Wednesday, 21 December 2022

സ്വപ്നത്തിലെ കുഞ്ഞിനൊരു കത്ത്

ഈ കത്ത് വായിക്കമ്പോഴേക്കും തനിക്ക് പത്ത് വയസ് തികഞ്ഞിരിക്കണം. അന്നേ ദിവസം തനിക്ക് വായിക്കാൻ വേണ്ടി മാത്രം എഴുതുന്ന നൂറുകണക്കിന് കത്തുകളാണ് എന്റെ പിറന്നാൾ സമ്മാനം.  അന്നേക്കും താൻ അക്ഷരങ്ങളുമായി കൂട്ടായിരിക്കുമെന്നുറപ്പാണ്. വായിക്കാനും സംശയങ്ങൾ പങ്കിടാനും ചോദ്യങ്ങൾ ചോദിക്കാനും ഉത്തരത്തിനായി ആക്ഷാംയോടെ  മുഖത്തേക്ക് നോക്കിയിരിക്കുന്ന കൌതുകം നിറഞ്ഞ നിൻറെ കണ്ണുകളും ഇന്നേ എനിക്ക് മനസിൽ കാണാനാകും. 

ഈ പിറന്നാൾ സമ്മാനം കൈമാറുമ്പോൾ തൻറെ മുഖത്തെ സന്തോഷവും തുള്ളിച്ചാട്ടവുമെല്ലാം ഇപ്പോഴേ കൺമുന്നിൽ നിറയുന്നുണ്ട്.... 

ആദ്യത്തെ കത്തിൽ കുഞ്ഞേ തന്നോട് പറയേണ്ട വിശേഷമെന്താണ്?

പലകുറി മനസിൽ വെട്ടിയും തിരുത്തിയും എഴുതിയ ആ കത്ത് പാടെ വെട്ടിക്കളഞ്ഞാണ് ഇതെഴുതുന്നത്.

ആ കുറിപ്പിലെ ഓരോ വാക്കും മയച്ചുകളഞ്ഞത് വലിയ വേദനയോടെയാണ്. അതിലെ ഓരോ വാക്കുകളും മായ്ക്കുമ്പോൾ കൊല്ലപ്പെടുന്നത് സ്വപ്നങ്ങളായിരുന്ന അക്ഷരങ്ങളാണ്. ആ സ്വപ്നങ്ങളെ കൊല്ലുകയെന്നാൽ അത് സ്വയം ഇല്ലാതാവലാണ്, ആത്മഹത്യയാണ്.

എന്തുകൊണ്ട് എന്ന് ചോദിക്കരുത്. കാരണം കൃത്യമായ ഉത്തരം നൽകാനായെന്ന് വരില്ല. ചില ചോദ്യങ്ങൾക്ക് അന്നും ഇന്നും ഉത്തരമില്ലെന്ന് മാത്രം നീയറിയുക കുഞ്ഞേ.

ഈ കത്ത് വലിയൊരു ഒരുയാത്രയുടെ തുടക്കമാവേണ്ടിയിരുന്നു. മാലയിലെ മണിമുത്തുകൾ പോലെ ഒന്നിനുപുറകെ മറ്റൊന്നായി കോ‍ർത്ത മണിമുത്തുകളായി തുട‍ർന്നു കൊണ്ടേയിരിക്കേണ്ടിയിരുന്ന വിശേഷങ്ങൾ കുത്തിനിറച്ച കത്തുകൾ...  എന്നാൽ യാത്രതുടങ്ങുമുമ്പേ യാത്ര അവസാനിക്കാനായിരുന്നു യാത്രികന്റെ വിധി. മുൻ നിശ്ചയിച്ചുള്ള ചില യാത്രകളുടെ അവസാനം അങ്ങനെയാണ്. ലക്ഷ്യം നിശ്ചയിച്ചാവരുത് യാത്രകൾ എന്ന ബോധ്യം ഇത് ഒരിക്കൽ കൂടി എന്നിൽ ഊട്ടിയുറപ്പിക്കുന്നു. 

എന്നും കൂട്ടിരിക്കുകയെന്നത്, എപ്പോഴും കൂട്ടിരിക്കാനാവുകയെന്നത് വലിയ വിപ്ലവമാണ്. ആ വിപ്ലവം വിജയിച്ചാൽ ലോകത്ത് സ്നേഹവും സന്തോഷവും ഇരട്ടിക്കുമെന്നത് തിരിച്ചറിയുന്നു. 

ഒരിക്കലും ഒരുപക്ഷെ ഈ കത്ത് താൻ വായിച്ചെന്ന് വരില്ല. സ്വീകരിക്കാൻ പോലും ഈ മേൽവിലാസത്തിൽ താനുണ്ടായെന്ന് വരില്ല. ഒരുപക്ഷെ വായിക്കുകയാണെങ്കിൽ  സ്വപനത്തിപ്പുറത്തേക്ക് താൻ യാഥാർത്ഥ്യമായിരിക്കാം, അപ്പോഴേക്കും എന്നോളം വള‍ർന്നിരിക്കാം... അറിയില്ല...

തന്നെക്കുറിച്ച് ഒരു പാട് സ്വപ്നം കണ്ടിരുന്നു  എന്നുമാത്രമറിയുക. തന്റെ പിറന്നാളുകൾ, താനുമൊത്തുള്ള യാത്രകൾ, ആഘോഷങ്ങൾ, പഠനങ്ങൾ, കളികൾ...അങ്ങനെയങ്ങനെ.... 

അതെല്ലാം വെറും സങ്കൽപ്പങ്ങൾ മാത്രമായി അവസാനിച്ചുവെന്ന് വിശ്വസിക്കാനിഷ്ടപ്പെടാത്തതിനാൽ, മനസ് അനുവദിക്കാത്തതിനാൽ മാത്രമാണ് ഈ മേൽവിലാസത്തിലേക്ക് സാങ്കൽപികമായ തനിക്ക് ഈ കത്തെഴുതുന്നത്. എന്നെങ്കിലും ആരെങ്കിലും വായിക്കുമെന്ന പ്രതീക്ഷയിൽ.....

എവിടെയാണെങ്കിലും, ഏത് ലോകത്താണെങ്കിലും നീ സന്തോഷമായിരിക്കുക കുഞ്ഞേ.... 💙

Tuesday, 20 December 2022

ഇതാണ് ആ വലിയ ഭയം

വലിയ ഭയം എന്താണ്?

മൃഗങ്ങളെ ഭയക്കുന്നവരുണ്ട്, പാമ്പിനെ ഭയക്കുന്നവരുണ്ട്, ഉയരം ഭയക്കുന്നവരുണ്ട്, ഇരുട്ട്, വെളിച്ചം, നിശബ്ദത.... അങ്ങനെ പലതും.  മരണത്തെ ഭയക്കുന്ന ഒരുപാടുപേരുണ്ട്. എന്തിന് പല്ലിയെ വരെ ഭയക്കുന്നവരുമുണ്ട്.

പാമ്പിനെ എനിക്കും ഭയമാണ്. കടുവയേയും പുലിയേയുമൊന്നും നിത്യജീവിതത്തിൽ നേരിടാത്തത്കൊണ്ട് എന്താണെന്ന് അറിയില്ല. ഉയരമോ ആഴമോ തീയോ വെള്ളമോ ഒന്നും ഇതുവരെ ഭയപ്പെടുത്തിയിട്ടില്ല.
മരണം തീരെ ഇല്ല.
പിന്നെ?

മറ്റുള്ളവർ എന്ത് വിലയിരുത്തുമെന്നത് വലിയ പ്രശ്നമാണ്. അധികം പരിചിതരല്ലാത്തവരുമായി ഇടപഴകുന്നത് ചെറുതല്ലാത്ത പ്രശ്നം തോന്നിക്കാറുണ്ട്.  പക്ഷെ ഭയം ഇതിനോടൊന്നുമല്ല. നഷ്ടപ്പെടലുകളോടാണ്.  ഏറ്റവും പ്രിയപ്പെട്ടവർ, ബന്ധങ്ങൾ, ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ, അങ്ങനെ നഷ്ടപ്പെടലുകൾ ഏറെയാണ്.
അമ്മ, അച്ചൻ, സഹോദരർ, സുഹൃത്തുക്കൾ, പ്രണയം, തൊഴിലിടത്തെ അർഹതപ്പെട്ട അംഗീകാരങ്ങൾ, അങ്ങനെ പട്ടികയിലേറെ.
വീഴുമെന്ന് തോന്നുമ്പോൾ ഓടിപ്പോയൊന്ന് കെട്ടിപിടിക്കാനോ ചേർത്തുപിടിക്കാനോ തലയിലൊന്ന് തലോടാനോ ഒരു അമ്മയില്ലാതാകുന്നത്, ഓടിച്ചെന്ന് ഉപദേശം തേടാൻ, തുറന്ന് സംസാരിക്കാൻ, തെറ്റുതിരുത്തിതരാൻ, ശാസിക്കാൻ ഒരച്ചനില്ലാതാകുന്നത്, ആശ്വസിപ്പിക്കാൻ സഹോദരങ്ങളില്ലാതാകുന്നത്, എന്തിനും കൂടെ നിൽക്കുന്ന കൂട്ടുകാരില്ലാതാകുന്നത്, സങ്കടത്തിലും സന്തോഷത്തിലും ദേഷ്യത്തിലും ആഘോഷത്തിലുമെല്ലാം  വിരൽ കോർത്ത് മുറുകെ പിടിച്ച് ഞാനുണ്ട് കൂടെയെന്ന് ഉറപ്പുനൽകാൻ കൂട്ടുകാരി ഇല്ലാതാകുന്നത്... എല്ലാം ജീവിതത്തിൻറ്റെ സുഗമമായ ഒഴുക്കിൽ വലിയ വിഘാതം സൃഷ്ടിക്കും.
ഒഴുക്കിനൊപ്പം നീന്തുകയെന്നത് വികാരങ്ങളില്ലാതെ ജീവിക്കലാണ്. മനുഷ്യൻ വികാരങ്ങളുള്ള ജീവിയാണ് എന്നതിനാൽ തന്നെ ഇത് അസാധ്യവും.
ഒരിക്കലും സ്നേഹിച്ചതും ആഗ്രഹിച്ചതും എക്കാലത്തേക്കും ചേർത്ത് നിർത്താൻ സാധിക്കാതെ പോയതിനാലാവും നഷ്ടങ്ങൾ വല്ലാതെ കരയിക്കുന്നത്.
പലപ്പോഴും എൻറ്റെ തന്നെ തെറ്റുകളായിരിക്കാം മൂലകാരണം.  ചിലപ്പോൾ അല്ലാതെയുമിരിക്കാം.  രണ്ടായാലും നഷ്ടങ്ങൾ ഏൽപ്പിക്കുന്ന മുറിവ് ആഴമേറിയവയാണ്.  മരണത്തേക്കാൾ ഭീതിതമാണ് മരിക്കാതെ മരിക്കുന്നത്.
വേർപാട് വെറും ഒരു നോവ് മാത്രം അല്ലാതാകുന്നതും അതിനാലാണ്.
......
(201022)

Monday, 19 December 2022

റൊസാരിയോയിലെ മിശിഹായും മാലാഖയും

റൊസാരിയോ തെരുവിൽ നിന്നിറങ്ങിവന്ന ലയണൽ മെസിയെന്ന അഞ്ചടി ഏഴിഞ്ച്  ഉയരക്കാരനിപ്പോൾ ലോകത്തിന്റെ നെറുകയിലാണ്. ലോകം ആ ഉയരം കുറഞ്ഞവനെ മിശിഹയെന്ന് വാഴ്ത്തുന്നു. ഫുട്ബോളിലെ എക്കാലത്തേയും ഇതിഹാസമെന്ന് വിശേഷിപ്പിക്കുന്നു.ഫുട്ബോൾ ദൈവം  മറഡോണയുടെ പിൻ​ഗാമിയെന്ന് വിളിക്കുന്നു. ആ വാഴ്ത്തലുകൾക്കിടയിൽ അയാൾ വിനയത്തോടെ തലതാഴ്ത്തുന്നു, ഇരു കരങ്ങളും ആകാശത്തേക്കുയർത്തി എല്ലാവിജയവും ദൈവത്തിന് സമ‍‍ർപ്പിക്കുന്നു. കുഞ്ഞുനാൾ മുതൽ അയാൾ കണ്ട സ്വപ്നത്തിലാണ് കഴിഞ്ഞ രാത്രിയിൽ അയാൾ മുത്തമിട്ടത്. എട്ട് വർഷം മുമ്പ് ചുണ്ടിനോട് അടുപ്പിക്കവേ അകന്നുപോയ അതേ സ്വപ്നത്തിൽ. 


ആ സ്വപ്നം അയാൾ ഒറ്റയ്ക്ക് കണ്ടതല്ല. അ‍ജന്റീനക്കാരോരുത്തരും കണ്ടതാണ്. ലോകമെങ്ങുമുള്ള അ‍ർജന്റീനൻ ആരാധാകരോരുത്തരും കാത്തിരുന്നതാണ്. അയാളുടെ പച്ചകുത്തിയ കൈയ്കളിൽ ആ സ്വർണകപ്പ് അങ്ങനെ ഉയ‍ർന്നു ജ്വലിക്കുന്നകാഴ്ച്ചയ്ക്കായി. അതിനായി ആ ടീമൊന്നാകെ പ്രയത്നിച്ചതാണ്. എത്രതവണ ലോകത്തെ മികച്ച കാൽപന്ത് താരമായാലും എത്രക്ലബ് കിരീടങ്ങൾ നേടിയാലും എത്രതവണ കണ്ണുകളെ ത്രസിപ്പിച്ച് വലകുലുക്കിയാലും ലോകകിരീടമില്ലാതെ ഫുട്ബോളിന്റെ രാജകുമാരൻ ചക്രവ‍ർത്തിയാകില്ലെന്ന് അവർക്കറിയാം. അതിനാൽ തന്നെ ആദ്യകളിയിലെ പരാജയം അവരെ തള‍‍ർത്തിയില്ല. തോറ്റുതുടങ്ങിയ അതേ മൈതാനത്ത് ആഴ്ച്ചകളുടെ വ്യത്യാസത്തിൽ അവർതിരിച്ചെത്തി ഫുട്ബോൾ ചക്രവർത്തിയുടെ പട്ടാഭിഷേകത്തിനായി.

മിശിഹായ്ക്കൊപ്പം  മാലാഖയും ചേരുമ്പോളാണ് അർജന്റീന പൂർണതയിലെത്തിയത്. വിങ്ങിലൂടെ ചിറക് വിരിച്ച് പറന്നെത്തുന്ന മാലാഖ.  പതിറ്റാണ്ടോളമായി ഇരുവരും അർജന്റീനയുടെ ശ്വാസനാളമായി തുടരുന്നു. നി‍ർണായകമത്സരങ്ങളിലെല്ലാം എയ്ഞ്ചൽ ഡി മരിയ എന്ന മാലാഖ അർജന്റീനയുടെ രക്ഷകനായിട്ടുണ്ട്. 2008 ലെ ബെയ്ജിങ് ഒളിംപിക്സ് മുതലിങ്ങോട്ട് മെസിയും ഡി മരിയയും ഒന്നിച്ചാണ്. മെസിയുടെ മനസിലെന്തെന്ന് മരിയക്കും മരിയ ചിന്തിക്കുന്നതെന്തെന്ന് മുൻകൂട്ടി അറിയാൻ മെസിക്കും സാധിക്കും. അത്രമാത്രം ഇഴകിച്ചേർന്നാണ് ഇരുവരും മൈതാനം അടക്കിവാഴുന്നത്. എട്ട് വർഷം മുമ്പ് ബ്രസീൽ ലോകകപ്പിന്റെ പ്രീക്വാ‍ർട്ടറിൽ സ്വിറ്റ്സർലന്റിനെതിരെ  അധികസമയത്തേക്ക് നീണ്ടമത്സരത്തിൽ 118 ആം മിനുട്ടിലാണ് മാലാഖ അവതരിച്ചത്. അതും മെസിയുടെ അസിസ്റ്റിൽ. ഡി മരിയ നേടിയ ആ ​ഗോളിലാണ് ക്വാ‍ർട്ടറിലേക്ക് അർജന്റീന ഓടിക്കയറിയത്. ക്വാർട്ടറിൽ പരിക്കേറ്റ് മടങ്ങുന്നതിന് മുമ്പ് സെമിയിലേക്ക് അർജന്റീനയെ എത്തിച്ച ഹി​ഗ്വയിന്റെ ഏക​ഗോളിന് വഴിയൊരുക്കിയാണ് മാലാഖ കളിക്കളം വിട്ടത്.  ഫൈനലിൽ പരിക്കേറ്റ് സൈഡ് ബെഞ്ചിലിരുന്നില്ലായിരുന്നുവെങ്കിൽ കപ്പിനുവേണ്ടിയുള്ള അ‍ജന്റീനയുടെ കാത്തിരിപ്പ് ഒരുപക്ഷെ എട്ട് വർഷം മുമ്പ് തന്നെ മാരക്കാനയിൽ അവസാനിക്കുമായിരുന്നു. 

ഡി മരിയ പിന്നീടും പലപ്പോഴും മെസിയുടെ അർജന്റീനയുടെ രക്ഷകനായിട്ടുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്കൻ കപ്പിൽ അർജന്റീനയെ ക്വാ‍ർട്ടറിലെത്തിച്ച ​ഏക ​ഗോളിന് വഴിയൊരുക്കിയതും ഡി മരിയയാണ്. തീ‍ർന്നില്ല ഫൈനലിൽ ബ്രസീലീനെ തോൽപ്പിച്ച അ‍ർജന്റീനയുടെ ഏക ​ഗോളും പിറന്നത് ഡി മരിയുയുടെ കാലിൽ നിന്നാണ്. ഡി പോൾ നീട്ടി  നൽകിയ ലോങ് പാസ് ഓടിപ്പിടിച്ച് ബ്രസീലിയൻ ​ഗോളിയുടെ തലയക്ക് മുകളിലൂടെ വലയിലേക്ക് ചെത്തിയിട്ടാണ് 27 വർഷം നീണ്ട അർജന്റീനയുടെ കിരീട വരൾച്ചയ്ക്ക് ഡി മരിയ അവസാനം കുറിച്ചത്. മെസിക്ക് രാജ്യത്തിനുവേണ്ടിയുള്ള ആദ്യ അന്താരാഷ്ട്രകിരീടം സമ്മാനിച്ചത് ആ മാലാഖ ​ഗോളാണ്.

ഒടുവിൽ ഖത്ത‍ർ ലോകകപ്പ് ഫൈനലിലും മെസിക്ക് കരുത്തായി വശങ്ങളിലൂടെ പറന്നെത്തി മാലാഖ കരുത്ത് തെളിയിച്ചു. ഫ്രാൻസിനെതിരെ നേടിയ രണ്ടാം ​ഗോളും മത്സരത്തിന്റെ തീവ്രതയും ആവേശവും അലതല്ലുന്നിടത്തോളം  ​ഗോളടിച്ചശേഷം വിരലുകൾ ഹൃദയത്തിന്റെ ആകൃതിയിൽ പിടിച്ച് പാറിപറന്ന്പോകുന്ന എയ്ഞ്ചൽ ഡി മരിയയുടെ ദൃശ്യവും മിഴിവോടെ നിലനിൽക്കും...


റോസാരിയയുടെ തെരുവുകളിൽ ഇനി താളം നിലയ്ക്കാത്ത രാവുകളായിരിക്കും. മെസിയും ഡി മരിയയുമെല്ലാം നെഞ്ചോട് ചേർത്ത് ജീവിച്ച അതേതാളം അതിന്റെ പാരമ്യത്തിലെത്തുന്ന രാവുകൾ....

...................

The AIDEM ത്തിൽ പ്രസിദ്ധീകരിച്ച ലേഖനം

https://theaidem.com/lionel-messi-and-angel-di-maria-the-messiah-and-the-angel-who-created-history/





Sunday, 18 December 2022

അജിത്തേട്ടാ ഈ സ്ക്രിപ്റ്റും നിങ്ങൾ ഒന്ന് തിരുത്തിതന്നിരുന്നെങ്കിൽ.....

 

കഴിഞ്ഞ നാല് ദിനങ്ങളായി ഈ സ്ക്രിപ്റ്റിങ്ങനെ മനസിൽ വലിച്ചുകീറി ഡസ്റ്റ് ബിന്നിൽ ഇട്ടുകൊണ്ടേയിരിക്കുകയാണ്, അജിത്തേട്ടൻ പലകുറി വലിച്ചുകീറിയെറിഞ്ഞ സ്ക്രിപ്റ്റ് പോലെത്തന്നെ ഇതും ഒട്ടും പെർഫെക്റ്റാവുന്നില്ല.

ഏഷ്യാനെറ്റിൽ കരിയർ ആരംഭിക്കുന്ന അന്ന് നീണ്ട മെഡിക്കൽ ലീവിലായിരുന്നു താങ്കൾ. ഒരു രാത്രിയിൽ ഡസ്ക്കിലേക്ക് വന്ന ഫോൺകോളിൽ തുടങ്ങിയതാണ് മുടി പിന്നീലേക്ക് നീട്ടിവളർത്തിയ താങ്കളുമായുള്ള ബന്ധം. ആദ്യ ഡെസ്ക്ക് ചീഫായിരുന്ന താങ്കൾ ആണ് പലതും പഠിപ്പിച്ചത്. തമാശരൂപേണ കാര്യം പറഞ്ഞും ഗൌരവത്തോടെ തമാശപറഞ്ഞും നീങ്ങളോളം ആരും ഞങ്ങളെ ചേർത്തുപിടിച്ചിട്ടില്ല, ചീത്തപറഞ്ഞിട്ടില്ല, പഠിപ്പിച്ചിട്ടില്ല. ആദ്യമായി ഒരു പ്രോഗ്രാം ചെയ്യാൻ ഏൽപ്പിച്ചത് താങ്കളാണ്. ദൃശ്യങ്ങൾക്ക് വാക്കുകളെഴുതാൻ പഠിപ്പിച്ചത്, പിന്നെ അനാവശ്യമായത് വെട്ടിക്കളയാൻ പഠിപ്പിച്ചത്, ഒരു മിനുട്ടിൽ കഥപറയാൻ പഠിപ്പിച്ചത്, ആത്മവിശ്വാസത്തോടെ പ്രൈം ബുള്ളറ്റിനുകളുടെ പ്രൊഡക്ഷൻ ഏൽപ്പിച്ചത്..

പുളിയറക്കോണത്ത് നിന്ന് വട്ടിയൂർകാവ് വരേയുള്ള ഓരോ യാത്രയും കഥകളുടേതായിരുന്നു. സിപിഎം രാഷ്ട്രീയവും വാർത്തയും വിഎസ്സും മണിച്ചൻ കഥകളുമെല്ലാം കേട്ടും അറിഞ്ഞും രസിച്ചുള്ള യാത്രകൾ...

ഒരേ സമയം കലഹിച്ചും സ്നേഹിച്ചും താങ്കൾ വാർത്താമുറികളെ നയിച്ചു. വാർത്ത ബുള്ളറ്റിൻ തുടങ്ങാൻ വെറും രണ്ട് മിനുട്ട് മാത്രം ബാക്കിനിൽക്കുമ്പോളും ഹെഡ് ലൈൻ അഴിച്ചുപണിഞ്ഞുകൊണ്ടേയിരിക്കുന്ന അജിത്തേട്ടൻ ഇന്നും അതേ തെളിമയോടെ ഉണ്ട്. പോയി 50 ഗ്രാം എകെജി സെൻററും 10 ഗ്രാം വിഎസും 10 ഗ്രാം പിണറായിയും എടുത്ത് ടൈംലിനിൽ വെച്ചോ ഹെഡ് ലൈൻ വാർത്ത പഞ്ച് ചെയ്യുമ്പോഴേക്കും ടെംപ്ലേറ്റ് എത്തിക്കോളുമെന്ന് അവസാന നിമിഷവും വിശ്വാസം പകർന്ന് പിസിആറിലേക്ക് ഓടിക്കുന്ന അജിത്തേട്ടൻ. ഡെഡ് ലൈൻ എന്നത് ഒരിക്കലും അജിത്തേട്ടനെ അലട്ടിയിരുന്നിട്ടില്ല. ജീവിതത്തിലും അത് അങ്ങനെ തന്നെയായിരുന്നു. ഓരോ തവണ വയ്യാതാകുമ്പോഴും ചിരിച്ചുകൊണ്ട് ചത്തില്ല എന്ന് താങ്കൾ പറയുമ്പോൾ പലപ്പോഴും ചീത്തവിളിക്കാൻ തോന്നിയിട്ടുണ്ട്, എന്തിന് തല്ലാനടക്കം തോന്നിയിട്ടുണ്ട്. ജീവിതം തന്ന ലഹരിയായി കണ്ട് അജിത്തേട്ടനെ പോലെ ജിവിക്കാൻ അറിയാത്തത് കൊണ്ടായിരിക്കാം കണ്ണുകൾ നിറഞ്ഞുകൊണ്ടേയിരുന്നത്.

നിങ്ങളെ കുറിച്ച് എഴുതാൻ, ഓർമിക്കാൻ, പറയാൻ നിറയെയുണ്ട്. എപ്പോഴോക്കെയോ എടുത്ത് ഏതെങ്കിലും കാലത്ത് എനിക്ക് അയച്ച് തരാറുള്ളത് പോലെ താങ്കളുടെ ഫോണിൽ ഇനിയും പടങ്ങൾ ബാക്കി ഉണ്ടായിരിക്കണം അല്ലേ.

നമുക്കിടയിൽ നടക്കാതെ പോയ രണ്ട് കാര്യങ്ങളുണ്ട്. അജിത്തേട്ടൻ ചീഫായ ബ്യൂറോയിൽ റിപ്പോർട്ടറായി ഇരിക്കണമെന്ന ആഗ്രഹം, കൂടുതൽ നല്ല റിപ്പോർട്ടറായി എന്നെ താങ്കൾ മാറ്റുമെന്ന് എനിക്കുറപ്പായിരുന്നു. മനുഷ്യന് മാത്രമല്ല മൃഗങ്ങൾക്കും അവകാശങ്ങൾ ഉണ്ടെന്ന് വാർത്തയിലൂടെ പഠിപ്പിച്ച റിപ്പോർട്ടറാണ്. രണ്ടാമത് അക്കാദമിയിൽ വന്ന് കുട്ടികളുമായി സംസാരിക്കണമെന്നും ക്ലാസ് എടുക്കണമെന്നുമുള്ള അജിത്തേട്ടൻറെ ആവശ്യം ഒരിക്കലും നിറവേറ്റാനായില്ല. ഏറ്റവും ഒടുവിലത്തെ ഫോൺവിളിയിലും അത് തന്നെയായിരുന്നല്ലോ അജിത്തേട്ടാ നിങ്ങൾ ആവശ്യപ്പെട്ടത്. ജീവിതത്തിൽ ഒരിക്കലും നേടാനാവാതെ പോകുന്നപലതുമില്ലേ...ആ കൂട്ടത്തിലേക്ക് ഇതും...

പക്ഷെ നിങ്ങൾ പഠിപ്പിച്ചുവിട്ട കുറേകുട്ടികളെ പരിശിലീപ്പിക്കാനും നയിക്കാനുമുള്ള ഭാഗ്യം മാത്രം ലഭിച്ചുവെന്നത് സന്തോഷം. നിങ്ങളവർക്ക് അപ്പനായിരുന്നു. എന്തും പറയാനും പറഞ്ഞുകൊടുക്കാനും ശാസിക്കാനും സ്നേഹിക്കാനും കലഹിക്കാനും പിണങ്ങാനുമെല്ലാം അവകാശമുള്ള അപ്പൻ.... അത്രയും ഭാഗ്യം പക്ഷെ എനിക്ക് ഉണ്ടായോഎന്നറിയില്ല...

ഒറ്റനോട്ടത്തിൽ ഏതൊരുവാർത്തയ്ക്കും അതിമനോഹരമായ തലക്കെട്ട് നൽകുന്ന അജിത്തേട്ടാ നിങ്ങളൊരു സ്വാർത്ഥനായിരുന്നു. അല്ലെങ്കിൽ നിങ്ങളുടെ സ്നേഹം മുഴുവനും നൽകാതെ നുറുകണക്കിന് കുഞ്ഞുങ്ങളെ പാതിവെയിലിൽ നിർത്തി അപ്പന് എങ്ങനെ പോകാനായി...

ജീവിതത്തിലെ വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോളാണ് അജിത്തേട്ടാ താങ്കൾ കളമൊഴിഞ്ഞുപോകുന്നത്. അവസാനമായി ഒന്ന് വന്ന് കാണാൻ, പരിഭവിക്കാൻ, കരച്ചിലടക്കിപിടിക്കാൻ പോലും അവസരമില്ലാതെ പോയി അജിത്തേട്ടാ.... സാരമില്ലാലേ... ചിരിച്ച് കളിയാക്കുന്ന ആ മുഖം ഉണ്ട് മനസിൽ നിറയെ. ആ കാഴ്ച്ച മറയാതെ എന്നുമുണ്ടാകും...അതുമതി....

ശോഭേച്ചി...ഒരു തരത്തിൽ നിങ്ങൾ ഭാഗ്യവതിയാണ്. ഒന്നല്ല ഒരായിരം കുഞ്ഞുങ്ങളെ നിങ്ങടെ ചുറ്റും ചേർത്ത് നിർത്തിയാണ് അവരുടെ അപ്പൻ വിശ്രമിക്കാൻ പോയത്....

അജിത്തേട്ടാ...നിങ്ങളെ അപ്പനായി, അജിത്തേട്ടനായി കിട്ടാതെപോയ ആയിരങ്ങളുടെ സങ്കടമാണ് ഒരുപക്ഷെ ഏറ്റവും വലുതെന്ന് തോന്നിപോകുന്നു....

 

അറിയാം, ഈ സ്ക്രിപ്റ്റിലും താങ്കൾ തെറിപറഞ്ഞുകൊണ്ട്, തേവള്ളി പറമ്പിൽ ജോസഫ് അലക്സിനെപോലെ പിറകിലെ മുടിയിൽ അലക്ഷ്യമായി വിരലോടിച്ച്, ഒരു ദാക്ഷിണ്യവുമില്ലാതെ ആ കറുത്ത മഷിപ്പേനകൊണ്ട് വെട്ടിതിരുത്തിതരുമെന്ന്....

വല്ലാതെ മിസ്സ് ചെയ്യുന്നു അജിത്തേട്ടാ......