂട്ടിവ് എഡിറ്ററായ തോമസേട്ടനും അസോസിയേറ്റ് എഡിറ്ററായിരുന്ന എൻ കെയെന്ന രവിയേട്ടനും ആദ്യം നൽകിയ ഉപദേശം വയനാട്ടിൽ ചെന്നാൽ വിജയനെവേണം ആദ്യം പരിചയപ്പെടാനെന്നായിരുന്നു. വി ജി വിജയേട്ടൻ എന്ന ജനയുഗത്തിൻറെ കണ്ണൂർ റസിഡൻറ് എഡിറ്ററെ. അന്ന് കൽപറ്റയിലെ ഒരു ഷോപ്പിങ് കോംപ്ലക്സിൻറെ മുകളിലത്തെ നിലയിലായിരുന്നു ഏഷ്യാനെറ്റിൻറെ ബ്യൂറോ. നേരെ എതിർവശത്ത് ജനയുഗത്തിൻറെ ബ്യൂറോയും. ചാർജെടുത്ത അന്നുതന്നെ വിജയേട്ടനെ കണ്ടു, പരിചയപ്പെട്ടു. എത്രയോ ജൂനിയറായ എന്നെ ആ മനുഷ്യൻ മുതിർന്ന മാധ്യമപ്രവർത്തകൻറെ ഒരു ജാഡയുമില്ലാത സ്വീകരിച്ചു. താഴത്തെ ബേക്കറിയിൽ നിന്ന് ചായയും പഴംപൊരിയും വിജയേട്ടൻറെ വക. 
അന്ന് സിപിഐ സംസ്ഥാന കൌൺസിലംഗമായ സുരേഷ് ബാബുവിനേയും ഇപ്പോൾ സിപിഐ വയനാട് ജില്ലാസെക്രട്ടറിയായ വിജയൻ ചെറുകരയേയുമെല്ലാം പരിചയപ്പെടുത്തി തന്നു. നല്ല പയ്യനാണ്, നമ്മുടെ പയ്യനാണ് എന്ന ആമുഖത്തോടെ മാത്രമേ വിജയേട്ടൻ ആരെയും പരിചയപ്പെടുത്തിയിട്ടുള്ളു. ഏത് സംശയവും എപ്പോൾ വേണമെങ്കിലും ഓടി പോയിചോദിക്കാൻ അപ്പുറത്ത് വിജയേട്ടനുണ്ടായിരുന്നുവെന്നത് പലപ്പോഴും ആശ്വാസമായിരുന്നു. അതിൽ രാഷ്ട്രീയം മാത്രമല്ല വയനാടുമായി ബന്ധപ്പെട്ട എന്തുമാകാം. ആരെ വിശദാംശങ്ങൾക്കായി സമീപിക്കണമെന്നതും കൃത്യമായി പറഞ്ഞുതരും, വിജയേട്ടൻ തന്നെ അവരെ ഫോണിൽ വിളിച്ച് അറേഞ്ച് ചെയ്യുകയും ചെയ്യും.
ഓഫീസ് മാറിയശേഷവും വിജയേട്ടൻറെ വിളി ഒട്ടുമിക്കദിവസവും വരും. വയനാട്ടിൽ വ്യാജ പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് ഞാൻ ചെയ്ത വാർത്തകൾ സിപിഐയുടെ ജീവനക്കാരുടെ സംഘടനയായ ജോയിൻറ് കൌൺസിലിനെ വിറളിപിടിപ്പിച്ചപ്പോഴും പിണങ്ങാതെ പരിഭവം കാണിക്കാതിരുന്ന വയനാട്ടിലെ ഏക സിപിഐക്കാരനും വിജയേട്ടനായിരുന്നു. നല്ല വ്യക്തിബന്ധമുണ്ടായിരുന്ന, ഇപ്പോഴുമുള്ള, അന്നത്തെ റവന്യൂമന്ത്രി കെപി രാജേന്ദ്രൻപോലും ഇതേതുടർന്ന് പിണങ്ങിയപ്പോൾ വിജയേട്ടൻ ആയിരുന്നു റവന്യുമന്ത്രിയുടെ ഓഫീസിൽ നിന്ന് ഭൂമി സംബന്ധമായ എൻറെ വാർത്തകൾക്കുള്ള രേഖകളും വിവരങ്ങളും എടുത്തുതന്നിരുന്നത്. എളമ്പിലേരി എസ്റ്റേറ്റ് സംബന്ധിച്ച രേഖകളും ബ്രഹ്മഗിരി എസ്റ്റേറ്റിനറെ രേഖകളുമെല്ലാം എനിക്ക് കൃത്യമായി എടുത്തുതരികയും അതിലെ ഭൂമിപ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് പറഞ്ഞുതന്നതും വിജയേട്ടനായിരുന്നു. ഭൂമി കയ്യേറ്റങ്ങൾ സംബന്ധിച്ചും തട്ടിപ്പുകൾ സംബന്ധിച്ചും പിന്നീട് നിരവധി വാർത്തകൾ ചെയ്തതിനെല്ലാം അടിത്തറ പാകിയത് വിജയേട്ടൻ പറഞ്ഞുതന്ന ഭൂമി സംബന്ധിച്ച അടിസ്ഥാന വിവരങ്ങളും നിയമവശങ്ങളും തന്നെയാണ്.

വയനാട് വിട്ട് കണ്ണൂരിലേക്ക് പോയപ്പോഴും ഒടുവിൽ ഏഷ്യാനെറ്റ് വിട്ട് മാതൃഭൂമിയിൽ പോയപ്പോഴും മീഡിയ വണ്ണിലേക്ക് ചേക്കേറിയപ്പോഴുമെല്ലാം വിജയട്ടേനുമായുള്ള ബന്ധം തുടർന്നു. മാതൃഭൂമിയിലേക്കുള്ള ചാട്ടം വേണമായിരുന്നോ എന്ന ആശങ്ക പങ്കുവെച്ച 3 വ്യക്തികളിൽ ഒരാൾ വിജയേട്ടനായിരുന്നു. KUWJ  യുടെ പ്രവർത്തനങ്ങളമുയി ബന്ധപ്പെട്ടും അല്ലാതെയും ഇടയ്ക്കൊക്കെ പിന്നെയും വിളിച്ചു. വീട് പണിതുടങ്ങാനുള്ള പദ്ധതിയെകുറിച്ച് പറഞ്ഞപ്പോൾ സംഘടന വഴി 1 ലക്ഷം രൂപ ലോണിൽ സബ്സിഡി കിട്ടുമെന്നും അതിന് ചെയ്യേണ്ടുന്ന കാര്യങ്ങളുമെല്ലാം പറഞ്ഞുതന്നതും വിജയേട്ടനാണ്.

നിയമസഭാതിരഞ്ഞെടുപ്പ് കാലത്ത് കൽപറ്റയിൽ ശശിയേട്ടൻറെ പ്രചാരണത്തിന് പോയപ്പോൾ കാണാനായില്ല. അത്യാവശ്യമായി പുറത്ത് പോയതിനാൽ ഇനി അടുത്തതവണവരുമ്പോൾ കാണാമെന്ന് പറഞ്ഞു. സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ വെച്ചാണ് അവസാനമായി കണ്ടത്. ഒരിക്കലും മായാത്ത ചിരിയുമായി ദൂരേനിന്നെ കൈവീശി കാണിച്ച് വന്ന് കുശലം പറഞ്ഞ് മടങ്ങിയ വിജയേട്ടൻ...


ജനയുഗത്ത് നിന്ന് വിജയനാണ്... വി ജി വിജയൻ....
ആ വിളി ഇനി ഉണ്ടാകില്ല. 
പക്ഷെ സ്ഥലംമാറി ആശങ്കയോടെയും ആവേശത്തോടെയും ചുരം കയറിയെത്തിയവർക്ക് വിജയേട്ടൻ തെളിച്ചുനൽകിയ വെളിച്ചം കെടാതെ കത്തും.... 

എന്നെ സ്മരിക്കാൻ സ്തൂപമല്ല, മരം നടുക...

ഡൽഹിയിലെത്തിയിട്ട് മൂന്നാഴ്ച്ചപിന്നിട്ടപ്പോളാണ് ഒരു വാർത്തയ്ക്ക് പിടിസി (പീസ് ടു ക്യാമറ - റിപ്പോർട്ടർ വാർത്തയ്ക്കിടെ നേരിട്ട് ക്യാമറയ്ക്ക മുന്നിൽ പ്രത്യക്ഷപ്പെട്ട് അവതരിപ്പിക്കുക) എടുത്തത്. കുറച്ചുദിവസമായി ചെയ്യണമെന്നാഗ്രഹിച്ച് വിവരങ്ങൾ ശേഖരിച്ചെങ്കിലും തിരക്കുമൂലം ചെയ്യാൻ സാധിക്കാത്ത വാർത്തയായിരുന്നു ജനിതകമാറ്റം വരുത്തിയ കടുകിൻറെ ഉത്പാദനം സംബന്ധിച്ചുള്ളത്. 

വാണീജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാൻ അനുമതി തേടിയുള്ള ഡൽഹി സർവ്വകലാശാലയിലെ ഗവേഷകരുടെ പ്രൊപ്പോസലിന് ജനറ്റിക്കൽ എഞ്ചിനീയറിങ് അപ്രൈസൽ കമ്മിറ്റി അംഗീകാരം നൽകിയത് കഴിഞ്ഞ ആഴ്ച്ചയിലാണ്. പദ്ധതിക്ക് അനുമതി നൽകണമെന്ന ജി.ഇ.എ.സിയുടെ ശുപാർശ പരിസ്ഥിതി വകുപ്പ് മന്ത്രി അനിൽ മാധവ് ദവെയുടെ മേശപ്പുറത്തെത്തിയെന്നതായിരുന്നു വാർത്ത. മന്ത്രി ഒരു ഒപ്പ് ചാർത്തിയാൽ ജി എം കടുക് എന്നത് ഇന്ത്യയിലെ പാടങ്ങളിൽ വിതയ്ക്കാൻ തുടങ്ങും. പക്ഷെ ആ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പേ അതിനെതിരെയുള്ള പ്രതിഷേധം ആയിപ്പോയി റിപ്പോർട്ട് ചെയ്യേണ്ടി വന്നത്. തൃശ്ശൂരിൽ നിന്ന് വിജയൻ മാഷാണ് പരിസ്ഥിതി മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധം നടത്തുന്നുവെന്ന കാര്യം അറിയിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും സാമൂഹ്യപ്രവർത്തകരും വിദ്യാർത്ഥികളുമടക്കം ധാരാളംപേർ പ്രതിഷേധവുമായെത്തിയിരുന്നു. ചെറിയകുട്ടികളും വിദേശത്തുനിന്നുള്ള ഗവേഷകവിദ്യാർത്ഥികളുമെല്ലാം സമരമുഖത്ത്.

പിടിസി എടുത്തുവേണം വാർത്ത റിപ്പോർട്ട് ചെയ്യേണ്ടത് എന്ന് തീരുമാനിച്ചിരുന്നു. ജി.ഇ.എ.സിയുടെ ശുപാർശ തള്ളി കർഷകരുടെ ചെറുത്തുനിൽപ്പിനൊടുവിൽ ജനിതകമാറ്റം വരുത്തിയ വഴുതനങ്ങയുടെ ഉത്പാദനം രാജ്യത്ത് തന്നെ നിരോധിച്ച മുൻ പരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേശിൻറെ വഴി അനിൽ ദവേയും പിന്തുടരുമോ എന്നതായിരുന്നു മനസിലെ ചിന്ത. പ്രത്യേകിച്ച് ബിജെപി അനുകൂല കർഷക സംഘടനകളെല്ലാം തന്നെ ഇതിനെതിരെ ശക്തമായി രംഗത്തുള്ളപ്പോൾ. പക്ഷെ പ്രധാനമന്ത്രി മോദി നേരത്തെ ഗുജറാത്തിൽ ജനിതകമാറ്റം വരുത്തിയ പരുത്തികൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിച്ച ചരിത്രമുള്ളതുകൊണ്ട് അനിൽ ദവേക്ക് ജയറാം രമേശ് കാണിച്ച ധീരത പ്രകടിപ്പിക്കാനാവുമോയെന്ന ചിന്തയും നിറഞ്ഞു. ബിജെപി ഭരിക്കുന്ന 8 സംസ്ഥാനങ്ങൾ ഇതുവരേയും ജനിതകമാറ്റം വരുത്തിയ കടുകിൻറെ പരീക്ഷണാർത്ഥമുള്ള ഉത്പാദനത്തിനോട് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്യുമ്പോൾ. (രാജസ്ഥാനും മധ്യപ്രദേശും കേന്ദ്രത്തിന് വിയോജിപ്പ് വ്യക്തമാക്കികൊണ്ട് കത്ത് നേരത്തെ തന്നെ അയച്ചിട്ടുണ്ട്).
ദൃശ്യങ്ങളെല്ലാം പകർത്തിയതിനൊടുവിൽ പിടിസി യും എടുത്തു. വാർത്ത സൈൻ ഓഫ് ചെയ്തത് ഏതാണ്ടിങ്ങനെ

പ്രതിഷേധങ്ങളെ തുടർന്ന് ജനിതകമാറ്റം വരുത്തിയ വഴുതനങ്ങയക്ക് നിരോധനം നടപ്പാക്കിയ നാടാണ് ഇന്ത്യ. മുന്‍ പരിസ്ഥിതി മന്ത്രിയുടെ അതേ പാത അനില്‍ ദവേയും ഇപ്പോള്‍ സ്വീകരിക്കുമോയെന്നാണ് കർഷകർ ഉറ്റുനോക്കുന്നത് ...“

(വാര്‍ത്ത  താഴത്തെ  ലിങ്കില്‍ കാണാം)

https://www.youtube.com/watch?v=mDvIJ3GdaG0

മൂന്നാറിലെ പരിസ്ഥിതി പ്രശ്നം പഠിക്കാൻ നേരിട്ടെത്തിയ അനിൽ ദവേ മൂന്നാറിനെ കുറിച്ച് നന്നായറിയാവുന്ന സുഹൃത്ത് ഹരീഷ് വാസുദേവനിൽ നിന്ന് നേരിട്ട് കാര്യങ്ങൾ മനസിലാക്കിയിരുന്നു. ദവേക്ക് പരിസ്ഥിതി കാര്യങ്ങളിൽ കൃത്യമായ നിലപാട് ഉള്ളതായി തോന്നിയതായി ഹരീഷ് പറയുകയും ചെയ്തിരുന്നു. എന്നിരുന്നാൽ കൂടി ജനിതകമാറ്റം വരുത്തിയ കടുകിൻറെ കാര്യത്തിൽ വാണീജ്യതാൽപര്യംകൂടിയുള്ളതിനാൽ എന്തായിരിക്കും നിലപാടെന്ന് സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. പക്ഷെ രാവിലെ ഓഫീസിലെത്തിയപ്പോൾ ആദ്യം കേട്ടവാർത്ത അനിൽ മാധവ് ദവെയെന്ന മന്ത്രി അന്തരിച്ചുവെന്നതാണ്. മനസിലേക്ക് ആദ്യം ഓടിയെത്തിയത് തലേന്നാളത്തെ പിടിസി ആയത് ഒരുപക്ഷെ യാദൃശ്ചികമാവാം.

ഡിസംബറിൽ ന്യുമോണിയ ബാധിച്ച അദ്ദേഹത്തിൻറെ ആരോഗ്യം പിന്നീട് മെച്ചപ്പെട്ടിരുന്നില്ലെങ്കിലും അദ്ദേഹം കൃത്യമായി കാര്യങ്ങൾ പഠിച്ചിരുന്നുവെന്ന് പലരും പിന്നീട് പറഞ്ഞു. മൂന്നാർ മലനിരകളിലെ പരിസ്ഥിതിനാശം നേരിട്ട് കണ്ട് മനസിലാക്കാൻ അദ്ദേഹമെത്തിയതെന്നതും പൂർണആരോഗ്യവാനല്ലാതെയായിരുന്നു. മൂന്നാർ സംരക്ഷണത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിൻറെ അവസാന വാർത്താസമ്മേളനമെന്നാണ് തോന്നുന്നത്.

ആഗോളതാപനത്തെകുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമെല്ലാം പഠിക്കാനുള്ള വിവിധ സമിതികളിൽ അദ്ദേഹം അംഗമായിരുന്നുവെന്നും ബിയോണ്ട് കോപ്പൻഹേഗൻ എന്നപേരിൽ പരിസ്ഥിതി സംബന്ധിയായ പുസ്തകം തന്നെ അദ്ദേഹം എഴുതിയിട്ടുണ്ടെന്നുമെല്ലാം അറിഞ്ഞപ്പോൾ ഒരുപക്ഷെ അദ്ദേഹം  മണ്ണിനെ നശിപ്പിക്കുന്ന, കർഷകനെ നശിപ്പിക്കുന്ന, ഭക്ഷ്യസുരക്ഷയെ തകർക്കുന്ന ആ ശുപാർശയിൽ ഒപ്പുവെക്കില്ലായിരുന്നുവെന്ന് തോന്നി.

നർമദയുടെ കാവൽക്കാരനായിരുന്നു എന്നും അനിൽ ദവെ. മനുഷ്യൻ മാറിയില്ലെങ്കിൽ നർമദ ഒരു ക്രിക്കറ്റ് പിച്ചായി മാറുമെന്ന് ഭയന്നിരുന്ന നർമദയുടെ കാമുകൻ. നർമദ സംരക്ഷിക്കാൻ 19 ദിവസം റാഫ്റ്റിങ് നടത്തുകയും തീരത്ത് ചെറുവിമാനം പറത്തുകയും ചെയ്തിട്ടുണ്ട് ദവെ. നർമദയുടെ ഉത്ഭവം മുതൽ ബംഗാൾ ഉൾക്കടൽവരെയുള്ള പ്രയാണത്തെ കുറിച്ച് പുസ്തകവുമെഴുതി.


തൻറെ ഓർമയ്ക്ക് സ്തൂപങ്ങളോ സ്മൃതിമണ്ഡപങ്ങളോ അല്ല പണിയേണ്ടത്, മറിച്ച് ഒരു മരം നട്ടാൽ മതിയെന്നായിരുന്നുവത്രേ നർമദയുടെ കാമുകനെന്ന് വിശേഷിപ്പിക്കാവുന്ന അനിൽ മാധവ് ദവേയുടെ അന്ത്യാഭിലാഷം....

Thursday, 11 May 2017

ബുർഹൻ വാനിയല്ല, ഉമർ ഫായിസാണ് കശ്മീരിൻറെ ഹീറോ....

ഡിസംബർ പത്ത്

ലോക മനുഷ്യാവകാശ ദിനം

2016 ലെ ലോകമനുഷ്യാവകാശദിനത്തിലാണ് ഉമർ ഫായിസ് എന്ന കുൽഗാം സ്വദേശി ഇന്ത്യൻ കരസേനയിൽ ഉദ്യോഗസ്ഥനായി ചേർന്നത്. കരസേനയിൽ ലെഫ്റ്റനൻറായി ജോലിക്ക് കയറുമ്പോൾ എന്തെല്ലാം പ്രതീക്ഷകളായിരിക്കണം കശ്മീരിയായ ഉമർ ഫായിസ് മനസിൽ കരുതികാണുക. അശാന്തമായ തൻറെ താഴ്വരയിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് അയാൾ കരുതികാണണം. പക്ഷെ ജോലിക്ക്
കയറി ആറ് മാസം കഴിയുമ്പോളേക്കും സ്വന്തം നാടിനുവേണ്ടി മരിക്കാനായിരുന്നു ഉമറിൻറെ വിധി. അമ്മാവൻറെ മകളുടെ വിവാഹത്തിനായി ഷോപ്പിയാനിലെ വീട്ടിലെത്തിയ പാവത്തെ തട്ടികൊണ്ടുപോയി വധിച്ചത് സ്വന്തം ദാരുണമായി കൊലപ്പെടുത്തിയത്
സ്വന്തം നാട്ടുകാർ തന്നെയാണ്. പ്രാദേശികസഹായത്തോടെ പ്രവർത്തിക്കുന്ന ആ തീവ്രവാദികളുടെ പേരാണ് ആസാദികൾ. ആരുടെ ആസാദിയാണ് അവരപ്പോൾ ആഗ്രഹിക്കുന്നത്? 

കഴിഞ്ഞ കുറേ നാളായ തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ തീവ്രവാദികൾ സ്വതന്ത്രമായി തന്നെ വിഹരിക്കാൻ തുടങ്ങിയിട്ട്. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദിയുടെ ശവസംസ്ക്കാരത്തിൽ പരസ്യമായി ആയുധങ്ങളുമായെത്തി അന്ത്യോപചാരമർപ്പിക്കുന്നതിന് വരെ കഴിഞ്ഞദിവസങ്ങൾ സാക്ഷ്യം വഹിച്ചു. ഇത്രപരസ്യമായി തീവ്രവാദികൾ സ്വൈര്യവിഹാരം നടത്തുന്നത് പ്രദേശവാസികളുടെ സഹായത്തോടെയാണ് എന്നതിൽ സംശയിക്കേണ്ടകാര്യമില്ല. ഇതേ പ്രദേശവാസികൾ തന്നെയാണ് ഉമറിനെ തീവ്രവാദികൾക്ക് കാട്ടികൊടുത്തതെന്നതിലും സംശയം വേണ്ട.
23 കാരനായ ഉമർ ഫായിസ് നാഷണൽ ഡിഫൻസ് അക്കാദമിയിലെ മികച്ച വിദ്യാർത്ഥിയായിരുന്നു ഉമർ ഫായിസ്. കുൽഗാമിലെ ഒരു ആപ്പിൾ കർഷകൻറെ മകനായ ഉമർ  നാഷണൽ ഡിഫൻസ് അക്കാദമിയിലെ ഹോക്കി ടീമിലും വോളിബോൾ ടീമിലുമെല്ലാം അംഗമായിരുന്നു. അക്നൂരിലെ രജ്പുത്ന റെജിമെൻറിൽ ആദ്യപോസ്റ്റിങ് ലഭിച്ച് ജൻമനാട്ടിലെത്തിയപ്പോൾ തോന്നിയ ആ സന്തോഷം തീവ്രവാദികൾ തട്ടികൊണ്ടുപോയ ചെവ്വാഴ്ച്ചയിലെ ആ രാത്രിയിൽ ഒരുപക്ഷെ ഉമറിന് തോന്നികാണുമോ?

ഹർമൻ നദീയുടെ തീരത്ത് തീവ്രവാദികളുടെ വെടിയേറ്റും ദേഹമാംസകലും മുറിവുകളുമായി നിശ്ചലനായി കിടന്ന ഫയാസിനേക്കാൾ വലുതാണ് കശ്മീരികൾക്ക് തീവ്രവാദികൾ എന്നത് ചിന്തിക്കേണ്ടവിഷയമാണ്. കശ്മീരികളോട് സർക്കാരുകൾ കാലാകാലങ്ങളായി നടത്തിയ നെറികേടുകളുടെ ഫലമാണത് എന്ന്  വാദിക്കുന്നവരുണ്ടാകാം. കശ്മീരിന് ആസാദിവേണമെന്ന് വാദിക്കുന്നവരുണ്ടാകാം. കശ്മീരിനെ പാക്കിസ്ഥാനൊപ്പം ചേർക്കണമെന്ന് വാദിക്കുന്നവരുമുണ്ടാകാം. അല്ല, കശ്മീർ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന് വാദിക്കുന്നവരും ഉണ്ട്. ബുർഹാനിക്കൊപ്പം ഉമറിനൊപ്പം താരതമ്യം ചെയ്യുന്നവരുമുണ്ട്. ബുർഹൻ വാനിയുടെ ശവസംസ്ക്കാര ചടങ്ങിനെത്തിയതിൻറെ നാലിലൊന്നുപോലും ഉമറിൻറെ സംസ്ക്കാരചടങ്ങിനെത്തിയതില്ല എന്നത് തീവ്രവാദികൾക്ക് എത്രമാത്രം പിന്തുണ കശ്മീരിൽ ലഭിക്കുന്നുവെന്നതിൻറെ തെളിവാണ്. ബുർഹൻ വാനി കശ്മീരിൻറെ ആസാദിക്കുവേണ്ടിയാണ് പോരാടിയതെന്ന് വാദിക്കുന്നവർ എവിടെനിന്നാണ് ബുർഹൻ വാനി ആയുധാഭ്യാസം നേടിയതെന്ന് പരിശോധിക്കണം. ആരാണ് ബുർഹനും സംഘത്തിനും ആയുധങ്ങളും പണവും പരിശീലനവും നൽകുന്നതെന്ന് പരിശോധിക്കണം. ഉത്തരം പാക്കിസ്ഥാനിൽ നിന്ന്  എന്ന് തന്നെയാണ്. പാക്കിസ്ഥാൻ എന്തിനാണ് കശ്മീരിലെ യുവാക്കൾക്ക് പണവും ആയുധവും പരിശീലനവും നൽകുന്നത് എന്ന് ചിന്തിച്ചാൽ തീരാവുന്നആയുസേ ആ സംശയത്തിനുള്ളു. ഇന്ത്യയിൽ ആഭ്യന്തരകലാപം – പ്രത്യേകിച്ച് കശ്മീരിൽ - നിരന്തരം സൃഷ്ടിക്കുക എന്ന ഏകലക്ഷ്യം. ഇപ്പോൾ കശ്മീരിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാണ്. അതായത് കല്ലെറിയുന്ന പ്രക്ഷോഭകാരികളെല്ലാം അവകാശപ്പെടുന്നത് ആസാദിക്കുവേണ്ടിയാണ് തങ്ങളെറിയുന്ന ഓരോ കല്ലുകളുമെന്നാണ്, പക്ഷെ അവരുടെയെല്ലാം കയ്യിലുള്ളത് പാക്കിസ്ഥാൻ പതാകകളാണ്, പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളെല്ലാം കോളേജിൽ കെട്ടുന്നത് പാക്ക് പതാകകളാണ്. അപ്പോൾ അതാണോ ആസാദി? പാക്കിസ്ഥാനിലേക്കുമില്ല, ഇന്ത്യയിലേക്കുമില്ല എന്നവാദം പൊള്ളയാണന്നല്ലേ ഇത് തെളിയിക്കുന്നത്.  പാക്കിസ്ഥാനിലെ തീവ്രവാദികളും പാക്ക് സൈന്യത്തിൻറെ ബോർഡർ ആക്ഷൻ ട്രൂപ്പും പിന്നെ തീവ്രവാദസംഘടനകളും തന്നെയാണ് ഇത്തരം പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നതിൻറെ വ്യക്തമായ തെളിവുതന്നെയാണ് ഇതെല്ലാം. 

കഴിഞ്ഞയാഴ്ച്ച കെജി സെക്ടറിൽ രണ്ട് ഇന്ത്യൻ പട്ടാളക്കാരെ വധിച്ച് തലയറുത്ത് മാറ്റിയപ്പോളടക്കം എത്രതവണ ജനീവ കൺവെൻഷൻ കരാർ തങ്ങൾ അംഗീകരിക്കുന്നില്ലെന്ന് പരസ്യമായി തെളിയിച്ചവരാണ് പാക്കിസ്ഥാൻ. കശ്മീർ തങ്ങളുടേതാണ് അവിടുത്തെ പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്ന് പരസ്യമായി എത്രതവണ പാക്ക് അധികൃതർ പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ കശ്മീരിലെ ആഭ്യന്തരസംഘർഷത്തിൽ പാക്കിസ്ഥാന് പങ്കില്ല, കശ്മീരികൾ സ്വയം നടത്തുന്ന സ്വാതന്ത്രയപോരാട്ടമാണെന്ന വാദം വെറും പൊള്ളയാണ്.
ഇന്ത്യ ബലൂചിസ്ഥാൻ ആസാദികൾക്ക് നൽകുന്ന പിന്തുണയും ഇങ്ങനെതന്നെയാണ് കാണേണ്ടത്. ബലൂചിസ്ഥാനിനെ സ്വാതന്ത്ര്യപോരാളികൾക്ക് പിന്തുണ നൽകുന്നതരത്തിൽ ഇന്ത്യൻ അധികാരത്തിലേക്കുള്ള, അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണ്.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിനോട് കശ്മീരി ജനത കാണിച്ച വിമുഖത നല്ല പ്രവണതയല്ല. ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വാസമില്ലെന്ന് പറയുന്ന കശ്മീരി ആസാദികളുടെ പ്രതിനിധികൾ മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രക്രിയയില്ർ സജീവമായി തന്നെ ഇടപെട്ടിട്ടുണ്ട്. തൊട്ടുമുമ്പത്തെ അസബ്ലിതിരഞ്ഞെടുപ്പിൽ പോലും സാമാന്യം ബേധപ്പെട്ട പോളിങ് തന്നെയാണ് നടന്നിട്ടുള്ളത്. അപ്പോൾ അതിൽ നിന്ന് ഉപതിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ എന്തുകൊണ്ട് ജനം വിമുഖത പ്രകടിപ്പിക്കുന്നുവെന്നത് പരിശോധിക്കണം.
ബിജെപിയുമായി ചേർന്ന് പിഡിപി സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചത് ഒരുമുഖ്യകാരണമാകണം. ഹിന്ദുത്വ അജണ്ടയുള്ള ബിജെപിയുമായി ചേർന്ന് പിഡിപി സർക്കാർ രപീകരിച്ചത് മുസ്ലീം ഭരിപക്ഷപ്രദേശമായ കശ്മീരിൽ ചില്ലറയൊന്നുമല്ല ആശങ്ക സൃഷ്ടിച്ചിരിക്കുക. ഇത് നന്നായി തന്നെ തീവ്രവാദികൾ ഉപയോഗിച്ചുവെന്ന് വേണം കരുതാൻ. വർഗ്ഗീയധ്രുവീകരണത്തിന് ഇത് നല്ലതുപോലെ വിനിയോഗിച്ചുവെന്നത് തന്നെയാണ് ബുർഹൻ വാനിയുടെ മരണത്തിന് ശേഷം നടന്ന സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. മാത്രവുമല്ല, കേന്ദ്രത്തിൽ ബിജെപി സർക്കാരാണെന്നതും പാക്കിസ്ഥാനോട് കടുത്തവിരോധം വെച്ചുപുലർത്തുന്ന ബിജെപിക്കാർ കശ്മീരിനെ അടിച്ചമർത്തുമെന്ന ഭീതിയും ഒരുപക്ഷെ ജനങ്ങളെ വ്യാകുലരാക്കിയിരിക്കാം. ഈ ആശങ്കയെല്ലാം യുവാക്കളിൽ ശക്തമായസമയത്ത് തന്നെ പണവും ആയുധവും പരിശീലനവും നൽകി പാക്ക് തീവ്രവാദകേന്ദ്രങ്ങളും പാക്ക് സൈന്യവും മുതലെടുത്തുവെന്നതിൻറെ ഫലമാണ് പിന്നീടുണ്ടായ സംഭവങ്ങൾ. താഴ്വര അതിനുമുമ്പ് സമാധാനത്തിലേക്ക് മടങ്ങിപോകുകയും വിനോദസഞ്ചാരമടക്കമുള്ളവ വലിയതോതിൽ തിരിച്ചുവരുകയും ചെയ്തതാണെന്നത് മറക്കരുത്. 

കശ്മീരിൽ നടന്ന ഒട്ടുമിക്ക തിരഞ്ഞെടുപ്പുകളും സുതാര്യവും നീതിപൂർവ്വമായിരുന്നില്ലെന്നും ഹിതപരിശോധന നടത്തണമെന്നും ആവശ്യപ്പെടുന്നവരുമുണ്ട് സമൂഹത്തിൽ. പക്ഷെ തിരഞ്ഞെടുപ്പ് തന്നെ നീതിപൂർവ്വമായിരുന്നില്ലെങ്കിൽ പിന്നെ ഹിതപരിശോധന മാത്രം എങ്ങനെ സുതാര്യവും നീതിപൂർവ്വമായിരിക്കും?

കശ്മീരിലെ പ്രശ്നങ്ങൾക്ക് ചർച്ചകൾ അനിവാര്യമാണ്. വിഘടനവാദികളോട് ചർച്ചയില്ലെന്ന ഇന്ത്യൻ സർക്കാരിൻറെ നിലപാട് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാനേ വഴിവെക്കു. സൈന്യം ധാരാളം അതിക്രമങ്ങൾ കശ്മീരികളോട് ചെയ്തിട്ടുണ്ട്, ഭരണകൂടവും. സംശയമില്ല. ചർച്ചകൾ തുടരണം. സൈന്യം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾ സംബന്ധിച്ച് പരിശോധനവേണം, നടപടി വേണം. ഒപ്പം തന്നെ സമാധാനം കെടുത്താൻ മനപ്പൂർവ്വം ശ്രമിക്കുന്ന തീവ്രവാദികൾക്കെതിരെ ശക്തമായ പോരാട്ടവും. അതിന് കശ്മീരികളുടെ പിന്തുണയും വിശ്വാസവും ആർജ്ജിക്കാനാവണം. പ്രശ്നക്കാരെ ഒറ്റപ്പെടുത്താനും അകറ്റിനിർത്താനും ഇത് സഹായിക്കും. കശ്മീരിൽ നിന്ന് പലായനം ചെയ്ത് കശ്മീർ പണ്ഡിറ്റുകളേയും ചർച്ചയുടെ ഭാഗമാക്കണം.

മകൻറെ മൃതദേഹത്തിൽ ദേശിയപതാക പുതപ്പിച്ച് സൈനിക ബഹുമതികൾ നൽകിയ പട്ടാളക്കാരോടോ ഉദ്യോഗസ്ഥരോടോ ഉമറിൻറെ ബാപ്പ ഒന്നുമിണ്ടിയില്ല. വാവിട്ട് കരഞ്ഞ് ഉമറിൻറെ തലഭാഗത്ത് ഉമ്മയിരുന്നു. പരസ്പരം ഒന്ന് ആശ്വസിപ്പിക്കാൻപോലുമാവാതെ സഹോദരിയും ബന്ധുക്കളും കൂട്ടുകാരുമെല്ലാം. ആസാദികൾ എന്നവകാശപ്പെടുന്നവരപ്പോഴും കശ്മീരിലെ ഏതൊക്കെയോ തെരുവോരങ്ങളിൽ കല്ലെറിഞ്ഞുകൊണ്ടിരുന്നു. മൌനമായി ഇരുന്ന ആ വൃദ്ധൻറെ മനസിൻറെ വേദന ആർക്കളക്കാനാവും? ഈ ആസാദികൾക്ക് കശ്മീരിയായ ഉമർ ഫയാസിൻറെ ഉമ്മയുടെ കണ്ണീരിന് മറുപടി നൽകാനാവുമോ? ഉമറിൻറെ ബാപ്പയുടെ മൌനത്തിന് മറുപടി നൽകാനാവുമോ? ബുർഹൻ വാനിക്ക് മാത്രമല്ല, ഉമറിനുമുണ്ട് ഉമ്മയും ബാപ്പയും. 

കശ്മീരികളെല്ലാം ഇന്ത്യക്കെതിരെ സമരത്തിലാണെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണ്. കശ്മീരിൽ സമാധാനകാംക്ഷികളായ നിരവധിപേരിപ്പോഴുമുണ്ട്. അവരുടെ പ്രതിനിധിയാണ് ഉമർ ഫയാസ്. കലാപങ്ങളുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രതിനിധിയാണ് ബുർഹൻ വാനി. ഇവരിൽ തീർച്ചയായും ഉമർ ഫായിസായിരിക്കും കശ്മീരിൻറെ യഥാർത്ഥ ഹീറോ.




Wednesday, 3 May 2017

മാധ്യമസ്വാതന്ത്ര്യം കറുപ്പടിക്കലല്ല, ഭയക്കാതെ പറയലാണ്

മാധ്യമസ്വാതന്ത്ര്യസൂചിക വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ടു. നോർവെ ഒന്നാമതുണ്ട്. അവസാനം ഉത്തര കൊറിയയും. 
ലോകത്തിലെ മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തിൻറെ അടയാളപ്പെടുത്തൽ. ഒരുകാലത്തും അത്രമികച്ച ജോലിയായി ആരും കരുതുന്നില്ലെങ്കിലും മാധ്യമസ്വാതന്ത്ര്യമെന്നത് വിമർശകരും അല്ലാത്തവരുമെല്ലാം ഒരുപോലെ ആവശ്യപ്പെടുന്നതാണ്. പക്ഷെ മാധ്യമസ്വാതന്ത്ര്യമെന്നത് വാക്കിൽ മാത്രമാണ് പലയിടത്തുമെന്നതാണ് വസ്തുത. അതിൻറെ ഏറ്റവും വലിയ തെളിവാണ് മേൽ പറഞ്ഞ സൂചിക. വികസിത രാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും പട്ടിണിരാജ്യങ്ങളിലുമെല്ലാം മാധ്യമപ്രവർത്തകർക്കെതിരെയുള്ള, മാധ്യമസ്ഥാപനങ്ങൾക്കതിരെയുള്ള അതിക്രമം രൂക്ഷമായി തുടരുന്നു.
world press freedom index 2017
കയ്യൂക്കുകൊണ്ട് മാത്രമല്ല, കാടൻ നിയമങ്ങൾക്കൊണ്ടും മാധ്യമങ്ങളേയും മാധ്യമപ്രവർത്തകരേയും അടിച്ചമർത്തുകയാണ് സർക്കാരുകളും മാഫിയസംഘങ്ങളും. ഇതിനെല്ലാം പുറമെയാണ് ലോകമാധ്യമരംഗം കുത്തകകൾ കയ്യടക്കുന്നതിലൂടെ നഷ്ടമാകുന്ന അറിയാനുള്ള സ്വാതന്ത്ര്യം. ജനത്തിൻറെ അറിയാനുള്ള അവകാശം കൂടി സംരക്ഷിക്കപ്പെടുമ്പോൾ മാത്രമേ മാധ്യമസ്വാതന്ത്ര്യവും യാഥാർത്ഥ്യമാകുന്നുള്ളു. അതിനാൽ തന്നെ  അമേരിക്കയിലടക്കം വൻകിട കോർപറേറ്റുകൾ മാധ്യമങ്ങളെ വിഴുങ്ങുമ്പോൾ ഹനിക്കപ്പെടുന്നത് മാധ്യമസ്വാതന്ത്ര്യമാണ്. വസ്തുതകൾ മറച്ചുവെച്ച് തങ്ങൾക്കനുകൂലമായ വാർത്തൾ മാത്രം റിപ്പോർട്ട് ചെയ്യുകയോ വക്രീകരിക്കുകയോ ചെയ്യുന്നതും കൊല്ലുന്നത് മാധ്യമസ്വാതന്ത്ര്യത്തെയാണ്. 
മാധ്യമസ്വാതന്ത്ര്യമെന്നത് തങ്ങള്‍ക്കിഷ്ടപ്പെട്ട വാര്‍ത്തകള്‍മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നതിനു ള്ള സ്വാതന്ത്ര്യമാണെന്നും തങ്ങളുടെമാത്രം പി ആര്‍ ഓ മാരായി വര്‍ത്തിക്കുന്നവര്‍ക്കുള്ള പാരിതോഷികമാണെന്നും ഇതിലൂടെ ചിലമാധ്യമമുതലാളിമാരെങ്കിലും സാക്ഷ്യപ്പെടുത്തുന്നു. 
നമ്മുടെ രാജ്യത്ത് തന്നെ എത്രമാധ്യമപ്രവർത്തകരാണ് വേട്ടയാടപ്പെടുന്നത്, ആക്രമിക്കപ്പെടുന്നത്. അതിനെകുറിച്ച് നാം എന്നാണ് ബോധവാൻമാരാകുക. ലോകമാധ്യമസ്വാതന്ത്ര്യസൂചികിയില്‍ 136 ആം സ്ഥാനത്തുള്ള ഇന്ത്യയെ മറന്ന് നമുക്ക് ഇംഗ്ലണ്ടിലേയും ആഫ്രിക്കയിലേയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേയും അസ്വാതന്ത്ര്യത്തെ കുറിച്ച് മാത്രം വാചാലരായാൽ മതിയോ? നമ്മുടെ ചുറ്റും നടക്കുന്നത് നാം സൌകര്യപൂർവ്വം മറന്നുകൊണ്ട് മറ്റ് രാജ്യങ്ങളിലെ കുറ്റങ്ങളെ കുറിച്ച് പരദൂഷണം പറയുന്നതിൽ അർത്ഥമില്ല. നല്ലസമൂഹത്തെ വാർത്തെടുക്കലാണ് മാധ്യമപ്രവർത്തനംകൊണ്ട് ലക്ഷ്യമിടുന്നതെങ്കിലും മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം നാം തീർക്കണം. അല്ലെങ്കിൽ അഴിമതിയും ചുവപ്പുനാട സംസ്ക്കാരവും മുത്തലാളിത്ത ചൂഷണവും വിഐപി ധാർഷ്ട്യവുമെല്ലാം നാം ഇനിയും സഹിക്കേണ്ടിവരും. മറ്റൊരു അടിമത്വത്തിന് നാം വഴങ്ങേണ്ടിവരും. ഒന്നുകുതറാനുള്ള ശക്തിപോലുമില്ലാതെ.
ജോലിയുടെ പേരിൽ കേരള ഹൈക്കോടതിയിലും ഡല്‍ഹി പട്യാലകോടതിയിലും മൂന്നാറിലും ഉത്തരേന്ത്യയിലെ മുക്കിലും മൂലയിലുമെല്ലാം തല്ലുകൊള്ളുന്നവരും സിറിയയിലും അഫ്ഘാനിസ്ഥാനിലുമെല്ലാം ബന്ദികളാക്കപ്പെട്ടവരും എടുത്ത പണിക്ക് കൂലി ചോദിക്കുന്നവനും ജിവിത ചിലവേറുമ്പോള്‍ വേതനവര്‍ദ്ധനവ് ആവശ്യപ്പെടുന്നവനും അര്‍ഹമായ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നവന് സ്വാതന്ത്ര്യമെന്ന വാക്ക് പോലും ഉച്ഛരിക്കാന്‍ അര്‍ഹതയില്ലാത്തവനാണെന്നും ഇതേ ദിവസം നമ്മെ ഓര്‍മിപ്പിക്കുന്നു. ആദ്യപേജില്‍ വാര്‍ത്തകളും ചിത്രങ്ങളും കറുപ്പടിച്ചാല്‍ അത് മാധ്യമസ്വാതന്ത്ര്യത്തെയല്ല, ജനത്തിന്‍റെ അറിയാനുള്ള അവകാശത്തെയാണ് മാതൃഭൂമി നിങ്ങൾ നിഷേധിക്കുന്നത്. എതിര്‍പ്പിനെ മറികടന്നും വാ‍ര്‍ത്തകള്‍ നല്‍കുന്നതാണ് ഹീറോയിസം, അല്ലാതെ കറുപ്പടിച്ച് മറക്കലല്ല.
മാധ്യമപ്രവര്‍ത്തകന് ഭീതികൂടാതെ റിപ്പോര്‍ട്ട് ചെയ്യാനും ചെയ്യുന്നപണിക്ക് കൂലി ലഭിക്കുകയും ചെയ്യുന്ന സുവര്‍ണകാലഘട്ടം എന്നുവരുന്നോ അന്നേ മാധ്യമസ്വാതന്ത്ര്യം പുലരു. അതേജാഗ്രത മാധ്യമപ്രവര്‍ത്തകനും പുലര്‍ത്തിയാലേ മാധ്യമധര്‍മ്മവും വിജയിക്കു.
അഫ്ഘാനിസ്ഥാനിൽ താലിബാൻ തലവെട്ടിയ വാൾ സ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവർത്തകനായ ഡാനിയൽ പേളിനെ ഓർക്കുക, സർക്കാരുകൾ തടവിലാക്കിയ മാധ്യമപ്രവർത്തകരെ ഓർക്കുക, നീതിന്യായപീഠങ്ങളുടെ വാതിൽക്കൽ അടികൊണ്ടുവീണ മാധ്യമപ്രവർത്തകരെ ഓർക്കുക, പ്രതികരിച്ചതിൻറെ പേരിൽ മുതലാളികൾ വേട്ടയാടിയ മാധ്യമപ്രവർത്തകരെ ഓർക്കുക, നാലാം ലിംഗക്കാരെന്ന് അധിക്ഷേപം കേട്ട് പണിയെടുക്കുന്നവരെ ഓർക്കുക.... അവരുടെ സ്വാതന്ത്ര്യവും കൂടിയാണ് മാധ്യമസ്വാതന്ത്ര്യമെന്നത്.... 

Monday, 1 May 2017

റോഡ് ഒരു സർക്കസ് കൂടാരം

ഡൽഹിയിലെ റോഡുകൾ എന്നത് കാണാൻ മനോഹരമാണ്. പ്രത്യേകിച്ച് നഗരഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന പാർലമെൻറിനും ഇന്ത്യാഗേറ്റിനുമെല്ലാം ചുറ്റുമള്ള വീഥികൾ. നല്ല വീതിയേറിയ, ഇരുവശവും മരങ്ങൾ തണൽ വിരിച്ച് നിൽക്കുന്ന വീഥികൾ. രാജവീഥികൾ എന്ന് തന്നെ വിശേഷിപ്പിക്കാം. പക്ഷെ ഈ നിരത്തുകളിലൂടെ വാഹനമോടിക്കുന്നവരുടെ ലൈസൻസ് ആദ്യം റദ്ദാക്കണം. അത്രയേറെ അസഹനീയമാണ് അശ്രദ്ധയോടെയുള്ള വാഹനമോടിക്കൽ. ഡൽഹിയിലെ ഡ്രൈവർമാരെ കുറിച്ച് ഓഫീസിലെ ഡ്രൈവർ റിസ്വാൻ പറഞ്ഞത് വസ്തുതയാണ്. ഇവിടെ 95 ശതമാനം പേരും ട്രാഫിക്ക് നിയമം പാലിക്കില്ല. അതിൽ 90 ശതമാനം പേർ നിയമം അറിഞ്ഞിട്ടും തെറ്റിക്കുന്നവരാണ്. ശേഷിക്കുന്നവരിൽ 80 ശതമാനം പേരും നിയമം തങ്ങൾക്ക് ബാധകമേയല്ല എന്നപക്ഷക്കാരാണ്. 70 ശതമാനത്തിനാകട്ടെ ഇങ്ങനെയൊക്കെ നിയമമുണ്ടെന്ന് അറിയാനേവഴിയില്ല. ഇനി നിയമം പാലിച്ച് വാഹനമോടിക്കുന്ന 5 ശതമാനത്തെയാകട്ടെ ശേഷിക്കുന്നവർ ചേർന്ന് നിയമം പാലിക്കാൻ അനുവദിക്കത്തുമില്ല, അവരൊട്ട് എവിടേയും നേരത്തിന് എത്തത്തുമില്ല. റിസ്വാൻ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. ഇങ്ങനാണ് ഡൽഹിയിലെ ഡ്രൈവർമാർ. എല്ലാവർക്കും തിരക്കാണ്, അതിനാൽ തന്നെ രെജിസ്റ്റേർഡ് ബിഎംഡബ്യൂ കാറിലും ഫെരാരി കാറിലുമെല്ലാം നിരവധി സ്ക്രാച്ചുകളും ഇടിച്ചപാടുകളുമെല്ലാം കാണാം. പിന്നെ വണ്ടിയിടിച്ചാലും ഈ തിരക്കിൽ പലപ്പോഴും ഇവരാരും ഇറങ്ങി തർക്കിക്കാനൊട്ടും നിൽക്കത്തുമില്ല. പിന്നെ ഒന്നുണ്ട്, ബൈക്ക് യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണം. അത് പിന്നിലിരിക്കുന്നവർക്കും നിർബന്ധമാണ്. അതുപോലെ തന്നെ സീറ്റ് ബെൽറ്റും. ഡ്രൈവർമാത്രമല്ല, ഫ്രണ്ട് സീറ്റിലിരിക്കുന്നയാളും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. ഇല്ലെങ്കിൽ നിയമം ലംഘിച്ച ആൾ തന്നെ ഫൈനടക്കണം. നാട്ടിൽ ഈ ശീലമില്ലാത്തതിനാൽ പലപ്പോഴും വണ്ടിയിൽ കയറുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാൻ മറന്നുപോകും.

ഗല്ലികളിലെ ഇടുങ്ങിയതും തിരക്കേറിയതുമായ നിരത്തുകളിലൂടെയും അമിതവേഗതയിൽ തന്നെയാണ് ഇരുചക്രവാഹനങ്ങളും ഉച്ചത്തിൽ ഹോണടിച്ചുകൊണ്ട് പായുന്നത്. ആർക്കും യാതൊരുപരാതിയുമില്ല, ദേഷ്യവുമില്ല. നാട്ടിലായിരുന്നുവെങ്കിൽ വീട്ടിലിരുന്നവരേയും മരിച്ചുപോയ ബന്ധുക്കളേയുമെല്ലാം പലകുറി അഭിസംബോധന ചെയ്തിട്ടുണ്ടാകും. പലപ്പോഴും നേരിയവ്യത്യാസത്തിനാണ് ഇടിക്കാതെയും ഉരയ്ക്കാതെയും വാഹനങ്ങൾ കടന്നുപോകുക. അതിനിടയിലൂടെ ശബ്ദമില്ലാതെ കടന്നുവരുന്ന ഇലക്ട്രിക്ക് റിക്ഷകളും സൈക്കിൾ റിക്ഷകളും വേറെ. ഇതിനിടുയിലൂടെ ഒട്ടും ക്ഷമയില്ലാതെ സർക്കസുകാരുടെ മെയ് വഴക്കത്തോടെ റോഡ് മുറിച്ച് കടക്കുന്ന കാൽനടക്കാരും. ഇതിനെല്ലാം പുറമെ റോഡിൻറെ വീതി വെട്ടികുറച്ച് ഇരുവശത്തും അണിനിരക്കുന്ന കച്ചവടക്കാരും യാജകരും. എല്ലാം ചേർന്ന് ആകെ മൊത്തം ഒരു പൂരപ്പറമ്പാണ് ഇന്ദ്രപ്രസ്ഥത്തിലെ റോഡുകൾ.

വെളിനാട്ടിൽ നിന്നെത്തുന്നവർ സ്വാഭാവികമായും ഇന്ത്യൻ നിരത്തുകളിലെ വാഹനശല്യം കണ്ട് അന്തം വിട്ടുപോകുമെന്നുറപ്പ്. ഇത് കണ്ട് അവർ വിമർശിച്ചാൽ അവരെ കുറ്റം പറയേണ്ട, കുറ്റംപറയേണ്ടത് നമ്മുടെ ഡ്രൈവിങ്ങ് സംസ്ക്കാരത്തെയാണ്, സംവിധാനങ്ങളെയാണ്.