Monday, 27 January 2020

ക്രിമിനലുകൾ വാഴും ഇന്ത്യൻ ജനാധിപത്യം

 നമ്മുടെ നിയമനിർമാണ സഭകളായ പാർലമെൻറിലും നിയമസഭയിലുമെല്ലാം പൌരൻറെ ജീവിതം സുരക്ഷിതമാക്കുന്നത് ലക്ഷ്യമിട്ടുള്ള നിയമനിർമാണങ്ങൾ നടക്കുന്നത്. ആ നിയമനിർമാണം നടത്താനാണ് നമ്മൾ നമ്മുടെ പ്രതിനിധികളെ ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത് അയക്കുന്നത്. അപ്പോൾ ആ നിയമനിർമാണം നടത്തുന്നവർ ക്രിമിനൽ പശ്ചാത്തലമുള്ളവർ ആയാലോ കണക്കുകൾ സൂചിപ്പിക്കുന്നത് നമ്മുടെ നിയമനിർമാണ സഭകളിലെ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ എണ്ണം പെരുകുന്നുവെന്നതാണ്.
source : ADR

രാജ്യത്ത് സമീപകാലത്ത് നടന്ന ചില കേസുകൾ പരിശോധിക്കാം. പീഡനകേസ് മുതൽ സാമ്പത്തിക കുറ്റകൃത്യത്തിൽ വരെ പ്രതിചേർക്കപ്പെട്ടവരിൽ രാജ്യത്തെ പ്രമുഖരായ രഷ്ട്രീയക്കാരടക്കമുണ്ട്.
അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോമ്‌സിന്റെ കണക്കുകള്‍ അനുസരിച്ച് 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച 43% പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. വിജയിച്ചെത്തിയ 539 ജനപ്രതിനിധികളുടെ സത്യവാങ്മൂലങ്ങൾ പരിശോധിച്ചാണ് എഡിആർ റിപ്പോർട്ട് തയ്യാറാക്കിയത്. വിജയിച്ച് ലോക്സഭയിലെത്തിയ 233 പേരും ക്രിമിനല്‍ കേസുകളിൽ പ്രതികളാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ കുറ്റവാളികൾ സഭയിലെത്തുന്നതിലുണ്ടായ വർദ്ധന 44 ശതമാനത്തിൻറേതാണ്.  ഇവരിൽ തന്നെ 159 പേർ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ടവരും. ഗുരുതര കുറ്റകൃത്യങ്ങൾ എന്നാൽ കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം, സ്ത്രികൾക്കെതിരായ കുറ്റകൃത്യം, കൊള്ള, തുടങ്ങി 5 വർഷത്തിലേറെ കാലം ശിക്ഷ ലഭിക്കുന്ന, ജാമ്യം ലഭിക്കാത്തവയാണ്.  മത്സരിച്ച് ജയിച്ചവരേക്കാൾ എത്രയോ മടങ്ങാണ് മത്സരിച്ച് പരാജയപ്പെട്ടവരുടെ എണ്ണം. നമ്മുടെ രാഷ്ട്രീയരംഗം എത്രമാത്രം ക്രിമിനൽവത്ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്

source : ADR
2019 ലെ ഒറ്റതിരഞ്ഞെടുപ്പിൽ സംഭവിച്ചതല്ല ഇത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടർന്നുവരുന്നതാണ് ഇത്. കണക്കുകൾ പരിശോധിച്ചാൽ ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ടതും ശിക്ഷിക്കപ്പെട്ടതുമായ രാഷ്ട്രീയക്കാർ സഭകളിലേക്കെത്തുന്നതിൻറെ അളവ് വർദ്ധിച്ചിരിക്കുകയാണ്.

കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിക്കാം. 2009 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് സഭയിലെത്തിയ 162 പേരും ക്രിമിനൽ കേസുകളിലെ പ്രതികളായിരുന്നു. അതായത് 30 ശതമാനം. 2014 ൽ   ക്രിമനൽ കേസുകളിലെ പ്രതികളായ185 പേരാണ് സഭയിലെത്തിയത്. 34 ശതമാനമായി വർദ്ധിച്ചു. എന്നാലിത് ഇപ്പോഴത്തെ സഭയിൽ 43 ശതമാനായി വർദ്ധിച്ചിരിക്കുന്നു. ഗുരുതരമായ കുറ്റം ചെയ്തവരുടെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 2009 ൽ 76 ആയിരുന്നത് 2014 ൽ 112 ഉം 2019 ൽ അത് 159 ഉം ആയി മാറി. അതായത് 2009 ലെ 14 ശതമാനത്തിൽ നിന്ന് 29 ശതമാനത്തിലേക്ക്. ഗുരുതരകുറ്റകൃത്യം ചെയ്തവരുടെ എണ്ണത്തിലെ വളർച്ച 109 ശതമാനമാണ് എന്നത് ചില്ലറ കാര്യമല്ല.  രാജ്യത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ള ജനപ്രതിനിധികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന വസ്തുത ഏറെ ആശങ്കയോടെ വേണം നോക്കി കാണാന്‍.

source : ADR
നിലവിലെ ലോകസഭയിലെ കണക്കുകൾ  പരിശോധിച്ചാൽ ഒരു രസകരമായ കാര്യം കാണാം.  അതായത് ക്രിമിനൽ പശ്ചാത്തലമുള്ളവർ വിജയിച്ച് വരുന്നതിനുള്ള സാധ്യത 15.5 ശതമാനമാകുമ്പോൾ ക്ലീൻ ഇമേജുള്ള സ്ഥാനാർത്ഥികൾ വിജയിച്ച് വരാനുള്ള സാധ്യത വെറും 4.7 ശതമാനവും. കൊടുംകുറ്റവാളികൾ പോലുമുണ്ട് നമ്മുടെ സഭകളിൽ.

നമ്മുടെ ലോക്സഭ അംഗങ്ങളിൽ 11 പേര്‍ കൊലപാതക കേസിലെ പ്രതികളും 30 പേർ കൊലപാതക ശ്രമകേസുകളിലും പ്രതികളാണ്. 19 പേര്‍ സ്ത്രീപീഡനക്കേസുകളിലും അതിൽ തന്നെ മൂന്ന് പേര്‍ ബലാത്സംഗത്തിനുമാണ് പ്രതിചേർക്കപ്പെട്ടിരിക്കുന്നത്. ആറു പേര്‍ക്കെതിരെ തട്ടിക്കൊണ്ടു പോകലിനും 29 പേര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിനുമാണ് കേസുകളുള്ളത്.  ഇവരിൽ തന്നെ 10 പേർ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാണ്. കേരളത്തിൽ നിന്നുള്ള എംപിയായ ഡീൻ കുര്യാക്കോസിനെതിരെയാണ് ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. 204 കേസുകൾ. രാഷ്ട്രീയ പാർട്ടികളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ഭരിക്കുന്ന ബിജെപിക്കാണ് ക്രിമിനൽ എംപിമാർ കൂടുതലുള്ളത്. 116 പേർ. കോൺഗ്രസിൻരെ 29 എംപിമാരും ഡിഎംകെയുടെ 10 ഉം തൃണമൂലിൻറെ 9 ഉം ജെഡിയു വിൻറെ 13 എംപമാരും ക്രിമിനൽ പശ്ചാത്തലുമള്ളവർതന്നെ. ബിജെപി മത്സരരംഗത്തിറക്കിയ 40 ശതമാനം സ്ഥാനാർത്ഥികലും ക്രിമിനൽ പശ്ചാത്തലമുള്ളവരായിരുന്നു. പ്രധാന എതിരാളിയായ കോൺഗ്രസും ഇക്കാര്യത്തിൽ ഒട്ടും പുറകിലല്ല. 39 ശതമാനം സ്ഥാനാർത്ഥികളും ക്രിമിനൽ പശ്ചാത്തലമുള്ളവരായിരുന്നു.  സംസ്ഥാനങ്ങളിൽ നിന്ന് വിജയിച്ചെത്തിയവരുടെ കണക്കുകൾ പരിശോധിച്ചാൽ നമ്മുടെ കേരളത്തിൽ നിന്ന് സഭയിലെത്തിയ 90 ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

ഏറ്റവും അധികം ക്രിമിനല്‍ കേസുകളുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നത് കേരളത്തില്‍ ഇടുക്കി ലോക്‌സഭ മണ്ഡലത്തിലെ എംപി ഡീന്‍ കുര്യാക്കോസാണ്. ഭവനഭേദനം,കൊള്ള ,ഭീഷണിപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെ 204 കേസുകളാണ് ഡീനെതിരെ ഇപ്പോഴും നിലനില്‍ക്കുന്നത്. 2019 ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച 10 പേരും ക്രിമിനല്ഡ കേസുകളില്‍ ശിക്ഷ അനുഭവിച്ചവരാണ്. ഇതില്‍ നാല് പേരും കേരളത്തില്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചവരാണ്. ഡീന്‍ കുര്യാക്കോസ് ,ടി.എന്‍ പ്രതാപന്‍,(തൃശ്ൂര്‍) കെ. സുധാകരന്‍ (കണ്ണൂര്‍), വി. കെ ശ്രീകണ്‍ഠന്‍ (പാലക്കാട്). ബാക്കി അഞ്ച് പേര്‍ ബിജെപിയുടെ ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചവരും ഓരാള്‍ വൈഎസ്ആര്‍സിപിയുടെ സീറ്റിലുമാണ് മത്സരിച്ചത്.

ഇതിനൊരു അറുതിവേണ്ടെ  ഇത്തരത്തിൽ കൊടും കുറ്റകൃത്യങ്ങളിൽ പ്രതിചേർക്കപ്പെട്ടവർ നമ്മുടെ നിയമനിർമാണ സഭകളിൽ ഇരുന്ന് നമുക്കായി നിയമനിർമാണം നടത്തുമ്പോൾ അതിലെത്രമാത്രം ധാർമികതയുണ്ടെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. രാഷ്ട്രീയപാർട്ടികളോട് ക്രിമിനൽ പശ്ചാത്തലമുള്ളവരെ മത്സരിപ്പിക്കാതിരിക്കാൻ നിർദേശം നൽകണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
source : ADR

2018 ലാണ് രാഷ്ട്രീയത്തിൽ നിന്ന് ക്രിമിനലുകളെ മാറ്റിനിർത്താനായുള്ള നീക്കങ്ങൾ സുപ്രീംകോടതി കയറുന്നത്. മത്സരിക്കുന്ന സ്ഥാനാർത്ഥികൾ തങ്ങളുടെ ക്രിമിനൽ കേസുകൾ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണമെന്ന് ഹർജി പരിഗണിച്ച് സുപ്രീംകോടതി ഉത്തരവിട്ടു. ഇതിൻറെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം ഇറക്കി. എന്നാൽ മാധ്യമങ്ങളിലൂടെ കേസുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയതിലൂടെ വലിയ ഗുണം ലഭിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻറെ വിലയിരുത്തൽ. തുടർന്നാണ് ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് സീറ്റ് കൊടുക്കരുതെന്ന് രാഷ്ട്രീയപാർട്ടികൾക്ക് നിർദേശം നൽകാൻ പരമോന്നത കോടതിയോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടത്. മാധ്യമങ്ങളിലൂടെയുള്ള വിവര പ്രസിദ്ധീകരണം കണ്ണിൽപൊടിയിടൽ മാത്രമാക്കി മാറ്റി സ്ഥാനാർത്ഥികളെന്ന് ഹർജിക്കാരനും സുപ്രീംകോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് രാഷ്ട്രീയത്തെ എങ്ങനെ ക്രിമിനൽ മുക്തമാക്കാമെന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ തയ്യാറാക്കി സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു.

ക്രിമിനൽ കേസുകളിൽ പെട്ട എല്ലാനേതാക്കളും കൊടുംക്രിമിനലുകൾ അല്ല. ഹർത്താലുമായും പാർട്ടിയുടെ മറ്റ് സമരപരിപാടികളുമായുമെല്ലാം ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടവരും അതിലുണ്ടാകും. അതിനാൽ തന്നെ ഒറ്റയടിക്ക് കേസുകളുടെ പേരിൽ എല്ലാവരേയും മാറ്റിനിർത്താനാവില്ല. അതേസമയം ഗുരുതരമായ കേസുകളിൽ ഉൾപെട്ടവരെ മാറ്റിനിർത്തിയേ പറ്റു. അത് നാടിൻറെ പുരോഗതിക്ക് മാത്രമല്ല, നമ്മുടെ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അനിവാര്യമാണ്.




Friday, 24 January 2020

തിരകൾ പറയുന്നത്...

തീരത്തെ തഴുകുന്ന
ഓരോ തിരമാലക്കും
ഓരോ കഥകൾ
പറയാനുണ്ടാവില്ലേ..!

മീൻ കുഞ്ഞുങ്ങൾക്കൊപ്പം
കളിയായി മത്സരിച്ച്
നീന്തിയത്..
പ്ലാസ്റ്റിക്ക്
ശ്വാസം മുട്ടിച്ച
കുഞ്ഞു കടലാമയുടെ
കരച്ചിലിനെ കുറിച്ച്..
തീരത്ത് ഓടി കളിച്ച
കുട്ടികളുടെ,
പ്രണയിതാക്കളുടെ
കളിച്ചിരികൾ...
അങ്ങനെയങ്ങനെ ഒത്തിരിയൊത്തിരി കഥകൾ ...!!!

(230120)

പ്രതിഷേധം

അക്ഷരങ്ങൾ
നിങ്ങൾക്ക്
കണ്ടില്ലെന്ന്
നടിക്കാം,

ശബ്ദങ്ങൾ
നിങ്ങൾക്ക്
കേട്ടില്ലെന്ന്
ഭാവിക്കാം.

പക്ഷെ,
അതൊരിക്കലും
പ്രതിഷേധങ്ങളെ
ഇല്ലാതാക്കില്ല.
അടിച്ചമർത്തലുകൾ
കനലൂതിയൂതി
തെളിയിക്കും.

ഓർക്കുക,
ഫാസിസ്റ്റുകൾ
ഒരു യുദ്ധവും
ജയിച്ച ചരിത്രമില്ല..!

(210120)

ചിതറിയ സ്വപ്നങ്ങൾ, വലിച്ചെറിയപ്പെട്ട ബാല്യങ്ങൾ..


കുട്ടികൾ ദൈവത്തിൻറെ വരദാനമാണെന്നാണ് പറയാറ്. നാളത്തെ തലമുറയും അവരാണ്. കുട്ടികളോട് പെതുവേ അനുകമ്പയും വാത്സല്യവുമുള്ളവരാണ് മനുഷ്യരെല്ലാം. എന്നാൽ കുട്ടികളെ പോലും ശത്രുക്കളായി കാണുന്നവരുണ്ടെന്നത്, അവരെ വെറും ഉപഭോഗവസ്തുക്കളായി കാണുന്നവരുണ്ടെന്നത് ഞെട്ടിപ്പിക്കുന്നത് മാത്രമല്ല, നമ്മുടെയെല്ലാം ഉള്ള് ഉലക്കുന്നതുമാണ്. ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ റിപ്പോർട്ട് മനസാക്ഷിയുള്ള ആരേയും കരയിപ്പിക്കും. ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലെ കുഞ്ഞുങ്ങൾ നേരിടുന്ന സമാനതകളില്ലാത്ത ദുരിതങ്ങളെ കുറിച്ചാണ്.

കണ്ണ് നിറയാതെ ആ റിപ്പോർട്ട് ആർക്കും വായിച്ച് തീർക്കാനാവില്ല.

ഏതൊരുസംഘർഷവും ആദ്യം തല്ലിക്കെടുത്തുന്നത് കുട്ടികളുടെ മനുഷ്യാവകാശമാണ്. സിറിയയിലും സ്ഥിതി വ്യത്യസ്ഥമല്ല.
2011ല്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ക്കിടയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ ഓഫ് എന്‍ക്വയറി ഫോര്‍ സിറിയ കഴിഞ്ഞ ജനുവരി 16 നാണ് ഐക്യരാഷ്ട്ര സഭയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചത്. 2011 മുതല്‍ 2019 വരെ സിറിയന്‍ കുട്ടികൾ, ആതുരസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവർ, സാധാരണക്കാർ എന്നിങ്ങനെ അയ്യായിരത്തിലധികം പേരുമായി നേരിട്ട് സംസാരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കലാപ കലുഷിതമായ സിറിയയിലെ കുട്ടികള്‍ അനുഭവിക്കുന്നത് നരകയാതനയാണെന്ന് റിപ്പോർട്ട് അക്കമിട്ട് നിരത്തുന്നു. 
സ്നൈപ്പർമാർ അവരുടെ പരിശീലനത്തിന് ലക്ഷ്യമാക്കുന്നത് കുഞ്ഞുതലകളാണ്. ലൈംഗികദാരിദ്ര്യം തീർക്കാൻ ചില മനുഷ്യമൃഗങ്ങൾ തിരഞ്ഞെടുക്കുന്നതും കുഞ്ഞുശരീരങ്ങളെ. പണം തട്ടാനും അധികാരം ഉറപ്പിക്കാനും ഇരകളാക്കപ്പെടുന്നതും കുഞ്ഞുങ്ങൾ തന്നെ.


സിറിയയിലെ രാഷ്ര്ടീയാവസ്ഥ പറയാതെ പോകാൻ പറ്റില്ല. എങ്ങനെയാണ് ഈ അറബ് രാജ്യം കലാപഭൂമിയായി മാറിയത്? ഒരിക്കൽ ഓട്ടോമൻ സാമ്രാജ്യത്തിൻറെ ഭാഗമായിരുന്ന സിറിയ പിന്നീട് ഈജിപ്തുമായി ചേർന്ന് ഐക്യ അറബ് നാടിൻറെ ഭാഗമായി നിലകൊണ്ടു. രാജ്യത്ത് ഇസ്ലാമിസ്റ്റ് ഭീകരരുടെ ആധിപത്യം വന്നതോടെ കിരാതമായ പീഡനകഥകളാണ് പിന്നീട് ലോകം കേട്ടത്.

2011 ൽ സിറിയൻ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രസിഡന്റ് ബഷർ അൽ അസദിന്റെ സർക്കാർ രക്തരൂക്ഷിതമായ അടിച്ചമർത്തലുകളാണ് സിറിയയിൽ നടത്തിയത് . ഈ ആഭ്യന്തര യുദ്ധത്തിന് ശേഷം സിറിയയിൽ  ഐ.എസ്.ഐ.യുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. 2013-ല്‍ അല്‍ നുസ്ര ഫ്രണ്ടെന്ന പേരില്‍ ഐ.എസ്.ഐ. സിറിയയിലെത്തി. ഇതേവര്‍ഷം ഏപ്രിലില്‍ ഐ.എസ്.ഐ.യെയും അല്‍ നുസ്രയെയും ചേര്‍ന്ന്  ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് സിറിയ ആന്‍ഡ് ലെവാന്റ്/അല്‍-ഷാം എന്ന വിശാല സംഘടന രൂപവത്കരിച്ചു. തുർക്കി, റഷ്യ, യുഎസ് എന്നി ശക്തികൾ സിറിയയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപ്പെടാൻ തുടങ്ങി.അസദിന്റെ ഭരണകൂടത്തെ ആയുധങ്ങളും നയതന്ത്ര പിന്തുണയും ഉപയോഗിച്ച് റഷ്യ ഇന്നും
പിന്തുണയ്ക്കുകയാണ്.

കലാപം രൂക്ഷമായ സിറിയയിലെ ഇദ് ലിബിൽ നിന്ന് മാത്രം പലായനം ചെയ്യപ്പെട്ടത് ലക്ഷകണക്കിന് പോരാണ്. ഇവരിൽ കുട്ടികളുടെ എണ്ണം 50 ലക്ഷത്തിലേറെയാണെന്നാണ് കണക്കുകൾ. സ്വപ്നങ്ങൾ തല്ലിക്കെടുത്തി, മാതാപിതാക്കളിൽ നിന്ന് പറിച്ചെടുക്കപ്പെട്ട ആ കുട്ടികൾക്ക് നഷ്ടപ്പെടുന്നത് സ്വസ്ഥമായ ബാല്യം മാത്രമല്ല, ഭാവി കൂടിയാണ്.

ഇദ് ലബിലിലെ അമ്മമാരുടെ തേങ്ങലുകൾ നിലക്കുന്നില്ല. സർക്കാർ അനുകൂലികളും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷം അവരുടെ ജീവിതത്തെ തെല്ലൊന്നുമല്ല തകിടം മറിച്ചത്.  ആൺമക്കളെ അകരാണമായി അറസ്റ്റ് ചെയ്ത് അധികാരികൾ തടവിൽ പാർപ്പിക്കുന്നു. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നു. ഭയചിക്തരായ കുട്ടികൾ പുറത്തിറങ്ങാതെ വീടുക ളിൽ ഒതുങ്ങികൂടുന്നു. സ്ക്കൂളിൽപോലും പോകാൻ മടിക്കുന്നു. ഉറക്കം നഷ്ടപ്പെട്ട് ആരോഗ്യപരമായും മാനസികവുമായി തകർന്ന അവസ്ഥയിലാണ് കുട്ടികൾ എന്ന് യുഎന്നിൻറെ സംഘം കണ്ടെത്തി.
മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ അന്വേഷണ ശാഖകളിലും ഡമാസ്‌കസിലെ ജനറൽ സെക്യൂരിറ്റി ഡയറക്ടറേറ്റിനു കീഴിലുള്ള  തടങ്കൽ പാളയങ്ങളിലും ഇത്തരം ലൈംഗീക അരാജകത്വങ്ങൾ നിലനിൽക്കുന്നുണ്ട്. സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരുടെ കുടുംബങ്ങളിലെ പെൺകുട്ടികളെ കുറ്റസമ്മതം നടത്തുന്നതിനും പ്രതിഷേധക്കാരുടെ കീഴടങ്ങലിനും വേണ്ടി ബന്ദികളാക്കുന്നത് സാധാരണമായി തീർന്നു.  തടങ്കൽ പാളയങ്ങളിൽ വെച്ച്  ലൈംഗിക അതിക്രമങ്ങൾക്ക് ഇവർ  ഇരയാക്കുന്നു.

സർക്കാർ അനുകൂലികളിൽ നിന്ന് മാത്രമല്ല, പ്രക്ഷോഭകരിൽ നിന്നും ഒരുപോലെ ഭീകരത അനുഭവിക്കേണ്ടിവരുന്നു ഇവർക്ക് . സിറിയയിൽ ഇസ്ലാമിക രാഷ്ട്രം നിർമിച്ച് ജനത്തിനും സർക്കാരിനും വൈദേശികാധിപത്യത്തിനുമെതിരെ കലാപം നയിച്ച ഐ എസ് ഭീകരരും ഇവരെ പീഡിപ്പിക്കാൻ മുൻപന്തിയിലുണ്ട്. 

ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവ ഗ്രൂപ്പുകള്‍ ഒന്‍പത് വയസ് മാത്രമുള്ള പെണ്‍കുട്ടികളെ വരെ ലൈംഗിക അടിമകളാക്കി ഉപയോഗിച്ചു. ആൺകുട്ടികളെ പേടിപ്പിച്ചും മറ്റും ചാവേറുകളാക്കി ഐ എസ് ആക്രമണങ്ങൾ നടത്തി. കുട്ടികളെ കവചങ്ങളാക്കി നിർത്തി ഭീകരർ നടത്തിയ ആക്രമണങ്ങളും വേറെ. ജീവഭയം കൊണ്ട് പലപ്പോഴും കുട്ടികൾക്ക് ഭീകരരെ അനുസരിക്കേണ്ടി വരുന്നു.  പിഞ്ചുകുട്ടികളുടെ തല തുളച്ചാണ് പലപ്പോഴും ഭീകരവാദികളുൾപ്പടെയുള്ള സ്നൈപ്പര്‍മാര്‍ പരിശീലനം നടത്തുന്നത്.  ഓക്സിജന്‍ വലിച്ചെടുത്ത് പൊട്ടിത്തെറിക്കുന്ന തെര്‍മോബാറിക് ബോംബുകള്‍ കുട്ടികള്‍ക്ക് നേരെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ പ്രയോഗിക്കുന്നു .


നമ്മുടെ കുഞ്ഞുങ്ങളെ പോലെ തന്നെയാണ് സിറിയ അടക്കമുള്ള സംഘർഷ മേഖലയിലെ കുഞ്ഞുങ്ങളും. നമ്മുടെ കുഞ്ഞുങ്ങൾക്ക് വേദനിക്കുമ്പോൾ നമുക്ക് വേദനിക്കില്ലേ. അതു പോലെ തന്നെയാണ് സിറിയയിലെ ഓരോ അമ്മമാർക്കും. കുഞ്ഞുങ്ങളുടെ അടക്കിപിടിച്ച കരച്ചിലുകൾ  നമ്മുടെ ചെവികളെ അസ്വസ്ഥമാക്കികൊണ്ടേയിരിക്കും. ഇതിനൊരറുതിവേണ്ടേ. ഐക്യരാഷ്ട്ര സഭമാത്രമല്ല, ലോകരാജ്യങ്ങൾ എല്ലാവരും ഇതിനായി കൈകോർക്കണം. നല്ല നാളേക്കായി, നല്ല ഭാവിക്കായി.